ട്രാൻസ് പോളിസി ആദ്യം പഠിപ്പിക്കേണ്ടത് പൊലീസുകാരെ

ഫോണിൽ നിരന്തരം വിളിച്ച് ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ട്രാൻസ് വുമണും മോഡലുമായ ദീപാറാണി, തനിക്ക് പൊലീസിൽ നിന്നും നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പോലീസ് സ്റ്റേഷനുകൾ ട്രാൻസ് സൗഹൃദമാകേണ്ടതിനെ സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ദീപാറാണിയുടെ ആരോപണങ്ങളെ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്നാൽ, നടക്കാവ് പോലീസ് സ്റ്റേഷനിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ദീപാറാണിയുടെ പരാതിയിൻമേൽ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ ഐ.പി.എസ് ട്രൂകോപ്പിയോട് പറഞ്ഞത്. അതേസമയം പോലീസ് സ്റ്റേഷനുകളിൽ നിന്ന് ട്രാൻസ് വ്യക്തികൾ ഗുരുതരമായ വിവേചനങ്ങൾ നേരിടുന്നുവെന്നാണ് ട്രാൻസ് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കപ്പെട്ട കേരളത്തിൽ ഏഴ് വർഷത്തിനിപ്പുറവും നിയമപാലകരിൽ നിന്ന് തന്നെ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് ട്രാൻസ് വ്യക്തികൾ ഉന്നയിക്കുന്നത്.

Comments