നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്

കേരളം വിമത സൗഹൃദമാക്കി മാറ്റുന്നതിന്​ ട്രാൻസ് -ക്വിയർ വ്യക്തിത്വങ്ങളെയും ഗവേഷകരെയും ഉൾപ്പെടുത്തി അതിവേഗ കർമ പരിപാടിയ്ക്ക് രൂപം കൊടുക്കാൻ സർക്കാരിന് കഴിയണം. നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്.

വിമത സ്വത്വവിഭാഗങ്ങളുടെ കൂടിയ ദൃശ്യതയ്ക്കും കമ്യൂണിറ്റി അവകാശങ്ങൾ ഉറപ്പു വരുത്താനും അവർക്ക്​ അധികാരത്തിന്റെ വിവിധ രംഗങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്താനും സ്വാഭാവികവും ആത്മാഭിമാനത്തോടെയുമുള്ള ജീവിതം നയിക്കാൻ കഴിയുന്ന അവസരങ്ങൾ സൃഷ്ട്ടിക്കാനും ഉതകുന്ന സാംസ്‌കാരിക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് ലൈംഗികത, ലിംഗനില തുടങ്ങിയ സങ്കീർണ വിഷയങ്ങളെ കൂടി ഉൾപ്പെടുത്തുന്നതായിരിക്കണം.

വിമത ലിംഗ -ലൈംഗിക അഭിരുചികളുടെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രയോഗ പദ്ധതികൾ ഇക്കാര്യത്തിൽ ആവശ്യമാണ്. ആൺകോയ്മ - ഭിന്നലൈംഗിക അഭിരുചികളിൽ ഊന്നിക്കൊണ്ടുള്ള സമീപനങ്ങൾ ഇക്കാര്യത്തിൽ കമ്യൂണിറ്റിയെ സഹായിക്കില്ല. പഠന സഹായം മുതൽ ലിംഗമാറ്റ ശസ്ത്രക്രിയ സഹായങ്ങൾ വരെ, സ്വയം തൊഴിൽ മുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കൽ വരെ, ക്വിയർ സൗഹൃദ ടോയ്‌ലറ്റുകൾ മുതൽ പൊലീസ് വേട്ടയാടൽ അവസാനിപ്പിക്കുന്നതുവരെ... ഇങ്ങനെ ധാരാളം കാര്യങ്ങൾ നടപ്പിൽ വരുത്തേണ്ടി വരും.

കേരളത്തിലെ മെഡിക്കൽ സർവീസുകൾ ഒട്ടും വിമത സൗഹൃദപരമല്ല. പ്രധാന ഹോസ്പിറ്റലുകളിൽ ക്വിയർ ക്ലിനിക്കുകൾ ആരംഭിക്കുകയും അവിടെ ഈ വിഷയത്തിൽ പരിശീലനം ലഭിച്ച മെഡിക്കൽ പ്രാക്ടീഷണർമാരുടെ സേവനം ഉറപ്പു വരുത്തുകയും വേണം. ഇപ്പോഴും ട്രാൻസ് -ഗേ -ലെസ്ബിയൻ വ്യക്തിത്വങ്ങൾ വീട്ടുകാരുടെ ക്രൂരപീഡനങ്ങൾക്ക്​ വിധേയമാകുന്നുണ്ട്​. ഇത്തരം അതിക്രമങ്ങളെ ശിക്ഷാർഹമായ കുറ്റമായി കണക്കാക്കേണ്ടതുണ്ട്. മാനസിക ചികിത്സാലയങ്ങളും സൈക്യാട്രിസ്​റ്റുകളും നിയമവിരുദ്ധമായി കൺവേർഷൻ തെറാപ്പി ചെയ്യുന്നത് പതിവാണ്. ഇത്തരം സ്ഥാപനങ്ങളുടെ കണക്കെടുക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യണം.

ക്വിയർ സൗഹൃദ മെന്റൽ ഹെൽത്ത് പ്രാക്റ്റീസ് ഉറപ്പു വരുത്തുന്നതിന്​ ഘട്ടം ഘട്ടമായി സൈക്യാട്രിസ്​റ്റ്​, സൈക്കോളജിസ്റ്റ് പ്രാക്ടീഷണർമാർക്ക് സർക്കാർ പരിശീലനം നൽകണം. ജില്ലാ കേന്ദ്രങ്ങളിൽ വിമത വ്യക്തിത്വങ്ങൾക്കായി ഷോർട്ട്​സ്റ്റേ ഹോമുകൾ സ്ഥാപിക്കുകയും വീട്ടിൽ നിന്നിറങ്ങി വരേണ്ട സാഹചര്യമുള്ളവർക്ക്​ അവ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ തുറന്നു കൊടുക്കുകയും വേണം. ട്രാൻസ് വ്യക്​തികൾക്ക് പകൽ വീടുകളും നിർമിക്കേണ്ടതാണ്. ക്വിയർ ദമ്പതിമാർക്ക് താമസിക്കാൻ വാടക വീടുകൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. അതും അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യമുള്ള മേഖലയാണ്. പൊതുവിൽ പറഞ്ഞാൽ കേരളം വിമത സൗഹൃദമാക്കി മാറ്റുന്നതിന്​ ട്രാൻസ് -ക്വിയർ വ്യക്തിത്വങ്ങളെയും ഗവേഷകരെയും ഉൾപ്പെടുത്തി അതിവേഗ കർമ പരിപാടിയ്ക്ക് രൂപം കൊടുക്കാൻ സർക്കാരിന് കഴിയണം. നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്.

ട്രൂകോപ്പി വെബ്സീൻ - പാക്കറ്റ് 27-ൽ രേഖ രാജ് എഴുതിയ ലേഖനത്തിൽ നിന്ന്.

ട്രൂകോപ്പി വെബ്സീനിൽ ലേഖനം പൂർണമായി വായിക്കൂ...

സംരക്ഷകരെ വേണ്ട, വേണം തുല്യ അവസരം, അധികാര പങ്കാളിത്തം


Summary: കേരളം വിമത സൗഹൃദമാക്കി മാറ്റുന്നതിന്​ ട്രാൻസ് -ക്വിയർ വ്യക്തിത്വങ്ങളെയും ഗവേഷകരെയും ഉൾപ്പെടുത്തി അതിവേഗ കർമ പരിപാടിയ്ക്ക് രൂപം കൊടുക്കാൻ സർക്കാരിന് കഴിയണം. നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്.


Comments