കോൺഗ്രസിനു കീഴിലുള്ള ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് (AIPC) എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് കമ്മ്യൂണിറ്റിക്ക് വേണ്ടി പുതിയൊരു സംഘടന രൂപീകരിച്ചു - എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വെർട്ടിക്കൽ (LGBTQIA+ Vertical). ക്വീർ ആക്ടിവിസ്റ്റും ചരിത്രകാരനുമായ മരിയോ ഡ പെൻഹയ്ക്കാണ് (Mario da Penha) സംഘടനയുടെ അഖിലേന്ത്യ നേതൃത്വം. 90കൾ മുതൽ തന്നെ ക്വീര്‍ ആക്ടിവിസ്റ്റായി പ്രവര്‍ത്തിച്ചു തുടങ്ങിയ വ്യക്തിയാണ് മരിയോ ഡ പെന്‍ഹ. മുമ്പ് എ.ഐ.പി.സിയുടെ എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് കമ്മ്യൂണിറ്റിക്കായുള്ള മഹാരാഷ്ട്ര കമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. അങ്ങനെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ, ഇന്റർസെക്സ്, അസെക്ഷ്വൽ (LGBTQIA+) എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വേണ്ടി സംഘടന തുടങ്ങുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് മാറി. LGBTQIA+ പ്രാതിനിധ്യവും അവരുടെ ഇടപെടലും സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന്റെ ഇടപെടൽ, ഒരു സാമൂഹിക ഉത്തരവാദിത്തത്തിന്റെ നിറവേറ്റൽ കൂടിയാണ്.
കാരണം, കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ LGBTQIA+ കമ്മ്യൂണിറ്റിയെ അപ്പാടെ തിരസ്കരിക്കുന്ന തരത്തിൽ, ഒരു പാഠ്യപദ്ധതി, എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് വേണ്ടി പുറത്തിറക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് LGBTQIA+ Vertical തുടങ്ങുന്നത് എന്നത് കൊണ്ടുതന്നെ.
സോഡമിയും ലെസ്ബിയനിസവും നിയമവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളാണെന്നാണ് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ നിർദേശത്തെത്തുടർന്ന് പുതുക്കിയ എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ പറയുന്നത്. ട്രാൻസ്വെസ്റ്റിസം, ഫെറ്റിഷിസം, വോയറിസം, സാഡിസം, നെക്രോഫോഗിയ, മസോക്കിസം, എക്സിബിഷനിസം, ഫ്രോട്ടൂറിസം, നെക്രോഫീലിയ, എന്നീ ലൈംഗിക വൈകൃതങ്ങളുടെ ഭാഗമാണ് LGBTQIA+ കമ്മ്യൂണിറ്റികളും എന്നാണ് പുതുക്കിയ പാഠ്യപദ്ധതിയിൽ പരാമർശം.
LGBTQIA+ കമ്മ്യൂണിറ്റി സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ നടത്തുന്ന പോരാട്ടങ്ങളെ അപ്പടി റദ്ദാക്കുന്നതാണ് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ നിർദേശം എന്ന് അന്നുതന്നെ വിമർശനമുയർന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ മികച്ച പരിശീലനമായി വിശേഷിപ്പിക്കപ്പെടുന്ന ഫൗണ്ടേഷൻ കോഴ്സിൽ നിന്ന് ഭിന്നശേഷിക്കാർക്കായുള്ള ഏഴ് മണിക്കൂർ സമയം മെഡിക്കൽ കൗൺസിൽ ഒഴിവാക്കിയെന്നും ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസിലെയും ജി.ടി.ബി ഹോസ്പിറ്റലിലെയും ഫിസിയോളജി വിഭാഗം ഡയറക്ടർ പ്രൊഫസർ സതേന്ദ്ര സിംഗ് പറഞ്ഞു: “ഒരു സമയത്ത് ഭിന്നശേഷിക്കാരുടെയും LGBTQIA+ കമ്മ്യൂണിറ്റിയുടെയും അവകാശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ ഞങ്ങൾ വിജയിച്ചിരുന്നു. എന്നാൽ, ആ പോരാട്ടത്തിൽ ഇപ്പോൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു”- പ്രൊഫസർ സതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.
ഐ.പി.സി സെക്ഷൻ 377 റദ്ദാക്കിക്കൊണ്ട്, ഹോമോസെക്ഷ്വാലിറ്റി കുറ്റകരമല്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ തീരുമാനം. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ എറ്റവും ഉയർന്ന ഒരു സ്ഥാപനം തന്നെ ഇങ്ങനെ പിന്തിരിപ്പൻ നയങ്ങൾ സ്വീകരിക്കുമ്പോഴാണ് കോൺഗ്രസ് ഈ വിഭാഗത്തിൽപ്പെട്ട മനുഷ്യർക്ക് വേണ്ടി സംഘടന തുടങ്ങുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയ കക്ഷിയാകുന്നത്.
അതേസമയം, ഇത് എൻ.എം.സിയുടെ തീരുമാനത്തിനെതിരെയോ, കേന്ദ്രസർക്കാരിനെതിരെയോ ഉള്ള കോൺഗ്രസിന്റെ പുതിയ രാഷ്ട്രീയ നീക്കമല്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രകിയിൽ, LGBTQIA+ കമ്മ്യൂണിറ്റിയിൽപ്പെട്ട ദമ്പതികൾക്ക് സിവിൽ യൂണിയനുകൾക്കായി നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൻെറ കൂടി ഭാഗമായുള്ള കോൺഗ്രസിൻെറ ശ്രമമാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാവുന്നത്.
LGBTQIA+ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കെതിരെ പലപ്പോഴും സംസാരിക്കുകയും നിലപാടെടുക്കുകയും ചെയ്തിട്ടുള്ള കേന്ദ്രസർക്കാരിനും ബി.ജെ.പിക്കുമുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ മറുപടി കൂടിയായി ഇതിനെ വായിക്കം. സമൂഹത്തിലെ എല്ലാ തുറയിലും പെട്ട മനുഷ്യരെ ചേർത്തുപിടിക്കാനുള്ള, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ശ്രമമായി ഇതിനെ LGBTQIA+കമ്മ്യൂണിറ്റി സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക നീതി മാത്രമല്ല, വ്യത്യസ്ത ഐഡന്റിറ്റികളുള്ള മനുഷ്യർക്കും നീതി ഉറപ്പാക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്നാണ് എ.ഐ.പി.സി ഹെഡ് പ്രവീൺ ചക്രവർത്തി പ്രതികരിച്ചത്: “ക്വീർ കമ്മ്യൂണിറ്റിക്ക് സമ്പൂർണ പ്രാതിനിധ്യം ഉറപ്പാക്കുന്നു എന്ന സന്ദേശമാണ് കോൺഗ്രസ് ഈ തീരുമാനത്തിലൂടെ രാജ്യത്തിന് മുന്നിലേക്ക് വെക്കുന്നത്. എന്നാൽ ബി.ജെ.പി എന്താണ് ചെയ്യുന്നത് എന്ന് നോക്കൂ, എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ നിർദേശത്തെ തുടർന്ന് എം.ബി.ബി.എസ് പാഠ്യപദ്ധതി LGBTQIA+ കമ്മ്യൂണിറ്റിക്ക് എതിരാക്കിയത്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കോൺഗ്രസ് പുനഃസംഘടനയും ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗക്കാരുടെയും പ്രാതിനിധ്യം വലിയ തോതിൽ വർധിപ്പിച്ചായിരുന്നു പുനഃസംഘടന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 74 സെക്രട്ടറിമാരിലും ജോയിന്റ് സെക്രട്ടറിമാരിലും 50 ശതമാനത്തിൽ അധികം എസ്.സി - എസ്.ടി വിഭാഗത്തിൽ നിന്നുള്ളവരാണ്. ആകെയുള്ള പോസ്റ്റുകളിൽ 16 ശതമാനം പോസ്റ്റുകളിലായി മുസ്ലീം സമുദായത്തിൽ നിന്നുള്ള 12 പേരെയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെയും ഉൾപ്പെടുത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
പിന്നാക്ക വിഭാഗങ്ങളെ എല്ലാ മേഖലയിൽനിന്നും പുറന്തള്ളുന്ന നടപടികൾ കേന്ദ്ര സർക്കാർ നിരന്തരം തുടരുകയാണ്. കേന്ദ്ര സർക്കാർ വകുപ്പുകളിലും ഉന്നത ശാസ്ത്ര സ്ഥാപനങ്ങളിലും സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നിലും ഈ നിലപാട് തന്നെയായിരുന്നു. ലാറ്ററൽ എൻട്രിക്ക് കൃത്യമായ മാനദണ്ഡമില്ലെന്നിരിക്കേ, സംവരണ വിഭാഗക്കാരെ പുറന്തള്ളി, ‘സ്വന്തം താൽപര്യം’ സംരക്ഷിക്കുന്നവരെ ഉന്നത മേഖലകളിൽ തിരുകിക്കയറ്റാനായിരുന്നു കേന്ദ്രസർക്കാരിന്റെ നീക്കം. പിന്നാക്ക വിഭാഗക്കാരെയും LGBTQIA+ കമ്മ്യൂണിറ്റിയെയും പുറന്തള്ളുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ, ഈ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന സമീപനത്തിലൂടെ ഒരു രാഷ്ട്രീയ മറുപടി നൽകുകയാണ് രാഹുൽഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗേയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ്.