'പൊലീസ് ചോദിച്ചു, പെണ്ണുങ്ങളുടെ എന്ത് അവയവമാണ് നിങ്ങൾക്കുള്ളത്?' ആക്രമിക്കപ്പെടുന്ന ട്രാൻസ്ജെൻഡർമാർ

ലൈംഗിക സ്വത്വം വെളിപ്പെടുത്തുന്നതോടു കൂടി, അന്നുവരെ ജീവിച്ചുപോന്ന സാമൂഹിക ചുറ്റുപാടുകളിൽ നിന്നും മറ്റെവിടേക്കെങ്കിലും ഓടിയൊളിക്കേണ്ടി വരുന്നവരാണ് മിക്ക ട്രാൻസ് വ്യക്തികളും. എന്നാൽ അത്തരമൊരു ഒളിച്ചോട്ടത്തിന് മുതിരാതെ സ്വന്തം മണ്ണിൽ, സകല പ്രതിബന്ധങ്ങളോടും പോരാടി അതിജീവന സാധ്യതകൾ തേടുന്നവരുമുണ്ട്. അവരിലൊരാളാണ് നീതു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അങ്ങാടിപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം തട്ടുകട നടത്തിയാണ്, നീതു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 22 ന്, മദ്യപിച്ചെത്തിയ നാല് അക്രമികൾ അവരുടെ തട്ടുകട ആക്രമിച്ചു. അഭയം തേടി പൊലീസിനെ സമീപിച്ചപ്പോൾ നേരിടേണ്ടി വന്നത് അതിലും ക്രൂരമായ അനുഭവങ്ങൾ. ട്രാൻസ് വ്യക്തികളെ വെറുക്കപ്പെട്ടവരായി മാത്രം കാണുന്ന പൊലീസുകാർ അടക്കമുള്ളവരിൽ നിന്ന് നേരിടേണ്ടിവരുന്ന നിരന്തര പീഡനങ്ങളെക്കുറിച്ചാണ് നീതുവിനും സുഹൃത്തുക്കൾക്കും പറയാനുള്ളത്. പെരിന്തൽണ്ണ പോലീസ് സ്റ്റേഷനിൽ നിന്ന് മുമ്പും ധാരാളം വിവേചനങ്ങൾ ഇവർ നേരിട്ടിട്ടുണ്ട്. പരാതികൾ പരിഗണിക്കാതിരിക്കുക മാത്രമല്ല, സ്വത്വത്തിന്റെയും ലിംഗത്തിന്റെയും പേരിൽ നിരന്തരം കളിയാക്കലുകളും പൊലീസിൽ നിന്ന് നേരിടേണ്ടിവരുന്നു.

ട്രാൻസ് വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് മഴവില്ല് പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ പോലും പെരിന്തൽമണ്ണയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് നിരാശാജനകമാണ്. ഏതൊരു പൗരനെയും പോലെ നിർഭയമായി ജീവിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവകാശങ്ങൾ ട്രാൻസ് വ്യക്തികൾക്കും ലഭിക്കേണ്ടതുണ്ട്. അതിന് വഴിയൊരുക്കേണ്ട പൊലീസുകാർ തന്നെ ട്രാൻസ് വ്യക്തികളെ വേട്ടയാടുന്നത് ദൗർഭാഗ്യകരമാണ്. പൊലീസ് സ്റ്റേഷനുകളെ ട്രാൻസ്‌ജെൻഡർ സൗഹൃദമാക്കുന്നതിനായി സർക്കാർ പ്രത്യേക ശ്രദ്ധ തന്നെ നൽകേണ്ടതുണ്ട്.

Comments