Photo: UN Independent Expert on Sexual Orientation & Gender Identity

‘സ്വയം വെറുത്ത് ഞാൻ കഴിച്ചുകൂട്ടിയ ദിനങ്ങൾ' കൺവേർഷൻ തെറാപ്പി എന്ന കുറ്റകൃത്യം

തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്റെയും ജെന്ററിന്റെയും പേരിൽ കൺവേർഷൻ തെറാപ്പി എന്ന നിയമ വിരുദ്ധ പ്രവൃത്തിക്ക് ഇരയാകുന്നവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ

‘‘ഞാൻ പാപം ചെയ്തിരിക്കുന്നു. ഞാൻ ഒരു സ്വവർഗാനുരാഗിയാണ്. സ്വർഗരാജ്യം എനിക്ക് നിഷിദ്ധമാണ്. ജീസസ് എന്നെ വെറുക്കുന്നു''; തനിക്ക് നൽകപ്പെട്ട ചെറിയ കണ്ണാടിയിലേക്ക് നോക്കി പാപഭാരം പേറിയ മനസ്സോടെ ധ്യാനകേന്ദ്രത്തിൽനിന്ന് പഠിപ്പിച്ച ആ പ്രാർത്ഥന അലക്‌സ് (യഥാർഥ പേരല്ല) ഉരുവിട്ടു.
​കോട്ടയം- ഏറ്റുമാനൂർ ഹൈവേയിൽ സ്ഥിതിചെയ്യുന്ന അടിച്ചിറയിലെ പരിത്രാന ധ്യാനകേന്ദ്രത്തിൽ കൺവേർഷൻ തെറാപ്പിക്ക് അഡ്മിറ്റ് ചെയ്യപ്പെട്ട 33 തടവുകാരിൽ ഒരാളാണ് അലക്‌സ്. വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ഓഫ് ഇന്ത്യയാണ് 1990ൽ സ്ഥാപിതമായ ഈ ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പുകാർ.
തന്റെയുള്ളിൽ അന്തർലീനമായ സ്വവർഗ ലൈംഗികതയോടുള്ള ഭീതിയാണ് അലക്‌സിനെ പരിത്രാനയിൽ കൊണ്ടെത്തിച്ചത്. 2019 ജൂലൈയിൽ ഒരു സുഹൃത്തുവഴി അലക്‌സ് ഈ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടു. 21 ദിവസത്തെ കോഴ്‌സിൽ ചേരാൻ അനുവദിക്കുകയും ധ്യാനകേന്ദ്രത്തിലേക്ക് വരുമ്പോൾ ഒരു ബൈബിളും, നോട്ടുബുക്കും ഒരു വെള്ളഷർട്ടും കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.

അവർ ഞങ്ങളുടെ ലൈംഗിക മുൻഗണനകളെക്കുറിച്ചും ലൈംഗിക രീതികളെക്കുറിച്ചും സംസാരിക്കുകയും ലെസ്ബിയൻ, പോൺ വീഡിയോകൾ കാണാൻ ഉപദേശിക്കുകയും ചെയ്യും.

ധ്യാനകേന്ദ്രത്തിൽ നിന്ന് കുറച്ചകലെ ആൾത്താമസമില്ലാത്ത സ്ഥലത്തെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഈ സ്വവർഗ ലൈംഗികതാ പരിവർത്തന കേന്ദ്രം എന്ന് അലക്‌സ് പറഞ്ഞു. 25,000 രൂപ ഫീസടച്ച് സമ്മതപത്രത്തിൽ ഒപ്പിട്ട് അദ്ദേഹത്തെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. ""ഞങ്ങളുടെ പേര്, പ്രായം, സ്ഥലം, ലൈംഗിക ആഭിമുഖ്യം (സ്വവർഗാനുരാഗി/ ബൈസെക്ഷ്വൽ) എന്നിവ പറഞ്ഞുകൊണ്ടായിരുന്നു പരിചയപ്പെടുത്തൽ സെഷൻ. "ഞാൻ ഒരു പാപിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കേണ്ടത്'; അലക്‌സ് പറഞ്ഞു. വിവിധ മതവിശ്വാസികളായ അന്തേവാസികളെല്ലാവരും 18-27 വയസുകാരാണ്.

പരിത്രാന ധ്യാനകേന്ദ്രം

""പരസ്പരം സംവദിക്കാനോ സ്പർശിക്കാനോ ഞങ്ങളെ അനുവദിച്ചില്ല. ഒഴിവുസമയങ്ങളിൽ പരിശുദ്ധ മറിയത്തിന്റെ ഫോട്ടോക്കുമുന്നിൽ ജപമാലകളോടെ പ്രാർത്ഥിക്കാൻ അവർ ഞങ്ങളെ ഉപദേശിച്ചു, അലക്‌സ് ഓർക്കുന്നു. ദിവസവും, ഒരു പുതിയ പാസ്റ്റർ കൗൺസിലിംഗ് സെഷൻ നടത്തി. അവരിൽ ഭൂരിഭാഗവും യോഗ്യതയുള്ള മനഃശാസ്ത്രജ്ഞർ അല്ലെങ്കിൽ സൈക്യാട്രിസ്റ്റുകൾ ആണെന്ന് അവകാശപ്പെട്ടു. തങ്ങൾ മുമ്പ് സ്വവർഗാനുരാഗികളായിരുന്നുവെന്നും യേശുവിന്റെ പാതയിൽ പ്രവേശിച്ചപ്പോഴാണ് പരിവർത്തനമുണ്ടായത് എന്നും ഈ പാസ്റ്റർമാർ പറഞ്ഞു. ""ദിവസവും രാവിലെ 8.15 നും 9.30 നും ഇടയിൽ പൗരുഷവും ആത്മവിശ്വാസവും വർധിക്കാനുള്ള വ്യായാമങ്ങൾ ചെയ്യാൻ പുരുഷതടവുകാർക്ക് നിർദ്ദേശം നൽകി. സ്വകാര്യ കൗൺസിലിംഗ് സെഷനുകളിൽ, അവർ ഞങ്ങളുടെ ലൈംഗിക മുൻഗണനകളെക്കുറിച്ചും ലൈംഗിക രീതികളെക്കുറിച്ചും സംസാരിക്കുകയും ലെസ്ബിയൻ, പോൺ വീഡിയോകൾ കാണാൻ ഉപദേശിക്കുകയും ചെയ്യും. ലെസ്ബിയൻസിനോട് ഗേ പോൺ കാണാനും പറഞ്ഞു''; അലക്‌സ് പറഞ്ഞു.

നൂറിലധികം രാജ്യങ്ങളിൽ നിന്ന് കൺവേർഷൻ തെറാപ്പിയെ അതിജീവിച്ച 8,000 പേരിൽ 98% പേരും ഈ തെറാപ്പി ശാരീരികമോ മാനസികമോ ആയ ദുരിതം വരുത്തിയെന്ന് വെളിപ്പെടുത്തി; രക്ഷപ്പെട്ടവരിൽ 5.9% പേർക്ക് വിഷാദരോഗം, 4.5% പേർക്ക് ആത്മഹത്യ ചിന്ത, 2.9% പേർക്ക് ആത്മഹത്യ ശ്രമം, 1.8% പേർക്ക് സ്ഥിരമായ ശാരീരിക ഉപദ്രവം എന്നിവ റിപ്പോർട്ട് ചെയ്തു.

കോഴ്സ് പൂർത്തിയാക്കിയ ശേഷം അലക്സിന് കടുത്ത കുറ്റബോധം അനുഭവപ്പെടുകയും പതിവായി പൊട്ടിക്കരയാനും തുടങ്ങി. ഒരു ഹെട്രൊസെക്ഷ്വൽ ആയി നടിച്ചുജീവിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തെറാപ്പി പൂർത്തിയാക്കിയവർക്ക് ധ്യാനകേന്ദ്രത്തിലെ സ്റ്റാഫുകൾ ടെസ്റ്റോസ്റ്റിറോൺ ഉപയോഗിക്കാൻ നിർദേശം നൽകി എന്ന് അലക്‌സ് ആരോപിച്ചു. മാസങ്ങൾക്കുശേഷം, തന്നോടൊപ്പം കേന്ദ്രത്തിലെ പരിവർത്തന ചികിത്സയിൽ പങ്കെടുത്ത മറ്റ് തടവുകാരെ കണ്ടെത്താൻ അലക്‌സ് ശ്രമിച്ചു. അവരിൽ ഭൂരിഭാഗവും വീട്ടിൽനിന്ന് ഓടിപ്പോയതായും കുറച്ചുപേർ ആത്മഹത്യ ചെയ്തതായും മറ്റൊരു തടവുകാരൻ അച്ഛനെയും അമ്മയെയും കൊന്നതിന് ജയിലിലാണെന്നും അദ്ദേഹം കണ്ടെത്തി. ""ഈ കോഴ്സ് പലരുടെയും മനസ്സിൽ ഒരു ആഘാതമുണ്ടാക്കി, നമ്മുടെ ഉള്ളിൽ ഒരു പിശാചുണ്ടെന്ന് തോന്നിപ്പിച്ചു, നാമെല്ലാവരും പാപികളാണെന്ന ആശയം അവശേഷിപ്പിക്കുകയും ചെയ്തു,'' അദ്ദേഹം പറയുന്നു.

കൺവേർഷൻ തെറാപ്പിയിലെ ചതി

അലക്‌സടക്കം നിരവധി പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്റെയും ജന്ററിന്റെയും പേരിൽ കൺവേർഷൻ തെറാപ്പി എന്ന നിയമ വിരുദ്ധ പ്രവൃത്തിക്ക് വിധേയമാകുന്നത്. യു.എൻ. മനുഷ്യാവകാശ കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ""ഒരു വ്യക്തിയുടെ ലൈംഗികാഭിമുഖ്യം അല്ലെങ്കിൽ ലിംഗസ്വത്വം മാറുമെന്നും മാറ്റാമെന്നും വിശ്വസിപ്പിച്ച് അതിനുവേണ്ടി നടത്തുന്ന മാനസികവും ശാരീരികവുമായ പലതരം പ്രവൃത്തികളെയാണ് കൺവേർഷൻ തെറാപ്പി എന്നുവിളിക്കുന്നത്. ഗേ, ലെസ്ബിയൻ അല്ലെങ്കിൽ ബൈ സെക്ഷ്വൽ ആയവരെ ഹെട്രൊ സെക്ഷ്വലായും ട്രാൻസ്‌ജെന്റർ ആയവരെ സിസ്‌ജെൻഡർ ആയും മാറ്റുന്നതിനാണ് ഇത്തരം രീതികൾ ലക്ഷ്യമിടുന്നത്''.

കൺവേർഷൻ തെറാപ്പിയുമായി ബന്ധപ്പെട്ട IESOGI യുടെ പഠന റിപ്പോർട്ടിൽ നിന്ന്.

ഹോർമോൺ തെറാപ്പി, കെമിക്കൽ കാസ്‌ട്രേഷൻ, സർജിക്കൽ കാസ്‌ട്രേഷൻ, masturbation reconditioning, ജനനേന്ദ്രിയങ്ങളിലേക്ക് വൈദ്യുതാഘാതം ഏൽപിക്കൽ, ഓക്കാനമുണ്ടാക്കുന്ന മരുന്നുകൾ, തിരുത്തൽ ബലാത്സംഗങ്ങൾ, രഹസ്യമായ സെൻസിറ്റൈസേഷൻ രീതികൾ എന്നിവ "കൺവേർഷൻ തെറാപ്പി'ക്കായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് 1977 ൽ മദ്രാസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ മാനസിക- ആരോഗ്യ വിദഗ്ധർ നാല് ചെറുപ്പക്കാരെ anticipatory avoidance സാങ്കേതികത ഉപയോഗിച്ച് ചികിത്സിച്ചതാണ്.

കൺവേർഷൻ തെറാപ്പി ഫലപ്രദമല്ലെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുണ്ട്; മാത്രമല്ല ഇത് അഭികാമ്യമല്ലെന്ന് ഒരുപാട് ആളുകളുടെ ജീവിതാനുഭവങ്ങൾ തെളിയിക്കുന്നു. Independent Expert on sexual orientation and gender identity (IESOGI ) യുടെ പഠനത്തിൽ പങ്കെടുത്ത, നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഈ തെറാപ്പിയെ അതിജീവിച്ച 8,000 പേരിൽ 98% പേരും ഈ തെറാപ്പി ശാരീരികമോ മാനസികമോ ആയ നാശനഷ്ടം വരുത്തിയെന്ന് വെളിപ്പെടുത്തി; രക്ഷപ്പെട്ടവരിൽ 5.9% പേർക്ക് വിഷാദരോഗം, 4.5% പേർക്ക് ആത്മഹത്യ ചിന്ത, 2.9% പേർക്ക് ആത്മഹത്യ ശ്രമം, 1.8% പേർക്ക് സ്ഥിരമായ ശാരീരിക ഉപദ്രവം എന്നിവ റിപ്പോർട്ട് ചെയ്തു.

പല പ്രമുഖ മാനസികരോഗ സംഘടനകളും കൺവേർഷൻ തെറാപ്പി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ലോകാരോഗ്യ സംഘടനയും സ്വവർഗരതിയെ ഒരു രോഗമായി തരംതിരിക്കുന്നില്ല

ഹെട്രോസെക്ഷ്വൽ ഫാന്റസി

2014 ൽ കൺവേർഷൻ തെറാപ്പിക്ക് നിർബന്ധിതയായ ആൻ മാരി* (യഥാർഥ പേരല്ല) എന്ന ട്രാൻസ്‌വുമൺ ഈ തെറാപ്പിയെ ഒരു ഹെട്രോസെക്ഷ്വൽ ഫാന്റസി എന്നാണ് വിശേഷിപ്പിച്ചത്. 2014 ൽ മൂന്നുമാസത്തെ ചികിത്സക്ക് ആനിനെ തിരുവനന്തപുരത്തെ ഒരു ഡീ- അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോയി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആൻ അവിടുത്തെ ഹിജ്റ സമുദായത്തിനൊപ്പം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി എന്ന അഭ്യൂഹം കേട്ടപ്പോഴാണ് വീട്ടുകാർ ബലം പ്രയോഗിച്ച് ഡീ- അഡിക്ഷൻ സെന്ററിലെത്തിച്ചത്. ഈ സ്ഥാപനത്തിന്റെ പ്രധാന ഫണ്ടിംഗ് സ്രോതസ് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ഗ്രാന്റാണ് എന്നാണ് അവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

ഏതാണ്ട് നാലു മീറ്റർ ഉയരമുള്ള മതിലിനാൽ ചുറ്റപ്പെട്ട ആ സെന്ററിന് ദുർബലരായ വ്യക്തികളെ പീഡിപ്പിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രതീതിയാണുള്ളത് എന്ന് 2014 സെപ്റ്റംബറിൽ ഡിസ്ചാർജ് ചെയ്യപ്പെട്ട ആൻ പറയുന്നു: ""നാല് പുരുഷ സ്റ്റാഫുകൾ എന്റെ കൈകാലുകൾ ബന്ധിച്ചശേഷം ബലപ്രയോഗത്തിലൂടെ എന്നെ മയക്കിക്കിടത്തി. ഒരു കുത്തിവെപ്പിനെ തുടർന്ന് എനിക്ക് ബോധക്ഷയം അനുഭവപ്പെട്ടു. ഞാൻ മിക്ക ദിവസവും ഉറങ്ങുകയും ഭക്ഷണത്തിനായി മാത്രം ഉണരുകയും ചെയ്തു. എനിക്ക് ക്ഷീണവും തലകറക്കവും പതിവായി, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടതായും അനുഭവപ്പെട്ടു. പകുതി ബോധമുള്ള അവസ്ഥയിലായിരുന്നു, ധാരാളം മരുന്നുകൾ കുത്തിവച്ചു''; ആൻ പറഞ്ഞു.

ചികിത്സയ്ക്കിടെ, ഒരിക്കൽ പോലും അവർ ആനിനെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുത്തേക്കോ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്കോ കൊണ്ടുപോയില്ല. ഡൽഹിയിൽ നിന്നുള്ള ഒരു മുതിർന്ന അന്തേവാസിയുടെ ഉപദേശപ്രകാരം, ചികിത്സ സുഗമമാക്കുന്നതിന് അനുസരണയുള്ള ഒരു രോഗിയായി അഭിനയിക്കാൻ അവൾ തീരുമാനിച്ചു. അവളുടെ നിർബന്ധത്തെത്തുടർന്ന്, അവസാനം അവർ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണാൻ അനുവദിച്ചു. ആ സൈക്കോളജിസ്റ്റിനോട് ആൻ തന്റെ ജെൻഡർ ഐഡന്റിറ്റിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ടും അയാൾ അത് പരിഗണിച്ചില്ല.

അഞ്ജന ഹരീഷിന്റെ - ചിന്നു സുൽഫിക്കർ - മരണത്തിലൂടെയാണ് കേരളം വീണ്ടും കൺവേർഷൻ തെറാപ്പിയെ കുറിച്ച് ചർച്ച ചെയ്തത്. 21 വയസുകാരിയായ അഞ്ജന, 2020 മെയ് 13 ന് ഗോവയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഈ അനുഭവം ആനിന്റെ മാനസികനിലയെ മോശമായ രീതിയിൽ ബാധിച്ചു. ""ഞാൻ എല്ലാവരോടും ദേഷ്യപ്പെടുകയും വീട്ടുസാധനങ്ങളൊക്കെ അടിച്ചു തകർക്കുകയും ചെയ്തു. മിക്ക ദിവസങ്ങളിലും, ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു''; അവൾ പറഞ്ഞു. 2015 ജനുവരിയിൽ ജോലി ഏറ്റെടുക്കുന്നതിന് അവർ ഖത്തറിലേക്ക് പുറപ്പെട്ടു: ""ആറുമാസം, ഈ നടുക്കുന്ന ഓർമകൾ എന്നെ വേട്ടയാടി. ആറുമാസത്തോളം എനിക്ക് ഒന്നിനോടും ഒരു താൽപര്യവും വൈകാരിക അടുപ്പവും തോന്നിയില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട് എന്നെത്തന്നെ വെറുത്ത് ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടി,'' ആ ദിനങ്ങളെ അവൾ ഇങ്ങനെയാണ് ഓർത്തെടുത്തത്.

അഞ്ജന ഹരീഷിന്റെ മരണം

പല പ്രമുഖ മാനസികരോഗ സംഘടനകളും കൺവേർഷൻ തെറാപ്പി നിയമവിരുദ്ധമാണ് എന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ലോകാരോഗ്യ സംഘടനയും സ്വവർഗരതിയെ ഒരു രോഗമായി തരംതിരിക്കുന്നില്ല. 2016 ൽ വേൾഡ് സൈക്യാട്രിക് ഓർഗനൈസേഷൻ ""സ്വതസിദ്ധമായ ലൈംഗിക ആഭിമുഖ്യം ചികിത്സയിലുടെ മാറ്റാം എന്ന വാദത്തിന് യാതൊരു ശാസ്ത്രീയ തെളിവുമില്ല'' എന്ന് പ്രസ്താവിച്ചു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ (ഐ.പി.എസ്) കേരള ശാഖ 2020 മെയിൽ, ഒരു വ്യക്തിയെ ലൈംഗികാഭിമുഖ്യം അല്ലെങ്കിൽ ലിംഗവ്യക്തിത്വം മാറ്റുന്നതിനായി ചികിത്സിക്കാനുള്ള ഏതൊരു ശ്രമവും നീതീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് അറിയിച്ചു.

കൺവേർഷൻ തെറാപ്പിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്​ തുറന്നുപറയുകയും പിന്നീട്​ ജീവനൊടുക്കുകയും ചെയ്​ത അഞ്ജന ഹരീഷ് (ചിന്നു സുൽഫിക്കർ) / Photo: Navaneeth Jose, facebook

അഞ്ജന ഹരീഷിന്റെ - ചിന്നു സുൽഫിക്കർ- മരണത്തിലൂടെയാണ് കേരളം വീണ്ടും ഈ തെറാപ്പിയെ കുറിച്ച് ചർച്ച ചെയ്തത്. 21 വയസുകാരിയായ അഞ്ജന, 2020 മെയ് 13 ന് ഗോവയിലെ ഒരു റിസോർട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മാർച്ച് 13ന് ഒരു ഫേസ്ബുക്ക് ലൈവിൽ വന്ന അഞ്ജന, 2019 അവസാനത്തോടെ രണ്ടുമാസത്തേക്ക് കോയമ്പത്തൂരിലെ ഡോ. എൻ.എസ്. മോണിയുടെ ക്ലിനിക്കിലും, പാലക്കാടിലെ ഷാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ചിലും, തിരുവനന്തപുരത്തെ കരുണ സായ് ഇൻസ്റ്റിറ്റ്യൂട്ടിലും തെറാപ്പിയുടെ പേരിൽ താൻ നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു: ""എന്നെ നിർബന്ധിച്ച് കുത്തിവെപ്പ് നടത്തി, മരുന്നുകൾ തന്നു. അഞ്ജന ഹരീഷ് എന്ന വ്യക്തി ഇപ്പോൾ ഇല്ലാതായി,'' അവർ വീഡിയോയിൽ പറഞ്ഞു. 2020 മാർച്ചിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആ മാസം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ അഞ്ജന സുഹൃത്തുക്കളോടൊപ്പം താമസിക്കുന്നതിനാണ് താൽപര്യമെന്ന് വ്യക്തമാക്കി. താമസിയാതെ അവൾ സുഹൃത്തുക്കളോടൊപ്പം ഗോവയിലേക്ക് പോയി. ലോക്ക്ഡൗൺ കാരണം മാസങ്ങളോളം അവിടെ കുടുങ്ങി. കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ അഞ്ജന ആത്മഹത്യ ചെയ്തു.

അഞ്ജന കേസ് കേരളത്തിലെ കൺവേർഷൻ തെറാപ്പിയെ കുറിച്ചുള്ള ചർച്ചക്ക് നിമിത്തമായി. അഞ്ജനയുടെ ആത്മഹത്യയെത്തുടർന്ന്, പാലക്കാട് ഷാലോം ഇൻസ്റ്റിറ്റ്യൂട്ടിൽ കൺവേർഷൻ തെറാപ്പിക്ക് താൻ വിധേയയായെന്ന അഞ്ജനയുടെ വാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹയാത്രിക എന്ന സംഘടനയുടെ പ്രോഗ്രാം കോർഡിനേറ്റർ അഹാന മേഖൽ പാലക്കാട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കൺവേർഷൻ തെറാപ്പി സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, എൽ.ജി.ബി.ടി.ക്യു.ഐ. കമ്മ്യൂണിറ്റി ഓർഗനൈസേഷനായ ക്വീരാലയും ട്രാൻസ്മാനും ആക്ടിവിസ്റ്റുമായ രാഘവും കൺവേർഷൻ തെറാപ്പി നിരോധിക്കണമെന്നും അത് പ്രയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റിട്ടേൺ ഹർജി നൽകി. ""കൺവേർഷൻ തെറാപ്പിയുടെ ഒരു കേസ് ഉണ്ടാകുമ്പോഴെല്ലാം, ക്വീർ ഓർഗനൈസേഷനുകൾ ഇടപെടാൻ ഇന്ത്യൻ സൈക്കോളജി സൊസൈറ്റി (IPS) അല്ലെങ്കിൽ സൈക്കോളജി സർക്കിളുകളുമായി ബന്ധപ്പെടുന്നു, അതുപ്രകാരം അവർ ആക്ഷനെടുക്കുന്നു. കൺവേഷൻ തെറാപ്പിക്കെതിരെ ശക്തമായ നിയമം അനിവാര്യമാണ്, രാഘവിന്റെ അഭിഭാഷകൻ ഫെറ അസീസ് പറയുന്നു; ""കേസ് ബലപ്പെടുത്തുന്നത്തിന് ഞങ്ങൾ കൺവേർഷൻ തെറാപ്പി അതിജീവിച്ചവരുടെ സാക്ഷ്യപത്രങ്ങൾ സമർപ്പിച്ചു. കൺവേർഷൻ തെറാപ്പിയിൽ തെളിവുകൾ ശേഖരിക്കുന്നത് അസാധ്യമാണ്. നിരവധി പേർ തെറാപ്പിക്ക് വിധേയരാണെന്ന് കോടതിക്ക് ഒരു ധാരണ നൽകാൻ ഞങ്ങൾ രണ്ട് അപേക്ഷകരെ കൂടി കേസിൽ ഉൾപ്പെടുത്തി''; അവർ പറഞ്ഞു.

കൺവേർഷൻ തെറാപ്പിക്കെതിരെ ശക്തമായ നിയമമില്ലെങ്കിലും സുപ്രീംകോടതിയുടെ ചരിത്രപരമായ നൽസ വിധി പ്രഖ്യാപനവും 377 വിധിന്യായങ്ങളും ഈ തരത്തിലുള്ള തെറാപ്പികൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്​.

കൺവേർഷൻ തെറാപ്പിക്കെതിരായ കേസിൽ ഒരു ഇംപ്ലീഡറിനായി ഹാജരാകുന്ന അഭിഭാഷക സ്മൃതി ഒരു പ്രധാന കാര്യം ചൂണ്ടിക്കാട്ടുന്നു: കൺവേർഷൻ തെറാപ്പിക്കെതിരെ ശക്തമായൊരു നിയമമില്ലെങ്കിലും സുപ്രീംകോടതിയുടെ ചരിത്രപരമായ നാൽസ വിധി പ്രഖ്യാപനവും 377 വിധിന്യായങ്ങളും ഈ തരത്തിലുള്ള തെറാപ്പികൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാത്രമല്ല, മാറിയ മെഡിക്കൽ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതിന് ആരോഗ്യ പരിശീലകർക്ക് നിർദേശം നൽകുകകയും ചെയ്തിട്ടുണ്ട്. നൽസ വിധിന്യായത്തിൽ ഇങ്ങനെ പറയുന്നു: ""ലൈംഗികാഭിമുഖ്യം അല്ലെങ്കിൽ ജെൻഡർ ഐഡന്റിറ്റി അടിസ്ഥാനമാക്കി ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അല്ലെങ്കിൽ മാനസിക ചികിത്സയോ പരിശോധനയോ നടത്താൻ ഒരു വ്യക്തിയെയും നിർബന്ധിക്കരുത്. ഒരു വ്യക്തിയുടെ ലൈംഗികാഭിമുഖ്യം, ലിംഗസ്വത്വം എന്നിവ മെഡിക്കൽ അവസ്ഥകളല്ല, അവ ചികിത്സിക്കാനോ അടിച്ചമർത്താനോ പാടില്ല.''

മതവും കൺവേർഷൻ തെറാപ്പിയും

സൈക്കോളജി സർക്കിൾ ജനറൽ സെക്രട്ടറി സോനു എസ്. ദേവിന്റെ അഭിപ്രായത്തിൽ, എൽ.ജി.ബി.ടി.ക്യു.ഐ. വ്യക്തികളുടെ കുടുംബങ്ങളും ബന്ധുക്കളും കൺവേർഷൻ തെറാപ്പി നടത്താൻ മതസ്ഥാപനങ്ങൾക്കും മന്ത്രവാദികൾക്കുമാണ് മുൻഗണന നൽകുന്നത്. ഈ ചികിത്സാരീതികളുടെ ഉദ്ദശ്യലക്ഷ്യങ്ങൾ തന്നെ മനുഷ്യത്വവിരുദ്ധമാണെങ്കിലും മതസ്ഥാപനങ്ങളും സിദ്ധന്മാരും ഉപയോഗിക്കുന്ന രീതികൾ ഇതിന് ആക്കം കൂട്ടുന്നു.

സൈക്കോളജി സർക്കിൾ ജനറൽ സെക്രട്ടറി സോനു എസ്. ദേവ്

അഞ്ജനയുടെ കാര്യത്തിൽ, ഹിന്ദു ഡെമോക്രാറ്റിക് ഫ്രൻറ്​ (HDF) എന്ന സംഘടനയാണ് അവളെ ചികിത്സിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. HDFന്റെ "ആക്ഷൻ പ്ലാനുകളിൽ' ഒന്ന് ""സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും സജീവമായി പ്രോത്സാഹിപ്പിക്കുക'' എന്നതാണ്. "പരമ്പരാഗത കേരള ഹിന്ദു കുടുംബത്തിൽ നിന്നുള്ള' അഞ്ജന ഹരീഷിന്റെ കുടുംബത്തെ ഗ്രൂപ്പ് സജീവമായി സഹായിച്ചതായി എച്ച്.ഡി.എഫ് വെബ്സൈറ്റ് പറയുന്നു. ""വഞ്ചിതയായ പെൺകുട്ടി അരാജകവാദികളുടെയും അർബൻ നക്‌സലുകളുടെയും ജിഹാദികളുടെയും മോശം കൂട്ടുകെട്ടിൽ അകപ്പെട്ടു. ആക്ടിവിസം അവളുടെ തലക്കുപിടിച്ചു. താൻ ഒരു ക്വീർ ആണെന്ന് അവൾ പരസ്യമായി പ്രഖ്യാപിക്കുകയും ഇടതുപക്ഷം സ്‌പോൺസർ ചെയ്ത "കിസ് ഓഫ് ലവ്' കാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു''; വെബ്‌സൈറ്റ് പറയുന്നു.

ഗുരുവായൂരിൽ നിന്നുള്ള ഒരു ആയുർവേദ പരിശീലകൻ സ്വവർഗാഭിമുഖ്യം കുറയ്ക്കാൻ 21 വയസുകാരിയോട് മസാജ് ചികിത്സ നിർദ്ദേശിക്കുകയും ചികിത്സയുടെ ഭാഗമായി അവൾക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ഒരു സംഭവത്തെ കുറിച്ച് അഡ്വ. സ്മൃതി സൂചിപ്പിച്ചു. ആ പരിശീലകനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ചാത്തൻ സേവക്ക് വിധേയമാക്കപ്പട്ട് വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന ഒരു ട്രാൻസ്മാൻ സുഹൃത്തിന്റെ അനുഭവം ട്രാൻസ്മാൻ അസോസിയേഷൻ ഓഫ് കേരളത്തിന്റെ മുൻ സെക്രട്ടറി സാൻജോ പങ്കുവെച്ചു. മന്ത്രവാദിയുടെ വീട്ടിൽ നടത്തിയ ആറു ദിവസത്തെ പൂജ വിജയിക്കാതിരുന്നപ്പോൾ ഈ ട്രാൻസ്മാന്റെ മുറിക്കുമുന്നിൽ വീട്ടുകാർ ‘കൂടോത്രം’ ചെയ്തു. ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ അപകടമുണ്ടാകുമെന്ന് അയാളെ ധരിപ്പിച്ചു. അതിനു ശേഷം വർഷങ്ങളായി വീട്ടുതടങ്കലിൽ കഴിയുകയാണ് ഈ സുഹൃത്ത് എന്ന് സാൻജോ വെളിപ്പെടുത്തി.

മുസ്‌ലിം ഗേ ആക്റ്റിവിസ്റ്റായ മുഹമ്മദ് ഉനൈസിന്റെ അനുഭവവും സങ്കുചിതമായ മത പണ്ഡിതന്മാരുടെ നിലപാടിന് ഒരുദാഹരണമാണ്

തന്റെ സ്വവർഗരതി ഭേദമാക്കുമെന്ന് സഹോദരങ്ങൾക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് മുപ്പത്തിയേഴുകാരനായ സെബാസ്റ്റ്യനെ (യഥാർഥ പേരല്ല) തൃശൂർ എലൈറ്റ് മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോസഫ് പി. ആന്റോയുടെ അടുത്ത് കൊണ്ടുപോയത്. സ്വവർഗരതിയെ ക്രിസ്തുമത പ്രകാരം പാപമായി കണക്കാക്കുന്നുവെന്നും അദ്ദേഹം നിരവധി ആളുകളുടെ സ്വവർഗാനുരാഗം ചികിത്സിച്ചു മാറ്റിയിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതായും പുരോഹിതൻ കൂടിയായ സൈക്കോളജിസ്റ്റ് ആന്റോ സെബാസ്റ്റ്യനോട് പറഞ്ഞു. ""എന്റെ ലൈംഗികാഭിമുഖ്യത്തെക്കുറിച്ച് എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താൻ ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചപ്പോൾ, അദ്ദേഹം വിസമ്മതിക്കുകയും സാധാരണ പാതയിൽ നിന്ന് വ്യതിചലിച്ചത് ഞാനായതിനാൽ എന്നോട് മാറാൻ ആവശ്യപ്പെടുകയും ചെയ്തു''; സെബാസ്റ്റ്യൻ വിവരിക്കുന്നു.

""ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ചുള്ള പരമ്പരാഗത ധാരണകൾ വിശുദ്ധ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്,'' അനേക ഇന്ത്യ സംഘടിപ്പിച്ച ഒരു വെബിനാർ വേളയിൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻ.സി.സി.ഐ)യിൽ പ്രവർത്തിക്കുന്ന ഫാദർ തോമസ് നിനാൻ പറഞ്ഞു.

മുസ്‌ലിം ഗേ ആക്റ്റിവിസ്റ്റ്​ മുഹമ്മദ് ഉനൈസ്

മുസ്‌ലിം ഗേ ആക്റ്റിവിസ്റ്റായ മുഹമ്മദ് ഉനൈസിന്റെ അനുഭവവും സങ്കുചിതമായ മത പണ്ഡിതന്മാരുടെ നിലപാടിന് ഒരുദാഹരണമാണ്. ഒരു ഗേ മുസ്‌ലിമായി സ്വന്തം നാട്ടിൽ ജീവിക്കാൻ പ്രയാസമായതിനെത്തുടർന്നാണ് ജോലി തേടി ഉനൈസ് മലപ്പുറത്തെ ഒരു മാനസികാരോഗ്യ സ്ഥാപനത്തിലേക്ക് പോയത്. അതിരാവിലെ പിതാവിനോടും ബന്ധുവിനോടും ഒപ്പം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ ഉനെെയ്‌സിനെ ഒരു സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെടുന്ന മുസ്‌ലിം പുരോഹിതനാണ് നേരിട്ടത്.

സ്വവർഗരതി ഒരു പാപമാണെന്ന് അദ്ദേഹം വാദിക്കുകയും പ്രവാചകനായ ലൂത്തിന്റെ കഥയും ഇസ്‌ലാമിക തത്വങ്ങളും ഉപയോഗിച്ച് അത് ശരിവയ്ക്കുകയും ചെയ്തു. ധാരാളം ആരോപണങ്ങളും ചോദ്യങ്ങളും ഉപയോഗിച്ച് പുരോഹിതൻ ഉനൈസിനെ മാനസികമായി ഉപദ്രവിച്ചു.

ബൈബിളിന്റെയും ഖുറാന്റെയും പരമ്പരാഗത വ്യാഖ്യാനങ്ങളനുസരിച്ച്, സ്വവർഗരതി ഉൾപ്പെടെയുള്ള പാപങ്ങളിൽ നിവാസികൾ കുറ്റക്കാരായതിനാൽ ദൈവം ഗൊമോറ, സൊദോം നഗരങ്ങളെ നശിപ്പിച്ചു. ലൂത്തും അവന്റെ നീതിമാന്മാരായ അനുയായികളും മാത്രമാണ് ദൈവക്രോധത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആധുനിക മുസ്‌ലിം പണ്ഡിതന്മാരായ സ്‌കോട്ട് അലൻ കുഗ്ലിനെ പോലുള്ളവർ ഈ വിഷയത്തെ മറ്റൊരു രീതിയിൽ വ്യാഖാനിച്ചു- സൊദോം നിവാസികൾ നശിപ്പിക്കപ്പെട്ടത് സ്വവർഗരതി മൂലമല്ല, മറിച്ച് കവർച്ച, ബലാത്സംഗ ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി ദുരാചാരങ്ങൾ മൂലമാണെന്ന്. ഈ വ്യാഖ്യാനമനുസരിച്ച്, മറ്റേതൊരു തരത്തിലുള്ള ലൈംഗികതയേയും പോലെ സ്വവർഗരതിയും നിരോധിക്കപ്പെടുന്നത്, പൊതു ബഹുമാനം ലംഘിക്കൽ, സമ്മതമില്ലാതെ നടപ്പിലാക്കുക എന്നിവ വരുമ്പോൾ മാത്രമാണ്.
പുരോഹിതൻ ഉനൈസിന്റെ വാദം തള്ളിക്കളഞ്ഞു, സ്‌കോട്ടിനെ പോലെയുള്ള പണ്ഡിതന്മാരെ "കാഫിർസ്' അല്ലെങ്കിൽ വിശ്വാസികളല്ലാത്തവർ എന്നുവിളിച്ചു.

സാമൂഹിക ധാർമികതയും ഭരണഘടനാ ധാർമികതയും

സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾ നടക്കുന്നതിനുമുമ്പേ ഇവിടെ നിയമപരമായ മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെന്ന് "സഹയാത്രിക'യുടെ സഹസ്ഥാപകയായ ദീപ വാസുദേവൻ പറയുന്നു. ""ആളുകളുടെ സാമൂഹിക-സാംസ്‌കാരിക വിശ്വാസങ്ങളിൽ മാറ്റം വരുത്തുന്നത് നിയമം മാറ്റുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്,'' അവർ പറയുന്നു. 2007 ൽ സഹയാത്രിക സൈക്കോളജിസ്റ്റുകൾക്കും സൈക്യാട്രിസ്റ്റുകൾക്കുമിടയിൽ സർവേ നടത്തി. അന്താരാഷ്ട്ര നിയമങ്ങൾ എന്തുതന്നെ പറഞ്ഞാലും ഇന്ത്യൻ സംസ്‌കാരത്തിൽ സ്വവർഗരതി അനുവദനീയമല്ലെന്ന് പല ഡോക്ടർമാരും പറഞ്ഞതായി ദീപ ഓർമിക്കുന്നു.

കൺവേർഷൻ തെറാപ്പിക്കെതിരെ 2016ൽ ചിക്കാഗോയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് / Photo: ninachildish, flickr

"അനേക ഇന്ത്യ'യുടെ വെബിനാർ വേളയിൽ അഭിഭാഷകൻ അരവിന്ദ് നരേൻ ചോദിച്ചു: ""സാമൂഹ്യ ധാർമികതയെ ഭരണഘടനാ ധാർമികതയിലേക്ക് നമ്മൾ എങ്ങനെ പരിവർത്തനം ചെയ്യും? പക്ഷപാതങ്ങൾ, മുൻവിധികൾ, എൽ.ജി.ബി.ടി.ക്യു.ഐ. വ്യക്തികളോടുള്ള അവഹേളനം എന്നിവയാൽ നിറഞ്ഞിരിക്കുന്ന ആളുകളുടെ ചിന്താരീതികളെ എങ്ങനെ മാറ്റാൻ സാധിക്കും?
"അദ്ദേഹത്തിന്റെ വാക്കുകൾ നിരവധി എൽ.ജി.ബി.ടി.ക്യു. കമ്യൂണിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും വികാരം പ്രതിധ്വനിപ്പിക്കുന്നു, ആളുകളുടെ ട്രോമക്കുനേരെ കണ്ണുകളടക്കുന്ന ഈ വ്യവസ്ഥിതിക്കൊരു മാറ്റം അനിവാര്യമാണ്. ആൻ പറയുന്നതുപോലെ, ""ഞാൻ ആത്മഹത്യ ചെയ്താൽ എല്ലാം ഇവിടെ അവസാനിക്കും. ഞാൻ മറ്റൊരു ഇര മാത്രമായി തുടരും. എന്നാൽ എനിക്ക് അതിജീവിക്കാൻ കഴിഞ്ഞാൽ, എനിക്ക് എന്റെ കഥ തുടർന്നും സംസാരിക്കാനും എന്റെ അനുഭവം കേൾക്കേണ്ട ആളുകളുമായി പങ്കിടാനും കഴിയും.''
പരിത്രാന റിട്രീറ്റ് സെന്ററുമായി ബന്ധപ്പെട്ടപ്പോൾ, എൽ.ജി.ബി.ടി.ക്യു. കമ്യൂണിറ്റിക്കു വേണ്ടി പ്രത്യേകം സെഷൻ നടത്താറുണ്ട് എന്ന ആരോപണം അവർ നിഷേധിച്ചു: ""ഞങ്ങൾ 2019 ൽ നിരവധി റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. ഞങ്ങൾക്ക് ഓരോ മാസവും ഒന്നോ രണ്ടോ പ്രോഗ്രാമുകളെങ്കിലും ഉണ്ടായിരുന്നു. സ്വവർഗ്ഗാനുരാഗ പരിവർത്തനത്തെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ഒരു റിട്രീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടില്ല,'' പരിത്രാന മാനേജ്മെന്റിന്റെ ഒരു പ്രതിനിധി ഫോണിലൂടെ പറഞ്ഞു. ""ഒരു റിട്രീറ്റ് പ്രോഗ്രാമിൽ വിജയകരമായി പങ്കെടുത്തശേഷം ആളുകൾ നേടിയ അനുഗ്രഹങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ബന്ധപ്പെട്ട വ്യക്തി ഒരു അനുഗ്രഹം നേടിയിരിക്കാം. അയാൾ തന്റെ ലൈംഗികാഭിമുഖ്യം ശരിയാക്കിയിരിക്കാം. എന്നാൽ ഞങ്ങൾ ഒരിക്കലും ഇത് ചെയ്തിട്ടില്ല''; അവർ കൂട്ടിച്ചേർത്തു.▮

Comments