‘ജനലിനപ്പുറം പകർച്ചവ്യാധി പൂത്തുലയുന്നു ശ്വാസാന്തരങ്ങളിൽ ശോണ- കഫം പുഷ്പിക്കുന്നു'
- മരണവാർഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്.
"Like the amorphous structure of the Hindu Right, the structure of social media networks and platforms gives their users a certain deniability and the basis for exculpating themselves from responsibility for their consequences.'- Rohit Chopra,The Virtual Hindu Rashtra: Saffron Nationalism and New Media
ജനാധിപത്യം പോലെ ഫാസിസത്തിന് ഇത്ര വളക്കൂറുള്ള മണ്ണ് വേറെയില്ല, കളിച്ചുവളരാനും കിളിർത്തു പൊന്താനും. നെയ്യപ്പത്തെക്കുറിച്ചുള്ള അമ്മൂമ്മ ശൈലിയും യോജിക്കും. അതായത്, ജനാധിപത്യംകൊണ്ട് ഫാസിസ്റ്റുകൾക്ക് രണ്ടുണ്ട് പ്രയോജനം: സ്വയം വളരാം, വ്യവസ്ഥയെ അതിന്റെ ഉള്ളിൽ നിന്നുതന്നെ തുരങ്കവും വെയ്ക്കാം. മുഖ്യധാര കമ്യൂണിസ്റ്റുകൾക്ക് ഈക്കാര്യത്തിൽ അത്തരത്തിലുള്ള സമീപനമുണ്ടായിരുന്നു ആദ്യകാലങ്ങളിൽ. പാർലമെന്ററിസത്തിന്റെ രുചി അറിയാക്കാലങ്ങളിൽ;
എങ്കിലും ഇതിനെ സംബന്ധിച്ച് വളരെ തുറന്ന സമീപനമായിരുന്നു എന്നുമാത്രം. അതായത്, വ്യവസ്ഥയെ ഉപയോഗിക്കുന്നത് അതിനെ അട്ടിമറിക്കാൻ വേണ്ടി മാത്രം. പക്ഷെ, ഈ തുറന്ന സമീപനം നിമിത്തം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അതിന്റെ വിപ്ലവ പരിപാടി അവസാനിപ്പിക്കാനും വ്യവസ്ഥയോട് ചേർന്നു പ്രവർത്തിക്കാനുമുള്ള നിയോഗമാണ് രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദം സാധുവാക്കിയത്. കാലാന്തരത്തിൽ, ഭരണഘടനയുടെ ഏറ്റവും കരുത്തുറ്റ സംരക്ഷകരായി കമ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് പാർട്ടികൾ (പ്രകടനത്തിനു വേണ്ടിയെങ്കിലും).
ഫാസിസത്തിന്റെ അതേ ഉപായങ്ങളെയും സൂത്രഘടനകളെയും പ്രവർത്തനശീലങ്ങളെയും പിൻപറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയം വൈകാതെ സോഷ്യൽ ഫാസിസ്റ്റ് രൂപമാർജിക്കുകയും മാഫിയകൾക്ക് നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കുകയും ചെയ്യും എന്നതാണ് ഒരു ഭവിഷ്യത്ത്.
പക്ഷെ ക്ലാസിക്കൽ ഫാസിസമാണെങ്കിലും നിയോ ഫാസിസമാണെങ്കിലും അവർക്ക് ഇത്തരം പ്രതിബന്ധങ്ങളൊന്നും തന്നെയില്ല. ലിബറൽ സംവിധാനങ്ങളെ ഫലപ്രദമായി ദുരുപയോഗം ചെയ്യുന്നതിൽ അവരുടെ മികവുകണ്ട് ലിബറൽ കക്ഷികൾ അന്തം വിട്ടു നിൽക്കുകയാണെന്നു മാത്രം. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം ആശയപ്രചാരണത്തിനും വിദ്വേഷ ഭാഷണത്തിനും അവർ വേണ്ടവിധം പ്രയോജനപ്പെടുത്തി. ലിബറൽ വ്യവസ്ഥിതിയുടെ ഭാഗമായ നീതിന്യായ സംവിധാനങ്ങളെയും പൗരസമൂഹ സ്ഥാപനങ്ങളായ മാധ്യമങ്ങളെയും പൊതു സ്ഥാപനങ്ങളെയും മൂലധന ശക്തികൊണ്ടും കായികബലം കൊണ്ടും വലതുപക്ഷ ഇച്ഛയുടെ സാക്ഷാത്കാര ഉപാധികളാക്കി മാറ്റി. രാഷ്ട്രീയ പ്രചാര വേല കൊണ്ട് വലതുപക്ഷ പോപ്പുലിസറ്റ് രാഷ്ട്രീയത്തിന് അനുകൂലമാക്കുന്ന വിധത്തിൽ വ്യവസ്ഥയെ ക്രമീകരിച്ചു. പ്രതിലോമകതയുടെ ഘടകങ്ങൾ പലയളവിൽ ലിബറൽ വ്യവസ്ഥയിൽ അന്തർലീനമായിരിക്കുന്നു എന്നതാണ് ഫാസിസത്തിന്റെ നീക്കങ്ങളെല്ലാം ശരിയാകും വിധം പ്രവർത്തനക്ഷമകാനുള്ള കാര്യം. ലിബറൽ ഘടനകളെ വിദഗ്ധമായി ഉപയോഗപ്പെടുത്തി അധികാരലബ്ധി സാധ്യമാക്കിയപ്പോൾ തന്നെ ഈ ഘടനയിലുള്ള വിശ്വാസത്തെ നിരന്തരം ചോദ്യം ചെയ്തും അവിശ്വാസം വളർത്തിയുമാണ് ഉള്ളിൽനിന്ന് ഫാസിസം വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുന്നത്. ജനവിശ്വാസമാർജ്ജിച്ച വ്യവസ്ഥകളെയും സ്ഥാപനങ്ങളെയും മൂല്യരഹിതമാക്കിക്കൊണ്ടും ജനങ്ങളിൽ നിസ്സംഗത സൃഷ്ടിച്ചുകൊണ്ടുമാണ് അതിലേക്കുള്ള ചുവടുവെപ്പുകൾ കരുതലോടെ ഫാസിസം വെയ്ക്കുന്നത്. ലിബറലിസത്തിന്റെ അടിസ്ഥാന പ്രമാണമായ "സമ്മതി' (consent) തന്നെയാണ് സമകാല ഫാസിസവും ഉപയോഗിക്കുന്നത്. "സമ്മതി'യുടെ യന്ത്രത്താക്കോൽ കൈവശപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് "സമ്മതി' ശിരസ്സാട്ടികൊണ്ടിരിക്കുന്ന വെറും ഷോകേസ് പാവ. ഇതിനോടൊപ്പം, ജനതയുടെ നിസ്സംഗത്വവും കൂടി ചേരുമ്പോൾ ഫാസിസത്തിന്റെ വളർച്ച ഏറ്റവും ത്വരിതപ്പെടുന്നു.
വലതുപക്ഷ ഫാസിസത്തിന്റെ രാഷ്ട്രീയ ഉപായങ്ങളെ നിസ്സങ്കോചം ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും ഉപയോഗപ്പെടുത്തുന്ന അവസ്ഥയിൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി? കൂടുതൽ കൂടുതൽ നിസ്സംഗതയിലേക്ക് ജനതയെ തള്ളുക എന്നുള്ളതാണ് അതിന്റെ ആദ്യ ഭവിഷ്യത്ത്. ഫാസിസത്തിന്റെ അതേ ഉപായങ്ങളെയും സൂത്രഘടനകളെയും പ്രവർത്തനശീലങ്ങളെയും പിൻപറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയം വൈകാതെ സോഷ്യൽ ഫാസിസ്റ്റ് രൂപമാർജിക്കുകയും മാഫിയകൾക്ക് നുഴഞ്ഞുകയറാൻ സൗകര്യമൊരുക്കുകയും ചെയ്യും എന്നതാണ് മറ്റൊരു ഭവിഷ്യത്ത്. മാഫിയകളെ സംബന്ധിച്ച് അധികാരത്തിന്റെ പരിരക്ഷ മറ്റെന്തിനേക്കാളും പ്രധാനമാണ്.
സൈബർ സംഘ ബോധ്യങ്ങളിൽ ചിന്തയുടെ സങ്കീർണത എന്നാൽ വ്യാജ ബൗദ്ധികതയാണ് എന്നാണ്. ലളിത യുക്തകളും ലളിത സമവാക്യങ്ങളും മതിയെന്നാണ് സത്യമന്ത്രാലയത്തിൽ നിന്നുള്ള കല്പന
ഇടതുപക്ഷ രാഷ്ട്രീയം മാഫിയവൽക്കരിക്കപ്പെടുന്നു എന്നതിന്റെ പ്രകടലക്ഷണം അതിന്റെ വംശ-സ്വത്വനാശമാണ്. ഏതു രാഷ്ട്രീയചിന്തയും പ്രയോഗവും അതിന്റെ അടിസ്ഥാന വംശ- സ്വത്വ പദാവലികളെ മുൻനിർത്തി തന്നെയാണ് സംവാദങ്ങളെ സമ്പുഷ്ടമാക്കുക. അതുകൊണ്ടാണല്ലോ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന്ന് പരമപ്രധാനമാകുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പദാവലികളോ ചിന്താസ്വരൂപങ്ങളോ ഭാവുകത്വമോ ഒന്നും തന്നെ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളിൽ ഇന്ന് ആവശ്യമില്ലാതെ വന്നിരിക്കുന്നു. രാഷ്ട്രീയ നായകസ്തുതി പ്രധാനമാകുന്നു. വിമതശബ്ദങ്ങളെയും വിമർശനങ്ങളെയും പരനിന്ദയും വിദ്വേഷ ഭാഷണം കൊണ്ടും നേരിടുക എന്ന ശീലം ഫാസിസത്തിന്റെ ഉപായങ്ങൾ സ്വായത്തമാക്കിയതിന്റെ രാഷ്ട്രീയ ദുഃസ്ഥിതിയിൽ നിന്നുണ്ടായതാണ്. ഫാസിസം ജനാധിപത്യത്തെ ഉപയോഗിക്കുന്ന അതേ വൈദഗ്ധ്യത്തോടെയാണ് മാഫിയ ഇടതുപക്ഷത്തേയും ഉപയോഗിക്കുന്നത്: സ്വയം വളരാനും ഉള്ളിൽ നിന്നുതന്നെ തുരങ്കം വെയ്ക്കാനും. സാമൂഹിക മാധ്യമമാണ് ഇതിന്റെ കളരി. വിദ്വേഷ ഭാഷണത്തിന്റെ കാര്യത്തിൽ ഇടതു- വലതു വേർതിരിവുകൾ അടിസ്ഥാനരഹിതമാണ്. അല്ലെങ്കിൽ തന്നെ വിദ്വേഷത്തിന് എന്ത് ഇടത്? എന്ത് വലത്?
പോളിമിക്സും പ്രബോധനവും- പൊതുവിൽ രാഷ്ട്രീയ സംവാദങ്ങളിൽ അനുവർത്തിക്കുന്ന രണ്ടു വ്യവഹാര രീതികളാണ്. രണ്ടും മിശ്രണം ചെയ്തുള്ള ഭാഷണരീതികളും അവലംബിക്കാറുണ്ട്. എന്നാൽ രാഷ്ട്രീയ വിദ്വേഷ ഭാഷണങ്ങൾ ഇതുരണ്ടുമല്ല പിന്തുടരുന്നത്. Ad Hominem വാചകാതിക്രമങ്ങളാണ് അതിന്റെ തനതുരീതി. സൈബർ മാധ്യമങ്ങളിൽ ഇത് മറ്റൊരു സ്വഭാവമാർജ്ജിക്കുന്നു. ശത്രുവിനെ ചൂണ്ടിക്കാട്ടിക്കൊടുക്കുക (pointing out) എന്നതാണത്. ആർക്കാണ് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്? സൈബർ ആക്രമണകാരികളുടെ ചോറ്റുപട്ടാളത്തിനു മാത്രമല്ല ഭരണകൂടത്തിന്റെ മർദ്ദകോപകരണങ്ങൾക്കും. വിദ്വേഷ ഭാഷണങ്ങൾ ചോറ്റുപട്ടാളത്തിനു കൈമാറുന്നത് എൻകോഡ് ചെയ്യപ്പെട്ട സന്ദേശങ്ങളായാണ്. ഗ്രൂപ്പിനു മാത്രം നിർധാരണം ചെയ്യാവുന്ന രഹസ്യ സൂചകങ്ങൾ അടങ്ങിയതാണ് ഈ സന്ദേശങ്ങൾ. സാമ്പ്രദായിക രീതിയിലുള്ള, ആരോരുമറിയാതെ നടത്തുന്ന ഗൂഢാലോചനയുടെ പരിണിത ഫലമല്ല വ്യക്തികളെ ലക്ഷ്യം വെച്ചുള്ള സൈബർ അതിക്രമം. സൈബർ അഗോറയിൽ (cyber agora) തത്സമയം തൽക്ഷണം നടക്കുന്ന പ്രവൃത്തിയാണ് ഇത്. ഗ്രൂപ്പിലെ ഒരാൾ സന്ദേശത്തിലെ സൂചകങ്ങളോട് ജാഗ്രമായാൽ തുടരെത്തുടരെ ഓരോ അംഗവും ഒരു ശരീരത്തിന്റെ ഭിന്നഭാഗങ്ങൾ എന്ന നിലയിൽ ഉണരും. സൈബർ ആൾക്കൂട്ട അതിക്രമങ്ങളിൽ മുൻകൂർ തിരുമാനിക്കപ്പെട്ടിരിക്കുന്ന ഏക കാര്യം തൊഴിൽ വിഭജനമാണ്. അതായത് ഓരോ അംഗത്തിനും നിക്ഷിപ്തമായ തൊഴിൽ എന്താണെന്നുള്ളത്.
ഒരേ പോലെ ഒരേ അളവിൽ ഒരേ ബൗദ്ധിക നിലവാരത്തോടെ പ്രതികരിക്കണമെന്നുണ്ടെങ്കിൽ സവിശേഷമായ ശിക്ഷണത്തിലൂടെ (disciplining) സംഘാംഗങ്ങൾ കടന്നുപോയിരിക്കണം. പ്രധാനമായും ചിഹ്നങ്ങളെ വായിച്ചെടുക്കാനുള്ള കഴിവാണ്, ഇതുറപ്പു വരുന്നത് സംഘനേതൃത്വമാണ്. സാമാന്യേന ഈ ശിക്ഷണത്തിന് ഉപോൽബലകമായിരിക്കുന്ന ചില ശീലങ്ങളുണ്ട്. ശീലങ്ങളാണ് പ്രധാനം. ശീലങ്ങളുടെ പ്രത്യേകത മാറാനുള്ള വിമുഖതയാണല്ലോ. ബൗദ്ധിക വ്യവഹാരങ്ങളോടും ചിന്തകളോടുള്ള വിദ്വേഷമാണ് ഈ ശീലത്തിന്റെ സവിശേഷ ലക്ഷണം. ചിന്താസ്വാതന്ത്ര്യം വിദ്വേഷജനകമായ കാര്യമാണ്. സൈബർ സംഘ ബോധ്യങ്ങളിൽ ചിന്തയുടെ സങ്കീർണത എന്നാൽ വ്യാജ ബൗദ്ധികതയാണ് എന്നാണ്. ലളിത യുക്തികളും ലളിത സമവാക്യങ്ങളും മതിയെന്നാണ് സത്യമന്ത്രാലയത്തിൽ നിന്നുള്ള കല്പന. എല്ലാം അന്വേഷണങ്ങളും പ്രതികരണങ്ങളും ആലോചനകളും സാമാന്യവൽക്കരിക്കപ്പെട്ട് സാധാരണീകരിക്കപ്പെടണമെന്നതാണ് അടിസ്ഥാന പ്രമാണം. അതായത് എല്ലാം നമ്മുടെ പ്രഭാഷകന്റെ സാരള്യത്തോടെ വേണം അവതരിപ്പിക്കേണ്ടത്.
പുതിയ അന്വേഷണങ്ങളെയും വ്യത്യസ്ത ആലോചനകളെയും ഭീതിയോടെയാണ് ഇവർ കാണുന്നത്. സാമൂഹികഘടനാപരമായ സ്തംഭനാവസ്ഥയാണ് (stasis) സൈബർ അതിക്രമ സംഘാംഗങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകം. പുരോഗമന സ്വഭാവുമുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളും എല്ലാത്തരം മൗലികവാദികൾക്കും അഭയമാകുന്നു. എന്നാൽ പുതിയ രാഷ്ട്രീയ വിനിമയങ്ങളെ അപായ സൂചനകളായി മനസ്സിലാക്കണമെന്നാണ് സംഘാംഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന ശിക്ഷണം. സ്ത്രീകളുടെയും മർദിത ജനതയുടെയും സ്വതന്ത്രവും ധൈഷണികവുമായ ഇച്ഛയുയർത്തുന്ന വെല്ലുവിളികളിൽ അടിപതറുന്ന സൈബർ സംഘം അതിനെ ചെറുക്കാൻ സ്വീകരിക്കുന്ന മാർഗം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വാരിച്ചൊരിയുക എന്നതാണ്. സമൂഹത്തിന്റെ ഓരങ്ങളിൽ നിന്ന് ഉയർന്നു വരുന്ന പുതിയ രാഷ്ട്രീയവും അതിന്റെ പദാവലികളും വിമോചന വാഞ്ഛകളും സൈബർ സംഘത്തിന്റെ നിഗൂഢ യന്ത്രവൃത്തികളിൽ ഉന്മൂലനം ചെയ്യപ്പെടേണ്ട രാഷ്ട്രീയമാണ്. അതുകൊണ്ടുകൂടിയാണ് സംഘാംഗൾക്ക് മാത്രമല്ല ഫാസിസ്റ്റ് ഭരണകൂടത്തിനും കൂടിയാണ് "ശത്രുക്കളെ' ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്. വംശീയതുടെയും സ്ത്രീവിരുദ്ധരുടെയും വലതുപക്ഷ ഭാഷണം തന്നെ ഒരു മടിയുമില്ലാതെ അതിനായി അവലംബിക്കുകയും ചെയ്യുന്നു.
പ്രമുഖ സ്ത്രീകളെ, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, ആക്റ്റിവിസ്റ്റുകൾ, അക്കാദമിക്കുകൾ എന്നിവർക്കെതിരെ അക്രമാസക്തമായ അസഭ്യം പറച്ചിൽ നടത്തുക വഴി അവരെ മാത്രമല്ല വിമതഭിപ്രായം പറയാൻ തന്റേടമുളവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്
ഭരണകൂട അടിച്ചമർത്തലുകൾക്കെതിരെ മാത്രമല്ല, യാഥാസ്ഥിതിക ജീവിത വ്യവസ്ഥകൾക്കെതിരെ പൊരുതിയിരുന്ന പുതിയ ജീവിതതൃഷ്ണകളുടെ നൈസർഗ്ഗികവും സർഗാത്മകവുമായ പ്രതികരണങ്ങളുടെയും ഒത്തുചേരലിന്റെയും ചേർത്തുനിൽപ്പിന്റെയും ഭൂമികയായിരുന്ന സൈബർ മണ്ഡലമാണ് ഇന്ന് സംഘം ചേർന്ന വിദ്വേഷ പ്രചാരണത്തിന്റെയും വ്യക്തികളെ പിന്തുടർന്നുകൊണ്ടുള്ള ആക്രമണത്തിന്റെയും ഇടമായി മാറിയിരിക്കുന്നത്. ചലച്ചിത്രതാരങ്ങളുടെ ഫാനുകളെന്ന പോലെയാണ് രാഷ്ട്രീയ നായകരെ അവരുടെ അരാഷ്ട്രീയ ആരാധക സംഘം കാണുന്നത്. ബാലാരിഷ്ടമായ മാനസിക ഘടനയുടെ ഉപോൽപ്പന്നമായ ഈ ആരാധന ഹിംസാത്മക ഭാവമാർജ്ജിക്കുകയും സ്വയം സൈനികവത്കരിച്ച് പോരാളികൾ സൈബർ അക്രമങ്ങൾക്കായി രംഗത്തിറങ്ങുകയും ചെയ്യുന്നു. അതിന്റെ പരിണിത ഫലമെന്നു പറയുന്നത്, ഇതൊരു ദൂഷിത ശക്തിയായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. രാഷ്ട്രീയ പാർട്ടികൾ തന്നെ സ്വയം അതേറ്റു പറയാൻ നിർബന്ധിതമായിരിക്കുന്നു. കാരണം സൈബറിൽ ഒതുങ്ങി നിന്നിരുന്ന ഹിംസയും അതിക്രമവും സാമൂഹിക ജീവിതത്തിലേക്കുകൂടി അപവർത്തനം (diffusion) ചെയ്തതിനാലാണത്. വിമതത്വത്തിന്റെ ഭാഷയിൽ സംസാരിക്കുന്നവരെ പിന്തുടർന്ന് സംഘം ചേർന്ന് ആക്രമിക്കുന്ന വലതുപക്ഷത്തിന്റെ ഘാതക രാഷ്ട്രീയമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉടലെടുത്തിരിക്കുന്നത്. സ്റ്റേറ്റ് സെൻസറിങ്ങിനു പകരം കൂടുതൽ കാര്യക്ഷമമായി സാമൂഹിക സെൻസറിങ് നടപ്പാക്കുകയാണ്. ഫാസിസത്തിന്റെ സവിശേഷ പ്രത്യേകത തന്നെ സ്റ്റേറ്റ് അടിച്ചമർത്തലിനു മുന്നോടിയായി ആൾക്കൂട്ടത്തെ ഇറക്കിക്കൊണ്ടുള്ള സാമൂഹിക അടിച്ചമർത്തൽ (social repression) ആണ്. സ്വതന്ത്രവും വിമതവുമായ അഭിപ്രായ പ്രകടനങ്ങളെ അസാധ്യമാക്കുന്ന മർദ്ദന തന്ത്രമാണ് (repressive tactic) സൈബർ ആൾക്കൂട്ടത്തിലൂടെ പ്രയോഗിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ആഗോള പ്രശ്‌നമാണ്. പക്ഷെ സംഘടിതമായ സൈബർ ആക്രമണങ്ങൾ ലക്ഷ്യം വെയ്ക്കാറുള്ളത് പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങളെയാണ്. കാരണം, വളരെ പ്രമുഖയായ ഒരാളെ ആക്രമിക്കുക വഴി ആക്രമണകാരിക്കും ശ്രദ്ധ ലഭിക്കുകയും അയാളുടെ സൈബർ സമുദായിക കൂട്ടായ്മയിൽ അതൊരു വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്യും. റാണ അയ്യൂബിനെ പോലുള്ള മാധ്യമ പ്രവർത്തക നിരന്തരം പിന്തുടരുകയും സംഘടിത വിദ്വേഷ ഭാഷണത്താൽ അവരെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരുദാഹരണം. ‘വിർച്വൽ ഹിന്ദുരാഷ്ട്രം: കാവി ദേശീയതയും നവ മാധ്യമവും' എന്ന പുസ്തകത്തിൽ രോഹിത് ചോപ്ര എടുത്തു പറയുന്ന ഒരു കാര്യമിതാണ്. ലിംഗപരമായ ഹിംസ ജാതീയും വംശീയവും വർഗീയവുമായ സൈബർ ആക്രമണവുമായി ഓവർലാപ്പ് ചെയ്യുന്നു. പ്രമുഖ സ്ത്രീകളെ, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, ആക്റ്റിവിസ്റ്റുകൾ, അക്കാദമിക്കുകൾ എന്നിവർക്കെതിരെ അക്രമാസക്തമായ അസഭ്യം പറച്ചിൽ നടത്തുക വഴി അവരെ മാത്രമല്ല വിമതഭിപ്രായം പറയാൻ തന്റേടമുള്ളവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. ഇതൊരു പദ്ധതിയുടെ ഭാഗമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം സംഘടിത ആക്രമണങ്ങൾ സ്വേച്ഛയാ പ്രവർത്തനം മാത്രമായിരിക്കണമെന്നില്ല, പുറകിൽ സാമ്പത്തിക താൽപര്യങ്ങളുമുണ്ടാകാം.
പാർട്ടിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം എന്ന മറവിൽ സൈബർ സ്റ്റോക്കിങിനും വിദ്വേഷ പ്രചാരണത്തിനും സാമൂഹ്യ മാധ്യമങ്ങളിലെ സംഘം ചേർന്നുള്ള വേട്ടകൾക്കും പ്രായഭേദമന്യേ പങ്കെടുക്കുന്ന ആൺതരികൾക്ക് അത് പുരുഷ ഉല്ലാസത്തിന്റെ സംഘവിനോദത്തിന്റെയും ലിംഗ വേട്ടയുടെയും അനുഭൂതി കൂടിയാകണം പ്രദാനം ചെയ്യുന്നത്
നവമാധ്യമ പരിസ്ഥിതിയിൽ സൈബർ പ്രമുഖും അയാളുടെ ഫാൻ ക്ലബും ചേർന്നു നടത്തുന്ന അക്രമാസക്ത അസഭ്യങ്ങളേറ്റ് എല്ലാവരും ഒരേപോലെ ഓടിയൊളിക്കണമെന്നില്ല. ചിലരെങ്കിലും ആർജവത്തോടെ അതിനെ എതിരിടാറുണ്ട്. ആൺ ആക്രോശങ്ങൾക്കൊടുവിൽ ആ സംഘത്തെ ഒന്നടങ്കം പിൻകാലുകൊണ്ടു പുല്ലുപോലെ ഒരു തൊഴി കൊടുത്തു പോകുന്നവരുണ്ട്. അവരെ അധീരമാക്കാൻ കഴിയുകയുമില്ല. പക്ഷെ പ്രശ്‌നമെന്താണെന്നു വെച്ചാൽ, പരസ്യാധിക്ഷേപത്തിന് വിധേയമായ പുരുഷ ഈഗോ അതിനേറ്റ കഠിനമായ മാനസിക ക്ഷതം നിമിത്തം കൂടുതൽ അക്രമാസക്തമാവുകയാണ്. ‘ഇതാ ഒരു രാജ്യദ്രോഹി' അല്ലെങ്കിൽ ‘ഇതാ ഒരു ജനദ്രോഹി..' (വലതു- ഇടതു തരാതരം പോലെ...) എന്ന് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത് ഈ ഘട്ടത്തിലാണ്.
പാർട്ടിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം എന്ന മറവിൽ സൈബർ സ്റ്റോക്കിങിനും വിദ്വേഷ പ്രചാരണത്തിനും സാമൂഹ്യ മാധ്യമങ്ങളിലെ സംഘം ചേർന്നുള്ള വേട്ടകൾക്കും പ്രായഭേദമന്യേ പങ്കെടുക്കുന്ന ആൺതരികൾക്ക് അത് പുരുഷ ഉല്ലാസത്തിന്റെ സംഘവിനോദത്തിന്റെയും ലിംഗ വേട്ടയുടെയും അനുഭൂതി കൂടിയാകണം പ്രദാനം ചെയ്യുന്നത്. പരനിന്ദയും വെറുപ്പും ബൗദ്ധിക വിരോധവും മാത്രമല്ല, പുതിയ പരികല്പനകളോടും മൗലിക അന്വേഷണങ്ങളോടുള്ള ഭീതിയും അപകർഷതയുമൊക്കെ ഇതിന്റെ പ്രകട ഭാവങ്ങളാണ്. സെൻസിബിലിറ്റി കൊണ്ടും വിചാരമൗഢ്യത കൊണ്ടും വിദ്വേഷവികാരാധിക്യം കൊണ്ടും രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ പ്രകടനപരത കൊണ്ടും തീവ്രവലതുപക്ഷത്തിന്റെ മർദക രൂപങ്ങളുടെ അനുവർത്തനമാകുന്നു ഇത്തരം പ്രതികരണങ്ങൾ. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വേളയിൽ സൂറത്തുകാരനായ ഒരു കച്ചവടക്കാരന്റെ വിവാദ ട്വീറ്റ് ഓർക്കുന്നില്ലേ. ഇവിടെ ആ ട്വീറ്റ് പുനഃപ്രകാശിപ്പിക്കാൻ താൽപര്യപ്പെടുന്നില്ല. ഗൂഗിളിൽ തിരഞ്ഞാൽ ഒരു പക്ഷെ മനസിലാക്കാൻ സാധിക്കും. യാതൊരു മറയുമില്ലാത്ത വിദ്വേഷ പ്രസ്താവമായിരുന്നു അത്. രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും അനേകം വിദ്വേഷ പ്രസ്താവങ്ങളുടെയും ഭാഗമായതുകൊണ്ട് യാതൊരു മറവോ തിരിവോ അതിനാവശ്യമുണ്ടായിരുന്നില്ല.
സ്വതന്ത്ര അഭിപ്രായത്തെ തന്നെ അറപ്പോടെയും വെറുപ്പോടെയും കാണുന്ന കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് സ്വതന്ത്ര അഭിപ്രായങ്ങളുള്ള ഒരു വനിതാ പണ്ഡിത എന്നത് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്
എന്നാൽ, കേരളത്തിൽ രാഷ്ട്രീയ ദൗത്യം നിർവഹിക്കുന്നു എന്ന മട്ടിലുള്ള വിദ്വേഷ പോസ്റ്റുകൾ ഗൗരി ലങ്കേഷിന്റെ കൊലയെക്കുറിച്ച് പ്രസ്താവിച്ച ട്വീറ്റിന്റെ ഉള്ളടക്കത്തേക്കാൾ ഒന്നോ രണ്ടോ ഭാവങ്ങളുടെയും വാക്കുകളുടെയും കുറവുകൊണ്ടു മാത്രമാണ് അത്ര പൊതു ആഘാതം സൃഷ്ടിക്കാത്തത്. സൂറത്തുകാരന്റെ ട്വീറ്റിന്റെ ഇടതുപക്ഷ വേർഷനുകളിൽ പ്രകടമാകുന്നത് സമാന വികാരം തന്നെ. സൈബർ ഇടങ്ങളിലെ ഇത്തരം ഇടപെടലുകാർ സ്വയമവരോധിത രാഷ്ട്രീയ വക്താക്കളാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അതിൽ ഉത്തരവാദിത്തമില്ല എന്നുപറയുന്നതിലും ഒരു യുക്തിയില്ല എന്നതുപോകട്ടെ, ധാർമികത ലവലേശവുമില്ല. ഏത് പാർട്ടിയെയാണ്, ഏത് അധികാര വ്യവസ്ഥയെയാണ് അവർ പിന്തുണയ്ക്കുന്നത് ആ വ്യവസ്ഥയുടെ പലതട്ടിലുമുള്ള ആനുകൂല്യം അവർക്ക് ലഭിക്കുന്നുണ്ട്. തീർച്ചയായും സൈബർ മേഖലയിൽ പാർട്ടി സ്വയം സേവകർ എന്ന നിലയിൽ സൈന്യവിന്യാസം പോലെ പ്രവർത്തിക്കുകയാൽ അവർ പോരാളികളാണെന്നാണ് അറിയപ്പെടുന്നത്. ഏതു രാഷ്ട്രീയപാർട്ടിക്കുവേണ്ടിയാണോ പോരാടുന്നത് ആ പാർട്ടി തന്നെയാണ് പ്രാഥമികമായും ഉത്തരവാദികൾ.
പൊതുവിൽ പുരോഗമനമെന്നു നടിക്കുന്ന കേരളത്തിൽ സ്വതന്ത്ര ചിന്തയോട് നിഷേധാത്മക സമീപനമാണ് രാഷ്ട്രീയ പാർട്ടികളും
ബഹുജന മാധ്യമങ്ങളും വെച്ചുപുലർത്തുന്നത്. എം. ഗോവിന്ദന്റേയും സി. ജെ. യുടെയും പി. കെ. ബാലകൃഷന്റെയും പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നുണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ പങ്കുപറ്റുന്നവർക്കും പാർട്ടി- ജാതി- മത സമുദായികതയുടെ പിന്തുണയുള്ള എഴുത്തുകാർക്കും പൊതുകാര്യ വ്യവഹാരികൾക്കുമാണ് പ്രാമുഖ്യം. ‘പബ്ലിക് ഇന്റലെക്ച്വൽ' എന്ന പുരുഷവ്യക്തിത്വം മലയാള ചിന്തയിൽ ഇല്ലാത്തതുകൊണ്ടാണ് അതിനു പകരമായി
‘പൊതുകാര്യ വ്യവഹാരി' എന്നുപയോഗിച്ചത്. സ്വതന്ത്ര അഭിപ്രായത്തെ തന്നെ അറപ്പോടെയും വെറുപ്പോടെയും കാണുന്ന കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് സ്വതന്ത്ര അഭിപ്രായങ്ങളുള്ള ഒരു വനിതാ പണ്ഡിത എന്നത് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം എഴുതുകയും പൊതുവിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന വനിതാ ബുദ്ധിജീവി, ചിന്തക എന്നതുതന്നെ എല്ലാ നിലയ്ക്കും ‘സ്വവർഗ്ഗ സഹൃദയ സൈബർ സഹകരണ സംഘത്തിന്' പ്രകോപനവും നടുക്കവുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുക. തന്റെടത്തോടെ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തുന്ന സ്ത്രീകളെ നിലക്കുനിറുത്തുക എന്ന പരസ്യ പ്രവർത്തനം കൂടിയാണ് സൈബർ മേഖലയിലെ രാഷ്ട്രീയ ബുള്ളിയിങ്. മൗലികവും വ്യത്യസ്തവുമായ രാഷ്ട്രീയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളായി അത് പ്രകടമാകുന്നു.
പാശ്ചാത്യ മാധ്യമങ്ങളിൽ റദ്ദാക്കൽ സംസ്‌കാരത്തെക്കുറിച്ച് വ്യാപക ചർച്ച നടക്കുന്നുണ്ട്. കേരളത്തിലെ റദ്ദാക്കൽ സംസ്‌കാരം പാശ്ചാത്യ ലോകത്തിൽ നിന്ന് ഏറെ ഭിന്നമാണ്.
ട്രാൻസ്‌ജെൻഡർ സ്വത്വത്തെ സംബന്ധിച്ച ജെ. കെ. ഇ. റൗളിങ്ങിന്റെ രാഷ്ട്രീയ ശരികേട് ഉന്നയിച്ച് റൗളിങ്ങിനെ സാമൂഹ്യ മാധ്യമങ്ങളിൽ ബഹിഷ്‌ക്കരിക്കാനും വിലക്ക് ഏർപ്പെടുത്താനുമുള്ള നീക്കം ഇടതുപക്ഷ വൃത്തങ്ങളിൽ നിന്നാണ് ആരംഭിച്ചത്. ഈ ബഹിഷ്‌കരണ നീക്കങ്ങളിൽ നിന്നാണ് റദ്ദാക്കൽ സംസ്‌കാരത്തിന്റെ തുടക്കം. ബഹിഷ്‌കരണ ആഹ്വാനങ്ങളിലെ ജനാധിപത്യ വിരുദ്ധതയെ മുൻനിർത്തിയാണ് റദ്ദാക്കൽ സംസ്‌കാരം എന്ന് അതിനെ വിളിച്ചത്. വിമർശനമാണ് അത്. റദ്ദാക്കൽ സംസ്‌കാരത്തിനെതിരെ ശക്തമായ സമീപനം സ്വീകരിച്ച് രംഗത്ത് വന്നത് ഇടതുപക്ഷ ബുദ്ധീജീവികളാണ്. അതിന്റെ സമീപകാല സംഭവവികാസമാണ് നൈജീരിയൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ചിമാമണ്ട എൻഗോസി അടിച്ചി ഈവിഷയത്തിൽ നടത്തിയ പ്രതികരണം.
പ്രശസ്തയായ ഒരാൾക്കെതിരെ ആരോപണം പെരുമഴകൾ പെയ്യിച്ചുകൊണ്ട് ഒരു വ്യക്തിയുടെ കീർത്തിയെയും യശ്ശസിനെയും ആക്രമിക്കുകയും വഴി അവരെ നിശ്ശബ്ദമാക്കുന്ന പ്രവർത്തനമാണ് റദ്ദാക്കൽ പരിപാടി. ആനുഷംഗികമായ എന്തെങ്കിലും പരാമർശത്തെ മുൻനിർത്തിയോ അല്ലെങ്കിൽ തികച്ചും വ്യക്തിഗതമായ അനുഭവത്തെ പെരുപ്പിച്ചവതരിപ്പിച്ചുകൊണ്ടുമാണ് ആരോപണശരങ്ങൾ തുടരെത്തുടരെ അയയ്ക്കുന്നത്. ഒട്ടുമിക്കവാറും ഏകയോ ഏകനായോ വ്യക്തിയാകും സംഘടിത ആരോപണങ്ങളെ നേരിടേണ്ടി വരുന്നത്. കേരളത്തിലെ കക്ഷി രാഷ്ട്രീയ പിൻബലമുള്ള എഴുത്തുകാർക്കും പൊതുകാര്യ വ്യവഹാരികൾക്കും ഈ കാര്യത്തിലുള്ള ഒരു മെച്ചമെന്താണെന്നു വെച്ചാൽ, അവർക്കെതിരെയുള്ള ആരോപണം -അത് ശരിയോ തെറ്റോവാകട്ടെ- ശക്തിയുക്തം പ്രതിരോധിക്കുന്നത് അവരുടെ പാർട്ടിയോ അല്ലെങ്കിൽ അവരുടെ സാമുദായിക സംഘടനയോ ഒന്നുമല്ലെങ്കിൽ ഫാൻ ക്ലബ് അംഗങ്ങളോ ആകും.
കുലംകുത്തിയും ഊരുവിലക്കും പോലുള്ള ഫ്യൂഡൽ അനാചാരങ്ങൾ മലയാള സംസ്‌കാര ലോകം സ്വായത്തമാക്കി സ്വംശീകരിച്ചുകഴിഞ്ഞിരിക്കുന്നത് ധൈഷണിക അവികസിതാവസ്ഥയുടെ സ്വാഭാവിക ലക്ഷണമാണ്.
സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നവരുടെ സ്ഥിതി അതല്ല. അവർ സംഘടിത ആക്രമണം ഒറ്റയ്ക്ക് ചെറുക്കണം. പാശ്ചാത്യ സംസ്‌കാരങ്ങളിൽ സ്വതന്ത്ര ബുദ്ധിജീവികൾക്ക് രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കാതെ തന്റേടത്തോടെ നിൽക്കാൻ കഴിയുന്നത് അവിടങ്ങളിൽ സ്വതന്ത്രവും വികസിതവുമായ ധൈഷണിക സംസ്‌കാരം നിലനിൽക്കുന്നതുക്കൊണ്ടാണ്. കേരളത്തിന്റെ അന്തരീക്ഷത്തിൽ റദ്ദാക്കൽ പ്രശ്‌നത്തിന് സാംഗത്യമില്ല. സ്വതന്ത്ര ചിന്തയ്ക്ക് അംഗീകാരമുള്ള ഇടങ്ങളിൽ മാത്രമേ ഇതിനു പ്രസക്തിയുള്ളൂ. ജനാധിപത്യത്തിനും സ്വതന്ത്ര നിലപാടുകൾക്കും അംഗീകാരം നൽകുന്ന ഒരു ചിന്താ സംസ്‌കാരമല്ല നമ്മുടേത്. കുലംകുത്തിയും ഊരുവിലക്കും പോലുള്ള ഫ്യൂഡൽ അനാചാരങ്ങൾ മലയാള സംസ്‌കാര ലോകം സ്വായത്തമാക്കി സ്വംശീകരിച്ചുകഴിഞ്ഞിരിക്കുന്നത് ധൈഷണിക അവികസിതാവസ്ഥയുടെ സ്വാഭാവിക ലക്ഷണമാണ്.
ഇന്ന് സൈബർ വേദികളിലാണ് ഇത്തരത്തിലുള്ള ഫ്യൂഡൽ സങ്കല്പങ്ങളെ കൂടുതൽ തനിമയോടെ പ്രയോഗിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. എന്തായാലും ഇത്തരത്തിലുള്ള ഫ്യൂഡൽ ബോധമാണ് രാഷ്ട്രീയ സമൂഹത്തെ നിർണയിക്കുന്നതെങ്കിൽ അതിൽനിന്ന് വേർപ്പെടുത്തിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിലെ മാഫിയ ഇടപെടലുകളെ കാണുന്നതിൽ ഒരു യുക്തിപ്പിശകുണ്ട്. ▮