ഖത്തീബ്, പൂജാരി, ജോത്സ്യൻ, പാചകത്തൊഴിലാളി, മീൻകാരൻ, പൊലീസ്...കോവിഡുകാല ജീവിതം

കോവിഡ്കാലത്തെ ലോക്ക്ഡൗൺ സാധാരണക്കാരുടെ ജീവിത-തൊഴിൽ മേഖലകളെ എങ്ങനെ ബാധിച്ചുവെന്ന് അവർ തന്നെ തുറന്നുപറയുകയാണിവിടെ. പള്ളികളും അമ്പലങ്ങളും സ്‌കൂളുകളും അടച്ചിട്ടതിന്റെയും മീൻ വിൽക്കാൻ കഴിയാത്തതിന്റെയും പത്രവിതരണം തടസപ്പെട്ടതിന്റെയും സീരിയൽ ഷൂട്ടിംഗ് മുടങ്ങിയതിന്റെയും പൊലീസിന്റെ വർധിച്ച ജോലിഭാരത്തെയും കുറിച്ച് അവർ തന്നെ സംസാരിക്കുന്നു

മാർച്ച് മാസത്തിൽ പള്ളിയിൽ ആള് കൂടുന്ന സമയം (ഖുതുബ) വളരെ ചുരുക്കി. പ്രസംഗവും പ്രാർത്ഥനയും ഒഴിവാക്കി. സുന്നത്ത് ഒഴിവാക്കി ‘ഫർള്’ മാത്രം നടത്തി. ലോക്ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് തന്നെ പള്ളിയിൽ കൂടുതൽ ആളുകൾ വരുന്നത് ഒഴിവാക്കി. നേരത്തെ ആളുകളെ കൂട്ടാനാണ് ശ്രമിച്ചതെങ്കിൽ ലോക്ഡൗൺ കാലത്ത് ആളുകളെ കുറക്കാനാണ് ശ്രമിച്ചത്. പള്ളിയിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവു വരുത്തി. മദ്രസ പഠനം ഉൾപ്പെടെ നിർത്തിവെച്ചു. ജീവനക്കാർക്ക് പ്രതിഫലം പരിമിതപ്പെടുത്തി. സംഭാവനയും നേർച്ചയും ഏതാണ്ട് 90% ഇല്ലാതായി. പല പ്രവർത്തനങ്ങളുടേയും സ്പോൺസർഷിപ്പ് ഇല്ലാതായി. മാസാന്തനേർച്ച (ആത്മീയ കൂട്ടായ്മ) ഫെബ്രുവരി മുതൽതന്നെ ഒഴിവാക്കി. പഠനക്ലാസുകൾ നിർത്തിവെച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവക്ക് വേണ്ടി ആഴ്ചതോറും കാരുണ്യപ്രവർത്തനത്തിന് ആവശ്യക്കാർ വരാറുണ്ടായിരുന്നു. അതും അത്തരം ആളുകൾക്ക് തിരിച്ചടിയായി. രണ്ട് പെരുന്നാളിനും വലിയ തുക സംഭാവന കിട്ടുമായിരുന്നു. ഇതെല്ലാം നിർത്തലാക്കിയതുകാരണം പാലിയേറ്റീവ് ഉൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടിവന്നു. ഖബർ സിയാറത്ത് (ഖബർ സന്ദർശനം) നിലച്ചതിന്റെ ഫലമായി ജീവനക്കാർക്ക് വരുമാനച്ചോർച്ചയുണ്ടായി. ഫക്കീർ, മിസ്‌കീൻ (പാവപ്പെട്ട ആളുകൾ) റംസാൻ മാസത്തിൽ വരുമാനം ഗണ്യമായി കുറഞ്ഞു. മുത്താ അലിമുകൾക്ക് (വിദ്യാർത്ഥികൾ) വരാൻ കഴിഞ്ഞില്ല. അവർക്കും പ്രയാസമുണ്ടായിട്ടുണ്ടാകും.

പാവപ്പെട്ട വീടുകളിൽ രണ്ട് തവണയായി ഭക്ഷണകിറ്റ് കൊടുത്തു. പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതുകൊണ്ട് മതസ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ട്. മഹല്ലിന്റെ കീഴിൽ 225 വീട്ടുകാരാണ് ഉള്ളത്. അവരുടെ സഹായമാണ് മഹല്ലിന്റെ വരുമാനം. നിക്കാഹുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് നടക്കുന്നത്. നേരത്തെ നിശ്ചയിച്ച ഏതാണ്ട് 25 ഓളം ഫങ്ഷനുകൾ നിർത്തിവെച്ചു. മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിതം അടിമുടി മാറ്റാൻ കഴിഞ്ഞതും അനിവാര്യമല്ലാത്ത, എന്നാൽ ചെയ്തുവരുന്നതുമായ ചില കാര്യങ്ങൾ ഒഴിവാക്കാൻ കഴിയും എന്നത് കോവിഡ് കാലം പകർന്നുനൽകിയ ഒരു വലിയ പാഠമാണ്. പള്ളികമ്മറ്റി എന്ന നിലക്ക് രോഗ പകർച്ച തടയാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എല്ലാ വിധത്തിലുമുള്ള വരുമാനം നിലച്ചതുമൂലം അനുബന്ധ സ്ഥാപനങ്ങൾ നടത്താൻ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഓരോ നിസ്‌കാരത്തിനും പ്രത്യേകം പേപ്പർ വിരി ഉപയോഗിക്കുകയും നിസ്‌കാരശേഷം കത്തിച്ചുകളയുകയും ചെയ്യുന്നു. പ്രവേശനം മഹല്ലിൽ താമസക്കാരായ 15നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇതിനായി പ്രത്യേകം ടോക്കൺ സമ്പ്രദായവും രജിസ്റ്ററും സൂക്ഷിക്കുന്നു. ഭാവിയിലും ആരാധനാലയങ്ങളിൽ സാനിറ്റൈസറും സോപ്പും വെള്ളവും മാസ്‌കും സാമൂഹിക അകവും നല്ലതാണ്.


രാവിലെ അമ്പലത്തിൽ പൂജകൾ നടക്കാറുണ്ട്. ദർശനം ഇല്ല. വടക്കെ വാതിൽ മാത്രമേ തുറക്കാറുള്ളൂ. കമ്മറ്റിയാണ് അമ്പലം നടത്തുന്നത്. മാസശമ്പളം ലോക്ഡൗൺ കാലത്ത് കിട്ടിയില്ല. കുറച്ച് പണം മാത്രം തരും. പ്രതിഷ്ഠാദിനം നടന്നില്ല. ആഘോഷം മാറ്റിവെച്ചു. വിഷു ആഘോഷം നടന്നില്ല. തന്ത്രികുടുംബമാണ്. കുറേ അമ്പലങ്ങളിൽ പോകാറുണ്ട്. അവിടെയൊന്നും ഈ കാലത്ത് പോയില്ല. മുമ്പത്തെ ആചാരം (പുറത്ത് പോയാൽ കുളിച്ച് വീട്ടിൽ കയറൽ) തിരിച്ചുവന്നു. കൈകഴുകൽ, കാലുകഴുകൽ അവയും വന്നു. മാല കെട്ടുമ്പോൾ മാസ്‌ക് പോലെ വാഴയില വാട്ടിക്കെട്ടുമായിരുന്നു. ഇന്ന് സർവ്വത്ര മാസ്‌ക് വന്നു. നമ്മൾ ശ്രദ്ധിച്ചാൽ രോഗം പടരുന്നത് ഒഴിവാക്കാം.

യോഗക്ഷേമസഭ പറഞ്ഞതനുസരിച്ച് നമ്പൂതിരി കുടുംബങ്ങളിൽ പ്രത്യേകം പൂജ നടത്തി. ജൂൺ മാസം മുതൽ അമ്പലത്തിൽ സ്ഥാപിച്ചിട്ടുള്ള ബുക്കിൽ പേരും ഫോൺ നമ്പരും രേഖപ്പെടുത്തും. കൈകഴുകാൻ സോപ്പും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

പൊതുവിൽ ചെലവുകൾ കുറവായിരുന്നു. ഭക്ഷണത്തിനും കരണ്ടിനും ചെലവ് കൂടി. യാത്രാ ചെലവുകൾ, ആശുപത്രി ചെലവുകൾ എന്നിവ കുറഞ്ഞു. കോവിഡ് കാലത്തെ ജീവിതരീതി തുടർന്നുകൊണ്ടുപോകാൻ കഴിയണം. രോഗവ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ തുടരേണ്ടതാണ്. കേരളത്തിലെ ജനങ്ങളിൽ ബോധനിലവാരം കൂടിയത് ഗുണം ചെയ്തു. ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനം കാര്യക്ഷമമായതുകൊണ്ടുമുള്ള ഗുണവും കിട്ടി.


96 വയസ്സിനിടയിൽ കോവിഡ് പോലെ ഭയാനകമായ ഒരവസ്ഥ ഉണ്ടായിട്ടില്ല. ഇതിനെ നേരിട്ട് പരാജയപ്പെടുത്തിയിട്ടില്ലെങ്കിൽ ഭീതിതമായ അവസ്ഥയുണ്ടാവും. കേരള ഗവൺമെന്റ് വ്യത്യസ്തമായി പ്രവർത്തിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെ രാഷ്ട്രീയമായി കാണരുത്. കോവിഡ് അമേരിക്കൻ സാമ്രാജ്യത്വം ആയുധംപോലെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഇത് പകരുന്നതിൽ അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നു.

കോവിഡ് പ്രതിസന്ധിയിലാക്കിയത് നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തെയാണ്. ജോലിക്ക് പോകാനും, പ്രായമായവർക്ക് പരസ്പരം കാണാനും കൂടി പറ്റാത്തത് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. എവിടെ നിന്നാണ് രോഗം പകരുക എന്നറിയില്ലല്ലോ.

ലോക്ഡൗൺ കാലം പുതിയ അനുഭവമായിരുന്നു. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചിരിക്കാൻ ഇത് സഹായകരമായി. പലരും ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്താണ് ലോക്ഡൗൺ കാലം കഴിച്ചത്. ഇത് ഒരു സ്വാതന്ത്ര്യസമരം കൂടിയാണ്. ആയിരങ്ങളുടെ ജീവൻ ത്യജിച്ചാണ് നാം സ്വാതന്ത്ര്യം നേടിയത്. ഇതുപോലെ നമുക്ക് പ്രിയങ്കരമായ ചില പ്രവൃത്തികളെ എല്ലാവരും ത്യജിക്കാനും ത്യാഗം സഹിക്കാനും കഴിഞ്ഞാൽ നമ്മൾ ഈ കോവിഡ് കാലത്തെയും നേരിടും. അതിനുള്ള കരുത്ത് നമുക്കുണ്ട്.


ലോക്ഡൗൺ കാലത്ത് ഒരാൾപോലും വരികയുണ്ടായില്ല. ജനങ്ങൾ യാത്രാപ്രയാസം കൊണ്ടായിരുന്നില്ല വരാതിരുന്നത്. ലോക്ഡൗണിൽ ഇളവ് വരുത്തിയശേഷവും ഇതുവരെയും പഴയതിന്റെ നാലിൽ ഒരു ഭാഗം ആൾക്കാർ മാത്രമേ വരാറുള്ളൂ. വരവ് കുറയാനുള്ള പ്രധാന കാരണം സാമ്പത്തിക പ്രയാസം തന്നെയാണ്.

വിവാഹനിശ്ചയം, ഗൃഹപ്രവേശം തുടങ്ങിയവ കൂടുതലായും നടക്കുന്ന അവസരത്തിൽ കൊവിഡ് വന്നത് എന്നെപ്പോലുള്ളവർക്ക് വലിയ ഒരടി തന്നെയാണ്. ലോക്ഡൗൺ കഴിഞ്ഞതിനുശേഷം വിവാഹം ചെറിയ തോതിലെങ്കിലും നടക്കുന്നുണ്ടെങ്കിലും ഞങ്ങളെ കാണാൻ വരുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതും ഞങ്ങളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

ക്ഷേത്രവുമായും മറ്റുമുള്ള (സ്വർണ പ്രശ്നം, താംബൂല പ്രശ്നം) ഒരു പ്രശ്നവും ഇപ്പോൾ നടക്കുന്നില്ല. ഒരു സീസൺ കാലം എന്നു പറയാൻ കഴിയില്ലെങ്കിലും പൊതുവെ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ള സമയത്താണ് ഈ മഹാമാരി നമ്മെ പിടിമുറുക്കിയത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വേണ്ട മുൻകരുതൽ ഒരുക്കിയിട്ടുണ്ടെങ്കിലും ജനങ്ങൾ എത്തിച്ചേരുന്നില്ല.


പ്രിൽ, മെയ് മാസം പൊതുവെ കച്ചവടം കൂടുന്ന സമയമായിരുന്നു. (കല്യാണം, സൽക്കാരം, വീട്ടിൽ കൂടൽ...). എന്നാൽ ഇത്തവണ തീരെ കച്ചവടം നടക്കാത്ത അവസ്ഥയായി. ലോക്ഡൗണിൽ ഇളവ് അനുവദിച്ച സമയത്തും മറ്റ് പല കാരണങ്ങളാൽ പഴയതുപോലെ കച്ചവടം ഉണ്ടായിട്ടില്ല. മിക്കവാറും വീടുകളിൽ നേരിട്ട് പോയിട്ടുപോലും മീൻ വാങ്ങിക്കാത്ത അവസ്ഥയാണ് ഉള്ളത്. മറ്റ് യാതൊരു വരുമാനമാർഗവും ഇല്ലാത്ത ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. എപ്പോഴാണ് ഈ അവസ്ഥയിൽനിന്നും കരകയറാനാവുക എന്ന് ഒരു ധാരണയും ഇല്ല.


2020 മാർച്ച് 24 വരെ എല്ലാം പതിവുപോലെയായിരുന്നു. ഫൈനൽ പ്രാക്ടിക്കൽ എക്സാമിന്റെ അവസാന ബാച്ച് ലാബിൽ എക്സാം എഴുതുന്നു. പെട്ടെന്ന് ആ ഉത്തരവ് കടന്നുവന്നു. എല്ലാ പരിപാടിയും നിർത്തി എല്ലാവരും പിരിഞ്ഞുപോകുക. അവസാന ദിനം എക്സാമിനുശേഷം ഒന്നു കൂടിച്ചേർന്ന് പിരിയാൻ പ്ലാൻ ചെയ്ത് എക്സാം ഇല്ലാത്തവരും കാമ്പസിൽ എത്തിയിരുന്നു. ഒരു ഫോട്ടോ സെഷൻ പോലും അനുവദിക്കാതെ ഒന്നു കൈകൊടുത്തു പിരിയാനാവാതെ ആർത്തുല്ലസിച്ചുനടന്ന കാമ്പസിൽ നിന്നും വാ മൂടിക്കെട്ടി അവർ പടിയിറങ്ങുകയായിരുന്നു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിനുശേഷം ഞങ്ങൾ കുട്ടികളുടെ ഫോൺ നമ്പറുകൾ തപ്പിയെടുത്ത് കുട്ടികളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. റെയ്ഞ്ച് ഇല്ലാത്തവർ, ഫോൺ ഇല്ലാത്തവർ, സ്മാർട്ട് ഫോൺ ഇല്ലാത്തവർ, ഡാറ്റക്ക് പണമില്ലാത്തവർ... എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഡിജിറ്റൽ ഡിവൈഡ് എന്ന് വലിയ പ്രഭാഷണങ്ങളിൽ കേട്ടതിന്റെ അർത്ഥം ഞാൻ അനുഭവിച്ചറിഞ്ഞു. അങ്ങനെ ഇല്ലാത്തവനിൽ നിന്ന്​ ഉള്ളതുകൂടി എടുക്കപ്പെടും എന്നതിന്റെ അർത്ഥം ശരിക്കും മനസ്സിലായി.

ജൂൺ തുടങ്ങുമ്പോൾ മുതൽ അഡ്മിഷൻ തിരക്കുകളും ക്ലബ് ഇനോഗുറേഷനുകളും സെമിനാറുകളും സംഘടനാ പ്രവർത്തനങ്ങളും കൊണ്ട് സജീവമാകാറുണ്ടായിരുന്ന കാമ്പസിന്റെ ഇടനാഴികളും വിജനമായിക്കിടന്നു. എങ്കിലും ഈ കൊവിഡ് കാലഘട്ടത്തിൽ കുറേ ടെക്കികൾ ഉദിച്ചുയർന്നിരിക്കുന്നു. അവരിൽ ട്രോളർമാരും കൊമേഡിയൻമാരും കാമ്പസ് പുനരുജ്ജീവിപ്പിക്കാൻ അവരുടേതായ നമ്പറുകൾ ഇറക്കി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. കോവിഡാനന്തര കാമ്പസ് അതിനുമുമ്പുള്ളതിനേക്കാൾ വ്യത്യസ്തമായിരിക്കും. മുഖംനോക്കി ചാറ്റിയിരുന്നവർ ഇനി മൊബൈൽ നോക്കി ചാറ്റും.


ജീവിതം പാരമ്പര്യ കലയിലൂടെയാണ്. ചെണ്ട, തെയ്യം, കർക്കിടകപ്പാട്ട് എന്നീ അനുഷ്ഠാനകലകൾ തൊഴിലായി സ്വീകരിച്ചിരിക്കുന്നു. 6 മാസം തൊഴിലില്ലാത്ത കാലമാണ്. 6 മാസമേ തൊഴിൽ ഉള്ളൂ. ഏറ്റവും അവസാനത്തെ പരിപാടി കല്ലൂർക്കാവിലാണ്. കർക്കിടകമാസത്തിൽ തുടങ്ങുന്ന ഒരു അനുഷ്ഠാന കലയുണ്ട്-കർക്കിടകപ്പാട്ട് (വേടൻ, കാലൻ, ശീപോതി). മിഥുനം 25-വേടൻപാട്ട്, കർക്കിടകം 10-കാലൻപാട്ട്, കർക്കിടകം 25-ശീപോതി പാട്ട്. അതു കഴിയുമ്പോൾ ഓണം മുതൽ ഉത്രാടവും തിരുവോണവും വരെ-പഞ്ഞമാസത്തിലെ ആശ്വാസദിനങ്ങളായിരുന്നു.

ഏറ്റവും ഒടുവിൽ പരിപാടിക്ക് പോയത് മാർച്ച് 10ന് കരിങ്ങാറ്റി അമ്പലത്തിലാണ്. സീസണിലെ ഏറ്റവും അവസാനത്തെ പരിപാടി കല്ലൂർക്കാവിലാണ്. കോവിഡ് കാലത്ത് ഇവയെല്ലാം നഷ്ടപ്പെട്ടു. പണ്ട് കാലത്ത് തലക്കുട, കാൽക്കുട എന്നിവയുടെ നിർമ്മാണവുമുണ്ടായിരുന്നു.

രണ്ട് മാസം 1000 രൂപ വീതം കലാകാരൻമാർക്ക് സർക്കാർ സഹായം കിട്ടിയിട്ടുണ്ട്. കിട്ടാത്ത ചിലരുമുണ്ട്. സീസൺ കണക്കാക്കി വാങ്ങിയ പല കടങ്ങളും വീട്ടാൻ കഴിയാത്ത സ്ഥിതിയുണ്ട്. മറ്റ് പണികൾക്ക് പോകുന്ന ചിലരുണ്ട്. ക്ഷേത്രകലകൾ ക്ഷേത്രത്തിലല്ലാതെ അവതരിപ്പിക്കാൻ പാടില്ല എന്ന തീരുമാനം സംഘടനയ്ക്കുണ്ട്. ‘ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന' എന്നതാണ് ഞങ്ങളുടെ സംഘടന. മറ്റ് മേഖലകളിൽ ലോക്ഡൗണിനുശേഷം തൊഴിലുണ്ടെങ്കിലും ക്ഷേത്രകലാകാരന്മാരുടെ ഇപ്പോഴത്തെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ്. ‘തറകുത്തി ജന്മാവാകാശ'ത്തിന്റെ ഭാഗമായി അമ്പലങ്ങളിൽ തൊഴിൽ കിട്ടും.

കുടയുണ്ടാക്കാൻ കഴിയുന്ന പ്രാദേശിക കലാകാരന്മാരെയും, അലങ്കാരത്തിന് പറ്റിയ കലാരൂപങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവരെയും സംഘടിപ്പിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കി മാർക്കറ്റ് ചെയ്യാൻ പഞ്ചായത്ത് തയ്യാറായാൽ കുറച്ച് പേർക്ക് ആശ്വാസമാകും. ഉത്സവകാലങ്ങളിൽ കുടുംബങ്ങളുടെ കൂടിച്ചേരലുകൾ ഉണ്ടായിരുന്നു. അതും കൊറോണക്കാലത്ത് നടന്നില്ല. വീടുകൾ ശ്രദ്ധിക്കാനും, വീട്ടുകാരുടെ കൂടെ ഒരുമിച്ച് കഴിയാനും കാർഷികവൃത്തിയിൽ ഏർപ്പെടാനും കൊറോണ കാലത്ത് കഴിഞ്ഞു.


കോവിഡ് മൂലം സിനിമാ മേഖലയും നിശ്ചലാവസ്ഥയിലാണ്. 2020 മാർച്ച് പകുതിയോടെ നിലച്ച സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ചാനലുകൾക്കുവേണ്ടിയുള്ള ‘ഷോ' കളും സീരിയലുകളും ചില വെബ് സീരീസുകളും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വീടിനകത്ത് മാത്രമായി ഷൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് ജൂൺ പകുതിയോടെ ആ മേഖലയിൽ തൊഴിലെടുക്കുന്നവർ അല്പമെങ്കിലും ആശ്വാസത്തിലാണ്.

വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങൾ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ തുടങ്ങി ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന പ്രൊഡക്ഷൻ ബോയ്സ് വരെ ഉൾപ്പെടുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരിടമാണ് മലയാള സിനിമ. ഷൂട്ടിംഗിന് ശേഷമുള്ള ധാരാളം പ്രവൃത്തികൾ ചെയ്യുന്നവർ, തിയേറ്റർ തൊഴിലാളികൾ എന്നിവരും ഈ മേഖലയുടെ ഭാഗമാണ്.

വലിയ താരങ്ങൾ അഭിനയിക്കുന്ന ഒരു സിനിമ ഏതാണ്ട് 60 മുതൽ 100 ദിവസം വരെ എടുത്താണ് ചിത്രീകരിക്കുന്നത്. ചെറിയ സിനിമകളാണെങ്കിൽ 30നും 50നും ഇടയ്ക്ക് ദിവസങ്ങളെടുത്താണ് ഷൂട്ടിംഗ് പൂർത്തീകരിക്കുന്നത്. പ്രൊഡക്ഷൻ ബോയ് പോലും 800-1200 രൂപ വേതനം പറ്റുന്ന ഒരു തൊഴിൽമേഖലയാണ് ആറു മാസക്കാലമായി നിശ്ചലമായത്. അത് സൃഷ്ടിച്ച പ്രതിസന്ധി ഊഹിക്കാവുന്നതാണല്ലോ.

മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ എൺപതോളം സിനിമകൾ റിലീസ് ചെയ്യേണ്ടതായിരുന്നു. ചാനലുകളിലും OTT പ്ലാറ്റ്ഫോമുകളിലും ചില സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും തിയേറ്ററുകളിൽ കാണിക്കാൻ കഴിയുമ്പോൾ മാത്രമേ മുതൽമുടക്ക് തിരിച്ചുപിടിക്കാൻ കഴിയൂ. സിനിമാ സംഘടനകൾ നൽകിയ ചില സാമ്പത്തിക സഹായങ്ങൾ മാറ്റിനിർത്തിയാൽ ബഹുഭൂരിപക്ഷം തൊഴിലാളികളും ദുരിതക്കയത്തിൽ തന്നെയാണ്.


പാചകത്തൊഴിലിനൊപ്പം മറ്റ് തൊഴിൽ കൂടി ചെയ്യാറുണ്ട്. പാചകത്തൊഴിൽ കിട്ടിയ വരുമാനം പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റ് തൊഴിലുകളും ഇല്ലാതായി. നിർമ്മാണ മേഖലയാണ് മറ്റ് തൊഴിൽരംഗം. രണ്ടു മാസത്തിനിടയ്ക്ക് 12 ദിവസം മാത്രം പണി കിട്ടി. 70 ശതമാനത്തോളം കുറഞ്ഞു. മറ്റ് പ്രദേശങ്ങളിൽകൂടി പോകുന്നതുകൊണ്ടാണ് അത്രയെങ്കിലും പണി കിട്ടിയത്. യാത്രാപ്രശ്നവും തൊഴിലിനെ ബാധിച്ചു. എല്ലാംകൂടി ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ വരുമാനം ഇതുവരെ ഇല്ലാതായി.

ചെലവിന്റെ കാര്യത്തിലും സ്വാഭാവികമായും കുറവുണ്ടായി. ഭക്ഷണത്തിന്റെ കാര്യത്തിൽ ആർഭാടം പൊതുവെ ഇല്ല. ചെലവുകൾ പ്രധാനമായും യാത്രാ ചെലവുകളാണ്. അനാവശ്യ യാത്ര, മലിനീകരണം, ആർഭാടം എന്നിവ ഒഴിവായി. മനോഭാവത്തിൽ പൊതുവെ മാറ്റംവന്നു. ആശുപത്രി സന്ദർശനം, നിസ്സാര രോഗങ്ങൾക്ക് ഡോക്ടറെ കാണൽ തുടങ്ങിയവ മാറി.

ചൂഷകർ മഹാമാരിയെയും ഉപയോഗപ്പെടുത്തും. അതിന്റെ ഭാഗമാവാം സാധനങ്ങൾക്കും (നിർമ്മാണ മേഖലയിൽ) വില കൂട്ടി. ആളുകൾ കൃഷിയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇത് നിലനിർത്താൻ ആവശ്യമായ ഇടപെടലുകൾ വേണം. ഭക്ഷണകാര്യത്തിൽ സ്വയംപര്യാപ്തതയിലെത്തണം. അതിന് 3 നേരം അരിഭക്ഷണം എന്നത് മാറണം. ഒരു നേരം മതി. ശേഷം സമയങ്ങളിൽ മറ്റ് ഭക്ഷണം എന്ന രീതിയിൽ മാറണം. കൊവിഡ് വന്നപ്പോൾ ആളുകൾക്ക് ഒരു ധാരണയുമില്ലായിരുന്നു. ശാസ്ത്രീയമായ ബോധവൽക്കരണത്തോടെ ആളുകളെ രോഗത്തെപ്പറ്റി പഠിപ്പിക്കാൻ കഴിഞ്ഞു.

ഗുണകരമായ കാര്യങ്ങൾ-ജനങ്ങളുടെ സഹകരണം ഉണ്ടായി; കൂട്ടായ്മകൾ രൂപപ്പെട്ടു. ചെലവുചുരുക്കി ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കി. സമര രീതികളിൽ താരതമ്യേന മെച്ചപ്പെട്ട മാറ്റം വന്നു. ആരാധന രീതികൾ, ആചാരങ്ങൾ എന്നിവയിലും മാറ്റം വന്നു. അനാചാരങ്ങൾ എടുത്തുമാറ്റപ്പെട്ടു.


ത്രവിതരണം ജീവിക്കാനുള്ള ഒരു തൊഴിലായി സ്വീകരിച്ചതാണ്. 2004 മുതൽ തുടങ്ങി. മാതൃഭൂമി, മനോരമ, മാധ്യമം- യഥാക്രമം 60, 90, 56 കോപ്പികൾ. 65 വയസ്സുണ്ട്. നേരത്തെ കർഷകത്തൊഴിലാളിയായിരുന്നു. ഇപ്പോൾ മറ്റ് ജോലികൾ ചെയ്യാൻ ശരീരസുഖമില്ല. കൃത്യമായി പണം പിരിച്ചെടുക്കാൻ കഴിഞ്ഞാൽ ജീവിക്കാനുള്ള വരുമാനമുണ്ടാകും. കോവിഡ് റിപ്പോർട്ട് ചെയ്ത ആരംഭകാലത്ത് ചിലർ പത്രവിതരണം നിർത്തിയിരുന്നു. രോഗം പകരും എന്ന ആശങ്കയായിരുന്നു കാരണം.

പത്രവിതരണത്തിൽ രോഗപകർച്ചയുടെ ഭീതി സ്വന്തം അനുഭവത്തിലില്ല. സാമ്പത്തിക പ്രയാസം കാരണം നേരത്തെ പത്രം വാങ്ങിയിരുന്ന ചിലർ പത്രം നിർത്തിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് പ്രയാസങ്ങൾ ഇല്ലായിരുന്നു. സർക്കാറിന്റെയും മറ്റ് സംഘടനകളുടെയും കിറ്റുകളും മറ്റും കിട്ടിയിരുന്നു. പത്രവിതരണക്കാർക്ക് പ്രത്യേകിച്ച് സഹായങ്ങളൊന്നും കിട്ടിയിട്ടില്ല. ചില പത്രസ്ഥാപനങ്ങൾ മാസ്‌കുകൾ തന്നിരുന്നു. പത്രവിതരണത്തിന് 25% കമ്മീഷൻ കിട്ടും എന്നതൊഴികെ മറ്റ് യാതൊരു ആനുകൂല്യങ്ങളുമില്ല.


കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന വിഭാഗങ്ങളിലൊന്നാണ് പൊലീസ്. മാർച്ച് 23ന് അടച്ചിടൽ ആരംഭിച്ചതോടെ വാഹനഗതാഗതം നിയന്ത്രിക്കുക എന്ന ശ്രമകരമായ ജോലി വന്നുചേർന്നു. നിർദ്ദേശിക്കപ്പെട്ട സത്യവാങ്മൂലം പരിശോധിച്ചാണ് വാഹനത്തിൽ പോകാനുള്ള അനുവാദം നൽകിയത്. ഷോപ്പുകൾ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കണമായിരുന്നു. മുഖാവരണം ധരിക്കുന്നതിന്റെ കാര്യവും അങ്ങനെ തന്നെ.

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുമ്പോൾത്തന്നെ മാനുഷിക പരിഗണനയിൽ ചില്ലറ ഇളവുകൾ അനുവദിച്ചിരുന്നു. നിയന്ത്രിത പ്രദേശങ്ങളിലെ ഗതാഗത നിയന്ത്രണം, ക്വാറന്റയിനിൽ ഇരിക്കുന്നവരെ നിരീക്ഷിക്കൽ എന്നീ ചുമതലകളും പോലീസിനുണ്ട്. മോണിറ്ററിംഗിനായി ഓരോ പഞ്ചായത്തിലും 2 പേർക്ക് ചുമതല നൽകിയിരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിച്ചിട്ടുണ്ട്. ലോക്ഡൗണിന്റെ ആദ്യകാലങ്ങളിൽ ചില പ്രദേശങ്ങളിൽ കൂടുതൽ നടപടികൾ അവലംബിക്കേണ്ടിവന്നിട്ടുണ്ട്. പ്രത്യേകിച്ച് ആളുകൾ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടംകൂടി നിൽക്കുന്ന സന്ദർഭങ്ങളിൽ.

മുഖാവരണമിട്ടുകൊണ്ട് 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയൊക്കെയുണ്ട്. ചായപ്പീടികകളും ഹോട്ടലുകളും അടച്ചിട്ട സ്ഥിതിയിലും പോലീസിന് വെള്ളവും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടില്ല. സന്നദ്ധ സംഘടനകളും മറ്റു പലരും അവ എത്തിച്ചുതന്നിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ എന്നിവയും ലഭിച്ചിട്ടുണ്ട്. അടച്ചിടൽ തുടങ്ങിയതിനുശേഷം ക്രമസമാധാന പ്രശ്നങ്ങൾ പൊതുവിൽ കുറഞ്ഞതായിട്ടാണ് അനുഭവം.

മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിൽ എത്തിക്കുന്നതിന് പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഒരു കേസുമായി ബന്ധപെട്ട് ഗൾഫിൽനിന്ന് വന്ന ഒരാളുമായി സമ്പർക്കമുണ്ടായതിനാൽ എന്റെ സ്റ്റേഷനിലെ 4 പേർക്ക് ക്വാറന്റയിനിൽ പോകേണ്ടിവന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ആദ്യ അനുഭവമാണിത്. ഇത് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളുടെ സൃഷ്ടിയാണ്.


വിവാഹാഘോഷങ്ങൾ, യാത്രകൾ, മറ്റു വിധത്തിലുള്ള ഒത്തുചേരലുകൾ എന്നിവ അടച്ചിടൽ കാലത്ത് മാറ്റി വെക്കേണ്ടിവന്നു. മാർച്ച് 9-നാണ് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷകൾ മുഴുമിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. മാർച്ച് 22ന് ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് 21-3-20 വരെ മാത്രമേ പരീക്ഷകൾ നടന്നുള്ളൂ. ലോക്ഡൗൺ എന്ന പദം ആദ്യമായി കേൾക്കുകയായിരുന്നു.

അടച്ചിടൽ കാലത്തെ അനുഭവങ്ങൾ തീർത്തും പുതിയതായിരുന്നു. ജീവിതം വല്ലാതെ മാറി. ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യ. ജോലിയില്ല, പെട്ടെന്നൊരു ദിവസം എല്ലാ സമ്പർക്കങ്ങളും അവസാനിപ്പിച്ച് വീട്ടിൽ കഴിയേണ്ടിവന്നു. എന്തെന്നില്ലാത്ത മടുപ്പും മരവിപ്പും അനുഭവിക്കുകയായിരുന്നു. റംസാനും ചെറിയ പെരുന്നാളും എന്നെ സംബന്ധിച്ച് ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കടന്നുപോയി. ഈസ്റ്ററിന്റേയും വിഷുവിന്റേയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ആരാധനാലയങ്ങൾ അടഞ്ഞുകിടുന്നു.

പകരം ജനങ്ങൾ 6 മണിക്കുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു കാതോർത്തു. ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കാനും ജനങ്ങളെ ജാഗ്രതപ്പെടുത്താനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കഴിഞ്ഞു. പരീക്ഷാ മൂല്യനിർണയം തുടങ്ങിയെന്നത് വലിയ ആശ്വാസമായി. ജോലിക്ക് പോയി സൗഹൃദങ്ങൾ അനുഭവിക്കാൻ കഴിയുക എന്നത് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. ഒരുപാട് വീണ്ടുവിചാരം തന്ന ഒരു കാലമാണിത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മിറ്റിയുടെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്ത് നടത്തിയ പഠനത്തിൽ ('കോവിഡും ജീവിതവും: നൊച്ചാടിന്റെ നേർക്കാഴ്ചകൾ') നിന്ന്


Comments