‘‘പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയിൽ നിന്ന് പുറത്തെടുത്ത് വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്’’ എന്നു പറഞ്ഞത് സാമുവൽ ബട്ലർ എന്ന ഇംഗ്ലീഷ് കവിയാണ്. വർത്തമാനകാലത്ത് അദ്ദേഹത്തിൻ്റെ വരികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു.
പുസ്തകമേളകൾ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന കാലമാണിത്. സോഷ്യൽ മീഡിയ നിറയെ മേളകളുടെ വിശേഷങ്ങളും പരസ്യങ്ങളും സെലിബ്രറ്റി സെൽഫികളുമാണ്. ഷാർജ പുസ്തകമേളയിലൊക്കെ പുസ്തകം വാങ്ങിക്കൊണ്ടുപോകുന്നത് സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകും പോലെ, വലിയ ട്രോളി നിറയെ തള്ളിക്കൊണ്ടാണ്. ഈ പുസ്തകങ്ങൾ എത്ര പേർ വായിക്കുന്നുവെന്നത് അപ്രസക്തമായ ചോദ്യമായി തോന്നിയേക്കാം. ഒരു പുസ്തകം വാങ്ങുകയും എഴുത്തുകാർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തുകഴിയുമ്പോൾ, സാമുവൽ ബട്ലർ പറഞ്ഞതുപോലെ പുസ്‌തകം അലമാരയിലെ തടവുകാരനായി തീരുന്നു. 24 മണിക്കൂർ സ്റ്റാറ്റസിനപ്പുറം ആ പുസ്തകം വിസ്മരിക്കപ്പെടുന്നു.
ഏറെ വായിക്കപ്പെടുന്ന ചില പുസ്തകങ്ങൾ എത്രമാത്രം മികച്ച പുസ്തകങ്ങളാണ് എന്നൊരു അപ്രസക്ത ചോദ്യം കൂടി മനസ്സിലുണ്ട്. ഈ അടുത്ത് ഏറെ കോപ്പികൾ വിറ്റ്, നിരവധി പതിപ്പുകൾ ഇറങ്ങിയ ഒരു പുസ്തകം കൊച്ചി-ദുബായ് യാത്രക്കിടയിൽ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ബുക്ക്സ്റ്റാളിൽ നിന്ന് വാങ്ങി. പിന്നീട് ബോർഡിംഗ് സമയത്തെ ക്യൂവിൽ നിൽക്കുമ്പോൾ നിരവധി പേർ അതേ പുസ്തകം തന്നെ വാങ്ങി ബോർഡിംഗ് പാസിനും പാസ്പ്പോർട്ടിനുമൊപ്പം കയ്യിൽ വെച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷവും തോന്നി. ആരൊക്കെയോ പറഞ്ഞുകേട്ട്, ബഷീറിൻ്റെയും മാധവിക്കുട്ടിയുടെയും എം.ടിയുടെയും നോവലുകൾ പോലെ, ബെന്യാമിൻ്റെ ആടുജീവിതം പോലെ വായിക്കേണ്ടുന്ന പുസ്തകമാണിതെന്ന് എന്നെപ്പോലെ, അവരൊക്കെയും കരുതിയിരിക്കാം.
ലോഞ്ചിലിരുന്നും ഫ്ലൈറ്റിലിരുന്നും വായന തുടങ്ങിയ എനിക്ക്, നാലുമാസം കഴിഞ്ഞിട്ടും ആ പുസ്തകത്തിൻ്റെ കാൽഭാഗം പോലും വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. പഴയകാല സിദ്ദിഖ്, ജഗദീഷ് സിനിമയായ കുണുക്കിട്ട കോഴി പോലെ, ഒരു ക്ലീഷേ നോവലാണ് വായനയിൽ വിപ്ലവം സൃഷ്ടിക്കുന്നതെന്ന് തെല്ലൊരു ആശങ്കയോടെ ഞാൻ നോക്കിക്കാണുന്നു. അത്തരം പുസ്തകങ്ങളുടെ വായനക്കാരെ മോശം വായനക്കാർ എന്നും കരുതുന്നില്ല. മലയാളികൾക്കിടയിൽ ഒരു വായനാസംസ്കാരം രൂപപ്പെടുത്തുന്നതിൽ അത്തരം പുസ്തകങ്ങൾക്കുള്ള പങ്ക് ഏറെ വലുതുമായിരുന്നു. കണ്ണീരാറ്റിലെ തോണിയും ചുവന്ന അങ്കിയും അന്നക്കുട്ടി കോടാമ്പക്കം വിളിക്കുന്നുവുമൊക്കെ വായിച്ചിട്ടു തന്നെയാണ് ആൾക്കൂട്ടവും മധുരം ഗായത്രിയും മുമ്പേ പറക്കുന്ന പക്ഷികളും വായിക്കാനുള്ള ത്രാണി നേടിയത് എന്ന് വിസ്മരിക്കുന്നില്ല.
വായനയുടെ വിചാരത്തെക്കുറിച്ചുള്ള ചിന്ത വളരെ വ്യത്യസ്തവും ആഴമുള്ളതുമായൊരു വിഷയമാണ്. വായന ഒരു വ്യക്തിയുടെ ബുദ്ധിപരമായ വളർച്ച, സാംസ്കാരിക ബോധം, ചിന്താശക്തി എന്നിവയെ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയായി കരുതാം. വായനയിലൂടെ പുതിയ അറിവുകൾ, ആശയങ്ങൾ, അനുഭവങ്ങൾ എന്നിവ നേടാനാകും. വരും തലമുറയ്ക്കും അവരുൾപ്പെടുന്ന സമൂഹത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് കുട്ടികളെ വായിപ്പിക്കുക, വായനാശീലരാക്കുക എന്നതാണ്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും നമ്മുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും നമ്മുടെ ചിന്തയെ രൂപപ്പെടുത്തുകയും ചെയ്യുന്ന വൈവിധ്യമാർന്ന വഴികളാണ് വായന. ‘ഒരു വായനക്കാരൻ മരിക്കുന്നതിനുമുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു. ഒരിക്കലും വായിക്കാത്ത മനുഷ്യൻ ഒരിക്കൽ മാത്രമേ ജീവിക്കുന്നുള്ളു’ എന്ന് പറഞ്ഞത് അമേരിക്കൻ എഴുത്തുകാരനും ചിന്തകനും ടെലിവിഷൻ നിർമ്മാതാവുമായ ജോർജ് മാർട്ടിനാണ്.
വർത്തമാനകാലത്ത് വായന കുറെക്കൂടി വികസിതമാകുന്നുണ്ട്. ഡിജിറ്റൽ മീഡിയയുടെ വളർച്ച വായനയുടെ സമയം അപഹരിക്കുന്നതായി പറയാറുണ്ട്. നീണ്ടവായനയ്ക്കുപകരം, ചെറിയ ലേഖനങ്ങൾ, ബ്ലോഗ് പോസ്റ്റുകൾ, ട്വീറ്റുകൾ, സ്റ്റാറ്റസുകൾ എന്നിവയിലേക്ക് ആളുകൾ മാറുന്നു. വേഗത്തിൽ, പ്രതികരണങ്ങളും ആഹ്ലാദങ്ങളും ലഭിക്കുന്ന വിനോദോപാധികളിലേക്ക് ആളുകൾ ആകർഷിതരാകുന്നു.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ കരൂപ്പടന്ന ഗ്രാമീണ വായനശാല നടത്തുന്ന സർഗ്ഗസന്ധ്യയുടെ 250-ാം എപ്പിസോഡിൽ പങ്കെടുക്കാൻ സാധിച്ചു. ഓൺലൈൻ സൂം മീറ്റിംഗിൽ നടന്ന പരിപാടിയിൽ സോക്രട്ടീസ് വാലത്തിൻ്റെ ഇരുൾ വസിക്കും മാളം എന്ന കഥയാണ് വായിക്കുകയും വിശകലനം നടത്തുകയും ചെയ്തത്. ദേവൂട്ടി ഗുരുവായൂർ ആണ് ഈ പരിപാടികളിൽ മിക്കവാറും ഹൃദ്യമായി കഥകൾ വായിക്കുന്നത്. നിരവധി പേർ കഥ വായിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഓൺ ലൈനിലുണ്ടായിരുന്നു. ഇക്കാലത്തെ വായനാനുഭവങ്ങളുടെ ആഹ്ലാദകരമായ ഒരു തലം മാത്രമാണിത്.
ഇങ്ങനെ, വായന മറ്റൊരു രീതിയിൽ മുന്നോട്ട് പോകുകയാണെന്നു പറയാം. മറ്റൊന്ന്, ഇ-ബുക്കുകളുടെ വളർച്ചയാണ്. ഇ-റീഡേഴ്സ്, കിൻഡിൽ പോലുള്ള സംവിധാനങ്ങൾ വായനയെ എളുപ്പമാക്കുന്നു. ഓഡിയോ ബുക്കുകളിലൂടെ പുസ്തകങ്ങൾ കേൾക്കാനാവുന്നത് വായനയുടെ പരിധി വിപുലമാക്കുന്നു. വിവിധയിനം വായനാ പ്ലാറ്റ്ഫോമുകൾ രൂപപ്പെട്ടുവരുന്നത് വായനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ വായനയുടെ ശീലം മാറിക്കൊണ്ടിരിക്കുകയാണ്. പുസ്തക മേളകൾ പോലെ വായനാമേളകൾ കൂടി നടത്തേണ്ടതുണ്ട്. ഫെസ്റ്റിവലുകളിൽ എഴുത്തുകാർക്കൊപ്പം വായനക്കാർക്കും അവസരം നൽകേണ്ടതുണ്ട്. കാരണം, വായനയിലൂടെയാണ് ഒരു രചന പൂർണമാകുന്നത്. ഒരു പുസ്തകം വായിക്കുന്ന ഓരോ വായനക്കാരുമായി വ്യത്യസ്തമായൊരു സംവാദം നടത്തുന്നു. ഓരോ വായനക്കാരും തങ്ങളുടേതായ അനുഭവങ്ങൾ കൊണ്ട് വായിക്കുന്ന പുസ്തകത്തെ മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കുന്നു. അതുകൊണ്ട് എഴുത്തുകാരും വായനക്കാരുമെല്ലാം ചേർന്നുള്ള ഒരു സാംസ്കാരിക പ്രവർത്തനമായി പുതിയ കാലത്ത് വായന മാറുകയാണ്.