അടുത്ത തെരഞ്ഞെടുപ്പിൽ
ബംഗാളില്‍ ഇടതുപക്ഷത്തിന്
എന്തു സംഭവിക്കും?
അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളില്‍ ഇടതുപക്ഷത്തിന് എന്തു സംഭവിക്കും?
ഇടതുപക്ഷത്തിന്റെ തകര്‍ച്ച ബംഗാളില്‍ ബി.ജെ.പിക്ക് സഹായകരമായി, സി.പി.എം- കോണ്‍ഗ്രസ് ധാരണ അബന്ധം. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് സാധ്യത വളരെ കുറവ്, ആത്മപരിശോധനക്ക് ഇടതുപക്ഷം തയാറാകാത്തത് ജനങ്ങളെ നിരാശരാക്കുന്നു- ഇടതു സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രസന്‍ജീത് ബോസ് സംസാരിക്കുന്നു
29 Dec 2020, 04:02 PM
അറിയപ്പെടുന്ന ഇടതു സാമ്പത്തിക വിദഗ്ദനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രസന്‍ജീത് ബോസ് ബംഗാളിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു. സി.പി.എം ഗവേഷണ വിഭാഗം തലവനായിരുന്ന പ്രസന്‍ജീത് ബോസ് യു.പി.എ ഭരണകാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ സി.പി.എം പിന്തുണച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. ഇടതുപക്ഷ വീക്ഷണങ്ങള്‍ ഉയര്‍ത്തി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രസന്‍ജീത് ബോസ്, ആനുകാലിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നു. അദ്ദേഹവുമായി നടത്തിയ ഇ- മെയില്‍ അഭിമുഖം
എന്‍. കെ. ഭൂപേഷ്: ഭൂരിപക്ഷ വര്‍ഗീയത പിടിമുറുക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ചരിത്രപരമായി തന്നെയുള്ള പ്രദേശമാണ് ബംഗാള്‍ എന്ന് പറയാം. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും ബംഗാള്‍ ഹിന്ദു വര്‍ഗീയയതെയെ ഇത്രയും നാള്‍ ചെറുത്തുനിന്നത്?
പ്രസന്‍ജീത് ബോസ്: സ്വാതന്ത്ര്യത്തിനുശേഷം ബംഗാളില്‍ ഹിന്ദുത്വ രാഷ്ട്രയീയത്തെയും മറ്റ് വര്‍ഗീയ ശക്തികളെയും അകറ്റി നിര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് വിഭജനകാലത്ത് ബംഗാളിനുണ്ടായ അനുഭവങ്ങളാണ്. അന്നുണ്ടായ വര്‍ഗീയ കലാപങ്ങള്‍, അതുപോലെ, ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുടെ വരവും അതിജീവനത്തിനായുള്ള അവരുടെ പോരാട്ടവും ബംഗാളി സമൂഹത്തില്‍ വലിയ ആഘാതമാണുണ്ടാക്കിയത്. ഈ അനുഭവം ബംഗാളിലെ ജനങ്ങളുടെ ചിന്തയെ സ്വാധീനിച്ചു. വിഭജനമെന്ന വേദനാജനകമായ അനുഭവത്തിലേക്ക് ജനങ്ങളെ തള്ളിയിട്ട വര്‍ഗീയ രാഷ്ട്രീയം ഒരു വഴിയേയല്ലെന്നും ഏതുവിധേനയും ആ രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന ബോധമായിരുന്നു ബംഗാളികള്‍ക്കുണ്ടായത്.
കിഴക്കന്‍ ബംഗാളില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ ജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുത്തത് കമ്യൂണിസ്റ്റുകാരും പുരോഗമന രാഷ്ട്രീയക്കാരുമായിരുന്നു. ഇത് അവരുടെ രാഷ്ട്രീയബോധത്തെ പുരോഗമന ദിശയിലേക്ക് തിരിക്കാന്‍ കാരണമായി. 1960 കളിലും 70 കളിലും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി രൂപപ്പെട്ട ജനകീയ പ്രസ്ഥാനങ്ങളാണ് ബംഗാളിലെ പിന്നീടുള്ള രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്.
അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസ് നാമാവശേഷമാകുകയും ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തു. പരിമതികളും വ്യതിയാനങ്ങളും അവസാനകാലത്ത് പ്രകടമായെങ്കിലും മൂന്നുപതിറ്റാണ്ട് കാലത്തെ ഇടതുപക്ഷഭരണം മതേതരത്വ മൂല്യങ്ങളെ മുറുകെ പിടിച്ചായിരുന്നു. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും ബംഗാളില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര കാലത്ത് മതേതരത്വവുമായി ബന്ധപ്പെട്ട് ബംഗാളില്‍ ഉണ്ടായിരുന്ന ഏകാഭിപ്രായത്തില്‍നിന്നുള്ള പിന്നാക്കം പോക്കായി വേണം ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ കാണാന്‍.
സ്വാതന്ത്ര്യത്തിനുമുമ്പ് ബംഗാളിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളും ഹിന്ദുത്വയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിനെ ഏതെങ്കിലും രീതിയില്‍ സഹായിച്ചിട്ടുണ്ടോ?
ഒരു പരിധിവരെ അതെ എന്നുപറയാം. ബംഗാളിലെ പുരോഗമന സാംസ്‌ക്കാരിക പാരമ്പര്യത്തിന് വളരെ പഴക്കമുണ്ട്. അത് മനുഷ്യരുടെ ഏകതയേയും സംസ്‌ക്കാരത്തിന്റെ സമന്വയത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. അതേസമയം ബംഗാള്‍ നവോത്ഥാനമെന്നതിന് വിവിധ ധാരകളുണ്ട്. അതില്‍ ചിലത് യാഥാസ്ഥിതികത്വത്തേയും അടിച്ചമര്‍ത്തലുകളെയും ചോദ്യം ചെയ്യുകയും യുക്തിബോധത്തെയും നീതിയെയും സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

ആധുനിക സങ്കല്‍പങ്ങളായ സ്വാതന്ത്ര്യം, മതേതരത്വം, ബഹുസ്വരതയിലെ ഏകത്വം, എന്നിവയുടെ വേര് ഇത്തരത്തിലുള്ള നവോത്ഥാന കാല പ്രസ്ഥാനങ്ങളിലാണ്. എനിക്ക് തോന്നുന്നു ടാഗോറാണ് ഇത്തരം മൂല്യങ്ങളെ ഏറ്റവും ഉചിതമായി ഉള്‍ക്കൊള്ളുന്ന വ്യക്തിത്വം എന്നാണ്.
മതേതരത്വ പ്രസ്ഥാനങ്ങളുടെ പരിമിതിയോ, പരാജയമോ ആണ് ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം പിടിമുറുക്കാന്‍ കാരണമെന്നത് ഇന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. ബംഗാളില്‍ ഇത്തരമൊരു അവസ്ഥ തന്നെയാണോ ഉണ്ടായത്. വളരെ ചുരുങ്ങിയ കാലയളവില്‍ ഹിന്ദുത്വത്തിന് നിര്‍ണായക മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്?
സി.പി.എമ്മിനും ഇടതുപക്ഷത്തിനും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പ് രംഗത്തും ഉണ്ടായ തിരിച്ചടിയാണ് ബി.ജെ.പിക്കും ആര്‍.എ.എസിനും ബംഗാളില്‍ ഇടം ഉണ്ടാക്കി കൊടുത്തത്. ദളിതരും ആദിവാസികളും ഉള്‍പ്പെടുന്ന നഗര- ഗ്രാമ പ്രദേശങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ അടിത്തറ. 2014 ഓടെ ഇവര്‍ പതുക്കെ ബി.ജെ.പിയിലേക്ക് നീങ്ങിത്തുടങ്ങി. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്. ഇടതുപക്ഷത്തിന്റെ നിലപാടുകളിലും വൃദ്ധനേതൃത്വത്തോടുള്ള ജനങ്ങളുടെ നിരാശയുമാണ് ഇത്തരത്തില്‍ പാര്‍ട്ടിയുടെ അടിത്തറയായി നിന്നവരുടെ ശോഷണത്തിന് കാരണമായത്. ഇക്കാര്യം സി.പി.എം നേതൃത്വം നിഷേധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വസ്തുത അതാണ്.

2011 ലെ പരാജയത്തിനുശേഷം തെറ്റുതിരുത്തുന്നത് പോകട്ടെ, എന്തെങ്കിലും തരത്തിലുള്ള സ്വയം വിമർശനത്തിന് പോലും പാര്‍ട്ടി തയ്യാറായില്ല. ഇതാണ് വലിയ തോതില്‍ അണികള്‍ ബി.ജെ.പിയിലേക്ക് പോകാന്‍ കാരണം. ദശലക്ഷക്കണക്കിന് പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ് നിരാശരായി പാര്‍ട്ടി വിട്ടത്. ഇവരാണ് ബി.ജെ.പിയ്ക്ക് ബംഗാളില്‍ വളരാന്‍ ഇട നല്‍കിയത്.
2016 ല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനം മഹാഅബന്ധമായിരുന്നു. ഇത് അതിന്റെ രാഷ്ട്രീയ സത്യസന്ധമില്ലായ്മയെ തുറന്നുകാട്ടുകയും അതിനെ ബംഗാളിലെ മൂന്നാമത്തെ രാഷ്ട്രീയ കക്ഷിയാക്കി മാറ്റുകയും ചെയ്തു. 2016 നും 2019 നുമിടയില്‍ ഒരു കോടിയിലേറെ വോട്ടര്‍മാരാണ് ഇടതുപക്ഷത്തില്‍നിന്ന് ബി.ജെ.പിയിലേക്ക് മാറിയത്. ആദ്യം രാമന്‍, പിന്നെ ഇടത് എന്നതായിരുന്നു അന്ന് ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം.
ബി.ജെ.പിയുടെ വളര്‍ച്ചക്കുപിന്നില്‍ ഇടതുപക്ഷത്തിന് മാത്രമാണോ ഉത്തരവാദിത്തം, ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍ എന്ത് പങ്കാണ് വഹിച്ചത്?
തൃണമൂല്‍ അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. മമതാ ബാനാര്‍ജിയുടെ രാഷ്ട്രീയം തന്നെ ഇടതുപക്ഷ സര്‍ക്കാരിനെ മാറ്റുകയെന്നതായിരുന്നു. ആ ലക്ഷ്യം നേടിയതിനുശേഷം അവര്‍ക്ക് ബദല്‍ സമീപനങ്ങള്‍ ഒന്നും മുന്നോട്ടുവെയ്ക്കാനുണ്ടായിരുന്നില്ല. ചില അപൂര്‍ണമായ ജനപ്രിയ നടപടികള്‍ക്കപ്പുറം അവര്‍ക്കൊന്നും മുന്നോട്ടുവെയ്ക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തൃണമൂലിന്റെ ഭരണം എന്നത് ജനവിരുദ്ധമായി മാറി. വലിയ തോതില്‍ അഴിമതി, രാഷ്ട്രീയ വിമതരെ അടിച്ചമര്‍ത്തുക, തന്നിഷ്ടത്തോടെ നയപരിപാടികള്‍ നടപ്പിലാക്കുക എന്നതായി ഭരണത്തിന്റെ മുഖമുദ്ര. 2018 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒന്ന് പഞ്ചായത്തുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികള്‍ ഇല്ലായിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തൃണമൂല്‍ അഴിച്ചുവിട്ട ആക്രമണം എത്ര വ്യാപകമായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു അത്. എന്തിന് ഈയടുത്ത് ആംപന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കടന്നുപോയശേഷം അനുവദിക്കപ്പെട്ട ദുരിതാശ്വാസ നിധിയില്‍നിന്ന് പോലും തൃണമൂല്‍ പഞ്ചായത്ത് അംഗങ്ങള്‍ പണം അടിച്ചുമാറ്റി. ഇതുമൂലം ചുഴലിക്കാറ്റില്‍ വീടും വിളകളും നഷ്ടമായവര്‍ക്കാണ് അര്‍ഹമായ ദുരിതാശ്വാസം ലഭിക്കാതെ പോയത്. ഏകാധിപത്യ പ്രവണതയും ടി.എം.സിയില്‍ അന്തര്‍ലീനമായ രാഷ്ട്രീയ അവസരവാദവും വൃത്തികേടുകളുമാണ് ബി.ജെ.പി ജനസ്വാധീനം വളര്‍ത്താന്‍ ഉപയോഗിച്ചത്. അനധികൃത രീതിയിലൂടെ ഉണ്ടാക്കിയെടുത്ത സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിന് ഇപ്പോള്‍ ടി.എം.സി നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുകയും ചെയ്യുന്നു.
മമതാ ബാനര്‍ജിക്കെതിരെ ഉയര്‍ന്ന ഒരു ആരോപണം, അവര്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നുവെന്നതാണ്. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു. ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അതും ഒരു കാരണമായോ?
പ്രീണനമെന്നത് ഇവിടെ ശരിയായ പ്രയോഗമായിരിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ഉപയോഗിച്ച തന്ത്രങ്ങള്‍ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. ഉദാഹരണത്തിന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മമത ബാനര്‍ജി ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതൊക്കെ മതേതര സ്വഭാവമുള്ളവര്‍ക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചു. ഇമാമുമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് അലവന്‍സ് കൊടുക്കാനുള്ള തീരുമാനം കല്‍ക്കത്ത ഹൈക്കോടതി 2013 ല്‍ റദ്ദാക്കിയിരുന്നു. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികരെയും അതുപോലെ വര്‍ഗീയ സ്വഭാവമുള്ളവരെയും പ്രീണിപ്പിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന ആക്ഷേപം വ്യാപകമാക്കാന്‍ ഇതൊക്കെ കാരണമായി.
എന്നാല്‍, പിന്നീട് ഇക്കാര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഹിജാബ് ധരിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഹിന്ദു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ രാമനവമി ആഘോഷങ്ങള്‍ക്ക് ബദലായി വലിയ തോതിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഹനുമാന്‍ ജയന്തി ആഘോഷിച്ചത്. എല്ലാ ദുര്‍ഗാപൂജ കമ്മിറ്റികള്‍ക്കും 50,000 രൂപയാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതെല്ലാം മതേതര ഭരണ ക്രമത്തില്‍നിന്നുള്ള വ്യതിയാനമായിരുന്നു. ഇത് തൃണമൂല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് താങ്കള്‍ എന്തെങ്കിലും സാധ്യത താങ്കള്‍ കാണുന്നുണ്ടോ?
സാധ്യത വളരെ കുറവാണ്. ജനങ്ങളുടെ മനോഭാവം മാറ്റുന്നതിന് കാര്യമായിട്ടൊന്നും സി.പി.എം ചെയ്തിട്ടില്ലെന്നതാണ് ഇങ്ങനെ പറയാന്‍ കാരണം. ഇടതുപക്ഷത്തിലെ മറ്റ് പാര്‍ട്ടികള്‍ സി.പി.എമ്മിന്റെ അനുബന്ധ കക്ഷികള്‍ മാത്രമാണ്. ഒരു മിനിമം പരിപാടി പോലുമില്ലാതെയാണ് 2016 ല്‍ കോണ്‍ഗ്രസുമായി സി.പി.എം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്. 2019 ല്‍ സീറ്റ് വിഭജന പ്രശ്‌നത്തില്‍ ഈ സഖ്യം അലസിപ്പോയി.
ഇപ്പോള്‍ ഇടതുപക്ഷം വീണ്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നു. ഇടതുപക്ഷവുമായി ഉണ്ടാക്കിയ ധാരണ എങ്ങനെയാണ് കോണ്‍ഗ്രസിന് മാത്രമായി സഹായകരമായതെന്ന പരിശോധന പോലുമില്ലാതെയാണ് ഇത്തരത്തിലൊരു സഖ്യം വീണ്ടും ഉണ്ടാക്കുന്നത്. ഇതുവരെ ഈ സഖ്യം കൊണ്ട് ഗുണം ഉണ്ടായത് കോണ്‍ഗ്രസിന് മാത്രമാണ്. മാത്രമല്ല, ഏതെങ്കിലും തരത്തില്‍ ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളോ, പുതിയ മേഖലകളിലേക്ക് വ്യാപിക്കാനുളള ശ്രമങ്ങളോ ഉണ്ടാകുന്നുമില്ല.
തൃണമൂല്‍ കോണ്‍ഗ്രസിന് ബദലായി ഇടതു- കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങള്‍ കാണുന്നില്ല. അങ്ങനെ ജനങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ 2016 ല്‍ അവര്‍ അധികാരത്തിലെത്തിയേനെ. ഇടതുഭരണ കാലത്ത് വരുത്തിയ തെറ്റുകള്‍ ഏറ്റുപറയാന്‍ ഇടതു പാര്‍ട്ടികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ജനങ്ങളെ നിരാശരാക്കുന്നുണ്ട്. സ്വന്തം അണികളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോകുമ്പോഴും സി.പി.എം ഇപ്പോഴും അവരുടെ ഭീഷണിയെ കുറച്ചുകാണുകയാണ് ചെയ്യുന്നത്. ഇതേ സമീപനമാണ് അവര്‍ തുടരുന്നതെങ്കില്‍ സി.പി.എമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും അടിത്തറ കൂടുതല്‍ ശോഷിക്കുകയാണ് ചെയ്യുക.
ബി.ജെ.പിയെ നേരിടാന്‍ ബാക്കിയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കുകയെന്ന സമീപനമാണ് ഇപ്പോള്‍ പലരും മുന്നോട്ടുവെയ്ക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ഇത് കൂടുതല്‍ ശക്തമായിട്ടുണ്ട്. ബംഗാളില്‍ ഒന്നും രണ്ടും കക്ഷികള്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ യഥാക്രമം തൃണമൂലും ബി.ജെ.പിയുമാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ ചെറുക്കാന്‍ തൃണമൂലും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിക്കുക എന്ന വാദത്തോട് താങ്കളുടെ നിലപാടെന്താണ്?
2019 ല്‍ ബി.ജെ.പിക്ക് കിട്ടിയത് 40 ശതമാനത്തിലേറേ വോട്ടാണ്. തൃണമൂലിന് 43 ശതമാനത്തിലേറെയും വോട്ടുകിട്ടി. അതിനുശേഷം തൃണമൂല്‍ ശോഷിക്കുകയാണ് ചെയ്തത്. അവരുടെ തന്നെ പ്രവര്‍ത്തനങ്ങളും അതുപോലെ പല നേതാക്കളും പാര്‍ട്ടി വിട്ടതും ഇതിന് കാരണമായി. സംഘടനപരമായി നോക്കുമ്പോള്‍ ഇപ്പോഴും തൃണമൂലിനടത്ത് എത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ ചലനങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ഇത് മറികടക്കാന്‍ ചില രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് തൃണമൂല്‍ ശ്രമിക്കുന്നുണ്ട്. തൃണമൂല്‍- കോണ്‍ഗ്രസ് സഖ്യം നേരത്തെ സംഭവിക്കേണ്ടതായിരുന്നു. 2017 ലും 2018 ലും മമത ബാനര്‍ജി രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചതാണ്.
എന്നാല്‍ കോണ്‍ഗ്രസിന്റെയും തൃണമൂലിന്റെയും നേതാക്കളുടെ ഈഗോ കാരണം അത്തരമൊരു സഖ്യമുണ്ടായില്ല. മമത ബാനര്‍ജി ശ്രമിച്ചത് നേതാക്കളെ അടര്‍ത്തി മാറ്റി അവശിഷ്ട കോണ്‍ഗ്രസിനെ കൂടി ഇല്ലാതാക്കാനാണ്.

അതേസമയം അധിര്‍ ചൗധരി പകല്‍ കിനാവ് കാണുന്നത് മുഖ്യമന്ത്രിയാകാനാണ്. (ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് അധിര്‍ രഞ്ജന്‍ ചൗധരി) ഇതിലൊന്നും ഗൗരവത്തിലുളള രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നിട്ടല്ല. അതേസമയം സി.പി.എമ്മിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍, തൃണമൂലുമായി സഖ്യമുണ്ടാക്കുക അസാധ്യമാണ്. കാരണം അവര്‍ ഇപ്പോഴും അധികാരത്തിലിരിക്കുന്നുവെന്നതാണ്. അടുത്ത കാലം വരെ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന ശത്രുത കാരണം സി.പി.എം അണികള്‍ അത്തരമൊരു ധാരണയെ അംഗീകരിക്കില്ല.
അതേസമയം, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയാണെങ്കില്‍ ബി.ജെ.പിയെ ചെറുക്കാന്‍ സി.പി.എം ഒഴികെയുള്ള മറ്റ് ഇടതുപാര്‍ട്ടികളില്‍ ചിലത് തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ബംഗാള്‍ തെരഞ്ഞൈടുപ്പിനുമുമ്പ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന ഒരു പ്രചാരണമുണ്ട്. ബംഗാള്‍ പോലെ മുസ്‌ലിംകള്‍ വലിയ തോതിലുള്ള സംസ്ഥാനത്ത് ഇതെന്ത് സാമൂഹ്യ പ്രത്യാഘാതമാണുണ്ടാക്കുക?
അത് ബി.ജെ.പിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതേണ്ടത്. ബി.ജെ.പിയുടെ പ്രശ്‌നമെന്തെന്നാല്‍ അവര്‍ ബംഗാളിലെയും അസമിലെയും ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് നമസുദ്ര, രജ്ബാന്‍ഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പോലും പൗരത്വത്തിന് അഭയാര്‍ത്ഥികള്‍ക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കേണ്ടതുണ്ട്. പലര്‍ക്കും ഇത്തരത്തിലുള്ള രേഖകള്‍ ഇല്ല. ചിലരാകട്ടെ ഇങ്ങനെ അപേക്ഷിക്കുന്നത് അനധികൃത കുടിയേറ്റക്കാരാണെന്ന് സമ്മതിക്കുന്നതിന് തുല്യമായതിനാല്‍ അപേക്ഷിക്കാന്‍ തയ്യാറുമല്ല. ഇത്തരത്തിലുള്ള കാര്യങ്ങളാവണം, പൗരത്വ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കാന്‍ കാരണം. ഈയിടെ നടത്തിയ ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ അമിത് ഷാ പറഞ്ഞത് പൗരത്വ നിയമം നടപ്പിലാക്കുന്നത് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതിന് ശേഷമായിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ അത് ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പിന് മുമ്പ് സംഭവിക്കാന്‍ സാധ്യതയില്ല. ഇത് ഒരു വിഭാഗത്തെ ബി.ജെ.പിയില്‍ നിന്നകറ്റാന്‍ സാധ്യതയുണ്ട്.

ബംഗാളിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ പൗരത്വ നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയാണ്. ആദിവാസികള്‍, ദലിതര്‍, മുസ്‌ലിംകള്‍, പാവപ്പെട്ട ജനങ്ങള്‍ എന്നിവരെല്ലാം പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. അമ്പതും എഴുപതും വര്‍ഷം പഴക്കമുള്ള രേഖകള്‍ ഉപയോഗിച്ച് പൗരത്വം തെളിയിക്കുക ഇവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഇക്കാര്യത്തില്‍ ബി.ജെ.പി ബംഗാളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബംഗാളില്‍ പൗരത്വ നിയമ പ്രശ്‌നം നടപ്പിലാക്കുന്നത് മുഖ്യ വിഷയമായാല്‍ അത് ബി.ജെ.പിക്ക് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. അതു മനസ്സിലാക്കിയാണ് അവര്‍ ഇപ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുന്നത്.

കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
സി.പി. ജോൺ
Dec 30, 2020
14 Minutes Read
ഡോ. സ്മിത പി. കുമാര്‍
Dec 21, 2020
10 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
ഒരു സേട്ടൻ
31 Dec 2020, 09:39 AM
40 കൊല്ലം ഭരിച്ചിട്ടു ബംഗാളികളെ തൊഴിൽ രഹിതരാക്കി എന്നല്ലാതെ സിപിഎം എന്താണ് അവിടെ ചെയ്തത് ഈ സേട്ടൻ ഒന്നും പറഞ്ഞില്ല.