ട്രാൻസ്​ജെൻ​ഡേഴ്​സിനെ ഇനിയും ചേർത്തുപിടിക്കാത്ത കേരളം

ട്രാന്‍സ്മാനായ പ്രവീണ്‍ നാഥിന്റെ മരണത്തോടെ കേരളീയ പൊതുസമൂഹം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് സ്വീകരിക്കുന്ന സമീപനങ്ങളെക്കുറിച്ച് ചര്‍ച്ചകളുയരുകയാണ്. നമ്മുടെ ഭരണകൂട സംവിധാനങ്ങളും കുടുംബങ്ങളടക്കമുള്ള സാമൂഹിക വ്യവസ്​ഥകളും ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ ചേർത്തുപിടിക്കും വിധം വളര്‍ന്നിട്ടുണ്ടോ? ട്രാൻസ്​ ആക്​റ്റിവിസ്​റ്റുകളുടെ ജീവിതം മുൻനിർത്തി അന്വേഷണം.

“ചെറുപ്പം മുതലേ പെൺകുട്ടികളോട് കൂട്ടുകൂടാനും അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഇടാനുമായിരുന്നു എനിക്കിഷ്ടം. നാടകത്തിലൊക്കെ പങ്കെടുമ്പോൾ ഞാൻ എപ്പോഴും സ്ത്രീ​വേഷങ്ങളാണ് ചെയ്തിരുന്നത്. എന്നാൽ എന്നെ ഒരു ആൺകുട്ടിയായി മാത്രം കണ്ടിരുന്ന രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും എന്റെ ട്രാൻസ് സ്വത്വം മനസ്സിലാക്കാനോ പിന്തുണക്കാനോ കഴിഞ്ഞിരുന്നില്ല. ഞാൻ സ്​ത്രൈണഭാവം പ്രകടിപ്പിക്കുമ്പോഴെല്ലാം ഇവരെല്ലാവരും ചേർന്ന് എന്നെ കളിയാക്കുമായിരുന്നു. ഇവർക്കൊരിക്കലും എന്നെ തിരിച്ചറിയാൻ കഴിയില്ലെന്ന് അന്നുതൊട്ടേ ഞാൻ മനസ്സിലാക്കിയിരുന്നു. പരിഹാസങ്ങൾ കൂടിവന്നതോടെ ഞാനെന്താണ് ഇങ്ങനെ എന്ന്​ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. ജോലിക്ക്​ മംഗലാപുരത്ത് വന്നപ്പോഴാണ് ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളെ കിട്ടുന്നതും അവരുമായി അനുഭവം പങ്കുവെക്കാൻ കഴിയുന്നതും. പതിയെ ഞാനെന്റെ ഐഡന്റിറ്റി തിരിച്ചറിയുകയും സർജറിയിലൂടെ ട്രാൻസ് വുമണായി മാറുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അച്ഛനും അമ്മയും മരിച്ചിരുന്നു. ഇന്ന് ഒരു ട്രാൻസ് ജെൻഡർ സംരംഭക എന്ന നിലയിൽ എനിക്ക് പേരും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബാംഗങ്ങളൊക്കെ വിളിച്ച് വീട്ടിലേക്ക് വരാനൊക്കെ പറയാറുണ്ട്. പക്ഷേ എനിക്ക് ആ ക്ഷണം സ്വീകരിക്കാൻ കഴിയാറില്ല. കാരണം, അവരുടെ പിന്തുണ വേണ്ടിയിരുന്ന എത്രയോ സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും എന്നെ അംഗീകരിക്കാനോ ഒപ്പം കൂട്ടാനോ അവർക്ക് കഴിഞ്ഞിട്ടില്ല”

വീട്ടുകാരെയും നാട്ടുകാരെയും ഭയന്ന് കുറെ വർഷം ട്രാൻസാണെന്ന സ്വത്വം ഒളിപ്പിച്ച് ജീവിക്കേണ്ടി വന്നതിനെക്കുറിച്ചാണ് സംരംഭകയും ട്രാൻസ് വുമണുമായ തൃപ്തി ഷെട്ടി പറയുന്നത്. ട്രാൻസ് ജെൻഡർ എന്ന സംജ്​ഞ പരിചിതമായിട്ടുണ്ടെങ്കിലും അവരെക്കൂടി ഉൾക്കൊള്ളാവുന്ന രീതിയിൽ മുഖ്യധാരാ സമൂഹത്തിന്റെ മാനസിക വളർച്ച പാകമായിട്ടില്ലെന്നത് ഒരു യാഥാർഥ്യമാണ്. സാമൂഹിക തിരസ്‌കാരവും വിവേചനവും ഭയന്ന് സ്വത്വം വെളിപ്പെടുത്താനാകാത്ത ട്രാൻസ്‌ജെൻഡർമാരുടെ സമൂഹമാണ്​ ഇന്ത്യ എന്ന്​ നീതുനായിക്കിന്റെ Transgenderism in India: Insights from current census എന്ന ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്​. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ട്രാൻസ്‌ജെഡർമാരെക്കുറിച്ച് രാജ്യത്ത് ആദ്യമായി നടത്തിയ പഠനത്തിൽ, രണ്ട് ശതമാനത്തിൽ താഴെയുള്ള ട്രാൻസ് വ്യക്തികൾക്കുമാത്രമേ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തിൽ ആദ്യമായി ട്രാൻസ് ജെൻഡേഴ്‌സ് മാത്രം അഭിനയിച്ച ‘പറയാൻ മറന്ന കഥകൾ' എന്ന നാടകത്തിലെ രംഗം photo: Dhwayah arts and charitable society / facebook page

ട്രാൻസാണെന്ന് വെളിപ്പെടുത്തുന്നതിലൂടെ പലരും വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ വീടുപേക്ഷിക്കാൻ നിർബന്ധിതരാവുകയോ ചെയ്യും. കുടുംബങ്ങളാണ്​ ഇവർക്കെതിരായ വിവേചനത്തിന്റെയും തിരസ്​കാരത്തിന്റെയും ആദ്യ ഇടമെന്ന്​ പഠനം വ്യക്തമാക്കുന്നു. ട്രാൻസ് ജെൻഡർമാർക്ക് ദേശീയ നയം വേണമെന്നും ട്രാൻസ് കുട്ടികളെ നിരസിക്കുന്ന മാതാപിതാക്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ പഠനത്തിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

അച്​ഛന്റെ മരണാനന്തര ചടങ്ങിൽനിന്ന്​
ഒഴിവാക്കപ്പെട്ട നേഹ

ട്രാൻസാണെന്ന് വെളിപ്പെടുത്തുന്നതിലൂടെ വീട്​ ഒരു തടവുമുറിയായി മാറുകയാണ് പതിവെന്ന് നിരവധി ട്രാൻസ്‌ജെൻഡർമാർ വെളിപ്പെടുത്തിയിട്ടുണ്ട്​. ട്രാൻസായ മക്കളെ തിരിച്ചറിഞ്ഞ്​ അവർക്കൊപ്പം നിൽക്കാൻ മാതാപിതാക്കൾക്ക് സാധിക്കാറില്ല. പകരം, നിരന്തരം വാക്കാലുള്ള അധിക്ഷേപങ്ങളിലൂടെയും ശാരീരികാക്രമണങ്ങളിലൂടെയും സമൂഹം കൽപിച്ചുനൽകിയ ‘നല്ല നടപ്പുകളിലേക്ക്' ഇവരെ ഉൾച്ചേർക്കാൻ ശ്രമം നടക്കും. ട്രാൻസ് സ്വത്വത്തെ ശാരീരിക- മാനസിക വൈകല്യമായാണ്​ ഇന്നും നമ്മുടെ കുടുംബസംവിധാനം സമീപിക്കുന്നത്​. പൊതുസമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുകയും ഇടമുറപ്പിക്കുകയും ചെയ്​ത വ്യക്തികൾക്കുപോലും ഇത്തരം വിവേചനങ്ങളും തിരസ്​കാരങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്നത്​ ഞെട്ടിപ്പിക്കുന്ന സത്യമായി അവശേഷിക്കുന്നു. അത്തരം ചില തുറന്നപറച്ചിലുകൾ കേൾക്കൂ​.

നേഹ

ട്രാൻസാണെന്ന് തുറന്നുപറഞ്ഞതുമുതൽ നേരിട്ട ക്ഷോഭജനകമായ അനുഭവങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരജേതാവും ട്രാൻസ് വുമണുമായ നേഹ ട്രൂ കോപ്പി വെബ്​സീനുമായി പങ്കിട്ടു​: ‘‘പബ്ലിക്​ ബസ്​ പോലുമില്ലാത്ത ഒരു കുഗ്രാമത്തിലാണ് ഞാൻ വളർന്നത്. രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരിക്കലും എന്റെ ട്രാൻസ് സ്വത്വം അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ട്രാൻസാണെന്നതിന്റെ പേരിൽ അച്ഛൻ എപ്പോഴും എന്നെ തല്ലാറുണ്ടായിരുന്നു. കുറേ കാലത്തെ വീട്ടുതടങ്കലും പീഡനങ്ങളും സഹിക്കവയ്യാതെയാണ് ഞാൻ വീടുവിട്ടിറങ്ങുന്നത്. ഇതുപോലെ ടോക്‌സിക്കായ രക്ഷിതാക്കളിൽ നിന്ന് ഓടിപ്പോയ നിരവധി ട്രാൻസ്‌ജെൻഡർമാരെ എനിക്ക് പരിചയമുണ്ട്. ട്രാൻസ് കുട്ടികൾ ഒരിക്കലും അവരുടെ രക്ഷിതാക്കൾക്കിടയിൽ സേഫ്​ അല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. കാരണം, സമൂഹത്തിനെയും കുടുബത്തെയും ഭയന്ന് ട്രാൻസ് കുട്ടികളെ കൊല്ലാൻ വരെ ഇവർ മടിക്കില്ല. ട്രാൻസ് വുമൺ എന്ന രീതിയിൽ ഇപ്പോഴും എന്റെ കുടുംബം എന്നെ അംഗീകരിച്ചിട്ടില്ല. മൂന്നുമാസം മുമ്പാണ് എന്റെ അച്ഛൻ മരിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാൻ എന്നെ കുടുംബം അനുവദിച്ചില്ല. നാട്ടുകാരുടെയും കുടുംബക്കാരുടെയും കളിയാക്കലും ഒറ്റപ്പെടുത്തലും ഭയന്ന് എന്റെ അമ്മയും സഹോദരിയും എന്നോട് ചടങ്ങിൽ പങ്കെടുക്കരുതെന്ന് അപേക്ഷിച്ചിരുന്നു. ട്രാൻസ് വ്യക്തിയായതോടെ അവർക്കിടയിൽ ഞാൻ ആരുമല്ലാതായിരിക്കുന്നു. ഞാൻ കുട്ടിക്കാലത്തൊക്കെ സ്ഥിരമായി പോകാറുണ്ടായിരുന്ന നാട്ടിലെ അമ്പലത്തിലേക്ക് കഴിഞ്ഞ മാസം പോയിരുന്നു. അവിടെ പോലും ഭയത്തോടെയല്ലാതെ ഒരു നിമിഷം എനിക്ക് നിൽക്കാനായില്ല. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന് ഭീതി എന്നിലുണ്ടായിരുന്നു. അത്രത്തോളം ഭീഷണികളും മാനസിക ആഘാതങ്ങളുമാണ് എനിക്ക് നാട്ടിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളത്’’- ഇത്തരം സന്ദർഭത്തിൽ ഖാലിദ് ഹൊസ്സേനിയെപോലുള്ള രക്ഷിതാക്കളും അവർ മക്കൾക്ക് നൽകുന്ന പിന്തുണയും സ്വാഗതാർഹമാണന്നും മറ്റുള്ളവരും ഇത് പിന്തുടരണമെന്നും നേഹ പറഞ്ഞു.

‘‘ട്രാൻസാണെന്നതിന്റെ പേരിൽ അച്ഛൻ എപ്പോഴും എന്നെ തല്ലാറുണ്ടായിരുന്നു. കുറേ കാലത്തെ വീട്ടുതടങ്കലും പീഡനങ്ങളും സഹിക്കവയ്യാതെയാണ് ഞാൻ വീടുവിട്ടിറങ്ങുന്നത്. ഇതുപോലെ ടോക്‌സിക്കായ രക്ഷിതാക്കളിൽ നിന്ന് ഓടിപ്പോയ നിരവധി ട്രാൻസ്‌ജെൻഡർമാരെ എനിക്ക് പരിചയമുണ്ട്.’’

ഒളിവിൽ പാർപ്പിക്കേണ്ടിവന്ന
സ്വത്വവുമായി തൃപ്​തി ഷെട്ടി

“സമൂഹത്തെയും കുടുംബാംഗങ്ങളെയും ഭയന്നാണ് രക്ഷിതാക്കൾക്ക് അവരുടെ ട്രാൻസായ മക്കളെ തിരസ്​കരിക്കേണ്ടിവരുന്നത്​. പഞ്ചാബിലൊക്കെ ഇപ്പോഴും ഇന്റർ സെക്‌സായിട്ടുള്ള കുഞ്ഞുങ്ങളെ ജനിച്ചയുടൻ ട്രാൻസ് വുമൺസിന് നൽകുകയാണ് ചെയ്യുന്നത്. ട്രാൻസ് ജെൻഡറുകളെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തത് പ്രധാന പ്രശ്‌നമാണ്. നമ്മൾ സാധാരണ കണ്ടുവരുന്ന ആൺ- പെൺ ലിംഗങ്ങൾക്കപ്പുറം ട്രാൻസെന്ന ഒരു വ്യക്തിത്വമുണ്ടെന്ന്​ ഓരോരുത്തരും അംഗീകരിക്കാൻ തയ്യാറാകണം. എന്റെ ഭർത്താവിന്റെ അമ്മ ഇപ്പോഴും അദ്ദേഹത്തിന്റെ ട്രാൻസ് ഐഡന്റിറ്റിയെ അംഗീകരിച്ചിട്ടില്ല. പക്ഷേ ഇന്നല്ലെങ്കിൽ നാളെ അമ്മ തന്നോട് മിണ്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം കഴിയുന്നത്​’’- തൃപ്​തി ഷെട്ടി വെബ്​സീനിനോട്​ പറഞ്ഞു.

ട്രാൻസ് ദമ്പതികളായ തൃപ്തി ഷെട്ടിയും ഹൃത്വിക്കും

ട്രാൻസ്‌ജെൻഡേഴ്‌സിനെ കുടുംബങ്ങളിൽ നിന്ന് മാറ്റിനിർത്തേണ്ട ഒരു ആവശ്യവുമില്ലെന്നും പകരം തലമുറകളായി തുടരുന്ന പഴകിയ ലിംഗബോധങ്ങളെയാണ് തിരുത്തേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ട്രാൻസിനെ ഒരു മാനസിക പ്രശ്​നമായി കണ്ട
സൂര്യ ഇഷാന്റെ കുടുംബം

ട്രാൻസ്‌ജെൻഡർസിന് ദൃശ്യപരത ഇല്ലാതിരുന്ന 2000ത്തിൽ ട്രാൻസ് വ്യക്തിത്വം വെളിപ്പെടുത്തിയതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് നടിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ സൂര്യ ഇഷാൻ പറഞ്ഞത്​:

സൂര്യ ഇഷാൻ

‘‘അന്ന് എന്റെ സ്വത്വത്തെക്കുറിച്ച് വീട്ടുകാർക്ക് പറഞ്ഞുകൊടുക്കാൻ ഒരു പേരുണ്ടായിരുന്നില്ല. ഞാനൊരു പെണ്ണിനെ പോലെയാണെന്നാണ് അന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞത്. പക്ഷേ വീട്ടുകാർക്ക് ഒരിക്കലും അതിനെ മനസ്സിലാക്കാനാകുമായിരുന്നില്ല. ഇതൊരു മാനസിക പ്രശ്‌നമാണെന്ന രീതിയിലാണ് അവർ പ്രതികരിച്ചത്. മതപരവും ജാതിപരവുമായ കാരണങ്ങളെല്ലാം ട്രാൻസ് വ്യക്തികളെ അംഗീകരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുരുഷത്വപരമായ ഭാവങ്ങൾ വേണ്ട ഒരാൾ ഫെമിനിറ്റി പ്രകടിപ്പിക്കുന്നതിനെ ഒരിക്കലും പുരുഷാധിപത്യപരമായ ഒരു സമൂഹത്തിന് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നതും മറ്റൊരു യാഥാർഥ്യമാണ്. ട്രാൻസ് വ്യക്തികൾ കുടുംബങ്ങളിലുണ്ടാകുന്നത് നാണക്കേടാണെന്ന പൊതു ബോധത്തിൽ നിന്നാണ് നമ്മൾ ആദ്യം പുറത്തുവരേണ്ടത്.’’

‘‘എന്നെ ഒരു ആൺകുട്ടിയായി മാത്രം കണ്ടിരുന്ന രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും എന്റെ ട്രാൻസ് സ്വത്വം മനസ്സിലാക്കാനോ പിന്തുണക്കാനോ കഴിഞ്ഞിരുന്നില്ല. ഞാൻ സ്​ത്രൈണഭാവം പ്രകടിപ്പിക്കുമ്പോഴെല്ലാം ഇവരെല്ലാവരും ചേർന്ന് എന്നെ കളിയാക്കുമായിരുന്നു’’

ഹെയ്​ദി സാദിയ ഇപ്പോഴും
കുടുംബത്തിനുപുറത്താണ്​

കുടുംബങ്ങളുടെ വിദ്യാഭ്യാസ നിലവാരവും പ്രിവിലേജുമൊന്നും ട്രാൻസ് വ്യക്തികളെ അംഗീകരിക്കുന്നതിന്റെ മാനദണ്ഡമല്ലെന്നാണ് മാധ്യമപ്രവർത്തകയും ട്രാൻസ്‌മോഡലുമായ ഹെയ്ദി സാദിയ നഫീസത്ത് പറയുന്നത്:

ഹെയ്ദി സാദിയ നഫീസത്ത്

‘‘ഇന്ന് ട്രാൻസ്​ വ്യക്തികളെ അംഗീകരിക്കുന്ന, അവരുടെ ഐഡന്റിറ്റിയിൽ അഭിമാനം കൊള്ളുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. അതൊരു പുരോഗമനപരമായ മാറ്റമാണ്. പക്ഷേ വിദ്യാഭ്യാസപരമായും മറ്റും ഏറെ മുന്നിൽ നിൽക്കുന്ന എന്റെ കുടുംബത്തിന് എന്റെ ട്രാൻസ് സ്വത്വത്തെ ഇപ്പോഴും അംഗീകരിക്കാനായിട്ടില്ലെന്നത് നിരാശാജനകമാണ്. സോഷ്യൽ സ്​റ്റിഗ്മ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഭീഷണി പേടിച്ചാണ് രക്ഷിതാക്കൾ ട്രാൻസായ മക്കളെ തള്ളിപ്പറയാൻ നിർബന്ധിതരാവുന്നത്’’- ഈ സ്ഥിതി ആവർത്തിക്കാതിരിക്കാൻ ട്രാൻസ്​ വ്യക്തികളെ കുടുംബങ്ങളിൽനിന്ന് പുറത്താക്കുന്നതിനെതിരെ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഹെയ്ദി അഭിപ്രായപ്പെട്ടു.

‘‘വിദ്യാഭ്യാസപരമായും മറ്റും ഏറെ മുന്നിൽ നിൽക്കുന്ന എന്റെ കുടുംബത്തിന് എന്റെ ട്രാൻസ് സ്വത്വത്തെ ഇപ്പോഴും അംഗീകരിക്കാനായിട്ടില്ലെന്നത് നിരാശാജനകമാണ്. സോഷ്യൽ സ്​റ്റിഗ്മ തന്നെയാണ് ഇതിന്റെ പ്രധാന കാരണം’’

സദാചാര പേരൻറിംഗി​ന്റെ
പ്രശ്​നങ്ങൾ

ട്രാൻസ് സ്വത്വം വെളിപ്പെടുത്തുന്നതിലൂടെ രക്ഷിതാക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകൾ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ചെറുപ്പം മുതലേ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന കഠിനമായ മാനസിക ഒറ്റപ്പെടൽ ചുറ്റുമുള്ളവരോട് പങ്കുവെക്കപ്പെടാതെ അവശേഷിക്കാറാണ് പതിവെന്ന്​ കേരള സർവകലാശാലയിലെ സൈക്കോളജി അസിസ്റ്റൻറ്​ പ്രൊഫസർ ഡോ. റ്റിസി മറിയം തോമസ് അഭിപ്രായപ്പെടുന്നു: ‘‘അന്യമായ ശരീരത്തിൽ പെട്ടുപോയ മനസ്സിനെ തിരിച്ചറിയാനും, സ്വന്തം ശരീരവും മനസ്സും ഒന്നാക്കാനുമുള്ള ട്രാൻസ് ജെൻഡർമാരുടെ ഉദ്യമത്തിന് വളരെയധികം പിന്തുണ വേണ്ടതുണ്ട്. എന്നാൽ, അതിൽനിന്ന് തികച്ചും വ്യത്യസ്തമായി, എല്ലാ തരത്തിലുമുള്ള പീഡനങ്ങളും അതിക്രമങ്ങളുമാണ് ഇവർ വീടുകളിലും സമൂഹത്തിലും അനുഭവിക്കുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും ഇഷ്ടമുള്ളവരോട് കൂട്ടുകൂടാനും താല്പര്യമുള്ള കോഴ്‌സ് പഠിക്കാനും ജോലി ചെയ്യാനുമൊന്നും ആണുങ്ങളെയോ പെണ്ണുങ്ങളെയോ പോലെ ഇവർക്ക് കഴിയുന്നില്ലെങ്കിൽ അത് ആത്മഹത്യാപരമാണ്. മാനസികാരോഗ്യ- ആസക്തി സംബന്ധമായ പ്രശ്‌നങ്ങളും അവയുണ്ടാക്കുന്ന പൊരുത്തക്കേടുകളുമെല്ലാം സൃഷ്ടിക്കുന്ന ആശങ്കകളെ ശരിയായ രീതിയിൽ മനസിലാക്കാൻ ഇവർക്ക് കഴിയാറില്ല. തുറന്ന വ്യക്തിബന്ധങ്ങളും ട്രാൻസ് കമ്മ്യൂണിറ്റിയുടെ നിരന്തര പിന്തുണയുമാണ് ട്രാൻസ്ജെൻഡർ വ്യക്തികളെ വിവേചനങ്ങളിൽ നിന്നും ഒരു പരിധിവരെ സംരക്ഷിച്ചുനിർത്തുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യയും കൊലപാതകങ്ങളും അവരുടെ പൊരുത്തപ്പെടലിന്റെ മാത്രം പ്രശ്‌നമല്ല. പക്ഷപാതരഹിതമായി ഒന്നിച്ചുനിൽക്കേണ്ട ഒരു ജൻഡർ വിഷയത്തിൽ നമ്മളെല്ലാവരും ട്രാൻസ്ജെൻഡർ വ്യക്തികളെ മാത്രം അനീതിയോടെ ഒറ്റപ്പെടുത്തുന്നുവെന്നാണ് ഇവിടെ മനസ്സിലാക്കേണ്ടത്.’’

ഡോ. റ്റിസി മറിയം തോമസ്

‘‘മാതാപിതാക്കളും മക്കളും തമ്മിലുള്ള പരസ്പരപൂരക ബന്ധമാണ് നമ്മുടെ സംസ്‌കാരം പൊതുവെ ശീലിച്ചിട്ടുള്ളത്. പഴയ തലമുറയിൽ നിന്ന്​ തികച്ചും രൂപാന്തരം സംഭവിച്ച പുതിയ തലമുറയെ പേരൻറ്​ ചെയ്യുമ്പോൾ സംക്രമിക്കുന്ന ജീവിതമൂല്യങ്ങൾ, കുട്ടികളുടെ ജീവിതകാഴ്ചപ്പാടുകളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. രക്ഷിതാക്കൾക്കറിയാവുന്നതും ശീലിച്ചതുമായ സദാചാര രീതികളുടെ അളവുകോലാണ് പേരൻറിങ്ങിന് ഇപ്പോഴും കൈത്താങ്ങാവുന്നത്. തങ്ങൾക്ക് സാധിക്കാതിരുന്ന ജീവിതം സ്വന്തം മക്കളിലൂടെ ജീവിക്കാനും അതുവഴി സ്വന്തം പ്രതീക്ഷകൾ സാക്ഷാത്കരിക്കാനും മാതാപിതാക്കൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കുടുംബത്തിന്റെ യശസ്സും പേരും ഉയർത്തിപ്പിടിക്കാൻ വീട്ടിലെ ആൺകുട്ടിയോട് ആദരവും പ്രതീക്ഷയും കലർന്ന മുൻഗണനയാണ് വേണ്ടതെന്ന് വിശ്വസിക്കുന്നു. നിലനിൽക്കുന്ന സാമൂഹ്യമാതൃകകൾക്കുപിറകെ പോകാനുള്ള വെമ്പലും വെപ്രാളവും പലപ്പോഴും, മാനുഷിക മൂല്യങ്ങളെയും സ്വന്തം മക്കളുടെ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും അവഗണിക്കാൻ കാരണമാകുകയും ചെയ്യുന്നു. അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളോട് തുറന്ന മനോഭാവവും ചിന്താഗതിയും പുലർത്തുന്ന രക്ഷിതാക്കൾക്ക്​ വേണ്ട വിധം ശ്രദ്ധയോ അംഗീകാരമോ ലഭിക്കാറില്ല. കൂടാതെ, ജൻഡർ വിഷയങ്ങളെ മനസ്സിലാക്കുന്നതിലും സംശോധന ചെയ്യുന്നതിലും ആവശ്യമായ പിന്തുണയോ വ്യക്തതയോ പൊതുസമൂഹത്തിൽ നിന്ന്​ രക്ഷിതാക്കൾക്ക് ലഭിക്കുന്നതുമില്ല. ട്രാൻസ് ജൻഡറാകുന്ന മക്കളെ അംഗീകരിക്കുന്ന രക്ഷിതാക്കളെയോ അവരുടെ കുടുംബവിഷയങ്ങളോ ചുറ്റും കാണാനും അനുഭവിക്കാനും രക്ഷിതാക്കൾക്ക് കഴിയുന്നില്ല എന്നതും പ്രധാന പരിമിതിയാണ്. രക്ഷിതാക്കളുടെ ഇഷ്ടങ്ങളെ സ്വന്തം ജീവിതമൂല്യങ്ങളാക്കി പാരമ്പര്യ കുടുംബശീലങ്ങൾ പിന്തുടരുകയും അവയെ അതേപടി മാതൃകയാക്കുകയുമാണ് ചെയ്യേണ്ടതെന്നുളള സാമൂഹ്യ സമ്മർദ്ദം മക്കളുടെ സ്വതന്ത്രചിന്തകൾക്ക് തടസ്സമാവുന്നു. മുതിർന്നവരുടെ, രക്ഷിതാക്കളെന്ന നിലയിലുള്ള വളർച്ചയില്ലായ്മ കൂടിയാണ് ഇത്തരം നവീകരിക്കപ്പെടാത്ത ചിന്തകൾക്ക് മറ്റൊരു കാരണം’’, ഡോ. റ്റിസി മറിയം തോമസ് പറഞ്ഞു.

‘‘ട്രാൻസ് ജൻഡറാകുന്ന മക്കളെ അംഗീകരിക്കുന്ന രക്ഷിതാക്കളെയോ അവരുടെ കുടുംബവിഷയങ്ങളോ ചുറ്റും കാണാനും അനുഭവിക്കാനും രക്ഷിതാക്കൾക്ക് കഴിയുന്നില്ല എന്നതും പ്രധാന പരിമിതിയാണ്.’’

ട്രാൻസ്‌ജെൻഡർമാരുടെ
സ്വന്തം ഇടങ്ങൾ

സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ടിറങ്ങേണ്ടിവരുന്ന ട്രാൻസ്‌ജെൻഡർമാർ അംഗീകരിക്കപ്പെടുകയും ചേർത്തുനിർത്തപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആത്യന്തികമായി അവരെ പിന്തുണക്കുകയും ഒപ്പം നിർത്തുകയും ചെയ്യുന്ന ഇടങ്ങൾ വർധിപ്പിച്ചെടുക്കേണ്ടത് പ്രധാനമാണ്.

ട്രാൻസ് ജെൻഡർമാരുടെ ഉന്നമനത്തിനും കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ട്രാൻസ്‌ജെൻഡർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആർട്‌സ് ആൻഡ് ചാരിറ്റബിൽ സൊസൈറ്റിയാണ് ‘ധ്വയ’. സംഘടനയുടെ കീഴിൽ ട്രാൻസ് വ്യക്തികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്​ പരിശീലനം നടത്താറുണ്ട്. ട്രാൻസ് ജെൻഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രകിയക്കും സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങളും സംഘടനയുടെ കീഴിൽ നൽകുന്നു. ഫാഷൻ മേഖലയിൽ ട്രാൻസ് പങ്കാളിത്തം വർധിപ്പിക്കാൻ സംഘടനയുടെ നേതൃത്വത്തിൽ ‘ക്വീൻ ഓഫ് ധ്വയ', ട്രാൻസ് ജെൻഡർ നാടകസമിതിയായ ‘മഴവിൽ ധ്വനി' തുടങ്ങിയവ രൂപീകരിച്ചതായി ‘ധ്വയ’ പ്രസിഡൻറ്​ സൂര്യ ഇഷാൻ പറഞ്ഞു. കേരളത്തിൽ ആദ്യമായി ട്രാൻസ് ജെൻഡേഴ്‌സ് മാത്രം അഭിനയിച്ച ‘പറയാൻ മറന്ന കഥകൾ' എന്ന നാടകവും സമിതി അവതരിപ്പിച്ചിരുന്നു. സാമൂഹിക - സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ച് പൊതുഇടങ്ങളിൽ ട്രാൻസ് പ്രാതിനിധ്യം വർധിപ്പിക്കാനാണ് ‘ധ്വയ’ ശ്രമിക്കുന്നത്.

മഴവിൽ ധ്വനിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'പറയാൻ മറന്ന കഥകൾ' എന്ന നാടകത്തിലെ രംഗം /Kerala Arts and Crafts Village- facebookpage

ജന്മവീട് വിട്ടിറങ്ങിപ്പോകേണ്ടി വരുന്ന ട്രാൻസ്ജൻഡറുകൾക്ക് സമാന്തര കുടുംബങ്ങളാണ് ഖരാനകൾ. ഇന്ത്യയിലും മറ്റു ചില അയൽരാജ്യങ്ങളിലും ഈ സമ്പ്രദായം ഇന്നും തുടരുന്നു. ഇന്ത്യയിലെ ഖരാനകൾ സ്വന്തം വീടിനു തുല്യമായാണ് ട്രാൻസ്‌ജെൻഡറുകൾക്കുവേണ്ടി പ്രവർത്തിക്കുന്നത്. വീട്ടിൽ നിന്നിറങ്ങിപ്പോകേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾ ഖരാനകളിൽ ആദ്യമായി എത്തുമ്പോൾ അവർ അവിടെ ചേല എന്ന സ്ഥാനത്താണുണ്ടാവുക. ഒരു ഖരാനയിൽ ഒന്നിലധികം ഗുരുക്കളുണ്ട് . ആ ഗുരുക്കൾക്ക് മേലെയാണ് നായക്. ആകെയുള്ള ഏഴു ഖരാനകൾ അങ്ങനെ ഏഴു നായക്കുകളുടെ പരമാധികാരത്തിലാണ് പ്രവർത്തിക്കുന്നത്. ജമാത്ത് എന്ന നിയമസമ്പ്രദായവും ഖരാനകൾക്കുണ്ട്. ഖരാനയിലെ ഒരു ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച്​ അവർ ട്രാൻസ് ജെൻഡറുകളുടെ സാമൂഹ്യവത്കരിക്കരണ പ്രക്രിയ മനസ്സിലാക്കിയെടുക്കുന്നതായി ഖരാനകളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. റ്റിസി മറിയം പറഞ്ഞു. സംസാരത്തിലും വേഷവിധാനത്തിലും പെരുമാറ്റത്തിലും മൂല്യസംസ്‌കരണത്തിലും പരമ്പരാഗതരീതികളെ അവർ ഗുരുവിലൂടെ സ്വായത്തമാക്കിയെടുക്കുന്നു. മാനസികവും സാമൂഹികവുമായ പൊരുത്തപ്പെടലുകൾ സുഗമമാക്കാനും അപരിചിതമായ പുതിയ ലോകത്തെ മനസ്സിലാക്കാനും ഖരാനയിലെ പരിശീലനം അവരെ പ്രാപ്തരാക്കുന്നു. കേരളത്തിൽ ട്രാൻസ്ജെൻഡറുകൾ ഖരാനകളുടെ നിയമങ്ങൾക്കനുസൃതമായുള്ള സമ്പ്രദായങ്ങളെ കർശനമായി അനുശാസിക്കുന്നില്ലെങ്കിലും, ജൻഡർ അഫർമേഷൻ സർജറിക്കുശേഷമുള്ള ‘ജൽസ’ പോലെയുള്ള ആഘോഷങ്ങൾ പിന്തുടരുക വഴി സാമ്പ്രദായികരീതികളെ അവർ അംഗീകരിക്കുന്നുണ്ട്. എങ്കിലും ഖരാനയിലെ ജമാത്തിന്റെ നിയമബദ്ധതയെ മലയാളികളായ ട്രാൻസ്ജെൻഡർ വ്യക്തികൾ അത്ര കണിശതയോടെ പിന്തുടരുന്നില്ലെന്നു വേണം മനസ്സിലാക്കാൻ. ഖരാനയിലെ ജീവിതം അവരെ തമ്മിൽത്തമ്മിൽ ഗാഢബന്ധമുള്ളവരാക്കുന്നു, ഒരു പക്ഷേ സ്വന്തം കുടുംബാംഗങ്ങളോടുള്ള പ്രതിപത്തിയേക്കാൾ കൂടുതൽ കമ്മ്യൂണിറ്റിയിലെ ഉറ്റവരോട് മാനസികമായി പങ്കുചേരാൻ സഹായിക്കുകയും ചെയ്യുന്നു.

ട്രാൻസ് ജെൻഡറുകൾക്ക്
​നിയമപരിരക്ഷ അനിവാര്യം

ട്രാൻസ് ജെൻഡർമാരോടുള്ള മനോഭാവങ്ങളിൽ മാറ്റം വരുത്താൻ ദീർഘകാല പദ്ധതികൾ ആരംഭിക്കണമെന്നും കാലങ്ങളായി പിന്തുടരുന്ന പൊതുബോധം തിരുത്താൻ അടിത്തട്ടിൽ നിന്ന്​ മാറ്റം തുടങ്ങണമെന്നും ട്രാൻസ്‌വ്യക്തികൾ ആവശ്യപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ ​ക്രോഡീകരിക്കാം:

photo: Rise Up Forum,facebookpage

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഈ വർഷത്തെ സ്വാഭിമാന മാസാഘോഷ പരിപാടികൾ പതിവിലും വിപുലമായി കലാലയങ്ങളിലും പൊതുസമൂഹത്തിലും കൊണ്ടാടപ്പെട്ടത് ട്രാൻസ് കമ്യൂണിറ്റികൾ അംഗീകരിക്കപ്പെടുന്നുവെന്നതിന്​ തെളിവാണ്​. മുമ്പ്​, അദൃശ്യരാക്കപ്പെട്ട നിരവധി മേഖലകളിൽ ഇവർ ദൃശ്യരായതോടെ സൗഹൃദക്കൂട്ടങ്ങളിലും സമൂഹമാധ്യമങ്ങളിലും കുടുംബവേദികളിലും ഇവർ കൂടുതൽ സ്വീകാര്യരായി. അവരെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന തമാശകൾ, വിവേചനപരമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് പൊതുവിൽ കൂടി വന്നു. എന്നാൽ ആൺ- പെൺ തുല്യതയുടെ കാര്യത്തിൽ ഇപ്പോഴും പുറകിൽ നിൽക്കുന്ന കേരളത്തിന്റെ പൊതുമനസ്ഥിതി, ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ഡോ. റ്റിസി മറിയം തോമസ് പറയുന്നു: ‘‘പൊതുവേദികളിലും പൊതുനിരത്തുകളിലും LGBTQIA+ സുഹൃത്തുക്കൾക്കും കമ്യൂണിറ്റിക്കും പിന്തുണ കൊടുക്കുമ്പോൾ തന്നെ, സ്വന്തം കുടുംബത്തിനകത്തെ LGBTQIA+ ബന്ധുക്കളോട് അകൽച്ചയും ശത്രുതയും പാലിക്കുന്നതും കാണാറുണ്ട്. പരസ്യവും രഹസ്യവുമായ നിലപാടുകളുടെ ഈ ഇരട്ടത്താപ്പ് സംഭവിക്കുന്നത്, നമ്മുടെ കുടുംബങ്ങൾ ഇപ്പോഴും അടഞ്ഞതുകൊണ്ടും മാറ്റങ്ങൾക്കു വിധേയമാകാതെ നിലകൊള്ളുന്നതു കൊണ്ടുമാണ്. ഈ വിഷയത്തെ വ്യക്തമായി മനസ്സിലാക്കുകയും നിലപാടെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എത്രയധികം മുഖ്യധാരാ ചർച്ചകളിലേക്കും ദൃശ്യതയിലേക്കും കൊണ്ടുവരുന്നോ അത്രയും വേഗം രക്ഷിതാക്കൾ ഉൾപ്പെട്ട കുടുംബാംഗങ്ങൾ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയെയും ആണല്ലാത്ത എല്ലാ ജൻഡറുകളെയും വിശാലമായ മാനുഷിക മൂല്യങ്ങളോടെ അംഗീകരിക്കും. സാമ്പ്രദായിക ആൺകോയ്മാ മൂല്യങ്ങൾ മുന്നോട്ടു വെക്കുന്ന അസമത്വവും അതുമൂലമുണ്ടാവുന്ന അനീതിയും മാറിത്തുടങ്ങിയാലേ മനോഭാവ പരിവർത്തനത്തിന് കുടുംബങ്ങളിൽ തുടക്കം കുറിക്കാനാവൂ. അതിനോടൊപ്പം, ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനാവശ്യമായ നിയമാവബോധവും, വേണ്ടിവന്നാൽ നിയമഭേദഗതിയും നടപ്പാക്കേണ്ടതുണ്ട്.’’

വളർച്ചാഘട്ടത്തിൽ കുറച്ചുകഴിഞ്ഞാവും കുട്ടികൾ അവരുടെ സ്വത്വം തിരിച്ചറിയുന്നത്. ആ സമയത്ത് അവരെ കേൾക്കാനും തിരിച്ചറിയാനും കൂടെ നിൽക്കാനും മാതാപിതാക്കൾ ബാധ്യസ്ഥാരാവണം.

മാറ്റം തിരിച്ചറിഞ്ഞ് നവീകരിക്കപ്പെടുന്ന പുതിയ സമൂഹത്തിൽ ട്രാൻസ് ജെൻഡേഴ്‌സിന് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകളെ ഒപ്പം കൂട്ടേണ്ടതും യാഥാർഥ്യമാക്കേണ്ടതും സമൂഹത്തിലെ ഓരോരുത്തരുമാണ്. ▮​

(ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 87-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments