സ്വവർഗ ദമ്പതിമാർക്ക് ആശീർവാദം,
മാർപാപ്പയുടെ രാഷ്ട്രീയ പ്രഖ്യാപനം

സ്വവർഗാനുരാഗം പാപമാണെന്ന് നിരന്തരം പറയുകയും അതിന്റെ മനുഷ്യാവകാശപരവും നിയമപരവുമായ സാധ്യതകളെ നിസ്സന്ദേഹം തള്ളിക്കളയുകയും ചെയ്ത ഒരു സഭയുടെ തലപ്പത്തിരുന്നാണ് വിപ്ലവകരവും പ്രതീക്ഷാനിർഭരവുമായ ആശയങ്ങൾ ഫ്രാൻസിസ് മാർപാപ്പ വിശ്വാസിസമൂഹത്തിന് മുന്നിലേക്ക് വെക്കുന്നത്.

ലോകമെമ്പാടും ക്വീർ വിരുദ്ധ രാഷ്ട്രീയം യാഥാസ്ഥിതിക- മത ശക്തികളുടെ ആക്രമണത്തിനിരയാകുകയും അതിനെതിരെ ക്വീർ മനുഷ്യർ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന കാലത്താണ്, സ്വവർഗ ദമ്പതികൾക്ക് കൂദാശകളുടെയോ ആരാധനക്രമങ്ങളുടെയോ ഭാഗമല്ലാതെ ആശിർവാദം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉത്തരവ് പ്രസക്തമാകുന്നത്. ഈ ഉത്തരവ് പുതിയ കാലത്തെ ഏറെ പ്രസക്തമായ ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി വിലയിരുത്തപ്പെടുന്നു.

സ്വവർഗാനുരാഗികളെ എക്കാലത്തും എതിർക്കുകയും സ്വവർഗാനുരാഗത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക നിലപാടായിരുന്നു സഭ എല്ലാ കാലത്തും എടുത്തുപോന്നിരുന്നത്. മാത്രമല്ല, വിവാഹം എന്നാൽ, സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണ് എന്ന കാഴ്ചപ്പാടും സഭക്കുണ്ട്. ഇതിലൊന്നും മാർപാപ്പയുടെ ഉത്തരവ് മാറ്റം വരുത്തുന്നില്ല എങ്കിലും, സ്വവർഗാനുരാഗികളെ അതിരുകടന്ന ധാർമികവിചാരണയിലൂടെ തടയേണ്ടില്ല എന്ന വത്തിക്കാൻ രേഖയിലെ പ്രഖ്യാപനം ഏറെ ശ്രദ്ധയർഹിക്കുന്നു.

ഫ്രാൻസിസ് മാർപ്പാപ്പ

റഷ്യയടക്കമുള്ള രാജ്യങ്ങൾ അപകടകരമാം വിധം ജനാധപത്യ വിരുദ്ധമായി ക്വീർ മനുഷ്യർക്കെതിരെ നീങ്ങുന്നതും അവരുടെ അവകാശങ്ങളെ പൂർണമായി ഹനിക്കുന്ന തരത്തിലുള്ള നിയമങ്ങൾ നിർമിച്ചതും അടുത്തിടെയായിരുന്നു. അവിടെയാണ് ഫ്രാൻസിസ് മാർപ്പാപ്പയും അദ്ദേഹത്തിന്റെ നിലപാടകളും വേറിട്ട് നിൽക്കുന്നത്.

2013ൽ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റെടുത്ത കാലംമുതൽ സ്വവർഗാനുരാഗികളുടെ കാര്യത്തിൽ സഹിഷ്ണുതയോടെയുള്ള നിലപാടുകൾ എടുത്തു പോന്നിട്ടുള്ള അളാണ് ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർഗാനുരാഗികളോടുള്ള അനുകൂല നിലപാടുകളും അവരുടെ ധാർമിക അവകാശങ്ങളെ കുറിച്ചുള്ള തെളിവുള്ള ബോധ്യങ്ങളും അദ്ദേഹത്തെ മറ്റ് മതമേലധ്യക്ഷന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. സ്വവർഗ ദമ്പദികൾക്ക് കൂദാശകളുടെയോ ആരാധനക്രമങ്ങളുടെയോ ഭാഗമല്ലാതെ ആശിർവാദം നൽകാൻ കത്തോലിക്ക വൈദികർക്ക് അനുവാദം നൽകുന്ന ഉത്തരവിൽ സ്വവർഗവിവാഹം നടത്തിക്കൊടുക്കാനുള്ള അനുവാദമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതാദ്യമായല്ല, ക്വീർ അനുകൂല നിലപാടുകൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. 2020-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിൽ സ്വവർഗാനുരാഗത്തെ കുറിച്ചും സ്വവർഗ വിവാഹത്തെ കുറിച്ചുമുള്ള തന്റെ അഭിപ്രായം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. സ്വവർഗ പങ്കാളികളുടെ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്നും അവർക്കും കുടുംബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വവർഗാനുരാഗം പാപമാണെന്ന് നിരന്തരം പറയുകയും അതിന്റെ മനുഷ്യാവകാശപരവും നിയമപരവുമായ സാധ്യതകളെ നിസ്സന്ദേഹം തള്ളിക്കളയുകയും ചെയ്ത ഒരു സഭയുടെ തലപ്പത്തിരുന്നാണ് വിപ്ലവകരവും പ്രതീക്ഷാനിർഭരവുമായ ആശയങ്ങൾ അദ്ദേഹം വിശ്വാസിസമൂഹത്തിന് മുന്നിലേക്ക് വെക്കുന്നത്.

ഏകദേശം 67 രാജ്യങ്ങളിലാണ് ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രമിനൽ കുറ്റമായി പരിഗണിക്കുന്നത്. സിംഗപ്പൂർ, റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമെന്ന നിലയിലാണ് പരിഗണിക്കുന്നത്. ഇത്തരം നിയമങ്ങൾ അധാർമികമാണെന്നും അവയെ തടയാൻ കത്തോലിക്ക സഭയ്ക്ക് കഴിയുമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും വളരെ മുമ്പു തന്നെ മാർപാപ്പ പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരേയും അവരായിരിക്കുന്നതുപോലെയുള്ള അവസ്ഥയിലാണ് ദൈവം സ്‌നേഹിക്കുന്നതെന്നും മാർപ്പാപ്പ തന്റെ വിശ്വാസി സമൂഹത്തിനോട് പറഞ്ഞിട്ടുണ്ട്.

ലൈംഗിക ന്യൂപക്ഷങ്ങളോടും സ്വവർഗാനുരാഗികളോടും മാർപ്പാപ്പക്ക് അനുകൂല നിലപാടാണുള്ളതെങ്കിലും സ്വവർഗ വിവാഹത്തെ സഭ ആശീർവദിക്കില്ലെന്ന് 2021-ൽ തന്നെ വത്തിക്കാൻ വ്യക്തമാക്കിയിരുന്നു. അവിടെ നിന്നുമാണ് സഭയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടാണെങ്കിലും ക്വീർ മനുഷ്യരെ പരിഗണിക്കുന്ന നിലപാടിലേക്ക് സഭയെത്തുന്നത്. സ്വവർഗ വിവാഹങ്ങൾ ആചാരപ്രകാരം നടത്തികൊടുക്കുന്നതിൽ സഭയ്ക്ക് എതിർപ്പുണ്ടെങ്കിലും അനുഗ്രഹാഭ്യർഥനകളുമായി വരുന്ന മനുഷ്യരെ അവഗിക്കേണതില്ല എന്ന നിലപാടിലേക്കാണ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ സഭയിപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്.

ഉടമ്പടിയിൽ പറയുന്ന കാര്യങ്ങൾ

സഭയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണ് വിവാഹം. എന്നാൽ ആ കാഴ്ചപ്പാടിന് പുറത്ത് നിൽക്കുന്ന മനുഷ്യർ അനുഗ്രഹാഭ്യർത്ഥനയുമായി വരുമ്പോൾ ഉപേഷിക്കുകയോ സഭയിൽ നിന്നും അകറ്റി നിർത്തുകയോ ചെയ്യേണ്ടതില്ല. വിവാഹവസ്ത്രത്തിലോ വിവാഹചടങ്ങിലോ ആരാധനയുടെ ഭാഗമായോ അനുഗ്രഹം നൽകാൻ പാടില്ലെന്നും വത്തിക്കാൻ വ്യക്തമാക്കുന്നുണ്ട്. ഇത്തരം മനുഷ്യരിൽ ദൈവവിശ്വാസം വളർത്തുന്നതിനും സഭ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ അടയാളമായും അനുഗ്രഹത്തെ വിലയിരുത്താമെന്നും മാർപ്പാപ്പ വ്യക്തമാക്കുന്നു. അതിനോടൊപ്പം, ക്വീർ മനുഷ്യരുടെ അനുഗ്രഹം സ്വീകരിക്കാനുള്ള താൽപര്യത്തെ വിലമതിക്കണമെന്നും യാഥാസ്ഥിതിക പക്ഷക്കാരായ അഞ്ച് കർദിനാൾമാർ എഴുതിയ തുറന്ന കത്തിനുള്ള പ്രതികരണം എന്ന നിലയ്ക്ക് മാർപ്പാപ്പ പുറത്തിറക്കിയ രേഖയിൽ സൂചിപ്പിക്കുന്നു.

സ്വവർഗാനുരാഗം നിയമവിരുദ്ധമാക്കിയ റഷ്യൻ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവർ

ഇതോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മാമോദീസ മുങ്ങാനുള്ള അനുവാദം നൽകിയ സഭാതീരുമാനം. മാമോദീസ മുങ്ങുന്നതിനോടൊപ്പം തലതൊട്ടപ്പൻ / തലതൊട്ടമ്മ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിക്കാനും പള്ളികളിൽ നടക്കുന്ന കല്യാണങ്ങളിൽ സാക്ഷികളാകാനും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അനുവാദമുണ്ട്.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാഥാസ്ഥിതിക പക്ഷക്കാരായ അഞ്ച് കർദിനാൾമാരാണ് സ്വവർഗലൈംഗികതയോടുള്ള മാർപാപ്പയുടെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കത്തെഴുതിയത്.

മാർപ്പാപ്പയുടെ നിലപാടിനോട് അസഹിഷ്ണുതയുള്ള നിരവധിയാളുകൾ കേരളത്തിലടക്കമുണ്ട്. കേവലം ഒരു സിനിമ മുന്നോട്ട് വെക്കുന്ന ക്വീർ രാഷ്ട്രീയത്തോട് പോലും അസഹിഷ്ണുത പുലർത്തുന്ന കാസ പോലെയുള്ള സംഘടനകൾക്ക് മാർപ്പാപ്പയുടെ നിലപാടിന്റെ കാമ്പും മാനവികതയും തിരിച്ചറിയുക എന്നത് ഏറെ പ്രയാസകരമാണ്. അടുത്തിടെ ജിയോ ബേബിയുടെ സംവിധാനത്തിൽ ഹോമോസെക്ഷ്വാലിറ്റിയുടെ രാഷ്ട്രീയം പറഞ്ഞ ‘കാതൽ’ എന്ന സിനിമക്കെതിരെയും അതിന്റെ നിർമാതാവും നായകനുമായ മമ്മൂട്ടിക്കെതിരെയും ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന നിലപാടെടുത്തിരുന്നു. മമ്മൂട്ടിയെന്ന വ്യക്തിയോ നടനോ ആയിരുന്നില്ല അവരുടെ പ്രശ്‌നം, മറിച്ച് അയാളുടെ മതം മാത്രമായിരുന്നു.

ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന ‘കാതൽ’ എന്ന സിനിമക്കും മമ്മൂട്ടിക്കും എതിരെ ഇറക്കിയ പ്രസ്താവന

2018-ലാണ് ഇന്ത്യയിൽ സ്വവർഗാനുരാഗം നിയമപരമായതെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ഹൊമോസെക്ഷ്വാലിറ്റി ഇന്ത്യയിൽ നിയമപരമാകുമ്പോഴും ഹോമോസെഷ്വൽ വിവാഹങ്ങൾ അംഗീകരിക്കാൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകത്തിൽ ആദ്യമായി സ്വവർഗ വിവാഹം നിയമപരമാക്കിയ രാജ്യം നെതർലന്റ്‌സാണ് (2001). ഏഷ്യൻ ഭൂഖണ്ഡത്തിൽ തായ്‌വാൻ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ഹൊമോസെക്ഷ്വൽ വിവാഹങ്ങൾ നിയമവിരുദ്ധമാണ്.

Comments