ലോകത്താകമാനം ട്രാൻസ് വിരുദ്ധ മനോഭാവവും ഭിന്ന ലൈംഗിക വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണവും പെരുകി കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, LGBTQ+ സമൂഹങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതി കൊണ്ടിരുന്ന മുസ്ലിം പണ്ഡിതൻ മുഹ്സിൻ ഹെൻഡ്രിക്സ് ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന പള്ളിയിൽ ഇമാമായിരുന്ന മുഹ്സിൻ ഹെൻഡ്രിക്സ് 2025 ഫെബ്രുവരി 15-നാണ് കൊല്ലപ്പെട്ടത്. മുസ്ലിം പണ്ഡിതന്മാർക്കിടയിൽ ട്രാൻസ് മനുഷ്യരുടെ അവകാശങ്ങളെ പിന്തുണക്കുന്നവർ അപൂർവ്വമാണ്. അതുകൊണ്ട് തന്നെ മുഹ്സിൻ ഹെൻഡ്രിക്സിന്റെ കൊല ഒരു താക്കീതായി വിലയിരുത്തപ്പെടുന്നു.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ജനിച്ച ഹെൻഡ്രിക്സ് ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിലാണ് വളർന്നത്. ഇന്തോനേഷ്യൻ മലേഷ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികളായ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെറുപ്പം മുതൽക്ക് തന്നെ അദ്ദേഹത്തിന് മതവിദ്യാഭ്യാസം നൽകിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ ഇസ്ലാമിക് കോളേജിലും പിന്നീട് വെസ്റ്റേൺ കേപ്പ് സർവകലാശാലയിലുമാണ് ഹെൻഡ്രിക്സ് ഇസ്ലാമിക വിഷയങ്ങളിൽ ഉന്നതപഠനം നടത്തിയത്. ഖുർആൻ, ഹദീസ്, ഇസ്ലാമിക കർമ്മശാസ്ത്രം എന്നിവയിലും അശ്‌അരി ചിന്താധാരയിലും അദ്ദേഹം പ്രാവീണ്യം നേടി. പിന്നീട് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ കേപ് ടൗണിലെ ക്ലെയർമോണ്ട് മെയിൻ റോഡ് പള്ളിയിൽ ഇമാമായി ജോലി ചെയ്തു.
അതിനിടയിലാണ് അദ്ദേഹം തന്റെ ലൈംഗിക സ്വത്വം തുറന്നു പറയുന്നത്. സ്വവർഗാനുരാഗിയായി സ്വയം അടയാളപ്പെടുത്താനുള്ള ഹെൻഡ്രിക്സിന്റെ തീരുമാനത്തിന് സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. അതോടെ പള്ളിയിലെ ഇമാം സ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. കുടുംബം അദ്ദേഹത്തെ പുറത്താക്കി. വ്യക്തിപരമായ ഈ വേദനാജനകമായ അനുഭവമാണ് LGBTQ+ മുസ്ലീങ്ങളെ ഉൾക്കൊള്ളുന്ന ഇടങ്ങൾ മുസ്ലിം സമൂഹത്തിനകത്ത് സാധ്യമാക്കാനുള്ള വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഭിന്ന ലൈംഗികസമൂഹങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തുടങ്ങിയതോടെ മുഹ്സിൻ ഹെൻഡ്രിക്സിനെതിരെയുള്ള എതിർപ്പ് കൂടുതൽ ശക്തമായി. കേപ്ടൗണിലെ ഒരു പള്ളിക്ക് പുറത്ത് ഒരു കൂട്ടം യുവാക്കളുടെ ശാരീരിക ആക്രമണത്തിന് ഇരയായതാണ് ഹെൻഡ്രിക്സിന് നേരിടേണ്ടി വന്ന ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന്. ഒരു പ്രാദേശിക ഇസ്ലാമിക സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ആരോപിക്കപ്പെടുന്ന അക്രമികൾ ഹെൻഡ്രിക്സിനെ ക്രൂരമായി മർദ്ദിക്കുകയും ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തു.
താൻ നേരിട്ട മറ്റൊരു സങ്കടകരമായ അനുഭവം ഹെൻഡ്രിക്സ് വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വവർഗ്ഗാനുരാഗിയായ മുസ്ലീം സുഹൃത്തിന്റെ ശവസംസ്കാര പ്രാർത്ഥന നടത്താൻ അദ്ദേഹത്തിന് അനുമതി നിഷേധിച്ച സംഭവമാണത്. "ഇസ്ലാമികമല്ലാത്ത" ജീവിതശൈലി ചൂണ്ടിക്കാട്ടി, പ്രാദേശിക മുസ്ലീം സമൂഹം ഹെൻഡ്രിക്സിന് പ്രാർത്ഥന നടത്താൻ അനുവാദം നിഷേക്കുകയായിരുന്നു. പക്ഷെ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. വെല്ലുവിളികൾക്കിടയിലും, ഇസ്ലാമിക സമൂഹങ്ങൾക്കുള്ളിലെ LGBTQ+ അവകാശങ്ങൾക്കായി വാദിക്കുന്നത് തുടർന്നു. ദക്ഷിണാഫ്രിക്കയിലെ LGBTQ+ മുസ്ലീങ്ങളുടെ കൂട്ടായ്മയായ 'ഇന്നർ സർക്കിളിന്റെ' സഹസ്ഥാപകനായി അദ്ദേഹം പ്രവർത്തിച്ചു.
ഇസ്ലാമിക പ്രമാണങ്ങളുടെ ട്രാൻസ് വിരുദ്ധവ്യാഖ്യാനങ്ങളെ നേരിടാൻ ഹെൻഡ്രിക്സ് ഇസ്ലാമിക സ്രോതസ്സുകളെ തന്നെയാണ് അവലംബിച്ചത്. സ്വവർഗരതിയെ അപലപിക്കാൻ ലൂത്ത് നബിയുടെ കാലത്ത് ഉണ്ടായ ഒരു സംഭവം പണ്ഡിതന്മാർ ഉദ്ധരിക്കാറുണ്ട്. സ്വവർഗാനുരാഗത്തിനെതിരെ ലൂത്ത് പ്രവാചകൻ മുന്നറിയിപ്പ് നൽകി എന്നും അത് ധിക്കരിച്ച സമൂഹത്തെ നശിപ്പിച്ചുകളഞ്ഞു എന്നുമാണ് ചരിത്രത്തിൽ പറയുന്നത്. ഈ സംഭവം ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഈ ഖുർആൻ വചനത്തിന് വ്യത്യസ്തമായ വ്യാഖ്യാനമാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യാഖ്യാനമനുസരിച്ച്, ഈ ഖുർആൻ വാക്യം യഥാർത്ഥത്തിൽ ബലാത്സംഗം, അക്രമം, ചൂഷണം എന്നിവയെയാണ് അപലപിക്കുന്നത്. മറിച്ച് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ബന്ധങ്ങളെയല്ല. ഈ വ്യാഖ്യാനം ഭൂരിപക്ഷെം മുസ്ലിംകളും അംഗീകരിക്കുകയില്ല. എങ്കിൽ പോലും, ഭിന്ന ലൈംഗികത പിന്തുടരുന്നവരുടെ മനുഷ്യാവകാശങ്ങളെ ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹങ്ങൾക്കിടയിൽ ഹെൻഡ്രിക്സിന്റെ പ്രവർത്തനങ്ങൾ ഗൗരവമുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ചിലർ അദ്ദേഹത്തിന്റെ ധൈര്യത്തെയും പാണ്ഡിത്യത്തെയും പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്ന് ആക്ഷേപിച്ചു. ചില കോണുകളിൽ നിന്ന് ഹെൻഡ്രിക്സിന് വധഭീഷണി, പീഡനം, ബഹിഷ്കരണം എന്നിവയും നേരിടേണ്ടിവന്നു. ഒടുവിൽ അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഹെൻഡ്രിക്സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊലപാതകം ലോകമെമ്പാടുമുള്ള LGBTQ+ വക്താക്കൾക്കും മുസ്ലീം പുരോഗമനവാദികൾക്കും ഭയാനകമായ സന്ദേശമാണ് നൽകുന്നത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മന്ത്രമുരുവിടുന്ന മതത്തിന്റെയും ദയാലുവായ ദൈവത്തിന്റെയും പേരിലുള്ള അരുംകൊലകളെ, മനുഷ്യാവകാശ ലംഘനങ്ങളെ ഏത് നീതിസംഹിതയുടെ അളവുകോൽ വെച്ചാണ് ന്യായീകരിക്കാനാകുക?