കോഴിക്കോട് കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് ജാൻവിൻ ക്ലീറ്റസ്. ഒരു വിദ്യാർഥിയെന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട അവകാശമായ നാഷണൽ കേഡറ്റ് കോർപ്സ് അംഗത്വം (NCC) ജാൻവിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജാൻവിൻ ക്ലീറ്റസ് ട്രാൻസ്മെൻ വിദ്യാർഥിയാണ് എന്നതാണ് ഇതിന് പിന്നിലെ ഒരൊറ്റ കാരണം. കോളേജിലെ മറ്റേതൊരു വിദ്യാർഥിക്കും ലഭിക്കാവുന്ന അവകാശമാണ് ശാരീരിക യോഗ്യത തെളിയിച്ചിട്ടും ജാൻവിന് നിഷേധിക്കപ്പെട്ടത്. ജെൻഡർ ഐഡിന്റിറ്റി വെളിപ്പെടുത്തിയെന്നതിനാൽ ഈ 24കാരന് എൻ.സി.സിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല.
ഫിസിക്കൽ - മെഡിക്കൽ പരീക്ഷകളെല്ലാം പാസായിട്ടും ജാൻവിൻ എൻ.സി.സി പ്രവേശനത്തിന് യോഗ്യനല്ല എന്നാണ് അധികൃതരുടെ വിശദീകരണം. കേഡറ്റുകളുടെ ജെൻഡർ സംബന്ധിച്ച്, 1948-ലെ എൻ.സി.സി ആക്ടിന്റെ വകുപ്പ് ആറിൽ സൂചിപ്പിക്കുന്ന നിർദേശങ്ങളാണ് ജാൻവിന് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത്.
1. Any student of the male sex of any University may offer himself for enrolment as a cadet in the Senior Division, and any student of the male sex of any school may offer himself for enrolment as a cadet in the Junior Division if he is of the prescribed age or over.
2. Any student of the female sex of any University or school may offer herself for enrolment as a cadet in the Girls Division : Provided that in the latter case she is of the prescribed age or over.
അതായത്, ‘‘ഏതെങ്കിലുമൊരു ഇന്ത്യൻ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായ ഏതൊരു ഇന്ത്യൻ പുരുഷനും എൻ.സി.സിയുടെ സീനിയർ വിഭാഗത്തിലും, ഏതെങ്കിലുമൊരു ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിയായ ഏതൊരു ആൺകുട്ടിക്കും ജൂനിയർ വിഭാഗത്തിലും പ്രവേശനം നേടാം. ഇന്ത്യൻ സർവകലാശാലയിൽ അല്ലെങ്കിൽ സ്കൂളിൽ വിദ്യാർത്ഥിയായ ഏതൊരു ഇന്ത്യൻ സ്ത്രീക്കും എൻ.സി.സിയുടെ സ്ത്രീകളുടെ വിഭാഗത്തിലും പ്രവേശനം നേടാം” - ഇങ്ങനെയാണ് എൻ.സി.സി ആക്ടിലെ വകുപ്പ് ആറ് കേഡറ്റുകളുടെ പ്രവേശനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗത്ത് ജെൻഡറിനെക്കുറിച്ച് പരാമർശിക്കുന്നത്. ഇതാണ് ജാൻവിന് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
“എൻ.സി.സി പ്രവേശനത്തിന് ആവശ്യമായ ശാരീരിക പരീക്ഷകളെല്ലാം പാസായിരുന്നു. പിന്നീട് ഇന്റർവ്യൂ ബോർഡിന് മുന്നിലാണ് ട്രാൻസ് മെൻ ആണെന്ന എന്റെ ജെൻഡർ സ്വത്വം വെളിപ്പെടുത്തിയത്. എന്നാൽ ട്രാൻസ് ജെൻഡർ വിഭാഗത്തിന് എൻ.സി.സിയിൽ പ്രവേശനം ഇല്ലെന്ന് അധികൃതർ അറിയിച്ചു. പ്രവേശനം കിട്ടില്ലെന്നായപ്പോഴാണ് സാമൂഹിക പ്രവർത്തകനും ക്വീർ ആക്ടിവിസ്റ്റുമായ ദിനു വെയിലിന്റെ ‘ദിശ’ എൻ.ജി.ഒയുടെ സഹായം തേടുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്. കോളേജും അധ്യാപകരും പിന്തുണയുമായി കൂടെ നിന്നു. പക്ഷേ, ട്രാൻസ്ജെൻഡർ സമൂഹത്തെ എൻ.സി.സിയിൽ ഉൾക്കൊള്ളിക്കാൻ നിയമമില്ലാത്തിടത്തോളം സെലക്ഷൻ ഉദ്യോഗസ്ഥർക്കും കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ് പറയുന്നത്,” - ജാൻവിൻ ക്ലീറ്റസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
2014-ലെ, സുപ്രീം കോടതിയുടെ നൽസാ (National Legal Services Authority & Others V/S Union of India എന്ന കേസിലെ 2014-ലെ വിധിന്യായം) വിധിയുടെ ലംഘനമാണ് ജാൻവിൻ ക്ലീറ്റസിന്റെ കേസിൽ സംഭവിച്ചിരിക്കുന്നത്. പൗരർ എന്ന അവകാശം രാജ്യത്തെ സ്ത്രീ, പുരുഷ വിഭാഗങ്ങൾക്കെന്നതു പോലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും എല്ലാ അർത്ഥത്തിലും ഉണ്ടെന്നും അവർക്ക് പ്രത്യേകമായി ഒരു ജെൻഡർ സ്റ്റാറ്റസിന് അർഹതയുണ്ടെന്നും (As A Third Gender in front of law) ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ പുറപ്പെടുവിച്ച വിധിയിൽ പറയുന്നുണ്ട്. ബയോളജിക്കൽ സെക്സിനേക്കാൾ (Biological Sex) സൈക്കോളജിക്കൽ സെക്സ് അഥവാ ജെൻഡറിനാണ് (Psychological Sex) പ്രാധാന്യമെന്നും Sexual Orientation-നും Gender Orientation-നും എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നും വ്യക്തമാക്കുന്ന ഈ വിധി പൗരർക്ക് തങ്ങളുടെ ജെൻഡർ സ്വയം നിർണയിക്കാൻ അവകാശമുണ്ടെന്നും പറയുന്നുണ്ട്. ലിംഗനീതിയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നൽസാ വിധിയുടെ ലംഘനമാണ് എൻ.സി.സിയുടെ നിലപാട് എന്ന് പറയുമ്പോഴും, ട്രാൻസ്ജെൻഡർ സമൂഹത്തെ ശരിയായി അഭിംസബോധന ചെയ്യുന്ന നിയമങ്ങളും വകുപ്പുകളും ഇല്ലാത്തതുകൊണ്ടു കൂടിയാണ് രാജ്യത്ത് വിവേചനം തുടരുന്നത് എന്നതാണ് വാസ്തവം. ഇന്ത്യയിൽ ട്രാൻസ് ജെൻഡർ പോളിസി രൂപീകരിക്കുന്നതിൻെറ പ്രാധാന്യവും ഇത് വ്യക്തമാക്കുന്നു.
ട്രാൻസ് ജെൻഡർ വ്യക്തികളെ കൂടി പരിഗണിക്കുന്ന നിയമങ്ങളും വകുപ്പുകളും ഇല്ലാത്തതാണ് ജാൻവിൻ ക്ലീറ്റസിന്റെ കേസിലെയും അടിസ്ഥാന പ്രശ്നം. 1948-ലെ നിയമം പ്രകാരമാണ് ഇത് ഇപ്പോഴും പ്രവർത്തിക്കുന്നത്. എൻ.സി.സിയിൽ ഉൾപ്പടെ, ട്രാൻസ് സമൂഹത്തെ കൂടി ഉൾക്കൊണ്ടുള്ള പുതിയ നിയമങ്ങൾ രൂപികരിക്കുകയും ഭേദഗതികൾ കൊണ്ടുവരികയുമാണ് വേണ്ടതെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. “ജാൻവിൻ ക്ലീറ്റസിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്. നിലവിൽ ഒരു ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അന്തിമ വിധിയുണ്ടാവുന്നത് വരെ എൻ.സി.സി 30 ബറ്റാലിയനിൽ ഒരു സീറ്റ് ഒഴിച്ചിടാനാണ് നിർദേശം.” - ‘ദിശ’ ലീഗൽ കോഡിനേറ്ററും അഭിഭാഷകയുമായ അഡ്വ. ധനുജ എം.എസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം, ജാൻവിന് അനുവദിച്ച പുതിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ട്രാൻസ് ജെൻഡർ ഐ.ഡി കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് 'ട്രാൻസ് ജെൻഡർ' എന്നും. ജാൻവിൻ തന്നെ സ്വയം ഐഡിന്റിഫൈ ചെയ്യുന്നത് ട്രാൻസ്മെൻ ആയിട്ടുമാണ്. ഈ പ്രശ്നമാണ്, ജാൻവിന്റെ പ്രവേശനത്തെ തടയുന്നത്. എൻ.സി.സി നിയമം പ്രകാരം ട്രാൻസ് വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിക്ക് എൻ.സി.സിയിൽ പ്രവേശനം ഇല്ല. സ്ത്രീകളെയും പുരുഷൻമാരെയും മാത്രമേ, നിയമത്തിലെ വകുപ്പ് ആറ് പരിഗണിക്കുന്നുള്ളൂ,” - അവർ വ്യക്തമാക്കി.
കേരളത്തിൽ എൻ.സി.സി പ്രവേശനം നിഷേധിക്കപ്പെടുന്ന രണ്ടാമത്തെ ട്രാൻസ്ജെൻഡർ വ്യക്തിയാണ് ജാൻവിൻ ക്ലീറ്റസ്. 2020-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഹിന ഹനീഫയെയും അവരുടെ ട്രാൻസ് ജെൻഡർ വ്യക്തിത്വത്തിന്റെ പേരിൽ പ്രവേശനം നിഷേധിച്ചിരുന്നു. നിയമത്തിലെ വകുപ്പ് ആറ് ചൂണ്ടിക്കാട്ടിയാണ് ഹിനയ്ക്കും പ്രവേശനം അനുവദിക്കാതിരുന്നത്.
എന്തുപറ്റി ട്രാൻസ് പോളിസിക്ക്?
2015ൽ, രാജ്യത്ത് തന്നെ ആദ്യമായി ട്രാൻസ്‌ജെൻഡർപോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ് എന്ന വസ്തുത കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. ഈ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 2019-ൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർവിദ്യാർഥികളുടെ പ്രാതിനിധ്യം വിപുലമാക്കുന്നതിനാവശ്യമായ സാഹചര്യങ്ങളൊരുക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ട്രാൻസ്‌ജെൻഡർ/ ഇന്റർസെക്‌സ്/ മറ്റു ലിംഗഭേദത്തിലുളള വിദ്യാർഥികൾക്ക് വിവേചനരഹിതമായ പഠനത്തിന് ആവശ്യമായ പിന്തുണയും അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കാൻ യൂണിവേഴ്‌സിറ്റി ബാധ്യസ്ഥരാണെന്നും പോളിസിയിൽ പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്.
ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് വിവേചനരഹിതമായ അക്കാദമിക് സൗകര്യമുറപ്പിക്കുക, വിദ്യാർഥി യൂണിയനിലും എക്‌സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റിയിലും തുല്യ അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ ഈ പോളിസിയിലുണ്ട്. ഇതുപ്രകാരം, എൻ.സി.സി ആക്റ്റിലുള്ള ട്രാൻസ് വിരുദ്ധ വകുപ്പ് പുനഃപരിശോധിക്കുന്നതിന്റെ സാധ്യത ആരായാവുന്നതാണ്. എന്നാൽ, അതിനുള്ള ഒരു ശ്രമവും ഇതുവരെയുണ്ടായിട്ടില്ല. മാത്രമല്ല, പോളിസിയിൽ നിഷ്കർഷിക്കുന്ന അടിസ്ഥാന അവകാശങ്ങൾ പലതും ട്രാൻസെജെൻഡർ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയും അന്നുതന്നെ ഉയർന്നിരുന്നു. മറ്റ് ജെൻഡറിലുള്ള വിദ്യാർഥികളെ പോലെ തന്നെ എല്ലാ മേഖലയിലും ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കും തുല്യ അവസരവും വാദ്ഗാനം ചെയ്യുന്നുണ്ടെങ്കിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലടക്കം പല അപേക്ഷകളിലും ഇപ്പോഴും ആൺ-പെൺ കോളങ്ങൾ മാത്രമേയുള്ളുവെന്നാണ് ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ പറയുന്നത്. അതായത്, ട്രാൻസ് ജെൻഡർ പോളിസി ഇപ്പോഴും, ഈ വിദ്യാർഥികളെ സംബന്ധിച്ച് കടലാസിലെ അനുഭവം മാത്രമാണ്.
ട്രാൻസ് ജെൻഡർ സമൂഹത്തെ ശരിയാംവണ്ണം അഭിസംബോധന ചെയ്യുന്ന നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. അത്തരം ശ്രമങ്ങളില്ലാത്തിടത്തോളം കാലം ട്രാൻസ് വ്യക്തികൾ അവകാശ നിഷേധങ്ങൾക്കെതിരേ പൊരുതാൻ നിരന്തരം കോടതി വരാന്തകൾ കയറിയിറങ്ങേണ്ടി വരിക തന്നെ ചെയ്യും.