"സ്വവർഗാനുരാഗത്തെ ഇന്നും പൂർണമായി ഉൾക്കൊള്ളാനാകാത്ത ഭൂരിപക്ഷ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നു ഞാനും എന്ന് സമ്മതിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. ഒരുതരത്തിലുള്ള വിവേചനത്തെയും സാധൂകരിക്കുന്നതിന് അറിവില്ലായ്മ ഒരു ന്യായീകരണമല്ല.’; LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞതാണിത്.
മധുര സ്വദേശികളായ സ്വവർഗാനുരാഗികളായ രണ്ട് യുവതികൾ നൽകിയ റിട്ട് ഹരജിയിലായിരുന്നു കോടതി നടപടി. ഇരുവരും തമ്മിലുള്ള ബന്ധത്തിനെതിരെ കുടുംബത്തിൽ നിന്ന് സമ്മർദ്ദവും എതിർപ്പും ശക്തമായതോടെ വീടുവിട്ട് ചെന്നൈയിലെത്തിയ ഇവർ ചില എൻ.ജി.ഒകളുടെയും LGBTQIA+ വിഭാഗത്തിൽപ്പെട്ട ചിലരുടെയും സഹായത്തോടെ താമസിക്കാൻ ഒരിടം കണ്ടെത്തുകയും സാമ്പത്തികമായി സ്വതന്ത്രരാവാൻ ജോലി അന്വേഷിക്കുകയുമായിരുന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ഇരുകുടുംബവും പൊലീസിൽ പരാതി നൽകി. ഇരുവരെയും ഇവർ താമസിക്കുന്നിടത്തെത്തി പൊലീസ് ചോദ്യം ചെയ്തതോടെ തങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു കണ്ട് പൊലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷയ്ക്കായി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കാരണമായി എന്നതുമാത്രമല്ല ഈ കേസിലെ വിധിയുടെ പ്രത്യേകത. മറിച്ച് ഇതൊരു കഥയാണ്; LGBTQIA+ സമൂഹത്തെക്കുറിച്ച് ഒരു ന്യായാധിപനുണ്ടായിരുന്ന മുൻവിധികളെ, അബദ്ധധാരണകളെ അദ്ദേഹം സ്വയം അതിജീവിച്ച കഥ. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ആ ജഡ്ജി.
സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ടും LGBTQIA+ വിഭാഗവുമായി ബന്ധപ്പെട്ടും തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളും അതിനെ മാറ്റിയെടുക്കാൻ നടത്തിയ ശ്രമങ്ങളും വിശദീകരിച്ചാണ് 104 പേജുള്ള ഈ വിധിന്യായം അദ്ദേഹം തയ്യാറാക്കിയത്. സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് LGBTQIA+ വിഭാഗത്തെക്കുറിച്ചുള്ള ധാരണ ഇതാണെങ്കിൽ സമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ LGBTQI-A+ വിഭാഗങ്ങളെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധമുണ്ടാക്കേണ്ടതിന്റെ ആവശ്യകതകൂടി എടുത്തുപറയുന്ന ഒന്നാണ് ഈ വിധി.
ജഡ്ജി പടവെട്ടിയത് സ്വന്തം മിഥ്യാധാരണകളോട്
സ്വവർഗ ബന്ധങ്ങളെക്കുറിച്ച് തനിക്കുണ്ടായിരുന്ന മിഥ്യാധാരണകൾ എന്തൊക്കെയായിരുന്നെന്നും അതിനെ എങ്ങനെയാണ് മറികടക്കാൻ ശ്രമിച്ചതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷൻ വിശദീകരിക്കുന്നു. ഹരജിക്കാരായ പെൺകുട്ടികൾ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് ഈ വിഷയത്തിൽ തനിക്കൊന്നും അറിയില്ലയെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കിയതെന്ന് വിധി വായിക്കുമ്പോൾ വ്യക്തമാണ്. അവരുടെ പല വാക്കുകളും അദ്ദേഹത്തിന് തിരിച്ചറിവുകളായിരുന്നു. സ്വയം പുതുക്കാൻ അത് തന്നെ എത്ര സഹായിച്ചെന്ന് ഈ വിധിയിൽ അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട്.
കേസിന്റെ തുടക്കത്തിൽ ഈ വിഷയത്തെക്കുറിച്ച് മനസിലാക്കാൻ ചില വിവരങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. എന്നാൽ ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിക്കാൻ സാധ്യമായിരുന്നെങ്കിലും അതൊരു കാപട്യമായിരിക്കുമെന്നുകണ്ട് അതിന് താൻ മുതിർന്നില്ലെന്നും അദ്ദേഹം പറയുന്നു: ‘ഈ വിഷയത്തിൽ എന്റെ തന്നെ മുൻധാരണകൾ പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഞാനും രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു, ഹരജിക്കാരുടെയും അവരുടെ രക്ഷിതാക്കളുടെയും വികാരങ്ങളെ മനസിലാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു' ;അദ്ദേഹം പറയുന്നു.
മുൻധാരണ പൊളിക്കാൻ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി
LGBTQIA+ വിഭാഗക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും മുൻധാരണ തിരുത്താനും താൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. പെൺകുട്ടികളുടെ രക്ഷിതാക്കളിൽക്കൂടി അവരെക്കുറിച്ച് ബോധ്യമുണ്ടാക്കാൻ ശ്രമിച്ചു. ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോ. വിദ്യ ദിനകരനെയായിരുന്നു ഇതിന് ചുമതലപ്പെടുത്തിയത്. ജഡ്ജിയുമായും പെൺകുട്ടികളുടെ രക്ഷിതാക്കളുമായും അവർ സംസാരിച്ചതിന്റെ വിശദ റിപ്പോർട്ടും വിധിന്യായത്തിലുണ്ട്.
"ഈ ബന്ധം സമൂഹത്തിലുണ്ടാക്കുന്ന കളങ്കവും അതിന്റെ ഫലമായി കുടുംബത്തിനുണ്ടാകുന്ന നാണക്കേടുമാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. സമൂഹത്തിലും സ്വന്തം സമുദായത്തിലും കുടുംബത്തിന്റെ വിലപോകും' എന്നാണ് മാതാപിതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അതിലെ സുപ്രധാനമായ ഒരു കാര്യം; ‘അതേ ലിംഗത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദം മക്കൾ ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ്' എന്ന് രക്ഷിതാക്കൾ പറഞ്ഞുവെന്നതാണ്.
ഹരജിക്കാരായ പെൺകുട്ടികളുമായി സംസാരിച്ചപ്പോൾ സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തന്റെ തെറ്റായ ധാരണകളെക്കുറിച്ച് ബോധ്യം വന്നതായി ജഡ്ജി കൗൺസിലിങ്ങിനിടെ സമ്മതിക്കുന്നു: ‘സെക്‌സിനുവേണ്ടി മാത്രമുള്ള, ലൈംഗികത മാത്രം ലക്ഷ്യമിട്ടുള്ള ബന്ധമായാണ് പലപ്പോഴും സ്വവർഗലൈംഗികതയെ കാണാറുള്ളത് എന്നതായിരുന്നു പ്രബലമായ ധാരണ. ഹരജിക്കാർ പറയുന്നത് കേട്ടപ്പോഴാണ് തന്റെ ധാരണ എത്ര അബദ്ധമാണെന്ന് ക്ലൈൻറ് (ജസ്റ്റിസ് വെങ്കിടേഷ്) മനസിലാക്കിയതെന്നും എന്നാൽ ആ ചർച്ചയുടെ അവസാനമെത്തുമ്പോഴേക്കും ആ രണ്ട് യുവതികളെ അദ്ദേഹം ദമ്പതികളായി മനസിലാക്കാൻ തുടങ്ങി' എന്നും കൗൺസലിങ് റിപ്പോർട്ടിൽ പറയുന്നു.
ലൈംഗിക വൃത്തിയിൽ പെനിട്രേഷൻ മാത്രമാണ് ‘സാധാരണം' എന്ന കാഴ്ചപ്പാട് ജഡ്ജിയ്ക്കുണ്ടായിരുന്നതായും സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പലതരത്തിലും ലൈംഗിക സംതൃപ്തി നേടാമെന്നും ലൈംഗികവേഴ്ചയെന്നത് അതിനുള്ള ഒരു മാർഗം മാത്രമാണെന്ന് തിരിച്ചറിഞ്ഞതായും, കൗൺസലിങ്ങിനിടെ അദ്ദേഹം സമ്മതിച്ചു.
LGBTQIA+ വിഭാഗത്തിന്റെ സഹായവും തേടി
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പിന്നീട് LGBTQIA+ വിഭാഗത്തിൽപ്പെട്ടവരുമായും സംസാരിച്ചു. ‘യഥാർത്ഥ അവസ്ഥയും, അവരുടെ വികാരങ്ങളും, സാമൂഹ്യ വിവേചനങ്ങളും, മാറ്റിനിർത്തലുകളും മറ്റുപല ബുദ്ധിമുട്ടുകളും മനസിലാക്കാൻ എന്നെ സഹായിച്ചതിൽ പ്രധാനമായിരുന്നു ഈ ചർച്ച'യെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം വിധിയിൽ പറയുന്നത്.
‘LGBTQIA+ വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും വ്യക്തിയെ നേരിട്ട് കാണാനോ അവരുടെ വികാരങ്ങൾ മനസിലാക്കാനോ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കേസ് എന്നെ സംബന്ധിച്ച് എന്റെ പരിധിക്ക് പുറത്തുള്ള കാര്യമായിരുന്നു. ഞാനാണ് എന്റെ മുൻവിധികളെ തിരുത്താനും അവരെ മനസിലാക്കാനും അംഗീകരിക്കാനും മുന്നോട്ടുപോകേണ്ടതെന്നും, അല്ലാതെ സാമൂഹ്യധാർമ്മികയും പരമ്പരാഗത കാഴ്ചപ്പാടുകളും തകർക്കാൻ അവരല്ല മുന്നോട്ടുവരേണ്ടതെന്നും ഹരജിക്കാരുമായി സംസാരിച്ചതിൽ നിന്ന്ഞാൻ മനസിലാക്കി.'- ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറയുന്നു.
നമ്മൾ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ബോധ്യപ്പെടാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ആ ഒരു ബുദ്ധിമുട്ട് ഈ കേസിന്റെ കാര്യത്തിൽ താൻ അനുഭവിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു; ‘ഇപ്പോൾ ആരെങ്കിലും ഒരാൾ വന്ന് എനിക്ക് എതിർലിംഗത്തിൽപ്പെട്ട ഒരാളെ ഇഷ്ടമാണെന്ന് പറയുകയാണെങ്കിൽ അവരെ മനസിലാക്കാൻ എനിക്ക് യാതൊരു പ്രയാസവുമില്ല. കാരണം ഞാൻ വ്യക്തിപരമായി അത്തരം വിഷയങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, സമൂഹവും ഞാൻ വളർന്ന സാഹചര്യങ്ങളും സ്വവർഗലൈംഗികത, ഗേ, ലസ്ബിയൻ തുടങ്ങിയ പദങ്ങളെ ഭ്രഷ്ട് കല്പിക്കപ്പെട്ട ഒന്നായാണ് കണക്കാക്കിയത്’; അദ്ദേഹം പറയുന്നു.
LGBTQIA+ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് ചില നിർദേശങ്ങൾ
LGBTQIA+ വിഭാഗത്തിന്റെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി സുപ്രധാനമായ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ഈ വിധിന്യായം അദ്ദേഹം അവസാനിപ്പിക്കുന്നത്.
എതെങ്കിലും ഒരു സ്ത്രീയെയോ പുരുഷനെയോ കാണാനില്ലയെന്ന പരാതി പൊലീസിന് ലഭിച്ചാൽ അന്വേഷണത്തിൽ കാണാതായ വ്യക്തി LGBTQIA+ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കണ്ടെത്തുകയാണെങ്കിൽ അവരുടെ മൊഴിയെടുത്തത്ത് യാതൊരുതരത്തിലും ഉപദ്രവിക്കാതെ പരാതി അവസാനിപ്പിക്കേണ്ടതാണ്.
LGBTQIA+ വിഭാഗത്തിൽപ്പെട്ടവർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള എൻ.ജി.ഒകളെ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തണം. ഇത്തരം എൻ.ജി.ഒകളുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും റിവൈസ് ചെയ്യുകയും വേണം. ഈ ഉത്തരവ് പുറത്തുവന്ന് എട്ടുദിവസത്തിനുള്ളിൽ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിർദേശം.
LGBTQIA+ വിഭാഗത്തിൽപ്പെട്ടുവെന്നതിനാൽ എന്തെങ്കിലും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന ഏതൊരു വ്യക്തിക്കും സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ ഈ ലിസ്റ്റിലുള്ള എൻ.ജി.ഒകളെ സമീപിക്കാൻ കഴിയണം.
അതത് എൻ.ജി.ഒകൾ സാമൂഹ്യനീതി മന്ത്രാലയവുമായി ചേർന്ന് തങ്ങളെ സമീപിക്കുന്ന ഇത്തരം വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും രണ്ടുവർഷം കൂടുമ്പോൾ മന്ത്രാലയത്തിന് ഇവ കൈമാറുകയും ചെയ്യണം.
LGBTQIA+ വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും വ്യക്തിയ്‌ക്കെതിരെ നടന്ന കുറ്റകൃത്യത്തിൽ അതിന്റെ സാഹചര്യങ്ങൾ മനസിലാക്കി കൗൺസിലിങ് നൽകിയായാലും, സാമ്പത്തികമായി പിന്തുണച്ചായാലും, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കിക്കൊണ്ടായാലും ഏറ്റവും മികച്ച രീതിയിൽ അതിനെ കൈകാര്യം ചെയ്യണം.
താമസസൗകര്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ സ്റ്റേ ഹോമുകൾ, അംഗനവാടികൾ, ഗരിമ ഗൃഹ് ( ട്രാൻസ്ജന്റർ വ്യക്തികൾക്ക് ഭക്ഷണവും മരുന്നും താമസവുമടക്കമുള്ള സൗകര്യങ്ങൾ ഉറപ്പുനൽകുന്ന ഷെൽട്ടർഹോം) എന്നിവിടങ്ങളിൽ വീട് ആവശ്യമുള്ള LGBTQIA+ വിഭാഗത്തിലൽപ്പെട്ട ഏതൊരാളെയും താമസിപ്പിക്കണം. അതിന് അടിസ്ഥാന സൗകര്യങ്ങൾ സാമൂഹ്യനീതി മന്ത്രാലയം ഉറപ്പുവരുത്തണം.
LGBTQIA+ വിഭാഗങ്ങൾക്കെതിരെ നിലനിൽക്കുന്ന മുൻവിധികളെ തുടച്ചുമാറ്റാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള നടപടിയെടുക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മന്ത്രാലയങ്ങളുമായും ഡിപ്പാർട്ട്‌മെന്റുകളുമായും കൂടിയാലോചന നടത്തി വേണം ഇത്തരം നടപടികളും നയങ്ങളും കൈക്കൊള്ളേണ്ടത്.