ക്വിയർ വിദ്യാർഥിയും കവിയുമായ ആദി, തനിക്ക് ക്ലാസ്മുറിയിൽ നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിരുന്നു: ‘‘ ഈ ബി.എഡ്.കോഴ്‌സ് കംപ്ലീറ്റാക്കാൻ കഴിയാത്ത വിധം എന്റെ മാനസികാരോഗ്യം നശിച്ചാലും ഞാൻ ഏതെങ്കിലും വിധത്തിൽ എന്നെ ശാരീരികമായി ദ്രോഹിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്തവും ഞാൻ പഠിക്കുന്ന സ്ഥാപനത്തിലെ എനിക്കെതിരെ പരസ്യമായി നിലപാടെടുത്ത അധ്യാ‘പക’ർക്കായിരിക്കും. ഇത് കോളേജിലെ എല്ലാ അധ്യാപകരെയും അടച്ചാക്ഷേപിക്കാനല്ല. മറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി കോളേജിൽ നടക്കുന്ന സംഭവങ്ങളിൽ മനം മടുത്ത് എഴുതുന്നതാണ്.’’
‘‘ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഞാൻ കോളേജിലേക്ക് ഹാഫ്പാൻറ്സും ഹുഡീസുമിട്ടാണ് ചെന്നത്. ഒരു ക്വിയർ വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണത്. ബി.എഡി.ന് ജോയിൻ ചെയ്ത കാലം മുതൽ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി മുന്നേ തന്നെ എഴുതിയതാണ്. പല തരത്തിലും ആ പ്രശ്നങ്ങളെയെല്ലാം സർവൈവ് ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് അനാവശ്യമായ,ഒരു തരത്തിലും ഗുണപരമല്ലാത്ത ഈ വസ്ത്ര ചർച്ചയിലേക്കെന്നെ അധ്യാപകർ വലിച്ചിട്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഇതേ ചർച്ചയാണ് പല രീതിയിൽ ക്ലാസ് റൂമിലുൾപ്പടെ നടന്നുകൊണ്ടിരിക്കുന്നത്. ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ വലിയ പിളർപ്പുണ്ടാക്കാൻ പോലും ഈ ചർച്ചയ്ക്ക് സാധിച്ചു. കുറെ കാലങ്ങളായി, ക്ലാസിലെ പല വിദ്യാർത്ഥികളും വസ്ത്രത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട്. പക്ഷേ ഈ കുട്ടികളാരും മിണ്ടില്ല. എനിക്കെന്തായാലും മിണ്ടാതെയിരിക്കാൻ വയ്യ. കുറച്ച് ദിവസങ്ങളായി ഒരു വിചിത്രജീവി കണക്കാണ് ഇവിടെ എല്ലാവരും എന്നെ നോക്കിക്കാണുന്നത്. ഇതേ പോലെ മുന്നോട്ട് പോകാനെനിക്ക് വയ്യ.
പുറമെ ജെൻഡർ ന്യൂട്രൽ ചർച്ചയും മറ്റും നടക്കുമ്പോഴാണ് ഒരു വിദ്യാർത്ഥിയായ ഞാനീ പ്രശ്നങ്ങളിലൂടെയെല്ലാം കടന്നുപോകുന്നത്. ഇതൊന്നും പരിഹരിക്കപ്പെടുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. എനിക്ക് പലതും നഷ്ടമായേക്കും. ഏതേലും മനുഷ്യർ കൂടെ നിൽക്കുമോന്ന് പോലും അറിയില്ല. പക്ഷേ ഒരു കുറ്റവാളിയെ പോലെ ഇവരുടെ മുമ്പിൽ നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പ്രിവിലേജ്ഡായ ഒരു കൂട്ടം മനുഷ്യരാണ് ഇവരെല്ലാം. ഇവരോട് യുദ്ധം ചെയ്യാനൊന്നുമുള്ള സമയമോ, ഊർജ്ജമോ എനിക്കില്ല. ഞാൻ വളരെയേറെ എക്‌സ്ഹോസ്റ്റഡാണ്. ഇതേ പോലെ മുന്നോട്ട് പോകാൻ എനിക്ക് വയ്യ. അത്രയധികം മനസ്സ് മടുത്തുകഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊരു കുറിപ്പ് പബ്ലിക്കായി എഴുതിയിടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇനി വയ്യ. ഇന്ന് ക്ലാസ് മുറിയിൽ വെച്ച്, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് പരസ്യമായി മൈക്കിലൂടെ ഒരു വിദ്യാർത്ഥി എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയുണ്ടായി. ക്ലാസ് മുറിയിൽ നിന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു തരത്തിലും ഈ കുറിപ്പ് എഴുതാതിരിക്കാനാകുന്നില്ല.’’
ഈ വിഷയം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥിയാണ് ആദി. പുരോഗമനപരമായ നിരവധി കാര്യങ്ങൾ ക്ലാസുമുറികളിൽ നടക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, നമ്മുടെ ക്ലാസ് മുറികൾ എത്രത്തോളം ഇൻക്ലൂസീവ് ആണ് എന്ന ചോദ്യമാണ് ആദി ഉയർത്തുന്നത്.
കെ.വി. ദിവ്യശ്രീ: ‘ക്ലാസ് മുറി പുറന്തള്ളിയ കുട്ടിയാണ് ഞാൻ’ എന്ന് ആദി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയാൻ പ്രേരിപ്പിച്ച അനുഭവങ്ങൾ എന്താണ്?
ആദി:നമ്മുടെ ക്ലാസ് മുറികൾ ഒട്ടും ഇൻക്ലൂസീവല്ലെന്ന തിരിച്ചറിവിന്റെ ഭാഗമായാണിങ്ങനെ പറയേണ്ടിവരുന്നത്. വളരെ എളുപ്പത്തിൽ ചില പ്രത്യേക തരം മനുഷ്യരെ പുറന്തള്ളിയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം നിലനിൽക്കുന്നത്. അത് ദലിത്- ആദിവാസി- ബഹുജൻ മനുഷ്യരെയാകാം, ഡിസേബിൾഡ് മനുഷ്യരെയാകാം, മുസ്‌ലിംകളെയാകാം, അല്ലെങ്കിൽ സ്ത്രീകളെയോ ക്വിയർ മനുഷ്യരെയോ ആകാം. ഈ മനുഷ്യരെല്ലാം സിസ്റ്റത്തിനകത്ത് പലതരത്തിൽ പുറന്തള്ളൽ അനുഭവിക്കുന്നവരാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ക്രൂരമായി പുറന്തള്ളപ്പെട്ട മനുഷ്യരെ നമുക്കറിയാം. രോഹിത് വെമുലയും ഫാത്തിമ ലത്തീഫുമൊക്കെയായി ഉദാഹരണങ്ങളേറെയുണ്ട്. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ മുതിർന്ന ഒരു അധ്യാപകനുപോലും ലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ എന്റെ ചുറ്റിലും നടക്കുന്ന സംഭവങ്ങളുടെയും വ്യക്തിപരമായ അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് "ക്ലാസ് മുറി പുറന്തള്ളിയ ഒരു കുട്ടിയാണ് ഞാനെ'ന്ന് പറയുന്നത്. വളരെ അലീനേറ്റഡായ ഒരു സ്‌പേസായിട്ടാണ് എനിക്ക് ക്ലാസ് മുറി അനുഭവപ്പെടുന്നത്. പുറമേ ജെൻഡർ ന്യൂട്രൽ ചർച്ചകൾ നടക്കുമ്പോഴും വിദ്യാർഥികളുടെ കാലിലേക്കാണ് അധ്യാപകർ നോക്കിയിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, കഴിഞ്ഞ ദിവസങ്ങളിൽ ഗവ. ബി.എഡ്. കോളേജിൽ നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങളെ മനസ്സിലാക്കാമെന്ന് തോന്നുന്നു.
ബി.എഡ്. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ഏതുവസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിലാണ് ആദി ഇപ്പോൾ പ്രശ്‌നങ്ങൾ നേരിടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടായത്. ക്വിയർ വിദ്യാർഥിയാണ് എന്നത് മാത്രമാണോ കാരണം? ആ കോളേജിൽ മറ്റാർക്കെങ്കിലും ഇതുപോലെയുള്ള അനുഭവങ്ങളുണ്ടോ?
ഇത് അടിസ്ഥാനപരമായി വളരെ സിസ്റ്റമിക്കായ ഒരു പ്രശ്‌നമാണ്. എന്റെ കോളേജിൽ വസ്ത്രത്തിന്റെ പേരിൽ ആദ്യമായല്ല ഒരു വിദ്യാർഥിക്കുനേരെ അധിക്ഷേപങ്ങളുയരുന്നത്. ഇതിനുമുമ്പും പല വിദ്യാർഥികൾക്ക് നേരെയും ഒളിഞ്ഞും തെളിഞ്ഞും അധ്യാപകർ സദാചാര ക്ലാസുകളെടുത്തിട്ടുണ്ട്. ഇനിയുമത് തുടരുകയും ചെയ്തേക്കും. വിദ്യാർഥികളാരും പ്രതികരിക്കുന്നില്ലെന്നതുകൊണ്ട് മാത്രമാണ് ഈ പ്രശ്‌നങ്ങളൊന്നും ചർച്ചയാകാത്തത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാർത്തെടുക്കുന്നത് അനുസരണയുള്ള, ഒന്നും പ്രതികരിക്കാത്ത കുട്ടികളെയാണല്ലോ. ബി.എഡ്. കോളേജുകളിലാണെങ്കിൽ വസ്ത്രത്തെ സംബന്ധിച്ച ചില അധികാശങ്കകളും നിലനിൽക്കുന്നുണ്ട്. "അധ്യാപകൻ/അധ്യാപിക' എന്നത് വളരെയേറെ ഡീഹ്യുമനൈസ് ചെയ്യപ്പെട്ട ഒരു വിഭാഗമാണ്. അധ്യാപകർക്കുമേൽ സദാചാരത്തിന്റെയും സാന്മാർഗികതയുടെയും പല അധികബാധ്യതകളുമുണ്ട്. ഇത്തരം സ്റ്റീരിയോടൈപ്പുകളായ പഴഞ്ചൻ മനസ്സിലാക്കലുകളും ഗുണപരമല്ലാത്ത ഈ ചർച്ചകളെ നിയന്ത്രിക്കുന്നുണ്ട്.
വസ്ത്രത്തെ സംബന്ധിച്ച പ്രത്യേക വിലക്കുകളൊന്നും ഗവണ്മെൻറ് കോളേജുകളിൽ നിലവിലില്ലെങ്കിലും പല അധ്യാപകരും സദാചാര കണ്ണോടെയാണ് വിദ്യാർഥികളുടെ വസ്ത്രത്തിലേക്ക് നോക്കുന്നത്. പെൺകുട്ടികളെ ഷാളിടീപ്പിക്കാനും ആൺകുട്ടികളുടെ മുടി വെട്ടിപ്പിക്കാനുമാണ് അധ്യാപകർക്ക് തിടുക്കം. ഭൂരിപക്ഷം പെൺകുട്ടികൾ പഠിക്കുന്ന എന്റെ കോളേജിൽ തന്നെ പാഡ് വെൻഡിങ് സൗകര്യങ്ങളോ, റെസ്റ്റ് റൂം സൗകര്യങ്ങളോ ഒന്നും തന്നെയില്ല. കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ അവസ്ഥയും പരിതാപകരമാണ്. എന്നിട്ടും അവർക്ക് ഇതൊന്നും ചർച്ചയാക്കേണ്ടതില്ല. അവരുടെ പ്രശ്‌നം എന്റെ കാലുകളാണ്, വസ്ത്രധാരണമാണ്.
പിന്നെ, എന്റെ ഐഡന്റിറ്റിയും ഇവർക്ക് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. ആ കൗതുകത്തിന്റെ കൂടി ഭാഗമായാണ് എന്റെ സ്വകാര്യതയെ പോലും മാനിക്കാത്തവിധം എന്റെ ജീവിതത്തെ ഇവർ ക്ലാസ് മുറികളിലും സ്റ്റാഫ് മുറിയിലുമായി ചർച്ചയ്ക്ക് വെയ്ക്കുന്നത്. എന്റെ ക്ലാസിൽ പഠിക്കുന്ന, എന്റെ കൂടെ നടക്കുന്ന സുഹൃത്തുക്കളും ക്വിയറാണോ എന്ന നിഷ്‌കളങ്കമായ ആശങ്കയൊക്കെ ചിലർക്കുണ്ട്. ഞങ്ങളെ പോലെയുള്ള മനുഷ്യരൊന്നും ഇവിടെ ഇരിക്കേണ്ടവരല്ലെന്ന ഒരു ധാർഷ്ട്യമുണ്ടവർക്ക്. എന്റെ കമ്മലും കാലുമെല്ലാം അവരെ നിരന്തരം ചൊടിപ്പിക്കുന്നുമുണ്ട്. വസ്ത്രധാരണത്തെ സംബന്ധിച്ച വിഷയമാകുമ്പോഴും എന്റെ ഐഡന്റിറ്റിയും ഇവരെ പലതരത്തിൽ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നത് വ്യക്തമാണ്.
ജെൻഡർ ന്യൂട്രൽ ചർച്ചകൾ നടക്കുന്ന കാലമാണ്. പക്ഷെ വീടുകളിലും സ്ഥാപനങ്ങളിലുമൊന്നും ഇതൊന്നും ബാധകമല്ലെന്ന സ്ഥിതിയാണ്. ഒരു മനുഷ്യന്റെ സൗകര്യം എന്നതിനപ്പുറം വസ്ത്രം എങ്ങനെയാണ് കൾച്ചറിന്റെയും മാന്യതയുടെയും അടയാളമാകുന്നത്?
ഏത് വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. വളരെ ബേസിക്കായ ഒരു കാര്യമാണത്. ഞാനെന്ത് കഴിക്കണമെന്ന് എനിക്ക് തീരുമാനിക്കാമെന്ന പോലെ, എന്തുടുക്കണമെന്നതും എനിക്ക് തീരുമാനിക്കാനാകണം. വസ്ത്രത്തെപ്പറ്റിയുള്ള പലതരം ചർച്ചകൾ നമുക്കുചുറ്റും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ, കർണാടകയിൽ മുസ്‌ലിം പെൺകുട്ടികളുടെ വസ്ത്രത്തെ ചൊല്ലിയുണ്ടായ ചർച്ചകൾ നമുക്കറിയാവുന്നതാണല്ലോ. കേവലം നഗ്‌നതയെ ഒളിപ്പിക്കുക മാത്രമല്ല വസ്ത്രങ്ങളുടെ പണി. ഒരു രാഷ്ട്രീയവിഷയമായും വസ്ത്രത്തെ ചുറ്റിയുള്ള ചർച്ചകൾ മറിക്കഴിഞ്ഞിട്ടുണ്ട്. ശരീരത്തെ പ്രതിയുള്ള പേടിയും പുതിയ കാര്യമേയല്ല. ശരീരം അശ്ലീലമാണെന്ന ധാരണ പരക്കെയുണ്ട്. വസ്ത്രത്തെ മാന്യതയുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകളുണ്ടാകുന്നത് തന്നെ കൊളോണിയൽ ആധുനികതയുടെ സന്ദർഭത്തിലാണ്. അതാകട്ടെ, വിക്ടോറിയൻ സദാചാരത്തിന്റെ സ്വാധീനങ്ങളുള്ളടങ്ങിയതുമാണ്.
ഒരു മലയാളിയെ സംബന്ധിച്ച് ഏത് വസ്ത്രമാണ് മാന്യമായത്? സാരി, മുണ്ട് എന്നൊക്കെയാണ് ഉത്തരമെങ്കിൽ ഏതുകാലം മുതലാണ് നമ്മൾ മുണ്ടുടുത്തത്, സാരിയുടുത്തത് എന്ന ചോദ്യങ്ങളെയും നേരിടേണ്ടതായിവരും. ഇതെല്ലാം തന്നെ വളരെ വിശദമായ ഡിബേറ്റുകളിലേക്ക് നമ്മളെ കൊണ്ടെത്തിച്ചേക്കും.
ജെൻഡർ ന്യൂട്രൽ ചർച്ചയെപ്പറ്റി ചിലത് പറയാം; ഞാനെപ്പോഴും ഉപരിപ്ലവമായ ചർച്ചകളെ സംശയത്തോടെ നോക്കിക്കാണുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോം വളരെ പ്രോഗ്രസീവായ ഒരു കാര്യമായി കുറച്ചുകാലം നമ്മൾ ആഘോഷിക്കുകയുണ്ടായി. പൊതുവെ ജെൻഡർ വിഷയങ്ങളെയും ക്വിയർ വിഷയങ്ങളെയുമെല്ലാം പ്രോഗ്രസീവായ ഒരു നരേറ്റീവിനകത്താണ് നമ്മൾ പ്ലെയ്‌സ് ചെയ്യാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുരോഗമനപരതയെ സംബന്ധിച്ച ഒരു വിഷയമേയല്ല. അത്തരത്തിലുള്ള കള്ളിതിരിക്കലുകൾ നമ്മളുടെ ചർച്ചയെ ആത്യന്തികമായി ദുർബലപ്പെടുത്തുകയെയുള്ളൂ.
"പ്രോഗ്രസ്സീവായ' കുറച്ച് ആളുകളും "യാഥാസ്ഥിതികരായ' മറ്റൊരു കൂട്ടരും തമ്മിലുള്ള തർക്കമായി കെട്ടടങ്ങാനാണ് ഈ ചർച്ചകളുടെ വിധി. പിന്നീട് ഒരു തുടർച്ച ഈ ചർച്ചകൾക്കുണ്ടാകുമോ എന്നതാണ് ചോദ്യം. ഈ ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട കുട്ടികൾ എവിടെയാണ് ഇരിക്കുന്നത്, ഏതുതരം അധ്യാപകരാണ് ഈ കുട്ടികളെ പഠിപ്പിക്കുന്നത്, എന്താണ് പഠിപ്പിക്കുന്നത് എന്നതൊക്കെ അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോൾ നമ്മുക്ക് കുറേക്കൂടി ലാർജറായ പെർസ്‌പെക്ടീവുകളോടെ ഈ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയും. നമ്മുക്ക് നമ്മുടെ ചുറ്റിലേക്കും നമ്മുടെ കുടുംബങ്ങൾക്കകത്തേക്കും ഈ ചർച്ചകളെ കൊണ്ടുപോകാനായേക്കും. തീർച്ചയായും, വളരെ ഡീപ്പ് റൂട്ടഡായ പ്രശ്‌നങ്ങളെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ഹെറ്ററോപാട്രിയാർക്കിയെ എളുപ്പത്തിൽ തോൽപ്പിച്ചുകളയാനൊന്നും പറ്റില്ല. പെട്ടന്നൊരു മാറ്റം സംഭവിക്കുമെന്നും കരുതേണ്ടതില്ല. പക്ഷേ, നമ്മളുടെ ചർച്ചകളെല്ലാം പെട്ടന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ട് കുറച്ച് സമയത്തേക്ക് മാത്രം ലാസ്റ്റ് ചെയ്യുന്ന വിധമുള്ളതാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള ആലോചനകളും ഇടപെടലുകളുമാണ് ആവശ്യമായിട്ടുള്ളത്.
ക്വിയർ മനുഷ്യരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ സമീപകാലത്തായി ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമ്മുടെ ക്ലാസ് മുറികൾ ഇനിയും മാറിയിട്ടില്ലെന്ന് തന്നെയാണോ മനസ്സിലാക്കേണ്ടത്?
ക്ലാസ് മുറികൾ സമൂഹമാവശ്യപ്പെടുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴും ആൺകുട്ടികളെയും പെൺകുട്ടികളെയും വേറെ വേറെ ഇരുത്തി, ജെൻഡർ ഡിവൈഡിനെ ഉറപ്പിക്കുന്ന സ്ഥലങ്ങളായാണത് നിലനിൽക്കുന്നത്. ക്ലാസ് മുറികൾ മാറണമെങ്കിൽ അധ്യാപകരുടെ മനോഭാവത്തിൽ സാരമായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. സമൂഹത്തിൽ സ്ട്രക്ച്ചറലായ ഒരു മാറ്റം സംഭവിക്കാതെ ക്ലാസ് മുറികൾ ശൂന്യതയിലിരുന്ന് സ്വയമേവ പുതുക്കപ്പെടുമെന്ന് കരുതുന്നതിൽ വലിയ അർഥമൊന്നുമില്ല. ഇതൊന്നും എളുപ്പത്തിൽ നടക്കുന്ന കാര്യങ്ങളല്ല. പിന്നെ, സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഈയടുത്ത കാലങ്ങളിലായുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ, അത് പെട്ടെന്ന് സംഭവിക്കുന്നതൊന്നുമല്ല. രണ്ടായിരങ്ങളുടെ തുടക്കം മുതലുള്ള ചെറുതും വലുതുമായ സംഘടനാതലത്തിലുള്ള പ്രവർത്തനങ്ങളും സമരങ്ങളുമെല്ലാമാണ് ഈ മാറ്റങ്ങൾക്ക് പിന്നിലുള്ളത്. സ്വീറ്റ് മരിയ, ശാലു, ഗൗരി, അഞ്ജന, അനന്യ തുടങ്ങി അനേകം ക്വിയർ മനുഷ്യരുടെ രക്തസാക്ഷിത്വത്തിന് മീതെയാണ് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത്.
ഇനിയും കുറെ ദൂരം പോകേണ്ടതുണ്ട്. "ഇങ്ങനെയുള്ള ഒരു കൂട്ടം മനുഷ്യരുണ്ട്, അവർക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്' എന്നൊക്കെയല്ലാതെ ഈ വിഷയത്തെപ്പറ്റിയുള്ള കൃത്യമായ അവബോധം ജനങ്ങൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ നടക്കുന്ന ജെൻഡർ ന്യൂട്രൽ ചർച്ചകളെയും പ്രിവിലേജ്ഡായ ഒറ്റപ്പെട്ട ക്വിയർ വ്യക്തികളെയും കണ്ട് സമൂഹം പാടെ മാറിയെന്ന നിഗമനത്തിലെത്തുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോഴും വളരെ ബേസിക്കായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ക്വിയർ മനുഷ്യരുണ്ട്. സെക്സ് വർക്ക് ചെയ്യുന്ന, ഭിക്ഷയെടുക്കുന്ന കുറേക്കൂടി കീഴാളമായ ജീവിതം ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ വളരെ കഷ്ടമാണ്. അവരുടെ വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം അടിയന്തരമായ ശ്രദ്ധ ലഭിക്കേണ്ടതുണ്ട്.
കേരളത്തിലടക്കം വർഷങ്ങളായി ക്വിയർ പ്രൈഡ് മാർച്ചുകളൊക്കെ ആഘോഷപൂർവം നടക്കുന്നുണ്ട്. പക്ഷെ അപ്പോഴും യുവതലമുറയുടെ കേന്ദ്രമായ കോളേജുകൾ പോലും ഒട്ടും ഇൻക്ലൂസീവല്ല. എങ്ങനെയാണ് ക്വിയർ സൗഹൃദമായ ഇടങ്ങൾ സൃഷ്ടിക്കപ്പെടുക?
വളരെ എളുപ്പത്തിൽ ഒരുത്തരം പറയാൻ പറ്റുന്ന ചോദ്യമല്ലിത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, സ്ട്രക്ച്ചറലായ മാറ്റങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. സമൂഹം മാറാതെ ക്ലാസ് മുറികൾ മാത്രമായി മാറില്ല. അങ്ങനെ മാറിയാൽ തന്നെയും, "പുതിയ' ക്ലാസ് മുറിയിൽ നിന്നുമിറങ്ങി ഓരോ വിദ്യാർഥികളും ചെന്നുകേറുന്നത് വളരെ ഒപ്രസീവായ കുടുംബങ്ങൾക്കകത്തേക്കാണ്. നമ്മുടെ കുടുംബങ്ങൾ സിസ്-ഹെറ്ററോ പുരുഷന്റെ ലാഭത്തെ മുൻനിർത്തി പടച്ചെടുത്തവയാണ്. അതുകൊണ്ട് സമൂലമായ ഒരു മാറ്റമാണ് ആവശ്യം. അതെങ്ങനെ സാധ്യമാകുമെന്നത് നമ്മളോരോരുത്തരും ചോദിക്കേണ്ട ചോദ്യമാണ്. കുറെയേറെ സമരങ്ങളും ദീർഘകാലം നീണ്ടുനിൽക്കുന്ന ആലോചനകളുമെല്ലാം അതിനായി വേണ്ടി വന്നേക്കാം.
കഴിഞ്ഞവർഷം അവസാനത്തോടെ, ട്രാൻസ്‌ജെൻഡർ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിൽ വിദ്യാഭ്യാസാന്തരീക്ഷം പുനസൃഷ്ടിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് ആധ്യാപകർക്കായി ഒരു മാന്വൽ എൻ.സി.ഇ.ആർ.ടി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. Inclusion of Transgender Children in School Education: Concerns and Roadmaps എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഈ മാന്വലിനെതിരെ സാമൂഹമാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനങ്ങളുയർന്നിരുന്നു. തുടർന്ന്, എൻ.സി.ഇ.ആർ.ടി. ഈ മാന്വൽ സൈറ്റിൽ നിന്ന് പിൻവലിക്കുകയുമുണ്ടായി 2014-ലെ സുപ്രീംകോടതി നൽസ വിധിയെ തുടർന്ന് രൂപപ്പെട്ട പലതരത്തിലുള്ള ചർച്ചകളാണ് മാന്വലിന്റെ പിന്നിലുള്ളത്.
ജെൻഡർ ന്യൂട്രൽ യൂണിഫോം, ജെൻഡർ ന്യൂട്രൽ ടോയ്ലറ്റ്, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്ന രീതികൾ നിർത്തലാക്കൽ തുടങ്ങി പല വിഷയങ്ങളും മാന്വൽ വിശദമായി ചർച്ചയ്‌ക്കെടുത്തിരുന്നു. സെക്സ്, ജെൻഡർ, സെക്ഷ്വാലിറ്റി എന്ന വിഷയത്തിൽ കൃത്യമായ അവബോധം ക്ലാസ് മുറികളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള പല തരത്തിലുള്ള വർക്ക്‌ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിക്കാവുന്നതുമാണ്. പാഠ്യപദ്ധതിയിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തുകയെന്നതും അനിവാര്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ സാധ്യമാകേണ്ട വിദ്യാഭ്യാസ മേഖലയിലുള്ള പരിഷ്‌കരണ ശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുന്ന നയങ്ങളും പഠനങ്ങളും നമ്മുക്ക് മാതൃകയാക്കാവുന്നതാണ്. നിലവിൽ പല കോളേജുകളിലും ലൈംഗികതയെയും ലിംഗത്വത്തെയും മുൻനിർത്തിയുള്ള ചർച്ചകളുണ്ടാകുന്നുണ്ട്. മിക്ക കോളേജുകളും പ്രൈഡ് മാർച്ചുകൾ വരെ സംഘടിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം പ്രത്യാശ നൽകുന്ന കാര്യങ്ങളാണ്.
പാഠപുസ്തകങ്ങൾ എങ്ങനെയാണ് ജെൻഡർ സെൻസിറ്റീവാക്കാൻ സാധിക്കുക? സർക്കാർ വളരെയധികം ഇടപെടലുകൾ ഇപ്പോൾ നടത്തുന്നുണ്ട്. അതെല്ലാം എത്രത്തോളം ഫലപ്രദമാണ്? ജെൻഡർ പൊളിറ്റിക്‌സ് മനസ്സിലാക്കാനും ക്വിയർ ഫോബിക്ക് ആകാതെ പെരുമാറാനും ഇവിടെ അധ്യാപകസമൂഹത്തിന് സാധിക്കുമോ?
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഈയിടെയുണ്ടായിട്ടുള്ള പലതരത്തിലുള്ള ഇടപെടലുകളും പ്രതീക്ഷ നൽകുന്നതാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോം ചർച്ചകളും പാഠപുസ്തകങ്ങൾ ജെൻഡർ ഓഡിറ്റിങിന് വിധേയമാക്കാനുള്ള ശ്രമങ്ങളും ട്രാൻസ്‌ജെൻഡർ അധ്യാപികയായ അനീറ ഫാത്തിമയുടെ വിഷയത്തിലുണ്ടായ ഇടപെടലുകളും അനന്യയുടെ സ്ഥാപനവത്കൃതമായ കൊലപാതകത്തിന് ശേഷമുണ്ടായ ചർച്ചകളുമെല്ലാം സ്റ്റേറ്റിന്റെ പരിഗണനയിൽ ക്വിയർ മനുഷ്യരുമുണ്ടെന്ന ഒരു തോന്നലെങ്കിലുമുണ്ടാക്കുന്നുണ്ട്. ഇതെല്ലാം തീർത്തും പുതിയ കാര്യമാണ്. എത്രത്തോളം ഫലപ്രദമാണ് ഈ ചർച്ചകളെന്നത് തീർച്ചയായും ഡിബേറ്റബിളായ കാര്യമാണ്.
അതുപോലെ, ഭിന്നവഗ ലൈംഗികവത്കരിക്കപ്പെട്ട ഒരു കുടുംബ ബന്ധത്തെ മുൻകൂറായി ഉറപ്പിച്ചെടുക്കുന്ന പണിയിൽ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളും പരാമർശങ്ങളും സജീവമായി സംഭാവന ചെയ്യുന്നുണ്ട്. ‘അച്ഛൻ-അമ്മ-കുഞ്ഞ്' എന്ന ശ്രേണിയും ഗ്ലോറിഫിക്കേഷനും സ്റ്റീരിയോടൈപ്പുമെല്ലാം പ്രധാന ചേരുവയാണ്. ജെൻഡർ ഓഡിറ്റിങിന് പാഠപുസ്തകങ്ങളെ വിധേയമാക്കുമ്പോഴും ക്വിയർ മനുഷ്യരെ ഉൾക്കൊള്ളുന്ന തരത്തിൽ പാഠപുസ്തകങ്ങളെ ആസൂത്രണം ചെയ്യാനാകുമോ എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഒരു അധ്യാപകവിദ്യാർഥിയെന്ന നിലയിൽ ഞാൻ പഠിക്കുന്ന സിലബസിലുൾപ്പടെ ഈ വിഷയത്തെക്കുറിച്ചുള്ള വലിയ ശൂന്യതയുണ്ട്. ക്ലാസ് മുറിയിൽ ഒരു ക്വിയർ വിദ്യാർഥിയെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന അറിവ് പോലും അധ്യാപകർക്കില്ല.
ബി.എഡ്. കോഴ്സിനെപ്പറ്റി പറയുകയാണെങ്കിൽ, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ ടീച്ചർ എഡ്യൂക്കേഷൻ (2009) പ്രകാരം പാഠ്യപദ്ധതിയിൽ "ജെൻഡർ' ഒരു പ്രത്യേക വിഷയമായി ഉൾപ്പെടുത്തണമെന്നുള്ള നിർദേശമുണ്ട്. കാലറ്റിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.എഡ്. സിലബസിൽ നാലാമത്തെ സെമസ്റ്ററിൽ "ജൻഡർ, സ്‌കൂൾ ആൻഡ് സൊസൈറ്റി' എന്ന ഒരു പേപ്പർ പഠിക്കാനുണ്ടെങ്കിലും, "പുരുഷൻ', "സ്ത്രീ' എന്നീ കാറ്റഗറികൾക്ക് പുറത്തേക്ക് സിലബസിന്റെ ഉള്ളടക്കം നീങ്ങുന്നേയില്ല. ബാക്കി യൂണിവേഴ്‌സിറ്റികളിലും ഇതേ അവസ്ഥ തന്നെയാണ്. ജെൻഡർ, സെക്സ്, സെക്ഷ്വാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ ബി.എഡ്. കോളേജുകളിൽ നടക്കുന്ന ക്ലാസുകളാകട്ടെ ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളെ രോഗികളായാണ് അവതരിപ്പിക്കുന്നത്. ബി.എഡ്. ഒന്നാം സെമസ്റ്ററിൽ സൈക്കോളജി പേപ്പറിൽ കൗമാര പ്രായത്തിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ഭാഗമുണ്ട്. അവിടെ, ആണും പെണ്ണുമല്ലാത്ത എല്ലാ അവസ്ഥകളും രോഗമാണ്. ജെൻഡറൊക്കെ പടിയ്ക്ക് പുറത്താണ്. ഹെറ്ററോസെക്ഷ്വാലിറ്റിയ്ക്ക് പുറമേയുള്ള ലൈംഗികാഭിമുഖ്യമെല്ലാം തിരുത്തപ്പെടേണ്ടതാണ്. മെഡിക്കൽ വിദ്യാർഥികളുടെ സ്ഥിതിയും സമാനമാണ്. മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിലെ ക്വിയർ വിരുദ്ധതയും മുന്നേ ചർച്ചയായിരുന്നു. അതുകൊണ്ട്, ഈ മേഖലകളിലെല്ലാം കൃത്യമായ ഇടപെടലുകൾ ആവശ്യമാണ്.
ട്രാൻസ്‌ജെൻഡറുകൾക്ക് വേണ്ടി ആവിഷ്‌കരിക്കപ്പെടുന്ന പദ്ധതികൾ എത്രത്തോളം ഫലപ്രദമാകുന്നുണ്ട്? അതോടൊപ്പം LGBTQIA+ ലെ മറ്റു വിഭാഗങ്ങൾ ഇത്തരം പദ്ധതികളിൽ പരിഗണിക്കപ്പെടാതെ പോകുന്നുണ്ടോ?
ട്രാൻസ്‌ജെൻഡർ മനുഷ്യരുടെയും ലൈംഗികതൊഴിലാളികളുടെയും സമരങ്ങളാണ് ക്വിയർ മുന്നേറ്റത്തെ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്. ഈ മനുഷ്യർ പൊലീസിന്റെയും ആൾക്കൂട്ടത്തിന്റെയും ക്രൂരമായ അതിക്രമങ്ങളേറ്റാണ് ഇന്നീ കാണുന്ന മട്ടിൽ സമൂഹം "പുതുക്ക'പ്പെട്ടിട്ടുള്ളത്. ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പോളിസിയും മറ്റ് പദ്ധതികളുമെല്ലാം തന്നെ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ക്വിയർ കമ്യൂണിറ്റിയെ വളരെ ഹോമോജീനസായി മനസ്സിലാക്കുന്ന സ്ഥിതി പൊതുവേയുണ്ട്. ഇത് ശരിയല്ല. കമ്യൂണിറ്റിയിലെ ഓരോ മനുഷ്യരുടെയും പ്രശ്‌നങ്ങൾ സവിശേഷമാണ്. ഇന്റർസെക്സ് മനുഷ്യരൊക്കെ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കുറേക്കൂടി സങ്കീർണമാണ്. ഒരേ സമയം ശാരീരികവും സാമൂഹികവും മാനസികവുമായ പ്രശങ്ങളെയാണ് അവർക്ക് നേരിടേണ്ടിവരുന്നത്.
ട്രാൻസ് മനുഷ്യർക്ക് മാത്രം മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്ന പരാതി പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ, ട്രാൻസ്മനുഷ്യർ ജീവൻ പണയംവെച്ച് റോഡിലിറങ്ങി നേടിയെടുത്തതാണ് അവരുടെ അവകാശങ്ങളെല്ലാം. അതൊന്നും ആരുടെയും ഔദാര്യമല്ല. സ്വവർഗാനുരാഗികളെ പൊതുവേ അദൃശ്യ ന്യൂനപക്ഷമെന്ന് വിളിക്കാറുണ്ട്. ഭിന്നവർഗ ലൈംഗിക കുടുംബം നൽകുന്ന പ്രിവിലെജുകളെയൊന്നും ഉപേക്ഷിക്കാതെ, നിശബ്ദരായിരിക്കുന്നതുകാണ്ടാണ് LGB വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ സവിശേഷമായ ചർച്ചയാകാത്തതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദൃശ്യതയും സ്വീകാര്യതയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. സ്വവർഗലൈംഗികതയെ ചുറ്റിയുള്ള ചർച്ച പൊതുവേ 'വിവാഹാവകാശ'ത്തിന് വേണ്ടിയുള്ള ചർച്ചയായി മാത്രം പരിമിതപ്പെട്ടുകിടക്കുകയാണ്. അതാകട്ടെ, വളരെ പ്രിവിലേജ്ഡായ ഒരു കൂട്ടം സിസ്-ഹെറ്ററോ മനുഷ്യർക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സിസ്റ്റമിക്കായ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുന്ന തരത്തിൽ കമ്യൂണിറ്റിയുടെ പരിപാടികളെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. LGBA+ വിഭാഗത്തിൽപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന വിവേചനങ്ങളും തീർച്ചയായും ചർച്ചയാകേണ്ടതുണ്ട്.
സമൂഹം പുരോഗമിച്ചു എന്ന് പറയുമ്പോൾ ഇപ്പോഴും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിൽ ലഭിക്കാനും മാന്യമായി ജീവിക്കാനും പ്രയാസം തന്നെയല്ലേ? ട്രാൻസ് വ്യക്തികളുടെ ആത്മഹത്യകൾ നിരന്തരം സംഭവിക്കുന്നതിൽ സമൂഹത്തിനും പങ്കില്ലേ?
തീർച്ചയായും, ഈ കൊലപാതകങ്ങളിലും ആത്മഹത്യകളിലും സമൂഹത്തിന്റെ പങ്കേറെയാണ്. അനന്യയുടെ ആത്മഹത്യയുൾപ്പടെ കൃത്യമായും സ്ഥാപനവത്കൃതമായ കൊലപാതകങ്ങൾ തന്നെയാണ്. ട്രാൻസ്‌ഫോബിയ അത്രയ്ക്കുണ്ട് സമൂഹത്തിൽ. അടിസ്ഥാനപരമായി, നിലനിൽക്കുന്ന ആൺ-പെൺ ജെൻഡർ ബൈനറിയെ തർക്കാൻപോന്ന നിലനിൽപ്പാണല്ലോ ട്രാൻസ് മനുഷ്യരുടേത്. ആണത്തവും പെണ്ണത്തവും പെർഫോമാറ്റീവാണെന്നാണ് ഈ മനുഷ്യരെല്ലാം തെളിയിക്കുന്നത്. ഈ വിധമുള്ളൊരു നിൽപ്പ് ഹെറ്ററോ പാട്രിയാർക്കിയെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. അതുകൊണ്ട്, ഏത് വിധേനയും ഈ മനുഷ്യരെ തല്ലി നേരെയാക്കാൻ സമൂഹം മുതിരും. ചാന്തുപൊട്ട് സിനിമയിലൊക്കെയുള്ളതുപോലെ ഈ മനുഷ്യരെയങ്ങ് "തല്ലി നേരെയാക്കിക്കളയാം' എന്ന് കരുതും അവർ. സമൂഹം അത്രയും ഫോബിക്കാണ്. ഒട്ടും ദയയില്ലാതെ ട്രാൻസ് മനുഷ്യരെ കൊന്നുകളയാൻ അവർക്ക് സാധിക്കുന്നത് അതുകൊണ്ടാണ്. ലോകത്ത് ഒട്ടാകെ ഏറ്റവും കൂടുതൽ ബ്രൂട്ടലായി കൊലചെയ്യപ്പെടുന്ന മനുഷ്യരാണ് ട്രാൻസ് വ്യക്തികൾ. നിരന്തരം പബ്ലിക്കിന്റെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും ആക്രമണം നേരിടുന്നവരുണ്ട്. കേരളത്തിലാണെങ്കിൽ സ്വീറ്റ് മരിയ എന്ന ട്രാൻസ് സ്ത്രീ കൊല്ലപ്പെടുന്നു. അവരുടെ കഴുത്തും വയറുമൊക്കെ കീറി അത്രയും ബ്രൂട്ടലായാണ് അവരുടെ ശരീരം കണ്ടുകിട്ടുന്നത്. 2010-ലാണെന്ന് തോന്നുന്നു അത്. അതുപോലെ ശാലുവാണെങ്കിലും ഗൗരിയാണെങ്കിലും മൃഗീയമായിട്ടാണ് കൊല്ലപ്പെടുന്നത്. സൊസൈറ്റി എത്ര പാനിക്കാണെന്ന് മനസ്സിലാവും ഈ കൊലപാതകങ്ങൾ കാണുമ്പോൾ.
അതുപോലെ, ഈ ആത്മഹത്യകളെയും കൊലപാതകങ്ങളെയും ട്രാൻസ്ഭീതിയുടെ സ്വാഭാവികഫലമായി മാത്രം ചുരുക്കി പരിഗണിക്കുന്നത് ശരിയല്ല. ഈ മരണങ്ങളിലെല്ലാം വർഗപരമായ ഉള്ളടക്കങ്ങളുമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത്, ജാതിയെ ഒഴിച്ചുനിർത്തി നമ്മുക്ക് ഒന്നിനെക്കുറിച്ചും സംസാരിക്കാനാകില്ല. ജാതിയും ഈ മരണങ്ങളിൽ കൃത്യമായി സ്വാധീനം ചെലുത്തുന്നുണ്ട്. ഏതുതരം മനുഷ്യരാണ് പൊലീസിന്റെയും ആൾക്കൂട്ടത്തിന്റെയും ക്രൂരമായ പീഡനങ്ങളേറ്റ് മരിക്കുന്നതെന്ന് പരിശോധിച്ചാൽ, മിക്കതും സെക്സ് വർക്ക് ചെയ്ത് ജീവിക്കേണ്ടിവരുന്ന-വർഗനിലയിൽ താഴെയുള്ള-കീഴാളരായ ട്രാൻസ് മനുഷ്യരാണെന്ന് കണാനാകും. ഇന്ത്യയിൽ ഉടനീളം ദലിത് ട്രാൻസ് വ്യക്തികൾക്ക് നേരെയുള്ള കൊടിയ പീഡനങ്ങളുണ്ടാകുന്നുണ്ട്. പൊതുവെ, ക്വിയർ വിഷയത്തെ ഒരടഞ്ഞ കാറ്റഗറിയായാണ് വിശദീകരിക്കാറുള്ളത്. അത്തരം ന്യൂനീകരണങ്ങൾ നമ്മുടെ സമരങ്ങളെ ഒരുതരത്തിലും മുന്നോട്ട് നയിക്കില്ല. ജാതിയും വർഗനിലയും ലൈംഗികതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന തിരിച്ചറിവുണ്ടാകേണ്ടത് പ്രധാനമാണ്. ക്വിയർ മുന്നേറ്റങ്ങൾക്കുള്ളിൽ വർഗവും ജാതിയുമെല്ലാം ചർച്ചയാകേണ്ടതുമുണ്ട്.
അനന്യയുടെ മരണത്തെ തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായി. ആത്മഹത്യകൾ ഉണ്ടാകുമ്പോൾ മാത്രമെ ചർച്ചകൾ നടക്കുന്നുള്ളൂ എന്നാണോ? ചർച്ചകൾ നടക്കുന്നതല്ലാതെ ഫലപ്രദമായ കാര്യങ്ങളിലേക്ക് പോകുന്നില്ലെന്നാണോ?
ക്വിയർ കമ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചയാകേണ്ടതുണ്ട്. നിർഭാഗ്യവശാൽ, ചർച്ചകളുണ്ടാകണമെങ്കിൽ ക്വയർ മനുഷ്യർ സ്വയം ബലികൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അഞ്ജനയുടെ ആത്മഹത്യയെ തുടർന്നാണ് കൺവേർഷൻ തെറാപ്പിയുടെ ഫലമായുണ്ടാകുന്ന വലിയതോതിലുള്ള പ്രശ്‌നങ്ങൾ ചർച്ചയാകുന്നത്. അനന്യയുടെ മരണശേഷം മെഡിക്കൽ രംഗത്ത് ക്വിയർ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചയാകുകയുണ്ടായി. LGBTQIA+ കമ്യൂണിയിലെ ഓരോ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ ചർച്ചയാകാൻ, പുതിയ മാറ്റങ്ങളുണ്ടാകാൻ ഇനിയും കുറെയധികം ക്വിയർ മനുഷ്യർ മരിക്കേണ്ടിവരുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. അവസാനം, സ്വാഭാവികമായ നീതി ലഭിക്കാൻ ഏതെങ്കിലും ക്വിയർ വ്യക്തി ബാക്കിയുണ്ടാകുമോ എന്ന കാര്യത്തിൽ മാത്രം സംശയമുണ്ട്. അതേപോലെ, ഈ ചർച്ചകൾക്കെല്ലാം ഏതെങ്കിലും വിധത്തിൽ തുടർച്ചയുണ്ടാക്കാൻ നമ്മുക്കായിട്ടുണ്ടോ എന്ന ചോദ്യവും ബാക്കിയാണ്...
LGBTQIA+ കമ്യൂണിറ്റിയിലെ ഓരോ വിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. അവരെയെല്ലാം ഉൾക്കൊള്ളുന്നതാകാൻ സമൂഹം എങ്ങനെയാണ് മാറേണ്ടത്? ആരാണ് അതിന് മുൻകൈയെടുക്കുക?
എപ്പോഴും പറയുന്നതുപോലെ, സിസ്റ്റമിക്കായ ഒരു മാറ്റത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ക്വിയർ വിമോചനത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. വിമോചനത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ലെന്ന് പൊതുവെ പറയാറുണ്ട്. കോടതിമുറിയിലെ വാദ-പ്രതിവാദങ്ങളിലൂടെയൊന്നും ക്വിയർ വിമോചനത്തിലേക്കെത്താൻ സാധിക്കുകയില്ല. പുതിയ തരത്തിലുള്ള രാഷ്ട്രീയമായ ആലോചനകളും സംഘാടനങ്ങളും അതിന് ആവശ്യമാണ്. സമൂഹം മാറുമെന്ന് തന്നെ പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം. അതിനിനിയും ഒരുപാട് ഇടപെടലുകളും സമരങ്ങളും രാഷ്ട്രീയമായ സംഘാടനങ്ങളും ആവശ്യമാണ്. സിസ്റ്റം പല വിധത്തിൽ പുറന്തള്ളിയ മനുഷ്യരെല്ലാം ഈ സമരത്തിൽ ഒരുമിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്. പാട്രിയാർക്കിയും ഹെറ്ററോനോർമാറ്റിവിറ്റിയും ജാതീയതയും വർഗപരമായ വിവേചനങ്ങളുമെല്ലാം പരസ്പരബന്ധിതമായതാണ്. എല്ലാ ചൂഷണവ്യവസ്ഥകളും പരസ്പരബന്ധിതമാണ്. ഈയൊരു തിരിച്ചറിവുണ്ടാകേണ്ടത് പ്രധാനമാണ്. ഇനിയുള്ള കാലത്ത്, ഒറ്റതിരിഞ്ഞ സമരങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുക, അവർക്ക് അവസരങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളൊക്കെ പുരോഗമനപരമായി കരുതുന്നതാണ് എന്നതുകൊണ്ടുമാത്രം ട്രാൻസ് വ്യക്തികളെ പിന്തുണയ്ക്കുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും കാണാനാകും. ഉദാഹരണത്തിന് ട്രാൻസ് വ്യക്തികൾക്ക് തൊഴിലവസരം നൽകുക, ചില പദവികൾ നൽകുക തുടങ്ങിയ കാര്യങ്ങൾ. ഇതിനെ എങ്ങനെയാണ് കാണുന്നത്?
"ടോക്കണിസം' എല്ലാ മേഖലകളിലും നിലനിൽക്കുന്നുണ്ട്. വലിയ കോർപ്പറെറ്റുകളെല്ലാം ടോക്കണിസത്തിൽ മുൻപന്തിയിലുണ്ട്. ഭീമ ജ്വല്ലറിയുടെ വളരെയേറെ ആഘോഷിക്കപ്പെട്ട ഒരു പരസ്യമുണ്ടല്ലോ. ഭാരത് സിക്ക സംവിധാനം ചെയ്ത് "ആനിമൽ' എന്ന ഏജൻസി തയ്യാറാക്കിയ ഭീമ ജ്വല്ലറിയുടെ പരസ്യചിത്രം അത് പുറത്തിറങ്ങിയ സമയത്ത് വലിയ ചർച്ചകളാണ് സൃഷ്ടിച്ചത്. ഒരു ട്രാൻസ് സ്ത്രീയുടെ ജീവിതമാണ് പരസ്യത്തിന്റെ വിഷയം. ലിംഗപദവിയെയും ലൈംഗികതയെയും സംബന്ധിച്ച യാഥാസ്ഥിതികമായ ധാരണകളെ ഭീമയുടെ പരസ്യം ചോദ്യംചെയ്യുന്നുണ്ട്. അതേസമയം വിപണനമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്നിരിക്കെ ഭീമയുടെ പരസ്യത്തിന്റെ "പുരോഗമനപരത' വളരെ നിഷ്‌കളങ്കമായതാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
വിമതലൈംഗിക രാഷ്ട്രീയം (Queer politics) അടിസ്ഥാനപരമായി നിലനിൽക്കുന്ന ആണധികാര കുടുംബക്രമത്തിന്റെയും ഭിന്നവർഗ ലൈംഗികാധികാരത്തിന്റെയും നേരെയാണ് വിമർശനമുയർത്തുന്നത്. ഭീമയുടെ പരസ്യം നിലനിൽക്കുന്ന ആണധികാര കുടുംബഘടനയെ വിമർശിക്കാനൊന്നും മുതിരുന്നില്ല. ഭിന്നവർഗലൈംഗിക കുടുംബക്രമത്തിന്റെ ആദർശവത്കരണമാണ് പരസ്യത്തിലുള്ളത്. വിമർശനാതീതവും പ്രശ്‌നരഹിതവുമായ ഒരു സ്ഥലമായി കുടുംബത്തെ ഉറപ്പിച്ചെടുക്കുന്നുണ്ട് പരസ്യം. 'സ്‌നേഹം പോലെ പരിശുദ്ധം' എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ പരസ്യം പ്രദർശിക്കപ്പെടുന്നത്. സ്ത്രീയായി മാറുന്നതോടെ വിവാഹമെന്ന സാമൂഹികരൂപത്തിന്റെ അകത്തേയ്ക്ക് ട്രാൻസ് വ്യക്തിയെ സ്ഥാനപ്പെടുത്തുകയാണ് പരസ്യം. സർവാഭരണങ്ങളും അണിഞ്ഞ ഒരു ട്രാൻസ് സ്ത്രീയെയാണ് പരസ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിവാഹമാണ് ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന മട്ടിലാണ് പരസ്യം നിലനിൽക്കുന്നത്. "പെണ്ണായാൽ പൊന്ന് വേണം' എന്ന പഴയ സമവാക്യത്തിന്റെ പുതിയ കാലത്തെ ആവിഷ്‌കാരമായി മാത്രം ഈ പരസ്യത്തെ മനസ്സിലാക്കിയാൽ മതി. ടോക്കണിസത്തിന്റെ മികച്ച ഉദാഹരണമായി തന്നെ ഈ പരസ്യത്തെയെടുക്കാം.
ഇതേ മട്ടിൽ ടോക്കണിസത്തിന്റെ പല പതിപ്പുകളും നമ്മുക്ക് ചുറ്റുമുണ്ട്. പ്രൈഡ് മാസമാകുമ്പോഴേക്കും വലിയ കോർപ്പറേറ്റ് കമ്പനികളെല്ലാം മഴവില്ലും പൂശിയിറങ്ങും. ഇതൊന്നും ഒട്ടും നിഷ്‌കളങ്കമായ പ്രകടനങ്ങളല്ല. എന്തിനെയും ചരക്കാക്കി മാറ്റുന്ന യുക്തിയാണ് കാപ്പിറ്റലിസത്തിനുള്ളത്. സ്റ്റോൺവാൾ വിമോചന സമരത്തിനുശേഷം, ഈ തരത്തിലുള്ള കാപ്പിറ്റൽ ശക്തികളെ നിരന്തരം വിമർശിച്ചുതന്നെയാണ് ക്വിയർ രാഷ്ട്രീയം മുന്നോട്ടുനീങ്ങിയത്. പിന്നീടെപ്പോഴോ, ഇതേ മുതലാളിത്തവും വലതുപക്ഷവും ക്വിയർ മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യുകയുമുണ്ടായി. കൃത്യമായ രാഷ്ട്രീയ ജാഗ്രത ഇപ്പോഴും ടോക്കണിസത്തിന്റെ കാര്യത്തിൽ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. ഈ കുത്തകകളുടെ മഴവിൽ പൂശലുകളെയും പരസ്യങ്ങളെയുമെല്ലാം വലിയ പുരോഗമനമെന്ന മട്ടിൽ ആഘോഷിക്കുന്നത് നമ്മുടെ ചരിത്രത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നാണ് ഞാൻ കരുതുന്നത്. മുതലാളിത്തവും വലതുപക്ഷവുമെല്ലാം ക്വിയർ മനുഷ്യരെ രക്ഷിക്കുമെന്നത് കരുതുന്നത് വെറും തെറ്റിദ്ധാരണയാണ്. അതുകൊണ്ട്, മുതലാളിത്തത്തിനെതിരെ നിലപാടെടുക്കേണ്ട ഉത്തരവാദിത്വവും നമ്മുക്കുണ്ട്.
പിന്നെ, കൊച്ചി മെട്രോയിൽ ട്രാൻസ് വ്യക്തികൾക്ക് ജോലി നൽകിയത് വലിയ "പുരോഗമന' സംഭവമായി ആഘോഷിക്കപ്പെട്ടിരുന്നല്ലോ. പക്ഷെ, എത്ര ട്രാൻസ് മനുഷ്യർ ഇപ്പോഴും അവിടെ തുടരുന്നു എന്ന ചോദ്യത്തെ നേരിടേണ്ടതുണ്ട്. എന്തുകൊണ്ടാണ്, വളരെ ആഘോഷിക്കപ്പെട്ട ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാഞ്ഞത്, അതിന്റെ കാരണങ്ങളെന്താണ് തുടങ്ങി പല ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ക്വിയർ വ്യക്തി എന്ന നിലയിൽ സമൂഹത്തിനുമുന്നിൽ നിരന്തരം വിശദീകരണം നൽകേണ്ട ഒരു സ്ഥിതി ഇപ്പോഴുമുണ്ടോ? സോ കോൾഡ് "നോർമൽ' ആളുകൾ എങ്ങനെയാണ് ക്വിയർ വ്യക്തികളെ കാണുമ്പോൾ പ്രതികരിക്കുന്നത്?
ക്വിയർ മനുഷ്യർ ഈ "നോർമൽ' എന്ന ധാരണയെ തന്നെയാണ് പരിക്കേൽപ്പിക്കുന്നത്. സിസ്-ഹെറ്ററോ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ വിഷയങ്ങളിൽ വലിയ കൗതുകമാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ദൂരെയുള്ള, അവരുടെ വീടുകൾക്ക് പുറമേയുള്ള, അവരുടെ സൗഹൃദവലയങ്ങൾക്ക് പുറമേയുള്ള ഒരു കാര്യമാണിത്. ഇതൊരു തെറ്റിദ്ധാരണയാണ്. നിങ്ങളുടെ വീടുകളിലും, അയൽപക്കങ്ങളിലും, സൗഹൃദവലയങ്ങളിലുമുള്ള മനുഷ്യരാണ് ഞങ്ങളെല്ലാം. ഈ തിരിച്ചറിവുണ്ടാകുമ്പോൾ, സിസ്-ഹെറ്ററോ മനുഷ്യരുടെ കൗതുകവും മാറിക്കൊള്ളും. സാഹിത്യവും സിനിമയും ഉൾപ്പെടെയുള്ള വ്യവഹാരങ്ങൾ ക്വിയർ മനുഷ്യരെക്കുറിച്ച് തെറ്റായ പ്രതിനിധാനങ്ങളെയാണ് ഇത്രയും കാലമായി രൂപ്പെടുത്തിയിട്ടുള്ളത്. ഈ പ്രതിനിധാനങ്ങളെ മുൻനിർത്തിയാണ് ക്വിയർ മനുഷ്യരെക്കുറിച്ചുള്ള ധാരണകളെ ആളുകൾ ഉണ്ടാക്കിയെടുക്കുന്നത്. ഇത് അങ്ങേയറ്റം മുൻവിധികൾ നിറഞ്ഞതും ഫോബിക്കുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇപ്പോഴും സിസ്-ഹെറ്ററോ സമൂഹത്തിന്റെ സ്വീകാര്യത നേടിയെടുക്കാനായി തെളിവുകൾ ഹാജരാക്കേണ്ടിവരുന്ന ഗതികേട് ക്വിയർ മനുഷ്യർക്കുണ്ട്. എന്റെ ഹോമോസെക്ഷ്വാലിറ്റിക്ക്, എന്റെ ജെൻഡർ ഐഡന്റിറ്റിക്ക് ഒക്കെ ഞാൻ ശാസ്ത്രീയമായ പഠനങ്ങളും തെളിവുകളും നൽകണം. ഇതിന്റെ ആവശ്യമെന്താണ്? ഇങ്ങനെയുള്ള എസെൻഷ്യലിസ്റ്റിക്കായ ചർച്ചകൾ കൊണ്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തെളിവ് ഹാജരാക്കിയാലേ ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്കിവിടെ ജീവിക്കാനാവൂ, എങ്കിലേ പബ്ലിക് എന്നെ അടിക്കാതിരിക്കൂ, കൊല്ലാതിരിക്കൂ എന്ന് പറയുന്നതിൽ തന്നെ അനീതിയുണ്ട്. സോഷ്യൽ ജസ്റ്റിസെന്നത് ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കിയാൽ മാത്രം കിട്ടേണ്ട ഒന്നല്ല.
മറ്റൊരു കൂട്ടം ആളുകളാകട്ടെ, ഞങ്ങൾ ക്വിയർ മനുഷ്യരുടെ കദനകഥ കേൾക്കാൻ താത്പര്യമുള്ളവരാണ്. എന്നിട്ട്, നമ്മളോട് സിമ്പതൈസ് ചെയ്യാനൊരുങ്ങും. ഈ സിമ്പതിയൊന്നും ക്വിയർ മനുഷ്യരെ രക്ഷിക്കില്ല. ഈ കദനകഥ കേട്ട് ആളുകൾ ഒരു ആക്സെപ്റ്റൻസ് തരുന്നുണ്ടെങ്കിൽ അതുകൊണ്ട് ഒരു നേട്ടവും കിട്ടാനില്ല. അങ്ങനെ താത്കാലികമായി കിട്ടുന്ന ഒരു സിമ്പതിയുടെ പുറത്ത് ക്വിയർ മനുഷ്യർക്കൊരു ഗുണവുമുണ്ടാവുന്നില്ല. എന്റെ കഥ കേട്ട് കുറച്ച് ആളുകൾക്ക് വ്യക്തിപരമായി എന്നോടൊരു ഇഷ്ടം തോന്നിയെന്നതുകൊണ്ട് എന്ത് കാര്യമാണുള്ളത്? സെക്‌സ് വർക്ക് ചെയ്യുന്ന, ഭിക്ഷയെടുക്കുന്ന ട്രാൻസ് മനുഷ്യരോട് അവർക്കപ്പോഴും ദേഷ്യമോ അറപ്പോ തന്നെ ആയിരിക്കും. അതുകൊണ്ട്, എനിക്ക് ആ സിമ്പതി വേണ്ട, ആ സിമ്പതി ഞങ്ങളെ രക്ഷിക്കില്ല.
പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും ഇപ്പോൾ മുമ്പത്തേതിനേക്കാൾ കൂടുതൽ ക്വിയർ മനുഷ്യർ "കമിങ് ഔട്ട്' ചെയ്യുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? പുറത്തേക്ക് വരിക എന്നത് കൂടുതൽ എളുപ്പമാകുന്നുണ്ടോ? അല്ലെങ്കിൽ വീടിനകത്ത് നിൽക്കുക അത്രയേറെ പ്രയാസമായതുകൊണ്ടാണോ പുറത്തേക്ക് വരുന്നത്?
പഴയ പോലെയല്ല, കമിങ് ഔട്ടുകളിപ്പോൾ കൂടുന്നുണ്ട്. അതേസമയം "കമിങ് ഔട്ട്' ചെയ്യാൻ കഴിയുന്നത് ഏതുതരം മനുഷ്യർക്കാണെന്നതാണ് എന്റെ കൺസേൺ. സ്വന്തമായി സ്വയംഭോഗം ചെയ്യാൻ പോലും ഒരു മുറിയില്ലാത്ത മനുഷ്യരെങ്ങനെയാണ് സ്വന്തം ലൈംഗികതയെക്കുറിച്ച് സംസാരിക്കുകയെന്നതാണ് എന്റെ ചോദ്യം. വർഗപരമായും ജാതീയമായും ഉയർന്നുനിൽക്കുന്ന മനുഷ്യരാണ് മിക്കപ്പോഴും ക്വിയർ കമ്യൂണിറ്റിയുടെ മുഖമായി പ്രത്യക്ഷപ്പെടാറുള്ളത്. അവർക്ക് പലപ്പോഴും കമിങ ്ഔട്ട് ചെയ്യാനും എളുപ്പമുണ്ട്. കുറച്ചുവർഷങ്ങൾക്ക് മുന്നേ LGBTQIA+ ആക്ടിവിസ്റ്റായ ഹരീഷ് അയ്യരുടെ അമ്മ പത്മ അയ്യർ, ഒരു മാട്രിമോണിയൽ പരസ്യം നൽകി. ""വരനെ ആവശ്യമുണ്ട്. എന്റെ മകന് വേണ്ടിയാണ്... ജാതി പ്രശ്‌നമില്ല. അയ്യരാണെങ്കിൽ സന്തോഷം''. ഈ പരസ്യം എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. പത്മ അയ്യറിൽ നിന്ന്കൂലിപ്പണിയെടുക്കുന്ന എന്റെ അമ്മയിലേക്കുള്ള ദൂരമേറെയാണ്. ഞാനും ഹരീഷും ക്വിയർ കമ്യൂണിറ്റിയിലുള്ളവരാണെങ്കിലും, ഞങ്ങൾ രണ്ടുപേരും നേരിടുന്ന പ്രശ്‌നങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതകൾ അഡ്രസ് ചെയ്യപ്പെടണം. കമിങ് ഔട്ട് ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല. സ്വയം അംഗീകരിക്കാൻ കഴിഞ്ഞാൽ മതി. ഐഡന്റിറ്റിയെക്കുറിച്ച് മറ്റുള്ളവരോട് പറയണമെന്ന യാതൊരു നിർബന്ധവുമില്ല. പിന്നെ, ഇപ്പറഞ്ഞതുപോലെ വീടിനകത്ത് നിൽക്കാൻ അത്രയേറെ പ്രയാസമാണെന്നതിനാൽ നിവൃത്തിയില്ലാതെ കമിങ് ഔട്ട് ചെയ്യുന്നവരുണ്ട്. കമിങ് ഔട്ട് ഒട്ടും ഈസിയായ ഒരു പ്രോസസല്ല. ജീവിതത്തിലുടനീളം തുടർന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണത്.