Illustration: Sara Wong

ക്ലാസ്​ മുറിയിലെ എൽ.ജി.ബി.ടി കമ്യൂണിറ്റിയെക്കുറിച്ച്​

കുട്ടികളുടെ വ്യത്യസ്തമായ ലൈംഗികത / ജന്റർ എന്നിവയോ അതിനോടനുബന്ധിച്ച് വരുന്ന വ്യത്യസ്തമായ വ്യക്തിത്വമോ ഒക്കെ ആദ്യം തിരിച്ചറിയുന്നത് അവരെ നിരന്തരം സാമൂഹ്യമായി നിരീക്ഷിക്കാൻ അവസരമുള്ള അധ്യാപകർക്കായിരിക്കും. അതുകൊണ്ട്​, ക്ലാസ്​ റൂമിൽനിന്നുള്ള തുടക്കം അതിപ്രധാനമാണ്​.

മനില സി.​ മോഹൻ: പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കരിക്കുലം കമ്മറ്റി രൂപീകരിച്ചിരിക്കുകയാണല്ലോ? ക്വിയർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് വിജയരാജ മല്ലികയെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈയൊരു തീരുമാനത്തെ എങ്ങനെ വിലയിരുത്തുന്നു?

കിഷോർ കുമാർ: എൽ.ജി.ബി.ടി കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഒരാളെങ്കിലും കമ്മിറ്റിയിലുള്ളത് വളരെ നല്ല കാര്യം തന്നെ. കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജന്റർ കവയത്രിയാണ് വിജയരാജ മല്ലിക. ട്രാൻസ്ജന്റർ വ്യക്തികളെ കൂടാതെ ഗേ, ലെസ്ബിയൻ, ബൈ സെക്ഷ്വൽ വ്യക്തികളെ കുറിച്ചും കരിക്കുലത്തിൽ അവബോധം സൃഷ്ടിക്കാൻ വിജയരാജ മല്ലികക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വിജയരാജ മല്ലിക

പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നു. ഇത്​, വർഷങ്ങൾക്കുശേഷം നടക്കുന്ന പ്രക്രിയയാണ്. ഈ കാലഘട്ടത്തിൽ ക്വിയർ കമ്യൂണിറ്റിയോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ, സമീപനത്തിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. സ്വവർഗാനുരാഗികളായവർ എങ്ങനെ പാഠപുസ്തകങ്ങളിൽ പ്രതിനിധീകരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്? ആവശ്യപ്പെടുന്നത്?

കഴിഞ്ഞ ഒരു ദശകത്തിൽ കാഴ്​ചപ്പാടുകൾ വളരെ മാറിയിട്ടുണ്ട്. അതിന് കോടതിവിധികളും സാഹിത്യം, സിനിമ, മീഡിയ എന്നിവയിലൂടെയുണ്ടായ ബോധവൽക്കരണവും ഏറെ സഹായിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ 2009ലെ സ്വവർഗരതി നിയമവിധേയമാക്കിയ താൽക്കാലിക വിധിയെ തുടർന്ന് 2010 മുതൽ കേരളത്തിൽ എൽ.ജി.ബി.ടി. പ്രൈഡ് മുതലായ പരിപാടികൾ നടക്കുന്നുണ്ട്. കമ്യൂണിറ്റിക്കായി നിരവധി സംഘടനകൾ ഉണ്ടായി.

2015ലായിരുന്നു പാർലമെൻറ്,​ ട്രാൻസ്ജന്റർ സമൂഹത്തിന്റെ ക്ഷേമത്തിനായി ട്രാൻസ്ജന്റർ ബിൽ പാസാക്കിയത്. സ്വവർഗ ലൈംഗികത രോഗമല്ല എന്ന ലോകാരോഗ്യ സംഘടനയുടെ 1990ലെ നയം 2018ൽ ഇന്ത്യൻ സൈക്യാട്രിക് അസോസിയേഷൻ അംഗീകരിച്ചു. തുടർന്ന് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി സ്വവർഗരതി കുറ്റകൃത്യമല്ല എന്ന ചരിത്രപ്രധാനമായ വിധി പ്രഖ്യാപിച്ചു.

ഗേ എന്നാൽ പുരുഷനെങ്കിലും ‘സാധാരണ' പുരുഷൻ അല്ല. പുരുഷനെ പ്രണയിക്കുന്നു/കാമിക്കുന്നു എന്ന കാര്യത്തിൽ അവന് സ്ത്രീയുമായി സാമ്യമുണ്ട്. പക്ഷേ അവൻ സ്ത്രീയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവനുമല്ല. ഇത്തരം സൂക്ഷമായ വ്യത്യാസങ്ങൾ അധ്യാപകർ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

ആഗ്രഹിക്കുന്ന ജന്റർ സ്വത്വം സ്വീകരിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ജന്റർ വ്യക്തികൾ കടന്നുപോകുന്ന മാറ്റങ്ങൾ പലപ്പോഴും വളരെ ദൃശ്യമായ ഒന്നാണ്. ആൺ ശരീരത്തിൽ ജനിച്ച് പിന്നീട് പെണ്ണായി വെളിപ്പെടുത്തുന്നത് (തിരിച്ചും) മനസ്സിലാക്കാനും അംഗീകരിക്കാനും പൊതുജനങ്ങൾക്ക് എളുപ്പമാണ്. അതിനാൽ, സമൂഹത്തിലെ പ്രബലമായ ആൺ- പെൺ ബന്ധമെന്ന ഹേറ്ററോ നോർമേറ്റീവ് വ്യവസ്ഥിതിയുടെ ഭാഗമാകാൻ ബൈനറി ട്രാൻസ് വ്യക്തികൾക്ക് താരതമ്യേന എളുപ്പമാണ്. വാക്കുകളിലൂടെ വെളിപ്പെടുത്തിയാൽ മാത്രം മറ്റുള്ളവർ അറിയുന്ന ഒന്നാണ് സ്വവർഗാനുരാഗി എന്ന ഐഡന്റിറ്റി. മൊത്തം എൽ.ജി.ബി.ടി കമ്യൂണിറ്റിയെ ക്വിയർ എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കുമ്പോൾ ഗേ, ലെസ്ബിയൻ എന്ന സ്വവർഗപ്രണയികളെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നുണ്ട്. ഗേ എന്നാൽ പുരുഷനെങ്കിലും ‘സാധാരണ' പുരുഷൻ അല്ല. പുരുഷനെ പ്രണയിക്കുന്നു/കാമിക്കുന്നു എന്ന കാര്യത്തിൽ അവന് സ്ത്രീയുമായി സാമ്യമുണ്ട്. പക്ഷേ അവൻ സ്ത്രീയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവനുമല്ല. ഇത്തരം സൂക്ഷമായ വ്യത്യാസങ്ങൾ അധ്യാപകർ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

സ്‌കൂൾ കരിക്കുലത്തിൽ ഭാഷകൾ, സോഷ്യൽ സയൻസ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിൽ സ്വവർഗാനുരാഗത്തെ കുറിച്ച് പ്രതിപാദിക്കാൻ സാധിക്കും. പക്ഷേ സിലബസിലുള്ളതിനേക്കാൾ കൂടുതൽ അറിവ് ഈ വിഷയത്തിൽ അധ്യാപകർക്ക് ഉണ്ടാവേണ്ടത്. കാരണം പലപ്പോഴും കുട്ടികളുടെ വ്യത്യസ്തമായ ലൈംഗികത/ജന്റർ എന്നിവയോ അതിനോടനുബന്ധിച്ച് വരുന്ന വ്യത്യസ്തമായ വ്യക്തിത്വമോ ഒക്കെ ആദ്യം തിരിച്ചറിയുന്നത് അവരെ നിരന്തരം സാമൂഹ്യമായി നിരീക്ഷിക്കാൻ അവസരമുള്ള അധ്യാപകർക്കായിരിക്കും.

''വാക്കുകളിലൂടെ വെളിപ്പെടുത്തിയാൽ മാത്രം മറ്റുള്ളവർ അറിയുന്ന ഒന്നാണ് സ്വവർഗാനുരാഗി എന്ന ഐഡന്റിറ്റി. മൊത്തം എൽ.ജി.ബി.ടി കമ്യൂണിറ്റിയെ ക്വിയർ എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കുമ്പോൾ ഗേ, ലെസ്ബിയൻ എന്ന സ്വവർഗപ്രണയികളെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നുണ്ട്'' / Illustration: Linda Liu

ജന്റർ സംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മലയാള ഭാഷ എത്രത്തോളം പര്യാപ്തമാണ്. ആശയങ്ങളെ ഉൾക്കൊള്ളാനും പ്രതിഫലിപ്പിക്കാനും വിനിമയം ചെയ്യാനും മലയാളം പ്രാപ്തമാണോ?

ദ്രാവിഡ- സംസ്‌കൃത സമന്വയത്തിൽ നിന്നുണ്ടായ, വളരെ വിപുലമായ അക്ഷരമാലയും പദസമ്പത്തുമുള്ള മലയാളത്തിന് ഏതുവിഷയം അവതരിപ്പിക്കുന്നതിലും പരിമിതിയില്ല. എത്രയോ എഴുത്തുകളും പുസ്തകങ്ങളും ജന്റർ- സെക്ഷ്വാലിറ്റി വിഷയത്തിൽ മലയാളത്തിൽ വന്നുകഴിഞ്ഞു. നമ്മുടെ കൊളോണിയൽ പാരമ്പര്യം കാരണം ഇംഗ്ലീഷ് നിർബന്ധ പാഠ്യവിഷയമായ രാജ്യമാണ് ഇന്ത്യ. അതിനാൽതന്നെ ആവശ്യമുള്ളപ്പോൾ ഇംഗ്ലീഷിൽ നിന്ന് വാക്കുകളും ആശയങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യൻ ഭാഷകൾ വികസിക്കേണ്ടത്. ഗേ, ലെസ്ബിയൻ, ട്രാൻസ്ജന്റർ എന്നിവയെല്ലാം നിരന്തര ഉപയോഗത്തിലൂടെ ഇപ്പോൾ മലയാളം വാക്കുകളായി മാറിക്കഴിഞ്ഞു. ഗേ, ലെസ്ബിയൻ എന്നിവരെ ലിംഗഭേദമെന്യേ ഒരുമിച്ച് സൂചിപ്പിക്കാൻ പണ്ടേയുള്ള ‘സ്വവർഗപ്രണയി' എന്ന വാക്കും ഉപയോഗിക്കാവുന്നതാണ്. ‘സ്വവർഗ വിവാഹം' എന്ന വാക്കും ഇപ്പോൾ വളരെ പ്രചാരത്തിലായിക്കഴിഞ്ഞു.

അധ്യാപക സമൂഹം എത്രത്തോളം ജന്റർ സെൻസിറ്റീവാണ് എന്നാണ് തോന്നിയിട്ടുള്ളത്? പാഠപുസ്തകങ്ങൾ ജന്റർ സെൻസിറ്റീവായി പരിഷ്‌കരിക്കപ്പെട്ടാലും അത് അധ്യാപകരിലൂടെയാണല്ലോ കുട്ടികളിൽ എത്തേണ്ടത്.

കേരളത്തിലെ ഏറ്റവും കഠിനമായ സദാചാര പൊലീസിങ് നടത്തുന്നത് ഇവിടത്തെ അധ്യാപകരാണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ, ഇപ്പോൾ എൽ.ജി.ബി.ടി. ന്യൂനപക്ഷത്തെ കുറിച്ചും അവർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം സമൂഹത്തിൽ വളരെയധികം അവബോധം വന്നുകഴിഞ്ഞു. അധ്യാപകർക്ക് ഈ വിഷയത്തിൽ റിഫ്രഷർ കോഴ്‌സുകൾ കൊടുക്കാവുന്നതാണ്. ക്ലാസിലെ ഒരു ആൺകുട്ടി മറ്റൊരു ആൺകുട്ടിയോട് താൽപര്യം കാണിക്കുക, ലൈംഗിക ചുവയോടെ സ്പർശിക്കുക തുടങ്ങിയ സംഭവങ്ങൾ എന്റെ അധ്യാപക സുഹൃത്തുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു പത്ത്- പതിനഞ്ച് വർഷം മുൻപ് അത്തരമൊരു സംഭവം ഉണ്ടായപ്പോൾ ടീച്ചർമാർരെല്ലാംകൂടെ അത് ആ കുട്ടിയുടെ അമ്മയുടെ സ്വഭാവദൂഷ്യം കാരണമാണെന്ന വിചിത്രമായ തിയറിയിൽ എത്തുകയാണ് ചെയ്തത്! ക്ലാസിലെ ഒരു ആൺകുട്ടി മറ്റൊരു പെൺകുട്ടിയോട് താൽപര്യം കാണിക്കുകയോ ലൈംഗിക ചുവയോടെ സ്പർശിക്കുകയോ ചെയ്തത് പരാതിയായി വന്നാൽ എന്ത് നടപടി എടുക്കുന്നുവോ, അതേ നടപടി തന്നെ ഇക്കാര്യത്തിലും എടുക്കാനുള്ള വിവേകം അധ്യാപകർക്കുണ്ടാവേണ്ടതാണ്.

നികേഷ്, സോനു / Photo: nikesh sonu, Ig

ഹിസ്റ്ററിയിൽ, സയൻസിൽ, സാഹിത്യത്തിൽ, ടെക്‌നോളജിയിൽ, ഭാഷയിൽ, കലയിൽതുടങ്ങി എല്ലാ പാഠ്യമേഖലയിലും പരിഷ്‌കരണം സാധ്യമാവേണ്ടതുണ്ടല്ലോ. ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റി ആ അർത്ഥത്തിൽ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒന്നാണ് എന്നു കരുതുന്നുണ്ടോ?

മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങളിലെ സാഹിത്യത്തിൽ എൽ.ജി.ബി.ടി. സാഹിത്യവും ഉൾപ്പെടുത്താവുന്നതാണ്. സോഷ്യൽ സയൻസിൽ കുടുംബത്തെ കുറിച്ച് പറയുമ്പോൾ സ്വവർഗ ദമ്പതിമാരുടെ കുടുംബത്തെയും ഉൾപ്പെടുത്താം. കൊച്ചിയിലെ നികേഷ്- സോനു ദമ്പതിമാർ ഇക്കാര്യത്തിൽ വലിയ അവബോധം കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റികളാണ്. ചരിത്ര വിഷയത്തിൽ സാമൂഹ്യനീതിക്കായുള്ള നവോത്ഥാന സമരങ്ങളുടെ ഭാഗമായി എൽ.ജി.ബി.ടി. കമ്യൂണിറ്റിയുടെ വിമോചനത്തിനായി നടന്ന സമരങ്ങൾ ഉൾപ്പെടുത്താം. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും കേരളത്തിലും, എഴുത്തുകാരും ആക്ടിവിസ്റ്റുകളും നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് ഇതിനായി പ്രതിപാദിക്കാം. ഇതെല്ലാം വിദ്യാർത്ഥികൾ കൗമാരകാലം എത്തുന്ന ഹൈസ്‌കൂൾ കാലഘട്ടത്തിലെ കരിക്കുലത്തിൽ ഉൾപ്പെടുത്താം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കിഷോർ കുമാർ

ഐ.ടി പ്രൊഫണൽ, ഐ.ഐ.ടി കാൺപൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. ‘രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments