ഡോക്ടർമാർ എന്ന നിലയിൽ ലിംഗപരമോ ലൈംഗികപരമോ ആയ വിവേചനങ്ങളില്ലാതെ ഏവർക്കും പരിചരണം നൽകാനുള്ള ധാർമ്മിക ഉത്തരവാദിത്തം നമുക്കുണ്ട്. ട്രാൻസ്ജെൻഡർ, ജെൻഡർ ഡൈവേഴ്സ് (TGD) വ്യക്തികൾക്കുവേണ്ട പരിചരണം ലഭ്യമാക്കുന്നതിന് നിലവിലുള്ള സാമൂഹികമായ തടസ്സങ്ങൾ മനസ്സിലാക്കി, വേണ്ട പരിചരണം നൽകുക എന്നത് നമ്മുടെ കടമയാണ്.
2019- ലെ ട്രാൻസ് ജെൻഡർ പേഴ്സൺസ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ആക്ട്, 2026- ൽ കൊണ്ടുവന്ന അതിന്റെ ഭേദഗതി എന്നിവയുടെ പശ്ചാത്തലത്തിൽ നമ്മൾ ഏറ്റെടുക്കേണ്ട പരിചരണ ദൗത്യത്തെ കുറിച്ചുള്ള ആലോചനയാണ് ഇവിടെ പങ്ക് വെക്കുന്നത്.
എന്താണ് ജെൻഡർ?
നമ്മുടെ മെഡിക്കൽ കരിക്കുലത്തിൽ ജെൻഡർ വേണ്ടും വിധം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അത് മെഡിക്കൽ പ്രാക്ടീസിൽ ഇന്ന് അനിവാര്യമായ അറിവാണ്. ലോകാരോഗ്യസംഘടന ജെൻഡറിനെ നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: സ്ത്രീക്കും പുരുഷനും യോജിച്ചതെന്ന തരത്തിൽ അവരുടെ കടമകൾ, സ്വഭാവങ്ങൾ, പ്രവൃത്തികൾ, സവിശേഷതകൾ എന്നിവ സാമൂഹികമായി നിർമ്മിക്കപ്പെട്ടിരിക്കുന്നതിനെയാണ് ജെൻഡർ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അത് ശരീരശാസ്ത്രപരമായ ഘടനയുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ല. സംസ്കാരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതാണ്. അത് ആൺ- പെൺ ദ്വന്ദ്വത്തിനപ്പുറം, വ്യത്യസ്ത ചേരുവയിലൂടെ ഒരു സ്പെക്ട്രം എന്ന രീതിയിൽ മനസ്സിലാക്കേണ്ടതുണ്ട്.

ശാരീരികമായ സവിശേഷതകൾ, സെക്സ് സ്വഭാവങ്ങൾ (sex characteristics) എന്ന തരത്തിലാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. സെക്സും ജെൻഡറും തമ്മിൽ ഇപ്രകാരം വേർതിരിച്ചറിയണം.
ജനനസമയത്ത് ശാരീരിക സ്വഭാവങ്ങൾ നോക്കി ജെൻഡർ നൽകപ്പെടുന്നതിനാൽ ചില വ്യക്തികൾക്ക് വളർച്ചയുടെ ഘട്ടങ്ങളിൽ അവരുടെ ജെൻഡർ ഐഡന്റിറ്റിയുമായി സംഘർഷമുണ്ടാകുന്നു. ഇവർ ട്രാൻസ് ജെൻഡർ, ജെൻഡർ ഡൈവേഴ്സ് ഗണത്തിൽ വരും. ഓരോ വ്യക്തിയും ആന്തരികമായി അനുഭവിക്കുന്നതാണ് ആ ആളിന്റെ ജെൻഡർ.
ജെൻഡർ അനുകൂല പരിചരണം
ജെൻഡർ അനുകൂല പരിചരണത്തിന് അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ള സ്റ്റാൻഡേർഡ് ഓഫ് കെയർ (SOC) മാനദണ്ഡങ്ങളുണ്ട്. ഒരാളുടെ ശരീരവും ജെൻഡർ ഐഡന്റിറ്റിയും തമ്മിൽ പൊരുത്തപ്പെടാൻ ആവശ്യമായ പരിചരണമാണിത്. മെഡിക്കൽ, സർജിക്കൽ, സൈക്കോളജിക്കൽ ഇടപെടലുകളോടൊപ്പം സാമൂഹികമായ ഇടപെടലും ആവശ്യമായ, സമഗ്രമായ സമീപനമാണിത്. ട്രാൻസ്ജെൻഡർ, ജെൻഡർ ഡൈവേഴ്സ് മനുഷ്യർക്ക് ഉണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടിയാണത്. ഇതിനായി ഡോക്ടർമാർ തിരിച്ചറിയേണ്ടത് ജൻഡർ ഇൻകോൺഗ്രുവൻസ് , ജെൻഡർ ഡിസ്ഫോറിയ എന്ന അവസ്ഥകളാണ്.
ജെൻഡർ ഇൻകോൺഗ്രുവൻസ്
(Gender Incongruence)
ഒരു വ്യക്തിക്ക് നൽകപ്പെട്ട (Assigned) ജെൻഡറും അയാൾ അനുഭവിക്കുന്ന (Experienced) ജെൻഡറും തമ്മിലുള്ള പൊരുത്തക്കേടാണിത്. ലോകാരോഗ്യ സംഘടന ICD- 11ൽ ഇത് ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇതൊരു രോഗാവസ്ഥയല്ല എന്ന് അതിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഈ അവസ്ഥ മനസ്സിലാക്കി അവരുടെ സുസ്ഥിതിക്കാവശ്യമായ മെഡിക്കൽ ഇന്റെർവെൻഷൻ, അവരുടെ ആവശ്യ പ്രകാരവും നിർദ്ദിഷ്ട പ്രോട്ടോകോൾ പ്രകാരവും ശുപാർശ ചെയ്യാൻ സാധിക്കും. സൈക്യാട്രി, സൈക്കോളജി സ്പെഷ്യലിസ്റ്റുകളാണ് ഇത് നൽകുന്നത്. എന്നാൽ എല്ലാ ചികിത്സകരും ഇത് അറിഞ്ഞിരിക്കണം. പല വിധ ചികിത്സകളും ഈ വ്യക്തികൾക്ക് നൽകുന്ന സമയത്ത് ഈ അറിവ് ആവശ്യമാണ്.

ജെൻഡർ ഡിസ്ഫോറിയ
(Gender Dysphoria)
അമേരിക്കൻ സൈക്യാട്രിക് അസ്സോസിയേഷന്റെ DSM- 5 ലാണ് ഇതിന്റെ നിർവ്വചനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നൽകപ്പെട്ട ജെൻഡറും അനുഭവിക്കുന്ന ജെൻഡറും വ്യത്യസ്തമായിരിക്കുന്നവർ കടന്നുപോകുന്ന മാനസിക സമ്മർദ്ദത്തെയാണ് കുറിക്കുന്നത്. ജെൻഡർ ഐഡന്റിറ്റി ഒരു രോഗമല്ല എന്നത് ഉറപ്പിച്ചിട്ടുണ്ട്. ആറു മാസത്തോളം മാനസിക സമ്മർദ്ദം തുടരുമ്പോഴാണ് അത് ഡിസ്ഫോറിയ ആയി കണക്കാക്കുന്നത്. നൽകപ്പെട്ട ജെൻഡർ ഉപേക്ഷിക്കാനും അനുഭവിക്കുന്ന ജെൻഡറിലേക്ക് മാറാനുമുള്ള തീവ്രമായ അഭിലാഷം, ഗണ്യമായ തോതിലുള്ള മാനസിക സമ്മർദ്ദം എന്നിവ ഈ ഡയഗ്നോസിസിന് ആവശ്യമായ മാനദണ്ഡങ്ങളാണ്.
കേരളത്തിലെ ട്രാൻസ് ജെൻഡർ നയം
കാലങ്ങളായി സാമൂഹികമായ വിവേചനവും ബഹിഷ്കരണവും അനുഭവിച്ചുപോന്നവരാണ് ട്രാൻസ്ജെൻഡർ, ജെൻഡർ ഡൈവേഴ്സ് മനുഷ്യർ. അവർ അതിജീവനത്തിനായി പൊരുതിയതിന് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിൽ 2014 ൽ പുറത്തുവന്ന NALSA Vs union of India ജഡ്ജ്മെൻറ്, അവരെ പിന്തള്ളപ്പെട്ട വിഭാഗമായി കണ്ട് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.
ഇതേതുടർന്ന് 2015- ൽ കേരളത്തിൽ ട്രാൻസ് ജെൻഡർ പോളിസി രൂപപ്പെടുത്തി. ആരോഗ്യ സംവിധാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടിരുന്ന ഇവർക്ക് വിവേചനം കൂടാതെ ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കണമെന്ന് നയം പറയുന്നുണ്ട്. അതേ തുടർന്ന് വന്ന കോടതി വിധികൾക്ക് അനുസരിച്ചും ഇത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആരോഗ്യ വ്യവസ്ഥക്കുണ്ട്.

2026- ലെ ഭേദഗതിയും അതുയർത്തുന്ന ഗൗരവമേറിയ പ്രശ്നങ്ങളും
2026 മാർച്ചിൽ ഈ നിയമത്തിന് ഒരു ഭേദഗതി കേന്ദ്ര ഗവണ്മെന്റ് പാർലിമെന്റിൽ അവതരിപ്പിക്കുകയും അത് സഭകൾ പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പു വക്കുകയും ചെയ്തിട്ടുണ്ട്. ഇത് ജെൻഡർ അനുകൂല പരിചരണത്തെ നേരിട്ട് ബാധിക്കുന്നതല്ല. എന്നാൽ, ട്രാൻസ് ജെൻഡർ എന്നതിന്റെ നിർവ്വചനം വളരെ ചുരുക്കുകയും ശാസ്ത്രീയസമീപനം കയ്യൊഴിയുകയും ചെയ്തതായി കാണാം. ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് നൽകുന്ന പരിരക്ഷക്കും ആനുകൂല്യങ്ങൾക്കും ദുരുപയോഗം ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് ന്യായീകരിക്കപ്പെടുന്നത്. ഈ മാറ്റം വിദഗ്ദ്ധരുമായി വേണ്ടത്ര കൺസൾട്ടേഷൻ നടത്താതെ ചെയ്തിട്ടുള്ളതിനാൽ വളരെ അശാസ്ത്രീയവും അവ്യക്തവുമാണ്.
മെഡിക്കൽ ലോകത്തും മനുഷ്യാവകാശ മേഖലകളിലും അംഗീകരിക്കപ്പെട്ട സാമൂഹിക ശാസ്ത്രപരമായ ബോദ്ധ്യങ്ങൾ തിരിച്ചറിയാതെയുള്ള ചില കൂട്ടിചേർക്കലുകളാണ് ഇതിലുള്ളത്. സയൻസിന്റെ അടിസ്ഥാനത്തിലുള്ള അറിവുകൾ പാടെ നിരാകരിച്ചിരിക്കുന്നു. ഇന്റർ സെക്സ്, ട്രാൻസ് ജെൻഡർ വിഭാഗങ്ങളെ തെറ്റായി കൂട്ടിക്കുഴച്ച് നിർവ്വചിച്ചിരിക്കുകയാണ്. ഏതെങ്കിലും ക്രിമിനൽ നടപടികൾക്ക് വിധേയമായി ശരീരത്തിൽ മാറ്റമുണ്ടായാൽ അവരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടും എന്നും ഇതിൽ പറയുന്നു. ജെൻഡറിനെ കുറിച്ചുള്ള അടിസ്ഥാന ധാരണക്ക് തന്നെ അത് വിരുദ്ധമാണ്. അതേ പോലെ തന്നെ നൂറു കണക്കിനുള്ള ട്രാൻസ് മെൻ, ജെൻഡർ നോൺ ബൈനറി വിഭാഗങ്ങളെ ഇതിൽ ഉൾപെടുത്തുന്നുമില്ല.
ഭേദഗതി കൊണ്ടുവന്നിട്ടുള്ളത് ഐഡന്റിറ്റി കാർഡിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിലാണെങ്കിലും ഇത് ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹികമായും നിയമപരമായുമുള്ള പിൻതള്ളൽ ഇവരിൽ പലപ്പോഴും മാനസിക സമ്മർദ്ദവും വിഷാദവും ഉണ്ടാക്കുന്നു. മൈനോറിറ്റി സ്ട്രെസ്സ് എന്ന ഈ അവസ്ഥ ആത്മഹത്യാശ്രമങ്ങളിലേക്കും ആത്മഹത്യയിലേക്കും എത്തിക്കാറുണ്ട്. ഈ ബില്ലിന്റെ ചർച്ചകൾ വന്നതിനുശേഷം പലരും കൂടുതൽ മനോവിഷമം അനുഭവിക്കുന്നതായി പറയുന്നുണ്ട്.
ചിലപ്പോൾ ഗുരുതരമായ ക്രൈസിസ് ഉണ്ടാകുന്നുണ്ട്. ചിലയിടങ്ങളിൽ ജെൻഡർ അനുകൂല പരിചരണം നൽകുന്നതിൽ ചില ഡോക്ടർമാർ വൈമുഖ്യം കാണിച്ചതായും അറിയാൻ കഴിഞ്ഞു. ഈ ഭേദഗതി ആരോഗ്യ പ്രവർത്തകരിലും ചില ആശങ്കകൾ ഉണ്ടാക്കുന്നതായി കാണുന്നു. പലപ്പോഴും നമ്മൾ നിയമക്കുരുക്കുകളെ ഭയന്ന് ഡിഫൻസീവ് പ്രാക്ടീസിലേക്ക് പോകാറുണ്ടല്ലോ. എന്നാൽ, ഈ വിഷയത്തിൽ നൈതികമായ, മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള മെഡിക്കൽ ശുപാർശകളും ചികിത്സയും നൽകുന്നതിന് ഡോക്ടർമാർക്ക് നിയമപരമായ സുരക്ഷ ഉണ്ടായിരിക്കും എന്നാണ് നിയമവിദഗ്ദ്ധർ ഉറപ്പിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പരിചരണം ഡോക്ടർമാരുടെ കടമയും അവകാശവുമാണ്.

ഡോക്ടർ സമൂഹത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം
രോഗീകേന്ദ്രീകൃതവും, അവകാശാധിഷ്ഠിതവുമായ ആരോഗ്യസേവനമാണല്ലോ ഇന്ന് ലോകമെമ്പാടും പ്രൊഫഷണലായി നമ്മൾ പിന്തുടരുന്നത്. രോഗിയുടേയും ഡോക്ടറുടേയും അവകാശങ്ങൾ തുടർച്ചയുള്ളതും വേർതിരിക്കാൻ കഴിയാത്തതുമാണ്. നൈതികമായ മെഡിക്കൽ പ്രാക്റ്റീസ് ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത് ഡോക്ടർമാരായവരാണ് നമ്മളെല്ലാവരും. ചികിത്സയിൽ ഒരു വിഭാഗത്തിനോടും വിവേചനം പാടില്ല. കാലങ്ങളായി സാമൂഹിക ബഹിഷ്കരണം മൂലം ആരോഗ്യ സേവനങ്ങൾ പ്രാപ്യമല്ലാതിരുന്ന വിഭാഗമാണ് ട്രാൻസ് ജെൻഡർ മനുഷ്യർ. അതിനാൽ സ്വയം തിരിച്ചറിഞ്ഞ ജെൻഡർ ഉറപ്പിക്കാനായി പലപ്പോഴും അശാസ്ത്രീയമായ തരത്തിൽ മരുന്നുകൾ എടുക്കുന്നതിനും ശരീരത്തിൽ മുറിവുകളും മാറ്റങ്ങളും വരുത്തുന്നതിനും അവർ നിർബ്ബന്ധിതരായിട്ടുണ്ട്.
ഇതുകൂടാതെ അവരുടെ സ്വയം തിരിച്ചറിവിനു വിപരീതമായി കൺവെർഷൻ തെറാപ്പി എന്ന പേരിൽ ക്ലിനിക്കുകളിലും ആശുപത്രികളിലും പോലും ജെൻഡർ ചേഞ്ച് എഫേർട് നടന്നിരുന്നു. ഇപ്പോഴും നമ്മുടെ നാട്ടിലും ചിലയിടങ്ങളിൽ അത് തുടരുന്നുമുണ്ട്. ജന്മനാ നൽകപ്പെട്ട ജെൻഡർ, അവരുടെ താൽപ്പര്യത്തിന് വിപരീതമായി അടിച്ചേൽപ്പിക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ നടപടിയാണിത്. ചില രക്ഷിതാക്കൾ ഇതിനായി ഡോക്ടർമാരെ പ്രേരിപ്പിക്കുന്നു. എന്നാൽ , ഡോക്ടർമാർ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോട്ടോകോൾ പ്രകാരം ചികിത്സിക്കേണ്ടവരാണ്. ഇപ്പോഴുള്ള ശാസ്ത്രീയമായ അറിവില്ലാതിരുന്ന കാലത്ത് അത് ചെയ്തിരുന്നത് മനസ്സിലാക്കാം. എന്നാൽ, ഇന്ന് ആഗോള തലത്തിൽ അത് തള്ളി കളഞ്ഞതാണ്. ആ സ്ഥാനത്ത് ഗവേഷണങ്ങളുടേയും പുതിയ അറിവുകളുടേയും വെളിച്ചത്തിൽ അവർക്ക് അനുകൂലമായ മെച്ചപ്പെട്ട പരിചരണം നൽകാമെന്നതിന് തെളിവുകളുണ്ട്. അതിന്റെ ഫലമാണ്, ഇപ്പോൾ ലോകാരോഗ്യ സംഘടനയും മറ്റും ശുപാർശ ചെയ്യുന്ന ജെൻഡർ അഫർമേറ്റീവ് കെയർ.
നമ്മൾ ചെയ്യേണ്ടത് ഇവയാണ്:
എല്ലാ സ്ഥാപനങ്ങളിലും വിവേചനം കൂടാതെ ട്രാൻസ് ജെൻഡർ മനുഷ്യർക്ക് ചികിത്സ ലഭിക്കാനുള്ള അന്തരീക്ഷം ഒരുക്കുക. ജെൻഡർ, ജെൻഡർ അഫർമേറ്റീവ് കെയർ എന്നിവയിൽ എല്ലാ പ്രൊഫഷനലുകൾക്കും പരിശീലനം ഉറപ്പാക്കുക. അഫർമേറ്റിവ് കെയറിൽ ഉൾപ്പെടുന്നത് പ്രധാനമായും സൈക്യാട്രി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജ്ജറി, ഗൈനക്കോളജി വിഭാഗങ്ങളാണ്. ഇ. എൻ. ടി, ഡെർമറ്റോളജി, ഡെന്റൽ വിഭാഗങ്ങൾക്കും റോളുണ്ട്. മറ്റുള്ള ചികിത്സക്കും തുടർചികിത്സക്കും എല്ലാ ചികിത്സകരുടെയും സേവനം ആവശ്യമായി വരും.
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സ്റ്റാൻഡേർഡ് ഓഫ് കെയർ പിന്തുടരുന്നതിൽ നമ്മൾ പിന്നോട്ട് പോകാൻ പാടില്ല. അത് ഡോക്ടർമാരുടെ ധാർമ്മികമായ ഉത്തരവാദിത്തം കൂടിയാണ്. മെഡിക്കൽ എത്തിക്സിന്റെ തത്വങ്ങൾ നമ്മൾ പിന്തുടരേണ്ടതുണ്ട്. രോഗിയുടെ/തെറാപ്പി ആവശ്യപ്പെടുന്നവരുടെ സ്വയം നിർണ്ണയാവകാശം, നീതി, നന്മ, ഉപദ്രവമുണ്ടാക്കാതിരിക്കൽ എന്നിവ അതിൽ പെടുന്നു. സ്വയം, നിയമത്തിന്റെ പരിരക്ഷ ഉറപ്പിക്കാൻ ചെയ്യേണ്ടത് സ്റ്റാൻഡേ ർഡ് ഓഫ് കെയർ പിന്തുടർന്ന് മാത്രം ചികിത്സയും ശുപാർശയും നൽകുക, അത് കൃത്യമായി ഡോക്യുമെന്റ് ചെയ്തു സൂക്ഷി ക്കുക, വിശദമായി വിവരം ഉൾപ്പെടുത്തിയ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സൂക്ഷിക്കുക എന്നിവയാണ്. ഇത് എല്ലാവർക്കും ബാധകമായതാണ്.

നൈതികവും ശാസ്ത്രീയവുമായ ക്ലിനിക്കൽ പ്രാക്ടീസ് തുടരാനും നമ്മുടെ പരിചരണം ആവശ്യപ്പെടുന്നവരുടെ സുസ്ഥിതി ഉറപ്പ് വരുത്താനാവശ്യമായ പ്രവൃത്തിയിൽ ഏർപ്പെടാനുമുള്ള അവകാശം ഡോക്ടർമാർക്കുമുണ്ട്. ഇപ്പോൾ കൊണ്ടു വന്നിരിക്കുന്ന ഭേദഗതി മൂലം അന്താരാഷ്ട്രമായി ഡോക്ടർമാർ പിന്തുടരേണ്ട മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവർത്തിക്കാനുള്ള പ്രേരണ ഉണ്ടാകരുത്. ഇന്ത്യൻ ഭരണ ഘടനയും പൗരർക്ക് വിവേചനം കൂടാതെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്. അതിനാൽ എത്തിക്കൽ പ്രാക്ടീസ് ഡോക്ടർമാർ തുടരുക തന്നെ വേണം. WHO- യുടെ ICD 11, DSM 5, WPATH SOC 8 എന്നിവയാണ് നമുക്ക് ഗൈഡ് ലൈനായി സ്വീകരിക്കാവുന്നത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനകൾ എവിഡൻസിനെയും എത്തിക്സിനെയും അടിസ്ഥാനപ്പെടുത്തി നമ്മൾ പിന്തുടരുന്ന ഗൈഡ് ലൈനുകൾ ഉറപ്പിക്കാനായി പൊസിഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ടുവരേണ്ടതുണ്ട്. ക്ലിനിക്കൽ സൈക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യ അങ്ങനെ ഒന്ന് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രി സൊസൈറ്റി 2023- ൽ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റ് നിലവിലുണ്ട്. ഡോക്ടർമാരുടെ, പ്രത്യേകിച്ച് സ്പെഷ്യലിസ്റ്റുകളുടെ എല്ലാ സംഘടനകളും സ്റ്റേറ്റ്മെന്റുകൾ ഇറക്കി സയന്റിഫിക് എത്തിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഉറപ്പിക്കണം. പുതിയ ഭേദഗതി ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസം, അവർക്ക് ആരോഗ്യ സേവനത്തിനുള്ള പ്രാപ്യത, എന്നിവ പരിമിതപ്പെടുത്തുകയും ചികിത്സക്ക് അനാവശ്യ കാലതാമസവും ഡോക്ടർമാർക്ക് അധിക ബാദ്ധ്യതയും ഉണ്ടാക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് എയ്സ്തെറ്റിക് പ്ലാസ്റ്റിക് സർജൻസ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്.
ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ
2026-ലെ ഭേദഗതി ട്രാൻസ് ജെൻഡർ പരിചരണ പ്രക്രിയയിൽ ചില അനാവശ്യ ആശങ്കകൾ ഉണ്ടാക്കുന്നതിനാൽ ഡോക്ടർമാർ ഈ വിഷയത്തിൽ പ്രാവീണ്യം ഉറപ്പിക്കേണ്ടതുണ്ട്. നൈതികവും ശാസ്ത്രീയവുമായ പ്രാക്ടീസ് ഡോക്ടർമാരുടെ അവകാശമാണെന്ന് സ്ഥാപിക്കാനുള്ള അവസരം കൂടിയാണിത്. ഇത്തരം നിയമങ്ങൾ കൊണ്ടുവരുമ്പോൾ ആ മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോച നകൾ നടത്തേണ്ടതുണ്ട്. നിയമം, ആരോഗ്യം, സാമൂഹ്യ നീതി എന്നീ വകുപ്പുകൾ ഒരുമിച്ച് ചേർന്ന് ഉചിതമായ തീരുമാനം എടുക്കേണ്ട വിഷയമാണിത്.
കമ്മ്യുണിറ്റിയുമായുള്ള സഹവർത്തിത്തം, പൊതുജനാരോഗ്യത്തിൽ പരമ പ്രധാനമാണ്. കാലങ്ങളായി തുടർന്ന് പോന്ന വിവേചനം ട്രാൻസ് ജെൻഡർ കമ്മ്യുണിറ്റിക്ക് സേവനം നൽകുന്നതിൽ തടസ്സമായിട്ടുണ്ട്. അത് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. അവരോട് ഇടപെട്ട് പ്രശ്നങ്ങൾ മനസ്സിലാക്കിയും തെളിവുകൾ രേഖപ്പെടുത്തി ഗവേഷണങ്ങളിലൂടെയും നമ്മൾ മുന്നോട്ട് പോകണം. കേരളത്തിൽ കൊണ്ടു വന്നിട്ടുള്ള ട്രാൻസ്‌ജെൻഡർ നയം, സാമൂഹികനീതി വകുപ്പ് നടപ്പാക്കിവരുന്ന ക്ഷേമ പദ്ധതികൾ, ആരോഗ്യ വകുപ്പ് തുടങ്ങി വച്ചിട്ടുള്ള സേവനവും പരിശീലനവും എന്നിവയെല്ലാം തുടരേണ്ടതുണ്ട്. ഈ വിഷയത്തിൽ കേരളത്തിലെ ഡോക്ടർമാരും സംഘടനകളും ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തി മാതൃകയാകേണ്ടതുണ്ട്.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

