ഫൈസൽ ഫൈസു

രജിസ്ട്രേഷൻ ഫോമിൽ ട്രാൻസ് കോളം,
ഫൈസൽ ഫൈസുവിന്റെയും വൈഗയുടെയും തിരുത്ത്

ഭൂമി കൈമാറ്റത്തിനുള്ള സർക്കാരിന്റെ രജിസ്ട്രേഷൻ ഫോമിൽ ആൺ- പെൺ കോളങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്കിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് എങ്ങനെയാണ് സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്തുകിട്ടുക? ഈ ചോദ്യം ഏറ്റെടുത്തത് തൃശൂർ ചാവക്കാട് സ്വദേശി ഫൈസൽ ഫൈസുവാണ്. അങ്ങനെ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന്, കേരളത്തിലാദ്യമായി സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത ആദ്യ വ്യക്തിയായിരിക്കുകയാണ് ഫൈസു. വൈഗ സുബ്രഹ്മണ്യൻ കൂടി സ്വന്തം ജെൻഡറിൽ ഭൂമി സ്വന്തമാക്കി, ഇതിന്റെ തുടർച്ചയായി. ഇതേതുടർന്ന്, രജിസ്ട്രേഷൻ ഫോമിൽ ട്രാൻസ് വ്യക്തികൾക്കുകൂടി ഒരു കോളമുണ്ടാകുകയും​ ചെയ്തു.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന്, കേരളത്തിലാദ്യമായി സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത ആദ്യ വ്യക്തിയായിരിക്കുകയാണ് ഫൈസൽ ഫൈസു. തൃശൂർ ചാവക്കാട് സ്വദേശിയായ ഫൈസൽ ഫൈസു കഴിഞ്ഞ മാസമാണ് കുടുംബവീടിനടുത്തുള്ള നാല് സെന്റ് സ്ഥലം സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്.

ഭൂമി വാങ്ങാനുള്ള പണം ഉടമക്ക് കൈമാറി രജിസ്ട്രേഷന് ചാവക്കാട് രാജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴാണ് ഭൂമി കൈമാറ്റത്തിനുള്ള സർക്കാരിന്റെ രജിസ്ട്രേഷൻ ഫോമിൽ ആൺ- പെൺ കോളങ്ങൾ മാത്രമേയുള്ളൂ എന്നറിയുന്നത്. തന്റെ കയ്യിലുള്ള ട്രാൻസ്ജെൻഡർ ഐഡി കാർഡ് വഴി രജിസ്ട്രേഷൻ സാധ്യമല്ലെന്ന് രജിസ്ട്രാർ ഓഫീസർ ഫൈസൽ ഫൈസുവിനോട് പറഞ്ഞു. പിന്നീടുള്ള മാർഗം, വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു.

ഫൈസൽ ഫൈസു

എന്നാൽ താൻ ദീർഘകാല പരിശ്രമത്തിലൂടെ ജോലി ചെയ്തും സ്വർണം പണയം വെച്ചും കടം വാങ്ങിയും സ്വരൂപിച്ച തുക കൊണ്ട് വാങ്ങുന്ന ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്ന് ഫൈസൽ ഫൈസു രജിസ്ട്രേഷൻ ഓഫീസ് അധികൃതരോട് പറഞ്ഞു. ആ രീതിയിലുളള തിരുത്തൽ, ഭാവിയിൽ കമ്യൂണിറ്റിയിലെ മറ്റാളുകൾക്കുകൂടി ഉപകാരപ്പെടുമെന്നു മനസ്സിലാക്കിയാണ് ഫൈസൽ ഫൈസു സർക്കാറിന്റെ ലാൻഡ് രജിസ്ട്രേഷൻ ഫോമിൽ ട്രാൻസ്ജെൻഡർ കോളം കൂടി ഉൾപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.

ആദ്യം, ഫൈസൽ ഫൈസു ജില്ലാ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം അവതരിപ്പിച്ചു. വിഷയത്തിലെ അടിയന്തര പ്രധാന്യത്തെ കുറിച്ചും ട്രാൻസ്ജെൻഡർ സമൂഹം ഇക്കാര്യത്തിൽ നേരിടുന്ന അവകാശനിഷേധത്തെ കുറിച്ചും ജില്ലാ രജിസ്ട്രാർ ഓഫീസർക്കും ഐ.ടി സെല്ലിനും മെയിലയച്ചു. ഒരാഴ്ച്ചക്കകം മറുപടിയുണ്ടാകുമെന്ന് തൃശൂർ ജില്ലാ സാമൂഹിക നീതി വകുപ്പിൽ നിന്ന് കിട്ടിയ ഉറപ്പിൽ കാത്തിരുന്ന ഫൈസൽ ഫൈസുവിന് രണ്ടാഴ്ച കഴിഞ്ഞും മറുപടി ലഭിച്ചില്ല. ഇതേതുടർന്ന്, തൃശൂർ കളക്ടറേയും തിരുവനന്തപുരം ഐ.ടി സെൽ മേധാവിയെയും നേരിട്ടുകണ്ടു. ഇതോടെയാണ് പ്രശ്നപരിഹാരമായത്.

ആൺ-പെൺ കോളത്തിനൊപ്പം ട്രാൻസ്ജെൻഡർ കോളവും ചേർത്തിട്ടുണ്ടെന്ന് ജില്ലാ രജിസ്ട്രാറിൽ നിന്ന് നേരിട്ടുള്ള അറിയിപ്പ് ഫൈസൽ ഫൈസുവിന് ലഭിച്ചു. പിറ്റേന്നുതന്നെ ഫൈസൽ ഫൈസു രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുകയും ചെയ്തു.

ഫൈസൽ ഫൈസുവിന്റെ ആധാരത്തിന്റെ പകർപ്പ്

ആ അവകാശപോരാട്ടത്തിന്റെ അനുഭവം ഫൈസൽ ഫൈസു പങ്കുവെക്കുന്നു: “ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നുള്ളവരെല്ലാം താമസിക്കുന്നത് വാടക വീട്ടിലും മറ്റും ഒറ്റപ്പെട്ടാണ്. ആർക്കും സ്വന്തമായി വീടോ ഭൂമിയോ ഇല്ല. സ്വന്തമായി ഭൂമിയും വീടും എന്നത് ഇപ്പോഴും ട്രാൻസ് മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയുന്ന ഒന്നല്ല. അത്രമാത്രം അടിസ്ഥാന പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്. ട്രാൻസ്ജെൻഡർ സൗഹൃദ സംസ്ഥാനമായി പറയപ്പെടുന്ന കേരളത്തിൽ പോലും ഇതുവരെ ഒരാൾ പോലും സ്വന്തമായി ഭൂമി രജിസ്റ്റർ ചെയ്തിട്ടില്ല എന്നതുതന്നെ ഈ വലിയ നീതികേടിന്റെ ഉദാഹരണമാണ്. ഈയൊരു അവകാശം നേടിയെടുത്തതിലൂടെ കമ്യൂണിറ്റിയിലെ ഒരുപാട് പേർക്ക് പ്രചോദനമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കമ്യൂണിറ്റിയിൽ പെട്ട ഒരുപാട് പേർ വിളിച്ച് ചെയ്ത കാര്യം നന്നായെന്നും അത്തരം ശ്രമങ്ങൾക്ക് തുടക്കമിടാൻ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.”

വൈഗ സുബ്രഹ്മണ്യൻ

ഫൈസൽ ഫൈസുവിന് പിന്നാലെ വൈഗ സുബ്രഹ്മണ്യൻ കൂടി സ്വന്തം ജെൻഡറിൽ ഭൂമി സ്വന്തമാക്കിയത് ഇതിന്റെ തുടർച്ചയാണ്. ഫൈസൽ ഫൈസു ഭൂമി രജിസ്റ്റർ ചെയ്തതിന് രണ്ടാഴ്ച്ചക്ക് ശേഷം മാവൂർ രജിസ്ട്രാർ ഓഫീസിലെത്തിയാണ് വൈഗ സുബ്രഹ്മണ്യൻ ട്രാൻസ്ജെൻഡർ ഐഡിന്റിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നത്. ഇക്കാര്യത്തിൽ ഫൈസൽ ഫൈസുവിന് നന്ദി പറയുകയാണ് വൈഗ: ‘‘ മാസങ്ങൾക്കുമുമ്പുതന്നെ ഭൂമിക്ക് അഡ്വാൻസ് കൊടുത്തിരുന്നു. ശേഷം ഫൈസൽ ഫൈസു വിളിച്ച് ഭൂമി കൈമാറ്റം ചെയ്യുമ്പോഴുള്ള സാങ്കേതികപ്രശ്നം പറഞ്ഞപ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലായത്. ഫൈസൽ ഫൈസുവിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നല്കി. വളയനാട് വില്ലേജിൽ താമസിക്കുന്ന ബാലസുബ്രഹ്മണ്യന്റെ സന്തതി ട്രാൻസ്ജെൻഡർ വൈഗ... എന്ന് സ്വന്തം ഐഡിന്റിറ്റിയിൽ ആധാരത്തിൽ ചേർക്കാനായി, ഫൈസൽ ഫൈസുവിന് നന്ദി”.

രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ചേർത്ത പുതിയ ട്രാൻസ്ജെൻഡർ കോളം

ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഫൈസൽ ഫൈസു. തങ്ങളെ തൊഴിൽ മേഖലയിൽ നിന്ന് മാറ്റി നിർത്തുന്ന സമീപനത്തിനെതിരെ 2016-ൽ സംസ്ഥാനമൊട്ടാകെ ട്രാൻസ്ജെൻഡേഴ്സ് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി 11 ഓളം പേരെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. സമരത്തിന്റെ ഫലമായി അന്നത്തെ സിറ്റി പൊലീസ് കമീഷണറുടെ ഉറപ്പിൽ കൊച്ചി മെട്രോയിൽ ഇവർക്ക് ജോലി ലഭിച്ചെങ്കിലും 9000 രൂപയായിരുന്നു ശമ്പളം. ഭക്ഷണത്തിനും താമസത്തിനും ചികിത്സക്കും മറ്റും ഈ ഉൾപ്പെടെയുള്ക്‍വ തുച്ഛമായ ആ തുക തികയാത്ത സാഹചര്യത്തിലാണ് ഫൈസൽ ഫൈസു അടക്കമുള്ള ട്രാൻസ്ജെൻഡേഴ്സ് അവിടെ നിന്നും പിൻവാങ്ങുന്നത്.

കേരള സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരം ഫൈസൽ ഫൈസു കെ.കെ. ശൈലജയിൽനിന്ന് ഏറ്റുവാങ്ങുന്നു

ശേഷം എയ്ഡ്സ് കൺ​ട്രോളർ സൊസൈറ്റി കോർഡിനേറ്ററായും വിബ്ജിയോർ ഫിലിം ഫെസ്റ്റിവൽ സംഘാടകരായും മേധ പട്ക്കർക്ക് കീഴിലുള്ള നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവമെന്റിന്റെ ഭാഗമായെല്ലാം ഫൈസൽ ഫൈസു പ്രവർത്തിച്ചു. നിലവിൽ ട്രാൻസ്ജെൻഡർ ലിങ്ക് വർക്കറായി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കമ്യൂണിറ്റിയുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്കും സാമൂഹിക ഉന്നതിക്കും വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി 2007-ൽ കേരള സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരവും ഈയിടെ പോണ്ടിച്ചേരി ആരണ്യ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ബയോ ഡൈവേയ്സിറ്റി അവാർഡും ലഭിച്ചു.

ക്യൂൻ ഓഫ് ദ്വയ വേദിയിൽ രജ്ഞിത് ശങ്കർ ഫൈസൽ ഫൈസുവിനെ അനുമോദിക്കുന്നു.

ഇനി വീടിനായുള്ള ശ്രമം

സ്വന്തമായി ഭൂമിയെന്ന അവകാശം നേടിയെടുത്തതുമുതൽ വീട് കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഫൈസൽ ഫൈസു. അതിന്റെ ഭാഗമായി പഞ്ചായത്ത് മുഖേന ലൈഫ് മിഷൻ പദ്ധതി പ്രകാരം അപേക്ഷ നല്കി. ലൈഫ് മിഷനിൽ മൂന്നാം മുൻഗണനക്കാരായി ട്രാൻസ്ജെൻഡർ മനുഷ്യരുള്ള കുടുംബത്തെ പരിഗണിക്കണമെന്ന് പറയുമ്പോഴും അതിലെ പ്രായോഗിക പ്രശ്നം ഫൈസൽ ഫൈസു ചൂണ്ടിക്കാണിക്കുന്നു: ‘‘ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നത് എന്റെ കുടുംബത്തോടൊപ്പമാണ്. എന്നാൽ കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സിന്റെ പൊതുവായ അവസ്ഥ അങ്ങനെയല്ല. സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ കുടുംബസങ്കൽപ്പത്തിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് ഭൂരിഭാഗം പേരും. അപ്പോൾ, പുറത്താക്കിയ കുടുംബത്തിനാണോ പുറത്താക്കപ്പെട്ട ട്രാൻസ്ജെൻഡർക്കാണോ വീട് ലഭിക്കുക എന്ന ചോദ്യമുണ്ട്. ഇത്തരം പല പ്രശ്നങ്ങളും കമ്യൂണിറ്റിക്ക് വേണ്ടിയുള്ള സർക്കാർ പ്രൊജക്ട് നടത്തിപ്പിലുണ്ട്. അതുകൊണ്ടാണ് വലിയ തുക നീക്കിവെക്കുമ്പോഴും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിന് അത് ഉപകാര​പ്പെടാത്തത്.”

നാഷണൽ ഹെൽത്ത് മിഷൻ ട്രാൻസ് ലിങ്ക് വർക്കർ ഐ.ഡി കാർഡ് എറണാകുളം കലക്ടറിൽ നിന്ന് ഫൈസൽ ഫൈസു സ്വീകരിക്കുന്നു

2011 മുതൽ ഇത്രയും കാലയളവിൽ മൂന്നു പേർക്കാണ് ലൈഫ് മിഷൻ വഴി ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ നിന്ന് വീട് ലഭിച്ചത്. അതെല്ലാം രജിസ്റ്റർ ചെയ്യപ്പെട്ടതും ആൺ- പെൺ കോളങ്ങളിലാണ്. ഏറെ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ശേഷം ലഭിക്കുന്ന ഇത്തരം ആനുകൂല്യങ്ങൾ സാങ്കേതിക കാരണങ്ങളാൽ നഷ്ട​പ്പെടുമെന്ന ഭയത്താൽ അധികമാലോചിക്കാതെ നിലവിലുള്ള സംവിധാനങ്ങൾ വഴി അപേക്ഷിക്കുകയാണ് ട്രാൻസ്ജെൻഡർ വ്യക്തികൾ ചെയ്യാറ്. അപ്പോഴും അവരുടെ സ്വത്വം മറഞ്ഞുതന്നെ നിൽക്കുന്നു. അത് അവരോട് ചെയ്യുന്ന അനീതിയാണ്. ഏതൊരു മനുഷ്യരെയും പോലെ ട്രാൻസ്ജെൻഡേഴ്സിനും തുല്യമായ അവകാശം ഭരണഘടന നൽക്കുന്നുണ്ട്.

2014-ൽ പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ നാൽസ ജഡ്ജ്മെന്റ് നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. മറ്റ് ലിംഗ മനുഷ്യർക്കൊപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തെയും തുല്യരായി കാണണമെന്നും ഒരാളുടെ സ്വത്വം എന്നത് അവരുടെ തെരഞ്ഞെടുപ്പാണെന്നും (self identity declaration) ഈ വിധി വ്യക്തമാക്കുന്നു. 2015-ൽ കേരള സർക്കാർ പുറത്തിറക്കിയ ട്രാൻസ്ജെൻഡർ പോളിസിയിലും അവരുടെ അവകാശങ്ങളെ കുറിച്ചും അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് നേരെയെടുക്കേണ്ട നടപടികളെ കുറിച്ചും പറയുന്നുണ്ട്. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറവും ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് ഖേദകരം.

ഫൈസൽ ഫൈസു ഉമ്മക്കൊപ്പം

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കാനും അവർക്ക് ആനുകൂല്യം നൽകാനും സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പിലാക്കിയ ട്രാൻസ്ജെൻഡർ ഐ ഡി കാർഡ് കേരളത്തിൽ വളരെ കുറച്ചുപേർക്കേ സ്വന്തമാക്കാനായിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം സ്വത്വം വെളിപ്പെടുത്താനാവാതെ വീടുകളിൽ ആൺ- പെൺ ഐഡിന്റിറ്റിയിൽ കഴിയുന്നവരാണ്. നിലവിൽ സ്വത്വം വെളിപ്പെടുത്തിയ ട്രാൻസ് മനുഷ്യരുടെ എണ്ണത്തിന്റെ അത്രത്തോളം തന്നെ സ്വത്വം വെളിപ്പെടുത്താതെ ജീവിക്കുന്നവരുണ്ട് എന്നാണ് കമ്യൂണിറ്റിയിൽ നിന്നുള്ളവർ പറയുന്നത്.

ആൺ-പെൺ എന്ന എന്ന ലിംഗബോധത്തിനപ്പുറത്തേക്ക് പൊതുസമൂഹം ചിന്തിക്കാൻ മടിച്ചുനിൽക്കുന്ന കാലത്തുതന്നെ തന്റേത് ആൺ ശരീരവും പെൺ മനസ്സുമാണെന്നും അതിനാൽ താൻ ഒരു ട്രാൻസ്ജെൻഡറാണെന്നും അങ്ങനെത്തന്നെ സമൂഹത്തിൽ നില നിൽക്കാനും ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിച്ച, കേരളത്തിൽ ട്രാൻസ്ജെൻഡർ സ്വത്വം ഏറ്റവുമാദ്യം വെളിപ്പെടുത്തിയവരിൽ ഒരാൾ കൂടിയാണ് ഫൈസൽ ഫൈസു.

സ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവന്ന് അനേകം ട്രാൻസ്ജെൻഡർ മനുഷ്യർക്ക് അവരുടെ സ്വത്വം അഭിമാനത്തോടെ പുറത്തുപറയാൻ പ്രചോദനമായ ഫൈസൽ ഫൈസു രജിസ്ട്രേഷൻ ഫോമിൽ ട്രാൻസ്ജെൻഡർ കോളം ഉൾപ്പെടുത്താൻ നടത്തിയ പോരാട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകും.

Comments