ഇന്ത്യൻ രാഷ്ട്രീയം സമം ഉത്തരേന്ത്യൻ രാഷ്ട്രീയം;
വനിതാ സംവരണത്തിലെ കാണാച്ചരടുകൾ

വനിതാസംവരണം നടപ്പാവണമെങ്കിൽ, പുതിയ സെൻസസ് മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടക്കണം. പരമാവധി അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പി.മാരുടെ എണ്ണം പുതിയ സെൻസസ് അനുസരിച്ച് പുനർനിർണയിച്ചാൽ കുറയും, ഉത്തരേന്ത്യയിൽനിന്നുള്ള എം.പി.മാരുടെ എണ്ണം കൂടുകയും ചെയ്യും. ഇത് ഇന്ത്യൻ രാഷ്ട്രീയം സമം ഉത്തരേന്ത്യൻ രാഷ്ട്രീയം എന്ന സമവാക്യം കൂടുതൽ ശക്തമാക്കും.

ലോക്സഭ വനിതാ സംവരണ ബിൽ പാസാക്കി. സംവരണം നടപ്പാവണമെങ്കിൽ ഇനിയും കാത്തിരിക്കണം എന്നതു മാത്രമല്ല വിഷയം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അധികാര രാഷ്ട്രീയത്തിൽനിന്ന് തുടച്ചുനീക്കപ്പെടാനുള്ള സാധ്യതയിലേക്കുള്ള ശക്തമായ സൂചന കൂടി വനിതാ സംവരണ ബിൽ നൽകുന്നുണ്ട്. ലോക് സഭയിൽ പാസാക്കിയ ബില്ലിലെ ഈ ഭാഗം നോക്കുക: 334A. (1) "...the reservation of seats for women in the House of People, the Legislative Assembly of States...shall come into effect after an exercise of delimitation... after the relevant figures for the first census taken after the commencement of constitution [128 Amendment] Act, 2023 have been published...”
അതായത്, വനിതാസംവരണം നടപ്പാവണമെങ്കിൽ ബിൽ പാസായശേഷം നടക്കുന്ന സെൻസസ് മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടക്കണം. അതേസമയം 84-ാം ഭരണഘടനാ ഭേദഗതി പ്രകാരം, 2026-നുശേഷം നടക്കുന്ന സെൻസസ് അനുസരിച്ചേ അന്തർ സംസ്ഥാന മണ്ഡല പുനർനിർണയം നടക്കാൻ പാടുള്ളൂ. അതായത് 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഉടൻ നടക്കുകയാണെങ്കിൽ പോലും വനിതാ സംവരണം നടപ്പിലാക്കാൻ 2034 വരെ കാത്തിരിക്കണം എന്നു സാരം. ഇനിയും 11 വർഷം കൂടി. ബി.ജെ.പി ഗവൺമെൻറ് സെൻസസ് നടത്താതെ കാത്തിരിക്കുന്നത് ഇതിനുവേണ്ടിയാണോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.

പുതിയ സെൻസസ്, അത് 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ആയാലും, 2031-ൽ നടക്കാനിരിക്കുന്ന സെൻസസ് ആയാലും, അതനുസരിച്ച് അന്തർ സംസ്ഥാന മണ്ഡല പുനർനിർണയം നടത്തിയാൽ നഷ്ടം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്.

വനിതാ സംവരണം നടപ്പാക്കാൻ എന്തിനാണ് മണ്ഡല പുനർനിർണയം വരെ കാത്തിരിക്കുന്നത്? ഇനി, വനിതാ സംവരണ ബിൽ നിയമമാവുന്ന ഒരു സാഹചര്യത്തെക്കുറിച്ചുകൂടി ആലോചിക്കാം. ആർട്ടിക്കിൾ 334A (1)-ലൂടെ അന്തർ സംസ്ഥാന മണ്ഡല പുനർനിർണയം ഞങ്ങൾ നടത്തും എന്ന ശക്തമായ പ്രഖ്യാപനമാണ് ബി.ജെ.പി ഭരണകൂടം നൽകുന്നത്. രാജ്യം ജനസംഖ്യാ നിയന്ത്രണ നയം സ്വീകരിച്ചശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വർദ്ധനവിൽ നല്ല കുറവുണ്ട്. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടിയതിന്റെ ഇരട്ടിയോളമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടിയത് എന്നത് സെൻസസ് ഡാറ്റ പരിശോധിച്ചാൽ മനസ്സിലാകും.
അതായത്, പുതിയ സെൻസസ്, അത് 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ആയാലും, 2031-ൽ നടക്കാനിരിക്കുന്ന സെൻസസ് ആയാലും, അതനുസരിച്ച് അന്തർ സംസ്ഥാന മണ്ഡല പുനർനിർണയം നടത്തിയാൽ നഷ്ടം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്.

ഭരണഘടനയിലെ ആർട്ടിക്കിൾ 81 ആണ് ലോക് സഭയിലെ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് പരാമർശിക്കുന്നത്.
81. “Composition of the House of the People
(1) …the House of the People shall consist of (a) not more than five hundred and thirty members chosen by direct election from territorial constituencies in the States, and,
(b) not more than twenty members to represent the Union territories, chosen in such manner as parliament may by law provide”

അതായത്, സംസ്ഥാനങ്ങളിൽനിന്നുള്ള ലോക്സഭാ അംഗങ്ങളുടെ എണ്ണം പരമാവധി 530-ഉം കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുള്ള അംഗങ്ങളുടെ എണ്ണം പരമാവധി 20-ഉം ആയി നിജപ്പെടുത്തിയിരിക്കുന്നു. പരമാവധി അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പി.മാരുടെ എണ്ണം പുതിയ സെൻസസ് അനുസരിച്ച് പുനർനിർണയിച്ചാൽ കുറയും എന്നുറപ്പാണ്. ഉത്തരേന്ത്യയിൽനിന്നുള്ള എം.പി.മാരുടെ എണ്ണം കൂടുകയും ചെയ്യും.

ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളുടെ അന്തിമ ഘട്ടമായി വേണം മണ്ഡല പുനർനിർണയത്തെ കാണാൻ. അതുകൊണ്ട്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് നിർണായകമാണ് വനിതാ സംവരണത്തിനിടയിലൂടെ ഒളിച്ചുകടത്തുന്ന സൂചനകൾ.

ഇനി ആർട്ടിക്കിൾ 81 ഭേദഗതി ചെയ്ത് പാർലമെൻറ് അംഗങ്ങളുടെ എണ്ണം കൂട്ടി എന്നുതന്നെ ഇരിക്കട്ടെ, ആപേക്ഷികമായി ദക്ഷിണേന്ത്യൻ എം.പി.മാരുടെ പ്രാതിനിധ്യം പാർലമെൻറിൽ കുറയും. ഇത് ഇന്ത്യൻ രാഷ്ട്രീയം സമം ഉത്തരേന്ത്യൻ രാഷ്ട്രീയം എന്ന സമവാക്യം കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ യാഥാർഥ്യം മുന്നിലുള്ളതുകൊണ്ടാണ് വനിതാ സംവരണ ബില്ലിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്തി സ്റ്റാലിൻ പറഞ്ഞത്; “Delimitation a Damocles sword hanging over the head of TN, southern states” എന്ന്.

നിലവിൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക പുനർവിതരണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വലിയ വിവേചനം നേരിടുന്നുണ്ട്. 15-ാം ധനകാര്യ കമീഷൻ ഇത് കൂടുതൽ ശക്തമാക്കി. 16-ാം ധനകാര്യ കമ്മീഷൻ വരാനിരിക്കുകയാണ്. എന്തൊക്കെയാണ് റെക്കമെന്റേഷനുകൾ എന്ന് കണ്ടറിയണം. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇങ്ങനെ ബി.ജെ.പിക്ക് ഇതുവരെയും വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളുടെ അന്തിമ ഘട്ടമായി വേണം മണ്ഡല പുനർനിർണയത്തെ കാണാൻ. അതുകൊണ്ട്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് നിർണായകമാണ് വനിതാ സംവരണത്തിനിടയിലൂടെ ഒളിച്ചുകടത്തുന്ന സൂചനകൾ.


Summary: Lok Sabha passes Women's Reservation Bill. While many praise the bill as progressive, Ajith EA points out the unseen trap in the Women's Reservation Bill and its relationship with the National Census.


അജിത്ത് ഇ. എ.

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ PhD ഗവേഷകൻ; തളിപ്പറമ്പ് കില-ഐ.പി.പി.എൽ അധ്യാപകൻ

Comments