പ്രൈഡ്​ മാർച്ചിലൂടെ ക്വിയർ കമ്യൂണിറ്റിയെ ആഘോഷിക്കുന്ന കേരളം

ക്വിയർ കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനും അവരുടെ അവകാശങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി സംഘടിപ്പിക്കുന്ന പ്രൈഡ് മാര്‍ച്ചുകൾ അടക്കമുള്ള പരിപാടികൾ ഇവിടുത്തെ മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം അത്ര ചെറുതല്ല. ഓഗസ്റ്റ് - സെപ്തംബര്‍ മാസത്തിലാണ് പ്രൈഡ് മാര്‍ച്ചുകള്‍ കേരളത്തില്‍ സംഘടിപ്പിക്കാറ്​. ഈ വര്‍ഷം അത് മലപ്പുറത്താണ്.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ക്വിയര്‍ മനുഷ്യര്‍ക്ക് ഇത് മഴവില്‍ മാസമാണ്. സ്വാഭിമാനത്തിന്റെ ഏഴു വര്‍ണ്ണങ്ങള്‍ വിവിധ ലിംഗ - ലൈംഗിക സ്വത്വങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ അത് അവരുടെ അഭിമാന സൂചകങ്ങളാണ്.

സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും ഊര്‍ജ്ജസ്വലമായ ഉത്സവങ്ങള്‍ക്കുമൊപ്പം പുരോഗമന ചിന്താഗതിയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. സമീപകാലത്ത് ക്വിയര്‍ കമ്മ്യൂണിറ്റിയുടെ പ്രതീക്ഷയുടെ പ്രകാശഗോപുരമായി സംസ്ഥാനം ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ പകരുന്നതില്‍ ഓരോ പ്രൈഡ് മാസാഘോഷവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനും അവരുടെ അവകാശങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും പ്രൈഡ് മാര്‍ച്ചുകളുമെല്ലാമായി വിദേശ രാജ്യങ്ങളിലെന്ന പോലെ കേരളത്തിലും സജീവ ചര്‍ച്ചകളുണ്ടാകുമ്പോള്‍ അത് ഇവിടുത്തെ മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം അത്ര ചെറുതല്ല.

സ്റ്റോണ്‍വാള്‍ കലാപത്തില്‍ നിന്നുള്ള ചിത്രം

LGBTQIA+ അവകാശ പ്രസ്ഥാനത്തില്‍ ഒരു വഴിത്തിരിവായ 1969- ലെ സ്റ്റോണ്‍വാള്‍ കലാപത്തെ അനുസ്മരിച്ച്​ ലോകമെമ്പാടും ജൂണ്‍ ക്വിയര്‍ പ്രൈഡ് മാസമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു മാസത്തിനപ്പുറത്തേക്ക് ഈ ആഘോഷത്തെ എത്തിക്കാന്‍ LGBTQIA+ ഓര്‍ഗനൈസേഷനകള്‍ക്കും സഖ്യസംഘടനകള്‍ക്കുമൊപ്പം കേരള സര്‍ക്കാരും ശ്രമിക്കുന്നുണ്ട്. വര്‍ഷം മുഴുവനും കമ്മ്യൂണിറ്റിയെ ആഘോഷിക്കുന്ന ഒരന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് വേണം കരുതാന്‍. സര്‍ക്കാര്‍ സംവിധാനങ്ങളിലും ബജറ്റിലും മുന്‍നിര ടെലിവിഷന്‍ ചാനല്‍ പരിപാടികളിലും വാര്‍ത്തകളിലുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രകടമായി തന്നെ അതിന്റെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്.

സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് കേരളത്തിന്റെ ക്വിയര്‍ മാസാചരണം. സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, കലാ പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങളും പ്രൈഡ് മാര്‍ച്ചുകളുള്‍പ്പടെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഈ ദിനങ്ങളില്‍ ഉള്‍ക്കൊള്ളുന്നത്. കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വിനോദത്തിനുമെല്ലാം വേദി നല്‍കുന്നതിനോടൊപ്പം സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കുമിടയിലേക്കും കമ്മ്യൂണിറ്റിയെ കുറിച്ചുള്ള ധാരണയും പകരാന്‍ ഈ മാസത്തെ ആഘോഷങ്ങള്‍ക്ക് കഴിയുന്നുണ്ട്.

2022-ലെ ക്വിയര്‍ പ്രൈഡ് മാര്‍ച്ചില്‍ നിന്ന്

വിദേശ രാജ്യങ്ങളില്‍ പലയിടത്തും പ്രൈഡ് മാസത്തെ പ്രധാന ആകര്‍ഷണമായി പ്രൈഡ് മാര്‍ച്ചുകള്‍ കാലങ്ങളായി ഉണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിന് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009-ല്‍ അംഗീകാരം നല്‍കിയത് മുതലാണ് കേരളത്തില്‍ പ്രൈഡ് മാര്‍ച്ചുകള്‍ക്ക് തുടക്കം. സാധാരണ രീതിയില്‍ ജൂണിനപ്പുറം ഓഗസ്റ്റ് - സെപ്തംബര്‍ മാസത്തിലാണ് പ്രൈഡ് മാര്‍ച്ചുകള്‍ കേരളത്തില്‍ സംഘടിപ്പിക്കാറ്​. ഈ വര്‍ഷം അത് മലപ്പുറത്താണ്. വൈവിദ്ധ്യം ആഘോഷിക്കുകയും എല്ലാവര്‍ക്കും തുല്യാവകാശം ആവശ്യപ്പെടുകയും ചെയ്​ത്​ ആയിരക്കണക്കിനാളുകള്‍ ഒരുമിച്ച് മാര്‍ച്ച് ചെയ്യുമ്പോള്‍ തെരുവുകള്‍ ഊര്‍ജ്ജസ്വലമായ മഴവില്ല് പതാകകള്‍, കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍, ആഹ്ലാദകരമായ ഗാനങ്ങള്‍ എന്നിവയാല്‍ സജീവമാകും. സ്വീകാര്യതയുടേയും സ്‌നേഹത്തിന്റെയും ശക്തമായ സന്ദേശത്തോടൊപ്പം കമ്മ്യൂണിറ്റിയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ ദൃശ്യാവിഷ്‌കാരമാണ് ഓരോ പ്രൈഡ് മാര്‍ച്ചും.

ക്വിയര്‍ മാസാചരണത്തിന്റെ മറ്റൊരു പ്രധാന വശം വിദ്യാഭ്യാസത്തിനും അവബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. വര്‍ക്ക്‌ഷോപ്പുകള്‍ നയിക്കാനും നിരവധി പ്രശസ്ത ആക്ടിവിസ്റ്റുകള്‍, പണ്ഡിതന്മാര്‍ , പ്രൊഫഷണലുകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും സെഷനുകളില്‍ മിഥ്യകളെ ഇല്ലാതാക്കാനും സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കാനും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കിടയില്‍ ധാരണ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. LGBTQIA+ ചരിത്രം , ലിംഗവ്യക്തിത്വങ്ങള്‍, സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലും സ്‌കൂളുകളും കേളേജുകളും വിദ്യാര്‍ത്ഥി സംഘടനകളും സജീവമായി പങ്കെടുക്കുന്നതും വലിയ പ്രതീക്ഷയാണ്.

ക്രിയാത്മകമായ ആവിഷ്‌കാരത്തിനും കഥ പറച്ചിലിനും വേദിയൊരുക്കുന്ന ക്വിയര്‍ മാസാചരണത്തില്‍ കലകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രദേശിക തിയറ്ററുകളും ആര്‍ട്ട് ഗാലറികളും ക്വിയര്‍ വിവരണങ്ങളും അനുഭവങ്ങളും പോരാട്ടങ്ങളും പര്യവേക്ഷണം ചെയ്യുന്ന പ്രകടനങ്ങള്‍ ഒരുക്കുമ്പോള്‍ കലകളുടെ ഈ സംയോജനം LGBTQIA+ കമ്മ്യൂണിറ്റിയുടെ കഥകള്‍ സംസാരിക്കുക മാത്രമല്ല, തങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ചും സമൂഹത്തില്‍ ഇനിയും വരേണ്ട പുരോഗതിയെക്കുറിച്ചും ബോധവാന്മാരാക്കാന്‍ ഇവിടുത്തെ മനുഷ്യരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രൈഡ് മാസാചരണങ്ങള്‍ LGBTQIA+ കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരിക മാത്രമല്ല അവരുടെ ലക്ഷ്യങ്ങളെ പിന്തുക്കയ്ക്കാന്‍ പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങള്‍, ബിസിനസ്സുകള്‍ , വ്യക്തികള്‍ തുടങ്ങിയവയ്ക്കിടയില്‍ സഖ്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി പ്രവര്‍ത്തകരും സഖ്യകക്ഷികളും പൊതു ജനങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും കൂടുതല്‍ അംഗീകരിക്കപ്പെടുന്നതും ഉള്‍ക്കൊള്ളുന്നതുമായ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു റാലിയായി മാറിയിരിക്കുന്നു.

ക്വിയര്‍ മാസാചരണത്തിലൂടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരള മോഡല്‍, രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടിയുള്ള മാതൃകയാണ്. സംവാദത്തിനും വിദ്യാഭ്യാസത്തിനും ആഘോഷത്തിനുമുള്ള ഇടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ക്വിയര്‍ വിരുദ്ധ സാമൂഹിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നതിനും ഭരണകൂടവും നേതൃത്വം നല്‍കുന്നു. ഈ ശ്രമങ്ങളിലൂടെ എല്ലാ ലൈംഗിക ആഭിമുഖ്യത്തിലും ലിംഗ സ്വത്വത്തിലുമുള്ള ആളുകള്‍ക്ക് അഭിമാനത്തോടെയും അന്തസ്റ്റോടെയും തുല്യ അവകാശങ്ങളോടെയും ജീവിക്കാന്‍ ഇവിടം ഇനിയും മാറേണ്ടതുണ്ട്.

കേരളത്തിലെ ക്വിയര്‍ മാസാചരണങ്ങള്‍ ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കുന്നുണ്ട്. കമ്മ്യൂണിറ്റിയെ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ, സ്‌നേഹത്തിന്റെയും ധാരണയുടെയും ഐക്യത്തിന്റെയും ശക്തമായ സന്ദേശമാണ് കേരളം നിര്‍മ്മിക്കുന്നത് - അതിരുകള്‍ക്കുപ്പുറം പ്രതിധ്വനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സന്ദേശം.

Comments