മരണങ്ങൾ തുടർക്കഥയാവുന്നു, ട്രാൻസ് ജനതയെ നാം കേട്ടുകൊണ്ടേയിരിക്കണം

കേരളത്തിൽ ട്രാൻസജെൻഡറുകളുടെ ആത്മഹത്യാനിരക്ക് വർധിച്ചുവരികയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മർദവും വിഷാദവും ഒറ്റപ്പെടലും ഉൾപ്പെടെ കാരണങ്ങൾ പലതാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആത്മഹത്യയ്ക്ക്.

മേയ് 18-നാണ് നടിയും മോഡലുമായ ട്രാൻസ് യുവതി ഷെറിൻ സെലിൻ മാത്യൂവിനെ കൊച്ചിയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2022-ൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ട്രാൻസ്‌ജെൻഡറാണ് ഷെറിൻ. ട്രാൻസ് വ്യക്തികളുടെ ആത്മഹത്യകൾ തുടരുമ്പോഴും അധികൃതർ ഇത്തരം സംഭവങ്ങളെ ലാഘവത്തോടെയാണ് കാണുന്നതെന്ന ആരോപണവുമുണ്ട്.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കുമാരി അലക്‌സിന്റെ മരണത്തിനുശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ സങ്കീർണകളും ട്രാൻസ് വ്യക്തികളുടെ ആത്മഹത്യകളും വലിയതോതിൽ ചർച്ചയാകുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സുപ്രീംകോടതി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ പാലിക്കപ്പെടാതെയാണ് ഇവിടെ നടക്കുന്ന ശസ്ത്രക്രിയകളധികവും. ഏങ്ങനെയെങ്കിലും ശരീരത്തെ മനസ്സിന്റെ ഇഷ്ടത്തിന് മാറ്റിയെടുക്കണമെന്ന ആഗ്രഹവുമായെത്തുന്നവരെ ചൂഷണം ചെയ്യുകയാണ് ആശുപത്രികൾ ചെയ്യുന്നത്.

Comments