മരിച്ച ഗേ പങ്കാളിയുടെ മൃതദേഹത്തിനായി വേദനയോടെ കാത്തിരിപ്പ്

ടെറസിൽനിന്ന് താഴേക്കുവീണ് മരിച്ച ഗേ പങ്കാളിയുടെ മൃതദേഹം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ജെബിൻ സമർപ്പിച്ച ഹർജിയിൽ തീരുമാനമെടുക്കുന്നത് ഹൈക്കോടതി നാളത്തേക്ക് നീട്ടിയിരിക്കുന്നു. കുടുംബം മൃതശരീരം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ഗേ പങ്കാളിയെ അനന്തരാവകാശിയായി നിയമം പരിഗണിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. സ്വവർഗവിവാഹം നിയമപരമായി അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും അതുതന്നെയാണ് തങ്ങൾ കോടതിക്കുമുന്നിൽ വക്കുന്നതെന്നും ജെബിന്റെ അഭിഭാഷക അഡ്വ. പദ്മ ലക്ഷ്മി പറയുന്നു.

പകടത്തിൽ മരിച്ച ഗേ പങ്കാളിയുടെ മൃതദേഹം ഏറ്റെടുക്കാനുള്ള അവകാശം ഉന്നയിച്ച് കൊച്ചി സ്വദേശി ജെബിൻ സമർപ്പിച്ച മാൻഡമസ് റിട്ടിൽ തീരുമാനമെടുക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരി 3ന് കൊച്ചിയിൽ ഗേ ദമ്പതികളായ മനുവും ജെബിനും താമസിച്ചിരുന്ന വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണാണ് മനുവിന് അപകടം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഫെബ്രുവരി ആറിന് രാത്രി 11.14ന് മരണം സ്ഥിരീകരിച്ചു.

ഗേ പങ്കാളികളായ മനുവും (വലത്) ജെബിനും
ഗേ പങ്കാളികളായ മനുവും (വലത്) ജെബിനും

കുടുംബം മനുവിന്റെ മൃതശരീരം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇന്ത്യൻ നിയമപ്രകാരം ഗേ പങ്കാളിയെ അനന്തരാവകാശിയായി പരിഗണിക്കാത്തതുകൊണ്ട് ജെബിനും അതിനുള്ള സാധ്യതകളില്ലാതെയായി. തുടർന്നാണ് ജെബിൻ കോടതിയെ സമീപിച്ചത്. രക്തബന്ധമില്ലാത്ത ഒരു വ്യക്തിക്ക് മൃതശരീരം വിട്ടുനൽകുമ്പോഴുള്ള പ്രോട്ടോക്കോൾ നിലവിലില്ലാത്തതിനാലാണ് ഇത്തരത്തിലൊരു തടസം നേരിടുന്നത്. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ എല്ലാ മര്യാദകളോടും കൂടി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുടെ മോർച്ചറിയിൽ മൃതശരീരം സംരക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു.

മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയാറാകാതെ മടങ്ങുകയായിരുന്നുവെന്നാണ് മനുവിന്റെയും ജെബിന്റെയും സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ മൃതദേഹം സ്വീകരിക്കാൻ തയ്യാറല്ലെന്ന് ആശപത്രി അധികൃതരെ രേഖാമൂലം അറിയിക്കാനും അവർ തയ്യാറായില്ല. അത് പ്രശ്‌നം സങ്കീർണമാക്കി. തുടർന്നാണ്, പങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള അവകാശം തനിക്ക് നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയിൽ മാൻഡമസ് റിട്ട് ഫയൽ ചെയ്തത്.

ഫണ്ട് സമാഹരണത്തിനായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റർ
ഫണ്ട് സമാഹരണത്തിനായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റർ

മനുവിന്റെ മരണം മെഡിക്കൽ ലീഗൽ കേസിന്റെ പരിധിയിൽ വരുന്നതിനാൽ അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ അറിയിക്കാൻ സാധിക്കൂവെന്നാണ് മനുവിന്റെയും ജെബിന്റെയും സുഹൃത്തുക്കൾ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്. കളമശ്ശേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ അപകടമാണെന്നാണ് തങ്ങൾ കരുതുന്നതെന്നും അവർ പറഞ്ഞു. മരണത്തിനുശേഷവും ക്വീർ മനുഷ്യരോട് കാണിക്കുന്ന അനീതിക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും നാളെ ഇതേ അവസ്ഥ തന്നെയായിരിക്കും തങ്ങൾക്കും സംഭവിക്കാൻ പോകുന്നതെന്നും ക്വീർ ആക്ടിവിസ്റ്റായ അതുൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘അപകടം നടന്നപ്പോൾ തന്നെ മനുവിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഒരുപാട് തവണ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമം നടത്തി. ഇതിനൊടുവിലാണ് അവർ ആശുപത്രിയിലെത്തിയത്. അതും അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞശേഷം മാത്രം. ആശുപത്രിയിൽ തുക കെട്ടിവെക്കണമെന്ന് മനുവിന്റെ കുടുംബത്തോട് പറഞ്ഞപ്പോൾ, ‘നിങ്ങൾ പണമടക്കുകയാണെങ്കിൽ ഞങ്ങൾ മൃതശരീരം കൊണ്ടുപോകാം’ എന്നായിരുന്നു അവർ പറഞ്ഞത്. ഞങ്ങൾ സുഹൃത്തുക്കളാണ്, ഞങ്ങളെക്കൊണ്ട് കഴിയുംവിധം ഒരു തുക സംഘടിപ്പിച്ചു. ബാക്കി നിങ്ങൾ നോക്കണമെന്ന് കുടുംബത്തോട് പറഞ്ഞപ്പോൾ അവർ പഴയ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു. പിന്നീട് മനുവിന്റെ മൃതശരീരം വേണ്ടെന്ന് ഞങ്ങളോടു പറഞ്ഞ്, ആശുപത്രിയിൽ അറിയിക്കാതെ അവർ പോവുകയായിരുന്നു’.

‘ഒരു ക്വീർ വ്യക്തിയോട് ചെയ്യുന്ന അനീതിയാണിത്. കാരണം അയാൾ മരിച്ചിട്ടും ശരീരത്തിനോട് അനീതി കാണിക്കുകയാണിവിടെ. മനുവിന്റെ അവസ്ഥ നാളെ ഞങ്ങളിൽ പല ആളുകൾക്കും വരാം. അവൻ മരിച്ചിട്ടും അവനോടുള്ള വിദ്വേഷവും വെറുപ്പും ആ കുടുംബം മറക്കുന്നില്ല. കാരണം ആ ശരീരത്തോട് പോലും അവർ വെറുപ്പ് കാണിക്കുകയാണ്. കുടുംബവുമായി ജെബിനും മനുവും അടുപ്പത്തിലായിരുന്നു. അച്ഛനെയും അമ്മയേയുമൊക്കെ വിളിക്കുമായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. മനുവിന്റെ ശരീരം ഏറ്റുവാങ്ങി മതപരമായ ചടങ്ങുകൾ നടത്തണമെന്നാണ് ജെബിന്റെ ആഗ്രഹം. എന്നാൽ ഇന്ത്യൻ നിയമപ്രകാരം ഹോമോസെക്ഷ്വൽ ദമ്പതികളുടെ ബന്ധത്തിന് നിയമസാധുതയില്ലാത്തതുകൊണ്ടുതന്നെ, മനുവിന്റെ ശരീരം നിയമപരമായി ഏറ്റെടുക്കാനുള്ള അവകാശം ജെബിനില്ല. അങ്ങനെയാണ് ബോഡി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്’- അതുൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അഡ്വ. പദ്മ ലക്ഷ്മിയാണ് ജെബിനുവേണ്ടി കോടതിയിൽ ഹാജരായത്. ആശുപത്രിക്കെതിരെയല്ല, മറിച്ച്, വ്യവസ്ഥിതിക്കെതിരെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് അവർ പറയുന്നത്. നിയമപരമായി കോടതിയിലൂടെ ജെബിന് അവകാശം നേടിക്കൊടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അവർ പറഞ്ഞു. സമൂഹത്തിന്റെ ക്വീർ ഫോബിക് സമീപനത്തെകുറിച്ചും ഈ വിഷയത്തിൽ കോടതി നിലപാടിനെ കുറിച്ചും അഡ്വ. പദ്മ ട്രൂകോപ്പിയോട് സംസാരിച്ചു: ‘പെറ്റീഷനിൽ എവിടെയും ആശുപത്രിയെ കുറ്റപ്പെടുത്തുന്നില്ല. മനു തിരിച്ചറിയപ്പെടാത്ത വ്യക്തിയല്ല (Unclaimed). വീട്ടുകാർക്ക് വേണ്ട എന്ന് അവർ തുറന്നുപറയുകയും ആ മൃതശരീരത്തോട് പരമാവധി അനാദരവ് കാണിക്കുകയും ചെയ്തു. ഞാൻ സംസാരിക്കുന്നത് ജെബിനുവേണ്ടിയാണ്. മരിച്ചുവെന്ന് പറഞ്ഞാലും അവന് മനുവിന്റെ ശരീരത്തോട് വൈകാരിക അടുപ്പമുണ്ട്. അതുകൊണ്ടുതന്നെയാണ് തന്റെ അവകാശമുന്നയിച്ച് അവൻ കോടതിയെ സമീപിച്ചതും. ആശുപത്രികൾ ഒരിക്കലും രക്തബന്ധത്തിൽപ്പെട്ടവർക്കല്ലാതെ മൃതശരീരം വിട്ടുകൊടുക്കാൻ തയ്യാറാവില്ല. അവർ പൊലീസിന് മാത്രമെ വിട്ടുകൊടുക്കൂ. അത് നിയമപരമായ കാര്യമാണ്. പൊലീസിന് വിട്ടുകൊടുത്തശേഷം മൃതശരീരം മോർച്ചറിയിൽ വെക്കുകയും തിരിച്ചറിയപ്പെടാത്ത ശരീരം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും ചെയ്യും. അവിടെ നിന്ന് നമുക്ക് ശരീരത്തിന് പുറത്ത് ക്ലെയിം അവകാശപ്പെട്ട് ഏറ്റെടുക്കാം. എന്നാൽ ആ സമയത്ത് കുടുംബം അവകാശവാദമുന്നയിച്ചാൽ കൂടുതൽ നിയമക്കുരുക്കുണ്ടാകും. അതുകൊണ്ടാണ് ആശുപത്രി ഇങ്ങനെയൊരു നിലപാടെടുത്തത്. ആശുപത്രിയിൽ എത്ര പണം വേണമെങ്കിലും കെട്ടിവെക്കാൻ ജെബിൻ തയ്യാറാണ്. സ്വവർഗവിവാഹം നിയമപരമായി അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നം. അതുതന്നെയാണ് ഞങ്ങൾ കോടതിയുടെ മുന്നിൽ വെക്കുന്ന ചോദ്യവും. ഇത്തരം ദമ്പതികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോലും സാധ്യമല്ല. അവർക്ക് ഒറ്റക്ക് ഒറ്റക്കെടുക്കാം, എന്നാൽ കുടുംബം എന്ന രീതിയിൽ സാധ്യമല്ല. മറ്റ് വ്യക്തികൾക്ക് ലഭ്യമാകുന്ന പല അവകാശങ്ങളും ഹോമോസെക്ഷ്വൽ വ്യക്തികൾക്ക് ലഭിക്കുന്നില്ല. ഈ പ്രശ്‌നമാണ് ഹൈക്കടതിയിൽ സമർപ്പിച്ച റിട്ടിലൂടെ ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. വളരെ വേഗം ഈ റിട്ട് ബെഞ്ചിലേക്ക് എത്തിക്കാൻ സാധിച്ചു. ഈയൊരു വ്യക്തിക്ക് വിട്ടുകൊടുക്കുന്നതിനപ്പുറത്തേക്ക് എന്താണ് പ്രോട്ടോക്കോൾ, അതനുസരിച്ച് നീങ്ങണമെന്നാണ് കോടതി പറഞ്ഞത്. പ്രോട്ടോക്കോൾസ് എന്താണെന്ന് നാളെ മാത്രമെ പറയാൻ സാധിക്കൂ’.

അഡ്വ. പദ്മ ലക്ഷ്മി
അഡ്വ. പദ്മ ലക്ഷ്മി

‘മൃതശരീരം തങ്ങൾക്ക് വേണ്ട എന്ന് മനുവിന്റെ കുടുംബം ഔദ്യോഗികമായി അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശുപത്രിയിൽ പണം അടക്കേണ്ടതില്ല എന്നുവന്നാൽ കുടുംബം മൃതശരീരം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഇത്തരം മനുഷ്യർക്ക് നേരിടേണ്ടി വരുന്ന ഏറ്റവും ക്രൂരമായ അവസ്ഥ എന്ന നിലയിൽ തന്നെ ഇതിനെ പരിഗണിക്കേണ്ടതുണ്ട്. മാധ്യമങ്ങളും ഈ വിഷയത്തെ ഇത്തരത്തിൽ പരിഗണിക്കണം. അങ്ങനെയെങ്കിലും എല്ലാവരുടെയും കണ്ണുതുറക്കട്ടെ. നാളെ ഞാൻ മരിച്ചാൽ പോലും എയ്ഡ്‌സ് വന്ന് മരിച്ചുവെന്നായിരിക്കും പ്രചരിപ്പിക്കപ്പെടുന്നത്’.

‘ഞാൻ ഞായറാഴ്ചയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോൾ അവിടെ മനുവിന്റെ സുഹൃത്തുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടർ പറയുന്ന പല കാര്യങ്ങളും ആ കുട്ടികൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. പിന്നീട് ഡോക്ടറെ കണ്ട് സംസാരിച്ചപ്പോഴാണ് പറഞ്ഞത്, കൃഷ്ണമണിയിലെ പ്യൂപ്പിൾ നിശ്ചലമായിരിക്കുന്നു എന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നും. അതായിരുന്നു അവന്റെ അവസ്ഥ. മരണത്തിനുശേഷം അവയവദാനം നടത്താമെന്ന് പറയാൻ പോലും പേടിയായിരുന്നു. അങ്ങനെ വല്ലതും പറഞ്ഞുപോയാൽ ഞങ്ങൾ അവയവ മാഫിയയാണെന്ന തരത്തിൽ കഥകളുണ്ടാക്കും. അത്തരം ചില ആരോപണങ്ങളും ചിലർ ഉന്നയിച്ചിരുന്നു.’

 അതുൽ, ക്വീർ ആക്ടിവിസ്റ്റ്
അതുൽ, ക്വീർ ആക്ടിവിസ്റ്റ്

സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജിയിൽ 2023 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്‍ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചിന്റേതായിരുന്നു തീരുമാനം. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഒരു സിവിൽ യൂണിയൻ (സാമ്പ്രദായിക വിവാഹത്തിലേതല്ലാത്ത പങ്കാളികൾക്ക് നിയമസാധുതയോടെയും അതിൽനിന്നുള്ള അവകാശങ്ങളോടെയും ഒരുമിച്ചുകഴിയാവുന്ന നിയമസാധുതയുള്ള സംവിധാനം) എന്ന നിലയിൽ സ്വവർഗപങ്കാളികൾക്ക് കഴിയാം എന്ന് പറയുമ്പോഴും ബെഞ്ചിലെ മറ്റ് അംഗങ്ങൾ അതിനെ വിവാഹമായി അംഗീകരിക്കാൻ തയ്യാറായില്ല. അതുകൊണ്ട് സ്വവർഗവിവാഹം നിയമപരമാക്കണമെന്ന ഹർജി തള്ളി.

പെൻഷൻ അവകാശങ്ങൾ, ഇൻഷൂറൻസ്, സ്വത്തവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ചുള്ള തടസ്സങ്ങൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുള്ള അർഹത ആൺ- പെൺദമ്പതികൾക്കെന്ന പോലെ സ്വവർഗ്ഗദമ്പതികൾക്കും ആവശ്യമാണെന്ന വാദമുന്നയിച്ചായിരുന്ന സ്വവർഗ ദമ്പദികൾ കോടതിയെ സമീപിച്ചത്.

Comments