കോയമ്പത്തൂരിൽ വെച്ച് തനിക്ക് നേരെയുണ്ടായ ഒരതിക്രമത്തെ കുറിച്ച്, ഒരു രാത്രി ചിഞ്ചു അശ്വതി രാജപ്പൻ(ആനന്ദ്) പറഞ്ഞുതന്നിട്ടുണ്ട്. ആ മുറിപ്പാട് ചിഞ്ചുവിന്റെ കണ്ണിന് കുറുകെ ഇപ്പോഴുമുണ്ട്. കഴുത്തിലേക്ക് നീളുന്ന ഒന്ന്.
ചിഞ്ചു പറയും ; “ഈ പാടുകളൊന്നുമായല്ല ഞാൻ ജനിച്ചത്, ഇതെനിക്ക് ഈ സമൂഹം തന്നതാണ്.”
2010 മെയ് 10-നാണ് സ്വീറ്റ് മരിയ (അനിൽ) കൊലചെയ്യപ്പെട്ടത്. തൊണ്ടയിലും വയറ്റിലും കീറലുകളുണ്ടായിരുന്നു. പിന്നീട് ഗൗരി കൊല ചെയ്യപ്പെട്ടു. ശാലു കോഴിക്കോട് വെച്ച് കൊല്ലപ്പെട്ടു. കൺവേഷൻ തെറാപ്പിയെ തുടർന്ന് അഞ്ജന ഹരീഷ് ആത്മഹത്യ ചെയ്തു. നാലു മാസം മുന്നേ,പത്തനംതിട്ടയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ താല്പര്യപ്പെട്ട ഇരുപത്തിയൊന്ന് വയസ്സുള്ള ട്രാൻസ് വ്യക്തിയെ സ്വന്തം സഹോദരൻ തലയ്ക്കടിച്ചു കൊന്നു.
പക്ഷേ ഈ മരണങ്ങളൊന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ യാതൊരു ഇളക്കവുമുണ്ടാക്കിയില്ല.
കഴിഞ്ഞ മാസം ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണം അന്ന് ഒരു തരത്തിലുള്ള മാധ്യമ ശ്രദ്ധയും നേടിയില്ല. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തിയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ചയ്ക്കെടുത്തതുമില്ല.
ഇതിന്റെ, തുടർച്ചയിലാണ് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ക്വിയർ ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് സ്ത്രീയുടെ ‛ആത്മഹത്യ’യെയും സ്ഥാനപ്പെടുത്തേണ്ടതെന്ന് തോന്നുന്നു. ഇന്നലെ രാത്രി കൊച്ചിയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലലാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുന്നേയാണ്, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അനന്യ ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ഈ ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതരമായ വീഴ്ച്ച അനന്യയെ വലിയ തോതിൽ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം അനന്യ മോഡറേറ്ററായുള്ള ഒരു ക്ളബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. സർജറി പരാജയമായിരുന്നെന്നും ഒട്ടും തൃപ്‌തയല്ലെന്നും അനന്യ പറഞ്ഞു. ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത വിധം വല്ലാത്ത വേദനയാണെന്നും, ദിവസവും പാഡ് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നും അവർ പറഞ്ഞു. ചർച്ചയ്ക്കിടെ, സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി. വളരെ വേദനാജനകമായിരുന്നു ആ കാഴ്ച്ച.
അനന്യയുടെ മരണം നിശ്ചയമായും ഒരു സ്ഥാപനവത്കൃത കൊലപാതമാണ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം മെഡിക്കൽ സമൂഹത്തിനും ട്രാൻസ്ജെൻഡർ പോളിസി നിലനിൽക്കുന്ന സംസ്ഥാനത്തിനും സർക്കാരിനുമുണ്ട്. ഹോർമോൺ തെറാപ്പിയും ലിംഗമാറ്റ സർജറിയും ട്രാൻസ് മനുഷ്യരുടെ അടിസ്ഥാന ആവശ്യ(അവകാശ)ങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും അരികുവത്കരിക്കപ്പെട്ട ട്രാൻസ് കമ്യൂണിറ്റിയിലെ വ്യക്തികൾ ഭീമമായ പണം കെട്ടിവെച്ചാണ് ലിംഗമാറ്റസർജറിക്ക് വിധേയരാകുന്നത്. നിലവിൽ സർജറിയ്ക്ക് ശേഷമാണ് ഗവണ്മെന്റ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഇതോടെ, സ്റ്റേറ്റിന്റെ ഉത്തരവാദിത്തം തീരാൻപാടില്ല. സർജറികളുടെ വിജയനിലവാരവും മറ്റും ന്യായമായും അന്വേഷിക്കേണ്ടതുണ്ട്.
ഡോ.വീണ ജെ.എസ്. ഫേസ്ബുക്കിൽ എഴുതുന്നു;“ട്രാൻസ് ജന്റർ മനുഷ്യർക്ക് സെക്സ് reassignment സർജറി നടത്തി ഭീമമായി കാശ് വാങ്ങുന്ന എല്ലാ ആശുപത്രികളിലെയും ഡോക്ടർമാർ എവിടെ നിന്നാണ് അതിൽ പരിശീലനം ലഭ്യമാക്കിയത് എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നു ഇവിടെ. അവരുടെ സർജറികളുടെ വിജയനിലവാരം സർജറിക്ക് വിധേയരായ മനുഷ്യരുടെ ഫീഡ് ബാക്കിലൂടെ തന്നെ വിലയിരുത്തേണ്ടതുണ്ടായിരുന്നു ഇവിടെ. സർക്കാർ ആശുപത്രികളിലെ സർജറി വിഭാഗം ഡോക്ടർമാരെ ഉന്നതകേന്ദ്രങ്ങളിലേക്ക് അയച്ചു കൃത്യമായ പരിശീലനം നൽകേണ്ടതുണ്ടായിരുന്നു ഇവിടെ. കോവിഡ് കാലത്തു പോലും oppressed വിഭാഗങ്ങളുടെ സ്വാസ്ഥ്യം എന്നത് സ്റ്റേറ്റിന്റെ കടമ മാത്രമാണ്. ഓരോ രക്തസാക്ഷികൾ ഉണ്ടായിക്കൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടടത്. രക്തസാക്ഷികൾ ഉണ്ടാകാതെ തന്നെ മാറ്റങ്ങൾ വരാനുള്ള കാലം അതിക്രമിച്ചിട്ടുണ്ട്. അനന്യയുടെ മരണകാരണം എന്തോ ആയിക്കൊള്ളട്ടെ. മരിക്കും മുന്നേവരെ അവർ അവരുടെ ശരീരത്തിൽ ചെയ്ത സർജറിയോട് പൊരുത്തപ്പെട്ടിരിന്നില്ലെന്ന് മാത്രമല്ല, അതിൽ വളരെയധികം അതൃപ്തയും സങ്കടമുള്ളവളും ആയിരുന്നു എന്ന് അറിയാൻ കഴിയുന്നു.”
വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോനോർമാറ്റീവായ ഒരു വ്യവസ്‌ഥയ്ക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഈ വ്യവസ്ഥയുടെ മീതെയാണ് ക്വിയർ മനുഷ്യർ നേരിടുന്ന സാമൂഹികമായ പുറന്തള്ളലുകളെ മനസ്സിലാക്കേണ്ടത്.
അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാൻ ഞാനില്ല. അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ.
റെനേ മെഡിസിറ്റിയും ട്രാൻസ്ഫോബിക്കായ മെഡിക്കൽ സമൂഹവും ഈ മരണത്തിൽ കണക്ക് പറയേണ്ടതുണ്ട്.
അനന്യക്ക് നീതി കിട്ടേണ്ടതുണ്ട്.