ട്രാൻസ് വനിതകളെ ആക്രമിക്കുന്ന
വ്യാജ ഫെമിനിസം

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണങ്ങളെ സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജിയിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ് Women’s Declaration International India എന്ന സംഘടന. രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലൊന്നിന്റെ ഭരണഘടനാപരമായ അവകാശങ്ങളെയും, ശരീരത്തിന്മേലുള്ള സ്വയംഭരണാധികാരത്തെയും, നിയമപരമായ അംഗീകാരത്തെയും ദുർബലപ്പെടുത്താനാണ് ഈ നിയമനടപടി ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു ആൽത്തിയ സ്ത്രീസൗഹൃദ കൂട്ടായ്മ.

2026 ഒക്ടോബറിൽ, സ്വയം ‘ഫെമിനിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്ന 'വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ' (Women’s Declaration International India --WDII) എന്ന സംഘടന സുപ്രീംകോടതിയിൽ ഒരു പൊതുതാൽപര്യഹർജി (Public Interest Litigation- PIL) ഫയൽ ചെയ്ത വിവരം കേരളത്തിലെ ഫെമിനിസ്റ്റുകൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സ്ത്രീകൾക്കായി നീക്കിവച്ചിട്ടുള്ള, ലിംഗാടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട സംരക്ഷണ സംവിധാനങ്ങളിലേക്കും നിയമപരമായ ആനുകൂല്യങ്ങളിലേക്കും ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന നിയമവ്യവസ്ഥയെയാണ് ഇവരുടെ ഹർജി ചോദ്യം ചെയ്യുന്നത്.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സംരക്ഷണങ്ങളെ സുപ്രീം കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യാനുള്ള 'വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണലി’ന്റെ നീക്കം, ആധുനിക മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, ഫെമിനിസ്റ്റ് ഐക്യദാർഢ്യം എന്നിവയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ തെറ്റായി ചിത്രീകരിക്കുന്ന ഒന്നാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിനുപകരം, രാജ്യത്തെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലൊന്നിന്റെ ഭരണഘടനാപരമായ അവകാശങ്ങളെയും, ശരീരത്തിന്മേലുള്ള സ്വയംഭരണാധികാരത്തെയും, നിയമപരമായ അംഗീകാരത്തെയും ദുർബലപ്പെടുത്താനാണ് ഈ നിയമനടപടി ലക്ഷ്യമിടുന്നത്. ആൽത്തിയ സ്ത്രീ കൂട്ടായ്‌മ "വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ"യുടെ ഈ ട്രാൻസ്‌ഫോബിക് ഹർജിയെ ശക്തമായി എതിർക്കുന്നു.
ഇവരുടെ ഓൺലൈൻ പ്രൊഫൈൽ അനുസരിച്ച്, മുമ്പ് വനിതാ മനുഷ്യാവകാശ കാമ്പയിൻ (Women’s Human Rights Campaign- WHRC) എന്നറിയപ്പെട്ടിരുന്ന "വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ" (WDI), നിയമനിർവ്വഹണത്തിലും പൊതുനയരൂപീകരണത്തിലും ജീവശാസ്ത്രപരമായ ലൈംഗികതയ്ക്ക് (biological sex) പ്രത്യേകാധികാരം കൊടുത്ത് ലിംഗവ്യക്തിത്വത്തെ (gender identity) തരംതാഴ്ത്താൻ പ്രചാരണം നടത്തുന്ന ഒരു അഭിഭാഷക ഗ്രൂപ്പാണ്. 2019- ൽ ഇംഗ്ലണ്ടിൽ സ്ഥാപിതമായ ഈ സന്നദ്ധസംഘടന, ഇന്ത്യയുൾപ്പടെ അമേരിക്ക, കാനഡ, ബ്രസീൽ, ഫ്രാൻസ്, സൗത്ത് അമേരിക്ക എന്നിങ്ങനെ ആഗോളതലത്തിൽ ഒന്നിലധികം ദേശീയ ചാപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നു. ഇവർ സ്വയം വിശേഷിപ്പിക്കുന്നത് "ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങൾ" സംരക്ഷിക്കുന്ന റാഡിക്കൽ ഫെമിനിസ്റ്റ് ഗ്രൂപ്പ് എന്നാണ്. അതേസമയം പ്രധാന മനുഷ്യാവകാശ സംഘടനകൾ, പൗരാവകാശ വക്താക്കൾ, വിമർശകർ എന്നിവർ ഇവരെ ഒരു പ്രമുഖ ട്രാൻസ്-എക്‌സ്‌ക്ലൂഷണറി അല്ലെങ്കിൽ "ലിംഗ-നിർണ്ണായക" ഗ്രൂപ്പായി തരംതിരിക്കുന്നു.

ഇത്തരമൊരു ഹർജി ഇപ്പോൾ എന്തിന് എന്ന ചോദ്യത്തിനിവിടെ പ്രസക്തിയുണ്ട്. കാരണം, ഇന്ത്യയിലെ നിർണ്ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തിലാണ് ഇത്തരമൊരു നിയമപരമായ നീക്കം നടക്കുന്നത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പുനൽകുന്ന 106-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2027 - ലെ ദേശീയ സെൻസസിനെ തുടർന്ന് 2029 - ലോ 2030 - ലോ നടപ്പിലാക്കിയേക്കാവുന്ന ഈ ഭരണഘടനാ ഭേദഗതി, ലിംഗസ്വത്വവും (gender identity) ജീവശാസ്ത്രപരമായ ലിംഗവും (biological sex) തമ്മിൽ കർശനമായ ഒരു നിയമപരമായ വേർതിരിവ് ഉണ്ടെന്ന് വാദിക്കുന്ന 'വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ' യുടെ പ്രഖ്യാപിതമായ "സ്ത്രീ-സംരക്ഷണ" അജണ്ടയ്ക്ക് വിരുദ്ധമാണ്. ട്രാൻസ് സ്ത്രീകളെ ഈ രാഷ്ട്രീയ സംവരണങ്ങളിൽ പങ്കാളികളാകുന്നതിൽ നിന്നോ അതിന്റെ ആനുകൂല്യങ്ങൾ നേടുന്നതിൽ നിന്നോ നിയമപരമായി ഒഴിവാക്കുക എന്നതാണ് ഇവരുടെ ഹർജിയുടെ ഒരു സുപ്രധാന ലക്‌ഷ്യം.

2026 മാർച്ചിൽ പാർലമെന്റ് പാസാക്കുകയും 2026 മെയ് 25-ന് നിയമമായി പ്രാബല്യത്തിൽ വരികയും ചെയ്ത The Transgender (Protection of Rights) Amendment Bill 2026 എന്ന ഭേദഗതിയെ ട്രാൻസ് പൗരർക്കെതിരെ പൂർവ്വാധികം മൂർച്ചപ്പെടുത്തുക എന്നുള്ളതും ഇവരുടെ ഹർജിയുടെ ലക്ഷ്യമാണ്. 2026 - ലെ ഈ ഭേദഗതി ലിംഗപരമായ സ്വയം നിർണ്ണയാവകാശത്തിൽ (gender self-determination) നിന്ന് മാറി, തിരിച്ചറിയൽ പ്രക്രിയയെ പൂർണ്ണമായും വൈദ്യശാസ്ത്രപരമായ പരിശോധനകൾക്കും സർക്കാർ നിയന്ത്രണങ്ങൾക്കും വിധേയമാക്കുന്ന ഒരു യാഥാസ്ഥിതിക വ്യവസ്ഥയിലേക്കുള്ള വലിയൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.

2019-ലെ ട്രാൻസ്‌ജെൻഡർ അവകാശ ചട്ടക്കൂടിലുള്ള (The Transgender Persons (Protection of Rights) Act of 2019) പല പ്രധാനപ്പെട്ട ഭരണഘടനാപരമായ സംരക്ഷണങ്ങളും എടുത്തുമാറ്റുക എന്നുള്ളതാണ് ഈ 2026 - ലെ ഭേദഗതിയുടെ ലക്‌ഷ്യം. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുക എന്നതാണ് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യയുടെ ഹർജിയുടെ ഉദ്ദേശ്യം.

2026 - ലെ ഭേദഗതി നിയമത്തിലെ ഏറ്റവും അടിസ്ഥാനപരമായ മാറ്റം, 2019-ലെ മൂലനിയമത്തിലുണ്ടായിരുന്ന 4(2) വകുപ്പ് പൂർണ്ണമായും ഒഴിവാക്കി എന്നതാണ്. 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) v. യൂണിയൻ ഓഫ് ഇന്ത്യ (2014)' (NALSA vs Union of India) എന്ന സുപ്രധാന വിധിയിൽ ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിച്ച അടിസ്ഥാന നിയമപരമായ കീഴ് വഴക്കത്തിന് വിരുദ്ധമാണ് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യയുടെ ഹർജി.

ഭരണഘടനയുടെ 21- ാം അനുച്ഛേദം (ജീവിക്കാനുള്ള അവകാശം), 19-ാം അനുച്ഛേദം (ആവിഷ്കാര സ്വാതന്ത്ര്യം), 14-ാം അനുച്ഛേദം (സമത്വത്തിനുള്ള അവകാശം) എന്നിവയുടെ അവിഭാജ്യഘടകമാണ് സ്വന്തം ലിംഗസ്വത്വം തിരിച്ചറിയാനുള്ള അവകാശമെന്ന് സുപ്രീംകോടതി വ്യക്തമായി അംഗീകരിച്ചിട്ടുള്ളതാണ്. ലിംഗസ്വത്വം നിയമപരമായി അംഗീകരിക്കപ്പെടുന്നത് നിയമപരമായ അവകാശങ്ങൾക്ക് ഭീഷണിയല്ല; മറിച്ച്, അതൊരു അടിസ്ഥാന ഭരണഘടനാപരമായ ബാധ്യതയാണ്. ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ, ഒരാൾക്ക് താൻ സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വം (self-perceived gender identity) അവകാശപ്പെടാനുള്ള അവകാശം ആ വകുപ്പ് വ്യക്തമായി ഉറപ്പുനൽകിയിരുന്നു. ഈ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത്, നീതിന്യായരംഗത്ത് ഒരു ദശകക്കാലമായി കഠിനമായ പോരാട്ടങ്ങളിലൂടെ ട്രാൻസ് സംഘടനകളും ക്വിയർ സമുദായവും, അവരുടെ അഭ്യുദയകാംക്ഷികളും കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണ്.

2026 മാർച്ചിൽ പാർലമെന്റ് പാസാക്കുകയും 2026 മെയ് 25-ന് നിയമമായി പ്രാബല്യത്തിൽ വരികയും ചെയ്ത The Transgender (Protection of Rights) Amendment Bill 2026 എന്ന ഭേദഗതിയെ ട്രാൻസ് പൗരർക്കെതിരെ പൂർവ്വാധികം മൂർച്ചപ്പെടുത്തുക എന്നുള്ളതും ഇവരുടെ ഹർജിയുടെ ലക്ഷ്യമാണ്.
2026 മാർച്ചിൽ പാർലമെന്റ് പാസാക്കുകയും 2026 മെയ് 25-ന് നിയമമായി പ്രാബല്യത്തിൽ വരികയും ചെയ്ത The Transgender (Protection of Rights) Amendment Bill 2026 എന്ന ഭേദഗതിയെ ട്രാൻസ് പൗരർക്കെതിരെ പൂർവ്വാധികം മൂർച്ചപ്പെടുത്തുക എന്നുള്ളതും ഇവരുടെ ഹർജിയുടെ ലക്ഷ്യമാണ്.

2026-ലെ നിയമപ്രകാരം, ഒരു വ്യക്തിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്, ലിംഗത്തെക്കുറിച്ചുള്ള ആന്തരികബോധം, അല്ലെങ്കിൽ സ്വയം നിർണ്ണയാവകാശം എന്നിവ തിരിച്ചറിയൽ രേഖകളിൽ മാറ്റം വരുത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി ഇനി പരിഗണിക്കപ്പെടില്ല. ഈ ഭേദഗതി 'ട്രാൻസ്‌ജെൻഡർ' എന്നതിന്റെ നിർവചനം ഇതിനകം ചുരുക്കുകയും, ട്രാൻസ് സ്ത്രീകൾ, ട്രാൻസ് പുരുഷന്മാർ തുടങ്ങിയ വിഭാഗങ്ങളെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഇപ്പോൾ വൈദ്യപരമായ സ്ഥിരീകരണം (മെഡിക്കൽ വെരിഫിക്കേഷൻ) നിർബന്ധമാണ്. മെഡിക്കൽ വെരിഫിക്കേഷൻ തുടർന്ന് കോടതി വഴിയാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ട്രാൻസ് സ്ത്രീകളെയും ട്രാൻസ് പുരുഷന്മാരെയും ഈ ഭേദഗതിയാൽ നിയമപരമായി ഒഴിവാക്കിയിട്ടുണ്ടെന്നും, ജന്മനാ ശാരീരിക വ്യതിയാനങ്ങളോടെ ജനിച്ച വ്യക്തികളെയും, നിർബന്ധിത ശസ്ത്രക്രിയ മൂലമോ, ലിംഗഛേദനം മൂലമോ ലിംഗവ്യത്യാസമുള്ളവരെ മാത്രമേ ഈ നിയമം ഇപ്പോൾ ഉൾക്കൊള്ളുന്നുള്ളൂ എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ നിയമത്തിന്റെ സാധുത സുപ്രീം കോടതി പരിശോധിച്ചുവരുന്ന സാഹചര്യത്തിലാണ് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യയുടെ സ്ത്രീ-സംരക്ഷണം, ജൈവശാസ്ത്രപരമായ സ്ത്രീകളുടെ അവകാശങ്ങൾ (biological women's rights) എന്നും മറ്റുമുള്ള വ്യാജേന ട്രാൻസ്‌ഫോബിക് ആയിട്ടുള്ള ഇവരുടെ ഹർജി സമർപ്പിച്ചിരിക്കുന്നത്. ട്രാൻസ് വ്യക്തികളെ ഉൾക്കൊള്ളുന്ന ഫെമിനിസത്തിന്റെ വക്താക്കൾ (Trans-inclusionary feminism) എന്ന നിലയിൽ, ട്രാൻസ് സ്ത്രീകളെ നിയമപരമായ തുല്യ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ "ഫെമിനിസ്റ്റ്" എന്ന ലേബലിനെ ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങൾ, ആൽത്തിയ സ്ത്രീസൌഹൃദ കൂട്ടായ്‌മ, ശക്തമായി അപലപിക്കുന്നു.

ട്രാൻസ് -ഇൻക്ലൂഷണറി ഫെമിനിസത്തെ കോടതിയിൽ വെല്ലുവിളിക്കുന്നതിനായി, "വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ" പല "ഉദാഹരണങ്ങളും" ഹർജിയിൽ സമർപ്പിച്ചിട്ടുണ്ട്. "അഞ്ജലി ഗുരു സഞ്ജന ജാൻ v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര" എന്ന കേസിൽ ബോംബെ ഹൈക്കോടതി സ്ത്രീകൾക്കായി സംവരണം ചെയ്ത ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ട്രാൻസ് സ്ത്രീയെ അനുവദിച്ച വിധി; കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 നവംബറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ, സ്ത്രീകൾക്കായി റൊട്ടേഷൻ അടിസ്ഥാനത്തിൽ സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ രണ്ട് ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥികൾക്ക് അനുമതി നൽകിയ വിധി; തമിഴ്‌നാട്ടിലെ ഒരു പൊതുജനാരോഗ്യ റിക്രൂട്ട്‌മെന്റ് കേസിൽ ഒരു ട്രാൻസ് സ്ത്രീയെ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിച്ച വിധി; കേരളത്തിൽ നാഷണൽ കേഡറ്റ് കോർപ്സ് (NCC) ഗേൾസ് ഡിവിഷനിൽ ഒരു ട്രാൻസ് യുവതിയെ ചേരാൻ അനുവദിച്ച വിധി; കേരളത്തിൽ ഒരു ട്രാൻസ് കായിക താരം വനിതാ സംസ്ഥാനതല ജൂഡോ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്ത വിധി എന്നിങ്ങനെയുള്ള കോടതി വിധികൾ ജൈവശാസ്ത്രപരമായ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയുള്ള വിധികളായി ഈ ഹർജിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ഈ നിയമവിധികൾ, ലിംഗപരമായ സ്വയം നിർണ്ണയം, സിസ് സ്ത്രീകൾക്കായി നിയമപരമായി സംവരണം ചെയ്തിരിക്കുന്ന രാഷ്ട്രീയ, കായിക, സ്ഥാപന ചട്ടക്കൂടുകളിൽ ട്രാൻസ് സ്ത്രീകൾ നിയമവിരുദ്ധമായി കടന്നുകയറ്റം നടത്തുന്നുവെന്നതിന്റെ ഉദാഹരണങ്ങളായി ഇവർ വാദിക്കുന്നു. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിലുടനീളം ട്രാൻസ്‌ജെൻഡർ അവകാശങ്ങളുടെ കാര്യത്തിൽ കൈവരിച്ച വിപ്ലവകരമായ പുരോഗതിയെ അട്ടിമറിക്കുക എന്നതാണ് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യയുടെ ഈ പൊതുതാൽപ്പര്യ ഹർജിയുടെ ലക്‌ഷ്യം എന്നുള്ളത് ഏവർക്കും വ്യക്തമാണ്.

സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു പോലെ അവകാശമുള്ളതാണ്. ട്രാൻസ് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നത് സിസ് സ്ത്രീകളുടെ അവകാശങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ട്രാൻസ് സ്ത്രീകളും സ്ത്രീകളാണ്. എല്ലാ സിസ് സ്ത്രീകളും അവരുടെ സ്ത്രീത്വം അനുഭവിക്കുന്നതോ അറിയിപ്പിക്കുന്നതോ ഒരു പോലെയല്ല. സിസ് സ്ത്രീകളിൽ ആർത്തവം ഇല്ലാത്തവരുണ്ട്. ഗർഭം ധരിക്കാത്തവരുണ്ട്. മാറിടം വളരാത്തവരുണ്ട്. മുഖത്ത് രോമമുള്ളവരുണ്ട്. ഘനമുള്ള ശബ്ദമുള്ളവരുണ്ട്. ഇവർ ഇക്കാരണങ്ങൾ കൊണ്ട് സ്ത്രീകൾ അല്ലാതാകുന്നില്ല. അതുപോലെ ട്രാൻസ് സ്ത്രീകളും അവരുടെ സ്ത്രീത്വം അനുഭവിക്കുന്നതോ അറിയിപ്പിക്കുന്നതോ സിസ് സ്ത്രീകളെപ്പോലെ തന്നെയായിരിക്കണം എന്ന നിർബന്ധത്തിന് സാധുതയില്ല.

അഞ്ജലി ഗുരു സഞ്ജന ജാൻ.
അഞ്ജലി ഗുരു സഞ്ജന ജാൻ.

എന്നാൽ, സ്ത്രീകൾ സ്ത്രീകളായി സ്വയം തിരിച്ചറിയുന്നു എന്നതും, സ്ത്രീകളായിത്തന്നെയാണ് ഈ ലോകത്ത് ജീവിക്കുന്നത് എന്നതും സ്ത്രീകൾക്കിടയിലുള്ള പൊതുവായ വസ്തുതയാണ്. ഇതുകൂടി ചേർത്താലോ- സിസ് വനിതകൾക്കും ട്രാൻസ് വനിതകൾക്കും വ്യത്യസ്തമായ ആവശ്യങ്ങൾ ഉണ്ടാകുമെന്നത് തീർച്ച തന്നെ. പക്ഷേ ആ വ്യത്യസ്തത ട്രാൻസ് വനിതകളെ സ്ത്രീകൾ എന്ന സംവർഗത്തിൽ നിന്നും അപ്പാടെ പുറന്തള്ളുന്നതിനെ ന്യായീകരിക്കുന്നില്ല. ഇരുകൂട്ടരും പല ആവശ്യങ്ങളും പങ്കിടുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. എല്ലാത്തിനുമുപരി, സിസ് സ്ത്രീകളെപ്പോലെതന്നെ ട്രാൻസ് സ്ത്രീകൾക്കും പൊതുശബ്ദത്തെയും സ്ത്രീകളെന്ന പൊതുസംവർഗത്തെയും പ്രതിനിധീകരിക്കാൻ കഴിയുമെന്ന വാസ്തവത്തെ വ്യത്യസ്തതകളിന്മേലുള്ള അമിതമായ ഈ ഊന്നൽ ഇരുട്ടിലാഴ്ത്തുന്നു.

എന്നുമാത്രമല്ല, ഒരുമാതിരിപ്പെട്ട എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ലിംഗവിവേചനത്തിന് (sexism) ഇരയായിട്ടുള്ളവരാണ്. പലരും പതിവായി ഇരയാവുന്നുമുണ്ട്. ഇതിനെതിരെയാണ് ഫെമിനിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും, ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതും. ട്രാൻസ് സ്ത്രീകളെ സിസ് സ്ത്രീകളിൽ നിന്ന് വേർതിരിച്ച് ഒരു പ്രത്യേക വിഭാഗമായി മാറ്റാൻ നിർബന്ധിക്കുന്നത്, ലിംഗവിവേചനം അവസാനിപ്പിക്കുക, പുരുഷമേൽക്കോയ്മയെ അസാധുവാക്കുക എന്ന ഫെമിനിസത്തിന്റെ പ്രധാന ലക്ഷ്യം കൈവരിക്കാൻ ഒട്ടും സഹായിക്കില്ല.

ശാരീരിക സ്വയംഭരണം, അന്തസ്സ്, സ്വയം ലിംഗസ്വത്വ നിർണ്ണയാവകാശം എന്നിവ എല്ലാ വ്യക്തികൾക്കും അവകാശപ്പെട്ട അടിസ്ഥാന അവകാശങ്ങളാണെന്ന് ഭരണഘടനാപരവും മനുഷ്യാവകാശപരവുമായ ചട്ടക്കൂടുകൾ ആഗോളതലത്തിൽ അംഗീകരിക്കുന്നു. ട്രാൻസ് പൗരരെ നിയമപരമായി അംഗീകരിക്കുന്നതും, അവർക്ക് ലിംഗഭേദമില്ലാതെയുള്ള ഇടങ്ങളിലേക്ക് പ്രവേശനം തുറന്നു കൊടുക്കുന്നതും ട്രാൻസ്‍മനുഷ്യാവകാശമാണ്. ഈ മനുഷ്യാവകാശം ജീവശാസ്ത്രപരമായ ലിംഗഭേദത്തിന്റെ പേരിൽ നിയന്ത്രിക്കുന്നത് ട്രാൻസ് വ്യക്തികളെ ഭരണപരമായും നിയമപരമായുള്ള അദൃശ്യതയിലേക്ക് തള്ളി നീക്കുന്നു. വ്യവസ്ഥാപരമായ അക്രമത്തിനും സാമൂഹിക പാർശ്വവൽക്കരണത്തിനും സ്ഥാപനപരമായ വിവേചനത്തിനുമെതിരെ പോരാടാനുള്ള അവരുടെ അവകാശങ്ങളെ, അവസരങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. യഥാർത്ഥ ലിംഗ നീതിക്ക്, പാർശ്വവൽക്കപ്പെട്ട ഒരു സമൂഹത്തെ ഒഴിവാക്കാൻ നിയമപരമായ ചട്ടക്കൂടുകളെ ആയുധമാക്കുന്നതിനുപകരം, പുരുഷാധിപത്യ ഘടനകളെ പൊളിച്ചുമാറ്റുന്നതിനും എല്ലാ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെയും അവകാശങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഒരു ഇന്റർസെക്ഷണൽ സമീപനം ആവശ്യമാണ്.

  • പുരോഗമനപരമായ ട്രാൻസ്‌ജെൻഡർ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഇന്ത്യയിൽ തന്നെ മുൻപന്തിയിലുള്ള കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിനോട് ആൽത്തിയ സ്ത്രീസൗഹൃദ കൂട്ടായ്‌മ, ട്രാൻസ്‌ജെൻഡർ പൗരരെ നീതിയോടും ന്യായത്തോടും കൂടി സംരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

  • ട്രാൻസ്‌ജെൻഡർ വ്യക്തികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നിയമനിർമ്മാണങ്ങളെയും, അവരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നീതിന്യായ ഇടപെടലുകളെയും തടയുന്ന ഒരു ഭരണഘടനാപരമായ മോഡൽ സംരക്ഷണ കവചമായി കേരള സർക്കാർ നിലകൊള്ളണമെന്ന് ഞങ്ങൾ അടിയന്തിരമായി അഭ്യർത്ഥിക്കുന്നു.

  • സ്വന്തം ലിംഗസ്വത്വം സ്വയം തിരിച്ചറിയാനുള്ള മൗലികാവകാശം എടുത്തുകളയുകയും, അതിനുപകരം സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ ബോർഡുകളുടെ കടന്നുകയറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന, കേന്ദ്ര സർക്കാരിന്റെ പിന്തിരിപ്പൻ The Transgender (Protection of Rights) Amendment Bill 2026-നെ തള്ളിക്കളഞ്ഞുകൊണ്ട് കേരള സർക്കാർ ഒരു നിയമസഭാ പ്രമേയം പാസാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

  • കൂടാതെ, 'വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ' സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള മേൽപ്പറഞ്ഞ പൊതുതാൽപ്പര്യ ഹർജിക്കെതിരെ കേരളം ഔദ്യോഗികമായി ഇടപെടുകയും, അതിനെ ശക്തമായി എതിർക്കുകയും വേണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

2014-ലെ സുപ്രധാന 'നാൽസ' (NALSA) വിധി അട്ടിമറിക്കാനും, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ട്രാൻസ്‌ജെൻഡർ പ്രാതിനിധ്യം, കായികരംഗത്തെ നേട്ടങ്ങൾ, നാഷണൽ കേഡറ്റ് കോർപ്സിലെ (NCC) പ്രവേശനം തുടങ്ങി കേരളം കൈവരിച്ച ചരിത്രപരമായ മുന്നേറ്റങ്ങളെ ഇല്ലാതാക്കുവാനുമാണ് വിമൻസ് ഡിക്ലറേഷൻ ഇന്റർനാഷണൽ ഇന്ത്യ-യുടെ പൊതുഹർജി ശ്രമിക്കുന്നത്. ഫെമിനിസ്റ്റ് ഐക്യത്തെ തകർക്കുന്ന, ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഒഴിവാക്കുന്ന തെറ്റായ വാദഗതികളാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്.

ട്രാൻസ് പൗരരെ നിയമപരമായി അംഗീകരിക്കുന്നതും,  അവർക്ക് ലിംഗഭേദമില്ലാതെയുള്ള ഇടങ്ങളിലേക്ക് പ്രവേശനം തുറന്നു കൊടുക്കുന്നതും ട്രാൻസ്‍മനുഷ്യാവകാശമാണ്.
ട്രാൻസ് പൗരരെ നിയമപരമായി അംഗീകരിക്കുന്നതും, അവർക്ക് ലിംഗഭേദമില്ലാതെയുള്ള ഇടങ്ങളിലേക്ക് പ്രവേശനം തുറന്നു കൊടുക്കുന്നതും ട്രാൻസ്‍മനുഷ്യാവകാശമാണ്.

യഥാർത്ഥ ലിംഗനീതി എന്നത് ഒരു പക്ഷത്തിന് നേട്ടമുണ്ടാകുമ്പോൾ മറ്റേ പക്ഷത്തിന് നഷ്ടമുണ്ടാകുന്ന (zero-sum game) ഒന്നല്ല; അതിനാൽ സംസ്ഥാനതലത്തിൽ സ്വയം ലിംഗസ്വത്വം പ്രഖ്യാപിക്കാനുള്ള സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ട്, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ശാരീരിക സ്വയംഭരണാധികാരം, ഉപജീവനമാർഗ്ഗം, അന്തസ്സ് എന്നിവ സംരക്ഷിക്കാൻ കേരളം മുന്നിട്ടിറങ്ങണമെന്ന് ആൽത്തിയ സ്ത്രീസൗഹൃദ കൂട്ടായ്മ ആത്യന്തികമായി ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു.


Summary: Althiya Women’s Collective says the PIL threatens transgender people’s constitutional rights, bodily autonomy and legal recognition.


‘ആൽത്തിയ’

സ്ത്രീസാഹോദര്യസംഘം: മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന, ഗായത്രി ദേവി.

Comments