ജനിച്ച മണ്ണിൽ മറ്റുള്ളവരെപ്പോലെ തന്നെ അന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ, ട്രാൻസ് വുമൺ അനാമികയുടേത്. ഇരുപതാം വയസ്സില തന്റെ ജെൻഡർ സ്വത്വം വെളിപ്പെടുത്തി, പ്രതികൂലമായ ചുറ്റുപാടുകളിൽ നിന്ന് രക്ഷപ്പെടാനായി പലായനം ചെയ്തില്ല. പകരം സ്വന്തം നാട്ടിൽ തന്നെ പഠിച്ചു , ജോലി ചെയ്തു, അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്തു, ജീവിത വിജയം നേടി
എന്നാൽ സ്വന്തമായി ഒരുപിടി മണ്ണിനും വീടിനും വേണ്ടിയുള്ള അനാമികയുടെ ശ്രമങ്ങൾ മൂന്നുവർഷം പിന്നിടുമ്പോഴും പ്രതീക്ഷകളില്ലാതാവുകയാണ്. ട്രാൻസ് വ്യക്തികളുടെ സാമൂഹികമായ ഉന്നമനങ്ങൾക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോഴും ഭൂവിതരണ ഭവനനിർമാണ പദ്ധതികളിൽ നിന്ന് ട്രാൻസ് വിഭാഗം പുറത്തുനിർത്തപ്പെടുകയാണ്. സ്വന്തമായൊരിടം എന്ന , അനാമികയുടെ സ്വപ്‌നത്തിന് ലക്ഷ്യത്തിലെത്താൻ ഇനിയും കടമ്പകൾ ഏറെയുണ്ട്.
പട്ടികജാതിക്കാരായ ഭൂരഹിതർക്ക് സ്ഥലം അനുവദിച്ചുനൽകുന്ന സ്‌കീമിലേക്ക് 2020ൽ അപേക്ഷ നൽകിയതാണ്. നിയമത്തിൽ /ട്രാൻസ് ജെൻഡറുകളെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഓഫീസർമാർ അവഗണിച്ചു . ട്രാൻസ് വ്യക്തികളെ, മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും അവ ട്രാൻസ് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ടോ എന്നത് സംശയകരമാണ്.