സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ വിധി പറഞ്ഞ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ചിനു മുന്നിലുണ്ടായിരുന്നത് സാധാരണ ഗതിയിലുള്ള ഒരു ഭരണഘടനാ വ്യാഖ്യാനത്തിന്റെ സമസ്യ മാത്രമായിരുന്നില്ല. അത് മനുഷ്യനാഗരികതയുടെ രൂപപ്പെടലുകളുടെ ഒരു ഘട്ടത്തിൽ രൂപമെടുത്ത ആണും പെണ്ണും ഒരുമിച്ചു ജീവിക്കുന്ന കുടുംബം എന്ന സാമൂഹ്യഘടനയുടെ ചരിത്രസ്വഭാവത്തിനെക്കുറിച്ചുള്ള സങ്കല്പനങ്ങളെത്തന്നെ പുതുക്കിയെഴുതുന്ന തരത്തിലുള്ള വെല്ലുവിളി ഉയർത്തുന്നതായിരുന്നു. അതൊട്ടും ചെറിയ തർക്കമായിരുന്നില്ല.
ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും ധാരണകളുടെ വളരെ ഉദാരമായ നിലപാടുകളിൽപ്പോലും അതുവരെ പ്രതിഷ്ഠിക്കപ്പെടാത്ത ഒരു ധാരയാണ്, തങ്ങൾക്കൂടി ഉൾപ്പെടുന്നതാണ് ഈ ലോകം എന്ന് പറഞ്ഞ് ഇന്ത്യൻ സുപ്രീം കോടതിക്കു മുന്നിലും എത്തിയത്. വളരെ ആഴത്തിൽ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വേരോടിയ ലൈംഗിക അവബോധത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കൂടിയാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. മാത്രവുമല്ല, സമൂഹത്തിന്റെ അധികാരഘടനയിലെ ഏറ്റവും സൂക്ഷ്മമായ കോശം എന്ന് വിളിക്കാവുന്ന കുടുംബം എന്ന സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെട്ട, വിവാഹം എന്ന, വ്യക്തികൾ തമ്മിലുള്ളതും എന്നാൽ സാമൂഹ്യമായ ഒട്ടേറെ തലങ്ങളിലേക്ക് കൊളുത്തിപ്പിടിച്ചു നീണ്ടുകിടക്കുന്നതുമായ ഒരു പ്രക്രിയയിലേക്ക്, ആൺ- പെൺ കേന്ദ്രീകൃതമായ ഒരു സ്ഥാപനത്തിൽ നിന്നും ലിംഗഭിന്നതയില്ലാത്ത ഒരു സ്ഥാപനം കൂടിയായി അത് മാറണമോ എന്ന വലിയ മാറ്റത്തിനെക്കുറിച്ചുള്ള ഒരു നിർണായക ചോദ്യമായിരുന്നു സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.
ഇന്ത്യയിലെ പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ആ ചോദ്യങ്ങൾക്ക് സ്വവർഗ വിവാഹങ്ങളെ നിരാകരിക്കുന്ന നിഷേധാത്മകമായ ഉത്തരം നൽകി എന്നതിനേക്കാൾ, നിലനിൽക്കുന്ന സാമൂഹ്യധാരണകളുടെ കടുംകെട്ടുകളും ആധുനിക ജനാധിപത്യ സമൂഹത്തിന്റെ പുരോഗാമിയായ വീക്ഷണങ്ങളും തമ്മിലുള്ള യുദ്ധത്തിൽ തേർത്തട്ടിൽ കുഴഞ്ഞുവീണു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഞങ്ങളെ ഈ ചരിത്രസന്ധിയുടെ നിർണ്ണയഭാരത്തിൽ നിന്നും ഒഴിവാക്കൂ എന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയിൽ- നാല് വിധിന്യായങ്ങളാണ് അഞ്ചംഗ ബഞ്ച് നൽകിയത്- (Supriyo v. Union of India | Writ Petition (Civil) No. 1011 of 2022-ഉം അനുബന്ധ ഹർജികളും) കാണാനാകുന്നത്.
മൂന്നാം ലിംഗമെന്ന അസ്തിത്വത്തിന് നിയമപരമായ സാധുത നൽകിയ NALSA (2014), പ്രകൃതി വിരുദ്ധമെന്ന പേരിൽ സ്വവർഗരതിയെ കുറ്റകൃത്യമായി കണക്കാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പിലെ (പരസ്പര സമ്മതത്തോടെയുള്ള) സ്വവർഗ്ഗരതിക്കെതിരായ ഭാഗം റദ്ദാക്കിയ നവതേജ് സിങ് ജോഹർ (2018) കേസുകളിൽ സുപ്രീംകോടതി എടുത്ത വളരെ പുരോഗമനപരമായ നിലപാടുകളെ മുന്നോട്ടുകൊണ്ടുപോകാൻ സ്വവർഗവിവാഹം സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിക്ക് കഴിഞ്ഞില്ല. വാസ്തവത്തിൽ തങ്ങൾക്കുമുന്നിൽ വന്ന പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള പ്രവണതയാണ് കോടതി പ്രകടിപ്പിച്ചത്.
വിവാഹം എന്ന സ്ഥാപനത്തിന് ചരിത്രത്തിൽ എക്കാലത്തും ഒരേ തരത്തിലുള്ള രൂപമായിരുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ പറയുന്നുണ്ട്. അത് മാറ്റങ്ങൾക്ക് വിധേയമാണ്. സ്വവർഗാനുരാഗവും സ്വവർഗ പങ്കാളികളും ഒരു 'നഗര, ഉപരിവർഗ പ്രതിഭാസമാണെന്ന’ കേന്ദ്ര സർക്കാരിന്റെ വാദത്തെയും ഭരണഘടനാബഞ്ചിലെ എല്ലാ ന്യായാധിപന്മാരും തള്ളിക്കളയുന്നുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഒരു civil union (സാമ്പ്രദായികമായ വിവാഹമല്ലാതെ പങ്കാളികൾക്ക് നിയമസാധുതയോടെയും അതിൽ നിന്നുള്ള അവകാശങ്ങളോടെയും ഒരുമിച്ചു കഴിയാവുന്ന ഒരു നിയമസാധുതയുള്ള സംവിധാനം) എന്ന നിലയിൽ സ്വവർഗപങ്കാളികൾക്ക് കഴിയാം എന്ന് പറയുമ്പോഴും (ബഞ്ചിലെ ഭൂരിപക്ഷം അതിനെതിരാണ്) അതിനെ വിവാഹമായി അംഗീകരിക്കാൻ തയ്യാറായില്ല. അതിന്റെ കാരണം, വിവാഹം എന്ന സ്ഥാപനം ചരിത്രപരമായിത്തന്നെ മാറ്റങ്ങൾക്ക് വിധേയമാണെന്ന ശരിയായ നിരീക്ഷണത്തെ നിലവിലെ സാമൂഹ്യ, അധികാര ഘടനയിലെ മാറ്റങ്ങളുമായി ബന്ധിപ്പിക്കേണ്ട ഘട്ടത്തിൽ അവർ പതറിപ്പോയതാണ്.
വിവാഹം എന്ന പ്രക്രിയയെയും കുടുംബം എന്ന സ്ഥാപനത്തേയും നിലവിലെ സാമൂഹ്യാധികാര ഘടനയുടെ വ്യാഖ്യാനങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ഭയമാണത്. വ്യക്തികൾ എന്ന നിലയിൽ ഒരുമിച്ചുജീവിക്കാനുള്ള സ്വവർഗ പങ്കാളികളായവരുടെ അവകാശത്തെ ഭരണഘടന ബഞ്ച് ഏറിയും കുറഞ്ഞും അംഗീകരിക്കുമ്പോഴും അതിന് വിവാഹം (Marriage), കുടുംബം (Family) എന്ന സാമ്പ്രദായിക വിശുദ്ധിയിലേക്ക് പ്രവേശനം നൽകാൻ അവർ വിമുഖത കാണിക്കുകയാണ്. അതത്ര എളുപ്പമുള്ള സംഗതിയല്ല. അത് സമൂഹത്തെയും അതിന്റെ എത്രയോ കാലങ്ങളായി ശീലിച്ച രീതികളെയും സംബന്ധിച്ച സാമൂഹ്യധാരണകളിൽ വരുത്തേണ്ട വലിയ കുതറിമാറലാണ്. അക്കാര്യത്തിൽ സുപ്രീം കോടതി പരാജയപ്പെട്ടു.
ഭരണഘടന അതിലെ നിർവ്വചനങ്ങളും പൗരാവകാശങ്ങളും മൗലികാവകാശങ്ങളും പൗരസങ്കൽപനങ്ങളുമൊക്കെ രൂപപ്പെടുത്തുമ്പോൾ ആൺ-പെൺ ദ്വന്ദത്തിൽക്കവിഞ്ഞൊരു മനുഷ്യ സങ്കല്പനം ലോകത്തുതന്നെ സാമൂഹ്യചിന്താവ്യവഹാരങ്ങളിൽ അപൂർവ്വമായിരുന്നു. സ്വാഭാവികമായും ലോകത്തെവിടെയും സംഭവിച്ചതുപോലെ ഇന്ത്യയിലും സമൂഹം എന്നാൽ ആൺ-പെൺ ദ്വന്ദത്തിലധിഷ്ഠിതമായ വ്യക്തിവ്യവഹാരങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാൽ അങ്ങനെ മാത്രമല്ല മനുഷ്യരാശി എന്നും അതിൽ ആൺ- പെൺ ദ്വന്ദത്തിന് പുറത്തുനിൽക്കുന്നവരും ശാരീരികമായ സാമ്പ്രദായിക ലൈംഗികരൂപങ്ങളിൽ മാത്രമല്ല മനുഷ്യരുടെ ലൈംഗികാഭിരുചികൾ ഉണ്ടാവുകയെന്നും മനുഷ്യരുടെ ഇത്തരം ലൈംഗിക തെരഞ്ഞെടുപ്പുകൾ അവരുടെ ജൈവികമായ സ്വാതന്ത്ര്യത്തിന്റെയും സ്വാഭാവികമായ അസ്തിത്വത്തിന്റെയും ഭാഗമാണെന്നും ശരീരരൂപഘടനയല്ല എല്ലായ്പ്പോഴും മനുഷ്യരുടെ ലൈംഗിക തെരഞ്ഞെടുപ്പുകളെ നിശ്ചയിക്കുന്നതെന്നുമുള്ള ശാസ്ത്രീയമായ സാമൂഹ്യബോധത്തിന്റെ വികാസത്തിന്റെ ഭാഗമായി ലോകത്തെങ്ങും ഈ സാമ്പ്രദായിക സാമൂഹ്യ ഘടനയിൽ മാറ്റങ്ങൾക്കുവേണ്ടിയുള്ള ആവശ്യങ്ങളുണ്ടാകാൻ തുടങ്ങി. അതൊട്ടും എളുപ്പമല്ല. യു.എസ്, കാനഡ, ദക്ഷിണാഫ്രിക്ക, അർജന്റീന, ക്യൂബ, ബ്രസീൽ എന്നിങ്ങനെ ഏതാണ്ട് 30 രാജ്യങ്ങളിൽ സ്വവർഗവിവാഹം ഇപ്പോൾ നിയമസാധുതയുള്ളതാണ്. അതെല്ലാം വലിയ സംവാദങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് നടന്നത്. എങ്കിലും സാമൂഹ്യജീവിതത്തെയും ലൈംഗികതയെയും സംബന്ധിച്ച് കുറച്ചുകൂടി തുറന്ന സമീപനമുള്ള ജനസമൂഹങ്ങളാണ് അവയെന്ന് നമുക്ക് കാണാനാകും. മതങ്ങളുടെ സ്വാധീനവും ആ രാജ്യങ്ങളിൽ പലതിലും താരതമ്യേന കുറവാണ്.
എന്നാൽ ഇന്ത്യ ഈ രണ്ടു തലങ്ങളിലും വളരെ സങ്കുചിതവും പരിതാപകാരവുമായ അവസ്ഥയിലാണ്. ലൈംഗികതയുടെയും അത് സംബന്ധിച്ച വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ തികച്ചും അടഞ്ഞ സമൂഹമാണിത്. മതങ്ങളാകട്ടെ മനുഷ്യരുടെ വ്യക്തിജീവിതത്തിലെ വിവാഹം, കുടുംബം, പിന്തുടർച്ച എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം നിയമപരമായ സാധുതയോടെ ഇടപെടുന്ന ഇരുണ്ട ലോകമാണ് നമ്മുടേത്. ആ ലോകത്തിന്റെ പ്രതിഫലനമാണ് സ്വവർഗ വിവാഹ പ്രശ്നത്തിലെ സുപ്രീംകോടതി വിധി.
കോടതിക്ക് ഭരണഘടനയുടെ വ്യാഖ്യാനത്തിലൂടെ പൗരാവകാശങ്ങളെ വിപുലപ്പെടുത്താമെന്നതിന് കേശവാനന്ദ ഭാരതി പോലുള്ള ചരിത്രപ്രധാനമായ വീധികളിലൂടെ വന്ന് സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമി കേസടക്കമുള്ള എത്രയോ വിധികൾ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വിധിയിലെ ചില നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി തന്റെ വിധിന്യായത്തിന്റെ അവസാനഭാഗത്ത് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നതും ഇതുതന്നെയാണ്. ഭരണകൂടത്തിന്റെ നേരിട്ടുള്ള നടപടികൾ പൗരാവകാശത്തെ ഹനിക്കുമ്പോഴാണ് അതിൽ കോടതികൾ പൗരാവകാശങ്ങളെ സംബന്ധിച്ച വ്യക്തത വരുത്തുന്നത് എന്ന ഭട്ടിന്റെ നിഗമനത്തെ ചന്ദ്രചൂഡ് നിരാകരിക്കുന്നു. ഭരണകൂടത്തിന്റെ പ്രത്യക്ഷത്തിലുള്ള ഇടപെടലുകൾ കൂടാതെയും അതുവരെ ഇല്ലാതിരുന്നു എന്ന് കരുതുന്ന തരത്തിലുള്ള മേഖലകളെ മൗലികാവകാശങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരാവുന്ന തരത്തിലുള്ള ഉദാരമായ ഭരണഘടന വ്യാഖ്യാന വിധികൾ നിരവധിയുണ്ടെന്ന കാര്യം ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. Transgender വ്യക്തികൾക്ക് നിയമപരമായ അസ്തിത്വവും അവകാശങ്ങളും നൽകിയ NALSA വിധി, സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള അവകാശം നൽകിയ വിധി (2002) എന്നിവ ഇത്തരത്തിലുള്ള ഇടപെടലുകളാണ്. നിലവിൽ നിയമപരമായ ഒരു വ്യവസ്ഥാപിത ഘടനയില്ലെങ്കിൽ ഒരു മൗലികാവകാശത്തെ അത്തരത്തിലുള്ള ഒരു ശൂന്യതയിൽ നിന്നും ഉണ്ടാക്കിയെടുക്കാനാകില്ല എന്ന നിലപാടും ശരിയല്ല. ഇതിനുദാഹരണമാണ് മാനസിക വെല്ലുവിളികൾ നേരിടുന്നവരെ തടവിലിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വിധിയും (ഷീല ബാർസ 1993) ദരിദ്രരായവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പുറപ്പെടുവിച്ച വിധിയും (PUCL 2001) എന്ന് ചന്ദ്രചൂഡ് എടുത്തുകാട്ടുന്നു. അതായത് കോടതികൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ഭരണകൂടം നിർമ്മിക്കുന്ന നിയമങ്ങളുടെ അഭാവത്തിലും വിപുലീകരിക്കുകയും അവയെ രൂപപ്പെടുത്തുകയും ചെയ്യാമെന്നാണ് യുക്തി. അങ്ങനെയാണ് ജീവിക്കാനുള്ള അവകാശമെന്ന (അനുഛേദം 21) മൗലികാവകാശത്തെ ഉപജീവനമാർഗം, മാന്യമായ ജീവിതം, ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള നിരവധി മനുഷ്യാവകാശങ്ങളുമായി വിളക്കിച്ചേർത്തുകൊണ്ട് സുപ്രീം കോടതി മുൻകാലങ്ങളിൽ വിധികൾ പുറപ്പെടുവിച്ചത്. അത്തരത്തിൽ മൗലികാവകാശങ്ങളുടെ തലത്തിലേക്ക് സ്വവർഗാനുരാഗികളുടെ വിവാഹാവകാശത്തെ സുപ്രീം കോടതിക്ക് ഉൾപ്പെടുത്താൻ തടസമൊന്നുമില്ല. അതിന് തടസമായി നിൽക്കുന്നത് നാം നേരത്തെ സൂചിപ്പിച്ച സാമൂഹ്യാധികാരഘടനയിലെ നൂററാണ്ടുകളായി കെട്ടിവരിഞ്ഞുനിൽക്കുന്ന അധികാരഘടനയുടെയും ലൈംഗിക സങ്കല്പനങ്ങളുടെയും ബാധ്യതയാണ്. അതിനെ മറികടക്കാനുള്ള അവസരത്തേയും സാധ്യതയേയുമാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
യാത്ര ചെയ്യുന്നതിന് ഒരു വഴിയുണ്ടാക്കാൻ ഭരണകൂടത്തിനു മുകളിൽ ബാധ്യതയുണ്ടാക്കുന്ന ഒരു നിയമത്തിന്റെ അഭാവത്തിൽ, തനിക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ ഒരു പുതിയ വഴിയുണ്ടാക്കണം എന്നാവശ്യപ്പെട്ട് പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ഒരു നിയമപരമായ ചട്ടക്കൂട്ടിന്റെ അഭാവത്തിൽ ഭരണകൂടത്തിനോട് ഒരു അവകാശത്തെ അംഗീകരിക്കാനായി ആവശ്യപ്പെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടാൻ തന്റെ വിധിന്യായത്തിൽ പറയുന്നുണ്ട്. എന്നാലിതിനെ വളരെ പ്രത്യക്ഷമായ തരത്തിൽ, യാത്രക്കുള്ള പാതയുണ്ടാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണം എന്നൊരു ഹർജി അനുവദിച്ചുള്ള ഹൈക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി വിധി (State of Himachal Pradesh v Umed Ram Sharma,1986) ചൂണ്ടിക്കാണിച്ച് ചന്ദ്രചൂഡ് നിരാകരിക്കുന്നു. അതായത്, നിലവിലുള്ള നിയമങ്ങളോ പ്രത്യക്ഷമായ തരത്തിലുള്ള ഭരണഘടനാ അനുച്ഛേദങ്ങളോ മാത്രമല്ല മൗലികാവകാശങ്ങളെ നിർണ്ണയിക്കുന്നത്, അത് വളരെ ജൈവികമായ രീതിയിൽ കാലാനുസൃതമായി വ്യാഖ്യാനിക്കപ്പെടുന്ന ഭരണഘടനയുടെ രൂപാന്തരത്തിൽക്കൂടിയുമാണെന്നാണ് മനസിലാക്കേണ്ടത്. എന്നാൽ ഈ യുക്തി സ്വവർഗ വിവാഹങ്ങളുടെ കാര്യത്തിലേക്ക് കൊണ്ടുവരുന്നതിൽ സുപ്രീം കോടതിയും civil union എന്ന നിയമസാധുത വരെ എത്തിനിന്ന ന്യൂനപക്ഷവിധികളും പരാജയപ്പെടുകയാണ്. ഭരണഘടനയുടെ ചലനാത്മകമായ നൈരന്തര്യത്തെ തിരിച്ചറിയുന്നതായില്ല ഈ വിധി എന്നുവരുന്നത് അതുകൊണ്ടാണ്.
ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്ന മൗലികാവകാശങ്ങളുടെ (Fundamental rights) കൂട്ടത്തിലേക്ക് വിവാഹത്തെ ചേർക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി സ്വവർഗ വിവാഹ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വവർഗ വിവാഹങ്ങൾ പൗരരുടെ മൗലികാവകാശമാക്കിയ യു.എസ് സുപ്രീംകോടതിയുടെ Obergefell v. Hodges (2015) വിധിയാണ് ഇക്കാര്യത്തിൽ മാതൃകയാക്കാൻ ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ അത്തരത്തിലൊരു യുക്തിവിചാരം സാധ്യമല്ലെന്നാണ് ഇന്ത്യൻ സുപ്രീംകോടതി നിലപാടെടുക്കുന്നത്. സ്വവർഗാനുരാഗികളായ വ്യക്തികൾക്ക് വിവാഹത്തിലേർപ്പെടാനും അതിനു ഭരണകൂടത്തിന് അനുമതി നൽകാനുള്ള ബാധ്യതയും വ്യക്തികളുടെ മൗലികാവകാശമാണെന്ന് യു.എസ് സുപ്രീംകോടതി Obergefell-ൽ വിധിക്കുന്നുണ്ട്. ആ വിധിക്ക് മുമ്പുതന്നെ യു എസിലെ പല സംസ്ഥാനങ്ങളിലും സ്വവർഗ പങ്കാളികളെ civil union ആയി കണക്കാക്കിയിരുന്നു. എന്നാൽ വിവാഹം തുല്യ സുരക്ഷ ഉറപ്പാക്കുന്ന പതിനാലാം ഭേദഗതിക്കനുസരിച്ചുള്ള മൗലികാവകാശമാണെന്നും അത് സ്വവർഗ പങ്കാളികൾക്ക് നിഷേധിക്കാനാകില്ലെന്നും യു.എസ് സുപ്രീംകോടതി വിധിച്ചതോടെ യു എസിലെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമങ്ങളിൽ നിന്നും സ്വവർഗ പങ്കാളികൾക്കെതിരായ എല്ലാ തരം വിവേചനങ്ങളും ഒഴിവായി. വിവാഹം മൗലികാവകാശമായി കണക്കാക്കുന്നതിനു യു എസ് സുപ്രീം കോടതി പറഞ്ഞ കാരണങ്ങൾ പ്രധാനമായും നാലെണ്ണമാണ്. ഒന്ന്, വ്യക്തികളുടെ സ്വാധികാരത്തിന്റെ അവിഭാജ്യഘടകമാണ് വ്യക്തിഗതമായ തെരഞ്ഞെടുപ്പിനുള്ള അവകാശം. രണ്ട്, പരസ്പര പ്രതിബദ്ധരായ രണ്ടു വ്യക്തികളുടെ കൂട്ടുചേരലിന് മറ്റേത് സ്ഥാപനത്തെക്കാളും പിന്തുണ നൽകുന്ന ഒന്നാണ് വിവാഹം. മൂന്ന്, അത് കുട്ടികളടക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നു. നാല്, രാജ്യത്തിന്റെ സാമൂഹ്യക്രമത്തിൽ വിവാഹം ഒരു നിർണ്ണായക ഘടകമാണ്. അതുകൊണ്ടുതന്നെ ഇത്തരം അവകാശങ്ങൾ സ്വവർഗ പങ്കാളികൾക്ക് നിഷേധിക്കുകയെന്നാൽ അത് നിന്ദ്യവും അവരെ രാജ്യത്തിന്റെ സാമൂഹ്യക്രമത്തിൽ നിന്നും ഒഴിവാക്കുന്നതിന് തുല്യവുമാണ്.
ഇതത്ര എളുപ്പത്തിലല്ല യു.എസിലും നടന്നത്. സുപ്രീംകോടതിയിലെ ഒന്‍പതില്‍ അഞ്ച് ന്യായാധിപന്മാർ ഭൂരിപക്ഷ വിധിയിൽ സ്വവർഗ വിവാഹം മൗലികാവകാശമാക്കിയ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്സ് അടക്കമുള്ള നാല് പേർ കടുത്ത എതിർപ്പുയർത്തിയ വിയോജന വിധികൾ രേഖപ്പെടുത്തി. ഈ വിധിക്ക് ഭരണഘടനയുമായി ഒരു ബന്ധവുമില്ലെന്നും ഇത് നിയമപരമല്ലെന്നുമാണ് ജസ്റ്റിസ് റോബർട്സ് പറഞ്ഞത്. കേവലം പ്രകടനാത്മകതയും പൊങ്ങച്ചവും കൊണ്ട് പൊതിഞ്ഞുവെച്ച വിധിയാണിതെന്ന് വിയോജനവിധി രേഖപ്പെടുത്തിയ ജസ്റ്റിസ് ആൻറ്റോണിൻ സ്‌കാലിയ പരിഹസിച്ചു. എന്നാൽ ഭൂരിപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ആന്തണി കെന്നഡി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും അവകാശ പ്രഖ്യാപനങ്ങളും കാലങ്ങളിലൂടെ പുതുക്കപ്പെടുന്ന സ്വാതന്ത്ര്യബോധത്തിന്റെ ചിറകുകൾ കൂട്ടിച്ചേർക്കപ്പെടേണ്ട ഒന്നാണെന്ന നിലപാടിലാണ് ആ വിധിയെഴുതിയത്. ഭരണഘടനയെ നിരന്തരമായി പുതുക്കുകയും സംവാദാത്മകമായ ഇടപെടലുകൾക്ക് വിധേയമാക്കുകയും കൂടുതൽ ജനാധിപത്യപരമാക്കുകയും ചെയ്യുന്ന ഒരു ജൈവപ്രക്രിയയാക്കുകയാണ് അതിലൂടെ നടന്നത്. ഇത് ഇന്ത്യയിലും നടന്നിട്ടുണ്ട്. അങ്ങനെയാണ് സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമി വിധിയൊക്കെ വരുന്നത്. അതിനുമുമ്പ് അനുഛേദം 21-നെ ഉദാരമായി വ്യാഖ്യാനിക്കുന്ന നിരവധി വിധികൾ ഉണ്ടായതും അങ്ങനെയാണ്. സ്വവർഗാനുരാഗികളായ മനുഷ്യരുടെ അവകാശങ്ങളെ വലിയ തോതിൽ അംഗീകരിക്കുകയും സ്വവർഗലൈംഗികതയെ കുറ്റകൃത്യമല്ലാതാക്കുകയും ചെയ്ത NALSA, നവ്തേജ് വിധികളും ഈ നീതിവിചാരത്തിന്റെ ജൈവപ്രക്രിയയിൽ നിന്നാണ് ഉണ്ടായത്. ആ ധാരയിലേക്ക് ചേരാനുള്ള മറ്റൊരു ചരിത്രപരമായ അവസരത്തിൽ ഇന്ത്യൻ സുപ്രീംകോടതി ഇടറിമാറുകയാണ് ചെയ്തത് എന്ന് പറയാം.
യു.എസ് സുപ്രീംകോടതി ഇത്തരത്തിലുള്ള ഒരു വിധിയിലേക്കെത്തിയതും അത്ര എളുപ്പത്തിലായിരുന്നില്ല. യു.എസ് സുപ്രീം കോടതിയുടെ വിധി വരുന്നതിനു ആഴ്ചകൾക്ക് മുമ്പായി മെക്സിക്കോയിലെ സുപ്രീംകോടതി സ്വവർഗ പങ്കാളികളുടെ വിവാഹങ്ങളെ തടസപ്പെടുത്തുന്ന നിയമങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിൽനിൽക്കുന്നുണ്ടെങ്കിൽ അവയെല്ലാം വിവേചനത്തിന്റെയും തുല്യതാനിഷേധത്തിന്റെയും പരിധിയിൽ വരുന്നതും അതുകൊണ്ടുതന്നെ അവയെല്ലാം റദ്ദാക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുടെ 82% ക്രിസ്ത്യാനികളായ മെക്സിക്കോയിലെ കത്തോലിക്ക സഭ വലിയ എതിർപ്പാണ് ഇതിനു നേരെ ഉയർത്തിയത്. എന്നിട്ടും മതാന്ധതയുടെ ജീർണ്ണനിയമങ്ങളല്ല ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ പുതുകാലബോധങ്ങളാണ് വഴികാട്ടേണ്ടത് എന്ന ആധുനിക സമൂഹത്തിന്റെ നിലപാടാണ് അവിടെ അംഗീകരിക്കപ്പെട്ടത്. യു എസിൽ Obergefell-ലേക്ക് സുപ്രീംകോടതി നേരിട്ടെത്തുകയായിരുന്നില്ല എന്നതുകൂടി ഇതിനോടൊപ്പം കാണാവുന്നതാണ്. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കിയ Lawrence v . Texas (2003), സ്വവർഗ പങ്കാളികൾക്ക് മറ്റ് വിവാഹിതരിലെ പങ്കാളികൾക്കുള്ള പരസ്പരാവകാശങ്ങൾ പോലുള്ള, നിയമപരമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിയമങ്ങൾ റദ്ദാക്കിയ U .S . v . Windsor (2013) എന്നീ വിധികൾക്കുശേഷമാണ് Obergefell-ലേക്ക് കോടതി എത്തിയത്. അതിനും മുമ്പായി മിശ്രവംശ വിവാഹങ്ങൾക്കുള്ള വിലക്കുകൾ നീക്കം ചെയ്ത Loving v . Virginia (1967) തടവുകാർക്ക് വിവാഹം കഴിക്കുന്നതിനുള്ള നിയന്ത്രണങ്ങളും അതിൽ ഭരണകൂടത്തിന്റെ ഇടപെടലുകളും അവസാനിപ്പിച്ച Turner v . Safely (1987) പോലുള്ള വിധികളും വന്നിരുന്നു. അതായത് കോടതികൾ ഭരണഘടന വ്യാഖ്യാനങ്ങളിലൂടെ സാമൂഹ്യാധികാരഘടനയിലും ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ അതിരുകളിലും കൂടുതൽ വിശാലമായ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ നടത്തുന്നത് ഒറ്റയടിക്കുള്ള ഒരു പരിപാടിയല്ല, മറിച്ച് ഒരു തുടർപ്രക്രിയയാണ്. ഇത് ഇന്ത്യയിലെ ഭരണഘടനാ വ്യാഖ്യാനങ്ങളിലും കാണാം. NALSA, നവ്തേജ് വിധികളും ഇങ്ങനെയാണ് വന്നത്. എന്നാൽ ഇത്തരം വിധികളുടെ ചരിത്രപശ്ചാത്തലം ഒരുക്കിയ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിലാണ് സ്വവർഗ വിവാഹ വിധിയിൽ സുപ്രീം കോടതി പരാജയപ്പെട്ടത്.
വിവാഹം എന്നത് നിയമപരമായ ചട്ടക്കൂടുകൾ സൃഷ്ടിച്ചുകൊണ്ട് പൗരർക്ക് നൽകുന്ന ഒരു അവകാശമാണെന്നും അതൊരു മൗലികാവകാശമല്ലെന്നുമാണ് ഇന്ത്യൻ സുപ്രീം കോടതി പറയുന്നത്. ഒരർത്ഥത്തിൽ അത് ശരിയാണ്. വിവാഹം എന്നത് ഒരു വ്യക്തിപരമായ തെരഞ്ഞെടുപ്പും നിയമപരമായ സ്ഥാപനവുമാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പിനുള്ള അവകാശം ഒരാളുടെ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമ്പോൾ നിയമപരമായി സ്ഥാപിക്കപ്പെടുന്ന, അല്ലെങ്കിൽ നിയമം നൽകുന്ന അവകാശത്തിലൂടെയുള്ള സ്ഥാപനം അത്തരത്തിലൊരു മൗലികാവകാശമായി കാണാനാവില്ല എന്നാണ് സുപ്രീംകോടതി നിലപാടെടുക്കുന്നത്. വിവാഹത്തിൽ നിന്നും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഗതികൾ ഉണ്ടാകാമെന്നത് വിവാഹത്തിനെ മൗലികാവകാശമായിക്കാണാൻ വഴിവെക്കുന്നില്ല. ആത്യന്തികമായി വിവാഹം എന്നത് പ്രത്യുത്പ്പാദന ധർമ്മം നിർവഹിക്കുന്ന, സമൂഹത്തിലെ വിവിധ രൂപങ്ങളിലുള്ള അധികാരഘടനയെ സൂക്ഷ്മരൂപത്തിൽ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു നിർമ്മിത സ്ഥാപനമാണ് എന്ന തത്വമാണ് കോടതിയുടെ ഈ നിലപാടിന് പിറകിൽ. ഇത് ലോകത്തെങ്ങും ഏറെക്കാലമായി നിലനിൽക്കുന്ന ഒരു രീതിയുടെ ഭാഗവുമാണ്. വിവാഹം മൗലികാവകാശമാണ് വ്യാഖ്യാനിക്കാതിരിക്കുന്ന ഇന്ത്യൻ കോടതിയുടെ നിയമവ്യാഖ്യാനം പൂർണമായും ശരിയല്ലാതാകുന്നില്ല. കാരണം അതൊരു സ്വാഭാവിക സ്ഥാപനമല്ല, സാമൂഹ്യനിയമങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിതമായ സ്ഥാപനമാണ്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള വിവേചനം ആ നിയമാവകാശം ഉപയോഗപ്പെടുത്തുന്നതിൽ ഏതെങ്കിലും ഒരു വിഭാഗത്തിനുമുകളിൽ ഏർപ്പെടുത്താമോ എന്ന ചോദ്യത്തിനാണ് കോടതി ഉത്തരം പറയേണ്ടിയിരുന്നത്. അതായത് ആൺ-പെൺ ദ്വന്ദത്തിനു പുറത്ത്, വ്യക്തികൾ എന്ന നിലയിൽ മനുഷ്യർക്ക് വിവാഹബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന് വന്നാൽ അത് മനുഷ്യരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഹനിക്കുന്നതാകും എന്ന കൂടുതൽ ജനാധിപത്യപരമായ വ്യാഖ്യാനമാണ് കോടതിക്ക് നൽകാമായിരുന്നത്. അതിനു പകരമായി വിവാഹം എന്നത് ഭരണകൂടം ഉണ്ടാക്കുന്ന നിയമങ്ങളാൽ സ്ഥാപിതവും നടക്കുന്നതുമായ ഒന്നാണെന്നും അതിനുള്ളിൽ ആരൊക്കെ ഉൾപ്പെടണം എന്നതിൽ ഭരണകൂടത്തിനാണ് അവസാനവാക്ക് എന്ന് പറയുന്നതും ഭരണഘടനയുടെ തുല്യാവകാശങ്ങളുടെ നീണ്ട കൈകൾ നിങ്ങളെ സ്പർശിക്കുന്നില്ല എന്ന് പറയുന്നതിന് തുല്യമാണ്.
ഏതെങ്കിലും തരത്തിലുള്ള സവിശേഷാവകാശങ്ങളോ പ്രത്യേകാവകാശങ്ങളോ അല്ല സ്വവർഗപങ്കാളികൾ ആവശ്യപ്പെട്ടത്. നിലവിൽ മനുഷ്യർക്കും, പൗരന്മാർക്കും അവകാശപ്പെട്ട ഭരണഘടനാപരമായ, നിയമാനുസൃതമായ അവകാശങ്ങളിൽ തങ്ങളുണ്ടെന്നുള്ള പ്രഖ്യാപനം കോടതി നടത്തേണ്ടതുണ്ടെന്നാണ് അവർ ഓർമ്മിപ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ" എന്നതിലെ ജനങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും എന്നല്ല എല്ലാ മനുഷ്യരും എന്നാണു പറഞ്ഞത് എന്ന ഉദാര ജനാധിപത്യവ്യാഖ്യാനത്തിന്റെ ചുമതലയായിരുന്നു സുപ്രീംകോടതി നിർവ്വഹിക്കേണ്ടിയിരുന്നത്.
നിയമനിർമാണത്തിനുള്ള നിയമനിർമ്മാണസഭയുടെ അവകാശങ്ങളിലേക്ക് കോടതിക്ക് കടന്നുകയറാനാവില്ല എന്നത് ശരിയാണ്. ഒരു പ്രത്യേക നിയമനിർമാണത്തിനുവേണ്ടി പാർലമെന്റിനോട് കോടതിക്ക് ആവശ്യപ്പെടാനും സാധാരണ ഗതിയിൽ കഴിയില്ല. നിയമനിർമാണസഭയുടെ കൂട്ടായ തീരുമാനങ്ങളെടുക്കാനുള്ള ജനാധിപത്യാധികാരത്തെ കോടതികളുടെ പരിശോധനാധികാരം കൊണ്ട് പകരം വെക്കുന്നതും മിക്കപ്പോഴും ഒരു മാതൃകജനാധിപത്യത്തിൽ ആശാസ്യമല്ല. എന്നാൽ, എന്തെങ്കിലും തരത്തിലുള്ള ഭരണഘടനാവ്യാഖ്യാനം വലിയ തോതിലുള്ള മാറ്റങ്ങൾ മറ്റു നിയമങ്ങളിലെല്ലാം ഉണ്ടാക്കുമെന്നും അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിചാരം ഒരു ഭരണഘടനാ കോടതിയുടെ ഭാഷയല്ല, മറിച്ച് ഒരു executive കോടതിയുടെ ഭാഷയാണ്. വാസ്തവത്തിൽ ആൺ-പെൺ ദ്വന്ദത്തിനെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകൾ മാത്രമല്ല മനുഷ്യസമൂഹമെന്ന കാഴ്ച്ചപ്പാട് ഇന്ത്യൻ കോടതി അംഗീകരിച്ചതാണ്. അതുകൊണ്ടുതന്നെ അതിനെ വിപുലപ്പെടുത്തുകയും സ്വവർഗ പങ്കാളികൾക്ക് കൂടി ഇടമുള്ള ഒന്നാണ് എല്ലാ സാമൂഹ്യസ്ഥാപനങ്ങളും എന്ന് പറയുകയുമാണ് ചെയ്യാമായിരുന്നത്.
അതായത് ജനാധിപത്യ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും പ്രക്രിയകളിൽ നിന്നും ഒരു വിഭാഗം മനുഷ്യരെ അവരുടെ ലൈംഗിക സ്വത്വത്തിന്റെ പേരിൽ ഒഴിച്ചുനിർത്തുന്നത് അനുഛേദം 14-ന്റെ ലംഘനം കൂടിയാണ് എന്നാണ് കാണേണ്ടത്. ഇത്തരത്തിൽ സ്വവർഗ പങ്കാളികളെക്കൂടി ഉൾപ്പെടുന്ന രീതിയിലേക്ക് ജനാധിപത്യ സമൂഹത്തെയും നിയമങ്ങളെയും വിപുലമാക്കുമ്പോൾ അതിലുണ്ടാകുന്ന സങ്കീർണ്ണതകൾ ഒരു സമൂഹത്തിത്തിന്റെ ചരിത്രപരമായ കടമ എന്ന നിലയിൽ നിര്‍വഹിക്കേണ്ടതാണ്. നിങ്ങൾ സമ്പൂർണ്ണാവകാശങ്ങളുള്ള മനുഷ്യരാണോ എന്ന് ഞങ്ങൾ പറയുന്നില്ല, പാർലമെന്റ് പറയട്ടെ എന്ന നിലപാട് ഭരണഘടനയിൽ ഞങ്ങൾക്ക് നിങ്ങളെ തത്ക്കാലം കാണാനാവുന്നില്ല എന്ന് പറയുന്നതിന് തുല്യമാണ്.
സ്വവർഗ പങ്കാളികളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാൻ മന്ത്രിസഭാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതിയുണ്ടാക്കാം എന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിന്മേൽ ഇത്തരത്തിലൊരു ചരിത്രപ്രധാനമായ വിഷയത്തിലെ വിധി ഉപസംഹരിച്ചത് ഇന്ത്യൻ സുപ്രീംകോടതിയുടെ ചരിത്രഗരിമയ്ക്ക് ചേർന്നതല്ല. കോടതി നൽകിയ നിർദ്ദേശങ്ങൾപോലും അതിന്റെ നടത്തിപ്പ് സാധ്യതകളിൽ വളരെ അവ്യക്തത നിറഞ്ഞതാണ്. തങ്ങളുടെ വിധിയിൽ കോടതിക്ക് തന്നെയുള്ള അവ്യക്തതയും അവിശ്വാസവും ന്യൂനപക്ഷ വിധിയിലും ഭൂരിപക്ഷ വിധിയിലും കാണാം. സ്വവർഗ വിവാഹം നിലവിലെ രാഷ്ട്രീയ, സാമൂഹ്യാധികാര ഘടനയെ ഒരു ആശയസ്ഥാപനം എന്ന നിലയിൽ അതിഗുരുതരമായി ഉലയ്ക്കും എന്ന ന്യായമായ ഭയം അതിലുണ്ട്. സ്വവർഗ പങ്കാളികളുടെ വിവാഹം നാളെ മുതൽ ആയിരക്കണക്കിനായി നടക്കും എന്നതല്ല ആ ഭയം, മറിച്ച് ഒരു അധീശാശയം എന്ന നിലയിലും അതിന്റെ സാമൂഹ്യാധികാര സ്ഥാപനം എന്ന നിലയിലും വിവാഹം, കുടുംബം എന്ന രണ്ടു നിർണായക സ്ഥാപനങ്ങളെ അത് സാമ്പ്രദായികാർത്ഥത്തിൽ ദുർബ്ബലമാക്കും എന്നതാണ്. നിലവിൽ ഭരണവർഗത്തിന്റെ അധികാരത്തെ അതിന്റെ സൂക്ഷ്മതലങ്ങളിൽ നിലനിർത്തുന്ന നാനാവിധത്തിലുള്ള സാമൂഹ്യസ്ഥാപനങ്ങളിൽ ഏറ്റവും നിർണ്ണായകമായ വിവാഹം, കുടുംബം എന്നിവയിൽ ഇതുവരെയുള്ള സങ്കൽപ്പനങ്ങളെ ഇളക്കുന്ന ഒരു ആശയത്തെ കൊണ്ടുവരുന്നതിനുള്ള വിമുഖത കൂടിയാണ് കാണേണ്ടത്. അതിൽത്തന്നെ നാടുവാഴിത്ത സാമൂഹ്യവ്യവസ്ഥയുടെ നിസ്സാരമല്ലാത്ത സാമൂഹ്യസ്വഭാവവിശേഷങ്ങൾ, മതബദ്ധമായ ജീർണ്ണബോധം, അത് വ്യക്തികളുടേയും സമൂഹത്തിന്റെയും ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ ഇടപെടുന്നതിലെ കാർക്കശ്യം എന്നിവയെല്ലാം ഇപ്പോഴും വളരെ പ്രകടമായ ഇന്ത്യയിൽ, അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ എങ്ങനെയെല്ലാം തടസങ്ങൾ നേരിടും എന്നതുകൂടി ഈ വിധി കാണിച്ചുതരുന്നുണ്ട്.
നിയമനിർമ്മാണത്തിനുള്ള പാർലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാകും സ്വവർഗ പങ്കാളികളുടെ വിവാഹത്തിൽ കോടതിയെടുക്കുന്ന തീരുമാനം എന്നത് അത്ര സുഭദ്രമായ ഒരു വാദമല്ല എന്നത് നാം കണ്ടു. അത് ഭരണഘടനയുടെ വ്യാഖ്യാനപരിധിക്കുള്ളിൽ വരുന്ന ഒന്നാണെന്നതിന് മൗലികാവകാശങ്ങളും പൗരാവകാശങ്ങളും സംബന്ധിച്ച നിരവധി ചരിത്രവിധികളുടെ പശ്ചാത്തലവും വിധിന്യായങ്ങളും ഒന്നിനുപിറകെ ഒന്നായുണ്ട്. ലോകത്ത് സ്വവർഗവിവാഹം അനുവദിച്ച രാജ്യങ്ങളിൽ പലതിലും ഈ മാറ്റം ഭരണഘടനാ വ്യാഖ്യാനങ്ങളിലൂടെ കോടതികളാണ് കൊണ്ടുവന്നത്. ബ്രസീൽ, ഓസ്ട്രിയ, കൊളംബിയ, ഇക്വഡോർ, മെക്സിക്കോ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിലെല്ലാം പരമോന്നത ഭരണഘടനാ കോടതികളാണ് സ്വവർഗ പങ്കാളികളുടെ വിവാഹം നിയമപരമായി സാധുവാക്കിയ മാറ്റം കൊണ്ടുവന്നത്. അതിന്റെ കാരണം ഭരണഘടനയുടെ സംരക്ഷണത്തിന് പുറത്തുള്ള ഒന്നിനെക്കുറിച്ചല്ല, അതിനകത്തുള്ള മനുഷ്യരെക്കുറിച്ചാണ് എന്നതാണ്. അത്തരത്തിലുള്ള ഒരു ഉൾക്കൊള്ളൽ ഇന്ത്യയിലെ സുപ്രീംകോടതിക്ക് സാധ്യമായില്ല എന്നത് കോടതിയുടെ മാത്രം പ്രശ്നമല്ല, അത് നമ്മുടെ രാഷ്ട്രീയ,സാമൂഹ്യാധികാര ഘടനയുടെ പ്രശ്നമാണ്.
ജസ്റ്റിസ് കൗൾ തന്റെ വിധിന്യായത്തിൽ വാസ്തവത്തിൽ ഈ പ്രശ്നം പറയുന്നുണ്ട്. ഭരണഘടനയിൽ ഉൾക്കൊള്ളുന്ന അവകാശങ്ങളെ ഉയർത്തിപ്പിടിക്കുകയാണ് കോടതി ചെയ്യേണ്ടതെന്നും ഭൂരിപക്ഷ പ്രവണതകളും ജനപ്രിയ കാഴ്ചപ്പാടുകളുമല്ല ഇക്കാര്യത്തിൽ കോടതിയെ നയിക്കേണ്ടതെന്നും ജസ്റ്റിസ് കൗൾ പറയുന്നുണ്ട്. നിർഭാഗ്യവശാൽ വിധിയുടെ ആകെത്തുക അത്തരത്തിലുള്ള സമ്മർദ്ദങ്ങളുടെ പ്രതിഫലനമായിപ്പോയി എന്നതാണ്.
ജസ്റ്റിസ് കൗൾ പറയുന്നു, "സ്വവർഗ കൂട്ടുകളും ഭിന്നലിംഗ കൂട്ടുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെയാണ്, അംഗീകാരത്തിലായാലും തുടർ ആനുകൂല്യങ്ങളിലായാലും പരിഗണിക്കേണ്ടത്. ഇതിലുള്ള ഏക തടസം ഇപ്പോൾ ഇത്തരത്തിലുള്ള കൂട്ടുകൾക്ക് (union) ഉചിതമായൊരു നിയന്ത്രണ സംവിധാനം ഇല്ല എന്നതാണ്. ഈ കോടതി നവ്തേജിൽ നിരീക്ഷിച്ച പോലെ; ‘നൂറ്റാണ്ടുകളായി അവർ സഹിക്കേണ്ടിവന്ന നിന്ദയ്ക്കും ഭ്രഷ്ടിനും പരിഹാരം കണ്ടെത്തുന്നതിലുണ്ടായ കാലതാമസത്തിന് ഈ സമൂഹത്തോടും അവരുടെ കുടുംബാഗങ്ങളോടും ചരിത്രം മാപ്പു പറയേണ്ടതുണ്ട്.’ ഇപ്പോൾ ഈ ചരിത്രപരമായ അനീതിയെ തിരുത്താനുള്ള ഒരവസരമായി ഞാനിതിനെ കാണുന്നു. ഈ വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളെടുക്കാൻ എല്ലാ ഭരണഘടന സ്ഥാപനങ്ങളുടെയും മുകളിൽ ഒരു കൂട്ടായ ഉത്തരവാദിത്തം അതേല്പിക്കുന്നു."
സുപ്രീകോടതി ഈ ഉത്തരവാദിത്തവും ചരിത്രപരമായ അനീതിയെ തിരുത്താനുള്ള അവസരവും സുധീരമായ ജനാധിപത്യബോധത്തോടെ ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ കിതച്ചുനിന്നു. സ്വവർഗ ലൈംഗികത ഒരു "നഗര, ഉപരിവർഗ പ്രവണതയാണ്" എന്നുപറഞ്ഞ സർക്കാരിനും സങ്കുചിതമായ ഭൂരിപക്ഷ സാമൂഹ്യബോധത്തിനും തീർപ്പാക്കാൻ വേണ്ടി കാലങ്ങളായി നിന്ദിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരെ വിട്ടുകൊടുക്കുകയാണ് ചെയ്തത്. സ്വവർഗ പങ്കാളികളായി ജീവിക്കുക എന്നത് ഭരണകൂടത്തിനും സമൂഹത്തിനും വേട്ടയാടാവുന്ന ഒരു സംഗതിയല്ല എന്നതിൽ സുപ്രീം കോടതി ഗുണപരമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് എന്നത് വിധി നൽകുന്ന ചെറിയ ആശ്വാസമാണ്.
ജസ്റ്റിസ് കൗൾ തന്റെ വിധിന്യായം ഇങ്ങനെ അവസാനിപ്പിക്കുന്നു; "ഇതാണോ നമ്മൾ എത്തിച്ചേർന്ന അന്ത്യം? ‘അല്ല’ എന്നാണ് അതിനുള്ള ഉറച്ചുള്ള ഉത്തരം. സ്വവർഗ പങ്കാളികളുടെ കൂട്ടിന് നിയമസാധുത എന്നത് വിവാഹ തുല്യതയിൽ ഒരു പടി മുന്നോട്ടുപോകുന്നതിനെ പ്രതിനിധീകരിക്കുന്നു. അതേസമയം വിവാഹം അതിനുവേണ്ടി മാത്രമായിത്തീരുന്ന ഒരു അവസാന സംഗതിയല്ല. നമ്മുടെ ഭരണഘടന ജീവിതത്തിന്റെ എല്ലാ മേഖലകൾക്കും ബാധകമായ തുല്യതയെക്കുറിച്ചുള്ള ഒരു സമഗ്രമായ ഉൾക്കൊള്ളലാണ് നടത്തുന്നത്. തുല്യതയുടെ അനുശീലനം വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കലും സംരക്ഷണവും അനുപേക്ഷണീയമാക്കുന്നു. സ്നേഹം, പ്രതിബദ്ധത, ഉത്തരവാദിത്തം എന്നിവയ്ക്ക് ഭിന്നലിംഗ പങ്കാളികളേക്കാൾ ഒട്ടും കുറവല്ല സ്വവർഗ പങ്കാളികളുടെ ശേഷി. മറ്റുള്ളവരുടെ അവകാശങ്ങളിൽ കടന്നുകയറാത്തിടത്തോളം ഈ സ്വാധികാരത്തെ നാം സംരക്ഷിക്കേണ്ടതുണ്ട്.
എല്ലാത്തിനുമൊടുവിൽ, ‘ഇതെന്റെ ജീവിതമാണ്’- It's my life- എന്ന Bon Jovi-യുടെ പാട്ടിന്റെ വരിയിലാണ് ജസ്റ്റിസ് കൗൾ വിധിന്യായം അവസാനിപ്പിക്കുന്നത്. ഇപ്പോഴല്ലെങ്കിൽ ഇനിയെന്നാണ്? ഞാൻ എക്കാലത്തും ജീവിച്ചിരിക്കാൻ പോകുന്നില്ല. എനിക്ക് ജീവനുള്ളപ്പോൾ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്നാണ് അതിലെ ബാക്കി വരികൾ. ആ ജീവിതം നമുക്കൊപ്പമുള്ള ഒരു വിഭാഗം മനുഷ്യർക്ക് നിഷേധിക്കുന്നത് അവസാനിപ്പിക്കാൻ ഒരു ജനാധിപത്യസമൂഹമെന്ന നിലയിൽ നമുക്കുള്ള ഉത്തരവാദിത്തത്തിൽ നാം പരാജയപ്പെട്ടിരിക്കുന്നു. ഈ വിവേചനം മാറുകതന്നെ ചെയ്യും എന്നതിന് ചരിത്രത്തിലെ ദുരാചാരങ്ങളുടെയും ജീർണ ധാരണകളുടെയും ശവക്കോട്ടകൾ സാക്ഷികളാണ്. അതിനുള്ള സമരം സ്വവർഗ പങ്കാളികളുടെ മാത്രം സമരമല്ല, അതൊരു ജനാധിപത്യ സമൂഹത്തിന്റെ സമരമാണ്.
"It's my life
It's now or never
But I ain't gonna live forever
I just want to live while I'm alive"