ഫൈസൽ ഫൈസു

‘അനന്യമാർ ഇനിയുമുണ്ട്​ ഞങ്ങൾക്കിടയിൽ’

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെതുടർന്ന്​ അനന്യകുമാരി എന്ന ട്രാൻസ്​ ജെൻഡർക്ക്​ ജീവനൊടുക്കേണ്ടിവന്ന സാഹചര്യത്തിൽ, ട്രാൻസ്​ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ച്​ എഴുതുന്നു, ട്രാൻസ്​ജെൻററായ ഫൈസൽ ഫൈസു

ലിംഗമാറ്റ ശസ്ത്രക്രിയയിൽ അപാകതയുണ്ടായി എന്ന പരാതി ഉന്നയിച്ച്​അനന്യമോൾ അലക്​സ്​ ആത്മഹത്യ ചെയ്​ത സംഭവം, ട്രാൻസ്​ ജെൻറർ സമൂഹത്തിന്റെ ശാരീരികവും വൈകാരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചും ​ക്രൂരമായ വിവേചനങ്ങളെക്കുറിച്ചുമുള്ള ചർച്ച സജീവമാക്കിയിരിക്കുകയാണ്​.
സംസ്ഥാനത്ത് ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിയെന്ന നിലയിൽ അറിയപ്പെട്ട അനന്യയുടെ മരണത്തിന് പിന്നാലെ അവരുടെ സുഹൃത്ത് ജിജുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അനന്യയുടെ മരണം. അനന്യയുടേത് ആത്മഹത്യയാണെങ്കിൽ കോഴിക്കോട് മാവൂർ റോഡിൽ വച്ച് കൊല്ലപ്പെട്ട ശാലുവിന്റേത് സാമൂഹിക വിരുദ്ധരുടെ ആക്രമണം മൂലമുണ്ടായ മരണമാണ്. ട്രാൻസ്​ജെൻറർ വ്യക്​തിക​ളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്​ചപ്പാടിനെ തുറന്നുകാട്ടുകയാണ്​, തീ​വ്രമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന, അനന്യയുടെ സുഹൃത്തു കൂടിയായ ഫൈസൽ ഫൈസു.
കൊച്ചി മെട്രോയിൽ ആദ്യമായി ജോലിക്ക് കയറിയ ട്രാൻസ്‌ജെൻഡറുകളിൽ ഒരാളാണ്​ ഫൈസൽ.

അനന്യക്ക്​ എന്താണ്​ സംഭവിച്ചത്​?

നന്യയുടെ സർജ്ജറിയിൽ കൈപ്പിഴവ് സംഭവിച്ചുവെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അവരെ ചികിത്സിച്ച ഡോ. അർജ്ജുൻ അശോകൻ തന്നെയാണ് എന്റെ ബ്രസ്റ്റ് സർജ്ജറിയും ചെയ്തത്. എന്റെ വിഷയത്തിൽ ഒരു സങ്കീർണതയുമുണ്ടായിട്ടില്ല. പക്ഷേ, എല്ലാവരിലും ഒരുപോലെ ആകണമെന്നില്ലല്ലോ?

റിനൈ മെഡിസിറ്റിയിൽ ആറുമാസം മുമ്പാണ്​ ഡോ. അർജുൻ അശോകൻ എന്റെ ബ്രസ്​റ്റ്​ സർജറി ചെയ്​തത്​. കമ്യൂണിറ്റിയിൽ ഭൂരിഭാഗം ആളുകളും ബ്രസ്റ്റിൽ ചെയ്തിരിക്കുന്നത് സിലിക്കോൺ ഇംപ്ലാന്റേഷൻ ആണ്. എന്റെ സർജറിയിൽ, വയറ്റിൽ നിന്ന്​ ഫാറ്റ് എടുത്ത് ബ്രസ്റ്റിൽ വയ്ക്കുകയായിരുന്നു. ബ്രസ്റ്റിന് മൃദുത്വമുണ്ടാകുന്നതിനും എന്റെ ശരീരത്തിലേതല്ലാത്ത മറ്റൊരു സാധനം കുത്തിക്കയറ്റിവയ്ക്കാനുള്ള താൽപര്യമില്ലായ്മയുമായിരുന്നു അതിനുകാരണം. ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് അടുത്താണ് അതിന് ചെലവ്. സർജറിക്ക് രണ്ട് വർഷം മുമ്പ്​ ഹോർമോൺ ട്രീറ്റ്മെന്റുകൾ നടത്തണം. പുരുഷന്മാരുടേതിന്​ സമാനമായ ബ്രസ്​റ്റിലേക്ക്​ ജെൽ പോലുള്ള ഒരു സാധനം കയറ്റി വിടുകയാണ് ചെയ്യുന്നത്. പച്ചമാംസത്തിലേക്ക് ഇത് കയറ്റിവിടുമ്പോൾ കുറെ നാൾ വേദന അനുഭവിക്കേണ്ടിവരും. ഹോർമോൺ എടുക്കുമ്പോൾ ബ്രസ്റ്റ് കുറച്ച് മുന്നോട്ടുവരും. ഈ സമയത്ത് അടിയിലൂടെയാണ് സിലിക്കോൺ ഇംപ്ലാന്റേഷൻ ചെയ്യുന്നത്. വയറ്റിൽ നിന്ന്​ ഫാറ്റ് എടുക്കുമ്പോൾ, ഒരു ഭാഗത്ത് ഹോൾ ഇട്ട് അതിലൂടെ സിറിഞ്ച് ഉപയോഗിച്ച് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് നമ്മുടെ ബ്രസ്റ്റിന്റെ താഴെയെത്തിച്ച് ഇതിനുള്ളിലേക്ക് ഇൻജക്ട് ചെയ്യും. ഹോർമോൺ ട്രീറ്റ്മെൻറ്​ തുടരേണ്ടി വരുന്നതിനാൽ ഇപ്പോൾ തോന്നുന്നു, സിലിക്കോൺ വയ്ക്കുന്നത് തന്നെയായിരുന്നു നല്ലതെന്ന്. രണ്ടിനും റിനൈ മെഡിസിറ്റിയിൽ ഒരേ ചെലവാണ്.

രണ്ട് തവണ ശസ്ത്രക്രിയ ചെയ്തിട്ടും ശരിയാകാതെ മൂന്നാമതൊരു സർജ്ജറിക്ക് ഇയാളുടെ ടേബിളിൽ എങ്ങനെയാണ് കയറിക്കിടക്കുകയെന്ന് അനന്യ ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്.

എന്തായാലും അനന്യയുടെ സർജ്ജറിയിൽ സങ്കീർണതകളുണ്ടായിട്ടുണ്ട്. ഈ ശസ്ത്രക്രിയയ്ക്ക് യഥാർത്ഥത്തിൽ ഒരു മുഴുനീള പ്രോസസിംഗ് നടക്കേണ്ടതുണ്ട്. അതൊന്നും നടക്കാറില്ല. ശസ്ത്രക്രിയയ്ക്ക് സമീപിക്കുമ്പോൾ അവർ ഒരു ഡേറ്റ് തരുന്നു, അതിന് പണം കെട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ഇതാണ് ട്രാൻസ് സമൂഹത്തിലെ പല അംഗങ്ങളുടെയും അനുഭവം.
അനന്യയുടെ ശസ്ത്രക്രിയയിൽ കൈപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണെങ്കിലും അത് ശാരീരികമായ എന്തെങ്കിലും ദൗർബല്യം മൂലമാണോയെന്ന് അറിയില്ല. കാരണം, അവരുടെ വജൈനയുടെ ഫോട്ടോ ഞാൻ കണ്ടിരുന്നു. ശസ്ത്രക്രിയ ചെയ്ത ആ വജൈന കണ്ടാൽ അതിനെ അങ്ങനെ വിളിക്കാനാകില്ല. അവിടെയിട്ട് എന്തൊക്കെയോ കുത്തിക്കീറി വച്ചിരിക്കുന്നു. രണ്ട് തവണ ശസ്ത്രക്രിയ ചെയ്തിട്ടും ശരിയാകാതെ മൂന്നാമതൊരു സർജ്ജറിക്ക് ഇയാളുടെ ടേബിളിൽ എങ്ങനെയാണ് കയറിക്കിടക്കുകയെന്ന് അനന്യ ഒരു ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്. ആദ്യ ശസ്ത്രക്രിയയിൽ മോശമായി പോയതുകൊണ്ട് രണ്ടാമത്തേതിൽ ശരിയാക്കാമെന്ന് പറയുന്നത് എന്ത് ന്യായമാണ്?

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ഡിസ്ചാർജ്ജ് ചെയ്യുന്നതു വരെയുള്ള എല്ലാ രേഖകളും ചേർത്താണ് സമ്മറി ഷീറ്റ് തരുന്നത്. ഇത്തരത്തിൽ ഒരു രേഖയും അനന്യയ്ക്ക് കൈമാറിയിട്ടില്ല. ഈ രേഖകൾക്കുവേണ്ടി ഒരുപാട് തവണ ആശുപത്രി അധികൃതരെയും പി.ആർ.ഒയെയും ഡോക്ടറെയും അനന്യ സമീപിച്ചിരുന്നു. അവസാനം ഭീഷണിയും ഉന്തും തള്ളും എന്ന തരത്തിലേക്കാണ് കാര്യങ്ങൾ വന്നത്. എന്തുകൊണ്ട് രേഖകൾ ഡോക്ടർ കൊടുത്തില്ല എന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. ഡോക്ടറുടെ ഭാഗത്ത് കൈപ്പിഴ സംഭവിച്ചിട്ടില്ലെങ്കിൽ പ്രിസ്‌ക്രിപ്ഷനോ മറ്റ് രേഖകളോ കൊടുക്കുന്നതിന് എന്താണ് കുഴപ്പം. ഒരു രോഗിക്ക് തന്റെ ശരീരത്തിൽ എന്തൊക്കെ ചെയ്തുവെന്ന് അറിയാൻ അവകാശമുണ്ട്. ശസ്ത്രക്രിയ സങ്കീർണമാകുകയും ചെയ്ത ഭാഗങ്ങളിൽ വേദനയുണ്ടാകുകയും പഴുപ്പുണ്ടാകുകയും ചെയ്തതിനാലാണ് അനന്യ സമ്മറി ഷീറ്റ് ആവശ്യപ്പെട്ടത്. ഡൽഹിയിലും മറ്റും പോയി റീസർജറി ചെയ്യാൻ സൗകര്യങ്ങളുണ്ട്. എന്നാൽ അവിടെ മുമ്പ് ചികിത്സിച്ച സമ്മറി ഷീറ്റ് കാണിക്കേണ്ടതുണ്ട്.

അനന്യ

ഒരു വർഷമായി അനന്യ ഈ വിഷയം പല മാധ്യമങ്ങളിലും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് കാര്യമായി ചർച്ച ചെയ്തില്ല. ഈ വിഷയത്തിൽ സർക്കാരിന്റെ കടുത്ത അലംഭാവമുണ്ട്. കാരണം, ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് തന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്​ അനന്യ പരാതി കൊടുത്തതായാണ് എന്റെ അറിവ്. ഇവരൊക്കെയൊന്ന് ഇടപെട്ടിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. പക്ഷെ, സർക്കാരിന്റെ ഭാഗത്തുനിന്ന്​ ഈ വിഷയത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല.

അനന്യയുടെ മനോഭാവം ആത്മഹത്യ ചെയ്യുന്ന ഒരു വ്യക്തിയുടേതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എങ്കിലും മനുഷ്യരുടെ ഒരു നിമിഷത്തെ പതർച്ചയാണ് ആത്മഹത്യ എന്ന ചിന്തയിലെത്തിക്കുന്നത്. ആത്മഹത്യകളെ മുൻധാരണകളോടെ കാണാൻ സാധിക്കില്ല. ശരീരത്തിലേക്ക് പഴുപ്പ് ബാധിച്ചുതുടങ്ങിയതിനാൽ അതിനകത്തു നിന്ന്​ മണം വന്നുതുടങ്ങിയിരുന്നു. ഒരിക്കലും ആർക്കും സഹിക്കാനാകാത്ത നാറ്റമാണ് അനന്യ തന്റെ ശരീരത്തിൽ നിന്ന്​അനുഭവിച്ചുകൊണ്ടിരുന്നത്. ഒന്നിനും പണം തികയാത്ത ഈ കോവിഡ് കാലത്ത് ഒരു ദിവസം എട്ട് പാഡ് വരെ അവർക്ക് മാറ്റി ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. ഇതൊക്കെ അനന്യ തന്നെ പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെയും മറ്റും പറഞ്ഞതാണ്. ഇത്രയും വിഷയം അനന്യ ചൂണ്ടിക്കാട്ടിയിട്ടും അതിൽ ഇടപെടാനോ അന്വേഷണം നടത്താനോ മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞില്ല.

കമ്യൂണിറ്റിയിലുള്ളവർ പോലും ഒറ്റപ്പെടുത്തി

അനന്യയും ഞാനും തമ്മിൽ, പല പ്രതിഷേധങ്ങളിലും കാണുകയും ചില കമ്യൂണിറ്റി ഇവന്റുകളിൽ പങ്കെടുക്കുകയും ചെയ്തതിലൂടെയുള്ള ബന്ധം മാത്രമാണുള്ളത്. പക്ഷേ അനന്യയോട് അടുത്തുനിൽക്കുന്ന ഒരുപാട് സുഹൃത്തുക്കൾ കമ്യൂണിറ്റിയിലുണ്ട്. അനന്യ അനുഭവിക്കുന്ന ഈ പ്രശ്നങ്ങളെ ഇവർക്ക് എന്തുകൊണ്ട് മുന്നോട്ട് കൊണ്ടുവരാൻ പറ്റിയില്ല എന്നൊരു ചോദ്യമുണ്ട്. അവരുടെയിടയിൽ കിടന്നാണല്ലോ അനന്യ ഈ നരകയാതന അനുഭവിച്ചിരുന്നത്. അവർക്കെങ്കിലും അനന്യ പറയുന്ന വിഷയത്തെ സമൂഹത്തിനുമുന്നിലേക്ക് കൊണ്ടുവരാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്​ എന്ന ചോദ്യം അവശേഷിക്കുന്നു.

ആർക്കും സഹിക്കാനാകാത്ത നാറ്റമാണ് അനന്യ തന്റെ ശരീരത്തിൽ നിന്ന്​അനുഭവിച്ചുകൊണ്ടിരുന്നത്. ഒന്നിനും പണം തികയാത്ത ഈ കോവിഡ് കാലത്ത് ഒരു ദിവസം എട്ട് പാഡ് വരെ അവർക്ക് മാറ്റി ഉപയോഗിക്കേണ്ടതുണ്ടായിരുന്നു.

അനന്യ ആത്മഹത്യ ചെയ്യുന്ന ദിവസം വൈകിട്ട് അഞ്ച് മണിക്ക്​ പാർട്ണർ ആയിരുന്ന ജിജു നടക്കാൻ പുറത്തേക്കിറങ്ങിപ്പോകുമ്പോൾ അനന്യ ഫ്ലാറ്റിലിരുന്ന് ഇൻസ്റ്റ വീഡിയോകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ജിജു തിരിച്ചുവരുമ്പോൾ അനന്യ തൂങ്ങിനിൽക്കുകയായിരുന്നുവത്രേ. ഈ സമയത്തിനുള്ളിൽ അനന്യ ആരെങ്കിലുമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. കാരണം, ഒരു കോർപറേറ്റ് ആശുപത്രിയ്ക്കെതിരെയാണ് അനന്യ നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പല രീതിയിലും ഭീഷണി വരാം. മാത്രമല്ല, കഴിഞ്ഞദിവസം ക്ലബ്ബ് ഹൗസ് ചർച്ചയിൽ ഈ ഡോക്ടറും അദ്ദേഹത്തിന്റെ ഭാര്യയും പങ്കെടുക്കുന്ന ഒരു റൂമിൽ പോയി കയ്യുയർത്തി സംസാരിക്കാൻ ശ്രമിച്ചപ്പോൾ സംസാരിക്കാൻ അനുവദിക്കാതെ അവർ ഇറക്കിവിട്ടുവെന്നാണ് പറഞ്ഞുകേട്ടത്. അതിനുശേഷം മറ്റൊരു റൂം രൂപീകരിച്ച് അനന്യ ഈ വിഷയം ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ കമ്യൂണിറ്റിയിൽ ഉൾപ്പെടുന്ന ചില ആളുകൾ തന്നെ ഇതൊരു വ്യക്തിപരമായ വിഷയമാണെന്നും ഇത് ഇവിടെ സംസാരിക്കേണ്ടതില്ലെന്നും പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം വിഷയങ്ങൾ ഇവിടെ ഉയർത്തിക്കൊണ്ടുവന്നാൽ സർജ്ജറിക്കായി കാത്തിരിക്കുന്ന പലർക്കും അതൊരു ബുദ്ധിമുട്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ കമ്യൂണിറ്റിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. ഒരു സർജ്ജറിയുടെ പേരിലുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് ഒരിക്കലും വ്യക്തിപരമല്ല. എന്നാൽ ഇത് വ്യക്തിപരമായ കാര്യമായി ഒതുക്കാൻ ആരാണ് ശ്രമിക്കുന്നതെന്നാണ് എന്റെ ചോദ്യം.

അനന്യ

ഈ വിഷയത്തിൽ ക്ലബ്ബ് ഹൗസ് റൂമുകളിൽ നടക്കുന്ന ചർച്ചകളിൽ സ്വന്തം കമ്യൂണിറ്റിയിലുള്ളവർ പോലും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം അനന്യ എഫ്ബിയിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ പോസ്റ്റ് പിന്നീട് റിമൂവ് ചെയ്യപ്പെട്ടു. ഇത്രയും വലിയ മെഡിക്കൽ നെഗ്ലിജൻസിനെ വെള്ളപൂശാൻ കമ്യൂണിറ്റിയിലുള്ളവർ പോലും ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അനന്യ ആ പോസ്റ്റ് ഇട്ടത്. ഞാൻ ആ പോസ്റ്റ് കണ്ടിട്ടില്ല, പക്ഷെ പല സുഹൃത്തുക്കളും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ പോസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ഗൂഢാലോചനയാണോ ആത്മഹത്യയ്ക്ക് പിന്നിലെന്നും ഞാൻ സംശയിക്കുന്നുണ്ട്. അതിന്റെ പേരിൽ എവിടെനിന്നെങ്കിലും ഉയർന്ന ഭീഷണിയാണോ വളരെ ബോൾഡായ ഒരു വ്യക്തിയെ പെട്ടെന്ന് മാനസികമായി തകർക്കുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്തത്?. എന്തായാലും ജിജു ഫ്ളാറ്റിൽ നിന്ന്​ പുറത്തുപോയ ശേഷമുള്ള പത്ത്- പതിനഞ്ച് മിനിറ്റ് നേരത്തിനുള്ളിൽ സംഭവിച്ച എന്തോ ഒരു കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു കാരണമുണ്ടോ? അനന്യയുടെ ഫോണുകൾ എവിടെയാണ്? ആ ഫോണുകൾ പരിശോധിക്കുന്നുണ്ടോ?

നീയെന്താടാ ആണുങ്ങളെ പോലെ പെരുമാറാത്തത്, നിനക്ക് മര്യാദയ്ക്ക് ആണുങ്ങളെപ്പോലെ നടന്നുകൂടേ എന്നൊക്കെ പൊതുമധ്യത്തിൽ ഉയരുന്ന ചോദ്യങ്ങൾ കേട്ടുകൊണ്ടാണ് ഞാനെന്റെ ബാല്യകാലം മുതൽ ജീവിച്ചുപോന്നത്.

എന്തായാലും, ഇതേ സർജറി കൊണ്ട് ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുറെ ആളുകളുണ്ടെന്നാണ് മറ്റുചില കമ്യൂണിറ്റികളിൽ നിന്ന്​ അറിയാൻ കഴിഞ്ഞത്. എന്നാൽ ആരും പുറത്തുപറയാറില്ല. അതായത് എല്ലാവരുടെയും കാര്യത്തിൽ ആ സർജ്ജറി വിജയമല്ല, എന്നാൽ ചിലരുടെ കാര്യത്തിൽ അത് വിജയവുമായിരുന്നു. പക്ഷേ, അനന്യയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്.

നീയെന്താടാ ആണുങ്ങളെപ്പോലെ പെരുമാറാത്തത്​?

ഞാൻ ജനിച്ചതും വളർന്നതും ഗുരുവായൂരിനടുത്ത് ചാവക്കാട് എന്ന കടപ്പുറം മേഖലയിലാണ്. വിദ്യാസമ്പന്നരല്ലാത്ത മത്സ്യത്തൊഴിലാളികളായ മുസ്​ലിം സമുദായത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന സ്ഥലം. അവിടെ നിന്നാണ് ഞാൻ ഐഡന്റിറ്റി വെളിപ്പെടുത്തി വരുന്നത്. ട്രാൻസ് കമ്യൂണിറ്റിയിലെ മറ്റുള്ളവരെപ്പോലെ സമൂഹത്തിൽ നിന്ന്​ ഞാനും ഒരുപാട് പ്രശ്നങ്ങളും വേദനകളും നേരിട്ടിട്ടുണ്ട്​. മുസ്​ലിം സമുദായത്തിൽ നിന്നുകൊണ്ട് ഈ ഐഡന്റിറ്റി വെളിപ്പെടുത്തി പുറത്തിറങ്ങുന്നവർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് സ്ത്രൈണ സ്വഭാവം ഉണ്ടായിരുന്നു. പലപ്പോഴും എനിക്ക് അത് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. നീയെന്താടാ ആണുങ്ങളെ പോലെ പെരുമാറാത്തത്, നിനക്ക് മര്യാദയ്ക്ക് ആണുങ്ങളെപ്പോലെ നടന്നുകൂടേ എന്നൊക്കെ പൊതുമധ്യത്തിൽ ഉയരുന്ന ചോദ്യങ്ങൾ കേട്ടുകൊണ്ടാണ് ഞാനെന്റെ ബാല്യകാലം മുതൽ ജീവിച്ചുപോന്നത്. അന്നൊന്നും ഇപ്പോൾ മറുപടി പറയുന്നതുപോലെ പറയാൻ അറിയില്ലായിരുന്നു. കടൽത്തീര പ്രദേശമായതുകൊണ്ടും സ്ത്രൈണ സ്വഭാവം ഉള്ളയാളായതുകൊണ്ടും കാര്യമായ വിദ്യാഭ്യാസം നേടാനൊന്നും എനിക്ക് സാധിച്ചില്ല. ഞാൻ സ്‌കൂളിൽ പഠിക്കുന്നത് 2000നു മുമ്പാണ്. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കുടുംബത്തിലെ ദാരിദ്ര്യവും പ്രശ്നങ്ങളും അതിന് തടസ്സമായിരുന്നു. അതിലും പ്രധാനപ്പെട്ട പ്രശ്നം എന്നിലെ സ്ത്രൈണതയായിരുന്നു. ആളുകൾ എന്നെ കാണുമ്പോൾ പ്രശ്നമുണ്ടാക്കുകയും ഷർട്ടിന്റെ കോളറിന് കയറി പിടിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്നത് പതിവായിരുന്നു.

ഫൈസൽ ഫൈസു

എന്റെ ഐഡന്റിറ്റി സ്വയം തിരിച്ചറിയാൻ പിന്നെയും കാലങ്ങൾ വേണ്ടിവന്നു. സ്‌കൂൾ പഠനം കഴിഞ്ഞ് കുറെക്കാലം കോൺക്രീറ്റ് പണിക്ക് പോയിരുന്നു. രാവിലെ തന്നെ പണിക്ക് പോകാൻ ഉടുപ്പൊക്കെ ഒരു കവറിൽ പൊതിഞ്ഞ് ചാവക്കാടോ ഗുരുവായൂരോ പോയി നിൽക്കും. അവിടുത്തെ കോൺട്രാക്ടർമാർക്ക് എന്റെ സ്ത്രൈണ സ്വഭാവവും കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവുമൊക്കെ അറിയാം. ഈ കോൺട്രാക്ടർമാർ നമ്മളെ പണിക്ക് വിളിച്ചാൽ മറ്റുള്ളയാളുകൾ ഇവരെ കളിയാക്കും. ‘കൊണ്ടുപോണത് എന്തിനാണെന്ന് അറിയാട്ടാ' എന്ന തരത്തിലുള്ള കളിയാക്കലുകൾ. സ്വാഭാവികമായും അവർ നമ്മളെ പണിക്ക് വിളിക്കാതായി. വെളുപ്പിന്​ പണിയും നോക്കി ചെന്നാൽ മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കും. ബംഗാളികളെയും തമിഴ്​നാട്ടുകാരെയും എല്ലാം പണിക്ക് വിളിച്ചാലും ആരും എന്നെ മാത്രം വിളിക്കില്ല. ഒമ്പത് ഒമ്പതരയായാൽ കൂലിപ്പണിക്കാർക്ക് പിന്നെ പണികിട്ടില്ല. അതുവരെയും ഞാനവിടെ നിൽക്കും.
ഒരുദിവസം ഞാൻ പരിചയക്കാരനായ ഒരു ചേട്ടനോട് ചോദിച്ചപ്പോഴാണ് കാരണം മനസ്സിലായത്. എന്നെ കൊണ്ടുപോകുന്നതുകൊണ്ടുള്ള പ്രശ്നമല്ല അവർക്കെന്നും കൊണ്ടുപോയിക്കഴിഞ്ഞുള്ള മറ്റുള്ളവരുടെ കളിയാക്കൽ കൊണ്ടാണ് വിളിക്കാത്തതെന്നും.

ആൺ ശരീരം പെൺ ശരീരമാകുമ്പോൾ

പിന്നീട് തൃശൂരിൽ നടക്കുന്ന വിബ്ജിയോർ ഫിലിം ഫെസ്റ്റിവലിലും മറ്റും എന്നെപ്പോലത്തെ കുറെയേറെ ആളുകളെ ഞാൻ പരിചയപ്പെട്ടു. എന്റെ ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ച് സംസാരിച്ചാൽ മനസ്സിലാകുന്ന കുറേ ആളുകൾ. അവരോട് എന്റെ പ്രശ്നങ്ങൾ പറയാൻ സാധിച്ചു. അവർ സംസാരിക്കാൻ ധാരാളം വേദികൾ തന്നു. എൻ.എസ്.എസ് ക്യാമ്പുകളിൽ വിദ്യാർത്ഥികളുമായും സംസാരിക്കാനായി.

ഒരാൾ എന്തുകൊണ്ട് ട്രാൻസ്ജെൻഡർ ആയെന്ന് പാട്രിയാർക്കി സിസ്റ്റത്തിൽ നിൽക്കുന്നവരെ ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയാണുള്ളത്. അവരെയത് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല.

2009ലെ ഡൽഹി ഹൈക്കോടതി ഉത്തരവിനുശേഷമാണ് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലെന്ന നിയമം വരുന്നത്. അതിനുശേഷം കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് നടത്തിയിരുന്ന ‘ക്രോസ് ഫയർ’ എന്ന പ്രോഗ്രാമിൽ വച്ചാണ് ഞാനെന്റെ ഐഡൻറിറ്റി പരസ്യമാക്കുന്നത്. അതുവരെയും എന്റെ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയുമൊന്നും ഇത് ബോധ്യപ്പെടുത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇവർക്ക് ഇത് എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല. അപ്പോൾ പിന്നെ ഞാനിത് പരസ്യമായി തന്നെ പറയാൻ തീരുമാനിക്കുകയായിരുന്നു. അന്ന് നമ്മൾ ട്രാൻസ് ജൻഡർ എന്ന പദം ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. 2014ലെ സുപ്രീംകോടതി വിധിക്കുശേഷമാണ് ആ പദം ഉപയോഗിച്ചുതുടങ്ങിയത്. അതിനു മുമ്പ് എം.എസ്.എം അഥവാ ‘മെൻ ഹാവിംഗ് സെക്സ് വിത്ത് മെൻ’ എന്ന അമേരിക്കൻ ഭാഷ്യമാണ് നമ്മൾ ഉപയോഗിച്ചിരുന്നത്.

ഒരാൾ എന്തുകൊണ്ട് ട്രാൻസ്ജെൻഡർ ആയെന്ന് പാട്രിയാർക്കി സിസ്റ്റത്തിൽ നിൽക്കുന്നവരെ ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയാണുള്ളത്. അവരെയത് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല. അതുകൊണ്ട് എടുത്തവഴിക്ക് അവരോട് ഞാൻ പറയുന്ന ഒരു കാര്യം, ‘ഞാനിങ്ങനെയാണ്; എന്നെ ഇങ്ങനെ അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിച്ചാൽ മതി’ എന്നാണ്. ഇനി ട്രാൻസ്ജെൻഡർ എന്താണെന്ന് കൃത്യമായി അറിയണമെങ്കിൽ 2014ലെ സുപ്രിംകോടതി ഉത്തരവ് എടുത്ത് വായിക്കാനും പറയും. അവരോടൊന്നും വായ കൊണ്ട് പറഞ്ഞിട്ട് കാര്യമില്ലെന്ന അവസ്ഥയാണ്.

ഫൈസൽ ഫൈസു

തമിഴ്നാട്ടിലും ഉത്തരേന്ത്യയിലുമൊക്കെ ഒരു ഹിജഡ സംസ്‌കാരമുണ്ട്. കുറെ പൂജയും കർമങ്ങളും ആഘോഷങ്ങളുമൊക്കെ നടത്തിയാണ് അവർ ട്രാൻസ്ജെൻഡറുകളെ തങ്ങളുടെ സമൂഹത്തിലേക്ക് സ്വീകരിക്കുന്നത്. സർജറി കഴിഞ്ഞവരെ മഞ്ഞളിലും പാലിലുമൊക്കെ കുളിപ്പിക്കുകയും കൊട്ടും പാട്ടും ഡാൻസുമൊക്കെയായി ഒരു മാതാവിനെ പൂജിക്കുകയും ചെയ്യുന്നു. പണ്ടുകാലത്ത് ചിലയിടങ്ങളിൽ പെൺകുട്ടികൾ വയസറിയിക്കുമ്പോൾ നടത്തിയിരുന്ന ചടങ്ങുമായി അതിന് ബന്ധമുണ്ട്. ഇവിടെയും കമ്യൂണിറ്റിയിലെ ഭൂരിഭാഗം ആളുകളും ആ വർണാഭമായ ആഘോഷങ്ങളുടെ പിന്നാലെ പോകാറുണ്ട്. ഈ പറയുന്ന ആചാരങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എല്ലാം വെട്ടിമുറിച്ച് ചവിട്ടിമെതിച്ചുകൊണ്ടാണ് എനിക്ക് എന്റെ ഐഡൻറിറ്റി ഉപയോഗിക്കാൻ കഴിഞ്ഞതുതന്നെ. വീണ്ടും പോയി മറ്റൊരു ആചാരത്തിന് കീഴിലാകേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. ഇവിടുത്തെ സിസ്റ്റത്തെ അവഗണിച്ചതുകൊണ്ടാണല്ലോ നമുക്ക് നമ്മുടെ സ്വത്വത്തിൽ ജീവിക്കാൻ സാധിച്ചത്. വീണ്ടും നമ്മൾ മറ്റൊരു സിസ്റ്റത്തെ പിന്തുടരേണ്ട കാര്യമുണ്ടോ? അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആചാരങ്ങളോട് എനിക്ക് എതിർപ്പാണ്. സർജറി കഴിയുമ്പോൾ ഇത്രയും കാലം പുരുഷ ശരീരത്തിൽ ജീവിച്ച ഒരാൾ സ്ത്രീ ശരീരത്തിലേക്ക് മാറുന്നു. അങ്ങനെ മാറുമ്പോൾ കുറച്ച് സുഹൃത്തുക്കളുമായി ആഘോഷിക്കുന്നതിൽ തെറ്റില്ല. ഒരു ഗ്ലാസ് ചായ ഒരുമിച്ച് കുടിക്കുകയോ അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുകയോ ചെയ്ത ശേഷം സന്തോഷത്തോടെ പിരിയാം.

കൊച്ചി മെട്രോയിലെ അനുഭവം

കോൺക്രീറ്റ് പണിക്ക് പോയിരുന്ന ഞാൻ പിന്നീട്​, എന്റെ കമ്യൂണിറ്റിയിൽ തന്നെയുള്ളവർ നടത്തുന്ന ഒരു വർക്ക് സൈറ്റിലാണ് എത്തിപ്പെട്ടത്. അവിടെയും പല വിഷയങ്ങളുണ്ടായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ പണിയാണ് അവിടെ കിട്ടിയിരുന്നത്. അതുകൊണ്ട് മുന്നോട്ട് പോകാനാകാത്ത അവസ്ഥയുണ്ട്. ആ സമയത്താണ് കൊച്ചി മെട്രോയിലേക്ക് ട്രാൻസ്ജെൻഡറുകളെ ജോലിക്കെടുക്കുന്നത്. അങ്ങനെ പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ കൊച്ചിയിലെത്തുന്നത്. ഇത്രയും ചവിട്ടിത്താഴ്ത്തിയ അല്ലങ്കിൽ ചുറ്റുംനിന്ന് ആക്രമിച്ച ഒരു കൂട്ടം മനുഷ്യരിൽ നിന്ന്​ലോകത്തിനുതന്നെ മാതൃകയാകുന്ന ഒരു അതോറിറ്റിയുടെ കീഴിൽ ജോലി ചെയ്യാനാകുന്നുവെന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെയായാണ് എനിക്ക് തോന്നിയത്.
അവിടെ ഞങ്ങൾക്ക് ജോലി ലഭിക്കുമ്പോൾ അവിടെ വരുന്ന ആളുകൾക്കും പൊതുജനങ്ങൾക്കും വലിയൊരു മാറ്റം സംഭവിക്കുക കൂടി ചെയ്യുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. സർക്കാരും സമൂഹവും ഞങ്ങളെ ചേർത്തുപിടിക്കുന്നുവെന്നാണ് തോന്നിയത്. ഈയൊരു പ്രതീക്ഷയിലാണ് ഞാൻ എറണാകുളത്തേക്ക് പോകുന്നത്. എന്റെ നാട്ടിലൊക്കെ ഇത് വലിയ ചർച്ചയായി. ഫൈസുവിന് ട്രാൻസ്ജെൻഡറായതുകൊണ്ട് നല്ലൊരു ജോലി കിട്ടി, അവൻ രക്ഷപ്പെട്ടു എന്നൊക്കെ എല്ലാവരും വിചാരിക്കുകയും ചെയ്തു. ഇത്ര നാളും തഴയപ്പെട്ടതിനാൽ ഞാനും ആ ചർച്ചകളെ ആസ്വദിച്ചു.

കൊച്ചിയിൽ നിന്ന്​ ട്രാൻസ്ജൻഡറുകളെ കൃത്യമായി ഒഴിവാക്കി വിടണമെന്നത്​ പൊലീസ്​ അജണ്ടയായിരുന്നു. നമ്മളെ പിടിച്ചുപറിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ നമ്മൾ അവനെ പിടിച്ചുപറിച്ചുവെന്ന് തിരിച്ച് പരാതി എഴുതിവാങ്ങി വെറുതെ വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

കൊച്ചി മെട്രോയിൽ നാലഞ്ച് മാസം ജോലി ചെയ്തു. മാധ്യമങ്ങളെല്ലാം എന്നെക്കുറിച്ച് വാർത്ത നൽകി. പലപ്പോഴും മെട്രോയ്ക്കുള്ളിൽ തന്നെ വിവേചനം അനുഭവപ്പെട്ടിരുന്നു. കെ.എം.ആർ.എൽ നേരിട്ട് നിയമിക്കുന്ന ജീവനക്കാർ അല്ലാതെ കുടുംബശ്രീയിലെ സ്ത്രീകളാണ് ഇവിടെ ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും. കെ.എം.ആർ.എൽ കുടുംബശ്രീക്ക് കൊടുത്ത ജോലികൾ സബ്കോൺട്രാക്ട് നൽകിയാണ് ട്രാൻസ്ജെൻഡറുകൾക്ക് നൽകിയിരുന്നത്. 13,000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. പിഎഫ്, ഇ.എസ്​.ഐ പിടുത്തങ്ങളെല്ലാം കഴിച്ച് കയ്യിൽ കിട്ടിയിരുന്നത് 9000 രൂപയായിരുന്നു. എറണാകുളം പോലൊരു നഗരത്തിൽ ഒരു വീട് വാടകയ്ക്ക് എടുക്കാൻ ചുരുങ്ങിയത് 8000 രൂപയെങ്കിലും വേണം. ഭക്ഷണം കണ്ടെത്തണം. ആരും സഹായിക്കാനില്ല. കൂട്ടായി വീടെടുക്കാമെന്ന് വച്ചാൽ ട്രാൻസ്ജെൻഡറുകൾക്ക് വീട് നൽകാൻ ആരും തയ്യാറല്ല. ജോലിയ്ക്ക് ശേഷം ആഴ്ചകളോളം മറൈൻ ഡ്രൈവിൽ കിടന്നുറങ്ങിയിട്ടുണ്ട്. ജോലി കഴിഞ്ഞ് പോകുമ്പോൾ കിടക്കാൻ സ്ഥലമില്ലെന്ന കാര്യം ഞങ്ങൾ ആരോടും പറഞ്ഞിരുന്നില്ല.

ഇതിനിടെ ചില സുഹൃത്തുക്കൾ അവസ്ഥയറിഞ്ഞ് അവർ താമസിച്ചിരുന്ന ലോഡ്ജിലേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് അവിടെ നിന്നാണ് ജോലിക്ക് പോയിരുന്നത്. എന്നാൽ ട്രാൻസ്ജെൻഡറുകളെല്ലാം പിടിച്ചുപറിക്കാരും പ്രശ്നക്കാരുമാണെന്ന വാർത്ത നിരന്തരം കൊടുത്തുകൊണ്ടിരുന്ന അവസ്ഥയാണ് അക്കാലത്തുണ്ടായിരുന്നത്. കൊച്ചിയിൽ നിന്ന്​ ട്രാൻസ്ജൻഡറുകളെ കൃത്യമായി ഒഴിവാക്കി വിടണമെന്ന പൊലീസ്​ അജണ്ടയായിരുന്നു ഇതിനുപിന്നിൽ. നമ്മളെ പിടിച്ചുപറിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ നമ്മൾ അവനെ പിടിച്ചുപറിച്ചുവെന്ന് തിരിച്ച് പരാതി എഴുതിവാങ്ങി വെറുതെ വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ്​ ഇറങ്ങുന്നതുവരെ കാത്തിരുന്ന് നിവേദനം കൊടുക്കാൻ കാറിനരികിലേക്ക് ചെന്ന ഞങ്ങളെ ഏലിയാസ് സാർ കഴുത്തിന് പിടിച്ച് തള്ളിമാറ്റുകയായിരുന്നു.

ഞങ്ങൾ താമസിക്കുന്ന ലോഡ്ജിലും ട്രാൻസ്ജെൻഡറുകളെ താമസിപ്പിക്കരുതെന്ന നിർദ്ദേശം പൊലീസ് കൊടുത്തിരുന്നു. കൊച്ചി മെട്രോയുടെ ഉള്ളിൽ ജീവനക്കാർ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. ആദ്യമൊന്നും പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഫോൺ കാബിനിൽ ഏൽപ്പിച്ച ശേഷമേ ജോലിക്ക് കയറാവൂയെന്ന് നിർദ്ദേശിച്ചു. പൊലീസ് ഇത്ര കർശനമായി നടപടികളെടുക്കുന്നതുകൊണ്ട് എപ്പോഴാണ് മുറിയിൽ നിന്ന്​ ഇറങ്ങിപ്പോകേണ്ടി വരികയെന്ന് പറയാനാകാത്ത അവസ്​ഥ. ജോലി കഴിഞ്ഞ് തിരികെ ചെല്ലുമ്പോൾ മുറിയിൽ താമസിപ്പിക്കുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാത്ത വെപ്രാളം. അതുകൊണ്ട് ഒരുദിവസം ഞാൻ ഫോൺ കാബിനിൽ ഏൽപ്പിച്ചില്ല. അന്ന് എന്റെ കൂടെ താമസിക്കുന്ന അമൃത എന്ന കുട്ടി എന്നെ വിളിച്ചു. പൊലീസ് ഒഴിപ്പിച്ചുവിടാൻ ശ്രമിക്കുന്നുവെന്ന്​ അറിയിക്കാനാണ്​വിളിച്ചത്. ആ കുട്ടിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ.എം.ആർ.എല്ലിന്റെ ഒരു ജീവനക്കാരൻ അവിടെ വന്നത്. അദ്ദേഹം വല്ലാതങ്ങ് ഷൗട്ട് ചെയ്തു. അതൊരു ബക്രീദ് സമയം കൂടിയായിരുന്നു. കൊച്ചി മെട്രോ കാണാനൊക്കെ ധാരാളം ആളുകൾ വന്നിരുന്നു. അവരുടെയൊക്കെ മുന്നിൽ വച്ചായിരുന്നു എന്നെ ഇൻസൾട്ട് ചെയ്തത്. വൈകീട്ട് എവിടേക്ക് പോകണമെന്നറിയാത്ത ആശങ്കയിൽ നിന്നുകൊണ്ട് ഞാൻ അവരോട് ചെറുതായൊന്ന് പ്രതികരിച്ചു; ‘ഞങ്ങൾക്ക് ഈ ജോലി തന്നത് നിങ്ങളെ സംബന്ധിച്ച്​ ഒരു പ്രഹസനമാകാം, ഡ്യൂട്ടി കഴിഞ്ഞ് പോയി കിടക്കാൻ നിങ്ങൾക്ക് വീടും മുറികളുമൊക്കെയുണ്ട്​. എന്നാൽ ഞങ്ങൾ ലോഡ്ജുകളിലേക്കാണ് പോകുന്നത്. പൊലീസ് ഇത്തരത്തിലാണ് പെരുമാറുന്നത്. അതുകൊണ്ട് പഴയതുപോലെ മറൈൻ ഡ്രൈവിൽ പോയി കിടക്കേണ്ടി വരുമെന്ന പേടിയോടെയാണ് ഞാനിവിടെ നിൽക്കുന്നത്. ആ വിഷയമാണ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്' എന്നാണ് ഞാൻ പറഞ്ഞത്.

ഇവരൊന്നും നമ്മളെ ഉൾക്കൊണ്ടിട്ടൊന്നുമല്ല ഈ ജോലി തന്നിരിക്കുന്നതെന്ന് അന്ന് മനസ്സിലായി. അല്ലങ്കിൽ ഇവർ അംഗീകരിച്ചുകൊണ്ടുമല്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറിയ സമയത്ത് പത്ത് കോടി രൂപയാണ് ട്രാൻസ്ജെൻഡറുകൾക്ക് വകയിരുത്തിയത്. ഞങ്ങൾ കുറച്ചുപേർ കൊച്ചി മെട്രോ എം.ഡിയായിരുന്ന ഏലിയാസ് സാറിനെ പോയി കണ്ട് താമസിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ വിശദമാക്കി. പത്ത് കോടിയിൽ നിന്ന്​ ഞങ്ങൾക്ക് താമസിക്കാൻ ഒരു ഷെൽറ്റർ അനുവദിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തോട് സംസാരിച്ചത്. അത് ഞങ്ങളുടെ ജോലിയെ കൂടുതൽ സഹായിക്കുമെന്നും ഭീമമായ തുക ലോഡ്ജുകളിലും വാടകയ്ക്കും കൊടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാമെന്നും അദ്ദേഹത്തോട് പറഞ്ഞു. ലോഡ്ജുകളിൽ താമസിക്കാൻ ദിവസം 500 മുതൽ 800 രൂപ വരെയാണ് വാടക കൊടുക്കേണ്ടി വന്നിരുന്നത്. അതിന് ശമ്പളം തികയാതെ വരുന്നതിനാൽ പലർക്കും ലൈംഗിക തൊഴിലും ചെയ്യേണ്ടി വരുന്നുണ്ടായിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞത്, ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന മാത്രമാണ് നിങ്ങൾക്ക് ഇവിടെ ലഭിക്കുകയുള്ളൂ, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുതെന്നാണ്. എത്ര കാലം ജോലി ചെയ്യാൻ പറ്റുമോ അത്രയും കാലം ജോലി ചെയ്യുക, എപ്പോൾ പോകാൻ തോന്നുന്നുവോ, അപ്പോൾ പോകുകയും ചെയ്യാം എന്നാണ്​ അദ്ദേഹം പറഞ്ഞത്​. കെ.എം.ആർ.എൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം കൂടി മനസ്സിലാക്കണം. ഏറ്റവും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിപ്പിക്കുക എന്നതാണ് അതിലൊന്ന്. കുടുംബശ്രീയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വേതനം കുറവാണെങ്കിലും രാവിലെ വീട്ടിൽ നിന്ന്​ ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, ഉച്ചയ്ക്കുള്ള ചോറും പൊതിഞ്ഞുകെട്ടി, വൈകുന്നേരം തിരികെ വീട്ടിലെത്തി അന്തിയുറങ്ങുന്നവരാണ്. എന്നാൽ ട്രാൻസ്ജെൻഡേഴ്സ് സ്വന്തമായി വീടില്ലാത്തവരാണ്. അവർ എവിടെ പോയി കിടന്നുറങ്ങുമെന്ന് ആരും അന്വേഷിക്കുന്നില്ല. അവർക്ക് വരുമാനവും കുറവാണ്. സഹായിക്കാൻ ആരുമില്ലാത്ത, ഒരു പ്രതീക്ഷകളുമില്ലാത്ത മനുഷ്യരാണ്.

പൊലീസ്​ സ്​റ്റേഷനിൽ വച്ച്​ കുടിക്കാനിത്തിരി വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിലെ ക്ലോസറ്റ് കാണിച്ചുകൊടുത്തിട്ട് ഇതിൽ നിന്ന് ​വെള്ളം കുടിച്ചോളാൻ പറയുകയാണ് വനിത എസ്​.ഐ ചെയ്തത്.

പാർശ്വവൽകൃത സമൂഹത്തെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ ഒരു ആവശ്യകതാ വിശകലനം (need assessment) നടത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിന്റെ വീഴ്ചയാണിത്. ഇതൊരു പ്രഹസനമായി പോയി. കൊച്ചിൻ മെട്രോയിൽ ജോലി തന്നത് സർക്കാരിന്റെ ഔദാര്യമാണെന്ന രീതിയിൽ പലപ്പോഴും കേട്ടിട്ടുണ്ട്. ലൈംഗിക തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന 11 ട്രാൻസ്ജെൻഡറുകളെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹവും അവരെ പിന്തുണയ്ക്കുന്നവരും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായാണ് ഞങ്ങൾക്ക് ആ ജോലി കിട്ടിയത്. അല്ലാതെ ആരുടെയും ഔദാര്യമല്ല. പ്രതിഷേധങ്ങൾ ശക്തമായപ്പോൾ അന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന ദിനേഷ് സാർ ചർച്ചക്കു വിളിച്ചു. അതിൽ ജോലി പ്രശ്നം ഉന്നയിച്ചപ്പോഴാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ പോകുകയാണല്ലോ, താൻ ഇതൊന്ന് കെ.എം.ആർ.എല്ലുമായും സർക്കാരുമായും സംസാരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞത്​.

പൊലീസിന്റെ മോറൽ പൊലീസിംഗ്

പിടിച്ചുപറി നടത്തിയെന്ന് പറഞ്ഞാണ് അന്ന് 11 ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്തത്. അക്കാലത്തൊക്കെ ജനങ്ങൾ ട്രാൻസ്ജെൻഡറുകളോട്​ മോശമായാണ് പെരുമാറിയിരുന്നത്. ട്രാൻസ്ജെൻഡറുകൾ ലൈംഗികത്തൊഴിൽ ചെയ്ത് നേടുന്ന പണം അപഹരിക്കാൻ വരുന്ന കള്ളന്മാരെ പിന്തുണയ്ക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടിരുന്നതെന്ന് നേരത്തെ പറഞ്ഞു. ആ കള്ളന്മാരെ കരുവാക്കി നിർത്തി പൊലീസ് ഞങ്ങൾക്കെതിരെ കളിക്കുകയും ചെയ്തിട്ടുണ്ട്. റിജോ കുമ്പളങ്ങി എന്ന മോഷ്ടാവ് ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ബാഗ് തട്ടിപ്പറിച്ച്​ ബൈക്ക് ഓടിച്ചുപോയി. ആ കുട്ടി ഞങ്ങളുടെ കൂട്ടത്തിലെ മറ്റുള്ളവർക്ക് ബൈക്ക് നമ്പർ ഉൾപ്പെടെ അറിയിപ്പ് നൽകിയിരുന്നു. ലൈംഗിക തൊഴിൽ ചെയ്യുന്ന മറ്റൊരു ട്രാൻസ്ജെൻഡറിന്റെ ബാഗ് പറിക്കുന്നതിനുമുമ്പുതന്നെ ഇയാളെ അവർ പിടികൂടി. അവനെ വളഞ്ഞിട്ട് പിടിച്ച് പൊലീസിന് കൈമാറിയപ്പോൾ പൊലീസ് ചെയ്തത് അവന്റെ ബാഗ് ഞങ്ങൾ തട്ടിപ്പറിച്ചെന്ന് അവനെക്കൊണ്ട് പരാതി കൊടുപ്പിക്കുകയാണ്. ഈ പതിനൊന്ന് ട്രാൻസ്ജെൻഡറുകളും പിടിച്ചുപറി നടത്തിയെന്ന് ആരോപിച്ചാണ് ആദ്യത്തെ കള്ളക്കേസ് എടുക്കുന്നത്.

ക്വിയർ പ്രൈഡ് മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഫെെസൽ ഫെെസു ( നടുവിൽ )

അന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു വനിതാ എസ്.ഐ ഉണ്ടായിരുന്നു. ലൈംഗികത്തൊഴിലിനുശേഷം മുറിയിലെത്തി വല്ലതും കഴിക്കാൻ പോകുകയായിരുന്ന പതിനൊനുപേരെയും പിടിച്ചുകൊണ്ട് പോയാണ് ഇവർ തലയെണ്ണി കേസെടുത്തത്. ആ സാഹചര്യത്തിൽ കുടിക്കാനിത്തിരി വെള്ളം ചോദിച്ചപ്പോൾ ബാത്ത്റൂമിലെ ക്ലോസറ്റ് കാണിച്ചുകൊടുത്തിട്ട് ഇതിൽ നിന്ന്​വെള്ളം കുടിച്ചോളാൻ പറയുകയാണ് അവർ ചെയ്തത്. അത്തരത്തിൽ മോറൽ പൊലീസിംഗ് പിന്തുടർന്നു പോന്നിരുന്ന അതേ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ആനി ശിവയെ പോലുള്ളവർ എസ്​.ഐ ആയി വരുന്നത് ആശ്വാസത്തോടെ മാത്രമാണ് കാണാനാകുക. കാരണം, ട്രാൻസ്ജൻഡറുകളും മനുഷ്യരല്ലേ, അവർക്കും ജീവിക്കണ്ടേയെന്ന് ചോദിച്ചവരാണ് ആനി. അതിൽ നമുക്ക് സന്തോഷമേയുള്ളൂ. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ക്ലോസറ്റിൽ നിന്ന് കുടിച്ചോളാൻ പറഞ്ഞ ഒരു വനിത എസ്​.ഐ ഇരുന്ന അതേ കസേരയിലേക്കാണ് ആനി ശിവയെ പോലെ മാനുഷിക മൂല്യം കാത്തുസൂക്ഷിക്കുകയും ജനാധിപത്യബോധത്തോടെ സംസാരിക്കുകയും ചെയ്യുന്ന ഒരു വനിത എസ്​.ഐ ആയി എത്തുന്നത്.

മറ്റ് വഴികളില്ല, അതിനാൽ ലൈംഗികത്തൊഴിൽ

നമ്മളെ ഉൾക്കൊണ്ടുകൊണ്ടല്ല ഇവിടെ ജോലി തന്നത് എന്ന് മനസ്സിലായപ്പോഴാണ് കൊച്ചി മെട്രോയിലെ ജോലി ഞാൻ ഉപേക്ഷിച്ചത്. രണ്ടാംഘട്ടം കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനുമുമ്പും ഞങ്ങൾ ഈ വിഷയങ്ങൾ ഏലിയാസ് സാറിന് മുന്നിൽ ശക്തമായി ഉന്നയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് സർക്കാരുമായി ആലോചിച്ചിട്ട് പറയാമെന്നാണ്. രണ്ടാം ഘട്ട ഉദ്ഘാടനം ടൗൺഹാളിൽ നടക്കുമ്പോൾ ഞങ്ങൾ ഒപ്പിട്ട നിവേദനം നേരിട്ട് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഞാനും വൈക്കം രഞ്ജുവെന്ന ട്രാൻസ് സഹോദരിയും ചേർന്നാണ് ഇത് കൊണ്ടുകൊടുക്കാൻ പോയത്. മുഖ്യമന്ത്രി ഉൾപ്പെടെ അവിടെ വന്ന ഓരോ ക്ഷണിക്കപ്പെട്ട അതിഥികളും കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡറുകൾക്ക് ജോലി കൊടുത്തതുമായി ബന്ധപ്പെട്ട് ഗാർഡിയൻ പത്രത്തിൽ പോലും വന്ന വാർത്തകളെ വീണ്ടും വീണ്ടും പറഞ്ഞ് കയ്യടി നേടുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങുന്നതുവരെ കാത്തിരുന്ന് നിവേദനം കൊടുക്കാൻ കാറിനരികിലേക്ക് ചെന്ന ഞങ്ങളെ ഏലിയാസ് സാർ കഴുത്തിന് പിടിച്ച് തള്ളിമാറ്റുകയായിരുന്നു. ‘മുഖ്യമന്ത്രി ചിലപ്പോൾ ചൂടാകും, അതിനാൽ കൊടുക്കാൻ പറ്റില്ല' എന്നാണ് കൊച്ചി മെട്രോയുടെ എം.ഡി പറഞ്ഞത്. അദ്ദേഹം തന്നെയാണ് നിവേദനം നൽകാൻ സഹായിക്കാമെന്ന് നമ്മളോട് പറഞ്ഞതും.

ലൈംഗിക തൊഴിൽ ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് നല്ല ഭക്ഷണം കഴിച്ച്, നല്ലരീതിയിൽ ജീവിക്കുന്ന എത്രയോ ട്രാൻസ്‌ജെൻഡറുകളുണ്ട്. അതുകൊണ്ടാണ് ട്രാൻസ്‌ജെൻഡറുകൾ ലൈംഗിക തൊഴിൽ ചെയ്യുന്നത് ഒരു തെറ്റായി ഞാൻ കാണാത്തത്.

കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിച്ചശേഷം കുറെക്കാലം ജോലിയൊന്നുമുണ്ടായിരുന്നില്ല. അടുത്തകാലം വരെ യൂബറിന്റെ ഫുഡ് ഡെലിവറി ചെയ്യുമായിരുന്നു. കോവിഡ് കാലഘട്ടത്തിനുമുമ്പുവരെ യൂബർ കൊണ്ട് മാത്രം ജീവിക്കാമായിരുന്നു. അതിനുശേഷം ഒന്നും കിട്ടാത്ത അവസ്ഥയായി. വണ്ടി കൊണ്ട് പോയി കാത്തുകെട്ടി കിടക്കാമെന്നല്ലാതെ വേറൊരു രക്ഷയുമില്ല. അതിൽ നിന്നുള്ള വരുമാനം കൊണ്ടൊന്നും ജീവിക്കാനാകില്ല. വാടക കൊടുക്കാത്തതും ഹോർമോൺ ട്രീറ്റ്മെൻറ്​ മുടങ്ങിയതുമെല്ലാം ഇക്കാലത്ത് പ്രശ്നങ്ങളായി. സർജറിക്ക് മുമ്പായി ഹോർമോൺ മരുന്നുകൾ കഴിക്കേണ്ടതുണ്ട്. രണ്ടുതരം മരുന്നുണ്ട്​. ഒന്ന് ഈസ്ട്രജൻ മെഡിസിൻ ആണ്. അവ ഉപയോഗിക്കുമ്പോൾ നമ്മുടെ പുരുഷ ശരീരത്തിൽ അവശേഷിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുകയും സ്ത്രീ ഹോർമോണുകൾ വർധിക്കുകയും ചെയ്യും. ഫെമിനിറ്റി കൂട്ടാനുള്ള ആ മരുന്നുകൾ കൊണ്ടുതന്നെ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് മൂന്ന് മാസം കൂടുമ്പോൾ ഡോക്ടറെ കാണുകയും മരുന്നുകളുടെ പാർശ്വഫലങ്ങൾ പരിശോധിക്കുകയും വേണം. രണ്ടര വർഷത്തോളം കഴിച്ചുകൊണ്ടിരുന്ന മരുന്ന് പെട്ടെന്ന് കഴിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ ചിലർക്ക് വിഷാദരോഗമൊക്കെ ഉണ്ടാകാം. ചെറിയ ചെറിയ സങ്കടങ്ങൾ മനസ്സിൽ വന്നാൽ അതിനെ നമ്മൾ വലുതാക്കി ചിന്തിക്കും. ഇതൊക്കെ ചികിത്സയുടെ ഭാഗമാണ്. അതുകൊണ്ടാണ് മൂന്നുമാസം കൂടുമ്പോൾ ഡോക്ടറെ കാണണം എന്ന് പറയുന്നത്. അതുകൊണ്ട് ഇടയ്ക്കൊക്കെ ലൈംഗിക തൊഴിലിനിറങ്ങിയാണ് ഇപ്പോൾ ജീവിക്കുന്നത്.

ലൈംഗിക തൊഴിൽ ഒരു തെറ്റാണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷെ ട്രാൻസ്‌ജെൻഡേഴ്‌സ് എല്ലാവരും ലൈംഗിക തൊഴിലാളികളാണെന്ന്​തീർച്ചപ്പെടുത്തിയിരിക്കുന്ന സമൂഹം ഒരു ട്രാൻസ്‌ജെൻഡറിന് മാത്രമായി ലൈംഗികതയിൽ ഏർപ്പെടാനാകില്ലെന്ന് ചിന്തിക്കാറില്ല. അവരെ കൂടെ വിളിക്കാൻ എത്രയോ പേർ ഉള്ളതിനാലാണ് അത് സംഭവിക്കുന്നത്. ട്രാൻസ്ജൻഡറിനെ സമീപിക്കുന്ന പുരുഷനെക്കുറിച്ച് ആരും ആലോചിക്കാറില്ല. അതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡറുകളുടെ ലൈംഗികത്തൊഴിലിനെക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൈംഗിക തൊഴിൽ ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് നല്ല ഭക്ഷണം കഴിച്ച്, നല്ലരീതിയിൽ ജീവിക്കുന്ന എത്രയോ ട്രാൻസ്‌ജെൻഡറുകളുണ്ട്. അവർ ഇതിനുമുമ്പ് എത്രയോ ജോലികൾ ചെയ്തിട്ടുണ്ട്. അന്നൊന്നും അവർക്ക് ഇത്രയും പണം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ട്രാൻസ്‌ജെൻഡറുകൾ ലൈംഗിക തൊഴിൽ ചെയ്യുന്നത് ഒരു തെറ്റായി ഞാൻ കാണാത്തത്. പിന്നെ സമൂഹത്തിന്റെ ചിന്തകൾ മാറ്റിയെടുക്കാൻ എളുപ്പമല്ല. സമൂഹം ഇനിയും എല്ലാക്കാലത്തും അങ്ങനെയേ ചിന്തിക്കൂ. പല പ്രതിസന്ധികളെയും അതിജീവിച്ച ഒരാൾ ട്രാൻസ്‌ജെൻഡർ ആണെന്ന് കണ്ടാലുടൻ സമൂഹം അയാളെ ലൈംഗിക തൊഴിലാളിയായും കാണാൻ തുടങ്ങും. ആ സമൂഹത്തെ ഇനി തിരുത്തേണ്ട ആവശ്യമുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ഇതേസമൂഹം തന്നെയാണ് ട്രാൻസ്‌ജെൻഡറുകളെ മറ്റൊരു തൊഴിലും എടുത്ത് ജീവിക്കാൻ അനുവദിക്കാത്തതും. പല തൊഴിലും എടുക്കാൻ തുനിയുമ്പോൾ ട്രാൻസ്‌ജെൻഡറുകളാണെന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന എത്രയെത്ര വാർത്തകളാണ് ഇപ്പോൾ വരുന്നത്. പലതിലും മനുഷ്യാവകാശ ലംഘനങ്ങൾ പോലുമുണ്ടാകുന്നു.

സ്വവർഗ്ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരെ 2013 ൽ തൃശൂരിൽ നടന്ന പ്രതിഷേധ പ്രകടനം

മറ്റ് സഹോദരങ്ങൾക്ക് അപമാനമായതിന്റെ പേരിൽ ഈ വിഭാഗത്തിൽപ്പെട്ട മക്കളെ വീട്ടിൽ നിന്നിറക്കിവിടുന്ന അമ്മമാരെക്കുറിച്ചുള്ള കഥകൾ ഇഷ്ടം പോലെ കമ്യൂണിറ്റിക്കുള്ളിൽ തന്നെയുണ്ട്. അമ്മമാർ ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും വേദനയോടെ തെരുവിൽ കഴിയുന്ന എത്രയോ ട്രാൻസ്‌ജെൻഡർ സഹോദരങ്ങളുണ്ട്. സ്വന്തം സഹോദരങ്ങളുടെ അഭിമാനം സംരക്ഷിക്കാനാണ് ഇവർക്ക് വീട് വിട്ടിറങ്ങേണ്ടിവരുന്നത്. ലൈംഗിക തൊഴിൽ ചെയ്യുന്നുവെന്ന് ആരോപിക്കുന്ന സമൂഹം ഇവരെ എന്തുകൊണ്ട് വീടുകളിൽ നിന്ന് പുറത്താക്കുന്നു എന്ന് ചോദിക്കാത്തതെന്താണ്? വീടുകളിൽ നിന്ന് ഇറക്കിവിട്ടിരുന്നില്ലെങ്കിൽ അവർക്ക് സുരക്ഷിതത്വവും ഭക്ഷണവും ലഭിക്കുമായിരുന്നു. അപ്പോൾ ലൈംഗിക തൊഴിലും ചെയ്യേണ്ടി വരില്ലായിരുന്നു. ഗതികേടുകൊണ്ട് ലൈംഗിക തൊഴിൽ ചെയ്യേണ്ടി വന്നിട്ട് പിന്നീട് മറ്റ് അവസരങ്ങൾ ലഭിക്കുമ്പോൾ അതിൽ നിന്ന്​മാറിപ്പോകുന്ന പല ആളുകളെയും ഈ കമ്യൂണിറ്റിയിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്. അത് അവർ സ്വയം തിരിച്ചറിയേണ്ടതാണ്. ഒരു സാഹചര്യത്തിൽ അവർ ലൈംഗിക തൊഴിൽ ഉപജീവനമാക്കുന്നു. അതിൽ അവർ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് മറ്റേതെങ്കിലും മേഖലയിൽ പ്രശസ്തിയാവുന്ന ഘട്ടം വരുമ്പോൾ അത് ഉപേക്ഷിച്ച് വേറെ വഴി കണ്ടെത്തുന്ന ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ വേറെ വഴികൾ കണ്ടെത്താത്ത ആളുകളെ സംബന്ധിച്ച്​ അവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ലൈംഗിക തൊഴിലിൽ നിന്നായിരിക്കും. പിന്നെ നമ്മൾ എന്തിനാണ് അതിനെ തെറ്റായി കാണുന്നത്? അതൊക്കെ കാണുന്നവരുടെ കണ്ണിന്റെ കാഴ്ചപ്പാടാണ്.

മുമ്പും ഞാൻ ട്രാൻസ്‌ജെൻഡറുകൾ ലൈംഗിക തൊഴിലാളികളാകുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഈ സമൂഹം ഇതുതന്നെ ഇനിയും പറഞ്ഞുകൊണ്ടിരിക്കും. അവർ ട്രാൻസ്‌ജെൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ ലൈംഗിക തൊഴിലെന്നും ലൈംഗിക തൊഴിലാളികളെന്നും ലൈംഗിക ഉപകരണങ്ങളെന്നും മാത്രമേ ചിന്തിക്കൂ. ഇനിയും ആ ചർച്ച തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല. കാരണം സമൂഹത്തിന്റെ സങ്കൽപ്പത്തിൽ അടിയുറച്ചുപോയ ഒരു ചിന്ത ഇനി മാറില്ല. ഏത് സാഹചര്യത്തിൽ അവർ അങ്ങനെ നിൽക്കേണ്ടി വരുന്നുവെന്നതിനെക്കുറിച്ച് സമൂഹം ചിന്തിക്കുന്നതേയില്ല.

എന്റെ സെക്ഷ്വാലിറ്റിയും എന്റെ ജെൻഡറുമെല്ലാം എന്റെ അഭിമാനമാണ്. അടുത്ത ജന്മമുണ്ടെങ്കിൽ ഒരു ട്രാൻസ്‌ജെൻഡറായി തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് അങ്ങനെ തന്നെ മരിക്കുകയും വേണം

അടുത്ത ജന്മത്തിലും ട്രാൻസ്‌ജെൻഡറായി തന്നെ ജീവിക്കണം

ഞാനെന്റെ സ്‌ത്രൈണതയും സ്വഭാവവും പ്രവൃത്തികളുമെല്ലാം ഇഷ്ടത്തോടെ ചെയ്യുന്നതാണ്. അത് വളരെയധികം ആസ്വദിക്കുന്നുമുണ്ട്. പക്ഷേ ഈ പാട്രിയാർക്കൽ സമൂഹം ചുറ്റും നിന്ന് ആക്രമിക്കുമ്പോഴാണ് എനിക്ക് പ്രശ്‌നമുണ്ടാകുന്നത്. ചില സമയത്ത് നമുക്കത് താങ്ങാനാകാതെ വരും. അനന്യയെ പോലെ വളരെ ബോൾഡായ ഒരു വ്യക്തിക്കുപോലും ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നു. നമ്മൾ എത്ര ബോൾഡാണെന്ന് പറഞ്ഞാലും ചുറ്റും നിന്ന് ആക്രമിക്കുമ്പോൾ നമ്മൾ തകർന്നുപോകും.
എന്റെ സെക്ഷ്വാലിറ്റിയും എന്റെ ജെൻഡറുമെല്ലാം എന്റെ അഭിമാനമാണ്. അടുത്ത ജന്മമുണ്ടെങ്കിൽ ഒരു ട്രാൻസ്‌ജെൻഡറായി തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് അങ്ങനെ തന്നെ മരിക്കുകയും വേണം. കാരണം ഞാൻ എന്റെ ഈ ജീവിതം ആസ്വദിക്കുന്നുണ്ട്. ഇപ്പോഴും ഞാൻ മനസ്സിലാക്കുന്നത്, ഒരു ആണിന് ആണായി മാത്രം ജീവിക്കാൻ കഴിയുമ്പോഴും ഒരു പെണ്ണിന് പെണ്ണായി മാത്രം ജീവിക്കാൻ കഴിയുമ്പോഴും ഒരേ ശരീരത്തിൽ ഒരേ സമയം ആണും പെണ്ണുമായി ജീവിക്കാൻ കഴിയുന്നത്, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ഒരുപടി മുന്നിലാണ് ഞാൻ എന്നതിനാലാണ് എന്നാണ്.
എന്നെ മനസ്സിലാകാത്ത ആളുകൾ ഇവിടുത്തെ പാട്രിയാർക്കിയൽ സിസ്റ്റത്തിനുള്ളിൽ നിന്നും മോറൽ സിസ്റ്റത്തിനുള്ളിൽ നിന്നും സംസാരിക്കുന്നവരാണ്. വർഷങ്ങളായി ജീവിച്ചുപോരുന്ന ഒരു ചര്യ വിട്ട് അപ്പുറത്തേക്ക് ചിന്തിക്കാനോ മനസ്സിലാക്കാനോ അവർക്ക് സാധിക്കുന്നില്ല. അത് അവരുടെ കുറ്റമാണ്. എന്നെ മനസ്സിലാക്കുന്നുണ്ടോ അല്ലെങ്കിൽ ഉൾക്കൊള്ളുന്നുണ്ടോ എന്നതൊന്നും എന്റെ വിഷയമേയല്ല. പക്ഷെ ആക്രമിക്കാതിരിക്കുക, നിങ്ങൾ എന്നെ മാനസികമായും ശാരീരികമായും ആക്രമിക്കാതിരിക്കുക എന്നതാണ് എന്റെ വിഷയം.

സമൂഹം ഇനി മാറുമോയെന്ന് എനിക്കറിയില്ല. നമ്മൾ ഇത് സംസാരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്ര പിന്നിട്ടു. എന്നിട്ടും എന്തെങ്കിലും മാറ്റമുണ്ടോ? കഴിഞ്ഞദിവസം ഹാരിസ് ഹസൻ എന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു യൂറോളജിസ്റ്റ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്റെ മുന്നിൽ പ്രാകൃതമായ സർജറി കഴിഞ്ഞ ഒരാൾ വന്നപ്പോൾ അയാളെ നോക്കേണ്ടി വന്നുവെന്നും ചികിത്സ നൽകേണ്ടി വന്നുവെന്നും ആണ് പോസ്​റ്റിലുള്ളത്​. വെട്ടിമുറിച്ചാൽ പെണ്ണാകില്ല എന്നൊക്കെ പറയുന്ന വളരെ മ്ലേച്ഛമായ ഒരു പോസ്​റ്റ്​. ലോകാരോഗ്യ സംഘടനയൊക്കെ അംഗീകരിക്കുന്ന ഒരു സംഭവത്തെ ഒരു ഡോക്ടറൊക്കെ ഇങ്ങനെ പറയുമ്പോൾ അദ്ദേഹം ഏത് കാലഘട്ടത്തിലാണ് നിൽക്കുന്നതെന്ന് നമ്മളൊന്ന് ആലോചിക്കണം. ഇവിടുത്തെ പൊലീസ് ആയാലും ഡോക്ടർമാരായാലും എല്ലാവരും പാട്രിയാർക്കി സിസ്റ്റത്തിനകത്തു നിന്ന്​ വരുന്ന ആളുകളാണ്. ചാവക്കാട്ടെ കടപ്പുറത്തുള്ള വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരായ കൂലിപ്പണിക്കാർ എന്നെ കളിയാക്കാറുണ്ടായിരുന്നു, ഇപ്പോൾ, സോഷ്യൽ മീഡിയയിൽ നമ്മളെ പരിഹസിക്കുന്നത്​ ഡോക്ടർമാരാണ്​. പിന്നെങ്ങനെയാണ് സമൂഹം മാറുന്നത്? ▮

(ഫൈസൽ ഫൈസുവുമായി സംസാരിച്ച്​ തയാറാക്കിയത്​ അരുൺ ടി. വിജയൻ)

Comments