Representational Image / AI Generated

പുതിയ ക്രിമിനൽ നിയമങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം?

ഇന്ന് നിലവിൽ വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്നു തീർച്ച. തടഞ്ഞില്ലെങ്കിൽ, നിയമരംഗത്തെ ഡി മോനിറ്റൈസേഷനായിരിക്കും ഇത്.

ന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരികയാണ്. ഇവ കോടതികളിൽ ചോദ്യം ചെയ്യപ്പെടുമെന്നു തീർച്ച. തടഞ്ഞില്ലെങ്കിൽ, നിയമരംഗത്തെ ഡി മോനിറ്റൈസേഷൻ ആയിരിക്കും ഇത്. എന്തുകൊണ്ട് നാമതിനെ എതിർക്കണമെന്ന് ലഘുവായി സംഗ്രഹിക്കാം.

1. ജനാധിപത്യവിരുദ്ധമായ രീതിയിൽ, പ്രതിപക്ഷത്തെ നൂറിലേറെ എംപിമാരെ പാർലമെന്റിന് പുറത്താക്കിയശേഷം, യാതൊരു ചർച്ചയും കൂടാതെയാണ് ബിൽ പാസാക്കിയത്.

2. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ കൊളോണിയൽ പാരമ്പര്യത്തിൽനിന്ന് മോചിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ, 'പഴയ കൊളോണിയൽ' നിയമത്തിന്റെ 95%-വും നിലനിർത്തിയിട്ടുണ്ട്. വരുത്തിയിട്ടുള്ള മാറ്റങ്ങളാവട്ടെ, ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ്.

3. രാജ്യദ്രോഹം ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും, നേരത്തെ 124 (എ)-യിൽ ഉണ്ടായിരുന്നതിനേക്കാൾ കർശനമായ ഭാഷയിൽ, സ്റ്റേറ്റിനെതിരെയുള്ള കുറ്റകൃത്യം ഭാരതീയ ന്യായസംഹിതയുടെ ഭാഗമാക്കിയിട്ടുണ്ട്. 'രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെയുള്ള' പ്രവർത്തികൾ എന്നാണ് നിയമത്തിൽ ചേർത്തിരിക്കുന്നത്. ഇത് പഴയ ദേശദ്രോഹവകുപ്പിൽ പോലും ഇല്ലാതിരുന്നതാണ്. സാധാരണ പ്രവർത്തനങ്ങൾ വരെ രാജ്യത്തിനെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കാനുള്ള അധികാരം പോലീസിന് കൊടുക്കുന്നതാണ് ഈ പരിഷ്കാരം.

 സാധാരണ പ്രവർത്തനങ്ങൾ വരെ രാജ്യത്തിനെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കാനുള്ള അധികാരം പോലീസിന് കൊടുക്കുന്നതാണ് ഈ പരിഷ്കാരം. / Photo: Sthitaprajna
സാധാരണ പ്രവർത്തനങ്ങൾ വരെ രാജ്യത്തിനെതിരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കാനുള്ള അധികാരം പോലീസിന് കൊടുക്കുന്നതാണ് ഈ പരിഷ്കാരം. / Photo: Sthitaprajna

4. മർദ്ദകനിയമമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ് യു എ പി എ. ഭീകര പ്രവർത്തനം ആരോപിക്കപ്പെട്ട നിരവധി നിരപരാധികൾ ജയിലിൽ കഴിയേണ്ടിവരുന്നു. അലൻ താഹ കേസ് മുതൽ, ഹാഥ്റസിൽ പോയ സിദ്ധിഖ് കാപ്പനും, ബംഗളൂരു സ്ഫോടനത്തിൽ പോലീസ് കള്ളി വെളിച്ചത്തു കൊണ്ടുവന്ന കെ. കെ. ഷാഹിനയുമൊക്കെ നിയമത്തിന്റെ ഇരകളാണ്. പുതിയ പരിഷ്കാരത്തിൽ, ഭീകരപ്രവർത്തനം പ്രത്യേക നിയമത്തിൽ മാത്രമല്ല, സാധാരണ നിയമത്തിലും ഒരു കുറ്റകൃത്യമായി നിർവചിച്ചിട്ടുണ്ട്.

അതിനർത്ഥം, മർദ്ദകനിയമമെന്ന് നമ്മൾ വിളിക്കുന്ന, യു എ പി എ നിയമത്തിൽ പോലുമുള്ള സംരക്ഷണങ്ങൾ ലഭിക്കില്ല എന്നാണ്. ഉദാഹരണത്തിന് യു എ പി എ കേസുകൾ അന്വേഷിക്കേണ്ടത് എൻ ഐ എ ആണ്. അതുപ്രകാരം ഒരാളെ പ്രതിചേർത്ത് വിചാരണ ചെയ്യാൻ സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാൽ ഭീകരപ്രവർത്തനം ഭാരതീയ ന്യായസംഹിതയുടെ ഭാഗമാകുമ്പോൾ, സാധാരണ ഏതൊരു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തത്, യാതൊരു മുൻകൂർ അനുമതിയും കൂടാതെ കേസെടുക്കാൻ സാധിക്കുമെന്നു വരുന്നു. ഇത് പോലീസ് രാജിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

5. മറ്റൊരു പ്രശ്നം, കുറ്റാരോപിതരെ പോലീസ് കസ്റ്റഡിയിൽ വിടുന്നതുമായി ബന്ധപ്പെട്ടാണ്. 15 ദിവസത്തെ പോലീസ് കസ്റ്റഡി കൂടുതൽ ദീർഘവും എളുപ്പവും ആകാനുള്ള സാധ്യതയുണ്ട്. ജാമ്യവും ദുഷ്കരമായി തീരും.

6. ഏറ്റവും ദോഷകരമായേക്കാവുന്ന പരിഷ്കാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത് പൊലീസിന്റെ വിവേചനാധികാരത്തിന് വിടുന്നതാണ്. സാധാരണ മനുഷ്യർക്ക് നീതി ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ്, എഫ്ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം, സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ തീരുമാനത്തെ അട്ടിമറിക്കുകയാണ് പുതിയ നിയമസംഹിത.

ഇന്നുമുതൽ രാജ്യത്ത് ഒരേസമയം രണ്ട് നിയമസംഹിതകൾ നിലവിലുണ്ടായിരിക്കും.  നീതിന്യായ സംവിധാനത്തെ കൂടുതൽ വൈകിപ്പിക്കുന്നതാണ് ഈ പരിഷ്കാരങ്ങൾ./ AI Generated Image
ഇന്നുമുതൽ രാജ്യത്ത് ഒരേസമയം രണ്ട് നിയമസംഹിതകൾ നിലവിലുണ്ടായിരിക്കും. നീതിന്യായ സംവിധാനത്തെ കൂടുതൽ വൈകിപ്പിക്കുന്നതാണ് ഈ പരിഷ്കാരങ്ങൾ./ AI Generated Image

7. ഇന്നുമുതൽ രാജ്യത്ത് ഒരേസമയം രണ്ട് നിയമസംഹിതകൾ നിലവിലുണ്ടായിരിക്കും. ഇന്നലെ വരെ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പഴയ ഐ പി സിയും സി ആർ പി സിയും ഒക്കെയാണ് ബാധകമാവുകയെങ്കിൽ, ഇന്നുമുതൽ ഭാരതീയ ന്യായസംഹിതയും ഭാരതീയ നാഗരിക സുരക്ഷാസംഹിതയുമാണ്. എത്രയോ പതിറ്റാണ്ടുകളായി, കോടതികൾ പലവുരു പരിശോധിച്ചു നിർവചിച്ച്, പുനർനിർവചിച്ച്, തീർപ്പു വന്ന വകുപ്പുകളാണ് പഴയ നിയമസംവിധാനത്തിൽ ഉണ്ടായിരുന്നത്. പുതിയവയാവട്ടെ, ഇനിയും ഓരോന്നോരോന്നായി പരിശോധിക്കേണ്ടിവരും. പ്രൊസീജറൽ നിയമങ്ങൾ ഏതാണ് ബാധകമാവുക, എന്നത് ഒരു വലിയ തർക്ക വിഷയമായിരിക്കും. ഇപ്പോഴേ പതിനായിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന നമ്മുടെ കോടതികളിൽ, അതിൻറെ എണ്ണം കൂടാൻ മാത്രമേ ഇതു സഹായകമാകൂ. അങ്ങനെ നീതിന്യായ സംവിധാനത്തെ കൂടുതൽ വൈകിപ്പിക്കുന്നതാണ് ഈ പരിഷ്കാരങ്ങൾ.

8. ക്രിമിനൽ നീതി നിർവഹണ സംവിധാനത്തെ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യാനുള്ള നീക്കം, ഇന്ത്യ പോലുള്ള ഒരു ദരിദ്രരാജ്യത്ത്, ഇൻറർനെറ്റോ മറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത, സൈബർ സാക്ഷരതയില്ലാത്ത, ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ഗുണകരമാവില്ല.

9. ക്രൈം ഇൻവെസ്റ്റിഗേഷനിൽ, ഫോറൻസിക് സംവിധാനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ, ജനാധിപത്യപരമായ ചില ശരികേടുകൾ ഉണ്ട്. വിരലടയാളം ഉൾപ്പെടെ പല ഫോറൻസിക് സമ്പ്രദായങ്ങളുടെയും ശാസ്ത്രീയത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമം നടത്തി, സ്റ്റേറ്റ് തന്നെ തെളിവുകൾ ഉണ്ടാക്കി, ആളുകളെ കൊടുക്കുന്ന രീതി ഭീമകൊറേഗാവ് കേസിലൊക്കെ നമ്മൾ കണ്ടതാണല്ലോ. ഇത്തരം രീതികൾ കൂടുതലും കുറ്റസമ്മതത്തെയാണ് ആശ്രയിക്കുന്നതെന്ന പ്രശ്നവുമുണ്ട്.

10. ആധുനിക ജനാധിപത്യ സമൂഹങ്ങൾ നിർത്തലാക്കിയ, ദൈവനിന്ദ, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ അതേപടി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കൊളോണിയൽ നിയമത്തെ ജനാധിപത്യവൽക്കരിക്കാനെന്ന പേരിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ജനാധിപത്യത്തെ കൂടുതൽ അപകടത്തിലാക്കുകയാണു ചെയ്യുന്നത്.

Also Read | പോലീസ് രാജിന് വഴിയൊരുക്കുന്ന ക്രിമിനൽ നിയമപരിഷ്കരണം


Summary: Bharatiya Nyaya Sanhita, along with two other criminal laws, has come into effect. PB Jijeesh is explaining these laws and arguing why we should question their implementation.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments