ശൂന്യവെളിച്ചത്തിൻ
പൊരുൾ തേടി ...
പി. ആർ. ഗോപിനാഥൻനായരുടെ കാവ്യലോകം

പി.ആർ. ഗോപിനാഥൻനായരുടെ കാവ്യലോകത്തെക്കുറിച്ചുള്ള പഠനം.

പി. ആർ. ഗോപിനാഥൻ നായരുടെ കവിതകളിൽ കാണപ്പെടുന്ന സവിശേഷധാരകളെ മുൻനിർത്തി കവിയുടെ കാവ്യകല ഏതു ദിശയിലേക്കാണ് സഞ്ചരിച്ചത് എന്നതിനെപ്പറ്റി ചില സന്ദേഹങ്ങൾ അവതരിപ്പിയ്ക്കുവാനാണ് ഈ ലേഖനം ശ്രമിയ്ക്കുന്നത്.

മലയാളകാവ്യചരിത്രത്തിന്റെ നടവഴികളിൽ ഒരരികു പറ്റിയാണ് പി.ആർ. ഗോപിനാഥൻനായർ എന്ന കവി സഞ്ചരിച്ചതെങ്കിലും തന്റെ വ്യത്യസ്തമായ ഇടപെടലുകളിലൂടെ ഈ കവി ശ്രദ്ധേയനാകുന്നുണ്ട്. പ്രമേയത്തെ കേന്ദ്രസ്ഥാനത്തു നിർത്തുകയും അതിനെ ആസ്പദമാക്കി കവിതയുടെ ശില്പഘടന പണി തുയർത്തുകയും ചെയ്യുക എന്നത് പ്രധാന കവികർമ്മമായി കണ്ടിരുന്ന ഒരു സന്ദർഭത്തിലാണ് ഈ കവി തന്റെ വൈയക്തിക സ്വത്വഘടനയെത്തന്നെ കാവ്യഘടനയായി നെയ്തെടുക്കാൻ ശ്രമിക്കുന്നത്. തന്റെ ശരീരത്തെ പൊതിഞ്ഞൊഴുകുകയും ആഴത്തിലുള്ള തുറസ്സുകളിലേക്ക് കുഴിഞ്ഞിറങ്ങുകയും ചെയ്യുന്ന പ്രവാഹമായി കാവ്യഘടനയെ ഭാവന ചെയ്യുവാൻ ഈ കവിയ്ക്കു കഴിയുന്നു. അതുകൊണ്ടുതന്നെ അക്ഷരങ്ങളുടെയും കാവ്യബിംബങ്ങളുടെയും നടനലീലയെ തന്റെ ഉടലിലും ഉയിരിലും അറിഞ്ഞനുഭവിക്കുന്ന കവിത കളാണ് ഈയാൾ സൃഷ്ടിക്കുന്നത്. പരിഭവങ്ങളേതുമില്ലാത്ത നിശ്ശബ്ദസഞ്ചാരത്തിനിടയിൽ തന്റെ ജീവിത ത്തിന്റെ അനുഭവബോദ്ധ്യങ്ങളെ കാവ്യരചനയുടെ പാഠതന്ത്രമായി ആവിഷ്ക്കരിക്കുകയാണ് കവി ചെയ്യുന്നത്.

പി.ആർ.ഗോപിനാഥൻ നായരുടെ കവിതകൾ ഓരോന്നും ഒറ്റപ്പെട്ട ഖനനാനുഭവങ്ങളായിരിയ്ക്കു മ്പോൾത്തന്നെ സവിശേഷമായൊരു പരിണാമമാതൃക പിന്തുടരുന്നുമുണ്ട്. ക്രമേണയുളള ഒരു വികാസം ഈ കവിതകൾ പ്രകടമാക്കുന്നുണ്ട്. ഈ പ്രതിഭാസം ഒറ്റപ്പെട്ട കവിതകളുടെ ആന്തരികചലനത്തിലെ ന്നപോലെ ഒരു സമാഹാരത്തിലെ കവിതകളുടെ പൊതുപ്രവണതയായും കാണപ്പെടുന്നുണ്ട്.

യാഥാർത്ഥ്യത്തിന്റെ
ഭാവനാലോകങ്ങൾ

ആഴത്തിലേക്ക് കാതുകൾ കൂർപ്പിക്കുകയും ഇരുൾമുഴക്കങ്ങളെ ധ്യാനിച്ചുണർത്തുകയും ചെയ്യുന്ന കവിതകളാണ് പി.ആർ.ഗോപിനാഥൻ നായരുടേത്. കാഴ്ച നഷ്ടമാകൽ എന്ന ജീവിതാനുഭവം വ്യത്യസ്തവും സവിശേഷവുമായ ഇന്ദ്രിയബോദ്ധ്യങ്ങളിലേക്ക് കവിയെ നയിക്കുന്നുണ്ട്. സ്വന്തം അകംജീവിതത്തിലേക്ക് ധ്യാനനിരതനാകുന്ന അതേ തീവ്രതയോടെ പുറംലോകത്തിന്റെ സൂക്ഷ്മധ്വനികളിലേക്കും കവി കടന്നുപോകുന്നു. ബാഹ്യലോകത്തിന്റെ ദൃശ്യപരതയെ ഓർമ്മകളിലൂടെയാണയാൾ സൃഷ്ടിക്കുന്നത്. അതു കൊണ്ടുതന്നെ അവയുടെ സ്ഥാപനത്തിന് അതിസങ്കീർണ്ണമായൊരു കൂട്ടാണ് ഉപയോഗിക്കപ്പെടുന്നത്. വർത്തമാനത്തെ കേട്ടും സ്പർശിച്ചും രുചിച്ചുമൊക്കെയാണ് ഈ കവി തിരിച്ചറിയുന്നത്. അവ ദൃശ്യബിംബങ്ങളാകുന്നത് ഓർമ്മകളിലുണരുന്ന ദൃശ്യാനുഭവങ്ങളിലൂടെയാകുന്നു. എത്രയോ കാലം മുമ്പ് മുറിഞ്ഞുപോയ ലോകമാണ് ഓർമ്മകളായി ഈ കവിയുടെ പുതിയ കാലത്തിലേക്കെത്തുന്നത്. അവ പോയകാലത്തേക്കാൾ സമകാലത്തിന്റെ തുടിപ്പുകളേയും സാദ്ധ്യതകളെയുമാണ് ഉൾവഹിക്കുന്നത്. പുതിയ കാലത്തെ ദൃശ്യവ്യവഹാരങ്ങളും ഓർമ്മകളുടെ പാഠങ്ങളായാണ് ഈ കവിതകളിൽ വെളിപ്പെടുന്നത്. ഇത് നാം കാണുകയും അറിയുകയും ചെയ്യുന്ന ലോകത്തിൽനിന്ന് വേറിട്ടതായിരിക്കുന്നു. കാരണം അവ സാധാരണയിൽ നിന്നും വേറിട്ടതും കൂടുതൽ സൂക്ഷ്മവുമായ ഇന്ദ്രിയാനുഭവങ്ങളുടെ സൃഷ്ടിയാകുന്നു. അവിടെ കാലഗണനകളുടെ അതിർവരമ്പുകൾ മാഞ്ഞുപോവുകയും സ്ഥലരാശികൾ തൂകിപ്പരക്കുകയും ചെയ്യുന്നു. കാലമെന്ന സങ്കല്പത്തിന്റെ അഭാവം പോലും ചില കവിതകളിൽ പ്രസക്തമാകുന്നുണ്ട്.

ആഴത്തിലേക്കു കുഴിഞ്ഞുപോകുന്ന കവി ചിലപ്പോഴെങ്കിലും സ്ഥലകാലഗണനകൾ നഷ്ടമാകുന്ന ശൂന്യതയിൽ പെട്ടുപോകുന്നുണ്ട്. ഈ ശൂന്യതയിൽ നിന്നാണ് കവി പുതിയൊരു ലോകത്തിന്റെ സൃഷ്ടിയ്ക്കു മുതിരുന്നത്. ബാഹ്യലോകത്തിലേക്കു കണ്ണുകൾ പായിക്കാനുളള സാദ്ധ്യത നഷ്ടമാകുന്നതോടെ ഉളളിലെ ഇരുളിൽ നിന്ന് പുതിയൊരു വെളിച്ചത്തെയുണർത്തിയെടുക്കുവാനാണ് അയാളുടെ ശ്രമം. ഒപ്പം മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ മുന കൂർപ്പിച്ചെടുക്കുകയും ചെയ്യുന്നു. ഇത് വ്യത്യസ്തമായ പല സാദ്ധ്യതകളുമെന്നപോലെ വേറിട്ട ഒരു പദസംയോഗസാദ്ധ്യതയിലേക്കും അയാളെ നയിക്കുന്നുണ്ട്.

ബാഹ്യലോകത്തിന്റെ കേവലമായ വ്യവഹാരഭാഷയെ കുടഞ്ഞുകളഞ്ഞ് തന്റെ ആന്തരിക ജീവിതത്തിന്റെ ധ്യാനാത്മകമായ ഭാഷയെ തോറ്റിയുണർത്തുന്ന കവിതകളാണ് ഈ കവിയുടേത്. ഈ കാവ്യ സഞ്ചാരത്തിനിടയിൽ ഓർമ്മകളുടേയും വരുംകാലസങ്കല്പങ്ങളുടേയും സവിശേഷമായൊരു കാവ്യഭാഷ യെ ആവിഷ്ക്കരിക്കുവാൻ കവിക്കു സാധിക്കുന്നുണ്ട്. ഭൂതകാലം ഓർമ്മകളുടെ രൂപത്തിൽ വർത്തമാന വ്യവഹാരങ്ങളോടിടകലരുകയും വർത്തമാനകാലാനുഭവങ്ങളുടെ പുതിയ ആഖ്യാനരൂപങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് കാലത്തെ മറികടക്കുകയും ചിലപ്പോൾ മായ്ചുകളയുകയും ചെയ്യുന്ന ആഖ്യാനഭാഷയെയാണ് ഭാവന ചെയ്യുന്നത്. ആദ്യസമാഹാരമായ ‘നിദ്രാടന’ത്തിലെ ‘മണ്ണിന്റെ മകൾ’ എന്ന കവിതയിൽ വീട്ടുമുറ്റത്തെ മാഞ്ചോട്ടിൽ മുളയും പനനാരും കൊണ്ടു നിർമ്മിച്ചവില്ലു കുലയ്ക്കുന്ന രാമൻ കിളിയെ ഉന്നംവെച്ചെയ്ത് നിഷാദനായി പരിണമിക്കുന്നതിന്റെ ആന്തരികയുക്തി ഈ പുതിയ ആഖ്യാനഭാഷയിലൂടെ രൂപപ്പെടുന്നതാണ്. ഒരു ഇതിഹാസ കഥാസന്ദർഭത്തിന്റെ സമകാല വ്യാഖ്യാനമോ പാഠഭേദമോ മാത്രമായി അത് നിലനിൽക്കുന്നില്ല. കാവ്യഭാഷ ജീവിതാനുഭവങ്ങളിലേക്ക് നുഴഞ്ഞുകയറുകയും പുതിയ അനുഭവസാദ്ധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് കാലങ്ങളുടെ കൂടിക്കുഴയൽ മാത്രമല്ല, അനുഭവമേഖലകളിൽ പടർന്നുകിടക്കുന്ന തുറസ്സുകളിൽ സ്വയം ആവിഷ്കൃതമാകുന്ന ഭാഷയുടെ ഭാവനാലീലകൾ കൂടിയാകുന്നു.

നിറങ്ങളുടേയും ഗന്ധങ്ങളുടേയും നിറഞ്ഞുകത്തുന്ന വെളിച്ചത്തിന്റെയും സാന്നിദ്ധ്യം കൊണ്ടു സമൃദ്ധമായ ബാഹ്യഘടനയിൽനിന്ന് ഒരു ചുഴിയിലകപ്പെട്ടാലെന്നപോലെ, ആഴത്തിലേക്ക് കുഴിഞ്ഞിറങ്ങുന്ന വായനാനുഭവമാണ് പി.ആർ. ഗോപിനാഥൻനായരുടെ കവിതകൾ നമുക്കു നൽകുന്നത്. അഥവാ, ബാഹ്യസ്വരൂപത്തിൽ നിന്ന് അകപ്പൊരുളിലേക്ക് നീളുന്ന ഒരു ആന്തരിക ബലതന്ത്രമാണ് ഈ കവിതകളുടെ ചലനവ്യവസ്ഥയെ നിർണ്ണയിക്കുന്നത്. നിശ്ചലമല്ല ഈ കവിതകൾ. മുന്നോട്ടും, പിന്നോട്ടും വശങ്ങളിലേക്കുമുളള സഞ്ചാരങ്ങളേക്കാൾ ആഴത്തിലേക്കുളള ഖനനമാണ് ഈ കവിയ്ക്കു പഥ്യം. പരന്നൊഴുകുന്ന പുഴയനുഭവത്തേക്കാൾ കിണറാഴത്തിന്റെ മുഴക്കങ്ങളാണ് ഈ കവിതകൾ തിരയുന്നത്. ഇരുളടഞ്ഞതും നിശ്ശബ്ദവുമായ ഒരിടമല്ല ഈ കവിതകളുടെ ആഴം നമുക്കായൊരുക്കിവെയ്ക്കുന്നത്.

വർത്തമാനത്തിൽനിന്നുളള പിന്മടക്കമല്ല ഈ കവിയ്ക്ക് ഭൂതകാലചരിത്രം. അതുകൊണ്ടുതന്നെ ഭൂതകാലം കേവലമായ ജഡബിംബങ്ങളായി ഈ കാവ്യപ്രവാഹത്തിൽ ഒഴുകിപ്പരക്കുന്നില്ല. കവി വർത്തമാനത്തിന്റെ ആഴങ്ങളിലേക്കു കുഴിഞ്ഞുപോവുകയാണ് ചെയ്യുന്നത്. ഫ്ളാഷ്ബാക്കിലെന്നോണം പോയകാലത്തേക്കു പിൻതിരിഞ്ഞുപോയി കയ്യടക്കിയ ബിംബസമുച്ചയങ്ങളായല്ല ഭൂതകാലം ഈ കവിതകളിൽ സന്നിഹിതമാകുന്നത്. സമകാലത്തോടൊപ്പം ഭൂതകാലത്തിന്റെ കൂട്ടുകളും കലർന്നുകിടക്കുന്നതാണ് നാം കാണുന്നത്. ഭൂതകാലം ഓർമ്മകളായി പുനരാവിഷ്ക്കരിക്കപ്പെടുകയല്ല, അവ സമകാലത്തിന്റ അനുഭവതലങ്ങളിൽ കോറിയിട്ട ചിത്രങ്ങളായി തെളിഞ്ഞുവരികയാണ് ചെയ്യുന്നത്. ഇരുളിലമർന്നുകിടക്കുന്ന നിറസമൃദ്ധി കണ്ടെടുക്കുന്നതുപോലെ ഈ കവി ഓരോ ശബ്ദത്തിലും നിറഞ്ഞുതുളുമ്പുന്ന സ്വരസഞ്ചയങ്ങളെയും തിരിച്ചറിയുന്നു. താൻ തൊട്ടറിയുന്ന ഓരോ ജൈവസ്വരൂപത്തിലും കമ്പനം ചെയ്യുന്ന രൂപബാഹുല്യം അയാളെ തരളിതനാക്കുന്നതുപോലെ ഓരോ രസത്തിലും അടങ്ങിയിരിക്കുന്ന ഭാവവൈവിധ്യവും അയാളെ ഉന്മത്തനാക്കുന്നുണ്ട്. മണ്ണിന്റെ രുചിയറിഞ്ഞ നാവിൽ നടനംചെയ്തു നിറയുന്നത് ജീവിതത്തിന്റെ അനുഭവസാദ്ധ്യതകളും പൊലിമയും വൈവിധ്യവുമാണെന്നും ഈ കവിയ്ക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ കാവ്യഘടനയിൽ പുതിയ അനുഭവസാദ്ധ്യതകൾ വർത്തമാനയാഥാർത്ഥ്യമായിത്തന്നെ ആവിഷ്ക്കരിക്കപ്പെടുന്നു. ഓർമ്മകളുടേയും സ്വപ്നങ്ങളുടേയും നിറംപുരളാത്ത കാവ്യബിംബങ്ങളെ ഈ കവിതകളിൽ കണ്ടുമുട്ടുക അസാദ്ധ്യം. വരുംകാലം അയഥാർത്ഥമായൊരു ഭാവനാസാദ്ധ്യതയായിട്ടല്ല ഈ കവിതകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. അത് കേവലയാഥാർത്ഥ്യത്തെ നിരന്തരം മായ്ചെഴുതുന്ന സ്വപ്നസാക്ഷാത്കാരമായി സമകാലത്തിൽ നിറയുന്നു.

കൃത്യമായ ഘടനകളുളള കവിതകളാണ് പി.ആർ. ഗോപിനാഥൻനായരുടേത്. എന്നാൽ ഈ ബാഹ്യഘടനയെ പൊളിഞ്ഞു പോകാനനുവദിക്കുകയോ മറികടക്കുകയോ ചെയ്യുന്ന ചില സൂക്ഷ്മബലങ്ങൾ ഉളളിൽ പ്രവർത്തിക്കുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെടും. വെളിച്ചത്തെ മറികടക്കുന്ന ഇരുളിന്റെ നിറസമൃദ്ധിപോലെ എന്തോ ഒന്ന് ഈ കവിതകളുടെ ചർമ്മത്തിനുളളിൽ തുളുമ്പിത്തെറിക്കുന്നുണ്ട്. എരിയുന്ന പകൽവെളിച്ചത്തിൽ നാം കാണുന്ന ഇലപ്പച്ചയ്ക്ക് മറ്റു നിറങ്ങളുടെ കേന്ദ്രീകരണത്തിൽ നിറഭേദം സംഭവിക്കുന്നതുപോലെ നമ്മുടെ പുറംകാഴ്ച്ചയുടെ അർത്ഥസാദ്ധ്യതകളെ ഈ കവിത സംശയത്തോടെ സമീപിക്കുന്നതുകാണാം. അഥവാ കേവലമായ ഇന്ദ്രിയബോദ്ധ്യങ്ങളെ തകിടംമറിക്കുന്ന ഒരു ആന്തരികോർജ്ജം ഈ കവിതകളിൽ വ്യാപരിക്കുന്നുണ്ട്. ബാഹ്യമായ കാഴ്ച്ചകളുടെ വർണ്ണസമൃദ്ധിയിൽനിന്ന് പിന്മടങ്ങുകയല്ല ഈ കവി ചെയ്യുന്നത്. മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ കൂർപ്പിലൂടെ വ്യത്യസ്തമായ ഇന്ദ്രിയബോദ്ധ്യങ്ങളിലേക്ക് വികസിക്കുകയാണയാൾ. പുറംകാഴ്ച്ചകളുടെ യുക്തിവഴക്കത്തിൽ തളംകെട്ടി നില്ക്കാൻ ഈ കവിതകളുടെ ആന്തരികഘടന വിസമ്മതിക്കുന്നു. യുക്തിബദ്ധമായ വഴികളിലൂടെയല്ലാത്ത നിദ്രാടനങ്ങളെന്നതുപോലെ ഈ കവിതകളുടെ അകക്കാഴ്ചകൾ കേവലയുക്തിയിൽ നിന്ന് വിടുതി നേടിയിരിക്കുന്നു.

കേവലമായ കാഴ്ച്ചയെ മറികടക്കുകയും കേൾവി, സ്പർശം, ഗന്ധം, രുചി തുടങ്ങിയ മറ്റ് ഇന്ദ്രിയാനുഭവങ്ങളെ തെളിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ബിംബങ്ങളും കാവ്യസന്ദർഭങ്ങളും ധാരാളമായി ഈ കവിതകളിൽ നാം കണ്ടെത്തുന്നു. ബാഹ്യവും കേവലവുമായ കാഴ്ച്ചകളുടെ പ്രകാശപ്രളയത്തിൽ അമർന്നണഞ്ഞ, അഥവാ, മറഞ്ഞുകിടന്ന അനുഭവബോദ്ധ്യങ്ങൾ ഇതൾവിരിയുന്നു. കേവലമായ കാഴ്ച്ചകൾക്കപ്പുറത്തുള്ള ഇന്ദ്രിയാനുഭവങ്ങളുടെ തെളിച്ചവും സാന്ദ്രതയും കൂർത്തുവരുന്നതായി നാമറിയുന്നു. ചിലപ്പോൾ കാവ്യഘടനയാകെത്തന്നെ വിയർപ്പിൽ കുതിരുന്നതായും അസാധാരണമായൊരു ഗന്ധം അതിനെ പൊതിയുന്നതായും വാക്കുകൾ അവയുടെ സ്പർശം കൊണ്ട് നമ്മുടെ ശരീരത്തെ ശമിപ്പിക്കുന്നതായും നമുക്കനുഭവപ്പെട്ടേക്കാം. നാം പരിചയപ്പെട്ടിട്ടില്ലാത്ത അനുഭവമേഖലകളിലൂടെ സഞ്ചരിക്കുവാൻ ഈ കാവ്യതന്ത്രം നമ്മെ സജ്ജരാക്കുന്നു. സാമാന്യവും കേവലവുമായ ബാഹ്യഅനുഭവലോകവുമായി സമരസപ്പെടുന്നതിലൂടെ ദൃഢമായി ചിട്ടപ്പെടുന്ന നമ്മുടെ അനുഭവഘടനയെയാണ് ഈ കവിതകൾ വകഞ്ഞുമാറ്റുന്നത്. ശരീരത്തിന്റെ സൂക്ഷ്മമായ ഇന്ദ്രിയസംവേദനക്ഷമതയുടെ മുനകൂർപ്പിലൂടെയാണിത് സാദ്ധ്യമാകുന്നത്. തന്റെ കാവ്യവൃത്തിയിലൂടെ സ്വന്തം സത്തയെ നിരീക്ഷിക്കുകയും തിരുത്തുകയുംചെയ്യുന്ന ഒരു അനുഭവശരീരത്തെ കവി സൃഷ്ടിച്ചിരിക്കുന്നു. ഈ മറുശരീരത്തെയാണ് കാവ്യപാരായണത്തിലൂടെ നാം ഏറ്റുവാങ്ങുന്നത്. അത് കേവലമായ കാഴ്ച്ചകളുടെയും അനുഭവങ്ങളുടെയും മറുപുറത്തേക്ക്, ഇരുളിനുമപ്പുറത്തെ പ്രകാശത്തുരുത്തുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

മണലിലെഴുതി മായ്ച്ച്, വീണ്ടുമെഴുതി മായ്ച്ച് രസിക്കുന്ന ഒരു കുസൃതി പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളിലൊളിഞ്ഞിരിപ്പുണ്ട്.
മണലിലെഴുതി മായ്ച്ച്, വീണ്ടുമെഴുതി മായ്ച്ച് രസിക്കുന്ന ഒരു കുസൃതി പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളിലൊളിഞ്ഞിരിപ്പുണ്ട്.

കാലം ഈ കവിതകളിൽ ക്രമംതെറ്റിയൊഴുകുന്നു. അതിരുകൾ മാറിമറിയുന്ന ഇടങ്ങളിലൂടെ വാക്കുകളും വരികളും പകച്ചുനീങ്ങുന്നതുകൊണ്ട് അക്ഷരങ്ങളിലാരംഭിച്ച് നമുക്ക് കവിതയെ വീണ്ടും നെയ്തെടുക്കേണ്ടിവരുന്നു. തന്റെ സൃഷ്ടിയിൽനിന്നു സ്വതന്ത്രനായ മുനിയെപ്പോലെ കവി തന്റെ ധ്യാനപൂർണ്ണമായ ഏകാന്തതയിലേക്ക് പിൻവാങ്ങുന്നത് നാമറിയുകയും ചെയ്യുന്നു. കവിതകളിൽ നിറയുന്ന ഇരുൾപ്പരപ്പിലോ നിഴലിടങ്ങളിലോ ആണ് ഈ കവിയെ നാം കണ്ടെത്തുക.

മണലിലെഴുതി മായ്ച്ച്, വീണ്ടുമെഴുതി മായ്ച്ച് രസിക്കുന്ന ഒരു കുസൃതി പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളിലൊളിഞ്ഞിരിപ്പുണ്ട്. മായ്ചെഴുതുമ്പോഴും മുമ്പെഴുതിയതിന്റെ ചാലുകൾ ആഴത്തിൽ മായാതെ കിടക്കുകയും അവ പിന്നീടുളള എഴുത്തുചാലുകളിലേക്ക് പടർന്നുകയറാൻ ശ്രമിക്കുകയും ചെയ്തേക്കാം. മണലെഴുത്തിന്റെ ജൈവബോദ്ധ്യങ്ങൾ നിരവധി അടരുകളുളള എഴുത്തുചാലുകളിൽനിന്നുറവെടുക്കുന്നതുമാകാം. കഥകൾ പറയുകയും കേട്ടകഥകൾ മായ്ച് പുതിയ കഥകൾക്ക് രൂപം കൊടുക്കുകയും ചെയ്യുന്ന കൗശലം ഈ കവിയുടെ പല കവിതകളിലും കാണാം. മായ്ചെഴുതിയ, പിന്നിലമർന്നു കിടക്കുന്ന കഥകൾ മണ്ണടരുകൾക്കിടയിലെ വിടവുകളിലൂടെയെന്നപോലെ ചിലപ്പോൾ പുത്തേക്കൂറിയൊഴുകി മറ്റു കഥകളുമായി കലർന്നൊഴുകുകയും ചെയ്തേക്കാം. ഈ രചനാതന്ത്രം ആഖ്യാനത്തെ ജീവിതമെന്നപോലെ അതിസങ്കീർണ്ണമായി നിലനിർത്താൻ കാരണമാകുന്നു.

പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളെ നമുക്ക് ഏകശിലാരൂപമായ ഘടനകളിലേക്ക് വെട്ടിയൊതുക്കുക സാദ്ധ്യമല്ല. അവയുടെ ആഴത്തിൽ നിന്ന് ബഹുത്വത്തിന്റെ ആർത്തിരമ്പൽ ശ്രദ്ധിച്ചാൽ നമുക്കു കേൾക്കാം. ഓരോ കവിതയും വ്യത്യസ്തങ്ങളായ ഖനനസംഭവങ്ങളായി മാറുകയും യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തമാനങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. കാവ്യഘടനയുടെ ആഴത്തിലേക്കു പോകുംതോറും ഇരുട്ടുനിറഞ്ഞ നിലവറകളല്ല, വെളിച്ചത്തിലേക്കു തെളിഞ്ഞുണരുന്ന യാഥാർത്ഥ്യത്തിന്റെ ഭാവനാലോകങ്ങളെയാണ് ഈ കവിതകൾ തുറന്നിടുന്നത്. ഇവ വൈരുദ്ധ്യങ്ങളേയും സംഘർഷങ്ങളേയും പെറുക്കിക്കളഞ്ഞ നിർദ്ദോഷവിതാനങ്ങളല്ലെന്നും വർത്തമാനത്തിലേക്ക് ഭൂതകാലത്തെയും വരുംകാലത്തെയും കുടഞ്ഞിടുകയും വ്യത്യസ്തമായ ആവിഷ്ക്കാരങ്ങൾക്ക് മുളയെടുക്കാൻ കളമൊരുക്കുകയും ചെയ്യുന്ന പ്രതലങ്ങളാണെന്നും നാം കണ്ടെത്തുന്നു. അനുഭവത്തിന്റെ ഏറ്റവും സൂക്ഷ്മവും നനുത്തതുമായ ക്രിയകളിൽപ്പോലും തീവ്രവൈരുദ്ധ്യത്തിന്റെ നീറ്റുറവുകൾ പിറവിയെടുക്കുന്നത് ഈ കവിയുടെ ആഴക്കാഴ്ചകൾ കണ്ടറിയുന്നു.

അനുഭവങ്ങളെ അവയുടെ സൂക്ഷ്മതയിലേക്ക് ഈ കവി പുനരാനയിക്കുന്നു. താനാവിഷ്ക്കരിയ്ക്കുന്ന ദൃശ്യബിംബങ്ങൾ ഓർമ്മകളിലാരംഭിക്കുകയും മറ്റ് ഇന്ദ്രിയബോദ്ധ്യങ്ങളുമായി കൂടിക്കലർന്ന് തിടംവെച്ച് വളരുകയുമാണെന്ന് അയാളറിയുന്നുണ്ടാകണം. ഇത് വ്യത്യസ്തമായൊരു ജാഗ്രതയിലേക്ക് കവിയെ ഉണർത്തിയൊരുക്കുന്നുണ്ട്. കേവലമായ കാഴ്ച്ചയുടെ യുക്തിക്കടിപ്പെടുന്ന എല്ലാത്തരം ചിന്തകളേയും അനുഭവങ്ങളെയും ഭാഷയെത്തന്നെയും ഈ കവി മാറ്റിനിർത്തുന്നു. കാഴ്ച്ചയുടെ തുടർച്ചയിൽ നിന്നും ക്രമബദ്ധമായ കാഴ്ച്ചശീലങ്ങളിൽ നിന്നും മാറിനടക്കുന്ന ഈ കവി താനെത്തിപ്പെട്ട ഇരുളാഴത്തിൽ തെളിച്ചെടുക്കുന്ന വെളിച്ചത്തിൽ നിന്ന് കാഴ്ച്ചയുടേയും അനുഭവങ്ങളുടെയും ഒരു മറുയുക്തിയെ നെയ്തെടുക്കുകയാണ് ചെയ്യുന്നത്. അത് എവിടെയും നങ്കൂരമിടാത്ത ശരീരത്തിന്റെ വർത്തമാനയുക്തിയാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അയാളുടെ ഇടപെടലുകൾ വ്യത്യസ്തവും മൗലികവുമായിരിക്കുന്നു.

നേരിട്ടുളള കാഴ്ച്ചയുടെ അഭാവം ഈ കവിയുടെ നിലപാടുകൾക്ക് ഒരകലം നൽകുന്നുണ്ട്. ഓർത്തെടുക്കലോ, ഭാവനചെയ്യലോ, കാഴ്ച്ചകളുടെ ബിംബസൃഷ്ടിയിൽ ഇടപെടുന്നുണ്ട്. മറ്റൊരാളുടെ വിവരണത്തിലൂടെയുളള ബോദ്ധ്യപ്പെടലുകൾക്കും ഒരകലം സ്വാഭാവികമാണെന്നു വരുന്നു. അതുകൊണ്ടുതന്നെ ഏതു വിഷയമെടുക്കുമ്പോഴും ഒരല്പം ആഴത്തിലേക്കോ അതിന്റെ മറുപുറത്തേക്കോ ഉളള ചലനവും ഒപ്പമുണ്ടാകുന്നു. ഇത് ആ വിഷയത്തെയും ഒപ്പം, ആ വിഷയം കൈകാര്യം ചെയ്യുന്ന കവിയെയും, കൃത്യമായ ദേശ, കാലങ്ങളിൽ നിന്ന് അടർത്തിമാറ്റുന്നു. നേർക്കാഴ്ചയുടെ ആവിഷ്ക്കാരത്തോടൊപ്പം അവയുടെ ആഴത്തിലേക്കോ വശങ്ങളിലേക്കോ ഉള്ള ചില ഏങ്കോണിപ്പുകൾ കൂടി കലരുന്നു.

വൈയക്തികമായ അനുഭവബോദ്ധ്യങ്ങളും ബാഹ്യജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും തമ്മിലുളള വിടവ് മാഞ്ഞലിഞ്ഞില്ലാതാകുന്നത് ഈ കവിതകളിൽ നാം കാണുന്നു. പി.ആർ. ഗോപിനാഥൻ നായരുടെ കവിത ധ്യാനനിമഗ്നമായൊരാഴത്തെ ഗാഢമായി പുണരുമ്പോഴും അത് നിശ്ശബ്ദമാകുന്നില്ല. അഥവാ നിശ്ശബ്ദതയെപ്പോലും സ്വരസമൃദ്ധിയുടെ ആവിഷ്ക്കാരമായി മാറ്റാനാകുമെന്ന് ഈ കവിതകൾ കാട്ടിത്തരുന്നു. നിശ്ശബ്ദത ഈ കവിക്ക് ശബ്ദങ്ങളുടെ അഭാവമാകുന്നില്ല. അത് ശബ്ദങ്ങളുടെ മറുലോകമായി മാറുന്നു. നിശ്ശബ്ദതയിൽ മുഴങ്ങുന്ന ശബ്ദങ്ങൾക്ക് കാതോർത്ത് കൂർത്ത ഒരു ഇന്ദ്രിയബോധമായി കേൾവിയും അതോടൊപ്പം മറ്റ് ഇന്ദ്രിയാനുഭങ്ങളും സൂക്ഷ്മത്തെ ആവാഹിക്കുവാൻ പാകപ്പെടുന്നു.

വ്യത്യസ്തമായ രീതിയിലാണെങ്കിലും കവിതയുടെ ആന്തരികചലനത്തിൽ അപ്രതീക്ഷിതമായ കുതിപ്പുകളോ തിരിവുകളോ കലമ്പലുകളോ പ്രകടമാകുന്ന രചനാതന്ത്രമാണ് പി.ആർ.ഗോപിനാഥൻ നായരുടേത്. പെട്ടെന്നു ഞെട്ടിത്തരിച്ചുണരുന്ന പ്രവാഹം പോലെ ഒരു തിരിച്ചറിവ് ഈ കവിതകളിൽ ഉറവെടുക്കുന്നത് പലപ്പോഴും നമുക്കുകാണാം.ഇത് ചിലപ്പോൾ പിന്നീട് ശാന്തമായൊഴുകുന്ന ഒരരുവിയായോ സമാശ്വാസമായി വീശിപ്പടരുന്ന ഇളംകാറ്റായോ നാമറിയാതെ കാവ്യഘടനയെ നിശ്ശബ്ദമായി പരിണമിപ്പിക്കും. ചിലപ്പോളത് തീരം തകർത്തൊഴുകുന്ന പുഴയായോ വീശിയടിക്കുന്ന കൊടുങ്കാറ്റായോ കാവ്യശരീരത്തെ ഉഴുതുമറിക്കുകയും ചെയ്തേക്കും. ചിലപ്പോൾ കാവ്യഘടനയുടെ വാലറ്റത്ത് രൂപം കൊളളുന്ന സന്ദേഹങ്ങൾ വെട്ടിത്തിരിഞ്ഞ് കാവ്യത്തെയാകെ മാറ്റിയെഴുതിയെന്നും വരാം. ഇത് ചില വാക്കുകളോ വാക്യങ്ങളോ സാദ്ധ്യമാക്കുന്ന മാസ്മരികപ്രവൃത്തിയാകുന്നതാണ് പലപ്പോഴും ശ്രദ്ധേയം.

ചൊല്ലുകളിലൂടെയോ കൈവിരലിന്റെ നിസ്സഹായമായ പരതലുകളിലൂടെയോ ചിതറിവീണതാകാം ഈ കവിതകൾ. അതുകൊണ്ടുതന്നെ വാക്കുകളുടെയും വരികളുടെയും ക്രമബദ്ധമായ അടുക്കുകൾ ഇയാൾക്ക് പ്രധാനമാകുന്നില്ല. ക്രമംതെറ്റി ചിതറിപ്പരക്കുന്ന കാലദേശങ്ങളെന്നപോലെ പല കവിതകളിലും വാക്കുകളും ചിലപ്പോൾ അക്ഷരങ്ങൾപോലും വരികളിൽനിന്ന് കുതറിത്തെറിക്കുന്നു. അസാധാരണമായ അടുക്കുകളാണ് വരികളിൽ തെളിയുന്നത്. നിയമം തെറ്റിച്ച് വാക്കുകൾ മുറിയുകയും കൂടിച്ചേരുകയും ചെയ്യുന്നു. വക്കും മൂലയും പൊട്ടിയ പിഞ്ഞാണങ്ങളോ ഞണുങ്ങിയ പാത്രങ്ങളോ പോലെ വാക്കുകളും വാക്യഖണ്ഡങ്ങളും പുസ്തകത്താളിൽ അടയാളപ്പെടുത്തുന്നതായാണ് കാണുന്നത്. കൃത്യമായി വാക്കുകളൊപ്പിച്ചു വിരിച്ചിട്ടവയല്ലാത്ത നിരവധി കവിതകൾ നാം കാണുന്നു. ചില വരികളിൽ ഒരു വാക്ക്, ചിലപ്പോൾ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമായി നില്ക്കുന്നതും കാണാം. അവയ്ക്ക് പ്രാധാന്യം കല്പിക്കാൻ വേണ്ടിയാവണമെന്നില്ല കവിയുടെ ഈ അഭ്യാസം. കാവ്യശില്പത്തെക്കുറിച്ചോ, വരികളുടെ സാമാന്യസ്വഭാവത്തെപ്പറ്റിയോ, വാക്കുകളുടെ അനന്യതയെപ്പറ്റിയോ ഉളള സാമ്പ്രദായികമായ തോന്നലുകളെ മാറ്റിനിർത്താനുളള വെറുമൊരു മോഹം എന്നു നാം കരുതിയേക്കാം. എന്നാൽ ചില നേരങ്ങളിലിത് കവിതയുടെ ബാഹ്യഘടനയെ ഉളളിൽനിന്നു നിശ്ശബ്ദമായി കരളുന്ന പ്രവർത്തനമായി മാറുന്നതു കാണാം. വായിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ നാം കവിതയുടെ അകംജീവിതത്തിന്റെ വിയോജിപ്പുകളെ അറിയാൻ തുടങ്ങുന്നു. ഭാവാർത്ഥങ്ങളോ സാമ്പ്രദായികനിയമങ്ങളോ ഈ കവിതകളുടെ ശില്പഘടനയെ ബാധിക്കുന്നില്ല. ഈ നിയമലംഘനങ്ങൾ കവിയുടെ രചനാതന്ത്രത്തെയെന്നപോലെ നിലപാടുകളേയും തെളിയിച്ചെടുക്കുന്നുണ്ടെന്നു കരുതണം. ബാഹ്യജീവിതക്കാഴ്ചകളിൽ നിന്ന് തന്നെ പിടിച്ചകറ്റിയ അന്ധതയെന്ന പ്രതിഭാസത്തിന്റെ കാവ്യാവിഷ്ക്കാരമായി കാവ്യഘടനയുടെ വിന്യാസക്രമം പ്രവർത്തിക്കുന്നു എന്നു കരുതണം. കാവ്യസഞ്ചാരത്തിലേക്ക് ആസ്വാദകനെ കൈപിടിച്ചു നടത്താനുളള ആദ്യ ഉപാധിയായി അത് മാറുകയും ചെയ്യുന്നു.

ഈ കവിതകൾ ജഡശില്പങ്ങളായി നിശ്ചലതയിലുറഞ്ഞു നില്ക്കുന്നില്ല. വളവുകളും തിരിവുകളും പിരിഞ്ഞുപോകലും കൂടിച്ചേരലുകളുമൊക്കെയായി മുന്നേറുന്നതുകൊണ്ടുതന്നെ ഓരോ വാക്കും വരിയും സൂക്ഷ്മമായ ശ്രദ്ധയും വായനയുമാവശ്യപ്പെടുന്നുണ്ട്. ഒരു അനുഭവത്തിന്റെയോ അവസ്ഥയുടെയോ കേവലമായ അവതരണമോ വിശദീകരണമോ മാത്രമായി ഈ കവിതകൾ നിലനില്ക്കുന്നില്ല. കവിയുടെ വിരലുകളിൽ നിന്ന് വേർപ്പെട്ട് പുതിയ കാഴ്ച്ചകളിലേക്കും അനുഭവങ്ങളിലേക്കും ഈ കവിതകൾ തുളുമ്പിത്തെറിക്കുന്നു. സ്വയം പ്രവർത്തനക്ഷമമായ ചില ചേരുവകളുടെ സാന്നിദ്ധ്യമാണ് ഈ കവിതകളെ സവിശേഷവും അനന്യവുമാകുന്നത്.

ഏതൊരവസ്ഥയിലും അതിന്റെ വിപരീതം മാത്രമല്ല വ്യത്യസ്തതകളുടെ നിരവധി സാദ്ധ്യതകളും അടങ്ങിയിരിയ്ക്കുന്നു എന്ന് ഈ കവി കരുതുന്നുണ്ട്. തന്റെ കാഴ്ച്ചനഷ്ടത്തിന്റെ ഇരുൾവീഴ്ചയെ സ്വയം കണ്ടെത്തിയ മറുവെളിച്ചത്തിന്റെ തെളിവിലൂടെ കാഴ്ച്ചകളുടെ അപാരമായ അപരസാദ്ധ്യതകളിലേക്ക് പൊലിപ്പിച്ചെടുക്കാൻ ഈയാൾക്കു കഴിയുന്നത് നിരവധി കവിതകളിൽ നമുക്ക് കാണാൻ കഴിയും. സവിശേഷമായൊരു കാവ്യഭാഷയുടെ ഏകതാനതയിലേക്ക് ഈ കവിതകൾ ഉറഞ്ഞു പോകുന്നില്ല. ഭാഷയുടെ ലിപിവിന്യാസം മാത്രമല്ല ശബ്ദസാദ്ധ്യതകളുടെ ഏറ്റക്കുറച്ചിലും നമുക്കു ശ്രദ്ധിക്കേണ്ടിവരുന്നു. പ്രണയത്തിനു മുമ്പിൽ സ്വപ്നസമാനം ആർദ്രവും മൃദുലവുമാകുന്ന കാവ്യഭാഷ മൃത്യുവിനെ സംബോധന ചെയ്യുമ്പോൾ ദൃഢവും ഭാവതീവ്രവുമാകുന്നു. സൂക്ഷ്മസ്വരങ്ങൾ പോലും ശബ്ദഗംഭീരമാകുന്നു. സമതലങ്ങൾ വിട്ട് കഠിനമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ മലമുടികളേറിയ പ്രതീതി നിറയുന്നു. ചുറ്റും ഇരുട്ടു നിറയുമ്പോൾ മുഴങ്ങുന്ന സമുദ്രഗർജ്ജനം പോലെ വാക്കുകളുടെ തിരമാലകൾ ഉറഞ്ഞുണരുന്നു.

ഓർമ്മകളും സ്വപ്നങ്ങളും ഊറിയൊലിക്കുന്ന വർത്തമാനത്തിന്റെ മണൽപ്പരപ്പിലാണ് ഈ കവി കാവ്യശില്പങ്ങൾ മെനഞ്ഞൊരുക്കുന്നത്ത്. എവിടെയാണ് ഓർമ്മകൾ തുടങ്ങുന്നത്, എവിടെയാണ് സ്വപ്നങ്ങളൊടുങ്ങുന്നത് എന്നൊന്നും തിരയാനിടനല്കാതെ വർത്തമാനത്തിലേക്ക് അവ വാർന്നൊലിച്ചിട കലരുകയാണ് ചെയ്യുന്നത്.

‘എതു കൂരിരുൾപ്പൂട്ടും ഉൾക്കണ്ണാൽ പൊളിച്ചീടാം ....’
അനന്യവും ആഴമേറിയതുമായ തിരിച്ചറിവുകളുടെലോകത്തേക്ക് കവി എത്തിപ്പെടുന്നതാണ് ആദ്യ സമാഹാരമായ ‘നിദ്രാടന’ത്തിലെ കവിതകളുടെ ആന്തരികചലനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ഇരുളാഴത്തിലേക്കുളള ക്ലേശം നിറഞ്ഞതും സംഘർഷനിർഭരവുമായ യാത്രയിലേക്കു കവി വലിച്ചെറിയപ്പെടുന്നതിന്റെയും ആഴത്തിലേക്കു വലിച്ചാഴ്ത്തപ്പെടുന്നതിന്റെയും അനുഭവസാക്ഷ്യങ്ങളാകുന്നു ആ കവിതകൾ. ഇരുളിലേക്കു മുനിഞ്ഞണയുന്ന ദൃശ്യസംഭവങ്ങളിലാരംഭിക്കുകയും വ്യത്യസ്തമായ അറിവുകൾ നെയ്തുകൂട്ടിയ ഒരു മറുവെളിച്ചത്തിന്റെ തെളിച്ചത്തിലവസാനിക്കുകയും ചെയ്യുന്ന യാത്രാവഴിയാണ് ആ കവിതകൾ രേഖപ്പെടുത്തുന്നത്. ഭാഷയുടെ അലങ്കാരസമൃദ്ധിയിൽനിന്ന് ഈ കവിതകൾ ക്രമേണ വിമുക്തമാകുന്നത് കാണാം. കാവ്യബിംബങ്ങൾ കേവലമായ ഭാവനാസൃഷ്ടികളെന്ന നിലയിൽ നിന്ന് മൂർത്തമായ വസ്തുക്കളോ സംഭവനുറുങ്ങുകളോ ആയി പരിണമിക്കുകയും അതേസമയം അവ ഭാവനാലീലകളിലിടപെടുകയും ചെയ്യുന്നു. കാവ്യസഞ്ചാരം ഓർമ്മയുടെ വെളിമ്പറമ്പുകളിൽനിന്നാരംഭിക്കുകയും സമകാലാനുഭവങ്ങളുടെ ആഴത്തിലേക്ക് ചുഴിഞ്ഞിറങ്ങുകയും ചെയ്യുമ്പോൾത്തന്നെ ഓർമ്മകളെ സമകാലത്തിന്റെ പര്യായമായി നിലനിർത്തുകയും ചെയ്യുന്നു.

ഒരു കവിത സവിശേഷമായൊരു പ്രമേയത്തിന്റെ ആവിഷ്ക്കാരമായിരിക്കുമ്പോൾത്തന്നെ കാവ്യപ്രമേയം കാവ്യഘടനയും പാഠതന്ത്രവുമായി മാറുകയും ചെയ്യുന്നതാണ് കവിയുടെ ആദ്യസമാഹാരത്തിലെ കവിതകളിൽ കാണുന്നത്. കാവ്യരചനാതന്ത്രത്തെ ആവിഷ്ക്കരിക്കുന്ന ഇടമായി കവിതയുടെ പ്രതലം പരിണമിക്കുന്നു. ശാന്തമായൊരു ബാഹ്യവിതാനത്തിൽ നിന്ന് അതിസങ്കീർണ്ണമായ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആഴത്തിലേക്ക് ഒരു ചുഴിയിലെന്നോണം വലിച്ചാഴ്ത്തപ്പെടുകയും താൻ കടന്നുപോയ തീവ്രസംഘർഷങ്ങളുടെ വടുക്കളുമായി പിന്നീട് പുറംലോകത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന യാത്രാവഴിയാണ് ഈ കവിതകളിൽ കവി കോറിയിടുന്നത്. ഈ സമാഹാരത്തിലെ ‘നിദ്രാടനം’ എന്ന കവിത കവിയെ സംബന്ധിച്ച് ആത്മകഥാസ്പർശിയാണെന്നു കരുതാം. സമകാലത്തിൽ ലയിച്ചുകിടക്കുന്ന സ്ഥല, കാലങ്ങളുടെ അപാരതയെ തൊട്ടുണർത്തിക്കൊണ്ടാണ് കവിത തുടങ്ങുന്നത്.

പ്രളയപ്പരപ്പിന്മേലാലിക്കൃഷ്ണൻപോൽ ഞാൻ
നിരപായനായതിശാന്തനായുറങ്ങുമ്പോൾ ആലിലപ്പച്ചയിന്മേൽ കാൽവിരലുണ്ടുശയിക്കുന്ന ഇതിഹാസമൂർത്തിയായി സ്വയം ഭാവന ചെയ്തു വിലയിച്ചിരുന്ന അവസ്ഥയിൽനിന്ന് തികച്ചും വിരുദ്ധമായൊരു പ്രതലത്തിലേക്കാണ് കവി വലിച്ചെറിയപ്പെടുന്നത്.

ചുഴിപോൽ, മലരിപോലുഗ്രരൂപിയാമൊരു കരിഭൂതംപോലാരോ താഴോട്ടു വലിക്കുന്നു.

ആഴത്തിലേക്കുളള ഈ വലിച്ചാഴ്ത്തലിലാരംഭിക്കുന്ന നിദ്രാടനമാണ് സത്യമെന്നതിരിച്ചറിവാണ് ഈ കവിതയുടെ സൂക്ഷ്മസ്വത്വം. കാഴ്ച നഷ്ടമാകാതിരുന്ന കവിയുടെ ബാല്യത്തിന്റെ ശാന്തതയിൽനിന്ന് അന്ധതയുടെ ആഴത്തിലേക്കുളള യാത്രാരംഭത്തെയാണ് ഈ കവിത കുറിയ്ക്കുന്നതെന്നു കരുതണം. കാഴ്ച്ചകളുടെ ലോകത്തുനിന്ന് ആഴത്തിലേക്കുളള ഇന്ദ്രിയബോദ്ധ്യങ്ങളുടെ സഞ്ചാരപഥത്തെയാണ് ഈ കവിത രേഖപ്പെടുത്തുന്നത്. അന്ധതയുടെ ക്രമേണയുളള കടന്നുവരവിനെ സൂചിപ്പിക്കുമ്പോഴും താൻ സഞ്ചരിക്കുന്നത് ഇരുൾവഴികളിലൂടെയാണെന്ന സൂചന എവിടെയും മുഴങ്ങുന്നില്ല. ആഴത്തിലേക്കും അതിലൂടെ സൂക്ഷ്മജാഗ്രതയിലേക്കുമുളള ഉണർച്ചയായിട്ടാണ് കവി തന്റെ നിദ്രാടനത്തെ തിരിച്ചറിയുന്നത്.

ആദ്യ സമാഹാരത്തിലെ അമൂർത്തമായ തിരിച്ചറിവുകൾ ഭൗതികസ്വരൂപത്തിലേക്ക് വാർന്നു നിറയുന്നതാണ് ‘ജരൽക്കാരു’വിലെ കവിതകളിൽ കാണുന്നത്. കാഴ്ച്ചക്കപ്പുറത്തുളള ഇന്ദ്രിയസംവേദന സാദ്ധ്യതകൾ കൂർത്തുവരുന്നതും അവ ഓർമ്മകളുമായിടഞ്ഞ് നമുക്ക് അപരിചിതമായൊരു യുക്തിയിൽ വിതാനിയ്ക്കപ്പെടുന്ന കാഴ്ച്ചയനുഭവങ്ങൾ രൂപപ്പെടുന്നതുമാണ് നാമറിയുന്ന്. ഇത് ബാഹ്യവും ശൈലീകൃതവുമായ കാഴ്ച്ചകളൊരുക്കുന്ന സ്ഥല, കാലസങ്കല്പനങ്ങളെ പിടിച്ചുകുലുക്കുകയും പലപ്പോഴും അവ തകിടം മറിയാൻ കാരണമാവുകയുംചെയ്യുന്നത് നമുക്കുകാണേണ്ടിവരുന്നുണ്ട്. ക്രമബദ്ധമായ യുക്തിബോധത്തിൽനിന്നു വിമുക്തനാകുന്നതോടെ അനുഭവങ്ങളോടുളള കവിയുടെ സമീപനവും വ്യത്യസ്തമാകുന്നു. അനുഭവങ്ങളിൽ നിന്ന് സൂക്ഷ്മമായൊരകലത്തിലേക്ക് നീങ്ങിനില്ക്കാൻ കവി തയ്യാറാകുന്നതു നാം കണ്ടുതുടങ്ങുകയും ചെയ്യുന്നു. കാവ്യഘടനയുടെ പൂർവ്വനിശ്ചിതയാത്രാവഴികളിൽനിന്ന് വാക്കുകളും ബിംബങ്ങളും വഴുതി മാറുന്നതും പുതിയ യാത്രാവഴികൾ ഉറവെടുക്കുന്നതിനു കാരണമാകുന്നതും നാം കാണുന്നു. ഒരു വാക്കിൽ നിന്നോ അനുഭവശകലത്തിൽ നിന്നോ പുതിയ ബിംബസമുച്ചയങ്ങൾ മുളച്ചുപൊന്തുകയും അവ കാവ്യഘടനയുടെ മറുശരീരങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു. കാവ്യഘടനയുടെ ഏതു സന്ധിയിലും അതേവരെയുളള ആന്തരികസഞ്ചാരമോ വികാസമോ പ്രതിസന്ധിയിലായേക്കാമെന്ന സന്ദിഗ്ദ്ധതയാണ് ഈ രചനാതന്ത്രം മുന്നോട്ടുവെയ്ക്കുന്നത്.

‘ജരൽക്കാരു’വിലെ കവിതകൾ ധ്യാനനിമഗ്നവും സൗമ്യവുമായൊരു വായനയല്ല ആവശ്യപ്പെടുന്നത്. സർവ്വേന്ദ്രിയങ്ങളുടേയും ശരീരാവയവങ്ങളുടേയും ചലനാത്മകമായ ഇടപെടൽ വായനാനുഭവത്തെ അർത്ഥസമ്പന്നമാക്കുന്നതാണ് നാം അറിയുന്നത്. ഭാഷ ചടുലവും ബിംബാവലികൾ കൊണ്ടു സമൃദ്ധവുമാകുന്നു. ‘മാർക്കണ്ഡേയം’ എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക.

കുത്തിയൊലിച്ച വികാരത്തിൻ സ്വർഗംഗാപാതത്തിൽ പദമിളകി തത്തിയണഞ്ഞു പിടിച്ചവളെത്തൻ ഹൃത്തിലണച്ചുപുണർന്നതിചടുലം നർത്തനമാടിരസിക്കെ, ദ്രുതതരമുൾത്തുടിതാളമുറഞ്ഞുതിമിർക്കെ- ശ്ശബ്ദബ്രഹ്മമുണർന്നു വിറക്കെ, നക്ഷത്രങ്ങൾ വിയർപ്പിൽ മുളയ്ക്കെ, സത്തകളൊന്നായ് ചേർന്നൊരു ബ്രഹ്മാനന്ദമുഹൂർത്തത്തിൽ മൂർച്ഛിക്കെ, മൃത്യു മരിക്കുന്നു, ഹാ, പാവം മർത്യനമർത്യതയെ പുൽകുന്നു.
(103)

വാക്കുകൾ പൊട്ടിച്ചിതറി ലിപികളും ശബ്ദകണങ്ങളുമായി വേർപെടുന്ന അനുഭവത്തിലേക്കാണ് നാം ചെന്നു പെടുന്നത്. ഒരേസമയം പ്രപഞ്ചവിസ്തൃതിയിലേക്കു നിറയുകയും സൂക്ഷ്മകണങ്ങളിലേക്ക് വിലയിക്കുകയും ചെയ്യുന്ന ഭാഷയുടെ മാസ്മരികനടനത്തെയാണ് നാം അഭിമുഖീകരിയ്ക്കുന്നതെന്നു കാണാം.

സവിശേഷമായൊരു ഭാവസാദ്ധ്യതയിലേക്കുമാത്രം കേന്ദ്രീകരിയ്ക്കാതെ ചുറ്റുമുളള അവസ്ഥകളിലേക്കും അനുഭവങ്ങളിലേക്കും ചിതറിപ്പടരുന്ന കവിതകളാണ് ഈ കവിയുടേത്. സ്ഥലകാലങ്ങളെയൊരു കൈക്കുമ്പിളിലാക്കി കാവ്യഭാഷയിലേക്കു സമന്വയിപ്പിക്കുന്ന ഒരു കവിതയാണ് ‘മണ്ണിന്റെ മകൾ’. രാമായണമെന്ന കാവ്യത്തെ സമകാലസന്ദിഗ്ദ്ധതകളെ വ്യാഖ്യാനിക്കാനുപയോഗിക്കുകയല്ല ഈ കവിതയിൽ കവി ചെയ്യുന്നത്. രാമകഥയെ സമകാലത്തിൽ വ്യാപരിക്കാനനുവദിക്കുക എന്നതാണിവിടെ സംഭവിക്കുന്നത്. കഥയുടെ പാഠസാദ്ധ്യതകളെ ആധുനികസാമൂഹ്യമണ്ഡലത്തിൽനിന്നു പരതിയെടുക്കുകയല്ല കവിയുടെ നയം. ‘മണ്ണിന്റെ മകൾ’ എന്ന കവിതയിൽ രാമകഥയും സമകാലജീവിതവും തമ്മിൽ പല വിതാനങ്ങളിൽ ഇടപെടുകയും പരസ്പരം അലങ്കോലപ്പെടുത്തുകയും അസ്ഥിരവും വ്യത്യസ്തവുമായൊരു കാവ്യയുക്തിയിലേക്കു ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ പാരസ്പര്യങ്ങൾക്കിടയിൽ രൂപപ്പെടുന്ന കലുഷവും സംഘർഷഭരിതവുമായ ഭാവതലങ്ങളാണ് ഈ കവിതാസന്ദർഭങ്ങളെ രാമകഥയുടെ പ്രാചീനതയിൽ നിന്നു വിമോചിപ്പിക്കുകയും ആധുനികമായ സ്ഥലരാശികളിലേക്കെഴുതിച്ചേർക്കുകയും ചെയ്യുന്നത്. പ്രാചീനവും ആധുനികവുമായ വ്യവഹാരമാതൃകകളെ തന്റെ കാവ്യപരിസരത്ത് കുടഞ്ഞിടുകയും പുതിയ ആഖ്യാനമാതൃകകളായി അവയെ വാർത്തെടുക്കുകയുമാണ് കവി ചെയ്യുന്നത്. ഇത് കാലങ്ങളെയും സ്ഥലരാശികളെയും പരസ്പരം സമന്വയിപ്പിക്കുകയും വിലയിപ്പിക്കുകയും ചെയ്യുന്ന ഒരു കാവ്യതന്ത്രമാണെന്നു നമുക്കു തിരിച്ചറിയേണ്ടിവരുന്നു.

ഈ രണ്ടു കാവ്യസമാഹാരങ്ങളിലെ കവിതകളുടെ തുടർച്ചയും വികാസവുമാണ് ‘അടവി’ എന്ന കാവ്യസമാഹാരത്തിലെ കവിതകളിൽ സാമാന്യമായി കാണപ്പെടുന്നത്. ധ്യാനനിമഗ്നമായൊരാഴത്തിൽ നിന്നുയിർക്കൊണ്ട വെളിപാടുകളുടെ ബാഹ്യാവിഷ്കാരങ്ങൾ ഉണർത്തിവിടുന്ന വൈരുദ്ധ്യങ്ങളും സംഘർഷങ്ങളുമാണ്‘അടവി’യിലെ കവിതകളുടെ പ്രമേയത്തെയും ഘടനയെയും നിർണ്ണക്കുന്നത്. ഭീതിദമായൊരു വിച്ഛേദത്തിലൂടെ കവി വിട്ടുപോന്ന ബാഹ്യലോകത്തിന്റെ വ്യാവഹാരികസംഘർഷങ്ങളിലേക്ക് പുതിയ കാവ്യസ്വരൂപമാർന്ന് അയാൾ തിരികെയെത്തുന്നു. ആഴക്കാഴ്ചകൾ അയാളെ പുതിയൊരു മനുഷ്യനായി വിഭാവനം ചെയ്തിരിക്കുന്നു. നമ്മുടെ സാമൂഹ്യ, രാഷ്ട്രീയജീവിതങ്ങളിൽ നിറഞ്ഞാടുന്ന ക്രൂരയാഥാർത്ഥ്യത്തിന്റെ പുറന്തോടുകൾ കവി തകർത്തെറിയുന്നു. അതോടൊപ്പം വൈയക്തികമായ അനുഭവബോദ്ധ്യങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്ക് അയാൾ കുഴിഞ്ഞിറങ്ങുകയും ചെയ്യുന്നു. ബാഹ്യലോകത്തിൽ നിറഞ്ഞുലയുന്ന വൈരുദ്ധ്യങ്ങളുടെ സമസ്തസാദ്ധ്യതകളെയും തിരിച്ചറിയുന്ന കാഴ്ച്ചയാണീ കവിയുടേത്. ഈ കാഴ്ച്ച താനാർജ്ജിച്ചതിന്റെ സഞ്ചാരവഴികളാണ് ആദ്യസമാഹാരത്തിലെ കവിതകളിൽ കവി വരച്ചിട്ടത്.

ചുറ്റുമുള്ള സാമൂഹ്യജീവിതസംഭവങ്ങൾ കേവലവുംസാമാന്യവുമായ കാഴ്ച്ചകളായല്ല കവിയുടെ അനുഭവതലത്തിൽ പ്രവേശിക്കുന്നത്. ബാഹ്യലോകത്തിന്റെ ഘടനായുക്തിയിൽനിന്നു വിമോചിതമായൊരു പാഠതന്ത്രം ഈ കവിയുടെ അകംപുറം ശരീരങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നു കരുതണം. അതുകൊണ്ടുതന്നെ പുറംലോക സംഭവങ്ങൾ അവയുടെ കേവലഘടനകൾ എന്ന നിലയ്ക്കല്ല കവിയുടെ അനുഭവതലത്തിൽ പ്രവേശിക്കുന്നത്.പുറംകാഴ്ച്ചകളിൽ നിന്ന് ബഹിഷ്കൃതനായ കവി തന്റെ അകംശരീരത്തിൽ ധ്യാനിച്ചുണർത്തിയ വേറിട്ടകാഴ്ച്ച കട്ടപിടിച്ച ഇരുട്ടിലും സൂക്ഷ്മമായ ബിംബസമൃദ്ധിയെ തിരിച്ചറിയുന്നത് ‘ഗജേന്ദ്രമോക്ഷ’ ത്തിൽ നമുക്കു കാണേണ്ടിവരുന്നു. വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളെയും മായ്ക്കുകയും മറയ്ക്കുകയും ചെയ്യുന്ന വെളിച്ചത്തിന്റെ കേവലതകളെ കൈവെടിയുകയും വൈരുദ്ധ്യങ്ങൾ തിമിർത്തു പുളയുന്ന ഇരുൾപ്പടർപ്പിൽ ഒരു മറുവെളിച്ചത്തെ സാക്ഷാത്കരിക്കുകയുമാണ് ഈ കവി ചെയ്യുന്നത്.ഈ മറുവെളിച്ചം ബാഹ്യജീവിതക്രമത്തിന്റെ പുറന്തോടുകളെ പൊളിച്ചുകളയുകയും ഉള്ളിലുള്ള സംഘർഷനിർഭരമായ ലോകത്തെ പുറത്തേക്കിടുകയും ചെയ്യുന്നു. ഇങ്ങനെ അനാവരണം ചെയ്യപ്പെട്ട അനുഭവശകലങ്ങളെ വേറിട്ടുനിന്നു നിരീക്ഷിക്കുന്ന കവിയെയാണ് ഈ കവിതകളിൽ നാം കാണുന്നത്. അടുപ്പം വൈകാരികമായ തീക്ഷ്ണപ്രതികരണങ്ങളുണർത്തുമ്പോൾ അകലം വസ്തുനിഷ്ടമായ ജാഗ്രത സൃഷ്ടിക്കുന്നു. വേറിട്ടുനില്ക്കൽ ഹാസ്യാത്മകവും വിമർശനാത്മകവുമായ നിരീക്ഷണങ്ങൾക്കും കാരണമാകുന്നു.

ചിരിയെക്കുറിച്ച് നിശിതമായൊരു നിരീക്ഷണമാണ് ‘ചിരി’ എന്ന കവിത. ചിരിയുടെ നിരവധി സാ ദ്ധ്യതകളിലൂടെ കവി കടന്നു പോകുന്നു.സാമൂഹ്യജീവിതത്തിൽ വ്യത്യസ്തമായ അളവുകോലുകൾക്കു പാക മാകാൻ എടുത്തണിയുന്ന, അഥവാ, ചുണ്ടിൽ ചേർത്തുവെയ്ക്കുന്ന ചിരികളുടെ വലിയൊരു കലവറയാണീ കവിത.

പുലരിച്ചിരി, പൂച്ചിരി, പുഞ്ചിരി ധവളാസ്ഥികൾ തൂകും വെൺചിരി; അരിമുല്ല വിടർത്തും പെൺചിരി; ... എന്നിങ്ങനെ ആരംഭിച്ച്, വിഡ്ഢികൾതൻ പൊള്ളബലൂൺചിരി... ചിരി, ചിരി...യിലെത്തി നില്ക്കുന്നു ഈ കവിതയിലെ ചിരിസാദ്ധ്യതകളുടെ സമൃദ്ധി. വ്യത്യസ്തങ്ങളായ ചിരികൾ മുഖത്തെ അലങ്കരിക്കുമ്പോഴും അവയിലേക്കു സ്വയംമറന്നു ലയിച്ചു ചേരാതെ അകലം സൂക്ഷിക്കുന്ന ഒരു ‘അകംബോധം’ കവിയിലുണ്ട്. പുറംചിരികളെയെല്ലാം പരിഹാസത്തോ ടെ കാണുന്ന
‘ചുടുകണ്ണീർക്കടൽ വിളയിക്കും / തരിയുപ്പിന്നൊളിചിരിയുള്ളിൽ’ സൂക്ഷിച്ചുകൊണ്ടാണിയാൾ തന്റെ കാവ്യമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നത്. അതിതീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയതിലൂടെ രൂപപ്പെട്ട ‘ചുടുകണ്ണീർക്കടലിൽ’ വിളഞ്ഞതാണീ ‘തരിയുപ്പ്’. ഏതൊരനുഭവത്തെയും അതിന്റെ കേവലതകളിൽനിന്നു മോചിപ്പിച്ച് സംഘർ‍ഷനിർഭരമായ യാഥാർത്ഥ്യത്തെ കാട്ടിക്കൊടുക്കുന്ന പാഠതന്ത്രം തന്നെയാണ് ഈ ‘തരിയുപ്പി’ന്റെ സാന്നിദ്ധ്യം.

തന്റെ കാവ്യകലയുടെ സൂത്രവാക്യത്തിലേക്കു കവി നമ്മെകൂട്ടിക്കൊണ്ടുപോകുന്ന കവിതയാണ് ‘അടവി’. കാഴ്ച്ചയുടെ വിഭ്രമിപ്പിക്കുന്ന ലഹരിയിലേക്ക് വിലയിക്കുന്നതിനെ നിരസിക്കുന്ന ഒരു പാഠതന്ത്രം പി. ആർ. ഗോപിനാഥൻനായരുടെ കവിതകളിൽ സന്നിഹിതമാകുന്നുണ്ട്. ഇത് ഒരു നടനതന്ത്രം കൂടിയാണെന്നും കവി തിരിച്ചറിയുന്നു. പകർന്നാട്ടത്തിന്റെ നിരവധി സാദ്ധ്യതകളിലൂടെ കവി കടന്നുപോകുന്നു. യക്ഷിയായും പക്ഷിയായും കാലഭൈരവനായും തുള്ളിയാടി ഒടുവിൽ ശവശാന്തതയുടെ ഭാവപ്രകാശത്തിലെത്തി പൂർത്തിയാകുന്നു. വിവിധ ഭാവ, രസസാദ്ധ്യതകളുടെ ആട്ടപ്രകാരമാണിവിടെ കവി ആവിഷ്ക്കരിക്കുന്നത്‌. ഒരു ഘട്ടമെത്തുമ്പോൾ കവി നാട്യത്തെക്കുറിച്ചുള്ള തന്റെ ബോദ്ധ്യത്തെയും ആവിഷ്ക്കരിക്കുന്നു.

ഏതുമാകട്ടെ വേഷം, ഇതു ശുദ്ധമായ നാട്യമെന്ന ബോധമുള്ളിലണയാതെ ജ്വലിക്കുമെങ്കിൽ

സൂക്ഷ്മമെങ്കിലും കൃത്യമായൊരു ജാഗ്രത നടൻ പുലർത്തേണ്ടതുണ്ട്. ഏതു വേഷത്തിലേക്കു പകർന്നാടുമ്പോഴും അതിലേക്കു സമ്പൂർണ്ണമായി വിലയിക്കാതെ കലഹിച്ചുനില്ക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് കവി ഉയർത്തിക്കാട്ടുന്നത്. ബാഹ്യലോകത്തിലെ വേഷപ്പകർച്ചകളുടെ പ്രതിപക്ഷത്താണ് കവി തന്റെ കാഴ്ച്ചകളുടെ ഇടം എന്നുറപ്പിക്കുന്നു. ഏതു ചിരിയെടുത്തണിഞ്ഞാലും ഉള്ളിൽ കെടാതെനില്ക്കുന്ന ‘ചുടുകണ്ണീർക്കടൽ വിളയിക്കും / തരിയുപ്പിന്നൊളിചിരി’ യിൽ നാം കണ്ടതാണ് കവിയുടെ കാഴ്ച്ചകളുടെ വറ്റാത്ത ഉറവ.

മരണത്തെക്കുറിച്ചുളള സന്ദേഹങ്ങളിലേക്കും ചിന്തകളിലേക്കും വായനക്കാരനെ പ്രകോപിപ്പിക്കുന്ന കവിതയാണ് ‘ഉത്തരൻ’. ഉത്തരന്റെ മൃത്യുദർശനമാണ് കാവ്യപ്രമേയം

എൻ നിലനില്പിൻ മഹാദുഃഖ - സത്യത്തെയും വിസ്മരിച്ചു പരാർത്ഥൈക- ചിത്തനായ്
ദൂരസ്ഥചക്രവാളത്തിന്റെ വർത്തുളസീമയിൽ കണ്ണുകളെ സ്വയം നഷ്ടപ്പെടുത്തി...

കാഴ്ചകളുടെ ബഹുലതയിൽ നിന്ന് പൂർണ്ണമായ വിമുക്തിയാണ് മൃത്യുദർശനത്തിന്റെ മുന്നുപാധി എന്ന് അയാൾ അറിഞ്ഞിരിയ്ക്കുന്നു. പുറംലോകത്തിന്റെ വെളിച്ചം പൂർണ്ണമായണയുമ്പോൾ തെളിയുന്ന ഇരുൾവെളിച്ചത്തിന്റെ അനുഭവസാകല്യത്തിലേക്കാണ് തന്റെ യാത്ര എന്നും അയാൾ അറിയുന്നു. അനുയായികളും സേവകനും സാരഥി പോലും ഇല്ലാത്ത യാത്രയാണത്.

എൻ രഥാശ്വങ്ങളെ ഒറ്റയ്ക്കുതന്നെ തെളിച്ചു മുന്നോട്ടേക്കു നിർഭയം നീങ്ങവേ,... എന്റെ മേൽ, ഹേ ഭീഷ്മ- മൃത്യോ പൊഴിക്കുക പുഷ്പബാണം !....

പുറംലോകത്തിന്റെ പകിട്ടുകളിൽ നിന്നുളള മോചനത്തിലൂടെ പുറംലോകത്തിന്റെ പൂർണ്ണമായ നഷ്ടപ്പെടലല്ല സംഭവിയ്ക്കുന്നത്. പുറംലോകത്തിന്റെ കൂരമ്പുകളിൽനിന്ന് പുഷ്പബാണത്തിലേക്കുളള പരിക്രമണസന്ധിയാണത്.

അകംജീവിതത്തിന്റെ ആഴത്തിലേക്ക് കുഴിഞ്ഞിറങ്ങുന്ന കവിയെയാണ് നാം ആദ്യസമാഹാരങ്ങളിൽ കാണുന്നതെങ്കിൽ ‘ഗൗതമശില’യിലെത്തുമ്പോഴേയ്ക്കും സമകാലസാമൂഹ്യമണ്ഡലത്തിൽ നുരയുന്ന ജീവിതങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കാവ്യസ്വത്വമായി പരിണമിക്കുന്നു. തന്റെ സമസ്ത ഇന്ദ്രിയാനുഭവങ്ങളിലൂടെയും ചുറ്റുപാടുകളെ തന്റെ ശരീരത്തിലേക്കു വലിച്ചടുപ്പിക്കുകയും അതേസമയം കേവലമായ കാഴ്ച്ചയുടെ അഭാവം സൃഷ്ടിക്കുന്ന ഒരകലത്തിലവയെ നിർത്തി വിശകലനം ചെയ്യുകയുമെന്ന നിലപാടാണ് ഈ കവിയുടേത്. അതുകൊണ്ടുതന്നെ ഈ കവി തന്റെ ധ്യാനസാന്ദ്രമായ ഉൾക്കാഴ്ചകളിൽ നിന്ന് വേറിട്ടുപോകുന്നില്ല. മെരുങ്ങലുകളിൽനിന്നും തീർപ്പുകളിൽ നിന്നും കുതറിത്തെറിക്കുന്ന ഒരു സ്വത്വം കവിയുടെ ഉളളിൽ ചുരമാന്തിക്കുതിക്കുന്നുണ്ടെന്ന് പി ആർ ഗോപിനാഥൻ നായരുടെ നിരവധി കവിതകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരണത്തിന്റെ മഞ്ഞിൻതണുപ്പിലുറയുമ്പോഴും ഒരു സ്വപ്നത്തിന്റെ ഊഷ്മാവ് ഉളളിലൂറിനില്ക്കുമെന്ന് ഈ കവിയ്ക്ക് ഭാവന ചെയ്യാൻ കഴിയുന്നതതുകൊണ്ടാണ്.

കണ്ണ്, കാഴ്ച്ച എന്നീ ബിംബങ്ങൾ പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളിൽ നിരവധി സാദ്ധ്യതകൾക്ക് ഇടനല്കിക്കൊണ്ടാണ് പ്രധാനമാകുന്നത്. കണ്ണുനീർ നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുമായാരംഭി ക്കുന്ന ‘വഴിക്കിണർ’ എന്ന കവിത ചൂഴ്ന്നെടുത്തു കുഴിപോലെയായ മിഴിത്തടങ്ങളിലെത്തി നില്ക്കുന്നു. വഴിക്കിണറിനു പുറത്തുനിന്ന് ക്രമേണ ഉളളിലേക്കും പടിപടിയായി ആഴത്തിലേക്കുംവീശുന്ന നോട്ടത്തിലൂടെ ദുരിതക്കാഴ്ചകളുടെ തീവ്രാനുഭവങ്ങളിലേക്കാണ് വായന എത്തിപ്പെടുന്നത്. വഴിക്കിണർ ‘മിഴി ചൂഴ്ന്നെടുത്തൊരു കുഴി’ യായി പരിണമിക്കുന്നു.

നിരവധി ശരീരസാദ്ധ്യതകളെ ഉളളിൽപേറുന്ന ജൈവസ്വരൂപങ്ങളായി സ്ത്രീശരീരങ്ങളെ പി. ആർ. ഗോപിനാഥൻ നായരുടെ കവിതകൾ ആവിഷ്കരിക്കുന്നു. ‘പഞ്ചകന്യകകൾ’ എന്ന കവിത ശ്രദ്ധിക്കുക. അപരശരീരങ്ങൾക്കും മറുശരീരങ്ങൾക്കും ജന്മംകൊടുത്തുകൊണ്ടാണ് സ്ത്രീശരീരങ്ങൾ നിലനില്ക്കുന്നത്. മറുശരീരങ്ങളെ പുറത്താക്കുന്ന അധികാരസങ്കല്പത്തെയാണ് തുറസ്സുകൾക്കിടനല്കുന്നതും വഴങ്ങലുകൾക്കൊതുങ്ങാത്തതുമായ സ്ത്രീശരീരങ്ങൾ മായ്ചുകളയുന്നത്. ഒരു ശരീരത്തിന് അനേകജീവിതങ്ങളെ ഉൾവഹിക്കാൻ കഴിയുന്നതുപോലെ നിരവധി വ്യത്യസ്തശരീരങ്ങൾക്ക് ഒരേവടിവാർന്ന് ഉയിരാർന്ന് രൂപാന്തരപ്രാപ്തി നേടാനും കഴിയുമെന്ന് ഈ കവിത പറയുന്നു. പലതായി നിറയുന്നതുപോലെ ഒന്നായി മുറുകാനും കഴിയുമെന്ന് പഞ്ചകന്യാജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളെത്തന്നെ തിരിച്ചറിയുന്ന സ്ത്രീശരീരത്തിന്റെ തൃഷ്ണയുടെയും കാമനകളുടെയും തിരയടക്കമാണ് ഈ കവിതയുടെ ഘടന പ്രകാശിപ്പിക്കുന്നത്. ആടയാഭരണങ്ങളും അലങ്കാരസമൃദ്ധിയും അഴിച്ചുവെച്ച സ്ത്രീശരീരത്തിന്റെ നഗ്നമായ വടിവുകൾ ഈ കവിതകൾ രേഖപ്പെടുത്തുന്നുണ്ട്. ഒന്നും ബാക്കിവെക്കാതെ,അഥവാ മറച്ചുവെക്കാതെ സ്വയമഴിഞ്ഞു ചിതറുന്ന സ്ത്രീസത്തയുടെ ശകലങ്ങൾ ഓരോന്നും കുത്തിനോവിക്കുന്ന കൂർത്ത ചില്ലുകളായാണ് പരക്കുന്നത്. സന്ദേഹങ്ങളോ സന്ദിഗ്ദ്ധതകളോ ഈ കാവ്യഖണ്ഡങ്ങളുടെ ആഖ്യാതാക്കളെ ബാധിക്കുന്നില്ല.

പി.ആർ. ഗോപിനാഥൻ നായരുടെ കവിതകളിൽ പലപ്പോഴും കാഴ്ച്ചയുടെ നിലനിൽപ്പും മാഞ്ഞുപോകലും സജീവമായൊരു വിഷയമാകുന്നുണ്ട്. കാഴ്ച്ചയുടെ സാദ്ധ്യതകളെ പിൻവലിക്കുകയും ആത്മഭാഷണങ്ങൾക്കു കാതോർക്കുകയും ചെയ്യുന്ന കവിതയാണ് പി.ആർ.ഗോപിനാഥൻ നായരുടേത്. കാഴ്ച്ചകൾക്കപ്പുറത്തുള്ള ഇന്ദ്രിയബോദ്ധ്യങ്ങളുടെ ഉയർച്ചതാഴ്ചകളാണ് ഈ കവിത നമ്മെ അനുഭവിപ്പിക്കുന്നത്. നേരത്തേ നിരീക്ഷിച്ചതുപോലെ പല സന്ദർഭങ്ങളിലും അത് നിശ്ശബ്ദതയുടെ വക്കോളമെത്തുന്നുണ്ട്. നെടുവീർപ്പുകളോടൊപ്പം ശ്വാസോച്ഛ്വാസത്തിന്റെ നേർത്തുപോകലും ചിലയിടങ്ങളിൽ നമുക്കറിയാൻ കഴിയും. ഇന്ദ്രിയാനുഭവങ്ങളുടെ കയറ്റിറക്കങ്ങളാണ് പി.ആർ.ഗോപിനാഥൻ നായരുടെ കവിതകളെ സവിശേഷമാക്കുന്നത്. കാഴ്ച്ചയുടെ വ്യാവഹാരികയുക്തിവഴക്കങ്ങളെ പൊളിച്ചെഴുതാൻ നിർബ്ബന്ധിതനാവുകയും മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ മുനകൂർക്കുകയും ചെയ്യുന്നതിലൂടെ സാദ്ധ്യമാകുന്ന പ്രതിഭാസമാണിതെന്നു കരുതണം.

ആദ്യകാലകവിതകളിൽ നിന്നും പി.ആർ. ഗോപിനാഥൻ നായരുടെ കവിത ‘കാളകെട്ടി’ ലേക്കെ ത്തുമ്പോഴേക്കും ഏറെ പരിണമിച്ചിരിക്കുന്നതായി കാണാം. കിണറാഴത്തിന്റെ സൂക്ഷ്മധ്വനികൾ സന്നിഹി തമായിരുന്ന ആദ്യകാലകവിതകളിൽനിന്ന് പരന്നൊഴുകുന്ന കാവ്യഘടനയിലേക്കു പരിണമിക്കുന്നു. എ ന്നാൽ ഇത് ആഴക്കാഴ്ചകളിൽ നിന്നു വിമുക്തമായ പരന്നൊഴുകലല്ലെന്നും ആഴമുളള പുഴയനുഭവമായി മാറുകയാണെന്നും കാണേണ്ടതുണ്ട്. വാക്കുകളുടെ അലങ്കാരസമൃദ്ധിയിൽനിന്നും ആവരണങ്ങളിൽ നി ന്നും കവിത പിൻതിരിയുന്നു. സാന്ദ്രമായ ഗദ്യത്തോടടുത്തു നില്ക്കുന്ന ഘടന പലപ്പോഴും കൈക്കൊളളുന്ന തും ശ്രദ്ധേയമാണ്.

വ്യക്തികേന്ദ്രിതമായ അകംകവിതകളിൽ നിന്ന് പുറംലോകത്തേക്കുകൂടി പടരുന്ന കവിതകളിലേ ക്കാണ് പി. ആർ. ഗോപിനാഥൻ നായരുടെ കാവ്യസ്വത്വം ക്രമേണ വികസിക്കുന്നത്. അപ്പോഴും കാവ്യ ഘടനയുടെ ആന്തരികചലനം സവിശേഷമായൊരു ക്രമം പിന്തുടരുന്നതു കാണാം. വൈയക്തികമായ അനുഭവലോകത്തിന്റെ ആഴത്തിലേക്കു കുഴിഞ്ഞു പോകുന്തോറും ഇന്ദ്രിയാനുഭവങ്ങൾ അവയുടെ വ്യവ സ്ഥാപിതക്രമങ്ങളിൽ നിന്നു വിമുക്തമാകുന്നതും സ്വകീയമായ അനുഭവങ്ങളിലൂടെ പുതിയതും അസ്ഥിരമായൊരു ഘടനയിലേക്കു വഴങ്ങുന്നതുമാണ് ശ്രദ്ധേയം. താനെത്തിപ്പെടുന്ന ഇരുളാഴം പുതിയൊരു വെളിച്ചപ്പരപ്പായി അയാൾ തിരിച്ചറിയുന്നു. പുതിയ കേഴ്വിശീലങ്ങളും സ്പർശ, രുചി, ഗന്ധസാദ്ധ്യതകളും വ്യത്യസ്തമായൊരു ലോകവീക്ഷണത്തിലേക്കാണയാളെ നയിക്കുന്നത്. ഇത് വ്യവസ്ഥാപിതവും ക്രമബ ദ്ധവുമായ ലോകനടത്തിപ്പുകളിൽ നിന്ന് പിളർന്നു മാറുന്നു.

അധികാരമെന്നത് ഒരു കേന്ദ്രീകൃതവ്യവഹാരം മാത്രമല്ലെന്നും അത് അടരടരുകളായി, വലയങ്ങൾക്ക് മേൽ വലയങ്ങളായി ജീവിതാവസ്ഥകൾക്കും പ്രതിഭാസങ്ങൾക്കും പ്രക്രിയകൾക്കും മീതെ പടർന്നു നിറയുന്നുവെന്നും ഈ കവി കണ്ടെത്തുന്നു. ഓരോ വാക്കിനും മീതേ അർത്ഥം അതിന്റെ പിടിമുറുക്കുന്നതു പോലെ, വരികളിലെ ലിപിവിന്യാസം അതിന്റെ ക്രമബദ്ധതയെ കാത്തുവെയ്ക്കാൻ പാടുപെടുന്നതു പോലെ, വായനയുടെ കാവ്യവുമായുള്ള ഇടപാടിലും ചില മുറുക്കങ്ങൾ അയയാതെ സൂക്ഷിക്കുന്നു. അയവില്ലാത്ത ഈ മുറുക്കങ്ങളെയാണ് പി.ആർ.ഗോപിനാഥൻ നായരുടെ കവിത കുടഞ്ഞുകളയുന്നത്. അഴിവുകളും തുറസ്സുകളുമാണ് ഈ കവിതകളുടെ വഴി. ലിപികളുടെ വടിവിനെ നിരാകരിക്കാൻ കഴിയാത്തതിനാലാവാം ഈ കവി ലിപിവിന്യാസത്തിന്റെ യുക്തിസാദ്ധ്യതകളെ വിട്ടൊഴിയുന്നത്. അശാന്തിയും ആകുലതകളും നിറഞ്ഞ കാവ്യഘടനയിൽ വാക്കുകളും അക്ഷരങ്ങളും കേവലയുക്തി കൈവെടിഞ്ഞ് ചിതറിപ്പരക്കുന്നു. പൊരുത്തക്കേടുകളിലൂടെയോ ചേർച്ചകളുടെ തകർച്ചയിലൂടെയോ ആണ് ഈ കവി അധികാരത്തോട് ഇടപെടുന്നത്. വിധ്വംസകമായ ഇത്തരം ഇടപാടുകളാണ് ‘പാവൽപ്പൂവി’ ലെ കവിതകളേറെയും.

സുസംഘടിതവും ക്രമബദ്ധവുമായൊരു കാവ്യഭാഷ ഈ കവി ആഗ്രഹിക്കുന്നില്ല. അയഞ്ഞതും തുറസ്സുകളെമ്പാടും ചിതറിക്കിടക്കുന്നതുമായ കാവ്യഘടനയിൽ കാലഗണനകൾ പരിഗണനീയമാകുന്നില്ല. ഇതിഹാസസൂചനകളെ സമകാലത്തിലേക്ക് ആദേശം ചെയ്യുകയല്ല ഈ കവി ചെയ്യുന്നത്. ചുറ്റും ചിതറിക്കിടക്കുന്ന കാവ്യസൂചനകളിൽ കാലങ്ങൾ ഭിന്നതവെടിഞ്ഞ് സന്നിഹിതമാകുക എന്നതാണ് സംഭവിക്കുന്നത്. സമകാലത്തിൽനിന്ന് ഇതിഹാസമാനങ്ങളിലേക്ക് നടന്നുകയറുന്ന ഒരു കഥാപാത്രത്തെ ഈ കവിതകളിൽ നാം കണ്ടെന്നുവരും.വരുംകാലത്തിൽ പോയകാലങ്ങളുടെ ഒളിസങ്കേതങ്ങൾ നാം കണ്ടെത്തിയെന്നും വരാം. വ്യക്തിശരീരത്തിന്റെ അകവും പുറവുമെന്നപോലെ സാമൂഹ്യഘടനയുടെ ആഴവും പരപ്പുമറിഞ്ഞ് കവി സഞ്ചരിയ്ക്കുന്നു. മണ്ണിന്റെ ഇരുൾഖനികളിലേക്ക് കുഴിഞ്ഞിറങ്ങിപ്പോകുന്ന വേരുകളും ബാഹ്യപ്രകൃതിയുടെ ആകാശവിതാനങ്ങളിലേക്ക് ഇലകളും ചില്ലകളും നീർത്തിപ്പടരുന്ന തായ്ത്തടിയുമുളെളാരു ഘടനയാണ് പി.ആർ.ഗോപിനാഥൻ നായരുടെ കാവ്യശരീരത്തിനുളളതെന്നു കാണാം.

ബാഹ്യലോകത്തിന്റെ വർണ്ണപ്രളയത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നതുകൊണ്ടാവാം സ്വകീയ മായൊരു ദൃശ്യലോകത്തെ ഈ കവിയ്ക്ക് സൃഷ്ടിയ്ക്കേണ്ടിവരുന്നത്. കവിയുടെ ആന്തരികജീവിതത്തിന്റെ നേ ർസാക്ഷ്യങ്ങളായി ഈ കവിതകൾ നിലനില്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ധ്യാനപൂർണ്ണായൊരേ കാന്തതയിൽ ചുറ്റും മുഴങ്ങുന്ന ജീവിതം ഓർമ്മകളെ പിന്തുടർന്ന് ദൃശ്യവാങ്മയങ്ങളായി രൂപപ്പെടുകയാ ണ് ചെയ്യുന്നത്. ഓർമ്മകളുടെ സമകാലആവിഷ്ക്കാരരൂപങ്ങളിൽനിന്ന് അവ വേറിട്ടുനില്ക്കുന്നു.അവ ബാഹ്യ ലോകക്രമത്തിന്റെ വ്യാകരണനിയമങ്ങൾക്കു വഴിപ്പെടുന്നില്ല.

പി.ആർ. ഗോപിനാഥൻനായരുടെ കവിതകൾ കപടമായ കാല്പനികസമാശ്വാസങ്ങൾ മുന്നോട്ടുവെയ്ക്കുന്നില്ലെന്നാണ് കാവ്യസന്ദർഭങ്ങൾ സൂചിപ്പിക്കുന്നത്. വൈരുദ്ധ്യങ്ങളെ പെറുക്കിക്കളയുകയും സംഘർഷങ്ങളിൽനിന്നു നമ്മെ മാറ്റിനിർത്തുകയും ചെയ്യുന്ന കവിതകളല്ല ഇവ. ഒരു വാക്കുകൊണ്ടോ വാക്യഖണ്ഡം കൊണ്ടോ കാവ്യഘടനയെയാകെത്തന്നെ മായ്ചെഴുതാൻ സാദ്ധ്യതയൊരുക്കുന്ന കാവ്യതന്ത്രവും ഈ കവിതകളിൽ നമുക്കു കാണാം. മലീമസമായ സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ആകുലനാകുമ്പോഴും സ്ഥല,കാലങ്ങളെ സംബന്ധിച്ച ഇടപാടുകളിലേക്ക് തെന്നിത്തെറിച്ചു പോകാനുളള താല്പര്യം ഈ കവിതയിൽ പ്രകടമാണ്. കേവലമായ കാഴ്ച്ചകളൊരുക്കുന്ന ബാഹ്യജീവിതത്തിനുപുറത്തായ കവി ധ്യാനപൂർണ്ണമായ തന്റെ അകംജീവിതത്തെയാണ് ആധാരമാക്കുന്നത്. പുറത്തുനിന്നകത്തേക്കുളള യാത്രയിൽ പുതിയ ലോകത്തെ സൃഷ്ടിക്കാൻ സഹായിക്കുന്ന ഉപാധികളായാണ് ഇതിഹാസ,പുരാണകഥാബീജങ്ങൾ കവിക്ക് ഉപയുക്തമാകുന്നത്. അതിലൂടെ കവിത അതിന്റെ സ്ഥല,കാലപരിധികളിൽ നിന്ന് മുക്തമാകുന്നു.

അനുഭവങ്ങളുടെ യുക്തിഭദ്രമായ ശീലങ്ങളെയും ഇടപാടുകളെയുമെന്നപോലെ ഭാഷയുടെ യുക്തി ഭദ്രമായ സംഘാടനങ്ങളെയും തച്ചുടയ്ക്കുവാനുളള കവിയുടെ താല്പര്യവും ഈ കവിതകളിൽ മുഴങ്ങുന്നുണ്ട്. ഏകാന്തമായ വൈയക്തിക ദുഃഖത്തിന്റെ ആകുലതയിലാരംഭിയ്ക്കുന്ന കവിത ബാഹ്യാനുഭവങ്ങളുടെ ഇന്ദ്രി യബോദ്ധ്യങ്ങളെ മറികടക്കുന്ന സന്ധിയിലെത്തി നില്ക്കുന്നതാണ് നാം തിരിച്ചറിയുന്നത്. ദുരിതങ്ങളും ദുര ന്തങ്ങളും താണ്ടിയുളള ഈ സഞ്ചാരം ജീവിതത്തിന്റെ ഇരുളാഴത്തിൽ തെളിയുന്ന ശൂന്യവെളിച്ചത്തെ അയാൾക്ക് ബോദ്ധ്യപ്പെടുത്തുന്നു. ഈ ‘ശൂന്യവെളിച്ച’ത്തിന്റെ പൊരുളിലേക്കാണ് കവി സഞ്ചരിക്കുന്നത് എന്നു നാം തിരിച്ചറിയുകയും ചെയ്യുന്നു.

(പി. ആർ. ഗോപിനാഥൻ നായർ: 1939 ജൂലൈ 13 ന് പന്തളത്ത് ജനിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബി എ, ബി എഡ്ഡ് ബിരുദങ്ങൾ നേടി. 1959 മുതൽ വിവിധ എൻ എസ് എസ് സ്കൂളുകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. 1993- ൽ സ്വമേധയാ വിരമിച്ചു. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പരിമിതമായിരുന്ന കാഴ്ചശക്തി വിദ്യാഭ്യാസകാലം കഴിയുമ്പോഴേക്കും പൂർണ്ണമായും നഷ്ടമായി. 1976- ൽ ആദ്യകവിതാസമാഹാരം ‘നിദ്രാടനം’ പ്രസിദ്ധീകരിച്ചു. തുടർന്ന് ‘ജരൽക്കാരു’, ‘അടവി’, ‘ഗൌതമശില’, ‘കാളകെട്ട്’, ‘പാവൽപ്പൂവ്’, ‘വഴിയിൽ വീണ വെളിച്ചം’ (സമ്പൂർണ്ണ സമാഹാരം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. 1994- ൽ ‘ഗൌതമശില’യ്ക്ക് എസ് ബി ഐ അവാർഡ്‌, 2001- ൽ ‘കാളകെട്ട്’ ന് കടവനാട് കുട്ടികൃഷ്ണൻ അവാർഡ്‌, 2020-ൽ ‘വഴിയിൽ വീണ വെളി ച്ചം’ എന്ന സമ്പൂർണ്ണസമാഹാരത്തിന് പന്തളം കേരളവർമ്മ അവാർഡ് എന്നിവ ലഭിച്ചു. 2023 നവംബർ 11 ന് അന്തരിച്ചു).


Summary: G. Dileepan writes a study on the poetic world of P. R. Gopinathan Nair.


ജി. ദിലീപൻ

അധ്യാപകൻ, നാടകപ്രവർത്തകൻ, സംവിധായകൻ. ശ്രീകൃഷ്ണപുരം വി.ടി. ഭട്ടതിരിപ്പാട് കോളേജിൽ ദീർഘകാലം ഇംഗ്ലിഷ് വിഭാഗം അദ്ധ്യക്ഷൻ, തുടർന്ന് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015-ൽ വിരമിച്ചു. കടമ്പഴിപ്പുറം നാട്യശാസ്ത്ര നാടകപഠന​കേന്ദ്രത്തിന്റെ ഭാഗ​മായി പ്രവർത്തി​ക്കുന്നു. ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ’ പ്രധാന പുസ്തകം.

Comments