ഒരു സ്വവർഗ്ഗാനുരാഗ കഥ, ബൈബിളിൽ നിന്ന്

66 പുസ്തകങ്ങളുള്ള ബൈബിളിൽ പ്രണയത്തിനു മാത്രം നീക്കി വച്ച ഒരൊറ്റ പുസ്തകമേയുള്ളൂ. സോളമൻ രാജാവിന്റെ ഉത്തമഗീതം (Song of Songs). എങ്കിലും ഏറെ പിശുക്കു കാണിച്ചിട്ടും, എത്രയും ഗോപ്യമായി അവതരിപ്പിച്ചിട്ടും സ്വവർഗ്ഗാനുരാഗത്തിന്റെ സുഗന്ധം പരത്തുന്ന സാമുവേലിന്റെ രണ്ട് പുസ്തകങ്ങളിൽ അവിടവിടെയായി ചിത്രീകരിച്ച ജോനാഥന്റെയും ദാവീദിന്റെയും പ്രണയകഥ ഉത്തമഗീതത്തേക്കാൾ കാവ്യാത്മകവും മനോഹരവുമാണ്. എല്ലാ സ്വവർഗ്ഗാനുരാഗികൾക്കും വേണ്ടി എന്നേ രചിക്കപ്പെട്ടവയാണ്.

B.C. 1050. പുരാതന ഇസ്രായേൽ രാജ്യം പുതിയ ഒരു ഭരണക്രമത്തിലേക്ക് കടക്കുകയാണ്. അന്നുവരേയും ന്യായാധിപന്മാർ ഭരിച്ചിരുന്ന രാജ്യത്തിന് ആദ്യമായി ഒരു രാജാവ് ഉണ്ടാകുകയും, ഇസ്രായേൽ ഒരു രാജ്യമായി മാറുകയും ചെയ്തു. ആദ്യത്തെ രാജാവ് ബെന്യാമിൻ ഗോത്രത്തിലെ കീശിന്റെ മകൻ ശൗൽ.

അന്നും ഇസ്രായേൽ അയൽരാജ്യങ്ങളുമായി സൗഹൃദത്തിലല്ല.

പതിവുപോലെ ഏലാ താഴ്‌വരയിൽ യുദ്ധം തുടങ്ങി. ഒരു വശത്ത് ശൗൽ രാജാവിന്റെ നേതൃത്വത്തിൽ ഇസ്രായേല്യർ. മറുവശത്തെ ശത്രു കൂടാരത്തിൽ നിന്നും ആറ് മുഴവും ഒരു ചാണും ഉയരവുമുള്ള ഗോല്യാത്ത് എന്നൊരു മല്ലൻ ഇറങ്ങിവരുന്നത് കണ്ട് ഇസ്രായേല്യർ ഏറ്റവും ഭയപ്പെട്ടു.

അവൻ താമ്രംകൊണ്ടുള്ള തൊപ്പി ധരിച്ചിരുന്നു, അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു. ഒരു പരിചക്കാരൻ എപ്പോഴും അവന്റെ മുമ്പെ നടന്നു ഗോലിയാത്ത് നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.

ഗോലിയാത്തിനോട് എതിരിടാൻ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രത്തിൽ ജനിച്ച ആരുമുണ്ടായില്ല. നാല്പതാം ദിവസം ആട്ടിടയനായ ദാവീദ് അവന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവണിയുമായി ഗോലിയാത്തിനോട് അടുത്തു.

ഗോലിയാത്തിന്റെ അറുത്തെടുത്ത തല ദാവീദ് ഉയർത്തുന്നത് ഗുസ്താവ് ഡോറെ 1866 ൽ ചിത്രീകരിച്ചത് / Photo: Wikipedia

കവണയിൽ നിന്നും പുറപ്പെട്ട ആദ്യത്തെ കല്ല് ഗോലിയാത്തിന്റെ നെറ്റിയിൽ തന്നെ കൊണ്ടു. ആ പതനം വലിയത് ആയിരുന്നു. ദാവീദ് ഗോലിയാത്തിന്റെ തല അറുത്തെടുത്തു.

ഗോലിയാത്തിന്റെ തലയുമായി ചെന്ന ദാവീദിനോട് "നീ ആരുടെ മകൻ , ബാല്യക്കാരാ' എന്ന് ശൗൽ രാജാവ്.
"ഞാൻ ബെത്‌ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ ദാവീദ്.'

കോമളരൂപനായ ദാവീദിന്റെ സംസാരവും അംഗചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് ശൗലിന്റെ മൂത്ത മകൻ ജോനാഥൻ സമീപേ ഉണ്ടായിരുന്നു.

ദാവീദിന് 18 വയസ്സ്, ജോനാഥാന് 28 വയസ്സ്.

ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോഴേയ്ക്കും ജോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു എന്ന് ബൈബിൾ. ജോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചുതുടങ്ങി.(1 Samuel 18:1 )

ഒരു ദിവ്യമായ സ്വവർഗ്ഗാനുരാഗത്തിന്റെ തുടക്കമായിരുന്നു അത്. നിഷിദ്ധപ്രണയങ്ങളുടെ പട്ടികയിൽ ആയിരുന്നിട്ടും ആ സ്വവർഗ്ഗാനുരാഗത്തെ ബൈബിളിന് ഒളിപ്പിച്ചുവയ്ക്കുവാൻ കഴിഞ്ഞില്ല.

ഭാഷാഭംഗിയുടെ പൂർണ്ണതയോടെ കിംഗ് ജെയിൻസ് വേർഷന്റെ (KJV Bible) വിവർത്തകൻ എഴുതിയത് ഇങ്ങനെ : And it came to pass, when he had made an end of speaking unto Saul, that the soul of Jonathan was knit with the soul of David, and Jonathan loved him as his own soul. ആദ്യകാഴ്ചയിൽ തന്നെ പ്രണയത്തിന്റെ ഊടും പാവും നെയ്യപ്പെട്ടു- ജോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിച്ചു.

ജോനാഥാൻ രാജകുമാരൻ ധരിച്ചിരുന്ന മേലങ്കി ഊരി, പൂർണ്ണനഗ്നനായി ദാവീദിന്റെ മുന്നിൽ നിന്നു. ഉരിഞ്ഞുവച്ച വസ്ത്രവും വാളും വില്ലും അരക്കച്ചയും ആ രാജകുമാരൻ ഇടയബാലനായ ദാവീദിനെ ധരിപ്പിച്ചു.

ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവിന്റെ മകനും കിരീടാവകാശിയുമായ ജോനാഥാൻ, ദാവീദിന്റെ പ്രിയനും പ്രാണനുമായി മാറുകയായിരുന്നു.

ഇവിടെ ദാവീദിന് പകരം ഒരു സ്ത്രീ ആയിരുന്നെങ്കിൽ, ദിവ്യമായ ഈ കൊട്ടാരപ്രണയം കഥകളായും, കവിതകളായും, ചലച്ചിത്രങ്ങൾക്ക് പ്രമേയമായും മാറുമായിരുന്നു- പക്ഷെ, അന്നുവരെ അപരിചിതവും നിഷിദ്ധവുമായിരുന്ന ഒരു ബന്ധം ബൈബിളിനകത്തും പുറത്തും ചർച്ചചെയ്യപ്പെടാതെ പോയി .

ശത്രുവിനെ നിഗ്രഹിച്ച ദാവീദിൽ സംപ്രീതനായ ശൗൽ രാജാവ് ദാവീദിനോട്: “എന്റെ മൂത്ത മകൾ മേരബിനെ ഞാൻ നിനക്ക് ഭാര്യയായി തരും” എന്നു പറഞ്ഞു. പക്ഷെ, ആ വിവാഹം നടന്നില്ല. ശൗൽ രാജാവിന്റെ രണ്ടാമത്തെ മകൾ മീഖളിനായിരുന്നു ദാവീദിനോട് പ്രണയം.

തുടർന്ന് അരങ്ങേറിയ, വിശദീകരണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങാത്ത ഒരു മൂവർ പ്രണയം സാമുവേലിന്റെ പുസ്തകത്തിന്റെ അൻപത്തിനാല് അധ്യായങ്ങൾക്കുള്ളിൽ നാഥൻ പ്രവാചകൻ കുറിച്ച് വച്ചിരിക്കുന്നു.

അനശ്വരവും നിസ്വാർഥവുമായ ഒരു പ്രണയമായിരുന്നു, ജോനാഥന് ദാവീദിനോട് ഉണ്ടായിരുന്നത്. സ്വസഹോദരി മീഖൾ ദാവീദിനെ വിവാഹം കഴിക്കുന്നതിൽ ജോനാഥാൻ നിരാശനാകുന്നില്ല. അതേസമയം രണ്ടു പേരുമായി പ്രണയം തുടരുന്നതിൽ ദാവീദിന് കുറ്റബോധം ഉണ്ടായതുമില്ല.

സ്വവർഗ്ഗനുരാഗിയായ സഹോദരന്റെയും, അവന്റെ കാമുകനായ ബൈ-സെക്ഷ്വൽ ഭർത്താവിന്റെയും മധ്യേ മീഖൾ എന്ന രാജകുമാരി!

ഒരു സങ്കീർണതകളുമില്ലാതെ, തികഞ്ഞ സ്വാഭാവികതയോടെ ശാന്തമായി ഒഴുകുന്ന ഒരു മൂവർ പ്രണയം.

"ഡേവിഡ് ആൻഡ് ജോനാഥൻ" - ഗുസ്താവ് ഡോറെയുടെ La Grande Bible de Tours ചിത്രങ്ങളിൽ ഒന്ന് / Photo: Wikipedia

പക്ഷെ, ശൗൽ രാജാവിന്റെ അഹങ്കാരവും അനുസരണയില്ലായ്മയും യഹോവയെ കോപിപ്പിച്ചു. ശൗലിന്റെ ഗോത്രമായ ബെന്യാമിൻ ഗോത്രത്തിൽ നിന്നും രാജത്വം എടുത്ത് യിശ്ശായിയുടെ യഹൂദാ ഗോത്രത്തിലേക്ക് നൽകുവാൻ യഹോവ തീരുമാനിക്കുന്നതോടെ, പാരമ്പര്യം കൊണ്ടല്ലാതെ തന്നെ ദാവീദ് ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായി മാറുന്നു. ദാവീദിന്റെ മകനായ സോളമനിലൂടെ ക്രിസ്‌തുവരെയും...

നിർഭാഗ്യവശാൽ ഒരു പ്രണയകഥയുടെ വിശദശാംശങ്ങളിലേക്കും വികാസത്തിലേക്കും ബൈബിൾ കടക്കുന്നില്ല. രാജത്വം നഷ്ടപ്പെട്ടു എന്നു മനസിലാക്കിയ ശൗൽ, ദാവീദിന്റെ ശത്രുവായി മാറുന്നു. മീഖളിനെ മറ്റൊരാൾക്ക് ഭാര്യയായി നൽകുന്നു- എങ്കിലും ജോനാഥാന്റെയും ദാവീദിന്റെയും ബന്ധം ജോനാഥാന്റെ അന്ത്യം വരെയും തുടരുന്നു.

ശൗലും അവന്റെ മകനായ ജോനാഥാനും കൊല്ലപ്പെട്ടു എന്ന വേദനിപ്പിക്കുന്ന വാർത്തയുമായിട്ടാണ് സാമുവലിന്റെ രണ്ടാം പുസ്തകം ആരംഭിക്കുന്നത്.

അത് കേട്ട ദാവീദ് ശൗലിനെയും അവന്റെ മകനായ ജോനാഥനെയും കുറിച്ച് ഒരു വിലാപഗീതം പാടി.

“യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ!,'' (2 സാമുവേൽ 1 : 19)

തുടർന്ന് ഇസ്രായേലിന്റെ സിംഹാസനത്തിന്റെ അവകാശി ദാവീദ് സദാചാരത്തിന്റെയും ന്യായപ്രമാണത്തിന്റെയും അതിരുകളെ നിഷേധിച്ചുകൊണ്ട് പറയുന്ന ഹൃദയം നുറുങ്ങിയ ഒരു വാചകമുണ്ട്

"ജോനാഥനേ നിന്റെ പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്' (2 Samuel1:26, Your love to me was more wonderful than the love of women).

ജോനാഥന്റെ സഹോദരി ഉൾപ്പടെ പല സ്ത്രീകളും ഭാര്യമാരായും വെപ്പാട്ടിമാരായും ദാവീദിന്റെ അന്ത:പ്പുരത്തിൽ വന്നു പോയി. പക്ഷെ, ജോനാഥാന്റെ പ്രണയം ഏതു കാമുകിയുടേതിലും മേത്തരവും വശ്യവും ഹൃദ്യവുമായിരുന്നു എന്ന് ദാവീദ്.

66 പുസ്തകങ്ങളുള്ള ബൈബിളിൽ പ്രണയത്തിനു മാത്രം നീക്കി വച്ച ഒരൊറ്റ പുസ്തകമേയുള്ളൂ. സോളമൻ രാജാവിന്റെ ഉത്തമഗീതം (Song of Songs). എങ്കിലും ഏറെ പിശുക്കു കാണിച്ചിട്ടും, എത്രയും ഗോപ്യമായി അവതരിപ്പിച്ചിട്ടും സ്വവർഗ്ഗാനുരാഗത്തിന്റെ സുഗന്ധം പരത്തുന്ന സാമുവേലിന്റെ രണ്ട് പുസ്തകങ്ങളിൽ അവിടവിടെയായി ചിത്രീകരിച്ച ജോനാഥന്റെയും ദാവീദിന്റെയും പ്രണയകഥ ഉത്തമഗീതത്തേക്കാൾ കാവ്യാത്മകവും മനോഹരവുമാണ്. എല്ലാ സ്വവർഗ്ഗാനുരാഗികൾക്കും വേണ്ടി എന്നേ രചിക്കപ്പെട്ടവയാണ്.

സ്വവർഗാനുരാഗിയായിരുന്ന ദാവീദ് തന്റെ മുതുമുത്തച്ഛനായിരുന്നു എന്നു പറയാൻ ക്രിസ്തു മടിക്കുന്നില്ല. (മത്തായി 1 :1) പ്രണയത്തോടും സൊ-കോൾഡ് നിഷിദ്ധബന്ധങ്ങളോടും ലൈംഗികതയോടുമുള്ള ബൈബിളിന്റെ നിലപാടുകൾ സഭാ നിലപാടുകളിൽ നിന്നും എല്ലാക്കാലവും വ്യത്യസ്തമായിരുന്നു താനും.

Comments