'പിന്തിരിപ്പൻ' പലസ്തീനും 'പുരോഗമന' ഇസ്രായേലും; Homonationalism ഒരുക്കുന്ന കെണികൾ

“ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യപരിഗണന അടിച്ചമർത്തപ്പെട്ട എല്ലാ മനുഷ്യരുടെയും വിമോചനമാണ്. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. വംശഹത്യയുടെ കാലത്ത് എന്റെ ശരീരത്തിലും ലൈംഗികതയിലും അഭിമാനിക്കാൻ യാതൊന്നുമില്ലെന്ന് വിളിച്ചുപറയേണ്ട രാഷ്ട്രീയബോധം ആർജ്ജിച്ചെടുത്തേ മതിയാകൂ,” ആദി എഴുതുന്നു.

ആദി⠀

ലസ്തീനിൽ നടക്കുന്ന വംശഹത്യക്കെതിരെ എഴുതുമ്പോഴും സംസാരിക്കുമ്പോഴും “LGBTIQ+ നെ പലസ്തീൻ അംഗീകരിക്കുന്നുണ്ടോ” എന്ന ചോദ്യം നിരന്തരം കേൾക്കേണ്ടിവരാറുണ്ട്. ഈ ചോദ്യം നിഷ്കളങ്കമല്ല. ഹോമോ നേഷണലിസത്തിൻെറ (Homonationalism) യുക്തികൾ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഈ ചോദ്യം തെളിയിക്കുന്നുണ്ട്. ഈ സങ്കീർണ്ണ പ്രശ്‌നത്തെ സാമാന്യമായി നേരിടാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ലിബറൽ ജനാധിപത്യം, ലിംഗസമത്വം, LGBTQ+ അവകാശങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനാഖ്യാനങ്ങൾ ഇസ്ലാമോഫോബിയയെ യുക്തിസഹമാക്കാനും കൊളോണിയലിസത്തെ നിയമവിധേയമാക്കാനും വംശഹത്യയെ ന്യായീകരിക്കാനും എങ്ങനെ ആയുധമാക്കപ്പെടുന്നുവെന്ന് ഈ ലേഖനം പരിശോധിക്കുന്നു. ക്വിയറായ ഒരാൾക്ക് പലസ്തീനൊപ്പം നിൽക്കാൻ കഴിയുമോ എന്ന കാതലായ ചോദ്യത്തെ ഈ സന്ദർഭത്തിൽ നേരിടേണ്ടതുണ്ട്.

പുരോഗമനാഖ്യാനങ്ങളും പുറന്തള്ളലുകളും

ആധുനിക കൊളോണിയലിസം പ്രത്യക്ഷമായ വംശീയതയിലൂടെയും ക്രൂരമായ ബലപ്രയോഗത്തിലൂടെയും മാത്രമല്ല, പുരോഗമനം, നാഗരികത, മനുഷ്യാവകാശങ്ങൾ എന്നിവയുടെ സൗമ്യമായ ഭാഷയിലൂടെയും കൂടിയാണ് സംസാരിക്കുന്നത്. ചരിത്രപരമായി കൊളോണിയൽ ശക്തികൾ അവരുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകിയത് പ്രബുദ്ധതയുടെയും പുരോഗതിയുടെയും അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന്, ബ്രിട്ടീഷ് സാമ്രാജ്യത്വം നാഗരികതയുടെ ആടയിട്ടാണ് വരവറിയച്ചത്. പ്രാകൃത സമൂഹങ്ങളെന്ന് കരുതപ്പെടുന്നവയിലേക്ക് ആധുനികത കൊണ്ടുവരുന്ന രക്ഷകരൂപമായി കൊളോണിയലിസ്റ്റ് വ്യവഹാരങ്ങൾ സ്വയം സ്ഥാപിച്ചു.

ക്വിയറായ ഒരാൾക്ക് പലസ്തീനൊപ്പം നിൽക്കാൻ കഴിയുമോ എന്ന കാതലായ ചോദ്യത്തെ ഈ സന്ദർഭത്തിൽ നേരിടേണ്ടതുണ്ട്.
ക്വിയറായ ഒരാൾക്ക് പലസ്തീനൊപ്പം നിൽക്കാൻ കഴിയുമോ എന്ന കാതലായ ചോദ്യത്തെ ഈ സന്ദർഭത്തിൽ നേരിടേണ്ടതുണ്ട്.

സ്ത്രീകളെയോ, LGBTQ+ ആളുകളെയോ മതന്യൂനപക്ഷങ്ങളെയോ സംരക്ഷിക്കുന്നതിനോ മോചിപ്പിക്കുന്നതിനോ സൈനിക ഇടപെടലുകളോ കുടിയേറ്റ ഭരണകൂടങ്ങളോ ആവശ്യമാണെന്നതാണ് ലിബറൽ സാമ്രാജ്യത്വത്തിന്റെ യുക്തി. ചൂഷണത്തെ ന്യായീകരിക്കാൻ പുരോഗമനാഖ്യാനങ്ങളെ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. മുസ്‌ലീം സ്ത്രീകളെ രക്ഷിക്കാൻ എന്ന വ്യാജേന ഹിന്ദുത്വം മുസ്ലിം പുരുഷന്മാരെ മുൻനിർത്തിയുള്ള വാർപ്പുമാതൃകകളെ ഉപയോഗിക്കാറുണ്ട്. അപരിഷ്കൃതരും യാഥാസ്ഥിതികരുമായാണ് ഈ വ്യവഹാരങ്ങൾ മുസ്ലീം ശരീരത്തെ സ്ഥാനപ്പെടുത്തുന്നത്. ‘പുരോഗമനം’ ശരീരങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കാൻ കെൽപ്പുള്ള ആയുധമായി ഈ സന്ദർഭത്തിൽ മാറുന്നു. മുത്തലാഖ്, ഹിജാബ് ചർച്ചകൾ തുടങ്ങിയവ ഈ നിലയിൽ മുസ്ലീം സ്ത്രീകളെ രക്ഷിക്കാനെന്ന വിധം അവതരിച്ചവയാണ്. “മുസ്ലിം സ്ത്രീകൾക്ക് യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുണ്ടോ?” എന്ന ലേഖനത്തിൽ ലൈല അബു-ലുഗോഡ് സൈനിക അധിനിവേശത്തിനും സാംസ്കാരിക സാമ്രാജ്യത്വത്തിനും ന്യായീകരണമായി സ്ത്രീകളുടെ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2001-ൽ അമേരിക്ക നടത്തിയ അഫ്ഗാൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ലൈലയുടെ നിരീക്ഷണങ്ങൾ രൂപമെടുക്കുന്നത്.

പലസ്തീനിൽ നടക്കുന്ന വംശഹത്യ ന്യായീകരിക്കപ്പെടുന്നതിന്റെ പിന്നിലും ഈ മട്ടിലുള്ള യുക്തികൾ പ്രവർത്തിക്കുന്നുണ്ട്. പലസ്തീൻ ജനതയെ അപരിഷ്കൃതരായ അപര ദേഹങ്ങളായി സ്ഥാനപ്പെടുത്തിയാണ് വംശഹത്യ ന്യായീകരിക്കപ്പെടുന്നത്. ഇസ്രായേൽ ആ നിലയിൽ പലസ്‌തീൻ ജനതയുടെ രക്ഷകരൂപമാണ്. ഇതോടെ പലസ്തീനിൽ നടക്കുന്ന ഉന്മൂലനപദ്ധതി പുരോഗമന ലക്ഷ്യമുള്ളതാണെന്നും വരുന്നു. ഇക്കഴിഞ്ഞ കാലങ്ങളിൽ പലസ്തീന്റെ അപരം എന്ന നിലയിൽ പുരോഗമനത്തിന്റെ അന്തിമരൂപമെന്ന വിധത്തിലാണ് ഇസ്രായേൽ സ്വയം പ്രത്യക്ഷപ്പെടുന്നത്. ഇസ്രായേലിന്റെ ഈ പുരോഗമനമുഖം വംശഹത്യയ്ക്ക് എളുപ്പം സാധൂകരണം നൽകുന്നു.

 “മുസ്ലിം സ്ത്രീകൾക്ക് യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുണ്ടോ?” എന്ന ലേഖനത്തിൽ ലൈല അബു-ലുഗോഡ് സൈനിക അധിനിവേശത്തിനും സാംസ്കാരിക സാമ്രാജ്യത്വത്തിനും ന്യായീകരണമായി സ്ത്രീകളുടെ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
“മുസ്ലിം സ്ത്രീകൾക്ക് യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുണ്ടോ?” എന്ന ലേഖനത്തിൽ ലൈല അബു-ലുഗോഡ് സൈനിക അധിനിവേശത്തിനും സാംസ്കാരിക സാമ്രാജ്യത്വത്തിനും ന്യായീകരണമായി സ്ത്രീകളുടെ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സ്വവർഗ്ഗദേശീയത; ഇസ്രായേലിന്റെ പുരോഗമന ഹിംസകൾ

ആദ്യഘട്ടങ്ങളിൽ ദേശരാഷ്ട്രങ്ങളും ദേശീയതകളും ഭിന്നവർഗ്ഗലൈംഗിക കുടുംബങ്ങളുടെ മേലെയാണ് സ്വയം പടുത്തിരുന്നത്. ദേശവിരുദ്ധമോ, ദേശബാഹ്യമോ ആയ സ്വാഭാവമായാണ് ഈ വ്യവഹാരങ്ങൾ സ്വവർഗ്ഗലൈംഗികതയെ തിരിച്ചറിഞ്ഞത്. ദേശത്തിന്റെ അതിരുകൾക്ക് പുറമേയാണ് ഈ അരികുലൈംഗികതകൾക്ക് സ്ഥാനം. ഇന്ത്യൻ ദേശീയതയുടെ സന്ദർഭത്തിൽ സ്വവർഗ്ഗലൈംഗികതയെ മുൻനിർത്തിയുണ്ടായ ചർച്ചകൾ ദേശീയ സംസ്കാരത്തിന് ചേരാത്തതെന്ന് സ്വവർഗ്ഗലൈംഗികതയെ സ്ഥാപിക്കുന്നുണ്ട്. പ്രധാനമായും പാശ്ചാത്യ ഇറക്കുമതി എന്ന നിലയിലാണ് ഈ ഘട്ടത്തിൽ സ്വവർഗ്ഗലൈംഗികതയെ എണ്ണിയത്. പുതിയ കാലത്ത് ദേശീയതയുടെ വ്യവഹാരങ്ങൾ ഈ പഴയ നയം ഉപേക്ഷിക്കുകയും ദേശത്തിന്റെ അതിരുകളിലേക്ക് സ്വവർഗ്ഗലൈംഗികതയെ ലയിപ്പിക്കുന്ന അടവ് സ്വീകരിക്കുകയും ചെയ്യുന്നു. ആഗോളമായി സ്വീകരിക്കപ്പെടുന്ന ഈ സ്വാംശീകരണ ശ്രമങ്ങളെയാണ് സ്വവർഗ്ഗദേശീയത പൊതുവിൽ സൂചിപ്പിക്കുന്നത്.

ദേശരാഷ്ട്രത്തിനുള്ളിൽ ക്വിയർ ഉൾപ്പെടുത്തലിന്റെ വൈരുദ്ധ്യങ്ങൾ പല സന്ദർഭങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. സ്വവർഗാനുരാഗത്തിന്റെ ദേശീയ അംഗീകാരം സാരാംശത്തിൽ സാർവത്രികമോ പുരോഗമനപരമോ അല്ലെന്ന് വാദങ്ങളുണ്ട്. Terrorist Assemblages: Homonationalism in Queer Times (2007) എന്ന കൃതിയിലാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പശ്ചാത്തലത്തിൽ, ജസ്ബീർ കെ. പുവർ സ്വവർഗ്ഗദേശീയത എന്ന താക്കോൽവാക്കിനെ ഉപയോഗിക്കുന്നത്. ദേശീയവാദ, സാമ്രാജ്യത്വ, വംശീയ പദ്ധതികളുമായി എൽ.ജി.ബി.ടി.ക്യു. വ്യവഹാരങ്ങളുടെ കൂട്ടുകെട്ടിനെയാണ് സ്വവർഗ്ഗദേശീയത സൂചിപ്പിക്കുന്നത്. പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഈ ആശയം കൂടുതൽ തെളിച്ചം തരുന്നു. സ്വവർഗ്ഗദേശീയത അടിസ്ഥാനപരമായി കൊളോണിയൽ യുക്തികളുമായി ചേർന്നിരിക്കുന്നു. പാശ്ചാത്യ ലിബറൽ മാനദണ്ഡങ്ങൾ അനുസരിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിലൂടെയാണ് അത് ഒരു സമൂഹത്തിന്റെ ‘പുരോഗതി’ അളക്കുന്നത്. ഈ ചട്ടക്കൂട് പടിഞ്ഞാറിനെ കേന്ദ്രത്തിൽ നിർത്തുന്നു.

ദേശീയ ഭാവനയിൽ സ്വവർഗാനുരാഗത്തെ തിരഞ്ഞെടുത്ത് ഉൾപ്പെടുത്തുന്നത് പുരോഗമനപരമായ വിമോചനത്തിന്റെ അടയാളമല്ലെന്നും, മറിച്ച് വംശീയ ഒഴിവാക്കലിന്റെയും സാമ്രാജ്യത്വത്തിന്റെയും അടിസ്ഥാന യുക്തികൾ നിലനിർത്തിക്കൊണ്ട് ലിബറൽ മനുഷ്യാവകാശ വ്യവഹാരങ്ങളുമായി സ്വയം പുനഃക്രമീകരിക്കാനുള്ള ദേശരാഷ്ട്രത്തിന്റെ തന്ത്രപരമായ നീക്കമാണെന്നും പുവർ വ്യക്തമാക്കുന്നു. സ്വവർഗാനുരാഗികളെ നിയന്ത്രിക്കുകയും സാമ്രാജ്യത്തിന്റെ വംശീയവും ദേശീയവുമായ അതിരുകൾ സുരക്ഷിതമാക്കുകയും ചെയ്യുന്ന ഒരു സംവിധാനമായി സ്വവർഗ്ഗദേശീയതയെ പുവർ വിശദീകരിക്കുന്നു.

9/11-ന് ശേഷമുള്ള രാഷ്ട്രീയാന്തരീക്ഷത്തിൽ അമേരിക്കൻ സാമ്രാജ്യത്തിന്റെ വിശാലമായ യുക്തികൾക്കുള്ളിൽ പുവർ സ്വവർഗ്ഗദേശീയതയെ സ്ഥാപിക്കുന്നു. എൽ.ജി.ബി.ടി.ക്യു അവകാശങ്ങളുടെ രക്ഷകരൂപമായി യു.എസ്. ഭരണകൂടം സ്വയം പ്രഖ്യാപിക്കുന്നത്, പ്രധാനമായും മുസ്ലീം രാഷ്ട്രങ്ങൾക്കെതിരെ, സൈനിക ഇടപെടലുകളെയും സുരക്ഷാവൽക്കരണ തന്ത്രങ്ങളെയും ന്യായീകരിക്കാനാണ്.

പലസ്തീന്റെ പശ്ചാത്തലത്തിൽ സ്വവർഗ്ഗദേശീയതയുടെ കാതൽ പിങ്ക് വാഷിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ്. ഇസ്രായേൽ രാഷ്ട്രം മിഡിൽ ഈസ്റ്റിലെ പുരോഗമനപരവും എൽ.ജി.ബി.ടി.ക്യു+ ഉൾക്കൊള്ളലിന്റെ ഇടമെന്ന നിലയിൽ പലസ്തീനികൾക്കെതിരായ അധിനിവേശത്തെയും കൊളോണിയൽ അക്രമത്തെയും ഒളിച്ചുവെക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതിനെയാണ് പിങ്ക് വാഷിങ് അടയാളപ്പെടുത്തുന്നത്. സ്വവർഗ്ഗവിരുദ്ധരായ അറബ് അയൽക്കാരിൽ നിന്ന് വേറിട്ട നിലനിൽപ്പ് സ്ഥാപിച്ചെടുക്കാനായി ടെൽ അവീവിലെ പ്രൈഡ് പരേഡുകൾ ഉൾപ്പെടെയുള്ള സ്വവർഗാനുരാഗാഘോഷങ്ങളെ ഇസ്രായേൽ ഭരണകൂടവും സാമന്തരും ഉയർത്തിക്കാട്ടുന്നു. സ്വവർഗാനുരാഗ സ്നേഹികളായ പുരോഗമന ഇസ്രായേൽ, സ്വവർഗാനുരാഗവിരുദ്ധ യാഥാസ്ഥിതിക പലസ്തീൻ എന്ന ദ്വന്ദ്വം പലസ്തീനികളെ പിന്തിരിപ്പരായി ഉറപ്പിക്കുകയും അതുവഴി ഇസ്രായേലിന്റെ അധിനിവേശത്തെയും അക്രമത്തെയും ന്യായീകരിക്കുകയും ചെയ്യുന്നു.

2007-ൽ Süddeutsche Zeitung എന്ന ജർമ്മൻ പത്രത്തിൽ പ്രത്യക്ഷപ്പെട്ട “Migrant Kids Against Gays”എന്ന ലേഖനവും ജർമ്മൻ ലെസ്ബിയൻ ആൻഡ് ഗേ ഫെഡറേഷന്റെ (LSVD) അനുബന്ധ പഠനങ്ങളും ലിബറൽ ലൈംഗിക രാഷ്ട്രീയം വംശീയ ഭരണകൂട അജണ്ടകളുമായും സ്വവർഗ്ഗദേശീയതയുമായും എങ്ങനെ യോജിക്കുന്നെന്ന് ഹെൻറി ഗങ്കലും ബെൻ പിച്ചറും Racism in the Closet - Interrogating Postcolonial Sexuality എന്ന പഠനത്തിൽ എടുത്തുകാണിക്കുന്നുണ്ട്. സ്വവർഗാനുരാഗത്തെ ജർമ്മനിയുമായും സ്വവർഗ്ഗവിരുദ്ധതയെ ഇസ്ലാമുമായും സമീകരിക്കുന്ന യുക്തികളെ ഈ ഉദാഹരണങ്ങൾ വെളിപ്പെടുത്തുന്നു. ‘മുസ്ലിം ടെസ്റ്റ്’ ഒരു പ്രത്യേക ഉദാഹരണമായി ഈ പഠനത്തിൽ ഉപയോഗിക്കുന്നു. ജർമ്മൻ പൗരത്വത്തിന് അനുയോജ്യമാണോ എന്ന് വിലയിരുത്തുന്നതിനുള്ള ഉപകരണമായി തോന്നുന്ന ഈ ടെസ്റ്റ്, മുസ്ലീങ്ങളെ ഉന്നം വയ്ക്കുകയും ലൈംഗികതയെയും ലിംഗഭേദത്തെയും കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ‘സ്വവർഗാനുരാഗിയായ മകനോട് എങ്ങനെ പ്രതികരിക്കും? ഭർത്താവിന് ഭാര്യയെ തല്ലാൻ അവകാശമുണ്ടോ?’ തുടങ്ങിയ ചോദ്യങ്ങൾ ജർമ്മൻ പുരോഗമന മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തവരെ തിരിച്ചറിയാനും ഒഴിവാക്കാനും രൂപകൽപ്പന ചെയ്ത സംവിധാനങ്ങളാണ്. കുടിയേറ്റക്കാർക്കെതിരെയും മുസ്ലീങ്ങൾക്കെതിരെയും എളുപ്പത്തിൽ ചൂഷണം അഴിച്ചുവിടാൻ ഈ രൂപങ്ങൾക്കാകുന്നു. പുരോഗമന ഉള്ളടക്കത്തിന്റെ ബലത്തിൽ ഈ ചൂഷണങ്ങൾക്ക് സാധുത നേടാനുമാകുന്നു.

ഇസ്രായേലിനെ ആധുനികതയുടെയും യുക്തിബോധത്തിന്റെയും മതേതരത്വത്തിന്റെയും അടയാളമായും പലസ്തീനികളെ പരമ്പരാഗതവാദികളായും പിതൃവാദികളായും മതഭ്രാന്തരായും ചിത്രീകരിക്കുന്ന തന്ത്രം പല തരം രാഷ്ട്രീയ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇസ്രായേലി അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് കൊളോണിയൽ വിരുദ്ധ പോരാട്ടമായിട്ടല്ല, മതമൗലികവാദത്തിൽ വേരൂന്നിയ തീവ്രവാദമായി ചിത്രീകരിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. പലസ്തീന്റെ യാഥാസ്ഥിതികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഇസ്രായേലി അധിനിവേശത്തിന്റെ അക്രമവും ഹിംസകളും അദൃശ്യമാക്കാനുമാകുന്നു. പലസ്തീനിലെ വീടുകളുടെയും ജീവിതങ്ങളുടെയും നാശം പാശ്ചാത്യ ലിബറൽ പ്രേക്ഷകർക്ക് വംശഹത്യയായിട്ടല്ല, മറിച്ച് പുരോഗതിക്ക് ആവശ്യമായ ദാരുണമായ വിലയായാണ് മനസ്സിലാക്കാൻ കഴിയുന്നത്.

മനുഷ്യരുടെ വിമോചനവും സ്വാതന്ത്ര്യവും

ക്വിയർ മുന്നേറ്റം ലോകമാകെയുള്ള മനുഷ്യരുടെ വിമോചനം ലക്ഷ്യം വെക്കുന്നു. കൊളോണിയൽ വിരുദ്ധ, വംശീയ വിരുദ്ധ, മുതലാളിത്ത വിരുദ്ധ ഐക്യദാർഢ്യങ്ങൾ ഉൾപ്പെടുന്ന വിശാലമായ നീതിബോധം ഈ മുന്നേറ്റത്തിനുണ്ട്. ഈ രാഷ്ട്രീയ തെളിച്ചത്തിന്റെ ഭാഗമായാണ് LGBTIQ+ മനുഷ്യർ പലസ്തീനിൽ നടക്കുന്ന വംശഹത്യക്കെതിരെ ഒച്ചയെടുക്കുന്നത്. പലസ്തീനിലെ അധിനിവേശം മറയ്ക്കുന്നതിനും ആധുനികവും സഹിഷ്ണുതയുള്ളതുമായ ജനാധിപത്യമായി സ്വയം വിപണനം ചെയ്യുന്നതിനുമായി ഇസ്രായേൽ രാഷ്ട്രം ഉപയോഗിക്കുന്ന പിങ്ക് വാഷിങ് പല സന്ദർഭങ്ങളിൽ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ചൂഷക വ്യവസ്ഥയുടെ സമ്മർദ്ദങ്ങളെ ചെറുക്കാനായി ക്വിയർ മുന്നേറ്റം പാർശ്വവൽക്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളുമായി കൂടുതൽ സഖ്യമുണ്ടാക്കേണ്ടതുണ്ട്. സാമൂഹിക നീതിക്കായി വിശാലമായ അടിത്തറ സൃഷ്ടിക്കുകയാണ് ഈ കൂട്ടുകെട്ടുകൾ ലക്ഷ്യമിടുന്നത്. ചൂഷണത്തിന്റെ ബഹുമുഖ സ്വഭാവം അഭിസംബോധന ചെയ്യുന്നതിലൂടെ ഒരു വിഭാഗത്തിന് മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് വിമോചനം സാധ്യമല്ലെന്ന് തിരിച്ചറിയാനാകും. ചൂഷണങ്ങൾ പരസ്പര ബന്ധിതമായിരിക്കെ നമ്മുടെ വിമോചനവും പരസ്പരം കെട്ടുപിണഞ്ഞിരിക്കുന്നു. ആ നിലയിൽ ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യപരിഗണന അടിച്ചമർത്തപ്പെട്ട എല്ലാ മനുഷ്യരുടെയും വിമോചനമാണ്. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്. വംശഹത്യയുടെ കാലത്ത് എന്റെ ശരീരത്തിലും ലൈംഗികതയിലും അഭിമാനിക്കാൻ യാതൊന്നുമില്ലെന്ന് വിളിച്ചുപറയേണ്ട രാഷ്ട്രീയബോധം ആർജ്ജിച്ചെടുത്തേ മതിയാകൂ. ഈ ജൂൺ മാസം നമ്മുടെ മഴവിൽ പതാക പലസ്തീൻ ജനതയുടെ രക്തത്താൽ ചുവന്നിരിക്കുന്നു. ഇസ്രായേൽ സ്വവർഗ്ഗാനുകൂല ഇടമായിരിക്കട്ടെ, പലസ്തീനിൽ ബോംബുകൾ വർഷിക്കുമ്പോൾ ഇസ്രായേൽ സൈനികർ പലസ്തീനികളുടെ ലൈംഗികത ചോദിക്കാറില്ല.

ക്വിയർ വിമോചനത്തിനായുള്ള പോരാട്ടം വിശാലമായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണ്. ക്വിയർ വിമോചനത്തെ ആഗോള, കൊളോണിയൽ വിരുദ്ധ പോരാട്ടമായി പുനർനിർമ്മിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ലക്ഷ്യം വ്യവസ്ഥയോടുള്ള കലഹമായിരിക്കട്ടെ, മുഴുവൻ മനുഷ്യരുടെയും വിമോചനമായിരിക്കട്ടെ. നമ്മളെല്ലാവരും സ്വാതന്ത്രരാകും വരെ നമ്മളാരും സ്വതന്ത്രരല്ല.


Summary: Queer movement's primary concern is the liberation of all oppressed people. It's our political responsibility to stand with the Palestinian people, Aadhi writes.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments