Transgender Bill
ക്വിയർ ശരീരങ്ങളും
ഭരണകൂട ഹിംസകളും

കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്ന Transgender Persons (Protection of Rights) Amendment Bill, ലിംഗവൈവിധ്യത്തെ നിയന്ത്രിക്കുന്ന വിശാലമായ ആഗോള പ്രവണതകളുമായി ഹിന്ദുത്വ ഭരണകൂടം കണ്ണി ചേരുന്നതിന്റെ തെളിവാണെന്ന് എഴുതുന്നു, ആദി.

ആദി⠀

ക്വിയർ മനുഷ്യരുടെ അവകാശങ്ങളെയാകെ ഹനിക്കുന്ന ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ (Transgender Persons -Protection of Rights- Amendment Bill, 2026) ലോക്സഭയിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. വിരേന്ദ്ര കുമാർ അവതരിപ്പിച്ചിരിക്കുകയാണ്. കീഴാള ശരീരങ്ങളെ ഉന്മൂലനം ചെയ്യാനായുള്ള ഹിന്ദുത്വ വലതുപക്ഷ ഭരണകൂടത്തിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമായി ഈ നീക്കത്തെ മനസ്സിലാക്കാം. ആഗോളമായി സംഭവിക്കുന്ന ക്വിയർ- ട്രാൻസ് വിരുദ്ധ വ്യവഹാരങ്ങളുടെ തുടർച്ചയിൽ ഈ ചർച്ചയെ സ്ഥാനപ്പെടുത്തേണ്ടതുണ്ട്. ട്രാൻസ് മനുഷ്യരുടെ ജീവനാവകാശത്തെ തച്ചുടക്കുന്ന ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കനപ്പെടുകയാണ്.

നിയമ പോരാട്ടങ്ങളുടെ വഴികൾ,
പരിമിതികൾ

IPC 377 വകുപ്പ്, ക്രിമിനൽ ട്രൈബ്‌സ് ആക്ട് തുടങ്ങിയ കൊളോണിയൽ നിയമങ്ങൾ ആൺ-പെൺ ദ്വന്ദ്വത്തിലേക്ക് ചുരുങ്ങാത്ത ശരീരങ്ങളെ കുറ്റവാളികളായി മനസ്സിലാക്കി. കൊളോണിയലിസം ഹിജ്റ ശരീരങ്ങൾക്കുമേൽ വലിയ തോതിലുള്ള ഹിംസകളാണ് അഴിച്ചുവിട്ടത്. 2014 ഏപ്രിൽ 15- ലെ സുപ്രീം കോടതിയുടെ ‘നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിധി (National Legal Services Authority v. Union of India- 2014), രാജ്യത്തെ മാനകേതര ലിംഗത്വശരീരങ്ങളുടെ അവകാശങ്ങളെ സ്ഥാപിക്കുകയുണ്ടായി. ട്രാൻസ്ജെൻഡർ ശരീരങ്ങൾക്ക് ഭരണഘടനാപരമായ എല്ലാവിധ അവകാശങ്ങളുമുണ്ടെന്ന സ്ഥിതി വരുന്നത് ഈ വിധിയോടെയാണ്. ഇന്ത്യയിലെ പൗരശരീരമായി ട്രാൻസ്ജെൻഡർ ശരീരങ്ങൾ മാറുന്നത് ഈ വിധിയുടെ ബലത്തിലാണ്. ലിംഗനീതിയുടെ മാഗ്നാകാർട്ട എന്ന മട്ടിൽ ഈ വിധി വിശേഷിപ്പിക്കപ്പെട്ടു.

ക്വിയർ മനുഷ്യരുടെ അവകാശങ്ങളെ ആകെ ഹനിക്കുന്നതാണ് ലോക്‌സഭയിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. വിരേന്ദ്ര കുമാർ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ.
ക്വിയർ മനുഷ്യരുടെ അവകാശങ്ങളെ ആകെ ഹനിക്കുന്നതാണ് ലോക്‌സഭയിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. വിരേന്ദ്ര കുമാർ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ.

സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ഈ വിധിയുടെ ഭാഗമായുണ്ടായി. ഒരാളുടെ ലിംഗത്വം നിർണ്ണയിക്കാനുള്ള അവകാശം ആ വ്യക്തിയിൽ നിക്ഷിപ്തമായിരിക്കും എന്ന നിരീക്ഷണം ശരീരങ്ങളുടെ സ്വയംനിർണ്ണയാവകാശത്തെ ഉയർത്തിപ്പിടിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളെ "Third Gender" ആയി അംഗീകരിച്ച ഈ വിധി ജീവശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ സ്ഥിരീകരണമില്ലാതെ തന്നെ പുരുഷനോ, സ്ത്രീയോ, ട്രാൻസ് ജെൻഡറോ ആയി വ്യക്തികൾക്ക് സ്വയം തിരിച്ചറിയാൻ അവകാശമുണ്ടെന്ന് സ്ഥിരീകരിച്ചു.

ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിനേൽക്കുന്ന വലിയ പ്രഹരമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ മാറുന്നു.

ഈ വിധിന്യായം ലിംഗസ്വത്വത്തെ മൗലികാവകാശങ്ങളിൽ അധിഷ്ഠിതമാക്കി. പ്രധാനമായും, ലിംഗത്വം വൈദ്യശാസ്ത്രപരമായി പരിശോധിക്കപ്പെടണമെന്ന ആശയം നിരാകരിച്ച ഈ വിധി, ലിംഗത്വത്തെ വ്യക്തിക്ക് സ്വയംപ്രഖ്യാപിക്കാവുന്ന ഒന്നായി ഉറപ്പിച്ചു. ഭരണഘടന ഊന്നുന്ന ലിംഗം (Sex) എന്നതിന്റെ അർത്ഥം ലിംഗത്വം (Gender) എന്ന നിലയിലേക്ക് വികസിപ്പിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ക്വിയർ പ്രസ്ഥാനങ്ങളെ സംബന്ധിച്ച്, ‘നൽസ’ സമൂലമായ മാറ്റത്തെ പ്രതീകപ്പെടുത്തി. ഈ വിധിയുടെ തുടർച്ചയെന്നോണം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം, പാർപ്പിടം എന്നിവയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടുള്ള ട്രാൻസ്‌ജെൻഡർ നയം (2015) അവതരിപ്പിച്ച ആദ്യ സംസ്ഥാനമായി കേരളം. ‘നൽസ’ വിധിന്യായത്തോടുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു ഈ നയം. കേരളത്തിൽ ട്രാൻസ് അവകാശങ്ങൾ ഉറപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പായിരുന്നു ഈ നീക്കം. ‘നൽസാ’നന്തരം ട്രാൻസ് മനുഷ്യരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ പല തരത്തിലുള്ള ക്ഷേമ പദ്ധതികൾ ട്രാൻസ് മനുഷ്യരെ കേന്ദ്രീകരിച്ചുണ്ടായി.

ട്രാൻസ് മനുഷ്യരുടെ ജീവനാവകാശത്തെ തച്ചുടക്കുന്ന ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കനപ്പെടുകയാണ്.
ട്രാൻസ് മനുഷ്യരുടെ ജീവനാവകാശത്തെ തച്ചുടക്കുന്ന ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കനപ്പെടുകയാണ്.

പുതിയ ഭേദഗതിയാകട്ടെ, ഇത്രയും കാലം കൊണ്ട് നേടിയെടുത്ത അവകാശങ്ങളെ അപ്പാടെ അട്ടിമറിക്കുന്നതാണ്. ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിനേൽക്കുന്ന വലിയ പ്രഹരമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ (2026) മാറുന്നു. ലിംഗത്വത്തിന്റെ സ്വയംനിർണ്ണയാവകാശം നീക്കം ചെയ്യാനും, ‘ട്രാൻസ്‌ജെൻഡർ’ എന്നതിന്റെ നിർവചനം ചുരുക്കാനും ഈ ഭേദഗതി നിർദ്ദേശിക്കുന്നു. ഇതിലൂടെ ക്വിയർ മനുഷ്യരുടെ അടിസ്ഥാനാവകാശങ്ങളെ മൊത്തമായും നിഷേധിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. സ്വയം നിർണ്ണയാവകാശത്തെ ഉദ്യോഗസ്ഥ പരിശോധനയിലേക്ക് മാറ്റിസ്ഥാപിക്കുക വഴി ലിംഗത്വം നിർവചിക്കാനുള്ള അധികാരം വ്യക്തിയിൽ നിന്ന് മെഡിക്കൽ, ഭരണകൂട വൃന്ദങ്ങളിലേക്ക് മാറുന്നു. ഇതാകട്ടെ ‘നൽസ’യിൽ സ്ഥിരീകരിച്ചിരിക്കുന്ന ഭരണഘടനാതത്വങ്ങൾക്ക് തീർത്തും വിരുദ്ധമാണ്. നിയമപരമായ വർഗ്ഗീകരണത്തിലൂടെയും നിരീക്ഷണത്തിലൂടെയും ലിംഗവൈവിധ്യത്തെ നിയന്ത്രിക്കുന്ന വിശാലമായ ആഗോള പ്രവണതകളുമായി ഹിന്ദുത്വ ഭരണകൂടവും കണ്ണിചേരുന്നത് ഈ ഭേദഗതി പ്രതിഫലിപ്പിക്കുന്നു.

കോടതി വിജയങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ലൈംഗിക വിമോചനം സാധ്യമല്ല. കൂട്ടായ പ്രസ്ഥാനങ്ങൾ, സാംസ്കാരിക പരിവർത്തനം, ശരീരങ്ങളെയും സ്വത്വങ്ങളെയും നിർവചിക്കാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെക്കുറിച്ചുള്ള സമൂലമായ വിമർശനങ്ങൾ എന്നിവയിൽ നിന്നും പുതിയ രാഷ്ട്രീയ ഭാവനകൾ ഉയർന്നുവരണം.

നിയമപരമായ വിമോചനത്തിന്റെ പരിധികൾ കുറേക്കൂടി വെളിപ്പെടുന്ന സന്ദർഭം കൂടിയാണിത്. കോടതികളിലൂടെ നേടിയെടുക്കുന്ന നിയമപരമായ വിജയങ്ങൾ ശാശ്വതമല്ലെന്ന് ഈ തിരിച്ചടി വെളിവാക്കുന്നു. നിയമപരമായ അംഗീകാരം വിമോചനമല്ലെന്ന് ഈ നിമിഷം നമ്മെ ഓർമ്മിപ്പിക്കുന്നു. കോടതികൾക്ക് അവകാശങ്ങൾ സ്ഥിരീകരിക്കാൻ കഴിയും. പക്ഷേ അവയ്ക്ക് മാത്രം സാമൂഹിക ശ്രേണികളെ തകർക്കാനോ രാഷ്ട്രീയ തിരിച്ചടി തടയാനോ കഴിയില്ല. അതുകൊണ്ടുതന്നെ, കോടതി വിജയങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ലൈംഗിക വിമോചനം സാധ്യമല്ല. കൂട്ടായ പ്രസ്ഥാനങ്ങൾ, സാംസ്കാരിക പരിവർത്തനം, ശരീരങ്ങളെയും സ്വത്വങ്ങളെയും നിർവചിക്കാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെക്കുറിച്ചുള്ള സമൂലമായ വിമർശനങ്ങൾ എന്നിവയിൽ നിന്നും പുതിയ രാഷ്ട്രീയ ഭാവനകൾ ഉയർന്നുവരണം.

നിർവചനങ്ങളിലെ
കെണികൾ

നിർവചനങ്ങൾ എപ്പോഴും പുറന്തള്ളലുകളുടേതാണ്. നിർവചനങ്ങളിലുള്ള സംശയം ക്വിയർ രാഷ്ട്രീയ / അക്കാദമിക അന്വേഷണങ്ങളിൽ തുടക്കം മുതൽക്കേയുണ്ട്. ക്വിയർ എന്ന വാക്ക് നിർവചനങ്ങൾക്ക് എതിരെ നീങ്ങുന്നു. ആ വാക്കിനെ നിർവചിക്കാതിരിക്കേണ്ടത് ഒരു രാഷ്ടീയാവശ്യമായി ബട്ലർ ഊന്നുന്നുണ്ട്. ശരീരങ്ങളെ കൃത്യമായി നിർവചിച്ച് ഉറപ്പിക്കേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ശരീരങ്ങളെ മെരുക്കാനാണ് ആദ്യമേ തന്നെ അവയെ നിർവചിക്കുന്നത്. പുതിയ ഭേദഗതി ‘ട്രാൻസ് ജെൻഡർ’ എന്നതിനെ കൃത്യമായി നിർവചിക്കാനും നിയന്ത്രിക്കാനും ഉന്നം വെക്കുന്നു.

സ്വയം നിർണ്ണയാവകാശത്തെ ഉദ്യോഗസ്ഥ പരിശോധനയിലേക്ക് മാറ്റിസ്ഥാപിക്കുക വഴി ലിംഗത്വം നിർവചിക്കാനുള്ള അധികാരം വ്യക്തിയിൽ നിന്ന് മെഡിക്കൽ, ഭരണകൂട വൃന്ദങ്ങളിലേക്ക് മാറുന്നു.
സ്വയം നിർണ്ണയാവകാശത്തെ ഉദ്യോഗസ്ഥ പരിശോധനയിലേക്ക് മാറ്റിസ്ഥാപിക്കുക വഴി ലിംഗത്വം നിർവചിക്കാനുള്ള അധികാരം വ്യക്തിയിൽ നിന്ന് മെഡിക്കൽ, ഭരണകൂട വൃന്ദങ്ങളിലേക്ക് മാറുന്നു.

‘ട്രാൻസ്‌ജെൻഡർ’ എന്ന രൂപം സ്വത്വ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ആഗോള വ്യവഹാരങ്ങളിൽ നിന്നാണ് ഉയർന്നുവരുന്നത്. ലിംഗവ്യത്യാസത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന താരതമ്യേന സമീപകാലത്തെ ഒരു ആശയപരമായ ചട്ടക്കൂടാണിത്. കേരളത്തിന്റെ സാഹചര്യത്തിൽ ഈയിടെ മാത്രമാണ് ട്രാൻസ്ജെൻഡർ എന്ന പദം വ്യാപകമായി പ്രചാരം നേടുന്നത്. ട്രാൻസ്ജെൻഡർ ചരിത്രം എഴുതുന്ന സന്ദർഭത്തിൽ സൂസൻ സ്ട്രൈക്കർ ഇക്കഴിഞ്ഞ ദശകങ്ങളിൽ ഉടലെടുത്ത വാക്കെന്ന നിലയിൽ ട്രാൻസ്ജെൻഡർ എന്നതിന്റെ അർത്ഥം ഇപ്പോഴും വികസിച്ചുകൊണ്ടേയിരിക്കുന്നു എന്ന് എഴുതുന്നുണ്ട്.

തെരഞ്ഞെടുക്കാത്ത ഒരാരംഭസ്ഥാനത്തുനിന്ന് സാമൂഹികാതിർത്തികൾ മറികടന്നുള്ള ചലനമായാണ് സൂസൻ സ്ട്രൈക്കർ ട്രാൻസ്ജെൻഡർ അവസ്ഥയെ നിർവചിക്കുന്നത്. ആൺ- പെൺ എന്ന സാമൂഹിക നിർമ്മിതാതിരുകളെ മറികടന്നുള്ള ചലനമാണിത്. ഈ ചലനത്തിൽ കൃത്യമായ നിർവചനങ്ങൾ പരാജയപ്പെടുന്ന സ്ഥിതി കൂടിയുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ നൽസ വിധിയെ തുടർന്ന് ലിംഗത്വ സംബന്ധിയായ എല്ലാത്തരം അനിശ്ചിതത്വങ്ങളെയും പരിഹരിക്കുന്ന ഒരു കോളം എന്ന നിലയിലാണ് ട്രാൻസ്ജെൻഡറിനെ മനസ്സിലാക്കിയത്. മിശ്രലിംഗാവസ്ഥയും സാംസ്കാരിക രൂപങ്ങളായ ശിവശക്തി, ജോഗപ്പ, ഹിജ്റ, കിന്നര എന്നിവയും ട്രാൻസ്‌വിമെൻ, ട്രാൻസ്മെൻ, നോൺ-ബൈനറി സ്വത്വങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന കുടവാക്കായാണ് (Umbrella term) നിയമവ്യവഹാരങ്ങളിൽ ഈ വാക്കിനെ സ്ഥാനപ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുക്കാത്ത ഒരാരംഭസ്ഥാനത്തുനിന്ന് സാമൂഹികാതിർത്തികൾ മറികടന്നുള്ള ചലനമായാണ് സൂസൻ സ്ട്രൈക്കർ ട്രാൻസ്ജെൻഡർ അവസ്ഥയെ നിർവചിക്കുന്നത്. ആൺ- പെൺ എന്ന സാമൂഹിക നിർമ്മിതാതിരുകളെ മറികടന്നുള്ള ചലനമാണിത്.
തെരഞ്ഞെടുക്കാത്ത ഒരാരംഭസ്ഥാനത്തുനിന്ന് സാമൂഹികാതിർത്തികൾ മറികടന്നുള്ള ചലനമായാണ് സൂസൻ സ്ട്രൈക്കർ ട്രാൻസ്ജെൻഡർ അവസ്ഥയെ നിർവചിക്കുന്നത്. ആൺ- പെൺ എന്ന സാമൂഹിക നിർമ്മിതാതിരുകളെ മറികടന്നുള്ള ചലനമാണിത്.

പുതിയ ഭേദഗതിയിലൂടെ ഈ ട്രാൻസ്ജെൻഡർ എന്നതിന്റെ അർത്ഥം ഭരണകൂടയുക്തിക്ക് അനുസൃതമായി നിജപ്പെടും. സാംസ്കാരിക സ്വത്വ രൂപങ്ങളായ ഹിജ്റ, കിന്നര, ജോഗപ്പ തുടങ്ങിയവയെയും ഇൻ്റർ സെക്സ് ശരീരങ്ങളെയും മാത്രമാണ് ഭേദഗതി പ്രകാരം ട്രാൻസ്ജെൻഡർ എന്ന വിഭാഗമായി ഭരണകൂടം എണ്ണുന്നത്. ശസ്ത്രക്രിയ, മെഡിക്കൽ സർട്ടിഫിക്കേഷൻ, ഭരണകൂട മേൽനോട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ലിംഗത്വം നിർണ്ണയിക്കപ്പെടുക. ലിംഗത്വം സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങൾക്ക് വിധേയരാകുന്ന വ്യക്തികളുടെ വിശദാംശങ്ങൾ മെഡിക്കൽ സ്ഥാപനങ്ങൾ സംസ്ഥാന അധികാരികൾക്ക് നൽകണമെന്ന വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഇതാകട്ടെ സ്വകാര്യതയുടെ ലംഘനമാണ്. ഭേദഗതി വൈദ്യശാസ്ത്രപരമായി പരിശോധിച്ചുറപ്പിക്കേണ്ടതും ഉദ്യോഗസ്ഥപരമായി രേഖപ്പെടുത്തേണ്ടതും ആയ ഒന്നായി ലംഗത്വത്തെ ചുരുക്കുന്നു. ലിംഗത്വത്തിന്റെ ദ്രവ്യതയെക്കുറിച്ചുള്ള ആഴത്തിലുള്ള ഭരണകൂട ഉത്കണ്ഠയെ ഭേദഗതി വെളിവാക്കുന്നു.

ആഗോളമായി ശക്തമാകുന്ന ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നാണ് ‘നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണെന്നത്’. പല കാലങ്ങളിലായി ക്വിയർവിരുദ്ധ കൂട്ടങ്ങൾ പയറ്റി വിജയിച്ച തന്ത്രമാണിത്.

ഹിജ്റ ഹൈജാക്കിങ്

ലിംഗത്വത്തിന്റെ ആൺ- പെൺ മാനകങ്ങളെ തകർക്കുന്ന ഒട്ടനേകം ശരീരാവിഷ്‌കാരങ്ങൾ ഇന്ത്യയിൽ നിലനിന്നിരുന്നു. സാംസ്കാരിക സ്വത്വ രൂപങ്ങളായ ഹിജ്റ, കിന്നര, ജോഗപ്പ തുടങ്ങിയവയ്ക്ക് ദക്ഷിണേഷ്യൻ സാഹചര്യങ്ങളിൽ ദീർഘവും സങ്കീർണ്ണവുമായ ചരിത്രമുണ്ട്. കൊളോണിയൽ ആർക്കൈവുകളിൽ ഹിജ്റകളെ കുറിച്ചുള്ള അനേകം പരാമർശങ്ങളുണ്ട്. ഹിജ്റകൾക്ക് മേൽ കൊളോണിയൽ ഭരണകൂടം ഏർപ്പെടുത്തിയ വലിയ തോതിലുള്ള നിരീക്ഷണത്തിന്റെയും ഹിംസകളുടെയും ഭാഗമായാണ് ഈ ആർക്കൈവുകൾ ഉടലെടുക്കുന്നത്. 1871- ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പോലുള്ള നിയന്ത്രണ സംവിധാനങ്ങളിലൂടെ ഹിജ്‌റകളെ കൊളോണിയൽകൂട്ടം കുറ്റവാളിവത്കരിച്ചു. കൊളോണിയൽ ഭരണകൂടം കുറ്റവാളിവത്‌കരണത്തിലൂടെ ഹിജ്റ ശരീരങ്ങളെ അപമാനവീകരിക്കുകയാണ് ചെയ്തത്. ഇതേ അപമാനവീകരണത്തിന്റെ മറ്റൊരു രൂപമാണ് ഹിജ്റകളെ ദൈവികവത്കരിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഹിജ്റകളെ സവിശേഷ ശക്തികളുള്ള രൂപങ്ങളായി എണ്ണുകയും സുവർണ്ണ ദേശീയ പാരമ്പര്യത്തിന്റെ തെളിവായി പരിഗണിക്കുകയും ചെയ്യുന്ന രീതി ഈ വ്യവഹാരങ്ങളിലുണ്ട്.

ഇന്ത്യൻ സാഹചര്യത്തിൽ നൽസ വിധിയെ തുടർന്ന് ലിംഗത്വ സംബന്ധിയായ എല്ലാത്തരം അനിശ്ചിതത്വങ്ങളെയും  പരിഹരിക്കുന്ന ഒരു കോളം എന്ന നിലയിലാണ് ട്രാൻസ്ജെൻഡറിനെ മനസ്സിലാക്കിയത്.
ഇന്ത്യൻ സാഹചര്യത്തിൽ നൽസ വിധിയെ തുടർന്ന് ലിംഗത്വ സംബന്ധിയായ എല്ലാത്തരം അനിശ്ചിതത്വങ്ങളെയും പരിഹരിക്കുന്ന ഒരു കോളം എന്ന നിലയിലാണ് ട്രാൻസ്ജെൻഡറിനെ മനസ്സിലാക്കിയത്.

യാഥാസ്ഥിതികവും വലതുപക്ഷവുമായ രാഷ്ട്രീയ വ്യവഹാരങ്ങൾ ഹിജ്‌റ സ്വത്വത്തെ പ്രതീകാത്മകമായി ഉപയോഗിക്കാനും ഏറ്റെടുക്കാനും വലിയ തോതിൽ ശ്രമിക്കുന്നുണ്ട്. സമീപവർഷങ്ങളിൽ, ഇന്ത്യയിലെ വലതുപക്ഷ ആഖ്യാനങ്ങൾ പുരാതന ഇന്ത്യൻ സമൂഹത്തിന്റെ ലിംഗ വൈവിധ്യത്തോടുള്ള സഹിഷ്ണുതയുടെ തെളിവായി ഹിജ്‌റകളെ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങൾ പലപ്പോഴും ഹിജ്‌റകളെ പരമ്പരാഗത ലിംഗബഹുത്വത്തെ ആഘോഷിക്കുന്ന പുരാണ, സാംസ്കാരിക ചട്ടക്കൂടിനുള്ളിൽ സ്ഥാപിക്കുകയും അതേസമയം സമകാലിക ക്വിയർ രാഷ്ട്രീയത്തെ നിരസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഹിന്ദുത്വവലതുപക്ഷത്തിന് രാഷ്ട്രീയമായി ഉപയോഗമുള്ള കരുവായി ഹിജ്റകൾ മാറുന്നു. ഹിജ്റ സ്വംശീകരണം വഴി ഭരണകൂടത്തിന് ലിംഗവൈവിധ്യത്തിന്റെ പരിമിതമായ രൂപത്തെ അംഗീകരിക്കാൻ കഴിയും. അതേസമയം ലിംഗത്വ സ്വയംനിർണ്ണയത്തിനും സ്വാതന്ത്ര്യത്തിനുമുള്ള വിശാലമായ അവകാശവാദങ്ങളെയും ഭരണകൂടം ശക്തമായി എതിർക്കുകയും ചെയ്യുന്നു.

LGBTIQ+ വിരുദ്ധ നിയമനിർമ്മാണ പ്രവണതകളിൽ വൻ തോതിലുള്ള വർദ്ധനവ് ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സംരക്ഷണം, ധാർമ്മികത എന്നിവയുടെ സമാനമായ വ്യവഹാരങ്ങളിലൂടെയാണ് ഈ നിയമനിർമ്മങ്ങളെല്ലാം ന്യായീകരിക്കപ്പെടുന്നത്.

‘കുട്ടികൾ അപകടത്തിൽ’;
പഴയ മുൻവിധികൾ,
പുതിയ തന്ത്രങ്ങൾ

ചരിത്രത്തിലുടനീളം ‘കുട്ടികൾ അപകടത്തിലാണ്’ എന്ന വാദം ഉയർത്തി ന്യൂനപക്ഷത്തിന്റെ ജീവനാകാവശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്ന വോട്ടവകാശ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ വലിയ ഒരളവിൽ കുഞ്ഞുങ്ങളെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിനെതിരെ നടന്ന മുന്നേറ്റങ്ങളിൽ കുട്ടികളെ ഉപേക്ഷിച്ച് വോട്ട് ചെയ്യാൻ പോകുന്ന അമ്മമാരെ പരിഹസിക്കുന്നുണ്ട്. സ്ത്രീകൾ ഗാർഹികതയോട് ഇണങ്ങി ജീവിക്കേണ്ടവരാണെന്നും ഭരണകാര്യങ്ങളിൽ സ്ത്രീകൾ ഇടപെടേണ്ടതില്ലെന്നുമുള്ള വാദം അക്കാലത്ത് ഉയർന്നുവന്നിരുന്നു. കുട്ടികളെ ഇനി പരിചരിക്കുന്നതാര്? നമ്മുടെ കുട്ടികൾക്ക് നല്ല അമ്മമാരെ നഷ്ടമാകുകയാണ് തുടങ്ങിയ ആശങ്കകൾ അന്ന് പ്രചരിച്ച പോസ്റ്റ് കാർഡുകളിൽ പ്രകടമാണ്. സ്ത്രീകളുടെ വോട്ടവകാശം സമൂഹത്തിന്റെ ഘടനയ്‌ക്കും കുടുംബത്തിന്റെ നിലനിൽപ്പിനും പുരുഷത്വത്തിന്റെ സുരക്ഷിതത്വത്തിനും ഭീഷണിയായി വോട്ടവകാശവിരുദ്ധ പ്രസ്ഥാനം ഉയർത്തിക്കാട്ടി.

ലിംഗത്വത്തിന്റെ ആൺ- പെൺ മാനകങ്ങളെ തകർക്കുന്ന ഒട്ടനേകം ശരീരാവിഷ്‌കാരങ്ങൾ ഇന്ത്യയിൽ നിലനിന്നിരുന്നു. സാംസ്കാരിക സ്വത്വ രൂപങ്ങളായ ഹിജ്റ, കിന്നര, ജോഗപ്പ തുടങ്ങിയവയ്ക്ക് ദക്ഷിണേഷ്യൻ സാഹചര്യങ്ങളിൽ ദീർഘവും സങ്കീർണ്ണവുമായ ചരിത്രമുണ്ട്.
ലിംഗത്വത്തിന്റെ ആൺ- പെൺ മാനകങ്ങളെ തകർക്കുന്ന ഒട്ടനേകം ശരീരാവിഷ്‌കാരങ്ങൾ ഇന്ത്യയിൽ നിലനിന്നിരുന്നു. സാംസ്കാരിക സ്വത്വ രൂപങ്ങളായ ഹിജ്റ, കിന്നര, ജോഗപ്പ തുടങ്ങിയവയ്ക്ക് ദക്ഷിണേഷ്യൻ സാഹചര്യങ്ങളിൽ ദീർഘവും സങ്കീർണ്ണവുമായ ചരിത്രമുണ്ട്.

ആഗോളമായി ശക്തമാകുന്ന ക്വിയർ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നാണ് ‘നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണെന്നത്’. പല കാലങ്ങളിലായി ക്വിയർവിരുദ്ധ കൂട്ടങ്ങൾ പയറ്റി വിജയിച്ച തന്ത്രമാണിത്. അനിത ബ്രയന്റിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന ‘സേവ് അവർ ചിൽഡ്രൻ’ എന്ന സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനവും അതിന്റെ പ്രവർത്തനങ്ങളും ഉദാഹരണമായെടുക്കാം. പാർപ്പിടം, തൊഴിൽ, പൊതുസേവനങ്ങൾ എന്നിവയിലെ ലൈംഗികാഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന മിയാമി-ഡേഡ് കൗണ്ടി നിയമം അസാധുവാക്കുന്നതിൽ അനിത ബ്രയന്റിന്റെ ഇടപെടലുകൾ വിജയിച്ചു. 1970-കളിലെ സ്വവർഗ്ഗാനുരാഗ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർത്തിവിട്ട മുൻവിധികളും വെറുപ്പും തന്നെയാണ് പുതിയ കാലത്തും ആവർത്തിക്കുന്നത്.

‘കുട്ടികളുടെ സുരക്ഷ’ എന്ന ഊന്നൽ പുതിയ ഭേദഗതിയിൽ പ്രധാന ചേരുവയാണ്. ക്വിയർ ശരീരങ്ങളെ കുറ്റവാളിവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് നിയമസാധുത നൽകുന്നതിനായാണ് കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള വ്യവഹാരത്തെ ഭേദഗതി ഉറപ്പിച്ചെടുക്കുന്നത്. ഇതിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള കൊളോണിയൽ വാർപ്പുമാതൃകകളും പുനർനിർമ്മിക്കപ്പെടുന്നു. കൊളോണിയൽ നരവംശശാസ്ത്രത്തിലും നിയമ വ്യവസ്ഥകളിലും ഹിജ്റ ശരീരങ്ങളെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരായും നിർബന്ധിതമായി ലിംഗച്ഛേദനം ചെയ്യിക്കുന്നവരായും അവതരിപ്പിക്കുന്നുണ്ട്. ഭേദഗതിയിലെ ആവർത്തിച്ചുള്ള പരാമർശങ്ങൾ ഈ വാർപ്പുമാതൃകകൾ ഉറപ്പിക്കുന്നു. ഇത് ക്വിയർ ബന്ധുത്വഘടനകളെക്കുറിച്ചുള്ള സംശയവും ഉണ്ടാക്കുന്നു. ക്വിയർ കുടുംബ രൂപങ്ങളെ കുറ്റകൃത്യങ്ങളുടെ സാധ്യതയുള്ള സ്ഥലങ്ങളായി ഭേദഗതി ചിത്രീകരിക്കുന്നു.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ ആഗോള ക്വിയർ വിരുദ്ധ നിയമ നിർമ്മാണങ്ങളോട് ചേരുന്നു. ആൺ-പെൺ ദ്വന്ദ്വങ്ങളെ സ്ഥിരപ്പെടുത്താനും ഈ മാനക ക്രമത്തെ വെല്ലുവിളിക്കുന്ന ശരീരങ്ങളുടെ മേൽ നിയന്ത്രണം പുനഃസ്ഥാപിക്കാനുമുള്ള ഭരണകൂട ശ്രമങ്ങൾക്ക് ആഗോള തുടർച്ചയുണ്ട്.

സമരത്തുടർച്ചകൾ

രാജ്യമാകെ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ (2019) ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണമെന്ന പേരിൽ അവകാശങ്ങളെയാകെ ഹനിക്കുന്ന ഭേദഗതി ബിൽ, ഒറ്റപ്പെട്ട നിയമനിർമ്മാണമായല്ല കാണേണ്ടത്. ആഗോളമായി സംഭവിക്കുന്ന ക്വിയർ വിരുദ്ധ വ്യവഹാരങ്ങളുമായി ചേർത്തുവെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആഗോളമായി സംഭവിക്കുന്ന ട്രാൻസ് വിരുദ്ധ വ്യവഹാരങ്ങളിൽ നിന്നും പുതിയ നീക്കങ്ങളെ വേർതിരിക്കാനാവില്ല. LGBTIQ+ വിരുദ്ധ നിയമനിർമ്മാണ പ്രവണതകളിൽ വൻ തോതിലുള്ള വർദ്ധനവ് ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കുട്ടികളുടെ സംരക്ഷണം, ധാർമ്മികത എന്നിവയുടെ സമാനമായ വ്യവഹാരങ്ങളിലൂടെയാണ് ഈ നിയമനിർമ്മങ്ങളെല്ലാം ന്യായീകരിക്കപ്പെടുന്നത്. ലിംഗത്വം സ്ഥിരീകരിക്കുന്ന പരിചരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ, വിദ്യാഭ്യാസ ഇടങ്ങളിൽ സ്വവർഗാനുരാഗികളെക്കുറിച്ചുള്ള ചർച്ചകൾ നിരോധിക്കുക, ജൈവശാസ്ത്രപരമായി ലിംഗത്വത്തെ പുനർനിർവചിക്കുക എന്നിവ ആഗോളാമായി സംഭവിക്കുന്നുണ്ട്.

ചരിത്രത്തിലുടനീളം ‘കുട്ടികൾ അപകടത്തിലാണ്’ എന്ന വാദം ഉയർത്തി ന്യൂനപക്ഷത്തിന്റെ ജീവനാകാവശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്ന വോട്ടവകാശ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ വലിയ ഒരളവിൽ കുഞ്ഞുങ്ങളെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്.
ചരിത്രത്തിലുടനീളം ‘കുട്ടികൾ അപകടത്തിലാണ്’ എന്ന വാദം ഉയർത്തി ന്യൂനപക്ഷത്തിന്റെ ജീവനാകാവശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകുന്ന വോട്ടവകാശ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രചാരണങ്ങളിൽ വലിയ ഒരളവിൽ കുഞ്ഞുങ്ങളെ ഒരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ ഈ ആഗോള ക്വിയർ വിരുദ്ധ നിയമ നിർമ്മാണങ്ങളോട് ചേരുന്നു. ആൺ-പെൺ ദ്വന്ദ്വങ്ങളെ സ്ഥിരപ്പെടുത്താനും ഈ മാനക ക്രമത്തെ വെല്ലുവിളിക്കുന്ന ശരീരങ്ങളുടെ മേൽ നിയന്ത്രണം പുനഃസ്ഥാപിക്കാനുമുള്ള ഭരണകൂട ശ്രമങ്ങൾക്ക് ആഗോള തുടർച്ചയുണ്ട്.

വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, ഭരണഘടനാ അവകാശങ്ങൾ എന്നിവയുടെ മേഖലയിൽ ലിംഗത്വം സ്ഥാപിക്കാൻ ശ്രമിച്ച മുൻകാല പോരാട്ടങ്ങൾക്കേറ്റ തിരിച്ചടിയായി ബില്ല് മാറുന്നു. കൂട്ടായ പ്രതിരോധത്തിലേക്കും സമരങ്ങളിലേക്കും നീങ്ങേണ്ടത് അനിവാര്യമായി മാറുന്ന സാഹചര്യമാണിത്. തുടർച്ചയായ പോരാട്ടങ്ങളില്ലാതെ നിയമപരമായ അംഗീകാരം ഒരിക്കലും ലഭിച്ചിട്ടില്ല എന്ന് ഇന്ത്യയിലും ആഗോളതലത്തിലുമുള്ള ക്വിയർ, ട്രാൻസ്‌ജെൻഡർ പ്രസ്ഥാനങ്ങളുടെ ചരിത്രം തെളിയിക്കുന്നുണ്ട്.

ക്വിയർ, ട്രാൻസ് മനുഷ്യർ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വസികളോടും ഐക്യദാർഢ്യങ്ങൾ തേടുന്നു. കോടതികളിലും നിയമനിർമ്മാണ വേദികളിലും മാത്രമല്ല, പൊതു സംവാദങ്ങളിലും, അക്കാദമിക് ഇടങ്ങളിലും, ദൈനംദിന പ്രതിരോധ പ്രവർത്തനങ്ങളിലും ഈ ഭേദഗതി വെല്ലുവിളിക്കപ്പെടണം.

വ്യത്യാസങ്ങളെ ഭയപ്പെടുന്ന ഒരു സമൂഹം അനിവാര്യമായും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമ്മിക്കും. ഈ ഭരണകൂട ഹിംസയെ ചെറുത്തുതോൽപ്പിക്കേണ്ട ബാധ്യത എല്ലാ മനുഷ്യരുടേതുമാണ്. നമ്മളെല്ലാവരും സ്വതന്ത്രരാകും വരെ നമ്മളാരും സ്വതന്ത്രരല്ല എന്ന പാഠം ഉൾക്കൊണ്ട് ഭരണാഘടനയെ വെല്ലുവിളിക്കുന്ന, ട്രാൻസ് മനുഷ്യരെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യം വെക്കുന്ന ഭരണകൂടനീക്കം ചെറുക്കപ്പെടേണ്ടതുണ്ട്.


Summary: Transgender Persons (Protection of Rights) Amendment Bill has sparked intense protests, Aadhi writes.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments