സജി ചെറിയാൻ / Graphics: Muhammad Jadeer

പിടിവള്ളിയാണ് ഭരണഘടന,
​തട്ടിപ്പറിച്ച് താമരക്കുളത്തിൽ എറിയരുത്

ഭരണഘടനയെ വാഴ്​ത്താൻ ഒന്നര മിനിറ്റ് വേണ്ട, അര മിനിറ്റു മതി. എന്നാൽ അതിനോടുള്ള സാധുവായ ഒരു വിമർശനയുക്തി അവതരിപ്പിക്കാൻ ഒന്നര മിനിറ്റൊന്നും പോരാ. അതുകൊണ്ടുതന്നെ ഭരണഘടന വിമർശനാതീതമോ എന്ന ചോദ്യം തന്നെ ഇവിടെ ഇല്ലാതാവുന്നു.

രു രാജ്യത്തിന്റെ ഭരണഘടന എന്നത് വിമർശനാതീതമാണോ?
അതിലെ അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുന്നത്, തിരുത്തലുകളും പരിഷ്‌കാരങ്ങളും നിർദേശിക്കുന്നത് കുറ്റകരമാണോ? മതരാഷ്ട്രങ്ങളിലെ വിശുദ്ധഗ്രന്ഥങ്ങൾ എന്നപോലെ മനുഷ്യാതീത ശക്തികളാൽ നിർദേശിക്കപ്പെട്ടതും അതുകൊണ്ടുതന്നെ അന്തിമവും അനിഷേധ്യവുമായ ഒന്നാണോ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടന?

ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണ്. അതുകൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽനിന്ന് ചോദിച്ചാൽ മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഒക്കെയും അല്ല എന്നുതന്നെയാണ് മറുപടി. അത് നമ്മുടെ ഭരണഘടന തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാത്തിടത്തോളം കാലം അതിൽ ഭേദഗതികൾ സാധ്യമാണ്. എന്നുവച്ചാൽ, ഭരണഘടനയുടെ അടിസ്ഥാന നൈതികയുക്തിതന്നെ മാറ്റിവച്ച് തദ്സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കണം എന്നതുപോലെയുള്ള നിർദേശങ്ങൾ ഒഴികെ അതിൽ കൂട്ടിച്ചേർക്കലുകളും പരിഷ്‌കാരങ്ങളും സാധ്യമാണ്. അത് പലതവണ നടന്നിട്ടുമുണ്ട്.

ഇപ്പോൾ ഇങ്ങനെയൊരു ഭരണഘടനാവിചാരം പൊടുന്നനെ ഉയർന്നുവരാൻ കാരണം എന്ത് എന്ന് ചോദിച്ചാൽ അത് മന്ത്രി സജി ചെറിയാൻ നടത്തിയ ഒരു വിവാദ പ്രസംഗമാണ്. അത് സ്വാഭാവികമായും ഉയർത്തിവിട്ട വാദപ്രതിവാദങ്ങളിലെ കേന്ദ്രബിന്ദുവാകട്ടെ പ്രസ്തുത പ്രസംഗത്തിലൂടെ മന്ത്രി നടത്തുന്നത് ഭരണഘടനാ വിമർശനമാണോ, അവഹേളനമാണോ എന്നതും.

സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ഒന്നര മിനിറ്റോളം വരുന്ന ഒരു ഭാഗത്താണ് ഭരണഘടനയുടെ ബന്ധപ്പെട്ട പരാമർശം. അതാവട്ടെ, ഭരണകൂടം എന്നുദ്ദേശിച്ചത് ഭരണഘടനയെന്ന് ആയിപ്പോയ നാക്കുപിഴയായി ലഘുകരിക്കാവുന്ന ഒന്നുമല്ല.

ഒരു എതിരഭിപ്രായത്തെ വിമർശനം, അവഹേളനം എന്നിങ്ങനെ തരംതിരിക്കുന്നത് അതിലെ ഭാഷ മാത്രമല്ല, യുക്തിയും വസ്തുതകളും കൂടി ചേർന്നാണ്. എന്നുവച്ചാൽ സജി ചെറിയാൻ പറഞ്ഞത് വിമർശനമാണോ അവഹേളനമാണോ എന്ന് തീരുമാനിക്കേണ്ടത് ഈ മൂന്ന് ഘടകങ്ങളും പരിശോധിച്ചുകൊണ്ടായിരിക്കണം. നമുക്ക് ഇവ ഓരോന്നായി വിപരീതക്രമത്തിൽ എടുത്ത് പരിശോധിക്കാം.

സജി ചെറിയാന്റെ പ്രസംഗത്തിലെ വസ്തുതകൾ

സജി ചെറിയാൻ നടത്തിയ സാമാന്യം ദൈർഘ്യമുള്ള പ്രസംഗത്തിലെ ഒന്നര മിനിറ്റോളം വരുന്ന ഒരു ഭാഗത്താണ് ഭരണഘടനയുടെ ബന്ധപ്പെട്ട പരാമർശം വരുന്നത്. അതാവട്ടെ, ഭരണകൂടം എന്നുദ്ദേശിച്ചത് ഭരണഘടനയെന്ന് ആയിപ്പോയ നാക്കുപിഴയായി ലഘുകരിക്കാവുന്ന ഒന്നുമല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, ‘ബ്രിട്ടിഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവെച്ചു' എന്നാണ്. അതായത് അബദ്ധത്തിലുണ്ടായ വാക്കുപിഴയല്ല. അപ്പോൾ, ബാക്കിയാവുന്നത് സാധുവായ ഒരു ഭരണഘടനാ വിമർശനം എന്ന നിലയിൽ ആ വാചകത്തിൽ എത്ര വസ്തുതയുണ്ട് എന്നതാണ്.

പ്രസ്തുത വാചകത്തിന്​ വസ്തുതാപരമായി നൽകാവുന്ന പരമാവധി ആനുകൂല്യം ഒരു ആധുനിക മതേതര രാഷ്ട്രം എന്ന നിലയിൽ ബ്രിട്ടീഷുകാർക്ക് നിലവിലുണ്ടായിരുന്ന ഭരണഘടനയെ നമ്മൾ ഭരണഘടനാരചനയുടെ ഘടനാപരമായ മാതൃകയായി എടുത്തിരിക്കാം എന്നതാണ്. പക്ഷെ അതുകൊണ്ടുമാത്രം നമ്മുടെ ഭരണഘടന ബ്രിട്ടീഷുകാർ തയ്യാറാക്കിക്കൊടുത്തതാകുന്നില്ല.

ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയ്യാറാക്കിയവരിൽ ഒരാളായ ആർട്ടിസ്​റ്റ്​ നന്ദലാൽ ബോസ്
ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയ്യാറാക്കിയവരിൽ ഒരാളായ ആർട്ടിസ്​റ്റ്​ നന്ദലാൽ ബോസ്

ബ്രിട്ടീഷ് ഭരണഘടന പകർത്തിയെഴുതി ഒരു ഇന്ത്യൻ ഭരണഘടന ഉണ്ടാക്കുക അസാധ്യമാണ്. കാരണം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ഘടനകൾ വ്യത്യസ്തമാണ്. ഒരു പുതിയ ദേശരാഷ്ട്രസങ്കല്പത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനിടയിൽ ഭരണഘടനാനിർമിതിക്കായി ഏർപ്പെടുത്തിയ സമിതി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, നമ്മുടെ വേണ്ടത്ര ആധുനികവത്കരിക്കപ്പെടാത്ത തനത് വിശ്വാസ, സംസ്‌കാര യുക്തികളെയും അവയെ പിൻപറ്റുന്ന ആചാരസമുച്ചയങ്ങളെയും ശാസ്ത്രീയ മനോഗതിയിൽ ഊന്നുന്ന ആധുനികയുക്തികളിലേക്ക് എങ്ങനെ സ്വാഭാവികമായി വിവർത്തനം ചെയ്യാം എന്നതായിരുന്നു. ഏതാനും ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാൻ ശ്രമിക്കാം.

പശുവിനെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനാവും എന്ന് തിരിച്ചറിഞ്ഞവരെ കൂടാതെ അതിനെ ദൈവമായി കാണുന്ന ഒരു സാമാന്യ ജനവിഭാഗം കൂടി ഉണ്ടായിരുന്നു എന്നതിനാൽ പുതിയ ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമായിരിക്കണം ഗോവധ നിരോധനം എന്ന വാദം ഒരു സമ്മർദമായി ഭരണഘടനാനിർമാതാക്കളിലുണ്ടായിരുന്നു. അതിനെ ഏകപക്ഷീയമായ നിയമനിർമാണം കൊണ്ട് മറികടക്കാനാവുമായിരുന്നില്ല. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ നിരവധി പ്രശ്‌നങ്ങൾ വേറെയും ഉണ്ടായിരുന്നു. അവയൊന്നും ബ്രിട്ടീഷ് ഭരണഘടനയെ അതുപോലെ പകർത്തി എഴുതിയാൽ തീരുന്നവയായിരുന്നില്ല.

Photo : Ajmal Mk Manikoth
Photo : Ajmal Mk Manikoth

വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാമായിരുന്ന ആ പ്രശ്‌നത്തെ, സംസ്ഥാനങ്ങളുടെ സ്വയംനിർണയാവകാശങ്ങളുടെ പട്ടികയിൽപെടുത്തി പരിഹരിക്കുക എന്നത് ബ്രിട്ടീഷ് നയതന്ത്രജ്ഞതയ്ക്ക് വഴങ്ങുന്നതും ആയിരുന്നില്ല. വിശ്വാസവുമായി നേരിട്ട് യുദ്ധത്തിലേർപ്പെടാതെ തന്നെ ഇന്ത്യയിലെ വൈവിധ്യങ്ങളെ ഉപയോഗിച്ച് തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടതുവഴി പശുക്കൊലപാതകങ്ങൾ തുടർകഥയാവുന്ന അവസ്ഥയെ പത്തറുപത് കൊല്ലത്തോളം നീട്ടിവച്ചത് ബ്രിട്ടീഷുകാരൻ പറഞ്ഞത് എഴുതിയെടുത്തുണ്ടാക്കിയ ഒരു ഭരണഘടന വഴിയല്ല, ഇന്ത്യയെ അറിയുന്ന, അതിലെ സാംസ്‌കാരിക വൈജാത്യങ്ങൾ സ്വന്തം ഉടലുപോലെ മനസിലാക്കിയ ഏതാനും മനുഷ്യരുടെ ദീർഘദർശനം വഴിയാണ്. ഇതുപോലെ പല ഉദാഹരണങ്ങളും നിരത്താനാവും.

സജി ചെറിയാന്റെ പ്രസംഗത്തിലെ യുക്തി

‘വിഭജിച്ച് ഭരിക്കുക’ എന്ന കുപ്രസിദ്ധ നയം, ഉള്ള കാലം മുഴുവൻ പ്രാവർത്തികമാക്കുകയും പോണപോക്കിൽ തന്നെ അത് തുടരുകയും ചെയ്ത ബ്രിട്ടീഷ് ഭരണകൂടം എന്തെങ്കിലും ഉപകാരമുള്ള ഒന്നും അറിഞ്ഞുകൊണ്ട് നമുക്കായി ചെയ്തുപോകും എന്നു വിചാരിക്കാനാവില്ല. അവർ പറഞ്ഞുതന്നിട്ട് പോയതാണ് നമ്മുടെ ഭരണഘടന എങ്കിൽ അത് നമ്മളെ മുടിക്കാൻ മാത്രമുള്ള ഒന്നാവാനേ തരമുള്ളൂ. അത്തരമൊന്നാണോ ഇന്ത്യൻ ഭരണഘടന? ആണെന്ന് ആരു വിചാരിച്ചാലും ആ വിചാരത്തിന്റെ യുക്തിക്ക് ചില തകരാറുണ്ട്.

ഭരണഘടനാപരമായ നിർദേശകതത്വങ്ങളുടെ അന്തഃസ്സത്ത മനസിലാക്കി ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾ വഴിയാണ്, സജി ചെറിയാൻ തന്നെ പറയുന്ന കേരളത്തിലെ തൊഴിൽ നിയമങ്ങൾ ഉണ്ടായതും അത് കോടതിയിൽ പോയാലും റദ്ദ് ചെയ്യാനാവാത്ത അവസ്ഥ ഉണ്ടായതും.

സജി ചെറിയാന്റെ പ്രസംഗത്തിൽ ഊന്നിപ്പറയുന്ന ഒരുകാര്യം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ ചെറുക്കാൻ ഭരണഘടനയിൽ ഒന്നുമില്ല എന്നതാണ്. ഒപ്പം, 1957-ലെ ആദ്യ കമ്യൂണിസ്​റ്റ്​ സർക്കാർ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാനെടുത്ത നിലപാടിനെക്കുറിച്ചും പറഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ‘തൊഴിൽ നിയമങ്ങൾ സംരക്ഷിക്കണം', അതായത് സംരക്ഷിക്കപ്പെടേണ്ട തൊഴിൽ നിയമങ്ങൾ ഉണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു തൊഴിൽ നിയമത്തെ കേരളത്തിലെ സർക്കാരിന് സംരക്ഷിക്കാനാവുമോ?

പ്രായപൂർത്തിയായ എല്ലാവർക്കും തൊഴിൽ ചെയ്യുവാനുള്ള അവകാശം, തുല്യജോലിക്ക് തുല്യവേതനം, കൂടാതെ വേതനമെന്നത് തൊഴിലാളിയുടെ അധ്വാനശേഷി നിലനിർത്താൻ പോന്നത്ര ഊർജം നൽകുന്ന ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അന്തസ്സായി ജീവിക്കാൻ പോന്ന ‘ലിവിങ് വേജസ്' ആണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഭരണഘടനയുടെ ഡിറക്ടിവ് പ്രിൻസിപ്പിൾസിൽ. പക്ഷെ ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. നിർദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാനാവില്ല എന്നത് ഭരണഘടനാപരമായ പരിമിതി തന്നെയാണ്. എന്നാൽ അതിനെയും ചരിത്രപരമായി സമീപിച്ചാൽ കാര്യം വ്യക്തമാവും. ബോണ്ടഡ് ലേബർ, നിർബന്ധിത അധ്വാനം ഒക്കെ നിലനിന്നിരുന്ന, അവ സ്വാഭാവികവത്കരിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് അവയ്ക്കെതിരെയുള്ള നിർദേശങ്ങൾ സ്റ്റേറ്റിനായുള്ള നിർദേശകതത്വങ്ങളായി ഭരണഘടനയിൽ ഇടംപിടിച്ചത്.

തൊഴിലും വേതനവും മാത്രമല്ല, മനുഷ്യയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭരണഘടനയുടെ നിർദേശകതത്വങ്ങൾ പറയുന്നുണ്ട്
തൊഴിലും വേതനവും മാത്രമല്ല, മനുഷ്യയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭരണഘടനയുടെ നിർദേശകതത്വങ്ങൾ പറയുന്നുണ്ട്

‘57-നുമുമ്പ് ജോലിക്ക് കൂലി ചോദിച്ചാൽ പൊലീസ് നടു ഇടിച്ച് കലക്കുമായിരുന്നു’ എന്ന് അദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്. ശരിയാണ്. അതുതന്നെയായിരുന്നു 47-നുമുമ്പുള്ള ബ്രിട്ടീഷ് പൊലീസിന്റെ കാര്യവും. ഭരണഘടനാപരമായ നിർദേശകതത്വങ്ങളുടെ അന്തഃസ്സത്ത മനസിലാക്കി ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾ വഴിയാണ് അദ്ദേഹം തന്നെ പറയുന്ന കേരളത്തിലെ തൊഴിൽ നിയമങ്ങൾ ഉണ്ടായതും അത് കോടതിയിൽ പോയാലും റദ്ദ് ചെയ്യാനാവാത്ത അവസ്ഥ ഉണ്ടായതും. അല്ലാതെ, ബ്രിട്ടീഷുകാർ തൊഴിലാളിയെ ചൂഷണം ചെയ്യാനായി തയ്യാർചെയ്ത ഒരു ഭരണഘടന നമ്മൾ എഴുതിയെടുത്ത് സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചാൽ അത് സാധ്യമാകുമായിരുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ സജി ചെറിയാന്റെ പ്രസംഗത്തിൽ റേറ്ററിക് അല്ലാതെ വസ്തുതയോ, യുക്തിയോ ഇല്ലെന്ന് സമ്മതിക്കേണ്ടിവരും.

ഭരണകൂടവും ഭരണഘടനയും ഒന്നല്ല

താൻ ഭരണകൂടം എന്നുദ്ദേശിച്ചത് ഭരണഘടനയായി വളച്ചൊടിക്കപ്പെട്ടു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവ ദുർബല പ്രതിരോധം മാത്രമാകുന്നത് ഇവിടെയാണ്.

ഇവിടെ നമ്മൾ മനസിലാക്കേണ്ടത്, ഭരണകൂടവും ഭരണഘടനയും ഒന്നല്ല എന്നതാണ്. നാവുപിഴ എന്ന നിലയിൽ വാക്ക് മാറിപ്പോയതല്ല ഇവിടെ പ്രശ്നം​, മറിച്ച് കാര്യകാരണപൊരുത്തമാണ്. എത്ര മനോഹരമായ ഭരണഘടന ഉണ്ടായാലും അത് അതിന്റെ ‘കോൺസ്​റ്റിറ്റ്യൂഷനൽ മൊറാലിറ്റി' ഉൾകൊണ്ട് നടപ്പിലാക്കാൻ പോന്ന ഒരു ഭരണകൂടം ഇല്ലെങ്കിൽ ഭരണഘടന വെറും സാഹിത്യം മാത്രമാവും. അപ്പോൾ ഒരു ജനാധിപത്യസമൂഹം എന്ന നിലയിൽ നമുക്കുവേണ്ടത് ഭരണഘടന മുമ്പോട്ടുവയ്ക്കുന്ന ‘കോൺസ്​റ്റിറ്റ്യൂഷനൽ മൊറാലിറ്റി'ക്ക് അനുസൃതമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ്. അതാണ് പ്രതിപക്ഷധർമം. ഇടതുരാഷ്ട്രീയം ഇന്ത്യയിൽ എന്നും പ്രതിപക്ഷമായിരുന്നു എന്നതുകൊണ്ടുതന്നെ ഇടത് രാഷ്ട്രീയ സംഘടനകൾ അത് മറക്കാനും പാടില്ല.

'തൊഴിൽ നിയമങ്ങൾ സംരക്ഷിക്കണം', അതായത് സംരക്ഷിക്കപ്പെടേണ്ട തൊഴിൽ നിയമങ്ങൾ ഉണ്ടെന്ന് സജി ചെറിയാൻ തന്നെ പറയുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു തൊഴിൽ നിയമത്തെ കേരളത്തിലെ സർക്കാരിന് സംരക്ഷിക്കാനാവുമോ? / Photo : Shafeeq Thamarassery
'തൊഴിൽ നിയമങ്ങൾ സംരക്ഷിക്കണം', അതായത് സംരക്ഷിക്കപ്പെടേണ്ട തൊഴിൽ നിയമങ്ങൾ ഉണ്ടെന്ന് സജി ചെറിയാൻ തന്നെ പറയുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു തൊഴിൽ നിയമത്തെ കേരളത്തിലെ സർക്കാരിന് സംരക്ഷിക്കാനാവുമോ? / Photo : Shafeeq Thamarassery

തൊഴിലും വേതനവും മാത്രമല്ല, മനുഷ്യയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭരണഘടനയുടെ നിർദേശകതത്വങ്ങൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി സൂചിപ്പിക്കുന്ന, 1957-ലെ കേരള സർക്കാർ സ്വന്തമായ തൊഴിൽ നിയമങ്ങൾ ഉണ്ടാക്കാനല്ല, സംരക്ഷിക്കാനാണ് തീരുമാനിച്ചത്. എന്നിട്ടും ലിംഗഭേദമെന്യേ തുല്യജോലിക്ക് തുല്യവേതനം എന്ന ദർശനം സർക്കാർ മേഖലയ്ക്കുപുറത്ത് നടപ്പിലാക്കാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മുകളിൽ പറഞ്ഞ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ലിവിങ് വേജസ് എന്നത് ഇനിയും സാധ്യമായിട്ടില്ലാത്ത തൊഴിൽ മേഖലകളുണ്ട്. ഇതിനൊക്കെ തടസം ഭരണഘടനയാണോ? അതെ എന്ന ധ്വനിയാണ് സജി ചെറിയാന്റെ പ്രസംഗം നൽകുന്നത്.

ഭരണകൂടം വരുത്തുന്ന വീഴ്ചകൾക്കുള്ള പഴി ഭരണഘടനയിൽ ചുമത്തുന്നതരം ഒരു പ്രസംഗം വഴി അദ്ദേഹം വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ ഉയർത്തിവിടുന്ന വിപരീത അലകൾക്ക് മറ്റാരെയും പഴിക്കാനാവില്ല.

സജി ചെറിയാന്റെ വിമർശന ഭാഷ

മന്ത്രിയുടെ പ്രസംഗത്തിലുടനീളം ഭരണഘടനയെ അടിമുടി റദ്ദ് ചെയ്യുന്ന ഭാഷയാണ് ഉപയോഗിക്കപ്പെടുന്നത്. ‘രാജ്യത്തെ ഏറ്റവുമധികം മനുഷ്യരെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്' എന്ന് ആദ്യമേ പറയുന്ന അദ്ദേഹം തുടർന്ന് ‘ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവെച്ചു' എന്ന് പറയുന്നു.

തൊഴിലാളിപക്ഷത്തുനിന്ന്​, അവരുടെ അവകാശങ്ങളുടെ പക്ഷത്തുനിന്ന് ​ആണ്​മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നത് എന്നത് മനസിലാക്കാതെയല്ല. എന്നാൽ ഭരണകൂടം വരുത്തുന്ന വീഴ്ചകൾക്കുള്ള പഴി ഭരണഘടനയിൽ ചുമത്തുന്നതരം ഒരു പ്രസംഗം വഴി അദ്ദേഹം വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ ഉയർത്തിവിടുന്ന വിപരീത അലകൾക്ക് മറ്റാരെയും പഴിക്കാനാവില്ല.

രണ്ടാം പിണറായി മന്ത്രിസഭയിയിലേക്ക്  സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്ന സജി ചെറിയാൻ
രണ്ടാം പിണറായി മന്ത്രിസഭയിയിലേക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്ന സജി ചെറിയാൻ

പ്രമോദ് നാരായണന്റെ ഭാഷയിൽ പറഞ്ഞാൽ, മുക്കും മൂലയുമൊക്കെ അരിച്ചുപറിച്ച് ഗുണങ്ങൾ ഇട്ടിട്ടുണ്ട്. വേണമെങ്കിൽ പറയാം, ‘മതേതരത്വം, ജനാധിപത്യം കുന്തം കുടച്ചക്രം ഒക്കെ സൈഡിൽ എഴുതിവെച്ചിട്ടുണ്ട്' എന്ന വാചകത്തിലേക്ക് കടക്കുമ്പോൾ പ്രസംഗം തികച്ചും ഭരണഘടനാ അവഹേളനം തന്നെ ആവുന്നു. കാരണം ഇത്തരം ഒരു പ്രസംഗത്തെ വിമർശനമാക്കാൻ അതിൽ വസ്തുതകളില്ല, യുക്തിയും ഇല്ല. അദ്ദേഹം പറയുന്നതിൽ ഒരു കാര്യം ശരിയാണ്. സമരം ചെയ്യാനുള്ള അവകാശം വ്യക്തമായി ഭരണഘടനയിൽ പറയുന്നില്ല. എന്നാൽ, 1926-ലെ ലേബർ യൂണിയൻ ആക്ട് മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലാളി സംഘടനകൾക്ക് തൊഴിൽ തർക്കങ്ങളിൽ ഇടപെടാനുള്ള അവകാശം, വ്യവസ്ഥകളോടെയാണെങ്കിലും നൽകുന്നുണ്ട്. അതിൽ നിന്ന്​ നമ്മുടെ നിയമനിർമാണസഭകൾ പല ഇടങ്ങളിലും മുന്നോട്ടുപോയില്ലെങ്കിൽ അതിന്റെ കാരണം ഭരണഘടനാപരമായ പരിമിതികളാണോ? ആണെങ്കിൽ അദ്ദേഹം പ്രസംഗത്തിലെ മറ്റ് പലയിടങ്ങളിലും പറയുന്നതുപോലെ, കേരളം എങ്ങനെ അതിനെ അതിലംഘിച്ചു?

വാവിട്ട വാക്കും കൈവിട്ട വിവാദവും

സജി ചെറിയാൻ പ്രസംഗത്തിലുന്നയിക്കുന്ന ഭരണഘടനാവിമർശനത്തിന് ഉപോൽബലകമായി പറയുന്നത് അംബാനിയും അദാനിയും പോലെയുള്ള ശതകോടീശ്വരന്മാരുടെ കാര്യമാണ്.

അദ്ദേഹം ഉദ്ധരിച്ച, മുതലാളിത്തവ്യവസ്ഥയിലെ സമ്പത്തിന്റെ അന്യായമായ അതികേന്ദ്രീകരണം എന്നത് തൊഴിലാളിയുടെ അധ്വാനശേഷിയെ ചൂഷണം ചെയ്തുകൊണ്ട് ഉണ്ടാക്കുന്ന മിച്ചമൂല്യം വഴിയല്ലാതെ ഉണ്ടാവാൻ വേറെ വഴിയില്ല എന്ന മാർക്‌സിയൻ ദർശനത്തെ ശരിവയ്ക്കുന്നു. പക്ഷെ അപ്പോഴും ഇന്ത്യൻ സാഹചര്യങ്ങളിൽ ഇതിനെ ചെറുക്കാനല്ലാതെ കുടപിടിച്ചുകൊടുക്കാൻ ഭരണഘടന ശ്രമിച്ചു എന്ന മന്ത്രിയുടെ വാദത്തിന് ഉപോൽബലകമായി പ്രസ്തുത പ്രസംഗത്തിൽ എന്തെങ്കിലും വസ്തുത മുന്നോട്ടുവയ്ക്കപ്പെട്ടുവോ? ലേബർ നിയമങ്ങൾ കൺകറൻറ്​ പട്ടികയിലായി എന്നതിനെയെങ്കിലും എടുത്തുപറഞ്ഞ്​ അതിനൊരു വസ്തുതാപരമായ വ്യക്തത നൽകാൻ, അതുവഴി സാധുവായ ഒരു വിമർശനം വ്യക്തമായി ഉന്നയിക്കാൻ കഴിഞ്ഞുവോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ റാലി തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ റാലി തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഭരണഘടനയെ വാഴ്​ത്താൻ ഒന്നര മിനിറ്റ് വേണ്ട, അര മിനിറ്റു മതി. എന്നാൽ അതിനോടുള്ള സാധുവായ ഒരു വിമർശനയുക്തി അവതരിപ്പിക്കാൻ ഒന്നര മിനിറ്റൊന്നും പോരാ. അതുകൊണ്ടുതന്നെ ഭരണഘടന വിമർശനാതീതമോ എന്ന ചോദ്യം തന്നെ ഇവിടെ ഇല്ലാതാവുന്നു. വിമർശിക്കുന്ന വിഷയത്തിന്റെ ഗൗരവവും കാലികപ്രസക്തിയും മനസിലാക്കി വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു ഭരണഘടനാ വിമർശനം ആയിരുന്നുവെങ്കിൽ സജി ചെറിയാന്റെ പ്രസംഗം, ഭരണഘടന എന്തെന്നുതന്നെ പിടിയില്ലാത്ത ഒരു വിഭാഗം രാഷ്ട്രീയ പ്രതിയോഗികൾക്കും അത് എന്തെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കണം എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം പ്രതിയോഗികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വടിയായി മാറില്ലായിരുന്നു.

അഖിലേന്ത്യാതലത്തിൽ ഇടതുരാഷ്ട്രീയവും സി.പി.എമ്മും നടത്തിവരുന്ന കാമ്പയിനുകളുടെ മുഖം നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഈ വിവാദ പ്രസംഗം എന്നത് കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ ഒരുപോലെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ രാജി.

പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ. നിലവിൽ ഇടതുരാഷ്ട്രീയം അധികാരത്തിൽ ഇരിക്കുന്ന, തുടർഭരണത്തിലിരിക്കുന്ന, ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ നിന്ന്​ ആ സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി നടത്തിയ ഈ വാവിട്ട പ്രസംഗം ഉണ്ടാക്കിയ വിവാദങ്ങൾക്ക് ഒരു അഖിലേന്ത്യാമാനം ഉണ്ടാവുന്നതിൽ വല്ല അസ്വാഭാവികതയും ഉണ്ടോ?

ഒരൊറ്റ പ്രസംഗം കൊണ്ട് ഒരു രാഷ്ട്രീയത്തിന് മുഖം നഷ്ടമാവുന്നത്...

മന്ത്രി സജി ചെറിയാൻ, താൻ എന്തിനു രാജിവയ്ക്കണം എന്നുചോദിച്ച് 24 മണിക്കൂർ തികയുന്നതിനുമുമ്പ് രാഷ്ട്രീയധാർമികത മുൻനിർത്തി താൻ രാജിവയ്ക്കുന്നു എന്ന് തിരുത്തിപ്പറയേണ്ടിവന്നു. എന്തുകൊണ്ട്?

ഈ ഭരണഘടന ഇന്ത്യയുടെ സാംസ്‌കാരിക അന്തഃസ്സത്ത ഉൾകൊള്ളാത്ത ഒന്നാണെന്നും അത് എടുത്തുമാറ്റപ്പെടേണ്ട ഒന്നാണെന്നും വാദിക്കുന്ന ‘സംഘി’കളുടെ കേരളാഘടകങ്ങൾ പോലും കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഭരണഘടനയെ വാഴ്​ത്താനും അതുപോലെ അവകാശപ്പെടാത്ത അതിന്റെ അപ്രമാദിത്തത്തെ അംഗീകരിക്കാനും തുടങ്ങി എന്നതാണ് മന്ത്രി സജി ചെറിയാൻ നടത്തിയ അന്തഃസ്സത്തയില്ലാത്ത ഭരണഘടനാ വിമർശനം വഴിയുണ്ടായ വിവാദത്തിലെ ധനാത്മകമായ ഒരേയൊരു ഘടകം. പക്ഷെ, അഖിലേന്ത്യാതലത്തിൽ ഇടതുരാഷ്ട്രീയവും സി.പി.എമ്മും നടത്തിവരുന്ന കാമ്പയിനുകളുടെ മുഖം നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഈ വിവാദ പ്രസംഗം എന്നത് കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ ഒരുപോലെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ രാജി.

പൗരന്മാർ മതേതരരാകരുത്, അവർ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിൽ തിരിച്ചറിയപ്പെടണം എന്നും അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങൾ ഇവിടെയുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.
പൗരന്മാർ മതേതരരാകരുത്, അവർ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരിൽ തിരിച്ചറിയപ്പെടണം എന്നും അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങൾ ഇവിടെയുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.

ഇവിടെ സംഭവിച്ചത് ഭരണകൂടവീഴ്ചകളെ മുഴുവൻ ഭരണഘടനയിൽ ആരോപിക്കുന്ന യുക്തിപദ്ധതിയുടെ പ്രസംഗരൂപമാണ്. അത് നടക്കുന്നതാകട്ടെ ഭരണഘടനയുടെ സാധുതയെ വിമർശനങ്ങളുടെ പുകമറയിൽ നിർത്തി അതിനെ മെല്ലെ വികസിപ്പിച്ച് അതിന്റെ അടിസ്ഥാനയുക്തികളെ തന്നെയും ജനാധിപത്യപരമായി അട്ടിമറിക്കുക എന്ന ദീർഘകാല പരിപാടി സംഘപരിവാർ സിസ്റ്റമാറ്റിക്കായി നടത്തിക്കൊണ്ടിരിക്കുന്ന കാലത്തും. അപ്പോൾ സംഭവിക്കുന്നതെന്താണ്?

ഈ കാലത്തും ഇന്ത്യൻ ഭരണഘടനയെ ഒരു ആവേശവും പ്രതീക്ഷയുമായി കാണുന്നവർ അപ്രകാരം ചെയ്യുന്നത് അത് അപ്രമാദമായ ഒരു വിശുദ്ധ പുസ്തകമായതുകൊണ്ടല്ല, മറിച്ച് ‘കുന്തം കുടച്ചക്രം' എന്നൊക്കെ ഒരാവേശത്തിൽ അവഹേളിച്ച് പോകുന്ന മൂല്യങ്ങളെ അത്ര എളുപ്പം അട്ടിമറിക്കാൻ സംഘപരിവാറിന് കഴിയാത്തത് അങ്ങനെ ഒന്ന് ഉള്ളതുകൊണ്ടാണ് എന്ന തിരിച്ചറിവിൽ നിന്നാണ്.

‘മാധ്യമങ്ങൾ വളച്ചൊടിച്ചു' എന്നത് ഇടതുരാഷ്ട്രീയത്തിൽ പൊതുവിൽ സത്യമായ ഒരു പതിവാണെങ്കിലും വ്യക്തമായും വാവിട്ടുപോയ വാക്കുകളെ അങ്ങനെ തന്നെ അഭിസംബോധന ചെയ്ത് അതിൽ ഖേദം പ്രകടിപ്പിക്കുകയാവും ഭേദം.

ഇവിടെ വീണുപോകുന്നത് ആരാണ്?
വാവിട്ട വാക്കിനെ, പറ്റിപ്പോയ അബദ്ധത്തെ, അകമറിഞ്ഞ കുമ്പസാരത്തിലൂടെയേ തിരിച്ചെടുക്കാനാവൂ.

‘മാധ്യമങ്ങൾ വളച്ചൊടിച്ചു' എന്നത് ഇടതുരാഷ്ട്രീയത്തിൽ പൊതുവിൽ സത്യമായ ഒരു പതിവാണെങ്കിലും വ്യക്തമായും വാവിട്ടുപോയ വാക്കുകളെ അങ്ങനെ തന്നെ അഭിസംബോധന ചെയ്ത് അതിൽ ഖേദം പ്രകടിപ്പിക്കുകയാവും ഭേദം. അല്ലാതെ ഒരു ക്ലിക്കിൽ ലഭ്യമായ പ്രസംഗത്തിലെ, സ്​പഷ്​ടമായ വസ്തുത, യുക്തി, ദർശനപരമായ പിഴവുകൾ ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുന്നത് ആത്മവിശ്വാസത്തോടെ ദാർശനികയുക്തികൾ വച്ച് ഇടതുപക്ഷത്ത് നിൽക്കുന്നവരെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ.

എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഇന്ത്യ എന്ന സ്വപ്നമാണ് അവരെ മുമ്പോട്ടുനയിക്കുന്നത്. ആ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അവർക്ക് അഭിമാനിക്കാൻ ഇപ്പോൾ ആകെ അതിന്റെ ഭരണഘടന മാത്രമേയുള്ളൂ
എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഇന്ത്യ എന്ന സ്വപ്നമാണ് അവരെ മുമ്പോട്ടുനയിക്കുന്നത്. ആ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അവർക്ക് അഭിമാനിക്കാൻ ഇപ്പോൾ ആകെ അതിന്റെ ഭരണഘടന മാത്രമേയുള്ളൂ

ഇടതുരാഷ്ട്രീയത്തിന്റെ പ്രതിരോധത്തിന്​ ആരും ഞൊടിക്കാതെ, ഞൊടിയിടയിൽ പറന്നുവരുന്ന കടന്നലുകൾ ഉൾപ്പെടെ ആരെയും പി.ആർ. വർക്ക് വഴി ഉണ്ടാക്കാൻ ആവില്ല. അവർ ഉണ്ടാവുന്നതാണ്. അവരെ ഉത്പാദിപ്പിക്കുന്നത് തങ്ങൾ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ശരിയുടെ പക്ഷത്ത് നിൽക്കുന്നു എന്ന ബോധ്യമാണ്. അതിനെ തകർക്കുന്നതെന്നതല്ല, ആശയക്കുഴപ്പത്തിലാക്കുന്ന വാക്കുകൾ, പ്രസംഗങ്ങൾ, ആശയങ്ങൾ ഉത്തരവാദിത്തപ്പെട്ട നേതാക്കളിൽ നിന്നുണ്ടായാൽ അത് എത്രയും വേഗം വ്യക്തമാക്കപ്പെടണം. ഉദ്ദേശിച്ചതല്ല പറഞ്ഞതെങ്കിൽ അതും. അല്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളെ നിങ്ങളാക്കിയ കടന്നൽക്കൂടുകൾ താനേ തീയിട്ടുനശിക്കുകയാവും ഫലം.

താൻ പിൻപറ്റുന്ന രാഷ്ട്രീയ- സാംസ്‌കാരിക ആത്മാഭിമാനമാണ് ഒരു ഇടത് അനുഭാവിയെ ഉണ്ടാക്കുന്നത്. എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഇന്ത്യ എന്ന സ്വപ്നമാണ് അവരെ മുമ്പോട്ടുനയിക്കുന്നത്.

മന്ത്രി സജി ചെറിയാൻ അധികം പേര് കേൾപ്പിച്ചില്ല എന്നതുകൊണ്ടുതന്നെ ഭംഗിയായി ആ ഭരണപരമായ പദവി നിർവഹിച്ച ആളാണ്. അദ്ദേഹം കേവലം ഒരു പ്രസംഗത്തിന്റെ പേരിൽ രാജിവച്ച് പോകേണ്ടിവന്നത് ദുഃഖകരവുമാണ്. പക്ഷെ അപ്പോഴും അതിനെ മാധ്യമങ്ങൾ തന്റെ മുഴുവൻ പ്രസംഗവും കേൾപ്പിച്ചിരുന്നുവെങ്കിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത വിവാദമെന്നൊന്നും പറഞ്ഞ് ന്യൂനവത്കരിക്കരുത്. ഇടതുരാഷ്ട്രീയം ചൂണ്ടിക്കാണിക്കാൻ അപര്യാപ്തതകളും നിർദേശിക്കാൻ തിരുത്തലുകളും ഉള്ളപ്പോഴും ഭരണഘടനയെ നെഞ്ചോട് ചേർത്തുവച്ച്, അതിന്റെ മൊറാലിറ്റിയെ സമൂഹത്തിലെത്തിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നത് ഒരു രാഷ്ട്രീയദർശനത്തെ പിൻപറ്റിയാണ്. അതിനെ മനസ്സിലാക്കുന്നതിൽ വന്ന വീഴ്ചയാണ് തന്റെ രാജിക്ക് കാരണം എന്നത് അദ്ദേഹം സ്വകാര്യമായെങ്കിലും തിരിച്ചറിയുകയാണ് വേണ്ടത്. അതുണ്ടായാൽ മുഖമുള്ള, നിങ്ങൾ നിത്യേനെ കാണുന്ന മനുഷ്യർ നിങ്ങൾക്കൊപ്പമുണ്ടാവും. ഒപ്പം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ ഇടതുരാഷ്ട്രീയത്തിനായി ഒരു പ്രതിഫലവും സ്ഥാനമാനവും പ്രതീക്ഷിക്കാത്ത കടന്നലുകളും.

താൻ പിൻപറ്റുന്ന രാഷ്ട്രീയ- സാംസ്‌കാരിക ആത്മാഭിമാനമാണ് ഒരു ഇടത് അനുഭാവിയെ ഉണ്ടാക്കുന്നത്. എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഇന്ത്യ എന്ന സ്വപ്നമാണ് അവരെ മുമ്പോട്ടുനയിക്കുന്നത്. ആ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അവർക്ക് അഭിമാനിക്കാൻ ഇപ്പോൾ ആകെ അതിന്റെ ഭരണഘടന മാത്രമേയുള്ളൂ. അതും പൂർണവും അപ്രമാദവും ഒന്നുമല്ല. പക്ഷെ അതൊരു പിടിവള്ളിയാണ്. അതിനെ ഒരു ആവേശത്തിൽ തട്ടിപ്പറിച്ച് താമരക്കുളത്തിൽ എറിയരുത് എന്ന് ചുരുക്കുന്നു. ▮

Comments