ഒന്നാം സമ്മാനം, കഥ: വളർത്തുമൃഗങ്ങൾ,
കാഥികൻ: എം.ടി. വാസുദേവൻ നായർ, കുറ്റിപ്പുറം വഴി, (തെക്കേ മലബാർ)

1953-ൽ വിശ്വോത്തര കഥ കണ്ടുപിടിക്കുന്നതിന് ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോകകഥാ മത്സരത്തിൽ ഹിന്ദുസ്​ഥാൻ ടൈംസിനോടു സഹകരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മലയാള ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് എം.ടിയായിരുന്നു. എം.ടിയുടെ ‘മാതൃഭൂമിക്കാല’ത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ പുരസ്കാരം. എം. ജയരാജ് എഴുതിയ എം.ടി. മാതൃഭൂമിക്കാലം എന്ന പുസ്തകത്തിൽനിന്ന്.

ഴുത്തുകാരുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് ചുമരിൽ ഒട്ടിച്ച്, അകന്നുനിന്ന് ആരാധനയോടെ നോക്കി വിസ്​മയംകൊണ്ട കൂടല്ലൂർ എന്ന കുഗ്രാമത്തിലെ കർഷക കുടുംബത്തിലെ കൊച്ചു ബാലനിൽനിന്ന്, ജ്ഞാനപീഠപുരസ്​കാരകൃതനായ ‘എം.ടി’യിലേക്കുള്ള ദൂരം, തീവ്രപ്രയത്നത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും ജ്വലിക്കുന്ന കഥയാണ്.

എഴുത്ത് ജീവിതവിജയത്തിലേക്കുള്ള പാതയിലെ പാഥേയമായി ആരും പരിഗണിച്ചിട്ടില്ലാതിരുന്ന കാലത്താണ് തെക്കേപ്പാട്ടെ വാസു എഴുത്തുകാരനാകണമെന്നു മോഹിച്ചുപോകുന്നത്. ചോരത്തിളപ്പി​ന്റെ ധിക്കാരമായി മാത്രമേ ഈ തീരുമാനത്തെ പൊതുസമൂഹം വീക്ഷിക്കുകയുള്ളൂ എന്ന യാഥാർത്ഥ്യം എം.ടിക്കുതന്നെ അറിയാമായിരുന്നു, അതായിരുന്നു കാലം. പക്ഷേ, ഒരു ജന്മനിയോഗം പോലെ എഴുത്തിനെ അദ്ദേഹം മനസ്സാ വരിക്കുകയായിരുന്നു. എഴുത്തിന്റെ കാര്യത്തിൽ എം.ടി. പ്രദർശിപ്പിച്ച ആ ‘ചങ്കൂറ്റം’ ആലീസ്​ കണ്ട അദ്ഭുതലോകം പോലെ മലയാള സാഹിത്യലോകത്തിന് അതുവരെ പരിചയമില്ലാത്ത പുതിയ ആസ്വാദനശീലത്തിലേക്കുള്ള കവാടം തുറന്നിടുകയായിരുന്നു.

മാതൃഭൂമിയുടെ ചരിത്രത്തിൽ എം.ടിയും എം.ടിയുടെ ജീവിതത്തിൽ മാതൃഭൂമിയും തമ്മിലുള്ള ബന്ധം വേർപെടുത്താനാവാത്തവിധം കരുത്തുറ്റതാണ്. 1954 ജനുവരി ഒന്നു മുതലാണ് ഈ ബന്ധത്തിന് അരങ്ങൊരുങ്ങുന്നത്. എം.ടി. എന്ന രണ്ടക്ഷരത്തിൽ സാഹിത്യലോകത്ത് നിത്യവിസ്​മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി. വാസുദേവൻ നായർ എന്ന പേര് ആദ്യമായി മാതൃഭൂമിയിൽ അച്ചടിച്ചുവരുന്നത് 1954 ജനുവരി ഒന്നാം തീയതി വെള്ളിയാഴ്ചയായിരുന്നു (1948-ൽ ഗുരുവായൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കേരളക്ഷേമത്തിൽ അദ്ദേഹത്തിന്റെ ഒരു ലേഖനം പേരുവെച്ചു പ്രസിദ്ധീകരിച്ചിരുന്നു).

മാതൃഭൂമി അമ്പതുകളിൽത്തന്നെ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായിക്കഴിഞ്ഞിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയോ കവിതയോ ലേഖനമോ പ്രസിദ്ധീകരിക്കുകയെന്നത് അർഹതയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമായാണ് എഴുത്തുകാർ കരുതിയിരുന്നത്. മാതൃഭൂമിയിൽ അഞ്ചാം പേജിൽ രണ്ടുകോളം വലിപ്പത്തിൽ പ്രസിദ്ധീകരിച്ച വാർത്ത:
‘ലോക ചെറുകഥാ മത്സരം, മലയാള വിഭാഗത്തിലെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം: എം.ടി. വാസുദേവൻനായർക്ക്’ എന്നായിരുന്നു വാർത്തയുടെ ശീർഷകം.

1953-ലെ വിശ്വോത്തര കഥ കണ്ടുപിടിക്കുന്നതിനുവേണ്ടി ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ എല്ലാ വൻകരയിലുമുള്ള രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന ലോകകഥാ മത്സരത്തിൽ ഹിന്ദുസ്​ഥാൻ ടൈംസിനോടു സഹകരിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മലയാള ചെറുകഥാ മത്സരത്തിൽ വിജയിച്ച നാലു കഥകളുടെയും കഥാകാരന്മാരുടെയും പേരുവിവരങ്ങളാണ് വാർത്തയുടെ ഉള്ളടക്കം.

വാർത്തയുടെ വിശദവിവരങ്ങൾ ഇങ്ങനെ:
‘‘മലയാള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് മി. എം.ടി. വാസുദേവൻ നായർ രചിച്ച ‘വളർത്തുമൃഗങ്ങൾ’ എന്ന കഥയ്ക്കാണ്. ‘ചാത്തുവിന്റെ സമ്പാദ്യം’ എന്ന തലക്കെട്ടിലുള്ള മി. വി. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കഥ രണ്ടാം സമ്മാനത്തിനർഹമായി. ‘ചെകുത്താൻ്റെ മകൾ’ എന്ന മി. കെ.പി. വിജയന്റെ കഥയും ‘അവർ ജീവിക്കുന്നു’ എന്ന മി. എൻ. ഗോവിന്ദൻകുട്ടിയുടെ കഥയും ആണ് ക്രമത്തിൽ മൂന്നും നാലും സമ്മാനങ്ങൾ നേടിയിരിക്കുന്നത്. സമ്മാനാർഹങ്ങളായ മേൽപ്പറഞ്ഞ കഥകളുടെ കർത്താക്കൾക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് താഴെ കാണുന്ന തോതിൽ പാരിതോഷികം നൽകുന്നതാണ്. ഒന്നാം സമ്മാനം: 500 ക, രണ്ടാം സമ്മാനം: 250 ക., മൂന്നാം സമ്മാനം: 150 ക., നാലാം സമ്മാനം: 100ക’’.

ഈ കഥകളുടെ പരിഭാഷകൾ അഖിലേന്ത്യാ മത്സരത്തിലേക്കുവേണ്ടി ഹിന്ദുസ്​ഥാൻ ടൈംസിന് അയച്ചുകൊടുക്കുന്നതാണെന്നും എഴുനൂറ്റിപ്പതിനഞ്ചു കഥകളാണ് മത്സരത്തിലേക്ക് അയച്ചുകിട്ടിയതെന്നും അതിൽനിന്നു പ്രാഥമികമായി തിരഞ്ഞെടുപ്പ് നടത്തി 128 എണ്ണം ജഡ്ജിങ് കമ്മിറ്റിക്ക് അയച്ചുകൊടുത്തുവെന്നും വാർത്തയിലുണ്ട്. ഡോ. കെ. ഭാസ്​കരൻ നായർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇ.എം. കോവൂർ എന്നിവരായിരുന്നു കഥാമത്സരത്തിലെ ജഡ്ജിമാർ. 1954 ജനുവരി ഒന്ന് അങ്ങിനെ മാതൃഭൂമിയുടെ ചരിത്രത്തിലും എം.ടിയുടെ ജീവിതത്തിലും അവിസ്​മരണീയ ദിവസമായി മാറി.

കഥാമത്സരത്തെക്കുറിച്ചും മികച്ച രചനകളെ തിരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ചും വിശദീകരിച്ച് ഒരു ലേഖനം ‘ലോക കഥാമത്സരം മലയാളത്തിൽ സമ്മാനാർഹർ’ എന്ന ശീർഷകത്തിൽ 1954 ജനുവരി മൂന്ന് ലക്കം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

1953 ഡിസംബർ ആറാം തീയതി ആലുവാ നദീതീരത്തുള്ള സ്റ്റാൻഡേർഡ് പോട്ടറി വർക്സിന്റെ അതിഥിമന്ദിരത്തിൽ ഡോ. കെ. ഭാസ്​കരൻ നായർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇം.എം. കോവൂർ എന്നീ ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നാണ് മത്സര വിജയികളെ തിരഞ്ഞെടുത്തതെന്നു ലേഖനത്തിലുണ്ട്. കെ.പി. കേശവമേനോൻ (പത്രാധിപർ, മാതൃഭൂമി) നിരീക്ഷകനായിട്ടാണ് ജഡ്ജിങ് കമ്മിറ്റിയോടൊപ്പം ചേർന്നത്. ഏകദേശം അഞ്ചുമണിക്കൂർ നേരം സജീവ ചർച്ചകൾക്കുശേഷമാണു സമ്മാനാർഹങ്ങളായ നാലു കഥകൾ തിരഞ്ഞെടുത്തതെന്നു ലേഖനത്തിൽ വ്യകതമാക്കുന്നുണ്ട്.

സമ്മാനം ലഭിച്ച നാലുപേരുടെയും പൂർണ്ണ മേൽവിലാസം ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.ടിയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ: ‘ഒന്നാം സമ്മാനം: കഥ: വളർത്തുമൃഗങ്ങൾ. കാഥികൻ: എം.ടി. വാസുദേവൻ നായർ, കൂടല്ലൂർ, കുറ്റിപ്പുറം വഴി, (തെക്കേ മലബാർ).’

അഖിലേന്ത്യാ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനുശേഷമേ മലയാളത്തിൽ സമ്മാനം ലഭിച്ച കഥകൾ പ്രസിദ്ധപ്പെടുത്തുകയുള്ളൂവെന്ന അറിയിപ്പോടുകൂടിയാണ് ലേഖനം അവസാനിപ്പിക്കുന്നത്. സമ്മാനാർഹരെ തിരഞ്ഞെടുത്ത ജഡ്ജിങ് കമ്മിറ്റിയംഗങ്ങളുടെ യോഗ്യതകൾ ലേഖനത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

ഏകദേശം ഒരു വർഷം എടുത്തു സമ്മാനാർഹമായ കഥകൾ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ. 1954 ഡിസംബർ 26–ാം ലക്കം ആഴ്ചപ്പതിപ്പിലാണ് ഒന്നാം സമ്മാനം ലഭിച്ച ‘വളർത്തുമൃഗങ്ങൾ’ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്​ത ചിത്രകാരൻ എം.വി. ദേവന്റെ രേഖാചിത്രസഹിതമാണ് കഥ പ്രസിദ്ധീകരിച്ചത്. എം.വി. ദേവൻ അക്കാലത്ത് ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ്റ് ആയിരുന്നു. ‘വളർത്തുമൃഗങ്ങൾ’ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ അതിനെക്കുറിച്ചുള്ള പരസ്യങ്ങൾ മുൻലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. കഥയോടൊപ്പം തന്റെ അതുവരെയുള്ള ജീവിതാനുഭവങ്ങൾ ‘എ​ന്റെ കഥ’ എന്ന തലക്കെട്ടിൽ എം.ടിയുടെ ഫോട്ടോ സഹിതം ആഴ്ചപ്പതിപ്പിൽ ചേർത്തിരുന്നു. ഒരു പ്രതിഭയുടെ അരങ്ങേറ്റം അനുഭവപ്പെടുത്തുന്നതായിരുന്നു അത്യന്തം ഹൃദയസ്​പർശിയായ ആ കുറിപ്പുകൾ. തന്റെ ബാല്യകാലം, വായന, എഴുത്ത്, സ്വാധീനിച്ച എഴുത്തുകാർ, പുസ്​തകങ്ങൾ, കടുംബബന്ധങ്ങൾ, വിദ്യാഭ്യാസം, അതിനിടയിൽ പ്രസിദ്ധീകരിച്ച സൃഷ്ടികൾ, കവി അക്കിത്തവുമായുള്ള അടുത്ത ബന്ധം തുടങ്ങിയവയെല്ലാം ‘ഇരുപത്തിയൊന്നു വർഷത്തെ ജീവിതാനുഭവങ്ങൾ മാത്രമാണ് എന്റെ മുന്നിലുള്ളത്’ എന്നു തുടങ്ങുന്ന ലഘു ജീവചരിത്രക്കുറിപ്പിൽനിന്നും വായിച്ചെടുക്കാം. വാക്കുകളെ രത്നങ്ങളാക്കുന്ന അദ്ഭുതവിദ്യ അദ്ദേഹത്തിനു ജന്മസിദ്ധമാണെന്ന് ഈ ലേഖനം അടിവരയിടുന്നു.

(എം.ടി. മാതൃഭൂമിക്കാലം–എം. ജയരാജ്– മാതൃഭൂമി ബുക്സ്​)


Summary: A Part from MT mathrubhoomikaalam by M Jayaraj


എം. ജയരാജ്​

എഴുത്തുകാരൻ. മലയാള അച്ചടിമാധ്യമം: ഭൂതവും വർത്തമാനവും, മലയാള സിനിമ പിന്നിട്ട വഴികൾ, മഹാത്മജിയുടെ മാതൃഭൂമി രേഖകൾ എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments