മനുവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ഹൈക്കോടതി, ഗേ പങ്കാളിക്ക് ​അന്ത്യോപചാരമർപ്പിക്കാൻ അനുമതി

ടെറസില്‍ നിന്ന് വീണുമരിച്ച ക്വിര്‍ യുവാവായ മനുവിന്റെ ഭൗതികശരീരം കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൃതശരീരത്തിൽ അന്തിമോപചാരം അര്‍പ്പിക്കാൻ ​ഗേ പങ്കാളിയായ ജെബിന് കോടതി അനുമതിയും നൽകി.

വീടിന്റെ ടെറസില്‍ നിന്ന് വീണുമരിച്ച ക്വിര്‍ യുവാവായ മനുവിന്റെ ഭൗതികശരീരം കുടുംബം ഏറ്റടുത്തു. മനുവിന്റെ ഗേ പങ്കാളിയായ കോട്ടയം സ്വദേശി ജെബിന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാന്‍ഡമസ് റിട്ടിനെ തുടര്‍ന്നാണ് മനുവിന്റെ മൃതശരീരം കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മനുവിന്റെ മൃതശരീരത്തിൽ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അനുമതി ഹൈക്കോടതി ജെബിന് നല്‍കി.

ആദ്യ ഘട്ടത്തില്‍ കുടുംബം മനുവിന്റെ മൃതശരീരം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ആശുപത്രിയില്‍ പണം കെട്ടിവെക്കണമെന്ന് അറിയിച്ചപ്പോള്‍ മൃതശരീരം ഏറ്റെടുക്കാതെ കുടുംബം തിരികെ പോവുകയായിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഗേ പങ്കാളിയെ അനന്തരാവകാശിയായി പരിഗണിക്കാത്തതുകൊണ്ട് മനുവിന്റെ പങ്കാളിയായ ജെബിന് മൃതശരീരം ഏറ്റെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജെബിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബം മൃതശരീരം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ജെബിന് കോടതിയിലേക്ക് പോവേണ്ടി വന്നത്. എന്നാലിപ്പോള്‍ മനുവിന്റെ കുടുംബം നിലപാടില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.

മനുവും ജെബിനും

ഫെബ്രുവരി 3ന് അപകടം സംഭവിച്ച് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച മനു രണ്ടുദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും പിന്നീട് ആശുപത്രിയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറാകാതെ മടങ്ങി. എന്നാല്‍, മൃതദേഹം സ്വീകരിക്കാന്‍ തയ്യാറല്ല എന്ന് അവര്‍ രേഖാമൂലം ആശുപത്രിയെ അറിയിക്കുകയും ചെയ്തില്ല. തുടര്‍ന്നാണ്, പങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള അവകാശം തനിക്ക് നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്.

ഫെബ്രുവരി 6ന് കേസ് പരിഗണിച്ച കോടതി രക്തബന്ധമില്ലാത്ത ഒരു വ്യക്തിക്ക് മൃതശരീരം വിട്ടുനല്‍കുമ്പോഴുള്ള പ്രോട്ടോക്കോള്‍ നിലവിലില്ലാത്തതിനാല്‍ കേസ് അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ എല്ലാ മര്യാദകളോടും കൂടി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതശരീരം സംരക്ഷിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

മരണപ്പെട്ട മനു

വിധിയെ കുറിച്ചുള്ള തന്റെ അഭിപ്രായം ട്രൂകോപ്പി തിങ്കിനോട് പങ്കുവെക്കുകയാണ് ഇരുവരുടെയും സുഹൃത്തും ആക്ടിവിസ്റ്റുമായ അതുല്‍. കേസിലുടനീളം ജെബിനൊപ്പം അതുലുമുണ്ടായിരുന്നു: ‘നിലവില്‍ ആ വിധിയോട് ഞങ്ങള്‍ യോജിക്കുന്നു. നിയമപരമായി ഇതൊരു നല്ല വിധിയാണെന്നാണ് കരുതുന്നത്. കാരണം ഇനി ഇത്തരത്തിലൊരു കേസ് വന്നാല്‍, വീട്ടുകാരേറ്റെടുക്കാത്ത സാഹചര്യമാണെങ്കില്‍ പങ്കാളിക്ക് മൃതശരീരം വിട്ടുകിട്ടും. ജെബിന്‍ മനുവിന്റെ പങ്കാളിയാണെന്ന കാര്യം കോടതി അംഗീകരിച്ചല്ലോ. ആകെ ഞങ്ങള്‍ക്കുള്ള വിഷമം ഇത്രയും ദിവസം താമസിച്ചു എന്നുള്ളതാണ്. ആശുപത്രിയിലെ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഞങ്ങള്‍ തന്നെയാണ് കെട്ടിവെച്ചത്.
മനുവിന്റെ നാട്ടില്‍ നിന്നും ഭീഷണി ഫോണ്‍കോളുകള്‍ എന്റെയും ജെബിന്റെയുമൊക്കെ നമ്പറിലേക്ക് വരുന്നുണ്ട്. അവിടെ എത്തിക്കഴിഞ്ഞാല്‍ എങ്ങനെയാണ് ഏത് രീതിയിലാണ് അവര്‍ പെരുമാറുക എന്ന് നമുക്ക് പറയാന്‍ സാധിക്കില്ലല്ലോ. കാരണം പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കാണല്ലോ നമ്മള്‍ പോകുന്നത്.’

ക്വീര്‍ ആക്ടിവിസ്റ്റ് അതുല്‍

കണ്ണൂര്‍ സ്വദേശിയാണ് മനു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മനുവിന്റെ ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തന്റെ പങ്കാളിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ജെബിന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മനുവിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താനാണ് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബം അനുവാദം നല്‍കി. ജെബിന് ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Comments