ട്രാൻസ്‍ഫോബിക് കേരളം ‘കൊന്നു’കളഞ്ഞ മനുഷ്യരെക്കുറിച്ച്…

വീടുകളിലും തെരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടങ്ങി പൊതുഇടങ്ങളിലെല്ലാം ഇപ്പോഴും ട്രാൻസ് മനുഷ്യർ ആക്രമിക്കപ്പെടുകയാണ്. കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യപ്പെടുകയും ചെയ്യുന്ന ട്രാൻസ് ശരീരങ്ങളോട് നമ്മുടെ സമൂഹം നീതി പുലർത്തുന്നുണ്ടോ? വ്യവസ്ഥിതിയും സമൂഹവും മരണത്തിലേക്ക് തള്ളിയിട്ട അനേകായിരം ട്രാൻസ് മനുഷ്യരെ ഓർമപ്പെടുത്തുന്ന ദിനമാണ് നവംബർ 20 ട്രാൻസ് അനുസ്മരണ ദിനം (Trans Remembrance Day).

“എന്റെ പ്രൈവറ്റ് പാർട്ട് വെട്ടുകത്തി വെച്ച് വെട്ടിക്കീറി ഛിന്നമാക്കിയ അവസ്ഥയിലാണ്. അതിനെ ഒരിക്കലും വജൈന എന്ന് വിളിക്കാൻ സാധിക്കില്ല... എനിക്ക് ഒരു ദിവസം 8 മുതൽ 12 വരെ സാനിറ്ററി പാഡ് മാറ്റണം, ചില സമയത്ത് പാഡ് മേടിക്കാൻ പോലും പൈസയുണ്ടാകില്ല... ചില സമയത്ത് ബ്ലീഡിങ് ഉണ്ടാകുന്നു... മൂത്രം ഒഴിക്കുന്ന സമയത്ത് കൃത്യം പൊസിഷനിലല്ല യൂറിൻ പോകുന്നത്. എന്റെ വജൈനൽ പാർട്ടിൽ സഹിക്കാൻ വയ്യാത്ത വേദനയാണ്, ആ വേദന എന്തെന്ന് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ പോലും പറ്റില്ല. ചില സമയത്ത് ഞാൻ മാനസിക വിഭ്രാന്തിയിലെത്തും, മരിച്ചാൽ മതി എന്ന് തോന്നിപ്പോകും” - 2021 ജൂലൈ 21ന്, ആത്മഹത്യ ചെയ്യുന്നതിനും കൃത്യം അഞ്ച് ദിവസം മുമ്പ് ദ ക്യു എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം സ്വദേശിനിയായ അനന്യ കുമാരി അലക്സ് എന്ന ട്രാൻസ് വുമൺ പറഞ്ഞ വാക്കുകളാണിത്.

നിരന്തരം നേരിടേണ്ടി വരുന്ന ലൈംഗികാക്രമണങ്ങൾ, ഒറ്റപ്പെടുത്തലുകൾ, സ്വത്വം വീണ്ടെടുക്കാനുള്ള അശ്രാന്ത പരിശ്രമങ്ങൾ ഒടുവിൽ ആവർത്തിക്കപ്പെടുന്ന ആത്മഹത്യാശ്രമങ്ങൾ… ഓരോ ട്രാൻസ് മനുഷ്യനും തന്റെ ജീവിതകാലത്ത് തരണം ചെയ്യേണ്ടിവരുന്ന പ്രതിസന്ധികൾ എണ്ണിയാലൊടുങ്ങുന്നതോ പറഞ്ഞാൽ തീരുന്നതോ അല്ല. വീടുകളിലും തെരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ഈ മനുഷ്യർ ആക്രമിക്കപ്പെടുകയാണ്. ഈ ജീവിതപോരാട്ടത്തിൽ സ്വയം ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ട്രാൻസ് മനുഷ്യരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരുകയാണ്. വ്യവസ്ഥിതിയും സമൂഹവും മരണത്തിലേക്ക് തള്ളിയിട്ട അനേകായിരം ട്രാൻസ് മനുഷ്യരെ ഓർമപ്പെടുത്തുന്ന ദിനമാണ് നവംബർ 20 ട്രാൻസ് അനുസ്മരണ ദിനം (Trans Remembrance Day).

അനന്യ മാത്രമല്ല, നിരവധി ട്രാൻസ് മനുഷ്യർ കേരളത്തിൽ മാത്രമായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. മരിയ, ഗൗരി, ശാലു, അഞ്ജന, മാളവിക, ശ്രീധന്യ, ശ്രദ്ധ, താഹിറ, ഷെറിൻ, മായ, പ്രവീൺ തുടങ്ങീ എത്രയോ മനുഷ്യരെയാണ് ട്രാൻസ്ഫോബിക് സമൂഹം നിർദാക്ഷീണ്യം ‘കൊന്നു’കളഞ്ഞത്. കേരളത്തിൽ ട്രാൻസ്ജെൻഡറുകളുടെ ആത്മഹത്യാനിരക്ക് വർധിച്ചുവരികയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സമ്മർദ്ദവും വിഷാദവും ഒറ്റപ്പെടലും ഉൾപ്പെടെ പല കാരണങ്ങളാണ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത്.

വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള അവഗണനകളെയും സമ്മർദ്ദങ്ങളെയും മറികടന്നാണ് ട്രാൻസ് വ്യക്തികൾ തങ്ങളുടെ സ്വത്വം വീണ്ടെടുക്കുന്നത്. അത്തരത്തിൽ അതിജീവിച്ച് വരുന്ന മനുഷ്യരെ സമൂഹം ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്. ട്രാൻസ് മനുഷ്യർക്ക് അനുകൂലമായ നിയമങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. എങ്കിലും ഒരു സിവിലൈസ്ഡ് സമൂഹമെന്ന നിലയിൽ നമ്മൾ എത്രദൂരം പിന്നിലാണെന്നതാണ് ചോദ്യം. അവരെ ഉൾകൊള്ളാനും മനുഷ്യനായി അംഗീകരിക്കാനും നമ്മൾ പ്രാപ്തരാണോ എന്നതാണ് ചോദ്യം…

കൊല്ലപ്പെട്ട ട്രാൻസ് മനുഷ്യരെ ഓർക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൊളോണിയൽ കാലം മുതൽ പിന്തുടരുന്ന ട്രാൻസ് വിരുദ്ധ നിയമങ്ങളെ കുറിച്ചും ട്രൂ കോപ്പി തിങ്കിനോട് പറയുകയാണ് ക്വീർ ആക്ടിവിസ്റ്റും കവിയും ഗവേഷകനുമായ ആദി:

“ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആത്മഹത്യകളും കൊലപാതകങ്ങളും മരണങ്ങളും സവിശേഷമായി ചർച്ച ചെയ്യുന്ന ദിവസത്തിന് വലിയ പ്രസക്തിയുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ ഉള്ള ഒരു പൗരശരീരമായി നമ്മുടെ സമൂഹത്തിൽ ട്രാൻസ് മനുഷ്യർ പരിഗണിക്കപ്പെടുന്നത് 2014 മുതലാണ്. അതിനു മുമ്പും ശേഷവും ട്രാൻസ് മനുഷ്യർക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടക്കുന്നുണ്ട്. കൊളോണിയൽ കാലഘട്ടം മുതൽ നിലനിൽക്കുന്ന നിയമങ്ങൾ തന്നെയാണ് നമ്മുടെ സമൂഹം ഇപ്പോഴും പിന്തുടരുന്നത്. ജന്മനാ ക്രിമിനലുകൾ ആണെന്ന തരത്തിലാണ് ട്രാൻസ് മനുഷ്യരെ കൊളോണിയൽ നിയമങ്ങൾ മനസ്സിലാക്കുന്നത്. ക്രിമിനൽ ഡ്രൈവ് ആക്ട് ഒക്കെ അതിനുദാഹരണമാണ്. ഹിന്ദു മിത്തോളജിക്ക് അകത്താണെങ്കിലും, ദൈവീക പദവി എന്ന നിലയിലേക്ക് അവരെ ഉയർത്തുന്നുണ്ടെങ്കിലും അവിടെയും ഒരു തരത്തിൽ അപമാനിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ അല്ലാതെയാക്കുക എന്ന ആശയമാണ് രണ്ടിലും പ്രവർത്തിക്കുന്നത്. ബ്രാഹ്മണിക്കൽ മിത്തോളജിക്ക് അകത്ത് മനുഷ്യ പദവി നിഷേധിക്കുന്നു. അതോടൊപ്പം മനുഷ്യാവകാശങ്ങളും സവിശേഷ അവകാശങ്ങളും നിഷേധിക്കുന്നു. കൊളോണിയൽ വ്യവസ്ഥയിൽ ക്രിമിനലുകളായി മുദ്രകുത്തി മാനുഷിക പദവി നിഷേധിക്കുന്നു. ഇത്തരത്തിൽ മനുഷ്യ പദവിയില്ലാത്ത ശരീരങ്ങൾ ആയിട്ടാണ് ട്രാൻസ്മനുഷ്യരെ പരിഗണിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ കൊലപാതകങ്ങളും ആത്മഹത്യകളും അവർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളും സവിശേഷമായി ചർച്ച ചെയ്യപ്പെടില്ല. അതെല്ലാം വളരെ സ്വാഭാവികമായ കാര്യങ്ങളായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്.

ആദി
ആദി

ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥരായിട്ടുള്ള ശരീരങ്ങളാണ്ഇവരെന്നാണ് സമൂഹം കാണുന്നത്. ഏതെങ്കിലും ഒരു ട്രാൻസ് വ്യക്തിയുടെ കൊലപാതകമോ ആത്മഹത്യയോ ബന്ധപ്പെട്ടു വരുന്ന വാർത്തകൾക്ക് താഴെ വരുന്ന കമന്റുകൾ പരിശോധിച്ചാൽ തന്നെ മനസ്സിലാകും ട്രാൻസ് മനുഷ്യർക്കെതിരെ വ്യക്തികൾക്കുള്ളിൽ എത്രമാത്രം ഹിംസ ഉണ്ടെന്ന്. അവരുടെ ഉള്ളിൽ എത്രമാത്രം ട്രാൻസ്‌ഫോബിയ വർക്ക് ചെയ്യുന്നുണ്ടെന്ന്. ഇത്തരമൊരു വെറുപ്പിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. ഈ വെറുപ്പ് അധികാര വ്യവസ്ഥയ്ക്ക് അകത്തുനിന്നും ഉത്ഭവിച്ച വ്യവസ്ഥാപിതമായ ഒന്നാണ്. കേരളത്തിൽ നിരവധി ട്രാൻസ് ആത്മഹത്യകളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങളിൽ നടന്നിട്ടുള്ള ക്രൂരതകൾ എന്താണെന്ന് അന്വേഷിച്ച് നോക്കിയാൽ ട്രാൻസ് ശരീരങ്ങളോട് എത്രമാത്രം വെറുപ്പാണ് സമൂഹത്തിൽ ഉള്ളതെന്ന് മനസ്സിലാക്കാൻ കഴിയും. ക്വീർ ശരീരങ്ങളെല്ലാം ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. ആ മരണത്തെ വിലമതിക്കുന്നതും ഇവ സ്ഥാപനവൽകൃത കൊലപാതകങ്ങൾ ആണെന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആ മരണങ്ങളുടെ പിന്നിലെ കാരണം വ്യവസ്ഥാപിതമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ, ദുരൂഹമായ സാഹചര്യത്തിൽ, ക്രൂരമായ രീതിയിൽ നിരവധി ട്രാൻസ് മനുഷ്യർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി കേസെടുക്കുകയോ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവുകയോ പോലും ചെയ്യുന്നില്ല. നമുക്ക് നഷ്ടപ്പെട്ടുപോയ മനുഷ്യരെ ഓർക്കുക. അവരുടെ ഓർമ്മകളെ മുറുകെ പിടിക്കുക. അതിനകത്ത് നിന്നും ഒരു പ്രതിരോധം കണ്ടെടുക്കുക. രാഷ്ട്രീയ ബലം തിരിച്ചറിയുക. അല്ലെങ്കിൽ നമ്മൾ നടന്ന വഴികളെ മനസ്സിലാക്കുക… ഈ ദിവസത്തിന്റെ പ്രസക്തി ഇതൊക്കെയാണ്. ഓർമ്മകൾക്ക് പോലും പലപ്പോഴും രാഷ്ട്രീയ മൂല്യമുണ്ടാവും. ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിൻെറയും വേദനകളുടെയും ഓർമ്മകളാണ് ഞങ്ങൾക്ക് കൂടുതലുള്ളത്. വ്യവസ്ഥയോട് പ്രതിരോധം തീർക്കുക, രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള കെൽപ്പ് നേടുക എന്നിവയ്ക്ക് വേണ്ടിയാണ് ഇത്തരം ഓർമ്മകളെ ചേർത്തുപിടിക്കേണ്ടത്.”

2012 മെയ് 10-നാണ് സ്വീറ്റ് മരിയ എന്ന ട്രാൻസ് വുമണിനെ കൊല്ലം ജില്ലയിലെ തങ്കശേരിയിലെ ഹാർബർ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ടോൾ കളക്ടറായി ജോലി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയായിരുന്നു അവർ. കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. തൊണ്ടയിലും വയറ്റിലും കീറലുകളുണ്ടായിരുന്നു. വയറ്റിൽ യു ആകൃതിയിലുള്ള മുറിവും കണ്ടെത്തി. ദുർഗന്ധം പുറത്തുവരാതിരിക്കാനായി മൃതദേഹത്തിലും പരിസരങ്ങളിലും മുളക് പൊടി വിതറുകയും ചെയ്തിരുന്നു. അവരുടെ ലാപ്ടോപും ഫോണും കൊലപാതകികൾ അപഹരിക്കുകയും ചെയ്തു. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും വളരെ തണുത്ത സമീപനമായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ സിസ്റ്റം ട്രാൻസ് ശരീരങ്ങളോടും അവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളോടും പുലർത്തുന്ന മനപൂർവമായ അശ്രദ്ധയുടെ ഒരു ഉദാഹരണം മാത്രമാണ് സ്വീറ്റ് മരിയയുടെ കൊലപാതകം.

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ട്രാൻസ് വ്യക്തികൾക്ക് സമൂഹത്തിൽ തുല്യനീതിയും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ കേരളം ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയത്. വിപ്ലവകരമായ ഈ നപടിക്കുശേഷവും ട്രാൻസ് ജീവിതങ്ങൾ തെരുവിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സ്വീറ്റ് മരിയയുടെ കേസിലേതുപോലെ സിസ്റ്റവും പൊലീസും മിക്കപ്പോഴും ഇത്തരം ഘട്ടങ്ങളിൽ ട്രാൻസ് വിരുദ്ധ സമീപനം തന്നെയാണ് സ്വീകരിച്ച് പോന്നിട്ടുള്ളത്.

2019 ഏപ്രിൽ 1-നാണ് ശാലു എന്ന് ട്രാൻസ് വ്യക്തിയെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ശാലുവിന്റെ മൃതദേഹത്തിൽ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചതവുകളുണ്ടായിരുന്നു. കണ്ണൂർ സ്വദേശിയായ ശാലു 35-ാം വയസിലാണ് കൊല്ലപ്പെടുന്നത്. ഈ കേസിലും പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി ശാലുവിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് വന്നിരുന്നു. പൊലീസ് കൃത്യമായി അന്വേഷണം നടത്താൻ പോലും കൂട്ടാക്കിയില്ലായെന്നും അവർ ആരോപിച്ചു. 2014-ൽ വീട് വിട്ടിറങ്ങിയ ശാലു മൈസൂരിലാണ് സെക്സ് റീയസൈഗ്മെന്റ് സർജറി നടത്തിയത്.

സ്വീറ്റ് മരിയ, ശാലു, അഞ്ജന ഹരീഷ്
സ്വീറ്റ് മരിയ, ശാലു, അഞ്ജന ഹരീഷ്

2017 ആഗസ്റ്റ് 16-നാണ് ആലുവയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ഗൗരിയെന്ന ട്രാൻസ് വുമൺ കൊല്ലപ്പെടുന്നത്. എറണാകുളത്തെ സെന്റ് സേവ്യേഴ്സ് കോളേജിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് നിർമാണ തൊഴിലാളിയായ ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഗൗരിയുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ആഴ്ചകളോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് മൃതദേഹം കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വിട്ടുകൊടുത്തു. മരണത്തിനും ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രാദേശിക ഗുണ്ടകളിൽ നിന്ന് ഗൗരിക്ക് ഭീഷണിയുണ്ടായിരുന്നുവെന്നാണ് അവരുടെ സുഹൃത്തുക്കൾ പറയുന്നത്.

2012 ജൂലൈ 26-നാണ് ദീപു എന്ന ട്രാൻസ്മെൻ ആത്മഹത്യ ചെയ്യുന്നത്. നാടക കലാകാരനായിരുന്നന ദീപുവിന് ട്രാൻസ്ഫോബിക് സമൂഹത്തിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സ്വത്വം വെളിപ്പെടുത്തിയതിനുശേഷം തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളും സാമൂഹ്യവിവേചനവുമാണ് ശ്രദ്ധ എന്ന 21-കാരി ട്രാൻസ് വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത്. 2021 സെപ്തംബർ 21-ന് കൊച്ചിയിലെ വാടക വീട്ടിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2021 ജൂണിലാണ് ട്രാൻസ് വ്യക്തി ശ്രീധന്യയെ എറണാകുളം വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരണത്തിനും ഏതാനും ദിവസങ്ങൾ മുമ്പ് തന്നെ അവരുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ശ്രദ്ധ
ശ്രദ്ധ

2020 മെയ് 13-നാണ് അഞ്ജന ഹരീഷ് എന്ന ക്വീർ വിദ്യാർഥി ലോക്ഡൗൺ സമയത്ത് ഗോവയിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്. കേരളത്തിലെ ക്വീർ സംഘടനകളിൽ സജീവമായിരുന്ന അഞ്ജന കാസർഗോട്ടെ തന്റെ വീട് ഉപേഷിച്ച് ഗോവയിലേക്ക് പോവുകയായിരുന്നു. കൺവേഷൻ തെറാപ്പിയെ തുടർന്നാണ് അഞ്ജന ആത്മഹത്യ ചെയ്തതെന്നാണ് വിവരം. പത്തനംതിട്ടയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ താല്പര്യപ്പെട്ട ഇരുപത്തിയൊന്ന് വയസ്സുള്ള ട്രാൻസ് വ്യക്തിയെ സ്വന്തം സഹോദരൻ തലയ്ക്കടിച്ചു കൊന്നതും കേരളത്തിൽ തന്നെയാണ്.

ഈ ആത്മഹത്യകളും കൊലപാതകങ്ങളുമൊന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാര്യമായി ചർച്ചയായില്ല. കോവിഡ് ലോക്ഡൗൺ കാലത്തും അതിന് ശേഷവും ക്വീർ ആത്മഹത്യകൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത്, അതായത് 2021-ൽ മാത്രമായി ഏഴ് ട്രാൻസ് വ്യക്തികൾ കേരളത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകളെല്ലാം നടന്നത് കൊച്ചിയിലായിരുന്നു. എന്നാൽ ഈ കണക്കുകളൊന്നും ഭരണകൂടത്തെയോ സമൂഹത്തെയോ ഒരുതരത്തിലും ബാധിച്ചില്ല. കൊല്ലപ്പെട്ട ആ ജീവനുകൾക്ക് ഉത്തരം പറയേണ്ടത് സംസ്ഥാന ഭരണകൂടം കൂടിയാണ്.

ദീപു
ദീപു

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ അനന്യയുടെ സർജറിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിരുന്നു. അതവരെ മാനസികമായും ശാരീരികമായും വലിയ തോതിൽ ബാധിക്കുകയും ഒടുവിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ക്വീർ ആക്ടിവിസ്റ്റായിരുന്ന അനന്യ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായിരുന്നു.

ഹോർമോൺ തെറാപ്പിയും ലിംഗമാറ്റ സർജറിയും ട്രാൻസ് മനുഷ്യരുടെ അടിസ്ഥാന ആവശ്യ(അവകാശ)ങ്ങളാണ്. എന്നാൽ അത്തരത്തിലുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണിവിടെ. ആയുസിന്റെ അധ്വാനം മുഴുവൻ കൂട്ടിവെച്ചാണ് സാമ്പത്തികമായ അരികുവൽക്കരിക്കപ്പെട്ട ഓരോ ട്രാൻസ് വ്യക്തിയും ഭീമമായ തുക മുടക്കി സർജറിക്ക് തയാറാകുന്നത്. നിലവിൽ സർജറിക്ക് ശേഷമാണ് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുന്നത്. സ്റ്റേറ്റിന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിക്കാൻ പാടുള്ളതല്ല. സർജറികൾ എത്രത്തോളം കാര്യക്ഷമമായും വിജയകരമായും പൂർത്തിയാവുന്നുണ്ടെന്നും അന്വേഷിക്കേണ്ടതുണ്ട്.

സ്വത്വം വെളിപ്പെടുത്തുന്ന ട്രാൻസ് മനുഷ്യർ, സാമൂഹ്യമായി ആക്രമണങ്ങൾ നേരിടുന്നതിനൊപ്പം തന്നെ തൊഴിൽ നിഷേധവും അനുഭവിക്കേണ്ടി വരുന്നുവെന്ന് പൊന്നു ഇമ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

പൊന്നു ഇമ
പൊന്നു ഇമ

“എന്റെ ബൈസെക്ഷ്വാലിറ്റിക്ക് കിട്ടുന്ന അംഗീകാരം പലപ്പോഴും എന്റെ ട്രാൻസ് നോൺ ബൈനറി ഐഡന്റിറ്റിക്ക് ലഭിക്കാറില്ല. നമ്മുടെ സമൂഹം ഇപ്പോഴും ട്രാൻസ്ജെൻഡറെന്നാൽ ട്രാൻസ് വുമൺ എന്നുമാത്രമാണ് കരുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും എന്നെപോലെയുള്ള ട്രാൻസ് മനുഷ്യരെ സമൂഹം കണക്കിലെടുക്കുന്നേയില്ല. അസൈൻഡ് ഫീമെയിലായ ഒരു വ്യക്തിയെ ട്രാൻസായി നമ്മുടെ സമൂഹം പലപ്പോഴും അംഗീകരിക്കാൻ തയാറല്ല. ട്രാൻസ് മനുഷ്യർ കാലങ്ങളായി ആക്രമണങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വത്വം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം തൊഴിൽ നഷ്ടപ്പെട്ട ഒരുപാട് ട്രാൻസ് സുഹൃത്തുക്കൾ എനിക്കുണ്ട്. ട്രാൻസ്‌ജെൻഡറാണെന്ന് അറിയുമ്പോൾ എവിടെയും ജോലികൊടുക്കാത്ത ഒരു സാഹചര്യം നിലവിലുണ്ട്. ട്രാൻസ് ഐഡി കാർഡ് ഉണ്ടെങ്കിലും ജോലികൊടുക്കാത്ത സ്ഥലങ്ങളുണ്ട്” - പൊന്നു ഇമ പറഞ്ഞു.

Comments