LGBTQIA+
അബദ്ധ ധാരണകളെ ഒരു ന്യായാധിപൻ
സ്വയം തിരുത്തിയ കഥ
LGBTQIA+ അബദ്ധ ധാരണകളെ ഒരു ന്യായാധിപൻ സ്വയം തിരുത്തിയ കഥ
സ്വവർഗ ബന്ധങ്ങളെയും സ്വവർഗ ലൈംഗികതയെയും കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധധാരണകളിൽനിന്ന് ഒരു ന്യായാധിപൻ പുറത്തുവന്നതിന്റെ അനുഭവമാണ് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഒരു വിധിന്യായത്തിലൂടെ തുറന്നു സമ്മതിക്കുന്നത്.
8 Jun 2021, 06:10 PM
"സ്വവര്‍ഗാനുരാഗത്തെ ഇന്നും പൂര്‍ണമായി ഉള്‍ക്കൊള്ളാനാകാത്ത ഭൂരിപക്ഷ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നു ഞാനും എന്ന് സമ്മതിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. ഒരുതരത്തിലുള്ള വിവേചനത്തെയും സാധൂകരിക്കുന്നതിന് അറിവില്ലായ്മ ഒരു ന്യായീകരണമല്ല.’; LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞതാണിത്.
മധുര സ്വദേശികളായ സ്വവര്‍ഗാനുരാഗികളായ രണ്ട് യുവതികള്‍ നല്‍കിയ റിട്ട് ഹരജിയിലായിരുന്നു കോടതി നടപടി. ഇരുവരും തമ്മിലുള്ള ബന്ധത്തിനെതിരെ കുടുംബത്തില്‍ നിന്ന് സമ്മര്‍ദ്ദവും എതിര്‍പ്പും ശക്തമായതോടെ വീടുവിട്ട് ചെന്നൈയിലെത്തിയ ഇവര്‍ ചില എന്‍.ജി.ഒകളുടെയും LGBTQIA+ വിഭാഗത്തില്‍പ്പെട്ട ചിലരുടെയും സഹായത്തോടെ താമസിക്കാന്‍ ഒരിടം കണ്ടെത്തുകയും സാമ്പത്തികമായി സ്വതന്ത്രരാവാന്‍ ജോലി അന്വേഷിക്കുകയുമായിരുന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ഇരുകുടുംബവും പൊലീസില്‍ പരാതി നല്‍കി. ഇരുവരെയും ഇവര്‍ താമസിക്കുന്നിടത്തെത്തി പൊലീസ് ചോദ്യം ചെയ്തതോടെ തങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു കണ്ട് പൊലീസ് പീഡനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷയ്ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമായി എന്നതുമാത്രമല്ല ഈ കേസിലെ വിധിയുടെ പ്രത്യേകത. മറിച്ച് ഇതൊരു കഥയാണ്; LGBTQIA+ സമൂഹത്തെക്കുറിച്ച് ഒരു ന്യായാധിപനുണ്ടായിരുന്ന മുന്‍വിധികളെ, അബദ്ധധാരണകളെ അദ്ദേഹം സ്വയം അതിജീവിച്ച കഥ. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ആ ജഡ്ജി.
സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ടും LGBTQIA+ വിഭാഗവുമായി ബന്ധപ്പെട്ടും തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളും അതിനെ മാറ്റിയെടുക്കാന്‍ നടത്തിയ ശ്രമങ്ങളും വിശദീകരിച്ചാണ് 104 പേജുള്ള ഈ വിധിന്യായം അദ്ദേഹം തയ്യാറാക്കിയത്. സമൂഹത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് LGBTQIA+ വിഭാഗത്തെക്കുറിച്ചുള്ള ധാരണ ഇതാണെങ്കില്‍ സമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ LGBTQI-A+ വിഭാഗങ്ങളെക്കുറിച്ചും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവബോധമുണ്ടാക്കേണ്ടതിന്റെ ആവശ്യകതകൂടി എടുത്തുപറയുന്ന ഒന്നാണ് ഈ വിധി.
ജഡ്ജി പടവെട്ടിയത് സ്വന്തം മിഥ്യാധാരണകളോട്
സ്വവര്‍ഗ ബന്ധങ്ങളെക്കുറിച്ച് തനിക്കുണ്ടായിരുന്ന മിഥ്യാധാരണകള്‍ എന്തൊക്കെയായിരുന്നെന്നും അതിനെ എങ്ങനെയാണ് മറികടക്കാന്‍ ശ്രമിച്ചതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷന്‍ വിശദീകരിക്കുന്നു. ഹരജിക്കാരായ പെണ്‍കുട്ടികള്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഈ വിഷയത്തില്‍ തനിക്കൊന്നും അറിയില്ലയെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കിയതെന്ന് വിധി വായിക്കുമ്പോള്‍ വ്യക്തമാണ്. അവരുടെ പല വാക്കുകളും അദ്ദേഹത്തിന് തിരിച്ചറിവുകളായിരുന്നു. സ്വയം പുതുക്കാന്‍ അത് തന്നെ എത്ര സഹായിച്ചെന്ന് ഈ വിധിയില്‍ അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്.
കേസിന്റെ തുടക്കത്തില്‍ ഈ വിഷയത്തെക്കുറിച്ച് മനസിലാക്കാന്‍ ചില വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. എന്നാല്‍ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കാന്‍ സാധ്യമായിരുന്നെങ്കിലും അതൊരു കാപട്യമായിരിക്കുമെന്നുകണ്ട് അതിന് താന്‍ മുതിര്‍ന്നില്ലെന്നും അദ്ദേഹം പറയുന്നു: ‘ഈ വിഷയത്തില്‍ എന്റെ തന്നെ മുന്‍ധാരണകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഞാനും രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു, ഹരജിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും വികാരങ്ങളെ മനസിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു' ; അദ്ദേഹം പറയുന്നു.
മുന്‍ധാരണ പൊളിക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി
LGBTQIA+ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും മുന്‍ധാരണ തിരുത്താനും താൻ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ക്കൂടി അവരെക്കുറിച്ച് ബോധ്യമുണ്ടാക്കാന്‍ ശ്രമിച്ചു. ക്ലിനിക്കില്‍ സൈക്കോളജിസ്റ്റായ ഡോ. വിദ്യ ദിനകരനെയായിരുന്നു ഇതിന് ചുമതലപ്പെടുത്തിയത്. ജഡ്ജിയുമായും പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായും അവര്‍ സംസാരിച്ചതിന്റെ വിശദ റിപ്പോര്‍ട്ടും വിധിന്യായത്തിലുണ്ട്.
"ഈ ബന്ധം സമൂഹത്തിലുണ്ടാക്കുന്ന കളങ്കവും അതിന്റെ ഫലമായി കുടുംബത്തിനുണ്ടാകുന്ന നാണക്കേടുമാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. സമൂഹത്തിലും സ്വന്തം സമുദായത്തിലും കുടുംബത്തിന്റെ വിലപോകും' എന്നാണ് മാതാപിതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അതിലെ സുപ്രധാനമായ ഒരു കാര്യം; ‘അതേ ലിംഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം മക്കള്‍ ജീവിതകാലം മുഴുവന്‍ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ്' എന്ന് രക്ഷിതാക്കള്‍ പറഞ്ഞുവെന്നതാണ്.

ഹരജിക്കാരായ പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തന്റെ തെറ്റായ ധാരണകളെക്കുറിച്ച് ബോധ്യം വന്നതായി ജഡ്ജി കൗണ്‍സിലിങ്ങിനിടെ സമ്മതിക്കുന്നു: ‘സെക്‌സിനുവേണ്ടി മാത്രമുള്ള, ലൈംഗികത മാത്രം ലക്ഷ്യമിട്ടുള്ള ബന്ധമായാണ് പലപ്പോഴും സ്വവര്‍ഗലൈംഗികതയെ കാണാറുള്ളത് എന്നതായിരുന്നു പ്രബലമായ ധാരണ. ഹരജിക്കാര്‍ പറയുന്നത് കേട്ടപ്പോഴാണ് തന്റെ ധാരണ എത്ര അബദ്ധമാണെന്ന് ക്ലൈൻറ് (ജസ്റ്റിസ് വെങ്കിടേഷ്) മനസിലാക്കിയതെന്നും എന്നാല്‍ ആ ചര്‍ച്ചയുടെ അവസാനമെത്തുമ്പോഴേക്കും ആ രണ്ട് യുവതികളെ അദ്ദേഹം ദമ്പതികളായി മനസിലാക്കാന്‍ തുടങ്ങി' എന്നും കൗൺസലിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗിക വൃത്തിയിൽ പെനിട്രേഷന്‍ മാത്രമാണ് ‘സാധാരണം' എന്ന കാഴ്ചപ്പാട് ജഡ്ജിയ്ക്കുണ്ടായിരുന്നതായും സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരത്തിലും ലൈംഗിക സംതൃപ്തി നേടാമെന്നും ലൈംഗികവേഴ്ചയെന്നത് അതിനുള്ള ഒരു മാര്‍ഗം മാത്രമാണെന്ന് തിരിച്ചറിഞ്ഞതായും, കൗൺസലിങ്ങിനിടെ അദ്ദേഹം സമ്മതിച്ചു.
LGBTQIA+ വിഭാഗത്തിന്റെ സഹായവും തേടി
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പിന്നീട് LGBTQIA+ വിഭാഗത്തില്‍പ്പെട്ടവരുമായും സംസാരിച്ചു. ‘യഥാര്‍ത്ഥ അവസ്ഥയും, അവരുടെ വികാരങ്ങളും, സാമൂഹ്യ വിവേചനങ്ങളും, മാറ്റിനിര്‍ത്തലുകളും മറ്റുപല ബുദ്ധിമുട്ടുകളും മനസിലാക്കാന്‍ എന്നെ സഹായിച്ചതില്‍ പ്രധാനമായിരുന്നു ഈ ചര്‍ച്ച'യെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം വിധിയില്‍ പറയുന്നത്.
‘LGBTQIA+ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും വ്യക്തിയെ നേരിട്ട് കാണാനോ അവരുടെ വികാരങ്ങള്‍ മനസിലാക്കാനോ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കേസ് എന്നെ സംബന്ധിച്ച് എന്റെ പരിധിക്ക് പുറത്തുള്ള കാര്യമായിരുന്നു. ഞാനാണ് എന്റെ മുന്‍വിധികളെ തിരുത്താനും അവരെ മനസിലാക്കാനും അംഗീകരിക്കാനും മുന്നോട്ടുപോകേണ്ടതെന്നും, അല്ലാതെ സാമൂഹ്യധാര്‍മ്മികയും പരമ്പരാഗത കാഴ്ചപ്പാടുകളും തകര്‍ക്കാന്‍ അവരല്ല മുന്നോട്ടുവരേണ്ടതെന്നും ഹരജിക്കാരുമായി സംസാരിച്ചതില്‍ നിന്ന്ഞാന്‍ മനസിലാക്കി.'- ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറയുന്നു.
നമ്മള്‍ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ആ ഒരു ബുദ്ധിമുട്ട് ഈ കേസിന്റെ കാര്യത്തില്‍ താന്‍ അനുഭവിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു; ‘ഇപ്പോള്‍ ആരെങ്കിലും ഒരാള്‍ വന്ന് എനിക്ക് എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളെ ഇഷ്ടമാണെന്ന് പറയുകയാണെങ്കില്‍ അവരെ മനസിലാക്കാന്‍ എനിക്ക് യാതൊരു പ്രയാസവുമില്ല. കാരണം ഞാന്‍ വ്യക്തിപരമായി അത്തരം വിഷയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, സമൂഹവും ഞാൻ വളര്‍ന്ന സാഹചര്യങ്ങളും സ്വവര്‍ഗലൈംഗികത, ഗേ, ലസ്ബിയന്‍ തുടങ്ങിയ പദങ്ങളെ ഭ്രഷ്ട് കല്പിക്കപ്പെട്ട ഒന്നായാണ് കണക്കാക്കിയത്’; അദ്ദേഹം പറയുന്നു.
LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് ചില നിര്‍ദേശങ്ങള്‍
LGBTQIA+ വിഭാഗത്തിന്റെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി സുപ്രധാനമായ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് ഈ വിധിന്യായം അദ്ദേഹം അവസാനിപ്പിക്കുന്നത്.
1. എതെങ്കിലും ഒരു സ്ത്രീയെയോ പുരുഷനെയോ കാണാനില്ലയെന്ന പരാതി പൊലീസിന് ലഭിച്ചാല്‍ അന്വേഷണത്തില്‍ കാണാതായ വ്യക്തി LGBTQIA+ വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അവരുടെ മൊഴിയെടുത്തത്ത് യാതൊരുതരത്തിലും ഉപദ്രവിക്കാതെ പരാതി അവസാനിപ്പിക്കേണ്ടതാണ്.
2. LGBTQIA+ വിഭാഗത്തില്‍പ്പെട്ടവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള എന്‍.ജി.ഒകളെ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തണം. ഇത്തരം എന്‍.ജി.ഒകളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും റിവൈസ് ചെയ്യുകയും വേണം. ഈ ഉത്തരവ് പുറത്തുവന്ന് എട്ടുദിവസത്തിനുള്ളില്‍ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം.
3. LGBTQIA+ വിഭാഗത്തില്‍പ്പെട്ടുവെന്നതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതൊരു വ്യക്തിക്കും സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഈ ലിസ്റ്റിലുള്ള എന്‍.ജി.ഒകളെ സമീപിക്കാന്‍ കഴിയണം.
4. അതത് എന്‍.ജി.ഒകള്‍ സാമൂഹ്യനീതി മന്ത്രാലയവുമായി ചേര്‍ന്ന് തങ്ങളെ സമീപിക്കുന്ന ഇത്തരം വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും രണ്ടുവര്‍ഷം കൂടുമ്പോള്‍ മന്ത്രാലയത്തിന് ഇവ കൈമാറുകയും ചെയ്യണം.
5. LGBTQIA+ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും വ്യക്തിയ്‌ക്കെതിരെ നടന്ന കുറ്റകൃത്യത്തില്‍ അതിന്റെ സാഹചര്യങ്ങള്‍ മനസിലാക്കി കൗണ്‍സിലിങ് നല്‍കിയായാലും, സാമ്പത്തികമായി പിന്തുണച്ചായാലും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കിക്കൊണ്ടായാലും ഏറ്റവും മികച്ച രീതിയില്‍ അതിനെ കൈകാര്യം ചെയ്യണം.
6. താമസസൗകര്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സ്റ്റേ ഹോമുകള്‍, അംഗനവാടികള്‍, ഗരിമ ഗൃഹ് ( ട്രാന്‍സ്ജന്റര്‍ വ്യക്തികള്‍ക്ക് ഭക്ഷണവും മരുന്നും താമസവുമടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പുനല്‍കുന്ന ഷെല്‍ട്ടര്‍ഹോം) എന്നിവിടങ്ങളില്‍ വീട് ആവശ്യമുള്ള LGBTQIA+ വിഭാഗത്തിലല്‍പ്പെട്ട ഏതൊരാളെയും താമസിപ്പിക്കണം. അതിന് അടിസ്ഥാന സൗകര്യങ്ങള്‍ സാമൂഹ്യനീതി മന്ത്രാലയം ഉറപ്പുവരുത്തണം.
7. LGBTQIA+ വിഭാഗങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്ന മുന്‍വിധികളെ തുടച്ചുമാറ്റാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള നടപടിയെടുക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മന്ത്രാലയങ്ങളുമായും ഡിപ്പാര്‍ട്ട്‌മെന്റുകളുമായും കൂടിയാലോചന നടത്തി വേണം ഇത്തരം നടപടികളും നയങ്ങളും കൈക്കൊള്ളേണ്ടത്.
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
Truecopy Webzine
Nov 19, 2022
3 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 05, 2022
35 Minutes Watch
സിദ്ദിഹ
Sep 21, 2022
2 minutes Read
റിദാ നാസര്‍
Aug 29, 2022
8 Minutes Watch
Nijaz Asanar
9 Jun 2021, 12:32 PM
വളരെ പ്രസക്തവും സമൂഹത്തെ ഒരളവുവരെ സ്വാധീനിക്കാൻ കഴിയുന്നതുമായ ഒരു ജഡ്ജ്മെന്റും അതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടും. അഭിനന്ദനങ്ങൾ ജിൻസി ബാലകൃഷ്ണൻ. ഇത് മറ്റെവിടെയും കണ്ടില്ല. ചിലപ്പോൾ അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ശ്രദ്ധയിൽപ്പെടാതെ പോയതുമായിരിക്കും. കഴിയുമെങ്കിൽ ഈ ജഡ്ജുമായി ഒരഭിമുഖം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. മലയാളം സബ്ടൈറ്റിലോടുകൂടി വീഡിയോ ഇന്റർവ്യൂ ആയിരിക്കും നല്ലത്. ഒരു സിറ്റിംഗ് ജഡ്ജിനെ ഇന്റർവ്യൂ ചെയ്യുന്നതിന്റെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് അറിയില്ല. കഴിയുമെങ്കിൽ ട്രൂകോപ്പി ടീം അതിനു ശ്രമിച്ചാൽ നന്നായിരിക്കും.