ചരിത്രം സ്വവർഗ്ഗാനുരാഗികളോട് മാപ്പ് പറയേണ്ടതുണ്ട് !

എല്ലാ മനുഷ്യർക്കും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ‘സ്വവർഗ്ഗാനുരാഗികളെ’ മാത്രം രക്ത ദാനത്തിൽ നിന്ന് വിലക്കുന്നത് നിഷ്‌കളങ്കമായ നടപടിയാകാൻ തരമില്ല. ക്വിയർ മനുഷ്യരെ ലൈംഗികരോഗങ്ങളുടെ വാഹകരായി ചിത്രീകരിക്കുന്ന പാരമ്പര്യത്തിന് വലിയ ചരിത്രമുണ്ട്. ഒരു ക്വിയർ വ്യക്തിയുടെ ലൈംഗികത നിരന്തരം സംശയത്തിന്റെ നിഴലിലാണ്. ലൈംഗികരോഗികളായി ക്വിയർ മനുഷ്യരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിൽ സ്വവർഗ്ഗഭീതിയുടെ ചരിത്രമുള്ളടങ്ങിയിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് ലോക എയ്ഡ്‌സ് ദിനത്തിൽ ലേഖകൻ.

ആദി

ഡിസംബർ 1, ലോക എയ്ഡ്‌സ് ദിനം

“Stop Homophobia”

“Stop discrimination against People living with HIV”

“HIV is a Virus, It has no race, gender or sexuality”

എനിക്ക് കാൻസറാണ്. ഒരു പക്ഷേ,കേൾക്കുമ്പോൾ പലർക്കും എന്നോടൽപ്പം സഹതാപം തോന്നിയേക്കാം. എനിക്ക് എയ്ഡ്സാണെങ്കിലോ ? ഉറപ്പായും, കാര്യങ്ങൾ വളരെ എളുപ്പത്തിൽ മാറിമറിഞ്ഞേക്കും. എച്ച്.ഐ.വി.( Human immunodeficiency virus) അണുബാധയെയും എയ്ഡ്സിനേയും(Acquired immunodeficiency syndrome) ചുറ്റിപ്പറ്റി പല തരത്തിലുള്ള മുൻവിധികളും തെറ്റിധാരണകളും പരക്കെയുണ്ട്. ആദ്യമേ പറയട്ടെ, എച്ച്.ഐ.വി പോസറ്റീവായ ഒരു വ്യക്തി എയ്ഡ്‌സ് രോഗിയാകണമെന്നില്ല. ഒരു വ്യക്തിയുടെ ശരീരത്തിൽ HIV യുടെ സാന്നിധ്യം തിരിച്ചറിയുന്നതിനെയാണ് എച്ച്.ഐ.വി. പോസറ്റിവെന്നത് സൂചിപ്പിക്കുന്നത്. നേരത്തെ മനസ്സിലാക്കി ശരിയായ വൈദ്യ സഹായം തേടിയാൽ ‘എയ്ഡ്‌സ്’എന്ന അവസ്ഥയിലേക്ക് കടക്കാതെ അണു ബാധയെ തടഞ്ഞുനിർത്താനാകും.

‘അരുവി’എന്നൊരു സിനിമയുണ്ട്. എയ്ഡ്‌സ് ബാധിക്കുന്ന ഒരുപെൺകുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. എന്നാലും,നായികയ്ക്ക് ‘വഴിവിട്ട’ ലൈംഗിക ബന്ധത്തിലൂടെയൊന്നുമല്ല അണു ബാധയേൽക്കുന്നതെന്ന് ഉറപ്പിച്ചെടുക്കാൻ സിനിമ മലക്കം മറയുന്നുണ്ട്. അങ്ങനെ ചെയ്യാത്ത പക്ഷം പ്രേക്ഷകരുടെ സഹതാപം പിടിച്ചെടുക്കാൻ കഴിയില്ലല്ലോ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് രോഗിയാകുന്ന ഒരു വ്യക്തിയെ അംഗീകരിക്കാനും അവരെ പ്രതി ‘സഹതപിക്കാനും’ ഇനിയും ഒരു ശരാശരി സിനിമ പ്രേക്ഷകന് കഴിഞ്ഞിട്ടില്ലെന്ന് സാരം.

അരുവി സിനിമയിൽ നിന്ന്

ക്വിയർ(Queer) മനുഷ്യരും എയ്ഡ്സും

നിലവിലും പല ഹോസ്പിറ്റലുകളിലും രക്തം ദാനം ചെയ്യുന്നതിന് ക്വിയർ മനുഷ്യർക്ക് വിലക്കുകളുണ്ട്. ഹൈ റിസ്‌ക്ക് ഗ്രൂപ്പായാണ് ക്വിയർ മനുഷ്യരെ ഈ വ്യവഹാരങ്ങൾ മനസ്സിലാക്കുന്നത്. എല്ലാ മനുഷ്യർക്കും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ‘സ്വവർഗ്ഗാനുരാഗികളെ’ മാത്രം രക്ത ദാനത്തിൽ നിന്ന് വിലക്കുന്നത് നിഷ്‌കളങ്കമായ നടപടിയാകാൻ തരമില്ല. ക്വിയർ മനുഷ്യരെ ലൈംഗികരോഗങ്ങളുടെ വാഹകരായി ചിത്രീകരിക്കുന്ന പാരമ്പര്യത്തിന് വലിയ ചരിത്രമുണ്ട്. ഒരു ക്വിയർ വ്യക്തിയുടെ ലൈംഗികത നിരന്തരം സംശയത്തിന്റെ നിഴലിലാണ്. ന്യായമായും,അവർക്ക് വഴിവിട്ട ബന്ധങ്ങളുണ്ടാകുമെന്നും ലൈംഗികരോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നുമൊക്കെയുള്ള മുൻവിധി പലരിലുമുണ്ടാകും. ക്വിയർ മനുഷ്യർക്കൊക്കെ എയ്ഡ്‌സ് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ചിലർ കരുതിയേക്കും. പൊതുവേ അതിലൈംഗികത ( Hyper sexuality ) പേറുന്ന ശരീരങ്ങളായാണ് ക്വിയർ മനുഷ്യരെ പൊതുബോധം സ്റ്റീരിയോടൈപ്പ് ചെയ്തിരിക്കുന്നത്.

ക്വിയർ മനുഷ്യരെ സംബന്ധിച്ച് ഈയൊരു മുൻവിധി രണ്ട് നിലയിലുള്ള സ്വാധീനങ്ങളാണ് രൂപപ്പെടുത്തിയെടുത്തതെന്ന് പറയാം;

ഒന്ന്, ക്വിയർ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ വളരെ നിർണ്ണായകമായതാണ്. ട്രാൻസ് ജെന്റർ സ്ത്രീകളുടെയും, ലൈംഗികതൊഴിലാളികളുടെയും, എം.എസ്.എം.2 വിഭാഗത്തിൽപ്പെട്ടവരുടെയും സംഘാടനത്തിൽ എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കോണ്ടം വിതരണ പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എയ്ഡ്‌സ് വ്യാപനത്തിന്റെ സന്ദർഭത്തിൽ രൂപപ്പെട്ട ചെറുതും വലുതുമായ കൂട്ടായ്‌മകളാണ് ക്വിയർ മുന്നേറ്റത്തിന്റെ അടിത്തറയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. ഐ.പി.സി.377-ന്റെ ഭരണഘടന വിരുദ്ധ സ്വഭാവം കണക്കിലെടുത്ത് എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളാണ് ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. 1989-ൽ AIIMS ലെയും ICMR ലെയും ആരോഗ്യപ്രവർത്തകർ ലൈംഗിക തൊഴിലാളികളായ ചില സ്ത്രീകളെ പോലീസ് സഹായത്തോടെ നിർബന്ധിതമായി എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ABVA(എയ്ഡ്സ് വിവേചന വിരുദ്ധ മുന്നേറ്റം) രൂപീകരിക്കപ്പെടുന്നത്. എയ്ഡ്‌സ് രോഗികളുടെയും ലൈംഗിക തൊഴിലാളികളുടെയും ഇടയിൽ രൂപപ്പെട്ട ഈ മട്ടിലുള്ള ചെറിയ സംഘങ്ങളാണ് പിന്നീട് വലിയ തരത്തിലുള്ള സംഘടനാവബോധത്തിലേക്കുയരുന്നത്. പല ജയിലുകളിലും സ്വവർഗ്ഗലൈംഗികബന്ധം സജീവമായിരുന്നതിനാൽ, ABVA ജയിലുകളിൽ കോണ്ടം വിതരണം ചെയ്യാനായുള്ള പദ്ധതികളുണ്ടാക്കി.

ഐ.പി.സി.377-നിലനിൽക്കേ ഇത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഐ.പി.സി.377-നെതിരെയുള്ള പ്രവർത്തനങ്ങളിൽ ABVA ഇടപെടുന്നത്. 1994-ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പെറ്റിഷൻ ഫയൽ ചെയ്‌തെങ്കിലും ABVA യ്ക്ക് കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിന്റെ തുടർച്ചയിലാണ് 2001-ൽ നാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരസ്പര സമ്മത പ്രകാരമുള്ള സ്വവർഗ്ഗലൈംഗിക ബന്ധങ്ങൾ കുറ്റകരമല്ലാതാക്കാനായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 2009-ൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് കേസിൽ അനുകൂലമായ വിധി പ്രസ്താവിച്ചു. 2013-ൽ ഈ വിധി വീണ്ടും അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പിന്നീട്, 2018-ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി.377-ഭാഗികമായി റദ്ദ് ചെയ്തുള്ള വിധി പ്രസ്താവിക്കുന്നത്. ഈ വിഷയത്തെ മുൻനിർത്തി നവ്‌തേജ് ജോഹർ, റീത്തു ഡാൽമിയ, സുനിൽ മെഹ്റ, അജ്മൽ നാഥ്, ആയിഷ ഗഫൂർ തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് കൂട്ടത്തോടെ പരിഗണിക്കപ്പെട്ടത്.

സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് ഡെൽഹിയിലെ പോലീസ് ക്വാർട്ടേഴ്സിന് മുൻപിൽ എ.ബി.വി.എ നടത്തിയ പ്രതിഷേധ പരിപാടി / Photo : AIDS Bhedbhav Virodhi Andolan

ക്വിയർ മനുഷ്യരെ മാത്രം ലൈംഗികരോഗങ്ങളുടെ മൊത്തവ്യാപരികളായി ചിത്രീകരിച്ചുവെന്നതാണ് രണ്ടാമത്തെ സ്വാധീനം. ഇതിനോട് ചേർന്ന്, ലൈംഗികാവശ്യങ്ങളെ പ്രതി ട്രാൻസ് ജെന്റർ മനുഷ്യരെയുൾപ്പെടെ സമീപിക്കുന്ന വലിയൊരു വിഭാഗം ആളുകളെ എയ്ഡ്സുമായി ബന്ധപ്പെട്ട ചർച്ചയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനും സാധിച്ചു. ലൈംഗികരോഗികളായി ക്വിയർ മനുഷ്യരെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിൽ സ്വവർഗ്ഗഭീതിയുടെ ചരിത്രമുള്ളടങ്ങിയിട്ടുണ്ടെന്നാണ് പറഞ്ഞുവന്നത്. അമേരിക്കയിൽ എയ്ഡ്‌സ് പടർച്ചയുടെ ഉറവിടമെന്നോണം കഴിഞ്ഞ കാലം വരെ,കനേഡിയൻ ഫ്‌ളൈറ്റ് അറ്റൻഡന്റും സ്വവർഗ്ഗാനുരാഗിയുമായ Gaetan Dugas എന്ന മനുഷ്യനെയാണ് ചിത്രീകരിച്ചിരുന്നത്. 1980-കളിൽ ‘പേഷ്യന്റ് സീറോ’ എന്ന തെറ്റായ വിശേഷണത്തിന്റെ പേരിൽ Gaetan നെ ചരിത്രം കഴിയുന്നത്ര പിശാചുവത്കരിച്ചു. അമേരിക്കൻ ജേണലിസ്റ്റായ റാൻഡി ഷിൽട്ട്സ് എയ്ഡ്‌സ് വ്യാപനത്തെ പ്രമേയമാക്കി എഴുതിയ And the band played on;Politics, People and the AIDS Epidemic (1987) എന്ന പുസ്തകത്തെ പിൻപറ്റി വലിയ തോതിലുള്ള സ്വവർഗ്ഗഭീതി പ്രചരിപ്പിക്കാനാണ് മാധ്യമങ്ങൾ എയ്ഡ്‌സ് രോഗത്തെ ഉപയോഗിച്ചത്. പത്രങ്ങളുടെ തലക്കെട്ടുകളിൽ അമേരിക്കയെ ദുഷിപ്പിക്കുന്ന ശക്തികളായി സ്വവർഗ്ഗാനുരാഗികളെ ചിത്രീകരിക്കുകയുണ്ടായി. ‘ഗേ ക്യാൻസർ’ എന്ന മട്ടിലാണ് എയ്ഡ്സിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ന്യൂയോർക്ക് പോസ്റ്റിന്റെ തലക്കെട്ട് ‘നമുക്ക് എയ്ഡ്‌സ് തന്ന വ്യക്തി’എന്നായിരുന്നു.1993-ൽ HBO-ഇൽ സംപ്രേഷണം ചെയ്ത ഷിൽട്ട്സിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര പതിപ്പ് Dugas- നെ പ്രതിനായകനാക്കി ഉറപ്പിച്ചെടുത്തു. ഈയിടെയാണ്,ജനിതക പഠനങ്ങളുടെ സഹായത്തോടെ Gaetan Dugas രോഗബാധയുടെ ഉറവിടമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ചരിത്രം Gaetan Dugas- നോട് ന്യായമായും മാപ്പ് പറയേണ്ടതുണ്ട്, കെട്ടഴിച്ചുവിട്ട സ്വവർഗ്ഗഭീതിയ്ക്ക് മുഴുവൻ സ്വവർഗ്ഗാനുരാഗികളോടും മാപ്പ് പറയേണ്ടതുണ്ട് .

ഈ കോവിഡ് മഹാമാരിക്കാലത്തും, രോഗത്തിന്റെ കുറ്റം ശത്രുക്കളിൽ ആരോപിക്കുന്ന രാഷ്ട്രീയതന്ത്രം നമ്മൾക്കേറെ പരിചിതമാണ്. തബ്‌ലീഗ് കൊറോണ ഓർമ്മയില്ലേ ? അതുകൊണ്ട്, എയ്ഡ്‌സ് രോഗത്തെ നമുക്കൊരുമിച്ച് നേരിടാം, എയ്ഡ്‌സ് രോഗിയെയല്ല.

ലൈംഗികതയെ കുറിച്ചുറക്കെ സംസാരിക്കാം. HIV പോസറ്റീവാണെന്ന് തുറന്നുപറഞ്ഞു ജീവിക്കുന്ന സുഹൃത്തുക്കളുണ്ടെനിക്ക്. അവരെ കൂടുതൽ കൂടുതൽ ചേർത്തുപിടിക്കുന്നു.

“പ്രിയമപരന്റെയതെൻ പ്രിയം സ്വകീയ പ്രിയമപരപ്രിയമിപ്രകാരമാകും

നയമതിനാലെ നരന്നു നൻമ നൽകും

ക്രിയയപരപ്രിയ ഹേതുവായ് വരേണം”- ഏറ്റവുമെനിക്കിഷ്ടമുള്ള നാരായണ ഗുരുവിന്റെ വരികളോർക്കുന്നു.

( അടിക്കുറിപ്പ്; ലൈംഗികമായി വളരെയേറെ ബോധവത്കരിക്കപ്പെട്ട വിഭാഗമാണ് ക്വിയർ മനുഷ്യർ എന്നതിൽ എനിക്ക് തെല്ലും സംശയമില്ല. കോളേജുകളിൽ പഠിക്കുന്ന എന്റെ സ്വവർഗ്ഗാനുരാഗികളായ സുഹൃത്തുക്കൾ വരെ മൂന്ന് മാസം കൂടുമ്പോൾ ജ്യോതിസിൽ പോയി ടെസ്റ്റുകൾ ചെയ്യാറുണ്ട്. ലൈംഗികമായി ബന്ധപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാനുള്ള ബോധമവർക്കുണ്ട്. അതുകൊണ്ട്, അന്യന്റെ ചവറ്റുകൂനയിലെത്ര കോണ്ടമുണ്ടെന്ന് എണ്ണാൻ മെനക്കെടാതിരിക്കുക.)

1. ഭിന്നവർഗ്ഗലൈംഗികതയുടെ മാനകങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന ശരീരങ്ങളെയാകെ സൂചിപ്പിക്കാനാണ് Queer എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

2.എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളുടെ സന്ദർഭത്തിൽ ഉപയോഗിച്ചിരുന്ന ഒരു വാക്കാണിത്. Men who have sex with Men എന്നതിന്റെ ചുരുക്ക രൂപം. ക്വിയർ രാഷ്ട്രീയത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ പിൽക്കാലത്ത്, ഈ വാക്ക് ഉപേക്ഷിക്കപ്പെട്ടു.


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments