‘Dostadning’ എന്ന വാക്ക് എന്റെ ശ്രദ്ധയിൽ വന്നത് 2018 ലാണ്. സ്വീഡിഷ് ഭാഷയിലെ ഒരു വാക്കാണിത്. മരണം എന്നർത്ഥമുള്ള ‘Do’ എന്ന സ്വീഡിഷ് വാക്കും വൃത്തിയാക്കൽ എന്നർത്ഥമുള്ള ‘Stadning’ എന്ന വാക്കും കൂടി ഉണ്ടായ ഒരു പദമാണിത്. മരണത്തെ മുന്നിൽ കണ്ട് ജീവിതത്തെ വൃത്തിയാക്കി സൂക്ഷിക്കുന്ന സ്വീഡിഷ് രീതിയെയാണ് ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത്. ഇതേപ്പറ്റിയാണ് സ്വീഡിഷ് ആർട്ടിസ്റ്റായ മാർഗരേറ്റ മാഗ്നസ്സോൻ (Margareta Magnusson) ‘The Gentle Art of Swedish Death Cleaning’ എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.
അത് വായിച്ചതു തൊട്ട് മാർഗരേറ്റ മാഗ്നസ്സോൻ മരണത്തെ എങ്ങനെ നേരിടും എന്നൊരാലോചന എന്റെ മനസ്സിലുണ്ടായി. അവരിന്നലെ ( മാർച്ച് 12-2026) തൊണ്ണൂറ്റിയൊന്നാം വയസ്സിൽ മരണത്തിനു വിധേയയായിരിക്കുന്നു എന്ന വാർത്ത വന്നിരിക്കുന്നു. സ്വീഡനിലെ ഒരു റിട്ടയർമെൻ്റ് ഹോമിലാണ് അവസാന നാളുകൾ അവർ കഴിച്ചുകൂട്ടിയത്. അവരുടെ എൺപതുകളിലാണ് മരണത്തിന് മുമ്പ് എന്തെല്ലാം തയ്യാറെടുപ്പുകൾ വേണം എന്നതിനെപ്പറ്റിയുള്ള പ്രസിദ്ധമായ ആ പുസ്തകം അവരെഴുതിയത്. അതൊരു ബെസ്റ്റ് സെല്ലറായി വലിയൊരുകൂട്ടം വായനക്കാരെ കണ്ടെത്തി.
നമ്മുടെയെല്ലാം ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം മരണമാണ്. അത് മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തുക എന്നത് ഒരു സിവിലൈസ്ഡ് സമൂഹത്തിന്റെ രീതിയാവണം. അതാണ് സ്വീഡനിൽ പ്രചാരത്തിലുണ്ടായിരുന്നത്. മാർഗരേറ്റ പറയുന്നത് മരണം എപ്പോൾ വേണമെങ്കിലും വരാം. അതിനാൽ ഈ വൃത്തിയാക്കൽ ജീവിതത്തിൽ നിരന്തരം നടക്കേണ്ടതുണ്ട് എന്നാണ്. മരണത്തിലേക്ക് അധിക സമയമില്ലെന്ന തോന്നലോടെ കാര്യങ്ങളെ നോക്കി കാണുന്ന ഒരു രീതി. ഇത് ജീവിതത്തെ ക്ലേശരഹിതവും ഭാരരഹിതവും ലളിതവും ആക്കി തീർക്കും.

എന്താണ് ദോസ്താദ്‌നിങ് ? ഓരോ വ്യക്തിയും സ്വന്തം സ്വത്തുക്കളെ, കൈവശമുള്ള വസ്തുക്കളെ ഇഷ്ടാനുസരണം ഒഴിവാക്കുന്ന പ്രക്രിയ. സ്വത്ത് എന്ന് പറഞ്ഞാൽ ജീവിതത്തിൽ സ്വന്തമാക്കിയ എല്ലാ സാധനങ്ങളും ഉൾപ്പെടും. ഭൂമി, കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ , പുസ്തകങ്ങൾ അങ്ങനെ എല്ലാം. ജീവിതത്തിനെ കാലോചിതമായി പുതുക്കി ഓർഡറിലാക്കി വെക്കുന്ന ഒരു സവിശേഷരീതി. നമുക്ക് ചുറ്റുമുള്ള അനാവശ്യ സാധനങ്ങളെ നിരന്തരം ഒഴിവാക്കുന്ന, വേണ്ടതെല്ലാം അടുത്തുണ്ട് എന്നുറപ്പാക്കുന്ന ഒരു പ്രക്രിയ. നാളേയ്ക്ക് എന്ന് കരുതി സൂക്ഷിക്കുന്ന പലതും പിന്നീട് ഭാരമായി ജീവിതകാലം മുഴുവൻ പേറുന്ന രീതിയിൽ നിന്നുള്ള ഒരു മാറ്റം. ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മരണാനന്തരം ബന്ധുമിത്രാദികൾക്കു ബുദ്ധിമുട്ടും വേദനയും നൽകാനിടയാവരുത് എന്ന ഒരു പ്രായോഗിക ദർശനം. “No matter how much they love you, don't leave this burden to them” എന്നാണ് മാർഗരേറ്റ എപ്പോഴും പറയാറുള്ളത്.
ഈ പുസ്തകവായന ശരിക്കും ഒരു വെളിച്ചമായിരുന്നു. ജിവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ച ഒന്ന്. നമ്മുടെയൊക്കെ ജീവിതത്തിൽ ആവശ്യവും അനാവശ്യവും വേർതിരിച്ചാൽ കളയേണ്ടതെന്തെല്ലാമുണ്ടാവും? എന്റെ മരണാനന്തരം എന്റെ പ്രിയപ്പെട്ടവരെ ഈ ജോലിഭാരം ഏല്പിക്കേണ്ടി വരില്ലേ? അവരത് സന്തോഷത്തോടെയാവുമോ ഏറ്റെടുക്കുക? എന്റെ പുസ്തക ശേഖരം എന്റെ മരണാനന്തരം എന്റെ പ്രിയപ്പെട്ടവർക്ക് വലിയ ഭാരമാവില്ലേ? ഞാൻ സൂക്ഷിച്ചു വെക്കുന്ന കടലാസുകൾ, രേഖകൾ, ഡയറികൾ, നോട്ടുബുക്കുകൾ - അതിലെത്ര ഞാനിപ്പോൾ ഉപയോഗിക്കുന്നുണ്ട്? ബാക്കിയുള്ള ചെറിയ ജീവിതകാലത്ത് അവയിലെത്ര എനിക്കാവശ്യമായി വരും? ഇത്തരം ഒരുപാട് ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഏറെ കുറ്റബോധത്തോടെ മാത്രമെ അന്നുമുതൽ ഓരോ ദിവസവും കടന്നു പോയിട്ടുള്ളൂ. വലുതായ തിരുത്തലുകൾ ഒന്നും ഇതുവരെ നടന്നുമില്ല. അത്തരമൊരു സംസ്കാരം നമ്മുടെ കൂടെയില്ലല്ലോ. പുതിയ ഒന്നിലേക്കെത്തുക എളുപ്പവുമല്ല. നമ്മുടെ നാട്ടിൽ ഏറെ ആവശ്യമുള്ള ഒന്നാണ് ഇതെന്ന് പിന്നീടെപ്പോഴും തോന്നിയിട്ടുണ്ട്. ജീവിതത്തിൽ നമ്മളിൽ പലരും സമയം കളയുന്നത് നമ്മുടെ പൈതൃക സ്വത്തിനെപ്പറ്റി വ്യാകുലപ്പെട്ടും തർക്കങ്ങളിൽ ഏർപ്പെട്ടുമാണ്. ഉള്ളത് മരണത്തിനു മുമ്പായി ഒഴിവാക്കിയും ആവശ്യക്കാരെ കണ്ടെത്തിയേല്പിച്ചും സ്വസ്ഥമായി മരിക്കാൻ നമ്മൾ ശീലിച്ചെങ്കിൽ! ഇത്തരമൊരു വൃത്തിയാക്കൽ ഇന്ത്യൻ ജീവിത രീതിയിൽ നടപ്പിൽ വന്നാൽ നമ്മുടെ കോടതി വ്യവഹാരങ്ങൾ പോലും പകുതിയായി കുറയും. ജീവിതത്തിൽ നിന്ന് പിരിമുറുക്കങ്ങൾ കുറയും. അടുപ്പമുള്ളവർ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടും.
മാർഗരേറ്റ ഇത് സ്വയം ചെയ്യുകയും മറ്റു പലരുടെയും ജീവിതത്തിൽ നടത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴും മരണത്തെ പ്രതീക്ഷിച്ച് കൊണ്ട് ജീവിച്ചതുകൊണ്ട് അവർ ജീവിതത്തെ നിരന്തരം വൃത്തിയാക്കിക്കൊണ്ടുമിരുന്നു. അതിനായുള്ള പ്രായോഗിക കാര്യങ്ങളാണ് തന്റെ പുസ്തകത്തിൽ വിശദമായി അവർ ചർച്ച ചെയ്തത്. വായിച്ചു പോകുമ്പോൾ ഇതെല്ലം നമുക്ക് അറിയുന്നതല്ലേ എന്ന് തോന്നുമെങ്കിലും ഒന്നും നമ്മൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാറില്ല എന്നതാണ് യാഥാർഥ്യം. ഇതിന്റെ ഉദ്ദേശം എന്താണ് എന്നത് മനസ്സിലാക്കിയാൽ നമ്മളും ഇതൊക്കെ ചെയ്തു തുടങ്ങും. മരണത്തോട് തലതിരിഞ്ഞു നടക്കുന്ന ചിലരുണ്ട്. ഒടുക്കം എല്ലാം കുഴച്ചുമറിച്ച്, കുട്ടിച്ചോറാക്കി അവർ കടന്നുപോകും. അതുവഴി പിൻതലമുറക്കാരുടെ ജീവിതവും കൂടിയാണ് അവർ അസ്വസ്ഥമാക്കുന്നത്. മുതിർന്ന കുട്ടികൾ അവരുടെ മാതാപിതാക്കളുമായി മരണത്തെ പറ്റി സംസാരിക്കണം. സ്നേഹിതരുമായും ബന്ധുക്കളുമായും നമ്മൾ സംസാരിക്കണം, ജീവിതത്തെപ്പറ്റിയും, മരണത്തെപ്പറ്റിയും, അതിൽ മടിക്കാനൊന്നുമില്ല. “Is there anything we can do together in a slow way so that there won’t be too many things to handle later?” എന്നാണ് അവരെഴുതിയത്.

എല്ലാവരുടെയും ജീവിതത്തെ വൃത്തിയാക്കാൻ അതുപകരിക്കും. ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഗൈഡായാണ് ആ ചെറിയ പുസ്തകത്തെ അന്നു മുതൽ ഞാൻ നോക്കിക്കണ്ടത്. അതോടൊപ്പം അവർ നയിച്ച അത്തരമൊരു ജീവിതത്തിന്റെ വ്യക്തമായ ചിത്രവും പുസ്തകത്തിലുണ്ട്. അത് വായിച്ചതു തൊട്ട് ചുറ്റിനുമുള്ള എന്റെ ഭാണ്ഡക്കെട്ടുകൾ എന്നെ ഭയപ്പെടുത്തുന്നു… എന്റെ പുസ്തക ശേഖരം എന്നെ തുറിച്ചു നോക്കുന്നു... എന്താക്കെയാണ് കളയാതെ ഞാനൊക്കെ കൊണ്ടു നടക്കുന്നത്? ഒഴിവാക്കാൻ പലതുമുണ്ട്. ദോസ്താദ്നിങിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മില്ലിമീറ്റർ അകലത്തിൽ അവനുണ്ട് - മരണം. അവൻ വരുമ്പോൾ തെല്ലും ഭയമില്ലാതെ അന്തസ്സായി എനിക്ക് അവനുമായി കൂടിച്ചേരണം. ഈ തിരിച്ചറിവ് തന്ന എഴുത്തുകാരിയാണ് ഇപ്പോൾ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പിൻവാങ്ങിയിരിക്കുന്നത്. ആ മാതൃകാ ജീവിതം അവസാനിക്കുമ്പോൾ ഒന്നും ബാക്കിയാവുന്നില്ല, ബന്ധുമിത്രാദികൾക്ക് ചെയ്തു തീർക്കാനായി. അതു തന്നെയാണ് അവരുടെ ജീവിത ദർശനം.
1934 ഡിസംബർ 31 നാണ് മാർഗരേറ്റ ജനിച്ചത്. ചിത്രകാരിയായാണ് അവർ ജീവിച്ചത്. യൂറോപ്പിലെ പ്രശസ്തമായ പല ഗാലറികളിലും അവരുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 2022-ൽ ‘The Swedish Art of Aging Exuberantly’ എന്നൊരു ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. വാർദ്ധക്യത്തെ ഭയക്കാതെ, തുറന്ന മനസ്സോടെ, ജീവിതത്തെ നോക്കിക്കാണുകയും ആവശ്യം കഴിഞ്ഞ വസ്തുക്കളെ വെറുതെ കൈവശം വെക്കാതെ അപ്പപ്പോൾ ഉപേക്ഷിക്കുന്ന ശീലവുമുണ്ടായാൽ ജീവിതം സുഖകരവും മരണം ഭയപ്പെടേണ്ടതല്ലാത്തതുമായിത്തീരുമെന്നാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലൂടെയും അവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. പ്രശസ്തിയോട് എല്ലായ്പ്പോഴും വിമുഖത കാണിച്ചിരുന്ന അവരുടെ പുസ്തകം വലിയ പ്രശസ്തി നേടുകയും മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും ചെയ്തു. അതിന്ന് ലോകത്തെ വലിയ രീതിയിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ ലോകത്തിന് ഈ വിഷയത്തിൽ വലിയ താത്പര്യം ജനിച്ചിട്ടുണ്ട്. പലരും ദോസ്താദ്നിങ് ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. അങ്ങനെ മാർഗരേറ്റ മാഗ്നസ്സോന്റെ ജീവിതം സാർത്ഥകമായി. ഒന്നും ബാക്കിയാക്കാതെ അവരുടെ ജീവിതത്തെ മരണം സുഖകരമായി ഇല്ലാതാക്കുകയും ചെയ്തു. അവരെ അറിഞ്ഞ, അവരുടെ പുസ്തകം വായിച്ച നമ്മൾ വായനക്കാർക്ക് മരണത്തിനു മുമ്പായി പലതും ചെയ്തു തീർക്കാനുണ്ട്. മരണമെത്തുന്ന നേരത്ത് നമ്മൾ സ്വസ്ഥരായിരിക്കണം.
