കത്തി കൊണ്ട് ലിംഗം അറുത്തെടുത്ത് തിളച്ച ആവണക്കെണ്ണ ഒഴിക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയ; അക്കൈ പദ്​മശാലിഴുതുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും പ്രാകൃതമായ ലിംഗമാറ്റ ശസ്ത്രക്രിയകളും വെളിപ്പെടുത്തി പ്രമുഖ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് അക്കൈ പദ്​മശാലി.

Truecopy Webzine

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും പ്രാകൃതമായ ലിംഗമാറ്റ ശസ്ത്രക്രിയകളും വെളിപ്പെടുത്തി പ്രമുഖ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് അക്കൈ പദ്മശാലി. അവരുമായുള്ള സംഭാഷണവും മലയാളത്തിൽ ഉടൻ പുറത്തിറങ്ങുന്ന നെടുമ്പാതയിലെ ചെറുചുവട് എന്ന ജീവിതകഥയിൽനിന്നുള്ള ഭാഗവും ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം.

‘‘എനിക്ക് പതിനാറ് വയസുള്ളപ്പോൾ ഒരു സംഭവമുണ്ടായി. വീടിനടുത്തുള്ള ഒരു ഡോക്ടറോട് സർജറിയെക്കുറിച്ച് സംസാരിച്ചു. ഡോക്ടർ നേരെ എന്റെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും ഇതെല്ലം വിസ്തരിച്ചു. ‘നിങ്ങളുടെ മകൻ വന്ന് ഒരു ഓപ്പറേഷന്റെ കാര്യം പറഞ്ഞു, അവനെ നിങ്ങൾ നിംഹാൻസിൽ കൊണ്ടുപോയി ചികിൽസിക്കണം.' അത്രയ്ക്ക് വിവരമുണ്ട് ആ ഡോക്ടർക്ക്!

‘‘ദേഷ്യപ്പെട്ടാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. വന്നുകയറിയതും ഒരു ഷേവിങ് ബ്ലേഡ് എടുത്ത് ഞാൻ എന്റെ ജനനേന്ദ്രിയം മുറിച്ചു. ചോര ചീറ്റിത്തെറിച്ചു, ചർമം മുറിഞ്ഞുതൂങ്ങി. ഞാനാകെ പേടിച്ചുപോയി. പെണ്ണ് ആകാനുള്ള ആഗ്രഹത്തിൽ ഞാൻ സ്വയം മുറിവേൽപ്പിച്ചല്ലോ, ഞാൻ ഇതെങ്ങനെ ചെയ്തു എന്നൊക്കെ ആലോചിച്ച് ഭയന്ന് ഞാൻ ബോധംകെട്ടുവീണു.
രണ്ടുമണിക്കൂറോളം ഞാൻ ആ കിടപ്പ് കിടന്നു. ബോധം വീണ്ടുകിട്ടി യപ്പോൾ എനിക്ക് തീർച്ചയായി ഡോക്ടറുടെ അടുത്ത് പോകാതെ രക്ഷയില്ല. പക്ഷേ, ഈ അവസ്ഥയിൽ എന്നെ ആര് ചികിൽസിക്കും? ഞാൻ എന്ത് ചെയ്യും? ഇതുപോലെയൊരു മണ്ടത്തരം ചെയ്യാൻ എനിക്കെങ്ങനെ കഴിഞ്ഞു എന്ന് എനിക്ക് തന്നെ മനസ്സിലായില്ല.''

‘‘ദയമ്മ നിർവാൺ എന്നൊരു ചടങ്ങുണ്ട് ഹിജ്‌റ സമുദായത്തിൽ. ഇത് ചെയ്യാൻ മുതിർന്ന ഹിജ്‌റകളിൽ പലരും പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പ്രാകൃതമായ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ്. വളരെ ക്രൂരമാണിത്. എനിക്ക് പത്തൊൻപതോ ഇരുപതോ വയസ്സുള്ളപ്പോഴാണ് ആദ്യം അവർ ഇത് നിർദേശിച്ചത്. മാതാ മാതാ എന്നുവിളിച്ച് ദേവിക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തും. എന്നിട്ട് ജനനേന്ദ്രിയത്തിന്റെ അറ്റത്ത് ചരട് കൊണ്ട് കെട്ടും. എന്നിട്ട് ചൂടാക്കിയ കത്തി കൊണ്ട് ലിംഗം അറുത്തെടുക്കും! ആദ്യം പുറത്തേക്ക് ചീറ്റി വരുന്ന ചോര തയ്യാറാക്കി വച്ച മൺകുടത്തിൽ ശേഖരിക്കും അവർ, എന്നിട്ടത് നിങ്ങളുടെ ദേഹത്ത് തന്നെ തളിക്കും. ശരീരത്തിൽ രോമം വളരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രെ.

മുറിവിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം മുഴുവൻ ഒഴുകിപ്പോകണം, എങ്കിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൽ പുരുഷന്റെ ചോര ഇല്ലാതാകുകയുള്ളൂ എന്നാണ് വിശ്വാസം. അത് കഴിയുമ്പോൾ ശരീരത്തിലേയ്ക്ക് ഒഴുകിവരുന്ന രക്തം മാതാശക്തിയുടേതാണ് എന്ന് ഹിജ്‌റകൾ വിശ്വസിക്കുന്നു.
ഓപ്പറേഷൻ കഴിഞ്ഞു, ഇനി മുറിവിൽ തിളപ്പിച്ച് വച്ചിട്ടുള്ള ആവണക്കെണ്ണ ഒഴിക്കും. എന്റെ പല സുഹൃത്തുക്കളും ഈ ഓപ്പറേഷനിടയിൽ മരിച്ചിട്ടുണ്ട്. ഈ ക്രൂരകൃത്യം അതിജീവിക്കാൻ കഴിയാതെ, വേദന താങ്ങാൻ പറ്റാതെ, ഗുരുതരമായി മുറിവേറ്റ് മരിക്കുന്ന 'രോഗിയെ' കുഴിയിലിറക്കി മണ്ണിട്ടുമൂടി സൂര്യനുദിക്കും മുൻപ് മറ്റുള്ളവർ തിരിച്ചെത്തും.''

‘‘സയൻസ് ഇത്ര പുരോഗമിച്ച ഈ കാലത്ത് ശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയയല്ലേ ചെയ്യേണ്ടത്?''- അക്കൈ പദ്മശാലി ചോദിക്കുന്നു.

ട്രാൻസ്ജെൻഡറുകളെ കുറ്റവാളികളാക്കുന്ന സെക്ഷൻ 377 സാധുവാക്കിയ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് 2016-ൽ ഹർജി നൽകിയവരിൽ അക്കൈയുമുണ്ട്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം അക്കൈയും ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായിരുന്നു. അഞ്ച് ജഡ്ജിമാരുടെ ആ ബെഞ്ചാണ് അവസാനമായി തീരുമാനമെടുക്കേണ്ടത്. വാദം നടക്കുമ്പോൾ കോടതിമുറിയിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളെ കാണാൻ ജഡ്ജിമാർ താല്പര്യം പ്രകടിപ്പിച്ചു. ‘എന്റെ കക്ഷികൾ ഇവിടെയുണ്ട്, ഏറ്റവും പുറകിലാണവർ നിൽക്കുന്നത്,' ജെയ്‌ന കൊത്താരി കോടതിയെ അറിയിച്ചു. ജഡ്ജിമാർ എല്ലാവരും ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവർക്ക് ഞങ്ങളെ വ്യക്തമായി കാണാം. അവരുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ മൂന്നു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. നിയമത്തോടൊപ്പം വികാരങ്ങൾക്കും പ്രാധാന്യമുള്ള കേസായിരുന്നു ഇത്.

‘‘ഒരു ലിവ് - ഇൻ റിലേഷൻ പരാജയപ്പെട്ടശേഷമാണ് ഞാൻ വാസുദേവ് എന്ന വസുവിനെ വിവാഹം കഴിക്കുന്നത്. അതോടെ വിവാഹം എന്ന പ്രസ്ഥാനം ഒരു പീഡനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.''

‘‘ലിംഗവ്യത്യാസം കാരണം ട്രാൻസ്ജെൻഡറുകൾക്ക് ലൈംഗികകാര്യങ്ങളിൽ താല്പര്യമില്ലെന്നാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ധാരണ. അത് ശരിയല്ല. ലൈംഗികത്വമുള്ള ഒരു വ്യക്തിയാണ് ഞാൻ, എനിക്ക് ലൈംഗികമായ ആഗ്രഹങ്ങളുണ്ട്, സെക്സ് ഞാൻ ആസ്വദിക്കുന്നുണ്ട്, അതെനിക്ക് ആവശ്യമാണ്, അത് ഞാൻ ചെയ്യാറുമുണ്ട്.''

‘‘നല്ല നിറമുള്ള വേഷങ്ങളിൽ, കനത്ത മേക്കപ്പിട്ട് വന്നാൽ എല്ലാ നീതികേടിനും പരിഹാരമാകുമെന്നാണ് ഉപരിവർഗ ആക്ടിവിസ്റ്റുകൾ കരുതുന്നത്. ഏറ്റവും കൂടുതൽ ആക്രമണങ്ങളും വിവേചനങ്ങളും നേരിട്ടത് ഞങ്ങളാണ്, അതും എല്ലാ ദിവസവും. എന്നിട്ട് വർഷത്തിലൊരിക്കൽ മാത്രം വന്ന് ക്രെഡിറ്റ് നേടാൻ ഇവരും.''

എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ കണ്ണുകളും മനസ്സുകളും ഹൃദയങ്ങളും ഞങ്ങൾക്കായി തുറന്നേ മതിയാകൂ. അതുകൊണ്ടാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ് ഞാനിപ്പോൾ- അക്കൈ പറയുന്നു.
വീസീ ബുക്‌സ് ആണ് ‘നെടുമ്പാതയിലെ ചെറുചുവട്' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്, വിവർത്തനം ടി.എസ്. പ്രീത.

ഷേവിങ് ബ്ലേഡുകൊണ്ട് ഞാനെന്റെ ജനനേന്ദ്രിയം മുറിച്ചു;
എനിക്ക് പെണ്ണാകണമായിരുന്നു.
അക്കൈ പദ്മശാലി
ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം

Comments