ഭരണഘടനാവിരുദ്ധം,
ലിംഗസ്വത്വത്തിനുമേലുള്ള
ഭരണകൂട ഇടപെടൽ

തന്റെ ഏറ്റവും സ്വകാര്യവും അവകാശവുമായ ലിംഗ സ്വത്വം 'ഔദ്യോഗികമാക്കാൻ' ഒരു സർക്കാർ ഓഫീസിന് മുന്നിൽ ഊഴം കാത്തുനിൽക്കേണ്ടിവരുന്നത് വ്യക്തിയുടെ അന്തസ്സിനെ അങ്ങേയറ്റം ചോദ്യം ചെയ്യുന്ന നടപടിയാണ്. ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലിലെ മനുഷ്യവിരുദ്ധതയെക്കുറിച്ച് എഴുതുന്നു ശ്രീനിജ് കെ.എസ്.

2026 മാർച്ച് 13-ന് ലോക്സഭയിൽ അവതരിപ്പിച്ച ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ (Transgender Persons -Protection of Rights- Amendment Bill, 2026), ട്രാൻസ്ജെൻഡർ സമൂഹത്തിൽ വലിയ അരക്ഷിതാവസ്ഥയും ആശങ്കയുമാണ് പടർത്തിയിരിക്കുന്നത്.

2019-ൽ ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം നിലവിൽ വന്ന നിയമത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ, യഥാർത്ഥത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിച്ച പരിമിതമായ അവകാശങ്ങളെപ്പോലും ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും നിയമവിദഗ്ധരും ഒരേപോലെ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഓരോ പൗരർക്കും ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഈ ബിൽ വിലയിരുത്തപ്പെടുന്നത്.

സ്വയംനിർണ്ണയാധികാരത്തെ അട്ടിമറിച്ച് പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത് ട്രാൻസ്‌ജെൻഡർ സമൂഹത്തെ വീണ്ടും പാർശ്വവൽക്കരിക്കാനും ബ്യൂറോക്രാറ്റിക് നൂലാമാലകളിൽ തളച്ചിടാനുമാണ് സഹായിക്കുക.

ഈ ബില്ലിലെ ഏറ്റവും വിവാദപരമായ വശം, ഒരാൾക്ക് സ്വന്തം ലിംഗസ്വത്വം സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനുമേൽ (Self-perceived gender identity) ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ്. ലിംഗസ്വത്വം എന്നത് ഒരു വ്യക്തിയുടെ ആന്തരികമായ തിരിച്ചറിവാണെന്നും അത് ഭരണഘടനാപരമായ മൗലികാവകാശമാണെന്നും സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഈ സ്വയംനിർണ്ണയാധികാരത്തെ അട്ടിമറിച്ച് പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത് ട്രാൻസ്‌ജെൻഡർ സമൂഹത്തെ വീണ്ടും പാർശ്വവൽക്കരിക്കാനും ബ്യൂറോക്രാറ്റിക് നൂലാമാലകളിൽ തളച്ചിടാനുമാണ് സഹായിക്കുക. ന്യൂനപക്ഷങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഒരു ജനാധിപത്യ സർക്കാരിൽ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക നീതിക്കും നിരക്കാത്തതാണ്. ആത്യന്തികമായി, ഈ നിയമഭേദഗതി ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന ഗൗരവകരമായ ചോദ്യമാണ് ഉയരുന്നത്.

ട്രാൻസ്ജെൻഡർ ഭേദഗതി  ബില്ലിലെ ഏറ്റവും വിവാദപരമായ വശം, ഒരാൾക്ക് സ്വന്തം ലിംഗസ്വത്വം സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ്.
ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലിലെ ഏറ്റവും വിവാദപരമായ വശം, ഒരാൾക്ക് സ്വന്തം ലിംഗസ്വത്വം സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ്.

വ്യക്തിസ്വത്വത്തിന്
ഭരണകൂടനിയന്ത്രണം

ബില്ലിലൂടെ കൊണ്ടുവരുന്ന മാറ്റങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വത്വത്തെയും മൗലികാവകാശങ്ങളെയും അക്ഷരാർത്ഥത്തിൽ റദ്ദാക്കുന്നവയാണ്. 2019-ലെ നിയമത്തിലെ Section 4(2) പ്രകാരം ഒരു വ്യക്തിക്ക് ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള (Self-perception) നിയമപരമായ അവകാശമുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി ഈ ഉപവകുപ്പ് പൂർണ്ണമായും നീക്കി, ഒരു വ്യക്തിയുടെ ആന്തരികമായ തിരിച്ചറിവിനുമേൽ ഭരണകൂടത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇനിമുതൽ ഒരാൾ ട്രാൻസ്‌ജെൻഡർ ആണെന്ന് അംഗീകരിക്കപ്പെടണമെങ്കിൽ ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകേണ്ടിവരും. ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യവും ആഴമേറിയതുമായ ലിംഗസ്വത്വം ഒരു സർക്കാർ ഉദ്യോഗസ്ഥൻ പരിശോധിച്ച് 'ശരിയോ തെറ്റോ' എന്ന് തീരുമാനിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത ലംഘനമാണ്.

വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരെയും സ്വയം ലിംഗസ്വത്വം നിശ്ചയിക്കുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് പുറത്താക്കണമെന്ന് ബില്ലിൽ പറയുന്നു. ഈ ഒറ്റ വരിയിലൂടെ ട്രാൻസ് മെൻ, നോൺ- ബൈനറി, ജെൻഡർ ഫ്ലൂയിഡ് വ്യക്തികൾക്ക് ലഭിക്കേണ്ട നിയമപരിരക്ഷയും അന്തസ്സും പൂർണ്ണമായും നിഷേധിക്കപ്പെടും.

കൂടാതെ, 'ട്രാൻസ്‌ജെൻഡർ' എന്ന നിർവചനത്തിൽ വരുത്തിയ മാറ്റങ്ങൾ ഈ നിയമത്തിന്റെ ഗുണഭോക്താക്കളുടെ പരിധി വളരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഹിജഡ, കിന്നർ, അരവാണി തുടങ്ങിയ വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി നിർവചനം പരിമിതപ്പെടുത്തിയതിനോടൊപ്പം, ഇതിൽ ചേർത്ത പുതിയ വ്യവസ്ഥ (Proviso) ഞെട്ടിക്കുന്നതാണ്. വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരെയും (Sexual orientation) സ്വയം ലിംഗസ്വത്വം നിശ്ചയിക്കുന്നവരെയും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് പുറത്താക്കണമെന്ന് ബില്ലിൽ പറയുന്നു. ഈ ഒറ്റ വരിയിലൂടെ ട്രാൻസ് മെൻ, നോൺ- ബൈനറി, ജെൻഡർ ഫ്ലൂയിഡ് വ്യക്തികൾക്ക് ലഭിക്കേണ്ട നിയമപരിരക്ഷയും അന്തസ്സും പൂർണ്ണമായും നിഷേധിക്കപ്പെടും.

സുപ്രീംകോടതിവിധി
മറികടക്കുന്ന ഭേദഗതി

2014-ലെ ചരിത്രപ്രധാനമായ NALSA vs. Union of India കേസിൽ, ലിംഗസ്വത്വം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഭാഗമാണെന്ന് സുപ്രീംകോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം (Article 21) ഓരോ പൗരർക്കും സ്വന്തം ലിംഗസ്വത്വം സ്വയംനിർണ്ണയിക്കാൻ അവകാശമുണ്ടെന്നും, ഭരണകൂടത്തിനോ വൈദ്യശാസ്ത്ര സ്ഥാപനങ്ങൾക്കോ ഇടപെടാൻ അധികാരമില്ലെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഈ ഭരണഘടനാ മൂല്യങ്ങളെ ഉൾക്കൊണ്ടാണ് 2019-ലെ നിയമം വിഭാവനം ചെയ്തതെങ്കിലും, 2026-ലെ ഭേദഗതി ഈ ഉൾക്കൊള്ളലിനെ ബോധപൂർവ്വം നിരാകരിക്കുകയാണ് ചെയ്യുന്നത്.

ഇത് കേവലം നിയമപരിഷ്‌കാരം എന്നതിലുപരി, സുപ്രീംകോടതിയുടെ ഭരണഘടനാ വ്യാഖ്യാനത്തോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വം (Article 14), ആവിഷ്‌കാര സ്വാതന്ത്ര്യം (Article 19), ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം (Article 21) എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതിയിലൂടെ സംഭവിക്കുന്നത്. നീതിന്യായ വ്യവസ്ഥ ഉയർത്തിപ്പിടിച്ച മൗലികാവകാശങ്ങളെ അട്ടിമറിച്ച്, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വയം നിർണ്ണയാധികാരത്തെ റദ്ദാക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ധാർമ്മികതയ്ക്കും വിരുദ്ധമാണ്.

നീതിന്യായ വ്യവസ്ഥ ഉയർത്തിപ്പിടിച്ച മൗലികാവകാശങ്ങളെ അട്ടിമറിച്ച്, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വയം നിർണ്ണയാധികാരത്തെ റദ്ദാക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ധാർമ്മികതയ്ക്കും വിരുദ്ധമാണ്.
നീതിന്യായ വ്യവസ്ഥ ഉയർത്തിപ്പിടിച്ച മൗലികാവകാശങ്ങളെ അട്ടിമറിച്ച്, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വയം നിർണ്ണയാധികാരത്തെ റദ്ദാക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ ധാർമ്മികതയ്ക്കും വിരുദ്ധമാണ്.

സ്വകാര്യതാലംഘനം

ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി തന്റെ ലിംഗസ്വത്വം ഔദ്യോഗികമായി അംഗീകരിച്ചു കിട്ടാൻ ഗവൺമെന്റ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണമെന്നും സ്വന്തം ശരീരം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിബന്ധന വെക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്ന നടപടിയല്ല. 2017-ലെ ചരിത്രപ്രധാനമായ പുട്ടുസ്വാമി (Puttuswamy v. Union of India) കേസിൽ ഒൻപത് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പ്രഖ്യാപിച്ച 'സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ' (Right to Privacy) നഗ്നമായ ലംഘനമാണിത്. ഒരു വ്യക്തിയുടെ ശരീരത്തിന്മേലുള്ള അവകാശവും സ്വത്വബോധവും അയാളുടെ സ്വകാര്യതയുടെ അവിഭാജ്യ ഘടകമാണെന്നിരിക്കെ, അതിൽ കടന്നുകയറാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് നീതിന്യായ വ്യവസ്ഥ അടിവരയിടുന്നു.

ജനനസമയത്തെ ലിംഗസ്വത്വവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന (Cis-gender) ഒരു വ്യക്തിക്ക് തന്റെ ലിംഗപദവി തെളിയിക്കാൻ ഇത്തരം പരിശോധന ആവശ്യമായി വരുന്നില്ല. എന്നാൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമാത്രം ഇത്തരമൊരു 'ലിംഗ തെളിവ്' നിർബന്ധമാക്കുന്നത് ഭരണഘടനാപരമായ തുല്യതയ്ക്ക് നിരക്കാത്തതും വ്യവസ്ഥാപിതമായ വിവേചനവുമാണ്. ഒരു ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ മാത്രം ബ്യൂറോക്രാറ്റിക് മേൽനോട്ടം നേരിടേണ്ടിവരുന്നതും അപമാനകരമായ പരിശോധനകൾക്ക് വിധേയരാകേണ്ടിവരുന്നതും ആധുനിക ഭരണഘടനാ ജനാധിപത്യത്തിന് വലിയൊരു ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. തന്റെ ഏറ്റവും സ്വകാര്യമായ സ്വത്വം 'ഔദ്യോഗികമാക്കാൻ' ഒരു സർക്കാർ ഓഫീസിന് മുന്നിൽ ഊഴം കാത്തുനിൽക്കേണ്ടിവരുന്നത് വ്യക്തിയുടെ അന്തസ്സിനെ (Dignity) അങ്ങേയറ്റം ചോദ്യം ചെയ്യുന്ന നടപടിയാണ്.

ലിംഗ വൈവിധ്യത്തിന്
നിരോധനം

ഭേദഗതി ബില്ലിലെ നിർവചനങ്ങൾ ലിംഗവൈവിധ്യത്തെ പൂർണ്ണമായും അദൃശ്യമാക്കുന്ന രീതിയിലാണുള്ളത്. ട്രാൻസ് മെൻ, നോൺ-ബൈനറി, ജെൻഡർ-ക്വിയർ, ജെൻഡർ-ഫ്ലൂയിഡ് തുടങ്ങിയ സ്വത്വങ്ങളെ 'സ്വയം തിരിച്ചറിയുന്നവർ' (Self-perceived) എന്ന ഗണത്തിൽ പെടുത്തി നിയമസംരക്ഷണത്തിൽനിന്ന് ബോധപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. 'സ്വയം നിർണ്ണയിക്കുന്ന ലൈംഗികസ്വത്വങ്ങൾ നിയമപരിധിയിൽ വരില്ല' എന്ന ഒരൊറ്റ വ്യവസ്ഥയിലൂടെ (Proviso) ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതയാഥാർത്ഥ്യങ്ങളെയും നിലനിൽപ്പിനെയുമാണ് ഭരണകൂടം നിഷേധിക്കുന്നത്. ഇത് കേവലം നിയമപരമായ മാറ്റമല്ല, മറിച്ച് ഒരു വലിയ ജനവിഭാഗത്തെ ഔദ്യോഗിക രേഖകളിൽ നിന്നും അവകാശങ്ങളിൽ നിന്നും തുടച്ചുനീക്കാനുള്ള ശ്രമമാണ്.

ഒരു ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ മാത്രം ബ്യൂറോക്രാറ്റിക് മേൽനോട്ടം നേരിടേണ്ടിവരുന്നതും അപമാനകരമായ പരിശോധനകൾക്ക് വിധേയരാകേണ്ടിവരുന്നതും ആധുനിക ഭരണഘടനാ ജനാധിപത്യത്തിന് വലിയൊരു ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.
ഒരു ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ മാത്രം ബ്യൂറോക്രാറ്റിക് മേൽനോട്ടം നേരിടേണ്ടിവരുന്നതും അപമാനകരമായ പരിശോധനകൾക്ക് വിധേയരാകേണ്ടിവരുന്നതും ആധുനിക ഭരണഘടനാ ജനാധിപത്യത്തിന് വലിയൊരു ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

ശാസ്ത്രീയമായ കാഴ്ചപ്പാടുകളെയും ആഗോളതലത്തിലെ മാറ്റങ്ങളെയും ഈ ബിൽ പൂർണ്ണമായും അവഗണിക്കുന്നു. ലിംഗസ്വത്വം എന്നത് ബഹുമുഖവും ആന്തരികവുമാണെന്ന് ലോകാരോഗ്യസംഘടന (WHO), അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ പതിറ്റാണ്ടുകളായുള്ള പഠനങ്ങളിലൂടെ ഉറപ്പിച്ചുപറഞ്ഞതാണ്. 2019-ൽ പുറത്തിറക്കിയ ICD-11-ൽ ലിംഗവൈവിധ്യം (Gender incongruence) മാനസികരോഗമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ശരീരം എന്നത് ലിംഗസ്വത്വത്തിന്റെ തെളിവല്ലെന്നും അത് മനസ്സിന്റെ ആന്തരികമായ തിരിച്ചറിവാണെന്നും ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുമ്പോൾ, ഇന്ത്യ ഈ ബില്ലിലൂടെ ശാസ്ത്രസത്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

അനുമാനങ്ങളുടെ
അടിസ്ഥാനത്തിലൊരു
ഭേദഗതി

ബില്ലിന്റെ ലക്ഷ്യങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള വിശദീകരണത്തിൽ (Statement of Objects and Reasons), നിർവചനത്തിലെ അവ്യക്തത മൂലം ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനാണ് ഈ ഭേദഗതിയെന്ന് സർക്കാർ വാദിക്കുന്നു. ഒറ്റനോട്ടത്തിൽ യുക്തിസഹമെന്നു തോന്നാമെങ്കിലും, ആഴത്തിലുള്ള പരിശോധനയിൽ ഈ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാകും. ഒന്നാമതായി, നിലവിലെ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന് ആധികാരികമായ യാതൊരു രേഖകളും തെളിവുകളും സർക്കാർ ഇതുവരെ ഹാജരാക്കിയിട്ടില്ല. കൃത്യമായ കണക്കുകളോ പഠനങ്ങളോ ഇല്ലാതെ, വെറും അനുമാനങ്ങളുടെ പുറത്ത് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

"ആരാണ് ട്രാൻസ്‌ജെൻഡർ" എന്ന് തീരുമാനിക്കാനുള്ള അധികാരം ഒരു ഗവൺമെന്റ് ഓഫീസർക്കോ മെഡിക്കൽ ബോർഡിനോ വിട്ടുനൽകുന്നത് പൗരരുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കും മേലുള്ള കടുത്ത കടന്നുകയറ്റമാണ്.

രണ്ടാമതായി, ഏതെങ്കിലും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് തടയാൻ നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മറിച്ച്, ദുരുപയോഗം ഭയന്ന് ആ അവകാശം തന്നെ ഇല്ലാതാക്കുന്നത് നീതിയുക്തമല്ല. ഒരു അവകാശ സംരക്ഷണ നിയമം, ആ അവകാശത്തെത്തന്നെ റദ്ദാക്കാനുള്ള ഉപകരണമായി മാറുന്നത് ദൗർഭാഗ്യകരമായ ഒരു കീഴ്‌വഴക്കമാണ്. ചുരുക്കത്തിൽ, അർഹരായവർക്ക് നീതി ഉറപ്പാക്കുന്നതിന് പകരം, അവരെ നിയമത്തിന് പുറത്താക്കാനാണ് ഈ 'ദുരുപയോഗം' എന്ന വാദം സർക്കാർ ആയുധമാക്കുന്നത്.

ന്യൂനപക്ഷ സമൂഹത്തിന്റെ അന്തസ്സും സ്വത്വവും ഭൂരിപക്ഷ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെടേണ്ട ഒന്നല്ല. "ആരാണ് ട്രാൻസ്‌ജെൻഡർ" എന്ന് തീരുമാനിക്കാനുള്ള അധികാരം ഒരു ഗവൺമെന്റ് ഓഫീസർക്കോ മെഡിക്കൽ ബോർഡിനോ വിട്ടുനൽകുന്നത് പൗരരുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കും മേലുള്ള കടുത്ത കടന്നുകയറ്റമാണ്. നീതിയുക്തമായ ഒരു സമൂഹത്തിൽ, ഓരോ വ്യക്തിയുടെയും സ്വത്വബോധത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്. അതിനാൽ, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആശങ്കകൾ പരിഗണിച്ചും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ഈ ബിൽ അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. തുല്യനീതി ഉറപ്പാക്കുന്നതിനായി ഈ ഭേദഗതി പിൻവലിക്കുകയോ മൗലികമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അനിവാര്യതയാണ്.

ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ ട്രാൻസ് ആക്ടിവിസ്റ്റുകളും ക്വിയർ കൂട്ടായ്മകളും നിയമവിദ്യാർത്ഥികളും ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ ട്രാൻസ് ആക്ടിവിസ്റ്റുകളും ക്വിയർ കൂട്ടായ്മകളും നിയമവിദ്യാർത്ഥികളും ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.

ജനകീയ പ്രതിഷേധമുയരട്ടെ

ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ ട്രാൻസ് ആക്ടിവിസ്റ്റുകളും ക്വിയർ കൂട്ടായ്മകളും നിയമവിദ്യാർത്ഥികളും ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. "ഞങ്ങളെക്കുറിച്ചുള്ള ഒന്നും ഞങ്ങളെ ഒഴിവാക്കി ചർച്ച ചെയ്യരുത്" (Nothing About Us Without Us) എന്ന മുദ്രാവാക്യമാണ് ഈ പ്രതിഷേധങ്ങളിലെല്ലാം മുഴങ്ങുന്നത്. ഈ മുദ്രാവാക്യം കേവലം ഒരു പദപ്രയോഗമല്ല, മറിച്ച് ട്രാൻസ്‌ജെൻഡർ സമൂഹം പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ സാരാംശമാണ്.

ഈ ബിൽ തയ്യാറാക്കുന്ന ഘട്ടത്തിൽ ട്രാൻസ് സമൂഹത്തിലെ പ്രതിനിധികളെ പങ്കാളികളാക്കിയില്ല എന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ വലിയൊരു പരാജയമാണ്. ഒരു ജനവിഭാഗത്തിന്റെ ജീവിതത്തെയും സ്വത്വത്തെയും ബാധിക്കുന്ന നിയമനിർമ്മാണം നടത്തുമ്പോൾ അവരോട് ആലോചിക്കുകയോ അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയോ ചെയ്യാതിരിക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വേദിയല്ല, മറിച്ച് ന്യൂനപക്ഷങ്ങളുടെ ശബ്ദങ്ങൾക്കും തുല്യമായ ഇടം നൽകേണ്ട ഒന്നാണ്. ഭൂരിപക്ഷാധിപത്യത്തിന്റെ പ്രദർശനമായി ഈ നിയമം മാറുമ്പോൾ, അത് ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സുതന്നെയാണ്.

Comments