"ഞാനിപ്പോൾ NIMHANS-ൽ സൈക്യാട്രിക് ചികിത്സയ്ക്കും ആശുപത്രിയിൽ അഡ്മിഷൻ ലഭിക്കുന്നതിനുമായി എത്തിയിരിക്കുകയാണ്. അഡ്മിഷൻ ലഭിച്ചശേഷം ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവിടെ പങ്കുവെക്കും.
ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും (Suicidal Ideation), പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടും. ഈ പോസ്റ്റുകൾ ചിലർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എനിക്കറിയാം.
അതിനാൽ നിങ്ങളുടെ മാനസികാരോഗ്യം കണക്കിലെടുത്ത് വേണമെങ്കിൽ എന്നെ അൺഫോളോ ചെയ്യുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യാം"; പൊന്നു ഇമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിത്.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന ഒരാൾക്ക് ഏറ്റവും ആവശ്യം പരിചരണവും മനസ്സിലാക്കപ്പെടുന്നുവെന്ന ഉറപ്പുമാണ്. എന്നാൽ സ്വന്തം പേരും ലിംഗസ്വത്വവും ആവർത്തിച്ച് വിശദീകരിക്കേണ്ടിവന്നാലോ? ചികിത്സ നൽകുന്നവരിൽനിന്നുതന്നെ തെറ്റായ അഭിസംബോധനയും അവഗണനയും നേരിടേണ്ടിവന്നാലോ? ബെംഗളൂരുവിലെ നിംഹാൻസിൽ (NIMHANS) ചികിത്സയ്ക്കിടെ താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് സോഷ്യൽ വർക്കറും ആക്ടിവിസ്റ്റുമായ പൊന്നു ഇമ എന്ന നോൺ-ബൈനറി വ്യക്തി പങ്കുവെച്ച പരാതിയിലൂടെ ഉയരുന്നത് ഇത്തരം ചോദ്യങ്ങളാണ്.
"ചികിത്സ തേടിയാണ് ഞാൻ NIMHANS-ൽ എത്തിയത്. എന്നാൽ അവിടെ എന്റെ വ്യക്തിത്വം പലതവണ ചോദ്യം ചെയ്യപ്പെടുകയും തെറ്റായ ലിംഗത്തിൽ അഭിസംബോധന ചെയ്യപ്പെടുകയും ചെയ്തു. ഞാൻ They/Them സർവനാമങ്ങൾ ഉപയോഗിക്കുന്ന നോൺ-ബൈനറി വ്യക്തിയാണെന്ന് പലതവണ വ്യക്തമാക്കിയിട്ടും ആശുപത്രിയിലെ രേഖകളിലും മറ്റും എന്നെ 'Others' എന്നും 'Female' എന്നും രേഖപ്പെടുത്തി. ചികിത്സിക്കുന്നവരോട് എന്റെ വ്യക്തിത്വം എന്താണെന്നും മിസ്ജെൻഡറിങ് എന്താണെന്നും വീണ്ടും വീണ്ടും വിശദീകരിക്കേണ്ടിവന്നു. തിരുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ക്ഷമ ചോദിക്കുമെങ്കിലും അതേ അനുഭവം ആവർത്തിച്ചു. എന്റെ മാനസികാരോഗ്യത്തെ ബാധിച്ച ഈ അനുഭവങ്ങൾ രോഗത്തിന്റെ ലക്ഷണമായി രേഖപ്പെടുത്തപ്പെടുമോ എന്ന ഭയവുമുണ്ട്. ഒരു രോഗിക്ക് സ്വന്തം ചികിത്സയെക്കുറിച്ച് സംസാരിക്കാൻ പോലും ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകരുത്. എന്നെപ്പോലെ ചികിത്സ തേടിയെത്തുന്ന മറ്റൊരാൾക്കും ഇതേ അനുഭവം ഉണ്ടാകരുത് എന്നതുകൊണ്ടാണ് ഞാൻ പരാതി നൽകിയത്."
NIMHANS-ൽ നേരിട്ട അനുഭവങ്ങൾ വിവരിച്ച് സ്ഥാപനത്തിലെ മെഡിക്കൽ സൂപ്രണ്ടിന് നൽകിയ പരാതിയിൽ പൊന്നു ഇമ ഉന്നയിക്കുന്ന പ്രധാന ആശങ്ക ഇതാണ്.
മാനസികാരോഗ്യ ചികിത്സ തേടിയെത്തുന്ന ഒരാൾക്ക് അവിടെ നേരിടേണ്ടിവരുന്ന അനുഭവങ്ങൾ അവരുടെ മാനസികാവസ്ഥയെ കൂടുതൽ ബാധിക്കുന്നതാകരുത്. എന്നാൽ NIMHANS പോലൊരു സ്ഥാപനത്തിൽപ്പോലും തന്റെ ജെൻഡർ ഐഡന്റിറ്റി അംഗീകരിക്കപ്പെടാനും ശരിയായ രീതിയിൽ അഭിസംബോധന ചെയ്യപ്പെടാനും വേണ്ടി പൊന്നു ഇമയ്ക്ക് പലതവണ വിശദീകരിക്കേണ്ടിവന്നു. ചികിത്സയ്ക്കൊപ്പം സ്വന്തം വ്യക്തിത്വം കൂടി മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ആരോഗ്യരംഗത്തെ ഉൾക്കൊള്ളലിനെക്കുറിച്ചും ട്രാൻസ്, നോൺ-ബൈനറി വ്യക്തികൾക്ക് ലഭിക്കുന്ന പരിഗണനയെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.
"ആശുപത്രിയിൽ അഡ്മിഷൻ എടുത്തപ്പോൾ നൽകിയ ഫോമിൽ എന്റെ ജെൻഡർ Female എന്നാണ് രേഖപ്പെടുത്തിയത്. എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്. എതിർപ്പ് അറിയിച്ചപ്പോൾ Female എന്നത് മാറ്റി null എന്നാക്കി. ഇതാണ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയുന്ന പരമാവധി മാറ്റമെന്നാണ് അധികൃതർ പറഞ്ഞത്. ഇന്റഗ്രേറ്റീവ് മെഡിസിൻ വിഭാഗത്തിലെ അറ്റൻഡൻസ് കാർഡിലും Sex: F എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ട്രാൻസ്ജെൻഡർ, ജെൻഡർ ഡൈവേഴ്സ് വ്യക്തികൾക്കായി NIMHANS-ൽ പ്രത്യേക വാർഡോ വ്യക്തമായ മുറിയോ, അതിനുള്ള നയങ്ങളും ഇല്ല. എനിക്ക് ഒരു പ്രത്യേക മുറി ലഭിച്ചത് കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്ന സമയത്താണ്. അതും സാധാരണ നടപടിക്രമങ്ങളിലൂടെയല്ല, റസിഡന്റ് മെഡിക്കൽ ഓഫീസറുടെ ഇടപെടലിലൂടെയാണ്. ഒരു ട്രാൻസ് വ്യക്തിക്ക് സുരക്ഷിതമായ ചികിത്സാസാഹചര്യം ലഭിക്കാൻ മാനസിക പ്രതിസന്ധിയിലാകേണ്ടിവരരുത്. ആശുപത്രി ജീവനക്കാരുടെ പ്രത്യേക ഇടപെടലിനെ ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ടാകരുത്." - പൊന്നു ഇമ പറയുന്നു.

ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത് അവരുടെ വ്യക്തിപരവും സാമൂഹികവുമായ സാഹചര്യങ്ങളാണ്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് ചികിത്സ തേടിയെത്തുന്ന ഇടങ്ങളിൽനിന്ന് അവർക്ക് ലഭിക്കുന്ന സമീപനവും പരിചരണവും. . ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം, തെറ്റായ അഭിസംബോധന, ജെൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങൾ എന്നിവ ഒരാളുടെ മാനസികാരോഗ്യത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കാം. ട്രാൻസ്, നോൺ-ബൈനറി വ്യക്തികളെക്കുറിച്ചുള്ള കൃത്യമായ ധാരണയും അവരോടുള്ള മാന്യമായ ഇടപെടലും ആരോഗ്യപരിചരണത്തിന്റെ ഭാഗമാകേണ്ടതുണ്ട്.
"ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ എന്റെ ജെൻഡർ Female ആക്കി മാറ്റാൻ കഴിയുമോ എന്ന് ഒരു സീനിയർ ഡോക്ടർ ചോദിച്ചു. വാർഡിൽ കിടക്ക ലഭിക്കുന്നതിനും രേഖകളിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായിരുന്നു അങ്ങനെ നിർദേശിച്ചത്. ഞാൻ ആരാണെന്നും എന്റെ ജെൻഡർ ഐഡന്റിറ്റി എന്താണെന്നും മൂന്നിലധികം തവണ വിശദീകരിക്കേണ്ടിവന്നു. ഞാൻ യഥാർഥത്തിൽ ട്രാൻസ് വ്യക്തിയാണോ, അതോ എന്റെ ജെൻഡർ എക്സ്പ്രഷനെക്കുറിച്ചാണോ സംസാരിക്കുന്നത് എന്നൊക്കെ എന്നോട് ചോദിച്ചു. ഇതെല്ലാം എന്നെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിച്ചു. അന്ന് അഡ്മിഷൻ എടുക്കാതെ മടങ്ങാനും ഞാൻ തീരുമാനിച്ചു.
ചികിത്സയ്ക്കിടെയും പല ജീവനക്കാരും എന്നെ അവൾ എന്നാണ് വിളിച്ചിരുന്നത്. തിരുത്തിപ്പറയുമ്പോൾ ക്ഷമ ചോദിക്കുമെങ്കിലും പിന്നീട് വീണ്ടും അതേ തെറ്റ് ആവർത്തിച്ചു. ഞാൻ ഉപയോഗിക്കുന്ന They/Them എന്ന സർവനാമങ്ങൾ കൃത്യമായി ഉപയോഗിച്ചത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ട്രെയിനിയായ ഝാൻവി മാത്രമാണ്.
നോൺ- ബൈനറി എന്നതിന്റെ അർഥവും തെറ്റായ ജെൻഡറിൽ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ട് പ്രശ്നമാണെന്നും ചികിത്സാ സംഘത്തോട് വീണ്ടും വീണ്ടും വിശദീകരിക്കേണ്ടിവന്നു. ഞാൻ ഇവിടെ ചികിത്സ തേടിയാണ് വന്നത്. എന്റെ വ്യക്തിത്വത്തെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടാകരുത്.
"എന്റെ കേസ് ഹിസ്റ്ററി തയ്യാറാക്കുന്നതിനിടയിൽ, ജനിച്ചപ്പോൾ എന്റെ ജനനേന്ദ്രിയങ്ങൾ സാധാരണ നിലയിലായിരുന്നോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന കാരണത്താൽ മാത്രമാണ് ഈ ചോദ്യം ഉണ്ടായതെന്ന് ഞാൻ കരുതുന്നു. കാരണം, എന്റെ മുൻ പങ്കാളികളും എന്റെ സഹോദരിയും മുമ്പ് ഈ സ്ഥാപനത്തിൽ ചികിത്സ തേടിയിട്ടുണ്ട്. അവരുടെ രേഖകളിൽ ജനനസമയത്ത് അവർക്ക് നിശ്ചയിച്ചുനൽകിയ ജെൻഡർ (Gender Assigned at Birth) രേഖപ്പെടുത്തിയിരുന്നതുകൊണ്ട് ആരോടും ഇത്തരമൊരു ചോദ്യം ചോദിച്ചിരുന്നില്ല. ഈ ചോദ്യങ്ങൾ ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ചല്ല, മറിച്ച് ജീവശാസ്ത്രപരമായ ലൈംഗികതയെക്കുറിച്ചാണെന്ന് (Biological Sex) എന്റെ ഡോക്ടറോട് എനിക്ക് വിശദീകരിക്കേണ്ടിവന്നു." - പൊന്നു ഇമ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ മുതൽ തന്റെ ജെൻഡർ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നെന്നാണ് പൊന്നു ഇമയുടെ പരാതിയിൽ പറയുന്നത്. ജീവനക്കാരിൽനിന്നു മാത്രമല്ല, ചികിത്സിച്ച ഡോക്ടറിൽനിന്നും മോശം അനുഭവമുണ്ടായെന്നും തന്റെ ആശങ്കകൾ തുറന്നുപറയാൻ പോലും ഡോക്ടർ അവസരം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
"സീനിയർ കൺസൾട്ടന്റ് ഡോ. നവീനുമായി ഞാൻ രണ്ട് തവണ സംസാരിച്ചിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയിൽ എന്റെ ജെൻഡർ ഡിസ്ഫോറിയയെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർ തുടർച്ചയായി എന്നെ തെറ്റായ ജെൻഡറിൽ അഭിസംബോധന ചെയ്തതിലൂടെ എനിക്കുണ്ടായ മാനസിക വിഷമം അദ്ദേഹം എന്റെ വൈകാരിക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നമായിട്ടാണ് കണ്ടത്.
രണ്ടാമത്തെ കൂടിക്കാഴ്ചയിലും ഇതേ വിഷയം ഞാൻ ഉന്നയിച്ചു. എന്നെ 'She' എന്ന് വിളിക്കുന്നതാണ് പ്രശ്നമെന്നും എന്റെ ശരിയായ സർവനാമങ്ങൾ 'They/Them' ആണെന്നും ഞാൻ വിശദീകരിച്ചു. എന്നാൽ സർവനാമങ്ങൾ ഉപയോഗിക്കുന്നതിനുപകരം എന്റെ പേര് വിളിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അദ്ദേഹം അത് അംഗീകരിച്ചില്ല.
സംസാരിക്കുന്നതിനിടെ പലതവണ അദ്ദേഹം എന്നെ തടസ്സപ്പെടുത്തി. എന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകിയില്ല. മുഴുവൻ ചികിത്സാസംഘത്തിന്റെയും മുന്നിൽവെച്ച് അദ്ദേഹം എന്നോട് ഉച്ചത്തിൽ സംസാരിച്ചു. എന്റെ ആശങ്കകൾ കേൾക്കുന്നതിനുപകരം ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, സൈക്ലോതൈമിയ തുടങ്ങിയ എന്റെ രോഗനിർണയങ്ങളിലേക്കാണ് അദ്ദേഹം വീണ്ടും വീണ്ടും ചർച്ച കൊണ്ടുപോയത്.
ആശുപത്രിയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട മിസ്ജെൻഡറിങ് ഉൾപ്പെടെയുള്ള അനുഭവങ്ങൾ എന്റെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ അതിനെ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നമായി കാണുന്നതിന് പകരം എന്റെ മാനസികാരോഗ്യ പ്രശ്നമായിട്ടാണ് വ്യാഖ്യാനിക്കുന്നത്.
ഞാൻ ദേഷ്യപ്പെടുകയോ വിഷമം പ്രകടിപ്പിക്കുകയോ ചെയ്താൽ അതുപോലും എന്റെ രോഗത്തിന്റെ ലക്ഷണമായി രേഖപ്പെടുത്തപ്പെടുമോ എന്ന ആശങ്കയുണ്ട്. എനിക്ക് ചികിത്സ നൽകുന്നവർ തന്നെ എന്റെ ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറാകാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇത് എനിക്ക് മാത്രമുള്ള പ്രശ്നമല്ല. ഭാവിയിൽ ഈ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന മറ്റ് ട്രാൻസ് വ്യക്തികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുത്. എന്റെ ചികിത്സയെ ബാധിക്കാതെ മറ്റൊരു കൺസൾട്ടന്റിനെ തിരഞ്ഞെടുക്കാനുള്ള അവസരവും ആശുപത്രിയിൽ നിന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളും വേണമെന്നാണ് എന്റെ ആവശ്യം." - പൊന്നു പരാതിയിൽ പറയുന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യത്ത് നിയമപരമായ വ്യവസ്ഥകൾ നിലവിലുണ്ട്. 2014-ലെ സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ നാൽസ (NALSA) വിധി ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വതന്ത്രമായ ജെൻഡർ ഐഡന്റിറ്റിക്കുള്ള അവകാശം അംഗീകരിക്കുകയും അന്തസ്സോടെയും വിവേചനമില്ലാതെയും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിക്കുകയും ചെയ്തു. 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമം മാനസികാരോഗ്യ ചികിത്സ തേടുന്ന എല്ലാവർക്കും വിവേചനമില്ലാത്തതും അന്തസ്സുറ്റതുമായ പരിചരണം ലഭിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതേസമയം, 2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം ആരോഗ്യപരിചരണം ഉൾപ്പെടെയുള്ള മേഖലകളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായ വിവേചനം നിരോധിക്കുന്നു.
ചികിത്സ തേടുന്ന വ്യക്തിയുടെ ജെൻഡർ ഐഡന്റിറ്റിയെ മാനിക്കുക, സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുക, വിവേചനമില്ലാതെ ചികിത്സ ലഭ്യമാക്കുക എന്നിവയെല്ലാം ഈ നിയമപരമായ അവകാശങ്ങളുടെ ഭാഗമാണ്. എന്നാൽ നിയമങ്ങൾ ഉറപ്പുനൽകുന്ന ഈ അവകാശങ്ങൾ ആരോഗ്യപരിചരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എത്രത്തോളം നടപ്പാകുന്നുണ്ട് എന്നതാണ് NIMHANS-നെതിരായ പൊന്നു ഇമയുടെ പരാതി വീണ്ടും ഉയർത്തുന്ന പ്രധാന ചോദ്യം. നിയമപരമായ പരിരക്ഷകൾ നിലനിൽക്കുമ്പോഴും ചികിത്സാ സംവിധാനങ്ങൾക്കുള്ളിൽത്തന്നെ ട്രാൻസ്, നോൺ-ബൈനറി വ്യക്തികൾക്ക് സ്വന്തം സ്വത്വം അംഗീകരിച്ചുകിട്ടാൻ പോരാടേണ്ടിവരുന്ന സാഹചര്യം ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ മാനസികാരോഗ്യ ചികിത്സാരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ NIMHANS-ൽ നിന്നുതന്നെ ഇത്തരമൊരു പരാതി ഉയർന്നുവന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന പദവിയും NABH അംഗീകാരവുമുള്ള NIMHANS മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം ഈ മേഖലയിലെ വിദഗ്ധരുടെ പരിശീലനത്തിലും ഗവേഷണത്തിലും നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ്. അങ്ങനെയൊരു സ്ഥാപനത്തിൽ ചികിത്സ തേടിയെത്തുന്ന ഒരാൾക്ക് സ്വന്തം ജെൻഡർ ഐഡന്റിറ്റി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി ആവർത്തിച്ച് വിശദീകരിക്കേണ്ടിവരുന്ന സാഹചര്യം ആരോഗ്യപരിചരണ മേഖലയിലെ ഉൾക്കൊള്ളലിനെയും വിവേചനരഹിതമായ ചികിത്സയെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ഈ വിഷയത്തിൽ LGBTIQA+ വ്യക്തികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സഹയാത്രിക എന്ന സംഘടനയും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാഹിയും ഇടപെടുന്നുണ്ട്. NIMHANS-ൽ മാത്രം ഒതുങ്ങാതെ രാജ്യത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെല്ലാം ട്രാൻസ്ജെൻഡർ, നോൺ-ബൈനറി വ്യക്തികളുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഉണ്ടാകണമെന്നതാണ് ആവശ്യം. അതിനായി ആശുപത്രികളിലെ രേഖകൾ തയ്യാറാക്കുന്ന രീതിയിലും ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന പരിശീലനത്തിലും ചികിത്സാ സമീപനങ്ങളിലും ആവശ്യമായ മാറ്റങ്ങൾ അനിവാര്യമാണ്.
