'രണ്ട് ജെൻഡറേയുള്ളൂ, ഫാഷിസ്റ്റുകളും ഫാഷിസ്റ്റ് വിരുദ്ധരും'- ജൂഡിത് ബട്‌ലർ
ആഗോള വ്യാപകമായി വേരുപിടിക്കുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങളെ പല നിലയിൽ വിശദീകരിക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. ഈയിടെ, ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമേ ഇനി യുഎസിൽ ഉണ്ടാവുകയുള്ളൂവെന്നും ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ഫിനിക്സിൽ നടന്ന ചടങ്ങിൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ട്രംപിന്റെ ഈ പ്രഖ്യാപനത്തെ ആഗോളമായി സംഭവിക്കുന്ന LGBTIQ+ വിരുദ്ധ വ്യവഹാരങ്ങളുടെയും നിയമനിർമ്മാണങ്ങളുടെയും വിശാലമായ സാമൂഹ്യ സന്ദർഭത്തിനുള്ളിൽ മനസ്സിലാക്കേണ്ടതുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള ബട്‌ലറിന്റെ പ്രതികരണം കൂടിയാണ് 'രണ്ട് ജെൻഡറേയുള്ളൂ, ഫാഷിസ്റ്റുകളും ഫാഷിസ്റ്റ് വിരുദ്ധരും' എന്ന പറച്ചിൽ.
ഫെമിനിസ്റ്റ് വ്യവഹാരങ്ങൾക്കുള്ളിൽ ലിംഗത്വത്തെ പുതിയ മട്ടിൽ ചർച്ചയാക്കിയ ചിന്തകയാണ് ജൂഡിത് ബട്‌ലർ. ലിംഗത്വം പ്രാകൃതികമായും ജന്മസിദ്ധമായും മനസ്സിലാക്കിയ പതിവിനെ ബട്‌ലർ ചോദ്യം ചെയ്തു. നാട്യപരമായാണ് ലിംഗത്വം രൂപമെടുക്കുന്നതെന്ന് ബട്‌ലർ സിദ്ധാന്തിച്ചു. ഫെമിനിസം ആശ്രയിച്ച സാർവകാലിവും സാർവലൗകികവുമായ സ്ത്രീ എന്ന സത്തയെ ബട്‌ലർ അകമേ അഴിക്കുകയായിരുന്നു. സ്ത്രീയും പുരുഷനും ആവർത്തിച്ചുള്ള നാട്യങ്ങളാൽ രൂപപ്പെടുന്നെന്ന വാദം ചിന്താചരിത്രത്തിൽ പുതിയ ചർച്ചകൾക്ക് തിരിയിട്ടു. ശരീരത്തെയും ലിംഗത്വത്തെയും ജൈവികയാഥാർത്ഥ്യം എന്ന മട്ടിൽ മനസ്സിലാക്കുന്ന പതിവുരീതിയെ കൈയൊഴിയുന്ന വിചാരമാതൃകയാണ് ബട്‌ലർ വികസിപ്പിച്ചെടുക്കുന്നത്. ലിംഗത്വം ജീവശാസ്ത്രപരമായ ചട്ടക്കൂടുകളാൽ വിശദീകരിക്കപ്പെടുന്ന രീതി ബട്‌ലറിന്റെ ആശയങ്ങളോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1990- ൽ പുറത്തെത്തിയ Gender Trouble: Feminism and the Subversion of Identity എന്ന കൃതിയിലൂടെയാണ് ലിംഗഭേദങ്ങളുടെ അപ്രകൃതീകരണമായി നിർവചിക്കാവുന്ന 'നാട്യപരത' എന്ന താക്കോൽവാക്കിനെ ബട്‌ലർ അവതരിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ കാലങ്ങളിലായി ഫെമിനിസ്റ്റ് കൂട്ടങ്ങൾക്കുള്ളിൽ വരെ ആഴത്തിൽ വേരൂന്നിയ ട്രാൻസ് വിരുദ്ധതയോട് പല മട്ടിൽ ബട്‌ലർ സംവദിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വർഷം പുറത്തെത്തിയ ബട്ലറുടെ Who's Afraid of Gender എന്ന പുസ്തകം ഈ ലിംഗ വിരുദ്ധ (anti gender) ചർച്ചകളോടുള്ള നേരിട്ടുള്ള ഇടപെടലാണ്. സ്ത്രീകളുടെയും, സ്വവർഗാനുരാഗികളുടെയും, ട്രാൻസ് മനുഷ്യരുടെയും അവകാശങ്ങൾക്ക് മേൽ നിരന്തരം തുരങ്കം വെക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നുള്ള ലിംഗത്വാശങ്കകളുടെ സമകാലികരൂപങ്ങളെ ബട്ലർ പുസ്തകത്തിൽ നേരിടുന്നു. 'എന്റെ കടമ ഒരു പുതിയ ലിംഗ സിദ്ധാന്തം നൽകുകയോ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ മുന്നോട്ടുവച്ച പ്രകടന സിദ്ധാന്തത്തെ പ്രതിരോധിക്കുകയോ പുനഃപരിശോധിക്കുകയോ അല്ല, പ്രത്യേകിച്ച് ട്രാൻസ്-ഭൗതികവാദ വിമർശനങ്ങളുടെ വെളിച്ചത്തിൽ. ഇപ്പോൾ ആ ആലോചനകൾ പല തരത്തിൽ സംശയാസ്പദമായി തോന്നുന്നുമുണ്ട്. ഈ പ്രക്രിയയിലെ ചില അസത്യങ്ങളെ നിരാകരിക്കാനും ഈ അസത്യങ്ങൾ എങ്ങനെ, എന്തുകൊണ്ട് എന്ന് മനസ്സിലാക്കാനും മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ....'' എന്ന് ബട്‌ലർ വ്യക്തമാക്കുന്നുണ്ട്. നിലവിലെ വ്യവഹാരങ്ങൾക്കുള്ളിൽ പ്രേത(phantasm)സാന്നിധ്യമായാണ് ലിംഗത്വമെന്ന ആശയം പ്രവർത്തിക്കുന്നതെന്ന് ബട്‌ലർ കരുതുന്നു. അടിയന്തര പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ വ്യവഹാരങ്ങൾ രൂപമെടുക്കുന്നത്. ആഗോളതാപനം, സാമ്പത്തിക അസമത്വം, അക്രമം, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ശ്രദ്ധിക്കുന്നതിനുപകരം വലതുപക്ഷം ഒരു ശത്രുവിനെ രൂപപ്പെടുത്തിയെടുക്കുകയാണ്. വംശീയതയുടെ പ്രവർത്തന തത്വങ്ങളെ മുൻനിർത്തി ആലോചിക്കുമ്പോൾ ടോണി മോറിസനും ശ്രദ്ധ തെറ്റിക്കലിലൂടെ വംശീയത വാഴുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്.

ലിംഗവിരുദ്ധ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളുടെ മുഖ്യ വാദം ചരിത്രത്തിൽ പുരുഷൻ, സ്ത്രീ എന്നതിനെക്കുറിച്ച് സ്ഥിരവും സാർവത്രികവുമായ ആശയമുണ്ടെന്നാണ്. LGBT ശരീരങ്ങൾ ഈ ആശയത്തെ തകർക്കുകയാണെന്ന് ഇക്കൂട്ടർ കരുതുന്നു. ഈ വാദം ഒരു തരത്തിലും നിലനിൽക്കുന്നതല്ല.
ലിംഗവിരുദ്ധപ്രസ്ഥാനങ്ങൾ വിശ്വസിക്കുന്ന ഈ ഭൂതകാലം ഒരു ഫാന്റസി മാത്രമാണ്. ഈ ഫാന്റസിക്ക് ഫാഷിസത്തിന്റെ സ്വഭാവവുമാണ്. നിലവിലുള്ള സ്ഥിതി നിലനിർത്തുന്നതിന്റെയോ, ആദർശവൽക്കരിക്കപ്പെട്ട ഒരു ഭൂതകാലത്തിലേക്ക് മടങ്ങുന്നതിന്റെയോ പേരിൽ, സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള നമ്മുടെ അടിസ്ഥാന പ്രതിബദ്ധതകൾ വികസിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഫാഷിസ്റ്റുകൾ നിരന്തരം എതിർക്കുന്നുവെന്ന് ബട്‌ലർ എഴുതുന്നു. ആ നിലയിൽ ക്വിയർ വിരുദ്ധ വ്യവഹാരങ്ങളെ ഫാഷിസ്റ്റ് രൂപമായി തന്നെ ബട്‌ലർ സ്ഥാനപ്പെടുത്തുന്നുണ്ട്.
LGBTQ+ കമ്മ്യൂണിറ്റികളെ ലക്ഷ്യം വച്ചുള്ള നിയമപരമായ നടപടികൾ മുതൽ സൂക്ഷ്മമായ അവകാശ നിഷേധങ്ങൾ വരെ വിവിധ രീതികളിൽ ക്വിയർ വിരുദ്ധത ഇക്കാലങ്ങളിൽ പ്രകടമാകുന്നു. സ്‌കൂളുകളിൽ ലിംഗത്വത്തെയും ലൈംഗികതയെയും കുറിച്ചുള്ള ചർച്ചകൾ നിരോധിക്കുന്ന നിയമങ്ങളുടെ ഉയർച്ച, ട്രാൻസ് ഹെൽത്ത് കെയർ കുറ്റകൃത്യമാക്കൽ എന്നിവ ഒറ്റപ്പെട്ട പ്രവൃത്തികളല്ല, മറിച്ച് ശരീരങ്ങളുടെ മേലുള്ള ഫാഷിസ്റ്റ് നിയന്ത്രണം ശക്തിപ്പെടുത്താനുള്ള വ്യവസ്ഥാപിത ശ്രമങ്ങളാണ്.
ഫാഷിസ്റ്റ് അഭിലാഷങ്ങൾക്ക് പല രൂപങ്ങളുണ്ടാകാമെന്ന് ബട്ലർ കരുതുന്നു. ആളുകളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ആഗ്രഹം അതിലൊന്നാണ്. കുടിയേറ്റക്കാർ ഒരു പ്രത്യേക ദേശീയ രാഷ്ട്രത്തിൽ ഉൾപ്പെടുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് അവരെ പുറത്താക്കുകയാണെങ്കിൽ, ട്രാൻസ് ആളുകൾക്ക് അവരുടെ സ്വന്തം ലിംഗഭേദം നിർണ്ണയിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ, ശാരീരിക സ്വയംഭരണം ഉൾപ്പെടെയുള്ള സ്ത്രീകളുടെ സ്വയം നിർണ്ണയാവകാശങ്ങൾ ഇല്ലാതാക്കുകയാണെങ്കിൽ അത് നിശ്ചയമായും ഫാഷിസ്റ്റ് പ്രവണതയാണ്. അവകാശങ്ങൾ ഇല്ലാതാക്കുന്ന നിരവധി ഉദാഹരണങ്ങൾ ബട്‌ലർ നിരത്തുന്നുണ്ട്. ഒരു തീവ്രവാദി, പിശാച് അല്ലെങ്കിൽ എബോള വൈറസ് എന്നിങ്ങനെ രാജ്യത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്നതെന്തും ഇല്ലാതാക്കാൻ സ്വീകരിക്കേണ്ട ഏത് നടപടികളും ദേശീയ സുരക്ഷയുടെ പേരിൽ ന്യായീകരിക്കപ്പെടുന്നു.

ഉന്മൂലനത്തിന്റെ ഭാഷ ഫാഷിസത്തിന്റേതാണെന്ന് ബട്‌ലർ ഊന്നിപ്പറയുന്നുണ്ട്. അത് കേവലം ട്രാൻസ്ജെൻഡർ ആളുകൾക്ക് നേരെ മാത്രമല്ല, 'ലിംഗത്വം', 'വിമർശനാത്മക വംശീയ സിദ്ധാന്തം', 'വോക്കിസം' എന്നിവയുടെ അടയാളങ്ങൾക്ക് കീഴിൽ കൂട്ടംകൂടിയിരിക്കുന്ന എല്ലാവർക്കും എതിരെയാണെന്ന് മനസ്സിലാക്കാം. കഴിഞ്ഞ ദശകങ്ങളിൽ ഉയർന്നുവന്ന ഫാഷിസത്തിന്റെ പുതിയ ആവർത്തനങ്ങളെ മനസ്സിലാക്കാൻ പുതിയ പദാവലികൾ ആവശ്യമാണെന്നും സമ്പദ് വ്യവസ്ഥകളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവും പോലീസ്, ജയിൽ, ദേശീയ അതിർത്തികളിലെ പട്രോളിംഗ് എന്നിവയിലേക്ക് സൈനികവൽക്കരിക്കപ്പെട്ട അധികാര രൂപങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള സമകാലിക രീതികളും കണക്കിലെടുക്കുമ്പോൾ, ജീവിതങ്ങളുടെയും ഉപജീവനമാർഗ്ഗങ്ങളുടെയും നാശത്തെ യുക്തിസഹമാക്കുന്ന നവലിബറലിസത്തിന്റെയും തീവ്രമായ സുരക്ഷാ രൂപങ്ങളുടെയും സംയോജനമാണ് നാം നേരിടുന്നതെന്നും ബട്‌ലർ വിശദീകരിക്കുന്നുണ്ട്.
സമകാലിക സ്വേച്ഛാധിപതികൾ സ്വയം ഫാഷിസ്റ്റുകളായി കണക്കാക്കില്ലായിരിക്കാം, പക്ഷേ അവർ അധികാരത്തിൽ തുടരാൻ ഫാഷിസ്റ്റ് സാങ്കേതികതയെയും ഫാഷിസ്റ്റ് വികാരങ്ങൾ ഉണർത്തുന്നതിനെയും ആശ്രയിക്കുന്നെന്ന് ബട്‌ലർ നിരീക്ഷിക്കുന്നു. സ്ത്രീവാദം, ബഹുസാംസ്‌കാരികത, LGBTQIA+ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉൾപ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങൾക്കെതിരെയും, പൗരാവകാശങ്ങൾക്കും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനും എതിരെയുമാണ് പുതിയ സ്വേച്ഛാധിപതികൾ പ്രതിഷേധിക്കുന്നത്. ഇവയെല്ലാം രാഷ്ട്രത്തിന് ഭീഷണിയാകുന്ന ആന്തരിക ശത്രുക്കളായോ അല്ലെങ്കിൽ വാതിൽ തകർത്ത് രാജ്യത്തിന്റെ സാങ്കൽപ്പിക വിശുദ്ധിയെ ഭീഷണിപ്പെടുത്താൻ പോകുന്ന ബാഹ്യ ശത്രുക്കളായോ ചിത്രീകരിക്കപ്പെടുന്നു.
ഫാഷിസത്തിന്റെ പ്രവർത്തനരീതികളെ കുറിച്ച് പഠിക്കുമ്പോൾ എങ്ങനെയാണ് ലൈംഗിക ഉത്കണ്ഠ അപരരെ നിർമ്മിക്കാനും അമർച്ച ചെയ്യാനും ഉപയോഗപ്പെടുന്നു എന്ന് ജേസൻ സ്റ്റാൻലി സൂചിപ്പിക്കുന്നുണ്ട്. അപര ലൈംഗികതയെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് ഫാഷിസം പ്രവർത്തിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ലവ് ജിഹാദ്, ജനസംഖ്യാപെരുപ്പം തുടങ്ങിയ ആഖ്യാനങ്ങൾ ഉപയോഗിച്ചാണ് മുസ്ലിങ്ങളുടെ ലൈംഗികത നിയന്ത്രിക്കപ്പെടുന്നത്. ഇതേ തന്ത്രമാണ് ക്വിയർ മനുഷ്യർക്കെതിരെയും പയറ്റുന്നത്. ഈ രീതി എങ്ങനെയാണ് സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക് മേലുള്ള അതിക്രമമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്.
''ലിബറൽ ജനാധിപത്യത്തിൽ, സ്വാതന്ത്ര്യത്തെയും സമത്വത്തെയും പ്രത്യക്ഷമായി ആക്രമിക്കുന്ന രാഷ്ട്രീയക്കാരന് വലിയ പിന്തുണ ലഭിക്കാൻ ഇടയില്ല. ലൈംഗിക ഉത്കണ്ഠയുടെ രാഷ്ട്രീയം സുരക്ഷയുടെ പേരിൽ ഈ പ്രശ്‌നത്തെ മറികടക്കാനുള്ള ഒരു മാർഗമാണ്; ലിബറൽ ജനാധിപത്യത്തിന്റെ ആശയങ്ങളെ പരോക്ഷമായി ആക്രമിക്കാനും തുരങ്കം വയ്ക്കാനുമുള്ള ഒരു മാർഗവുമാണിത്. ലൈംഗിക ഉത്കണ്ഠയുടെ രാഷ്ട്രീയം ഉപയോഗിക്കുന്നതിലൂടെ ഒരു രാഷ്ട്രീയ നേതാവ് പരോക്ഷമായെങ്കിലും സ്വാതന്ത്ര്യത്തെയും സമത്വത്തെയും ഭീഷണികളായി പ്രതിനിധീകരിക്കുന്നു. ലിംഗ വ്യക്തിത്വത്തിന്റെയോ ലൈംഗിക മുൻഗണനയുടെയോ ആവിഷ്‌കാരം സ്വാതന്ത്ര്യത്തിന്റെ ഒരു പ്രയോഗമാണ്. സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡർ മനുഷ്യരെയും സ്ത്രീകൾക്കും കുട്ടികൾക്കും ഒരു ഭീഷണിയായി അവതരിപ്പിക്കുന്നതിലൂടെ ഫാഷിസ്റ്റ് രാഷ്ട്രീയം സ്വാതന്ത്ര്യത്തിന്റെ ലിബറൽ ആദർശത്തെ പ്രതിക്കൂട്ടിലാക്കുന്നു.

ആഗോളമായി സംഭവിക്കുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങളുടെ തുടർച്ചയിൽ മാത്രമേ കേരളത്തിൽ ഇക്കഴിഞ്ഞ കാലങ്ങളായി ശക്തമാകുന്ന സമാന പ്രവണതകളെ മനസ്സിലാക്കാനാകൂ. കേരളത്തിൽ ശക്തമായി ഉയർന്നുവരുന്ന ക്വിയർ വിരുദ്ധ സഖ്യങ്ങളുടെ അടിത്തറ ആഗോള ക്വിയർ വിരുദ്ധ വ്യവഹാരങ്ങൾക്ക് മേലാണ് പടുത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സജീവമായി ക്വിയർ വിരുദ്ധത പ്രചരിപ്പിക്കുന്ന ഇക്കൂട്ടർ വ്യാപകമായി ആശ്രയിക്കുന്നതും യൂറോപ്യൻ വലതുപക്ഷത്തിന്റെയും ട്രാൻസ് വിരുദ്ധ ഫെമിനിസ്റ്റുകളുടെയും ഉപാദാനങ്ങളെയാണ്. മുഖ്യമായും സ്ത്രീകളും കുട്ടികളും അപകടത്തിലാണെന്ന വാദമാണ് ഇക്കൂട്ടർ ഉയർത്തുന്നത്. എം.കെ. മുനീറിന്റെയും കെ.എം ഷാജിയുടേയും ഈയിടെയുണ്ടായ പ്രസ്താവനകളുടെ അടിസ്ഥാനമായി നിലനിൽക്കുന്നതും ഈ ആഗോളവലതുപക്ഷയുക്തികളാണ്.
ആദ്യകാലങ്ങളിലെ ചിതറിയതും ഒറ്റപ്പെട്ടതുമായ പ്രവർത്തനങ്ങളിൽ നിന്നും മാറി കേരളത്തിലെ ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് ഇപ്പോൾ ഏകീകരണം കൈവരിക്കാനായിട്ടുണ്ട്. ഏറെക്കുറെ സംഘടിതമായ ഒരു സ്വഭാവത്തിലാണ് കേരളത്തിലെ 'പുതിയ' ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും ഇത് പുതിയ സാമൂഹിക സാഹചര്യമാണ്. കേരളത്തിൽ ശക്തമാകുന്ന ക്വിയർ വിരുദ്ധമായ 'പുതിയ' സാമൂഹികാന്തരീക്ഷം എങ്ങനെയാണ് യൂറോപ്യൻ വലതുപക്ഷവുമായി വിനിമയങ്ങളിൽ ഏർപ്പെടുന്നതെന്നത് സവിശേഷമായ വിശകലനം അർഹിക്കുന്നുണ്ട്. കേരളത്തിൽ രൂപപ്പെടുന്ന ക്വിയർ വിരുദ്ധ സാമൂഹികാന്തരീക്ഷത്തിന്റെ ഭാഷയും സ്വഭാവവും പ്രവർത്തനരീതിയും ആ നിലയിൽ അന്വേഷിക്കപ്പെടണം. ക്വിയർ വിരുദ്ധ ആശയങ്ങളുടേതായ ഈ ചർച്ചാന്തരീക്ഷം തീർത്തും 'പുതിയതാണെന്ന്' സൂചിപ്പിക്കുന്നതിലൂടെ ആദ്യകാലത്തേതിൽ നിന്നും അതിനുള്ള വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.
രണ്ട് നിലകളിൽ ഈ മാറ്റം ക്രോഡീകരിക്കാം; ഒറ്റപ്പെട്ട പ്രകൃതത്തിൽ നിന്നും സംഘടിത സ്വഭാവത്തിലേക്കുള്ള മാറ്റമാണ് ആദ്യത്തേത്. മതത്തെയും സദാചാരത്തെയും മുൻനിർത്തിയുള്ള ക്വിയർ വിരുദ്ധ വ്യവഹാരങ്ങളിൽ നിന്നും വ്യതിചലിച്ച് ശാസ്ത്രത്തെയും, ട്രാൻസ് വിരുദ്ധ ഫെമിനിസ്റ്റുകളെയും, മെനിനിസ്റ്റുകളുടെയും, യൂറോപ്യൻ വലതുപക്ഷത്തിന്റെ വിഭിന്നാഖ്യാനങ്ങളെയും ഉപദാനങ്ങളായി സ്വീകരിച്ചുള്ള ശക്തമായ ക്വിയർ വിരുദ്ധതയുടെ പ്രത്യയശാസ്ത്രാടിത്തറയാണ് മറ്റൊന്ന്. ക്വിയർ മനുഷ്യരുടെ ജീവനാവകാശത്തെ നിഷേധിക്കുന്ന ഈ കൂട്ടങ്ങൾ ആത്യന്തികമായി സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ അവകാശങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ആ നിലയിൽ ഫാഷിസത്തിന്റെ പുതിയ രൂപമായാണ് ഈ ക്വിയർവിരുദ്ധ കൂട്ടങ്ങൾ പ്രവർത്തിക്കുന്നത്.
ഈ പ്രൈഡ് മാസം, ക്വിയർ വിരുദ്ധതയെ പ്രതിരോധിക്കുന്നത് അടിയന്തരമായി നമുക്ക് ഏറ്റെടുക്കാം. ക്വിയർ അവകാശം മനുഷ്യാവകാശമാണ്.
