‘‘ഒരു ദേശത്ത് ഒത്തിരി ആശുപത്രികളുണ്ടെന്നതിന്റെ അർത്ഥം നമ്മളെല്ലാവരും ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാണെന്നല്ല നമ്മളെല്ലാം രോഗികളാണെന്നാണതിന്റെ അർത്ഥം. അതുപോലെ, ഒരു ജനത കൂടുതൽ കൂടുതൽ പഠിക്കപ്പെടുന്നുവെന്നതിന്റെ അർത്ഥം ആ ജനത രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ്’’.
- സണ്ണി എം. കപിക്കാട്
▮
സമീപ വർഷങ്ങളിലായി, വിവിധ അക്കാദമിക് വിഷയങ്ങളിലുടനീളം LGBTIQA+ മേഖലകളിൽ ഇടപെടാനുള്ള താല്പര്യം ഏറിയിട്ടുണ്ട്. ഈ താൽപര്യത്തിൻ്റെ ഭാഗമായി തന്നെ ബിരുദ- ബിരുദാനന്തര തലത്തിലും ഗവേഷണ തലത്തിലും ഒരുപാട് പ്രബന്ധങ്ങളുണ്ടാകുന്നുമുണ്ട്. LGBTIQA+ വ്യക്തികളുടെ ജീവിതത്തെയും അനുഭവങ്ങളെയും പ്രതിനിധാനങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ പ്രബന്ധങ്ങൾ മിക്കതും രൂപപ്പെടുന്നത്. ഈ ഗവേഷണങ്ങളുടെ ചൂഷണ സ്വഭാവത്തെ ചർച്ചയ്ക്കെടുക്കുകയാണ് ഈ കുറിപ്പ്.
കീഴാളവത്കൃത സമൂഹങ്ങളെ പഠന വിഷയങ്ങളായി ചുരുക്കുന്ന അക്കാദമിക് പ്രവണതയോടുള്ള വിമർശനമാണ് സണ്ണി എം. കപിക്കാടിന്റേത്. അടിച്ചമർത്തലിന്റെ വ്യവസ്ഥാപരമായ കാരണങ്ങളെ അഭിസംബോധന ചെയ്യാത്ത അന്വേഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. LGBTIQA+ മേഖലയിലുള്ള നിലവിലെ വർദ്ധിച്ചുവരുന്ന അക്കാദമിക് ശ്രദ്ധയെ ഈ നിരീക്ഷണവുമായി ചേർത്തുപരിശോധിക്കാമെന്ന് തോന്നുന്നു.

കഴിഞ്ഞ കാലങ്ങളിലായി, കേരളത്തിൽ LGBTIQA+ പ്രശ്നങ്ങൾ ഗണ്യമായ അക്കാദമിക് താൽപ്പര്യം നേടിയിട്ടുണ്ട്. ആഗോള ക്വയർ അവകാശ പ്രസ്ഥാനങ്ങൾ, ഇന്ത്യയിൽ ഐ.പി. സി. 377-നെ മുൻനിർത്തിയുണ്ടായ നിയമപോരാട്ടങ്ങൾ, സംഘടനാപ്രവർത്തനങ്ങൾ, നൽസ വിധിയും തുടർന്നുണ്ടായ പോളിസികളും, ആക്ടിവിസവും, പ്രൈഡ് പരേഡുകളും, ക്വിയർ സമൂഹത്തിന്റെ ദൃശ്യതയും ഉൾപ്പെടുന്ന പൊതു വ്യവഹാരങ്ങളിലെ വിശാലമായ മാറ്റങ്ങളെയാണ് ഈ അക്കാദമിക് അന്വേഷണങ്ങളിലെ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നത്. LGBTIQA+ വിഷയങ്ങളിൽ വളർന്നുവരുന്ന അക്കാദമിക് ഇടപെടൽ ഭിന്നവർഗ്ഗ ലൈംഗികാധികാരത്തെ വെല്ലുവിളിക്കാനും അക്കാദമിക് സമൂഹത്തെ പരിഷ്‌കരിക്കാനും സഹായിക്കാമെങ്കിലും, ഈ അന്വേഷണങ്ങൾ ഏറെയും ഒരു ചൂഷണ വ്യായാമമായി മാറുന്നതാണ് പതിവ്. പല ഗവേഷകരും ക്വിയർ വ്യക്തികളുടെ ഏജൻസിയെ തെല്ലും പരിഗണിക്കാതെ താന്താങ്ങളുടെ അക്കാദമിക് യോഗ്യതകൾ ഉറപ്പാക്കുന്നതിനായി വെറും ഡാറ്റകളായി ക്വിയർ ശരീരങ്ങളെ ചുരുക്കുന്നു. ഈ ചൂഷണ പ്രവണതകളെ ലേഖനം വിമർശനാത്മകമായി പരിശോധിക്കുന്നു.
ഗവേഷണങ്ങളിൽ ഭൂരിഭാഗവും നിശ്ചിത സ്വത്വങ്ങളിൽ അമിതമായി ആശ്രയിക്കുകയും പ്രാദേശിക പ്രത്യേകതകളെയും വ്യവസ്ഥാപരമായ അസമത്വങ്ങളെയും അവഗണിക്കുന്ന ആഖ്യാനങ്ങളെ സാർവത്രികമാക്കുകയും ചെയ്യുന്നു
അറിവധികാരം;
പഠിതാവും പാഠ്യശരീരവും
ഇന്ത്യയിൽ സ്വവർഗ്ഗ ലൈംഗികതയെ മുൻനിർത്തിയുണ്ടായ ആദ്യ കാല പഠനങ്ങളിലൊന്ന് ശകുന്തള ദേവിയുടെ സ്വവർഗ്ഗലൈംഗികരുടെ ലോകമാണ്. ഈ പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ ഒരഭിമുഖമുണ്ട്. വെങ്കട്ട സുബ്രഹ്മണ്യൻ എന്ന് പേര് നൽകിയിരിക്കുന്ന ഒരു സ്വവർഗ്ഗാനുരാഗിയുമായി ശകുന്തള ദേവിയുടെ സംഭാഷണമായാണ് ഈ ആദ്യ ഭാഗം അടുക്കിയിരിക്കുന്നത്. തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് ഈ വ്യക്തിയെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. അതോടൊപ്പം ബാംഗ്ലൂരിലെ വലിയ ഒരു കമ്പനിയിലാണ് ഇയാളുടെ ജോലി. സ്വജാതിയിലെ ഒരു സ്ത്രീയെ വിവാഹം ചെയ്ത് ജീവിക്കാൻ തന്നെയാണ് സ്വവർഗ്ഗാനുരാഗിയായ ഇയാൾ താത്പര്യപ്പെടുന്നത്. അത് ക്രൂരതയല്ലേ എന്ന ശകുന്തളയുടെ ചോദ്യത്തിന്; ‘നോക്കൂ, കാളകൾ വണ്ടി വലിക്കുന്നു. ഭാരം വളരെ അധികമായതിനാൽ അവ അത് വളരെ പണിപ്പെട്ടാണ് വലിക്കുന്നത്. ഒരു മനുഷ്യൻ അവറ്റകളെ ക്രൂരമായി അടിക്കുന്നു. അവയുടെ തൊലി മുറിഞ്ഞിരിക്കുന്നു. അവയിൽ നിന്ന് ചോര വാർന്നുപോകുന്നു. അത് ക്രൂരതയല്ലേ?’- എന്നാണ് മറുപടി. അഭിമുഖത്തിന്റെ അവസാനത്തിൽ സ്വവർഗ്ഗലൈംഗികതയെ കുറ്റകരമാക്കുന്ന നിയമം മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘പടിഞ്ഞാറ്റിലെ സ്ഥിതി വ്യത്യസ്തമാണ്. അവർ എല്ലാത്തിനും അധികം ഒച്ചയുണ്ടാക്കുന്നു' എന്ന മറുപടിയാണ് ഈ വ്യക്തി നൽകുന്നത്.
ഈ അഭിമുഖത്തെ സവിശേഷമായി ചർച്ചക്കെടുത്തത് രണ്ടു കാര്യങ്ങളെ ഊന്നാനായാണ്. ഒന്നാമതായി, അറിവുല്പാദത്തിന്റെ ഭാഗമായി പഠിതാക്കൾ സമീപിക്കുന്ന ശരീരങ്ങളേതെന്ന ചോദ്യമാണ്. ഈ അഭിമുഖത്തിൽ ഉടനീളം ആധിപത്യം പുലർത്തുന്നത് സവർണ്ണ ശരീരമാണ്. അയാളുടെ നിലപാടുകളാണ് മുഴങ്ങികേൾക്കുന്നത്. സാമൂഹികവും സാമ്പത്തികവും ജാതീയവുമായ സവിശേഷാധികാരങ്ങളുള്ള ശരീരങ്ങൾ എങ്ങനെയാണ് അറിവുൽപ്പാദത്തിന്റെ കേന്ദ്രമാകുന്നതെന്ന് ഈ സന്ദർഭം വ്യക്തമാക്കുന്നു. മറ്റൊന്ന്, ഈ അഭിമുഖത്തിൽ ഉന്നയിക്കപ്പെടുന്ന അഭിപ്രായങ്ങളുടെ പരിശോധനയാണ്. സാമൂഹികവും ജാതീയവും വർഗ്ഗപരവുമായ സകലമാന സവിശേഷാധികാരങ്ങളുണ്ടായിട്ടും പെങ്ങളെ വിവാഹം കഴിച്ചയക്കാനായി സ്വജാതിയിലെ വധുവിനെ സ്ത്രീധനം ലാക്കാക്കി തേടുന്ന സ്വവർഗ്ഗാനുരാഗിയായ സവർണ്ണ ശരീരമാണ് ഇവിടെയുള്ളത്. സാമൂഹ്യമാറ്റങ്ങൾക്കായുള്ള സമരങ്ങളുടെ ഭാഗമാകാനൊന്നും താൽപ്പര്യമില്ലാത്ത അരാഷ്ട്രീയ ശരീരമാണത്. ‘ജാതി’ നൽകുന്ന സവിശേഷാനുകൂല്യങ്ങൾ അയാൾക്ക് ബലമായുണ്ട്. ഈ ആനുകൂല്യങ്ങളെ ഉപേക്ഷിക്കാൻ അയാൾ നിശ്ചയമായും താല്പര്യപ്പെടില്ല.

ഈ പ്രബലാഖ്യാനത്തിന്റെ തിരുത്തലാണ് പുതിയ ലൈംഗികതയെ മുൻനിർത്തിയുള്ള അന്വേഷണങ്ങളിലുള്ളത്. ‘ജാതി’ ഈ അന്വേഷണങ്ങളിൽ പ്രധാന താക്കോൽ വാക്കാണ്. അഖിൽ കാങ്ങിന്റെ ‘ഗുദം രുചിക്കാനിഷ്ടമുള്ള ബ്രാഹ്മണ സ്വവർഗ്ഗാനുരാഗികൾ’ എന്ന ലേഖനത്തിൽ ഈ അട്ടിമറിയുണ്ട്. നാല് ബ്രാഹ്മണ പുരുഷന്മാരുമായുള്ള അഭിമുഖങ്ങളിലൂടെ ജാതിയും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുകയാണ് അഖിൽ. കാലങ്ങളായി, വിജ്ഞാനോത്പാദനത്തിന്റെ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമായിരുന്ന ‘മേൽ ജാതി’ ഗവേഷകർ പല വിധത്തിൽ കീഴാള സമൂഹങ്ങളെ പഠിച്ചിട്ടുണ്ട്. മേൽ ജാതി ബ്രാഹ്മണ പുരുഷന്മാരെ സവിശേഷമായി വിശകലനം ചെയ്തുകൊണ്ട് കാങ് ഈ മേൽ-കീഴ് ബന്ധം മാറ്റിമറിക്കുന്നു. ഇന്ത്യയിലെ ക്വിയർ ആർക്കൈവുകളിലെ മേൽ ജാതി ശരീരങ്ങളുടെ അതിദൃശ്യതയെയും കാങ് വിമർശനാത്മകമായി സമീപിക്കുന്നുണ്ട്.
1980-കളുടെ അവസാനം മുതൽ 2000-ങ്ങളുടെ മധ്യം വരെ, എച്ച് ഐ വി / എയ്ഡ്സ് പ്രതിസന്ധി, സ്വവർഗരതിയുടെ കുറ്റവിമുക്തമാക്കൽ, ഹിജ്‌റ, ട്രാൻസ്‌ജെൻഡർ ജീവിതങ്ങളുടെ ദൃശ്യത തുടങ്ങിയ നിർണായക സംഭവങ്ങൾക്കൊപ്പം ഇന്ത്യയിൽ ക്വിയർ പഠനങ്ങളും ഉയർന്നുവന്നു. അതേസമയം, ഈ അന്വേഷണങ്ങളുടെയെല്ലാം കേന്ദ്രത്തിൽ മേൽ ജാതി പുരുഷന്മാരാണുള്ളത്. ആക്ടിവിസ്റ്റുകളായും നയരൂപീകരണക്കാരായും ബുദ്ധിജീവികളായും ഇവരുടെ സാന്നിധ്യമുണ്ട്. ചരിത്രപരമായി പൊതു സംവാദത്തിലേക്കും സ്ഥാപനപരമായ അധികാരത്തിലേക്കുമുള്ള ഈ ശരീരങ്ങളുടെ പ്രവേശനം സാധ്യമാക്കിയ വർഗ, ജാതി പദവികളെയാണ് ഈ അതിദൃശ്യത അടിവരയിടുന്നത്. ശകുന്തള ദേവിയുടെ പുസ്തകത്തിലെ വെങ്കിട്ട സുബ്രഹ്മണ്യൻ ഒരുദാഹരണമാണ്. ഈ മേൽ ജാതി ശരീരത്തിൽ നിന്നും അഖിലിന്റെ അന്വേഷണത്തിലേക്കെത്തുമ്പോൾ പല അട്ടിമറികളും നടക്കുന്നു. ‘ജാതി’യുടെ പങ്ക് ചർച്ചകളിൽ പ്രധാനമാകുന്നതാണ് ഒരട്ടിമറി. മറ്റൊന്ന്, അറിവുത്പാദനത്തിലെ മേൽ കീഴ് ബന്ധങ്ങളിലെ അട്ടിമറിയാണ്. മേൽ ജാതി കാഴ്ചയിലൂടെ തിട്ടപ്പെടുത്തിയ ‘ക്ഷത’ ശരീരങ്ങൾക്ക് പകരം ജാത്യാധികാരത്തിന്റെ ആനുകൂല്യമുള്ള ശരീരങ്ങൾ ഇവിടെ പഠന വിഷയമാകുന്നു. ജാതിയും ലൈംഗികതയും മുഖാമുഖം നിർത്തിയാണ് ഈ അന്വേഷണം തുടരുന്നത്.
മാനകേതര ലൈംഗികത, ലിംഗത്വാവിഷ്കാരങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളിൽ മിക്കവാറും ‘ജാതി’ അപ്രസക്ത സൂചകമായി മാറുന്നു. ശുദ്ധ സ്വത്വമെന്ന കണക്കാണ് ഈ അന്വേഷണങ്ങൾ പൊതുവിൽ ലൈംഗികതയെയും ലിംഗത്വത്തെയും പരിഗണിച്ചിരുന്നത്. ഗവേഷണങ്ങളിൽ ഭൂരിഭാഗവും നിശ്ചിത സ്വത്വങ്ങളിൽ അമിതമായി ആശ്രയിക്കുകയും പ്രാദേശിക പ്രത്യേകതകളെയും വ്യവസ്ഥാപരമായ അസമത്വങ്ങളെയും അവഗണിക്കുന്ന ആഖ്യാനങ്ങളെ സാർവത്രികമാക്കുകയും ചെയ്യുന്നു. പാശ്ചാത്യ ചട്ടക്കൂടുകളിൽ കേന്ദ്രീകരിക്കുന്നത് കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക, ചരിത്ര സന്ദർഭങ്ങളുമായി പൊരുത്തപ്പെടണമെന്നുമില്ല.

ജാതി, കൊളോണിയലാധുനികത തുടങ്ങിയ ബലങ്ങളാൽ രൂപപ്പെട്ട ഒരു പ്രദേശത്ത് ‘ഗേ’, ‘ലെസ്ബിയൻ’, ‘ട്രാൻസ്‌ജെൻഡർ’ തുടങ്ങിയ സ്വത്വങ്ങൾ എങ്ങനെ വ്യത്യസ്തമായി ആവിഷ്കരിക്കപ്പെടുന്നെന്ന ആലോചനകളൊന്നും ഈ നോട്ടത്തിലില്ല. മലയാളത്തിന്റെ സാഹചര്യത്തിൽ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള അന്വേഷണങ്ങൾ പ്രധാനമായും പ്രതിനിധാന വായനകളിലാണ് ഊന്നുന്നത്. സിനിമയിലും സാഹിത്യ പാഠങ്ങളിലുമുള്ള പ്രതിനിധാനത്തെ നല്ല-ചീത്ത ദ്വന്ദ്വത്തിൽ വിശദീകരിക്കുന്ന രീതിയാണിത്. ‘കലരറകൾ’ (intersectionality) എന്ന ആശയം സംഗതമാകുന്നത് ഈ സാഹചര്യത്തിലാണ്. നിശ്ചിത സ്വത്വത്തിൽ ഊന്നാതെ ജാതി,വർഗ്ഗം, മതം, ദേശം, ശേഷീയത തുടങ്ങിയ ഇതര ഘടകങ്ങളുമായുള്ള വിനിമയങ്ങളിൽ അന്വേഷണങ്ങൾ കേന്ദീകരിച്ചാൽ മാത്രമേ തുറവിയുള്ള നോട്ടങ്ങളുണ്ടാകൂ.
സംഖ്യകളിലേക്ക്
ചുരുക്കപ്പെടുന്ന
ശരീരങ്ങൾ
‘Yet again today
You pulled me down
Through numbers;
You choked my throat
And silenced me’
എന്ന ധിരൺ ബോറിസയുടെ വരികകളിൽ സംഖ്യകളിലേക്ക് ശരീരങ്ങളെ ചുരുക്കുന്നതിന്റെ സങ്കീർണ്ണതകൾ തെളിയുന്നുണ്ട്. ഗവേഷകർ സ്വന്തം നിലപാടുകളും രീതിശാസ്ത്രങ്ങളും വിമർശനാത്മകമായി പരിശോധിക്കേണ്ടത് പ്രധാനമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പഠനവിഷയങ്ങളായി കണക്കാക്കുന്നതിനുപകരം, അവരുടെ സമ്മതത്തിനും പങ്കിനും മുൻഗണന നൽകണം. ഗവേഷകർ സ്വയം നിരന്തരം ചോദിക്കണം: ഈ പഠനത്തിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുന്നത്? കേവലം ഈ ശരീരങ്ങളെ ഉപയോഗിക്കുകയാണോ ഈ പഠനം? ഈ മനുഷ്യർക്ക് എന്ത് നേട്ടം കിട്ടും ? ഗവേഷണം സംഖ്യകളിലേക്ക് അമിതമായി ഊന്നുമ്പോൾ ശരീരങ്ങളുടെ സൂക്ഷ്മവും ജീവിച്ചിരിക്കുന്നതുമായ യാഥാർത്ഥ്യങ്ങളെയത് അപ്പാടെ ഇല്ലാതാക്കുന്നു. ശരീരങ്ങളെ അപമാനവീകരിക്കുകയാണ് ഈ കണക്കുകൾ. കൂടാതെ, ഗവേഷണം ഊറ്റിയെടുക്കൽ രീതികൾക്കപ്പുറം പരിചരണത്തിലും പരസ്പരബന്ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചട്ടക്കൂടുകളിലേക്ക് നീങ്ങണം. ഗവേഷണ പങ്കാളികളെന്ന നിലയിൽ കമ്യൂണിറ്റിയുമായി ഇടപഴകുന്നത് വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ബന്ധങ്ങളെ വളർത്താൻ സഹായിക്കും.

എന്റെ ഇൻബോക്സിൽ ഗവേഷണത്തിന്റെ ഭാഗമായി മെസേജ് അയക്കുന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്ന ചോദ്യമാണ്;
‘15 ട്രാൻസിനെ കിട്ടുമോ’, ‘10 ഗേകളെ പരിചയപ്പെടുത്തി തരുമോ’.
ഈ ചോദ്യങ്ങൾ കീഴാളവത്കൃത ശരീരങ്ങളുടെ വസ്തുവത്കരണത്തെ സൂചിപ്പിക്കുന്നു. ക്വിയർ ജീവിതങ്ങളെ തെളിവുകളിലേക്കോ സ്ഥിതിവിവരക്കണക്കുകളിലേക്കോ ചുരുക്കുകയാണ് ഗവേഷകർ. ശരീരങ്ങളെ കേവലം ഡാറ്റകളാക്കി ചുരുക്കുന്നതിലൂടെ അവരുടെ നിർവാഹകത്വം, അന്തസ്സ് എന്നിവയെ ഈ ചോദ്യങ്ങൾ അവഗണിക്കുന്നു.
എന്റെ ഇൻബോക്സിൽ ഗവേഷണത്തിന്റെ ഭാഗമായി മെസേജ് അയക്കുന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്ന ചോദ്യമാണ്;
‘15 ട്രാൻസിനെ കിട്ടുമോ’, ‘10 ഗേകളെ പരിചയപ്പെടുത്തി തരുമോ’. ഈ ചോദ്യങ്ങൾ കീഴാളവത്കൃത ശരീരങ്ങളുടെ വസ്തുവത്കരണത്തെ സൂചിപ്പിക്കുന്നു.
LGBTQIA+ വ്യക്തികളുടെ അഭിമുഖങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഗവേഷകർ പലപ്പോഴും ക്വിയർ ആക്ടിവിസ്റ്റുകളെയോ കമ്മ്യൂണിറ്റി അംഗങ്ങളെയോ സംഘടനകളെയോ സമീപിക്കാറുണ്ട്. ഈ അഭ്യർത്ഥനകൾ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ സങ്കീർണ്ണതകളെ അവഗണിക്കുകയാണ്. മാത്രമല്ല ഗവേഷകർ ക്വിയർ ആളുകളെ പഠന വസ്തുക്കളായി മാത്രമാണ് കണക്കാക്കുന്നത്. അവരുടെ വ്യക്തിത്വം, അന്തസ്സ്, സമ്മതം എന്നിവ ഈ ഇടപാടുകളിൽ നിരന്തരം അവഗണിക്കപ്പെടുന്നു. വിശ്വാസം വളർത്തിയെടുക്കുന്നതിനോ സഹകരണവും സൗഹൃദമോ വളർത്തുന്നതിനോ പകരം, ഗവേഷകർ സൗകര്യത്തിനും വേഗതയ്ക്കും മുൻഗണന നൽകുന്നു.
ഞങ്ങളെ കേൾക്കാൻ
ഞങ്ങൾക്ക് വേണം കൂലി; അറിവ്,
അനുഭവം, അദ്ധ്വാനം
ഗവേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ക്വിയർ വ്യക്തികളുമായി സംസാരിക്കാനോ, അഭിമുഖങ്ങളെടുക്കാനോ താത്പര്യപ്പെടുന്നുണ്ടെങ്കിൽ അവർക്ക് കൃത്യമായ കൂലി നൽകാനുള്ള ബാധ്യതയും ഗവേഷകർക്കുണ്ട്. ഗവേഷണങ്ങളെല്ലാം ഗവേഷകർക്ക് ബിരുദങ്ങൾ നേടാൻ പ്രയോജനം ചെയ്യുമെങ്കിലും പഠന വിധേയരായ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് യാതൊരുവിധ പ്രയോജനവും ചെയ്തിട്ടില്ല. ഗവേഷണത്തിന്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത് ഒരു നിഷ്ക്രിയ പ്രവൃത്തിയല്ല. ഈ ശരീരങ്ങളുടേത് അദ്ധ്വാനം തന്നെയാണ്. പങ്കെടുക്കുന്നവരുടെ സമയം, പരിശ്രമം, വൈകാരിക അധ്വാനം എന്നിവ ഈ അഭിമുഖങ്ങൾ പല മട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഈ സംഭാവനകൾ കേവലം ഡാറ്റകളല്ല, മറിച്ച് ഗവേഷണ പ്രക്രിയയെ സമ്പന്നമാക്കുന്ന ബൗദ്ധികവും വൈകാരികവുമായ അധ്വാനത്തിന്റെ രൂപങ്ങളാണ്. അതുകൊണ്ട് കൃത്യമായ കൂലി ഗവേഷണത്തിന്റെ ഭാഗമാകുന്ന ശരീരങ്ങൾക്ക് കിട്ടേണ്ടതുണ്ട്.
ഈയിടെയായി കൂലിക്കായുള്ള ആവശ്യം ഉയർന്നുവരുന്നുണ്ട്. ഗവേഷണ പ്രക്രിയയുടെ ഭാഗമാകാൻ ഞങ്ങൾക്ക് കൂലി കിട്ടണം എന്ന് കമ്യൂണിറ്റിയിലെ മനുഷ്യർ ആവശ്യപ്പെടുന്നുണ്ട്. പല ഗവേഷകരും ഈ ആവശ്യത്തെ ന്യായമായ കാര്യമായി മനസിലാക്കുന്നുണ്ടോ എന്നത് സംശയമാണ്. കമ്യൂണിറ്റിയിലെ മനുഷ്യർ റിസർച്ചുകളോട് സഹകരിക്കാത്തത് പെരുപ്പിച്ച് കാട്ടാനാണ് ഗവേഷകർക്ക് തിടക്കം. പക്ഷെ ഈ നിസ്സഹകരണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കപ്പെടുന്നില്ല. മുൻകാലങ്ങളിൽ ഗവേഷകരുമായി ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും ഇപ്പോൾ ഗവേഷണങ്ങളോട് സഹകരിക്കാതിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമാകുന്ന വ്യക്തികൾക്ക് കൂലി നൽകാതിരിക്കുന്നത് അവരുടെ സംഭാവനകളെ വിലകുറച്ച് കാണുന്നതിന്റെ ഭാഗമായാണ്. ക്വിയർ മനുഷ്യരുടെ ജീവിതവും അനുഭവങ്ങളും അക്കാദമിക് ഉപഭോഗത്തിന് സൗജന്യമായി ലഭ്യമാണെന്നാണ് മിക്ക ഗവേഷകരും കരുതുന്നത്. കൂലി അവരുടെ അധ്വാനത്തെ തിരിച്ചറിയുകയും ഗവേഷണ പ്രക്രിയയിൽ അവരുടെ പങ്കിനെ വിലമതിക്കുകയും ചെയ്യുന്നു. ഇതുവഴി ക്വിയർ വ്യക്തികളുടെ സമയത്തിന്റെയും അധ്വാനത്തിന്റെയും മൂല്യം അംഗീകരിക്കപ്പെടുന്നു.

ക്വിയർ മനുഷ്യർ വ്യവസ്ഥാപരമായ വിവേചനങ്ങൾ കാരണം സാമ്പത്തികാസമത്വം നേരിടുന്നുണ്ട്. ഈ സന്ദർഭത്തിൽ ഗവേഷണപ്രക്രിയയിൽ പങ്കെടുക്കുന്നത് പണം സമ്പാദിക്കാനും സ്വന്തം കഥകൾ പങ്കിടാനുമുള്ള അവസരമാകുന്നു. കൂലി വാഗ്ദാനം ചെയ്യുന്നത് ഒരു ധാർമ്മിക അനിവാര്യത മാത്രമല്ല, വിജ്ഞാന ഉൽപാദനത്തിന് സംഭാവന നൽകുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുള്ള പ്രായോഗിക നടപടി കൂടിയാണെന്ന് ഗവേഷകർ തിരിച്ചറിയണം. കൂലി നൽകുന്നതിലൂടെ ഗവേഷകർ ക്വിയർ മനുഷ്യരുടെ ഭൗതിക സാഹചര്യങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഗവേഷണപ്രക്രിയയിൽ ചിലവിട്ട ഊർജ്ജത്തെയും താന്താങ്ങളുടെ അദ്ധ്വാനത്തെയും ക്വിയർ മനുഷ്യർ തിരിച്ചറിയുന്നു. ഇത് വിജ്ഞാന ഉൽപാദനത്തിന്റെ പരമ്പരാഗത ശ്രേണിയെ പല നിലകളിൽ തടസ്സപ്പെടുത്തുന്നു. ഗവേഷകരെ അറിവിന്റെ ഏക സ്രഷ്ടാക്കളായി പരിഗണിക്കുന്ന ശ്രേണിയെ തകർക്കുന്ന പണി കൂടി ഈ കൂലി വാങ്ങലിലൂടെ സംഭവിക്കുന്നുണ്ട്. ഗവേഷണ പ്രക്രിയയിൽ സ്വന്തം പങ്കിനെ ഉറപ്പിക്കുകയും അർഹമായ അംഗീകാരം ചോദിച്ചുമേടിക്കുകയും ചെയ്യുന്നത് ഗവേഷണങ്ങളിൽ ഇത്രയും കാലം തുടർന്ന ക്വിയർ അനുഭവങ്ങളുടെ ചരക്കാക്കലിനെ വെല്ലുവിളിക്കുക കൂടിയാണ്. ഗവേഷകരുടെ മുൻകൂറായി തയ്യാറാക്കപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്ന നിഷ്‌ക്രിയ ശരീരങ്ങളെന്ന നില വിട്ട് ക്വിയർ ശരീരങ്ങൾ നിർവാഹക പദവിയിലേക്കുയരുന്നു. പലപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ കൂലിയില്ലാ അധ്വാനത്തിൽ നിന്ന് പ്രയോജനം നേടുന്ന വിജ്ഞാനോത്പാദന ശ്രമങ്ങളെയാണ് ഈ നീക്കം അട്ടിമറിക്കുന്നത്. അക്കാദമിക് സന്ദർഭങ്ങളിൽ ഇക്കാലമത്രയും തുടർന്ന ചരിത്രപരമായ ചൂഷണങ്ങളെ അഭിസംബോധന ചെയ്യുന്ന നഷ്ടപരിഹാര രൂപമായി കൂലി മാറുന്നു.
അറിവ്, അനുഭവം, നിർവാഹകത്വം;
‘എന്റെ പേര് മറച്ചുപിടിക്കേണ്ടതില്ല’
ഗവേഷണത്തിൽ ഭാഗമാകുന്ന ശരീരങ്ങളെ അദൃശ്യതയിൽ നിലനിർത്തുന്ന രീതിയുണ്ട്. ചില സന്ദർഭങ്ങളിൽ പേര് വെളിപ്പെടുത്താനുള്ള തടസ്സങ്ങൾ കാരണമാണ് ഈ രീതി സ്വീകരിക്കുന്നത്. അപരനാമങ്ങളിലാകും ഈ സന്ദർഭത്തിൽ ശരീരങ്ങളെ അടയാളപ്പെടുത്തുക. ശകുന്തള ദേവിയുടെ പുസ്തകത്തിൽ അഭിമുഖം ചെയ്തിരിക്കുന്ന സ്വവർഗ്ഗാനുരാഗിക്ക് നൽകിയിരിക്കുന്ന അപരനാമം വെങ്കട്ട സുബ്രഹ്മണ്യനെന്നാണ് (അപരനാമത്തിലാണ് അടയാളപ്പെടുത്തുന്നതെങ്കിലും മേൽജാതി വെളിപ്പെടണം എന്ന നിർബന്ധമുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് തോന്നിപ്പിക്കുന്നുണ്ട്).
പേര് വ്യക്തിയുടെ അടയാളമാണ്. ഒരാളെ സൂചിപ്പിക്കുന്ന അടിസ്ഥാന സൂചകമാണ്. പേര് ഒളിപ്പിച്ചുവെക്കേണ്ട ഗതികേട് ശരീരങ്ങൾക്ക് ചില സന്ദർഭങ്ങളിലുണ്ടാകാം. ഗേ, ട്രാൻസ് എന്നിങ്ങനെ തുറന്നുപറച്ചിൽ നടത്താത്ത ശരീരങ്ങൾ പേര് വെളിപ്പെടുത്താതെയാകും ഗവേഷകരോട് സംസാരിക്കുക. ഈ സാഹചര്യത്തിൽ അവരുടെ സ്വകാര്യതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവേഷകരിലുണ്ട്. സ്വത്വം പുറം ലോകം അറിഞ്ഞാലുണ്ടാകുന്ന അപകടങ്ങളെ മറികടക്കാനെന്നോണമാണ് ആളുകൾ ഈ സാഹചര്യത്തിൽ അപരനാമങ്ങളിൽ ഗവേഷകരോട് സംസാരിക്കുന്നത്. അതേ സമയം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികളെ ഗവേഷണത്തിൽ അടയാളപ്പെടുത്തേണ്ട ഉത്തരവാദിത്തവും ഗവേഷകർക്കുണ്ട്. സ്വാനുഭവങ്ങളും അറിവുകളും പങ്കുവെക്കുന്ന വ്യക്തികളെ അദൃശ്യതയിൽ എക്കാലവും നിലനിർത്തുന്നത് ജ്ഞനശാസ്ത്രപരമായ ഹിംസയാണ്. ഗവേഷകർ ലഭ്യമായ അറിവുകൾക്കും വിവരങ്ങൾക്കും മേൽ കുത്തകാവകാശം നേടാനായാണ് പലപ്പോഴും ശരീരങ്ങളെ അദൃശ്യതയിലാക്കുന്നത്. ഗവേഷണ പ്രക്രിയയിലുള്ള പങ്കിനെ വിലമതിക്കാൻ അവരുടെ സമ്മതമുണ്ടെങ്കിൽ പേരുകൾ ചേർക്കേണ്ട കടമയും ഗവേഷകർക്കുണ്ട്.
LGBTQIA+ വ്യക്തികളുടെ അഭിമുഖങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് ഗവേഷകർ പലപ്പോഴും ക്വിയർ ആക്ടിവിസ്റ്റുകളെയോ കമ്മ്യൂണിറ്റി അംഗങ്ങളെയോ സംഘടനകളെയോ സമീപിക്കാറുണ്ട്. ഈ അഭ്യർത്ഥനകൾ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ സങ്കീർണ്ണതകളെ അവഗണിക്കുകയാണ്.
പങ്കാളികളുടെ സ്വകാര്യതയും ക്ഷേമവും സംരക്ഷിക്കാനായാണ് ശരീരങ്ങളുടെ മേൽ അജ്ഞാതത്വം അടിച്ചേൽപ്പിക്കുന്നത്. പക്ഷേ ഈ രീതിയുടെ കർശനമായ പ്രയോഗം കാര്യമായ ചില പ്രശ്നങ്ങൾ ഉയർത്തുന്നു. പേര് വെളിപ്പെടുത്താൻ തയ്യാറായ LGBT വ്യക്തികളെ അടക്കം ഗവേഷകർ അദൃശ്യതയിൽ നിർത്തുന്ന രീതിയുണ്ട്. ഗവേഷണത്തിൽ ഭാഗമാകുന്ന ശരീരങ്ങളെ അജ്ഞാതമാക്കുന്ന രീതി ധാർമ്മികമായ ഊന്നലുകളാലാണ് സ്വീകരിക്കുന്നത്. വിവേചനങ്ങളിൽ നിന്നും സംരക്ഷിക്കാനായാണ് ഈ തത്വങ്ങൾ ലക്ഷ്യമിടുന്നത്. അതേ സമയം ധാർമ്മിക പരിഗണനകൾ സാർവത്രികമല്ല, മറിച്ച് സന്ദർഭോചിതവും പങ്കെടുക്കുന്ന വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് അംഗീകരിക്കേണ്ടതുണ്ട്.
ഗവേഷകർ ഈ അജ്ഞാതമാക്കൽ യുക്തിയെ മുൻനിർത്തി പങ്കാളികളുടെ പേര് നൽകാനോ അവരുടെ സംഭാവനകളെ അംഗീകരിക്കാനോ വിസമ്മതിക്കുന്നു. വ്യക്തികളെ കേവലം ഡാറ്റകളായി ചുരുക്കുകയും അവരുടെ ഏജൻസിയും അംഗീകാരവും ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ഗവേഷകർ പൊതുവിൽ സ്വീകരിക്കാറുള്ളത്. അജ്ഞാതത്വത്തിനായുള്ള നിർബന്ധം പങ്കാളികളുടെ സംഭാവനകളെ എങ്ങനെ ഒളിപ്പിക്കുകയും വ്യവസ്ഥാപരമായ അദൃശ്യത നിലനിർത്തുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. നിർബന്ധിത അജ്ഞാതത്വം ഒരുനിലയിൽ തന്താധികാര രീതിയായി മാറുന്നു. ഇവിടെയും ഗവേഷകർക്ക് രക്ഷക ഭാവമാണുള്ളത്. ഇരകളെ സംരക്ഷിക്കുകയെന്ന ഭാവത്തിൽ അവരുടെ ഏജൻസിയെയും അംഗീകരിക്കപ്പെടാനുള്ള അവകാശത്തെയും നിരന്തരം ഈ ക്രമം നിഷേധിക്കുന്നു.
ഗവേഷകർ പങ്കാളികളെ മുൻഗണനകൾ പരിഗണിക്കാതെ അജ്ഞാതമാക്കുമ്പോൾ, അവർ സങ്കീർണ്ണമായ വ്യക്തികളെയും അനുഭവങ്ങളെയും ഉപയോഗമുള്ള ഡാറ്റകളായി ചുരുക്കുകയാണ്. ഈ പ്രക്രിയ പങ്കാളികളുടെ മാനവികതയെ ഇല്ലാതാക്കുന്നു. ഗവേഷണത്തിന് സജീവമായി സംഭാവന നൽകുന്നവരായല്ല, മറിച്ച് വിവരങ്ങളുടെ ഉറവിടങ്ങളായാണ് ഈ നോട്ടം ശരീരങ്ങളെ രൂപപ്പെടുത്തുന്നത്. അറിവിന്റെ സഹ സ്രഷ്ടാക്കൾ എന്ന നിലയിലുള്ള അവരുടെ പങ്കിനെ ഈ രീതി അപ്പാടെ നിരാകരിക്കുകയാണ്. ആഖ്യാനങ്ങൾ അവകാശപ്പെടാനുള്ള അവസരവും ഈ പേരൊളിപ്പിക്കൽ വഴി നിഷേധിക്കപ്പെടുന്നു.
കീഴാളവത്കൃത സമൂഹങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക്, ഗവേഷണത്തിൽ പേര് ഉൾപ്പെടുത്തുന്നത് ശാക്തീകരണത്തിന്റെയും സാധൂകരണത്തിന്റെയും രൂപം കൂടിയാണ്. ചരിത്രപരമായി ഒഴിവാക്കപ്പെട്ട ഇടങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും അവരെ അദൃശ്യരാക്കുന്ന ഘടനകളെ വെല്ലുവിളിക്കാനും ഈ നീക്കം പങ്കാളികളെ അനുവദിക്കുന്നു. മാത്രമല്ല, ഗവേഷണത്തിന്റെ ഭാഗമായവരുടെ പേരുകൾ നൽകുന്നതിലൂടെ അവരുടെ അധ്വാനവും സംഭാവനകളും അംഗീകരിക്കപ്പെടുന്നു. പല സന്ദർഭങ്ങളിലും, ഗവേഷണത്തിന്റെ ഭാഗമാകുന്നവർ നിഷ്ക്രിയ ശരീരങ്ങളല്ല, മറിച്ച് അവരുടെ ഉൾക്കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ഗവേഷണം വഴി വെട്ടുന്നത്. പേര് ഏറ്റുപറയാൻ വിസമ്മതിക്കുന്നതിലൂടെ, ഗവേഷകർ അവരുടെ ശബ്ദങ്ങൾ സ്വന്തമാക്കുകയും അവർക്ക് അർഹമായ അംഗീകാരം നിഷേധിക്കുകയും ചെയ്യുകയാണ്. ഈ ഹിംസ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. പങ്കാളിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ സാധുവാണെങ്കിലും, അജ്ഞാതമാക്കാനുള്ള തീരുമാനം പേര് നൽകാനുള്ള പങ്കാളിയുടെ വ്യക്തമായ സമ്മതത്തെ മറികടക്കരുത്. ഇതിനാൽ, ഗവേഷകർ പങ്കാളികളുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടണം, അവർ അജ്ഞാതരാകണോ തിരിച്ചറിയപ്പെടണോ എന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കണം.

‘ഞങ്ങൾക്ക് സഹകരിക്കാൻ താല്പര്യമില്ല’;
ഉദാരതയുടെ കേടുകൾ
‘ഞാൻ എന്തെങ്കിലും നല്ലത് നിങ്ങളുടെ കമ്യൂണിറ്റിക്ക് ചെയ്യണമെന്ന് കരുതിയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. പക്ഷെ നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആളുകൾ എന്നോട് സഹകരിക്കുന്നില്ല. സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല. എല്ലാവരും വളരെ മോശമായാണ് പെരുമാറുന്നത്’- ഒരു ഗവേഷക വിദ്യാർത്ഥി ഈയിടെ സംസാരത്തിനിടെ പറഞ്ഞു. ഈ പറച്ചിലിൽ ഉദാരതയുണ്ട്. രക്ഷകഭാവമുള്ള ഗവേഷകസ്ഥാനമുണ്ട്. ഗവേഷണത്തോട് സഹകരിക്കാത്ത ശരീരങ്ങളുണ്ട്.
ഓരോന്നായി നമുക്ക് പരിശോധിക്കാം;
‘നിങ്ങളുടെ കമ്മ്യൂണിറ്റിക്ക് നല്ലത് എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ്’ എന്ന് പറച്ചിലിൽ ഉദാരതയാണുള്ളത്. ഇവിടെ ഗവേഷകരും പഠിക്കപ്പെടുന്ന ശരീരങ്ങളും രണ്ട് ധ്രുവങ്ങളിലാണ്. മേൽ കീഴ് ബന്ധമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഗവേഷകർ അറിവിന്റെ പരമാധികാരികളാണ്. ശ്രേണിയുടെ മുകളിലാണ് അവരുടെ സ്ഥാനം. മുകളിൽ നിന്ന് അവർ താഴേക്ക് നോക്കുന്നു. പഠിക്കപ്പെടേണ്ട ശരീരങ്ങൾ സ്വാഭാവികമായും താഴെയാണ്. അവരെ രക്ഷിക്കേണ്ട ബാധ്യത തന്റെ ചുമലിലാണെന്ന് ഗവേഷകർ കരുതുന്നു. രക്ഷകൻ-ഇര എന്ന ദ്വന്ദ്വമാണ് ഇവിടെയുള്ളത്. ഇര എങ്ങനെ പെരുമാറണമെന്ന് മുൻകൂട്ടി തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഇരയിൽ നിന്നും സ്വാഭാവികമായും സഹകരണമാണ് പ്രതീക്ഷിക്കപ്പെടുക. ഇതിനെതിരെ ഇരകൾ നീങ്ങുന്നത് ഗവേഷകരിൽ അതൃപ്തി ഉളവാക്കുന്നു. ഗവേഷണ പ്രക്രിയയുടെ ഭാഗമാകാനായി കാശ് ചോദിക്കുന്ന ശരീരങ്ങളെ കുറിച്ചും ഗവേഷകർ പരാതി പറയാറുണ്ട്. സ്വന്തം പ്രാരാബ്ധങ്ങളാണ് ഗവേഷകർ ആദ്യം പറയുക. മാത്രമല്ല ‘നിങ്ങളുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തോ വലിയ ഉപകാരം ചെയ്യാനാണ് ഈ ഗവേഷണം’ എന്ന ഭാവവും ഗവേഷകർക്കുണ്ടാകാറുണ്ട്. സ്ഥാപനപരമായ പിന്തുണാസംവിധാനങ്ങളുള്ള ഗവേഷണത്തിനായി സാമ്പത്തികപിന്തുണ ഉൾപ്പടെ ലഭിക്കുന്ന ഗവേഷകർ ഗവേഷണത്തിന്റെ കേന്ദ്രമായി തന്നെ മാറുന്ന ശരീരങ്ങളുടെ കൂലിക്കായുള്ള ആവശ്യത്തെ ഗൗനിക്കുന്നില്ല. സൗജന്യമായി ഈ ശരീരങ്ങൾ ഗവേഷണത്തിന്റെ ഭാഗമാകണമെന്ന ചൂഷണ മനോഭാവമാണ് ഗവേഷകർക്കുള്ളത്. ഈ ശരീരങ്ങളുടെ സമയത്തിന് അത്ര വിലയൊന്നും ഇല്ലെന്നാണ് ഗവേഷകരുടെ തോന്നൽ. അല്ലെങ്കിൽ ഈ പ്രക്രിയയുടെ ഭാഗമാകുകയെന്നത് അത്ര അധ്വാനം ഒന്നുമില്ലാത്ത വേലയാണ് എന്ന് ഗവേഷകർ കരുതുന്നുണ്ടാകണം. എന്തുതന്നെയായാലും കമ്മ്യൂണിറ്റിയിലെ മനുഷ്യർ ഇപ്പോൾ ഈ മാതിരി ഗവേഷണങ്ങളോട് മുഖം തിരിക്കുകയും, ഞങ്ങൾക്ക് കൂലി വേണം എന്ന് ധീരമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
വ്യക്തികളെ കേവലം ഡാറ്റകളായി ചുരുക്കുകയും അവരുടെ ഏജൻസിയും അംഗീകാരവും ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ഗവേഷകർ പൊതുവിൽ സ്വീകരിക്കാറുള്ളത്.
ഗവേഷണങ്ങളിലൂടെ ഗവേഷകർക്ക് ബിരുദങ്ങൾ നേടാം എന്നല്ലാതെ പഠിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യേകിച്ച് ഗുണപരമായ നേട്ടങ്ങളൊന്നുമില്ലെന്നത് യാഥാർത്ഥ്യമാണ്. ബിരുദ ബിരുദാനന്തര ഗവേഷണ പ്രബന്ധങ്ങൾ എല്ലാം അതത് സ്ഥാപനങ്ങൾക്ക് അകത്ത് പൊടിപിടിച്ചു കിടക്കുന്നു. പ്രബന്ധം എഴുതിക്കഴിഞ്ഞാൽ പിന്നെ ഗവേഷകരാരും ഈ ശരീരങ്ങളെ ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല. ഗവേഷണ ആവശ്യത്തിനായി സൗഹൃദം ഉണ്ടാക്കിയ സുഹൃത്തിനെ ഓർക്കുന്നു. അയാൾ ഗവേഷണത്തിന്റെ ആവശ്യത്തിനായി നിരന്തരം എന്നെ വിളിക്കാറും സംശയങ്ങൾ ചോദിക്കാറുമുണ്ടായിരുന്നു. പ്രബന്ധം പൂർത്തിയാകുന്ന വരെ മാത്രമാണ് ആ ബന്ധം പുലർന്നത്. ഗവേഷകർ ഈ മട്ടിൽ സ്വാർത്ഥമായ താല്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചാണ് ശരീരങ്ങളെ സമീപിക്കുന്നത്.
ബിരുദങ്ങൾക്കായുള്ള ഗവേഷണം,
മാറ്റത്തിനായല്ല
ഗവേഷകരുടെ പഠനങ്ങളെ കുറിച്ചുള്ള പ്രധാന വിമർശനം ക്വിയർ സമൂഹത്തിൽ അവയ്ക്ക് പ്രകടമായ സ്വാധീനമില്ലെന്നതാണ്. പ്രസിദ്ധീകരണങ്ങൾ, പ്രബന്ധങ്ങൾ, ജേണൽ ലേഖനങ്ങൾ എന്നിവയ്ക്കായി ഗവേഷകർ ക്വയർ ജീവിതങ്ങളുമായി ഇടപഴകുന്നുണ്ടെങ്കിലും ഈ പഠനങ്ങളുടെ പ്രയോജനങ്ങൾ അപൂർവ്വമായി മാത്രമേ സമൂഹത്തിലേക്ക് തിരികെ ഒഴുകിയെത്തുന്നുള്ളൂ. സൃഷ്ടിക്കപ്പെടുന്ന അറിവ് പ്രധാനമായും അക്കാദമിക് സർക്കിളുകളാണ് ഉപയോഗിക്കുന്നത്, പഠിക്കപ്പെടുന്നവർക്ക് പ്രായോഗ മൂല്യം കുറവാണ്. കേരളത്തിലെ LGBTQIA+ പ്രശ്നങ്ങളെക്കുറിച്ചുള്ള പല അക്കാദമിക് പഠനങ്ങളും തീസിസുകളിലും പ്രബന്ധങ്ങളിലും കലാശിക്കുന്നു. അവ സർവകലാശാലകളിൽ പൊടിപിടിച്ചുകിടക്കുന്നു. ഈ പഠനങ്ങൾ അപൂർവ്വമായി മാത്രമേ ഗുണപരമായ ഉൾക്കാഴ്ചകളിലേക്കോ നയ ശുപാർശകളിലേക്കോ കമ്മ്യൂണിറ്റി നേട്ടങ്ങളിലേക്കോ നയിക്കുന്നുള്ളൂ. ഗവേഷകർക്ക് ബിരുദങ്ങൾ, സ്കോളർഷിപ്പുകൾ, പുരോഗതി എന്നിവ നേടുന്നതിനുള്ള ചവിട്ടുപടികളായി അവ പ്രവർത്തിക്കുന്നുണ്ട്.
അക്കാദമിക് ഗവേഷണവും സമൂഹ്യാവശ്യങ്ങളും തമ്മിലുള്ള വിടവ് ഇവിടെ വ്യക്തമാണ്. ഗവേഷകർക്ക് അംഗീകാരങ്ങളും യോഗ്യതകളും ലഭിച്ചേക്കാം, പക്ഷേ ക്വിയർ കമ്യൂണിറ്റിയെ ഇത് സഹായിക്കുന്നില്ല. മിക്കപ്പോഴും ഗവേഷണ ഫലങ്ങൾ എന്തെന്ന് പോലും കമ്യൂണിറ്റിയിലെ ആളുകളെ ഗവേഷകർ അറിയിക്കണമെന്നില്ല.
കവിയായ അലീന മുന്നേ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചിരുന്നു; “കുറച്ചു നാള് മുന്നേ വരെ എന്തെങ്കിലും resources, references, pdf ഒക്കെ വേണമെങ്കിൽ മാത്രം text ചെയ്യുന്ന ഒരു പുള്ളിക്കാരത്തി ഉണ്ടായിരുന്നു. കമ്യൂണിറ്റിയുടെ ഓറൽ ഹിസ്റ്ററി ഒക്കെ എൻ്റെ കാർന്നോന്മാരുടെ ആത്മാക്കളെ കൂടോത്രം ചെയ്തു തിരിച്ചു വിളിച്ച് ചോദിച്ചു മനസ്സിലാക്കിയാണ് ഞാൻ അവർക്ക് പറഞ്ഞു കൊടുത്തത്. ഇപ്പോ കുറേ നാളായി അവരെ കാണുന്നില്ല. തീസിസ് വെച്ചെന്ന് തോന്നുന്നു”.
ഇത് ഗവേഷകരുടെ മനോഭാവത്തെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ഗവേഷണത്തിന്റെ പുരോഗതിയും മറ്റും അറിയിക്കാനുള്ള ബാധ്യതയും ഗവേഷകർക്കുണ്ട്. സകല ഇടപെടലുകളിലും ഗവേഷകർ സമ്മതം, സുതാര്യത, പരസ്പര ബഹുമാനം എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. ഗവേഷണഫലങ്ങൾ സമൂഹവുമായി പങ്കിടുന്നുണ്ടെന്നും അവരുടെ ക്ഷേമത്തിന് സംഭാവന നൽകുന്നുണ്ടെന്നും ഉറപ്പാക്കണം.
