കരുതൽ ലഭിച്ചുവെങ്കിലും റോമയെ രക്ഷിക്കാനായില്ല; വേണം, ഫലപ്രദമായ കരുതൽ

ട്രാൻസ് വുമണും സെൻട്രൽ മാർക്കറ്റിലെ ലോട്ടറിവിൽപ്പനക്കാരിയുമായ റോമ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​. റോമ ചികിത്സക്ക്​ പണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം ട്രൂ കോപ്പി റിപ്പോർട്ട് ചെയ്യുകയും ഇതേതുടർന്ന്​ ആരോഗ്യമന്ത്രിയും സാമൂഹികനീതി വകുപ്പ് മന്ത്രിയും​ അടിയന്തരമായി ഇടപെടുകയും ചെയ്തിരുന്നു. പക്ഷേ ആരോഗ്യനില വഷളായതിനെതുടർന്ന്​ അവരെ രക്ഷിക്കാനായില്ല. ട്രാൻസ്‌ജെൻഡേഴ്‌സിന് സാമ്പത്തിക സഹായം നൽകുന്ന ‘കരുതൽ പദ്ധതി’ സംവിധാനം കൂടുതൽ സുതാര്യവും ഫലപ്രദവും ആവേണ്ടതിന്റെ പ്രാധാന്യത്തെയാണ് റോമയുടെ മരണം സൂചിപ്പിക്കുന്നത്​.

ട്രാൻസ് വുമണും സെൻട്രൽ മാർക്കറ്റിലെ ലോട്ടറിവിൽപ്പനക്കാരിയുമായ റോമ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. റോമ ചികിത്സക്ക്​ പണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം ട്രൂകോപ്പി റിപ്പോർട്ട് ചെയ്യുകയും ഈ റിപ്പോർട്ടിന്റെ അടിസ്​ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും​ അടിയന്തരമായി ഇടപെടുകയും ചെയ്തിരുന്നു. പക്ഷേ ആരോഗ്യനില വഷളായി റോമ മരിച്ചു.

ട്രാൻസ്‌ജെൻഡേഴ്‌സിന് സാമ്പത്തിക സഹായം നൽകുന്ന ‘കരുതൽ പദ്ധതി’ സംവിധാനം കൂടുതൽ സുതാര്യവും ഫലപ്രദവും ആവേണ്ടതിന്റെ പ്രാധാന്യത്തെയാണ് റോമയുടെ മരണം പറഞ്ഞുവെക്കുന്നത്. സ്വത്വം വെളിപ്പെടുത്തുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് പിന്തുണ നൽകാനും അവരെ ഒപ്പം കൂട്ടാനും ‘കൽപ്പിച്ചു നൽകിയ' സാമൂഹികവ്യവസ്ഥിതികളിൽ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിനോ നമ്മുടെ കുടുംബങ്ങൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. ഈ സന്ദർഭത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പിന്തുണ നൽകി അവരെ മുഖ്യധാരയിലെത്തിക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്.

റോമ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന റോമയെക്കുറിച്ച് കോഴിക്കോട് ജില്ലാ ട്രാൻസ്‌ജെൻഡർ ജസിറ്റിസ് ബോർഡ് അംഗവും ട്രാൻസ്‌ജെൻഡർ സംഘടനയായ പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റുമായ സിസിലി ജോർജാണ് ട്രൂ കോപ്പിയെ അറിയിക്കുന്നത്. മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ കഴിയുന്ന റോമയുടെ ചികിത്സാചെലവ്​ വിവിധ സി.ബി.ഒ പ്രതിനിധികളും സംഘടനകളും നൽകിയിരുന്ന സംഭാവനകളിലൂടെയാണ് അടച്ചിരുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ട്രാൻസ് ജെൻഡേഴ്‌സിന് സാമ്പത്തിക സഹായം നൽകുന്ന ‘കരുതൽ പദ്ധതി’ വഴി ചികിത്സാ ചെലവ്​ ലഭിക്കാൻ ജില്ലാ സാമൂഹിക നീതി വകുപ്പിനും ടി.ജി സെല്ലിനും അപേക്ഷിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് സിസിലി ജോർജ് ട്രൂ കോപ്പിയോട്​ പറഞ്ഞു.

ജില്ലയിൽ ഈ വർഷത്തെ കരുതൽ പദ്ധതിയുടെ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അറിയിപ്പ് കിട്ടിയാലേ ഫണ്ട് അനുവദിക്കാനാവൂ എന്നുമായിരുന്നു അധികൃതരിൽ നിന്ന് ലഭിച്ച മറുപടി. ലിംഗമാറ്റ ശസ്ത്രക്രിയ, ആരോഗ്യ പ്രശ്‌നങ്ങൾ, അപകടങ്ങൾ, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ സഹായിക്കുന്നതിനാണ് കരുതൽ പദ്ധതി ആവിഷ്‌കരിച്ചത്.

രാജ്യത്ത് തന്നെ ആദ്യമായി ട്രാൻസ് ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2015 ൽ ട്രാൻസ്‌ജെൻഡർ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ സർവ്വേയിൽ കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാൻസ്‌ജെൻഡേഴ്‌സും അസ്തിത്വം തുറന്നുപറഞ്ഞതിന്റെ പേരിൽ സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും ഹോർമോൺ ചികിത്സകൾ തുടർന്നുവരുന്ന സാഹചര്യത്തിലും നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലെല്ലാം പിന്തുണ ഉറപ്പാക്കുന്നതിനാണ് കരുതൽ പദ്ധതി ആവിഷ്‌കരിച്ചത്. കരുതൽ പദ്ധതി നടപ്പിലാക്കാൻ ജില്ലകളിൽ കലക്ടർ ചെയർമാനായും ജില്ലാ സാമൂഹ്യനീതി ഓഫീസർ കൺവീനറായും ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെൽസാ പ്രതിനിധി, രണ്ട് ട്രാൻസ് ജെൻഡർ പ്രതിനിധികൾ എന്നിവരും ഉപദേശകസമിതിയിലുണ്ട്.

സാമ്പത്തിക സഹായം ലഭിക്കേണ്ട അടിയന്തര സാഹചര്യങ്ങളിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ ജില്ലാ സാമൂഹ്യനീതി ഓഫീസറെ അറിയിക്കുകയും ഉപദേശകസമിതി വിലയിരുത്തി പദ്ധതിക്ക്​വിലയിരുത്തിയ തുക വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. സഹായം ആവശ്യമുള്ള അത്യാവശ്യഘട്ടങ്ങളിൽ വ്യവസ്ഥകൾ കൂടാതെ അനാഥരായ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സഹായിക്കാൻ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായോ മോണിറ്ററിങ്ങ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനാകുന്ന രീതിയിലോ തുക വിനിയോഗിക്കാം. അടിയന്തരഘട്ടങ്ങളിൽ 25,000 രൂപ വരെയുള്ള ധനസഹായ അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ഉപദേശസമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാം. ഇത് അടുത്ത കമ്മിറ്റിയിൽ അവതരിപ്പിച്ച് സാധൂകരണം നേടിയാൽ മതി. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വർഷത്തിൽ ഒറ്റ തവണ മാത്രമേ ധനസഹായം ലഭിക്കുകയുള്ളു.

ട്രാൻസ്‌ജെൻഡേഴ്‌സിന് ‘കരുതൽ പദ്ധതി’യിലൂടെ ലഭിക്കുന്ന ഒരു ലക്ഷം രൂപയിൽനിന്ന് അടിയന്തര ഘട്ടത്തിൽ നൽകാവുന്ന തുകയായ 25,000 രൂപ അനുവദിച്ചുകിട്ടാൻ ആരോഗ്യ മന്ത്രി ഇടപെടണമെന്ന ആവശ്യം ട്രൂ കോപ്പി റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ ആരോഗ്യമന്ത്രി വീണാ ജോർജ് സിസിലി ജോർജിനെ വിളിക്കുകയും റോമക്ക് മികച്ച ചികിത്സയും കരുതൽ പദ്ധതിയിൽ നിന്നുള്ള സാമ്പത്തികസഹായവും നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കരുതൽ പദ്ധതിയിൽ നിന്ന് 25,000 രൂപ റോമക്ക് അടിയന്തിര ചികിത്സാ സഹായമായി ജില്ലാ സാമൂഹ്യ നീതി ഓഫീസർ മുഖേന നൽകുകയും ചെയ്തു.

സിസിലി ജോർജ്

‘‘റോമയെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് രക്ഷിക്കാനായില്ല. മരണശേഷം അവളുടെ ബോഡി തിരിച്ചുകിട്ടുന്നതിന് വരെ നിരവധി തടസ്സങ്ങളുണ്ടായിരുന്നു. കാരണം റോമക്ക് അച്ഛനും അമ്മയും ഇല്ലായിരുന്നു, ചേട്ടനും ചേച്ചിയുമാണ് ഉണ്ടായിരുന്നത്. അവരുടെ അനുമതിയല്ലാതെ ബോഡി ഞങ്ങൾക്ക് നൽകാൻ സാധിക്കില്ലായിരുന്നു. സ്വത്വം തുറന്നുപറഞ്ഞശേഷം റോമ കുടുംബക്കാരുമായി അകന്ന് ജീവിക്കുകയായിരുന്നു. ഈ ആവശ്യമുന്നയിച്ച് ഞാൻ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി ചെന്നിരുന്നു. പക്ഷേ അവർ ഇതിനെക്കുറിച്ച് അന്വേഷിക്കാമെന്നൊക്കെ പറഞ്ഞ് നിസ്സാരവത്ക്കരിക്കുകയായിരുന്നു. അന്ന് ഒമ്പത് മണി വരെ ഞാൻ സ്റ്റേഷനിൽ നിന്നു. തുടർനടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഞാൻ പൊലീസുകാരുടെ മുന്നിൽവെച്ചു തന്നെ ആരോഗ്യമന്ത്രിയെ വിളിക്കുകയും പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസം പത്ത് മണിക്കുള്ളിൽ തന്നെ ബോഡി തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. പിറ്റേന്ന് വീട്ടുകാരുടെ അനുവാദവും മറ്റും വാങ്ങി അൽപ്പം ബുദ്ധിമുട്ടിയശേഷമാണ് റോമയുടെ മൃതദേഹം തിരിച്ചുകിട്ടിയത്. 2017 മുതൽ ഞാൻ ജില്ലാ ജസ്റ്റിസ് ബോർഡ് അംഗമാണ്​. കോഴിക്കോടുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉന്നമനത്തിനായുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ട്രാൻസ് ജെൻഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ നിലവിലുണ്ട്. ഇത്തരം പദ്ധതികളുട ഗുണഭോക്താക്കളായ നിരവധി ട്രാൻസ് ജെൻഡേഴ്‌സിനെ എനിക്ക് പരിചയമുണ്ട്. എങ്കിലും പലപ്പോഴും പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള അനുമതിക്ക് കാലതാമസമുണ്ടാകുന്നതാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്'’ - സിസിലി ജോർജ് ട്രൂ കോപ്പിയോട് പറഞ്ഞു.

റോമയ്ക്കുള്ള അടിയന്തിര ചികിത്സാ സഹായം സിസിലി ജോർജ്ജിന് കെെമാറുന്നു, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

ട്രാൻസ്‌ജെൻഡേർസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പാർശ്വവത്ക്കരിക്കപ്പെടുന്ന ട്രാൻസ്‌ജെൻഡർസിനെ സാമൂഹിക- സാംസ്‌കാരിക- സാമ്പത്തികപരമായ ഉന്നമനം കൈവരിക്കാൻ പ്രാപ്തരാക്കാനാണ് ഈ പദ്ധതികളിലൂടെയെല്ലാം സാമൂഹിക നീതി വകുപ്പ് ലക്ഷ്യമിടുന്നത്. സ്വന്തമായ ജീവനോപാധിയില്ലാത്ത ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിൽ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കാൻ ആവിഷ്‌കരിച്ച സാകല്യം പദ്ധതി, കോളേജുകളിൽ പോകാൻ കഴിയാതെ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ഡിഗ്രി/ പി.ജി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് നൽകുന്ന വിദൂര വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി, പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടിയ ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യമൊരുക്കുന്നതിനായുള്ള സഫലം പദ്ധതി, വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ട്രാൻസ്‌ജെൻഡേർസിന് തുടർ വിദ്യാഭ്യാസം സാധ്യമാക്കുന്ന സമന്വയ പദ്ധതി തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും. എന്നാൽ, സാമ്പത്തിക സഹായം അത്യാവശ്യമുളള ഘട്ടങ്ങളിൽ സാമൂഹികനീതി വകുപ്പിൽ നിന്ന് ഈ ഫണ്ട് ലഭിക്കാറില്ലെന്നും റോമയുടെ സംഭവത്തിലുൾപ്പടെ ഇത് വ്യക്തമാണെന്നും ട്രാൻസ് വുമണായ തൃപ്തി ഷെട്ടി പറയുന്നു:

തൃപ്തി ഷെട്ടി

‘‘റോമയെ കുറെ വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. അവൾ തിരുവനന്തപുരത്തുകാരിയാണെങ്കിലും കോഴിക്കോട് തന്നെയാണ് ഉണ്ടായിരുന്നത്. എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു റോമ. നല്ലൊരു ഡാൻസർ കൂടിയായിരുന്നു. തമിഴ് പാട്ടിലൊക്കെ അവൾ നന്നായി ഡാൻസ് ചെയ്യുമായിരുന്നു. റോമയുടെ ഡാൻസ് ഞങ്ങൾക്കിടയിൽ തന്നെ ഫേമസായിരുന്നു. റോമയുടെ മരണം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ട്രൂ കോപ്പി റിപ്പോർട്ട് കണ്ട് ആരോഗ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് അവസാന സമയത്തെങ്കിലും അവൾക്ക് ധനസഹായം ലഭിച്ചത്. സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ആവശ്യമുള്ള അടിയന്തര ഘട്ടത്തിൽ പോലും നമുക്ക്​ ഫണ്ട് നൽകാറില്ല. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. എനിക്ക് ലിംഗമാറ്റ സർജറി കഴിഞ്ഞ സമയത്ത് അടിയന്തരമായി ചികിത്സക്ക് പണം ആവശ്യമുണ്ടായിരുന്നു. യൂറിൻ ബ്ലോക്കായി പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് ഞാൻ കുറച്ചകാലം കൊച്ചിയിലെ അമൃത ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അന്ന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞാൻ സാമൂഹിക നീതി വകുപ്പ് മന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പിന്നീട് എന്നെ ചികിത്സിച്ച ഡോ. സന്ദീപും അമൃത ആശുപത്രിയും ഇടപെട്ട് ചികിത്സാചെലവ്​ കുറച്ചുതന്ന് സർജറി ചെയ്യുകയായിരുന്നു. എന്റെ കല്ല്യാണത്തിന് കിട്ടേണ്ട ഫണ്ട് ലഭിക്കാനും താമസമെടുത്തു. അതിന് നേരത്തെ അപേക്ഷ നൽകിയെങ്കിലും ചില കാരണങ്ങൾകൊണ്ട് തിരിച്ചയച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും തുടർന്ന് അന്വേഷണം നടക്കുകയും ചെയ്തശേഷമാണ് ഫണ്ട് ലഭിച്ചത്. പണം ആവശ്യമുള്ള ഘട്ടങ്ങളിൽ അത് കിട്ടാതിരിക്കുന്നത് വലിയ പ്രയാസമുണ്ടാക്കും. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്താനാവില്ല. അവർക്ക് മുകളിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട അധികാരികളാണ് ഈ വിഷയത്തിൽ ശ്രദ്ധ നൽകേണ്ടത്.’’

സാമൂഹ്യനീതി വകുപ്പിനുകീഴിൽ ടി.ജി സെൽ വന്ന സമയത്തുണ്ടായിരുന്ന പ്രവർത്തനങ്ങളും പദ്ധതികളും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നും തൃപ്തി ഷെട്ടി പറഞ്ഞു. ഷെൽട്ടർ ഹോം നടത്തിപ്പും സ്വയം തെഴിൽ ചെയ്യാൻ ട്രാൻസ്‌ജെൻഡേഴ്‌സിനെ സഹായിക്കുന്ന പദ്ധതികളും പ്രവർത്തനരഹിതമായതായും തൃപ്തി ഷെട്ടി കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായം തന്നെയാണ് ട്രാൻസ് വുമണായ അനാമികയും പങ്കുവെച്ചത്​:

അനാമിക

‘‘റോമ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ സമയത്ത് ഞാൻ സിസിലിക്കൊപ്പം അവരെ കാണാൻ പോയിരുന്നു. റോമയുടെ പാർട്ട്ണർ കൂലിപ്പണി ചെയ്തിരുന്ന ആളായിരുന്നു. അതുകൊണ്ടു തന്നെ ചികിത്സാച്ചെലവ്​ അടക്കാൻ മാത്രമുള്ള പണം അവരുടെ കൈയ്യിലില്ലായിരുന്നു. തുടർന്ന് ജില്ല ജസ്റ്റിസ് ബോർഡ് അംഗമായ സിസിലി, റോമക്ക് കരുതൽ പദ്ധതി പ്രകാരം തുക നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ സാമൂഹിക നീതി വകുപ്പിന് അപേക്ഷ നൽകി. മന്ത്രിക്കും കലക്ടർക്കുമെല്ലാം സിസിലി പരാതി നൽകിയിരുന്നു. ഈ വർഷത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് സർക്കാരിൽ നിന്ന് അറിയിപ്പുണ്ടായിട്ടില്ലെന്നാണ് ഇവിടെ നിന്നെല്ലാം മറുപടി ലഭിച്ചത്. പിന്നീട് ഇക്കാര്യം ട്രൂ കോപ്പി റിപ്പോർട്ട് ചെയ്യുകയും മന്ത്രി ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ഫണ്ടനുവദിച്ചത്. അടിയന്തര ഘട്ടത്തിൽ ഫണ്ട് ലഭിക്കാതിരിക്കുന്നത് വലിയ പോരായ്മയാണ്. സർജറിക്കും മറ്റു ചികിത്സകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിന് സാമൂഹിക നീതി വകുപ്പിനുകീഴിൽ ഫണ്ടുണ്ട്. അതൊന്നും അത്യാവശ്യ ഘട്ടങ്ങളിൽ കിട്ടാത്തതിനാൽ പലപ്പോഴും ട്രാൻസ്‌ജെൻഡേഴ്‌സ് കടം വാങ്ങിയും മറ്റുമാണ് ചികിത്സ നടത്താറ്​. ഈ പണമടച്ച് അതിന്റെ ബില്ല് സഹിതം അപേക്ഷ നൽകിയാൽ മാത്രമേ സാമൂഹികനീതി വകുപ്പിൽ നിന്ന് പണം ലഭിക്കുകയുള്ളൂ. അതുപോലെ ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് പഠനച്ചെലവിനും ഹോസ്റ്റലിനുമൊക്കെയായി സാമൂഹിക നീതി വകുപ്പ് 6000 രൂപയോളം നൽകുന്നുണ്ട്. പക്ഷേ ഈ ഫണ്ടൊക്കെ കോഴ്‌സ് പൂർത്തിയാക്കുന്ന സമയത്താണ് കൈയ്യിൽ കിട്ടുന്നത്. ഈ കാരണങ്ങൾ കൊണ്ട് പല ട്രാൻസ്‌ജെൻഡേഴ്‌സും പഠനം പൂർത്തിയാക്കാതെ ഡ്രോപ്പ്​ ഔട്ട്​ ആയി പോകാറുണ്ട്. ഞാൻ ഈയടുത്താണ് മലബാർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയത്. ഫണ്ട് കൃത്യമായി ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. കോഴ്‌സ് കഴിയുന്ന സമയത്ത് ഈ ഫണ്ട് ഒരുമിച്ച് തരുന്നതിനെക്കാൾ അതാത് മാസങ്ങളിൽ തന്നെ ഫണ്ട് നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ പഠനച്ചെലവിന്​ ബുദ്ധിമുട്ടേണ്ട ആവശ്യം വരില്ല. പല ട്രാൻസ്‌ജെൻഡേഴ്‌സും പഠനം പാതിവഴിയിൽ നിർത്തുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സർക്കാറും ട്രാൻസ്‌ജെൻഡർ സെല്ലും വിശദമായി അന്വേഷണം നടത്തേണ്ടതുണ്ട്.’’

ട്രാൻസ്‌ജെൻഡറുകൾക്കിടയിൽ കൂടിവരുന്ന ആത്മഹത്യകൾ ചർച്ചയാകണമെന്നും ചികിത്സകൾ സമയത്തിന് കിട്ടാനാകാതെ നിരവധി പേരാണ് ആത്മഹത്യചെയ്യുന്നതെന്നും ഡാറ്റകൾ സഹിതം അനാമിക കൂട്ടിച്ചേർത്തു.

എന്നാൽ ട്രാൻസ്‌ജെൻഡർമാരുടെ ഉന്നമനത്തിന്​ സാമൂഹിക നീതി വകുപ്പിന്റെ മഴവിൽ പദ്ധതികളുണ്ടെങ്കിലും ഇതിലേക്ക് അപേക്ഷ വരുന്നത് കുറവാണെന്നാണ് കോഴിക്കോട് സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥനായ അനൂജ് രാമകൃഷ്ണൻ പറയുന്നത്: ‘‘റോമയുടെ ചികിത്സക്ക് കരുതൽ പദ്ധതിയിൽ നിന്ന് അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് സിസിലി ജോർജ് ഞങ്ങളെ സമീപിച്ചിരുന്നു. അപേക്ഷ തന്ന അന്നു തന്നെ ഡയറ്കടറിലേക്ക് അയക്കുകയും ഞങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യാനുള്ളതെല്ലാം കൃത്യമായി നിർവഹിക്കുകയും ചെയ്തിരുന്നു. കരുതൽ പദ്ധതിയെ സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്നിരുന്നെങ്കിലും പൈസയായി ഫണ്ട് ഓഫീസിൽ എത്താത്തതാണ് കാലതാമസത്തിന് കാരണമായത്. പക്ഷേ ഞങ്ങൾ റോമയെ മെഡിക്കൽ കോളേജിൽ പോയി സന്ദർശിക്കുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രൂ കോപ്പിയിൽ വാർത്തയായതിനെ തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് ചികിത്സാ സഹായം നൽകിയത്. പദ്ധതിയിൽ ഫണ്ടില്ലാത്തതിനാൽ മെഡിക്കൽ എമർജൻസിയായതുകൊണ്ട് തൽക്കാലം മറ്റേതെങ്കിലും ഫണ്ടിൽ നിന്ന് പണം നൽകാനാണ് അറിയിപ്പ് കിട്ടിയത്. അന്നേദിവസം ബാങ്ക് സമയം കഴിഞ്ഞതിനാലും സാങ്കേതികപരമായ ബുദ്ധിമുട്ടുണ്ടായതിനാലും അൽപം ബുദ്ധിമുട്ടിയാണ് പണം എത്തിച്ചത്. മറ്റൊരു പദ്ധതിയിൽ നിന്ന് കലക്ടറുടെ അനുമതിയോടെ ചെക്ക് എഴുതി വാങ്ങി, ബാങ്കിൽ 25,000 രൂപ പണമായി തന്നെ എടുത്താണ് സിസിലിക്ക് കൈമാറിയത്. റോമയുടെ ചികിത്സാസഹായത്തിന് സിസിലിക്ക് സാമൂഹിക നീതി വകുപ്പ് മന്ത്രി നേരിട്ട് തന്നെയാണ് പണം നൽകിയത്. ഇതിന്റെ ചിത്രവവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതേപോലെ ട്രാൻസ്‌ജെൻഡർ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. നാൽപതോളം ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ഓഫീസിൽനിന്ന് ഇതുവരെ നൽകിയിട്ടുണ്ട്. ഓഫീസിലേക്ക് വരുന്ന അപേക്ഷകളെല്ലാം കൃത്യമായി പരിഗണിക്കുകയും കഴിയുന്ന വേഗം നടപടികളെടുക്കുകയും ചെയ്യാറുണ്ട്. ഫണ്ടുകളെല്ലാം മാനദണ്ഡമനുസരിച്ച് കൃത്യമായി നൽകാറുണ്ട്. ഫണ്ട് വരുന്ന മുറക്ക് കൊടുക്കുക എന്ന രീതിയാണുള്ളത്​.’’

കോഴിക്കോട് സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ കോവിഡ് സമയത്ത് ട്രാൻസ്‌ജെൻഡേഴ്‌സിന് ധനസഹായവും ഫുഡ്കിറ്റും കൃത്യമായി നൽകിയതായും അനൂജ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. ട്രാൻസ് ജെൻഡർ വിദ്യാർഥികളുടെ പഠനച്ചെലവും എസ്.ആർ.എസ് (sex reassignment surgery) കഴിഞ്ഞവർക്ക് ചികിത്സാസഹായവും അതാത് സമയത്ത് നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക തിരസ്‌കാരണത്തിലൂടെ തീർത്തും ഒറ്റപ്പെട്ടുപോകുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് പദ്ധതികളുടെ പിന്തുണ കൃത്യമായി നൽകുന്നതിന് സാമൂഹികനീതി വകുപ്പിനുകീഴിലുള്ള പദ്ധതികൾ സുതാര്യമാകേണ്ടത് അനിവാര്യമാണ്. ട്രാൻസ്‌ജെൻഡേഴ്സ് അംഗീകരിക്കപ്പെടുകയും ചേർത്തുനിർത്തപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ അവരെ പിന്തുണക്കുകയും ഒപ്പം നിർത്തുകയും ചെയ്യുന്ന ഇടങ്ങൾ വർധിപ്പിച്ചെടുക്കേണ്ടതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. അതിനാദ്യം സെക്‌സ്, സെക്ഷ്വാലിറ്റി, ജെൻഡർ എന്നിവയുമായി ബന്ധപ്പെട്ട സ്വയം നിർ​ണയാവകാശങ്ങളെക്കുറിച്ചും ട്രാൻസ്‌ജെൻഡേഴ്‌സിന്റെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിന് വ്യക്തമായ അറിവ് നൽകാൻ സർക്കാർ മുൻകൈയ്യെടുക്കേണ്ടതുണ്ട്. കൂടാതെ ട്രാൻസ്ജെൻഡർമാരുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ പ്രവർത്തനവും ഫണ്ടിങ്ങും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

Comments