ഒച്ചയില്ലാത്ത ഒരു കൊടുങ്കാറ്റ് കാണുന്നു

''ആൾക്കൂട്ടത്തിലെ ഗദ്യം എനിക്ക് നല്ല ആത്മവിശ്വാസം പകർന്നു. സാഹിത്യഭാഷയ്ക്കു പുറത്തും സാഹിത്യമെഴുതാം എന്ന് അത് എന്നെ പഠിപ്പിച്ചു. ധൈഷണിക ഭാവനയാൽ ഭാഷയെ സ്വതന്ത്രമാക്കുക, ഭാഷയുടെ അതിരുകളെ ഇല്ലാതാക്കുക, ഒരു വേള ഭാഷയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കഥകൾതന്നെയും തുടച്ചുനീക്കുക. ഫിക്ഷനിലൂടെ അതു സാധ്യമാകുമെന്നും ഫിക്ഷൻ, നോൺഫിക്ഷൻ എന്നീ വേർതിരിവുകൾ എഴുത്തിലെ സാങ്കേതികത മാത്രമാണെന്നും എനിക്കു ബോധ്യമായി. എഴുത്ത് അതിന്റെ സമഗ്രതയിൽ സാഹിത്യവും സാഹിത്യേതരവുമായ എല്ലാ ആവിഷ്‌കാരങ്ങളും ചേർന്ന മനുഷ്യാവസ്ഥയാണ്.''

ന്നു പ്രിയങ്കരമായ എല്ലാം വരുന്നതിനും മുൻപേ, എനിക്ക് കൊടുങ്കാറ്റും ഏകാന്തതയും കൊണ്ടു വന്ന പുസ്തകമാണ് ആനന്ദിന്റെ "ആൾക്കൂട്ടം'.

മൂന്നുദശകം മുൻപ് പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെയായിരുന്നു അത്. സാഹിത്യത്തിൽ ഒരു ടാബ്യുല റാസയായിരുന്ന ഒരു മനസ്സിലേക്ക് ഒരു നോവൽ നടത്തിയ അസാധാരണമായ ആലേഖനങ്ങൾ എന്നെ സംഭ്രമിപ്പിച്ചുകളഞ്ഞു.

മൂലമറ്റത്തുസമീപം അറക്കുളത്ത് പഠിച്ച കലാലയത്തിനോടു ചേർന്ന വാടകക്കെട്ടിടത്തിലെ ഒറ്റമുറിയിൽ, വേനലിൽ വെന്തുരുകി, ഒറ്റയ്ക്കു താമസിക്കവേ ഒരു വാരാന്ത്യത്തിൽ ആ നോവൽ വായിച്ചു തുടങ്ങിയ വിദ്യാർഥിയല്ല അതു പൂർത്തിയാക്കിയത്. ആ ദിവസങ്ങളിലെ ആന്തരിക പ്രക്ഷുബ്ധത ഇപ്പോൾ ഓർക്കുമ്പോൾ ശബ്ദരഹിതമായ ഒരു കൊടുങ്കാറ്റിന്റെ ദൃശ്യം പോലെ തോന്നുന്നു."ഉഴലും മനതാരടക്കുവാൻ വഴി കാണാതെ' ചിന്താപരവശമായിരുന്നു അക്കാലം.
അക്കാലത്ത് അറക്കുളത്തിനടുത്ത് കാഞ്ഞാറിൽ എനിക്കൊരു മുതിർന്ന സുഹൃത്തുണ്ടായിരുന്നു. ഒരു തയ്യൽക്കാരൻ. മിക്കവാറും വൈകുന്നേരങ്ങളിൽ കോളജ് വിട്ടുകഴിഞ്ഞാൽ പുഴയോരത്തുകൂടി ഒന്നരകിലോമീറ്ററോളം നടന്ന് ഞാൻ അയാളുടെ അടുത്തെത്തും. തയ്യൽമെഷിനു മുന്നിലിരുന്നു ജോലിക്കിടെ അയാൾ സംസാരിക്കും. മഗ്രിബ് ബാങ്ക് ഉയരും വരെയാണു സംസാരം നീളുക. ചിലപ്പോൾ നിസ്‌കാരം കഴിഞ്ഞ് ഒരു ചായ കൂടി കുടിച്ചിട്ടു പോകാം എന്ന് പറയും. "ആൾക്കൂട്ടം' വായിച്ചശേഷമുള്ള വിചിത്രമായ ശോകഭാരവുമായി ഞാൻ ആദ്യം പോയത് അയാളുടെ അടുത്തേക്കായിരുന്നു. നാവറ്റുപോയതുപോലെ ഞാൻ അന്തംവിട്ട ആലോചനയോടെ ഇരുന്നതേയുള്ളു. എന്തൊരു വീർപ്പുമുട്ടൽ. ഒടുവിൽ ഞാൻ "ആൾക്കൂട്ട'ത്തിന്റെ കാര്യം പറഞ്ഞു. അയാൾക്കതു പത്തിരുപതു വർഷം മുൻപിറങ്ങിയ ഒരു നോവൽ മാത്രമായിരുന്നു. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് എന്നോട് സഹതാപത്തോടെ ചോദിച്ചു.

അപ്പോളാണ് ഞാൻ അതിന്റെ ഉള്ളടക്കം എങ്ങനെ പറയുമെന്ന് ഓർത്തത്. പറയാൻ പാകത്തിന് ഒരു കഥയും അതിലില്ലല്ലോ. ആ നോവൽ നടക്കുന്നതു നമ്മുടെ നാട്ടിലുമല്ല. സുനിലും ജോസഫും രാധയുമടക്കം കഥാപാത്രങ്ങൾ തെരുവിലൂടെ നടക്കുന്നതും ഒരുമിച്ചുകൂടുന്നതും നിർത്താതെ സംസാരിക്കുന്നതും എന്റെ ഉള്ളിലുണ്ട്. എന്താണ് ആ നോവൽ എന്ന് സംസാരിക്കാൻ എനിക്കായില്ല. ആ വായനയ്ക്കുശേഷം എനിക്കെന്തോ സംഭവിച്ചു, ഒരു പുതിയ ഏകാന്തത എന്നിൽ ജനിച്ചു എന്നതുമാത്രം അറിയാം.

""അസ്തിത്വ ദുഃഖമാണോ ?'' അയാൾ പൊടുന്നനെ ചോദിച്ചു.

അതുകേട്ട് എനിക്ക് ചിരി പൊട്ടി. അതിന്റെ ആശ്വാസത്തിൽ ഞങ്ങൾ ചായ കുടിച്ചു പിരിഞ്ഞു.

അപ്പോളാണ് ഞാൻ അതിന്റെ ഉള്ളടക്കം എങ്ങനെ പറയുമെന്ന് ഓർത്തത്. പറയാൻ പാകത്തിന് ഒരു കഥയും അതിലില്ലല്ലോ. ആ നോവൽ നടക്കുന്നതു നമ്മുടെ നാട്ടിലുമല്ല

വർഷങ്ങൾക്കുശേഷം സാഹിത്യനിരൂപണം പോലെ ഓരോന്നൊക്കെ എഴുതാൻ തുടങ്ങിയ കാലത്തും ഞാൻ ആൾക്കൂട്ടത്തെപ്പറ്റി എഴുതാൻ ധൈര്യപ്പെട്ടില്ല. ഒരിക്കൽ കൂടി അതു വായിച്ചു വിലയിരുത്താനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുക എളുപ്പമായിരുന്നില്ല. കൂടുതൽ പുസ്തകങ്ങൾക്കിടയിലേക്ക് നിങ്ങൾ ചെല്ലുമ്പോൾ പഴയതെല്ലാം തിരിച്ചുചെല്ലാൻ കഴിയാത്തവിധം അകലെയാവും.

യഥാർത്ഥത്തിൽ, "ആൾക്കൂട്ട'മാണ് അക്കാലത്ത് എന്റെ ഭാവുകത്വ നിർമിതിയിൽ നിർണായകമായത്. കൗമാര അജ്ഞതകളുടെയും സന്ദേഹങ്ങളുടെയും നടുവിലേക്കാണ് "ആൾക്കൂട്ടം' വന്നത്. അതു വലിയ ഊർജം തുറന്നുവിട്ടു. സംസാരങ്ങളിലും കൂട്ടുകാർക്കുള്ള കത്തുകളിലും "ആൾക്കൂട്ട'ത്താൽ പ്രേരിതമായ കെട്ടുപിണഞ്ഞ ചിന്തകളുടെ, അർത്ഥം കലങ്ങിമറിഞ്ഞ വാക്യങ്ങളുടെ കുത്തിയൊഴുക്കു തന്നെയുണ്ടായി. ആ നോവലിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളിൽ ഉന്നയിക്കപ്പെട്ട പോരായ്മകൾ തന്നെയാണ് അതിലേക്ക് കൂടുതൽ ആകർഷിച്ചതെന്നും തോന്നുന്നു.

ആനന്ദ്

ഒരു എഴുത്തുകാരന് സ്വയം ഏൽപ്പിക്കാവുന്നതും ഏറ്റവും മാരകവുമായ ഒരു ഉത്തരവാദിത്തം, ആധുനികനായിരിക്കുകയാണെന്ന് ബോർഗെസ് ഒരിടത്ത് പറയുകയുണ്ടായി. ആധുനികതയിലേക്കുള്ള പ്രവേശനം സംശയകാലുഷ്യങ്ങളുടേതായിരുന്നു. "ആൾക്കൂട്ട'ത്തിനു ശേഷം ഞാൻ ആനന്ദിനെ വായിക്കുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. എനിക്ക് ഏറ്റവും വിശ്വാസമുള്ള എഴുത്തുകാരനായി അദ്ദേഹം മാറുകയും ചെയ്തു.

പക്ഷേ കാലം കടന്നുപോകുമ്പോൾ മറ്റേതു മനുഷ്യനെയും പോലെ, ചെറുപ്പത്തിൽ വിലപിടിച്ചതെന്നു കരുതി എടുത്തുവച്ച പല വസ്തുക്കളും വികാരങ്ങളും ഞാനും വലിച്ചെറിഞ്ഞുകളഞ്ഞിട്ടുണ്ട്. പിരിയില്ലെന്നു കരുതിയ കൂട്ടുകാർ അകന്നു പോയി. ചിലർ മരിച്ചുപോയി. എന്നാൽ അന്ന് "ആൾക്കൂട്ടം' ഉണ്ടാക്കിയതുപോലൊരു ആന്തരിക പ്രകമ്പനം പിന്നീടൊരിക്കലും സംഭവിച്ചിട്ടില്ല. അതിനേക്കാൾ നല്ലതു വായിക്കാത്തതുകൊണ്ടല്ല. ആനന്ദ് തന്നെയും അതിനേക്കാൾ എത്രയോ നല്ല നോവലുകൾ അതിനുശേഷമെഴുതിയിരിക്കുന്നു. എന്നാൽ ആൾക്കൂട്ടത്തിന്റെ വായനയുടെ അനന്തരം സമുദ്രപരിണാമങ്ങളുടേതായിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്നു കൃത്യമായി നിർവചിക്കാൻ എനിക്കു സാധിക്കുന്നില്ല.

"ആൾക്കൂട്ട'ത്തിനു ശേഷം ഞാൻ ആനന്ദിനെ വായിക്കുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. എനിക്ക് ഏറ്റവും വിശ്വാസമുള്ള എഴുത്തുകാരനായി അദ്ദേഹം മാറുകയും ചെയ്തു.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആനന്ദിന്റെ ലേഖനങ്ങളിലെ ചരിത്രയുക്തികളെ വിമർശനാത്മകമായി വിശകലനം ചെയ്യാൻ ശ്രമിച്ചുകൊണ്ടായിരുന്നു "ആൾക്കൂട്ട' ത്തിനു മേലുള്ള എന്റെ അഗാധമായ പ്രേമത്തെ ഞാൻ നേരിട്ടത്. അച്ചടിച്ചുവന്ന എന്റെ ആദ്യലേഖനത്തിൽ, ആനന്ദിന്റെ ഇസ്‌ലാം വിമർശനം ആന്റിസെമിറ്റിസത്തിന്റെ പാരമ്പര്യത്തിലുള്ള മുൻവിധികളിലാണ് ഊന്നിയിരിക്കുന്നതെന്നു സ്ഥാപിക്കാനാണു ഞാൻ ശ്രമിച്ചത്. അത് യുവാവായ ഒരാൾ തന്റെ കൗമാരത്തിൽ സംഭവിച്ച സ്‌നേഹാഭിനിവേശങ്ങളെ പിന്നീട് ആർജിച്ച ബുദ്ധിപരമായ അഹന്ത കൊണ്ടു ചെറുക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണമായിരുന്നു.

എന്നിട്ടും ആൾക്കൂട്ടം ഇളക്കമില്ലാത്ത ദീപശിഖയായി തുടർന്നു.

എന്തായിരുന്നു ആ നോവൽ? നമ്മുടെ സാഹിത്യത്തിലെ പതിവു പ്രശംസാവാക്യമായ "ജീവിതഗന്ധിയായ നോവൽ' എന്നു വിശേഷിപ്പിക്കാൻ യോഗ്യമായിരുന്നില്ല. നാം അതുവരെ ഇഷ്ടത്തോടെ കൊണ്ടുനടന്ന ഒരു പ്രമേയവും അവിടെ കണ്ടില്ല. നോവൽ മലയാളത്തിൽ ആണെന്നത് ഒഴിച്ചാൽ കേരളീയമെന്നു കരുതപ്പെടുന്ന ഒരു സാഹചര്യവും അതിലുണ്ടായിരുന്നില്ല. നമ്മുടെ പ്രാദേശിക ഭാഷാഭേദങ്ങൾ അവയിലൊരിടത്തും പ്രത്യക്ഷപ്പെട്ടില്ല. നമ്മുടെ നാട്ടിൻപുറത്തെ ഒരു ചലനവും അവിടെയെത്തിയില്ല. അതിൽ ദുഷ്ടകഥാപാത്രങ്ങളോ തീവ്രകാമമോ അതിവൈകാരികതയുടെ കോലാഹലമോ ഉണ്ടായിരുന്നില്ല.

പകരം ഒരു വലിയ തെരുവിലൂടെ, ഏറ്റവും നാഗരികമായ വിജനതകളിലൂടെ അതിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി വന്നുപോയി. രാഷ്ട്രീയം, ചരിത്രം, മതം തുടങ്ങി അവർ ധാരാളം സംസാരിക്കുന്നുവെന്നത് ഒഴിച്ചാൽ കഥാപാത്രവികാസങ്ങൾ പരിമിതമായിരുന്നു. പക്ഷേ ഗൂഢമായിരുന്ന എന്റെ അഭിരുചികളെ, ആശങ്കകളെ, അഭിലാഷങ്ങളെ പുറത്തേക്കു പിടിച്ചുകൊണ്ടുവന്നത് "ആൾക്കൂട്ട'മായിരുന്നു. വ്യക്തിയെ, വ്യക്തിസത്തയുടെ വിധിയെ ഞാനാദ്യമായി ഒരു ഫിക്ഷനിൽ അഭിമുഖീകരിച്ചു. നാടിനും വംശത്തിനും ഭാഷയ്ക്കും ഉള്ളിലൂടെ, നാഗരികതയുടെ അപാരതയിൽ, മനുഷ്യരുടെ അലച്ചിലുകൾ ഞാൻ കണ്ടു. എഴുത്തുകാരൻ വിധി നിർണയിക്കുന്ന കഥാപാത്രങ്ങൾക്കു പകരം എഴുത്തുകാരനെ തന്നെയും നിർവചിക്കാൻ ശേഷിയുള്ള, വേണമെങ്കിൽ കഥയിൽനിന്ന് ഇറങ്ങിപ്പോകുന്നവരായ മനുഷ്യർ, നോവലിന്റെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നതു ഞാൻ അറിഞ്ഞു.

ഒരു വലിയ തെരുവിലൂടെ, ഏറ്റവും നാഗരികമായ വിജനതകളിലൂടെ അതിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി വന്നുപോയി. രാഷ്ട്രീയം, ചരിത്രം, മതം തുടങ്ങി അവർ ധാരാളം സംസാരിക്കുന്നുവെന്നത് ഒഴിച്ചാൽ കഥാപാത്രവികാസങ്ങൾ പരിമിതമായിരുന്നു.

"ആൾക്കൂട്ടം' എന്നെ രണ്ടു രീതിയിൽ (വായനക്കാരനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും) സ്വതന്ത്രമാക്കിയെന്ന് എനിക്കു തോന്നാറുണ്ട്. ഒന്നാമതായി, സാഹിത്യഭാവനയെന്നത് എഴുത്തുകാരന്റെ ധിഷണാശക്തിയുടെ പ്രകാശനമാണ്. അയാളിലെ വൈകാരികതയെയും ഏകാന്തതകളെയും ഈ ധിഷണ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. രണ്ടാമതായി, ചരിത്രത്തിനകത്തേക്കു മടങ്ങുകയല്ല ചരിത്രത്തിനു പുറത്തേക്കു അലയുകയാണു കഥാപാത്രങ്ങൾ ചെയ്യുന്നത്, ചരിത്രത്തിൽനിന്നു മോചിതരാകാൻ പാടുപെടുന്നവരാണ്. കഥ അവരുടെ ഉടയാടകൾ മാത്രമാണ്.

എത്ര വിലപിടിച്ചതായാലും പ്രലോഭനകരമായാലും വ്യക്തിയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളോടു പൊരുത്തമാകാത്ത എല്ലാ സംഘങ്ങളിൽനിന്നും അകന്നുനിൽക്കാനുള്ള ത്വര ആൾക്കൂട്ടം വായനക്കാരിൽ ഉണ്ടാക്കുന്നുണ്ട്. അതൊരു പ്രതിലോമകരമായ, അരാജകത്വം നിറഞ്ഞ സ്വാധീനമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു. എന്നാൽ എനിക്ക് ആ വായനകൾ പുതിയ ചില ആത്മബോധങ്ങളാണ് നൽകിയത്. വ്യക്തിസ്വത്വത്തിൽനിന്ന് സമുദായികസ്വത്വത്തെ സംബന്ധിച്ച കൂടുതൽ ആലോചനകളിലേക്കും അതെന്നെ കൊണ്ടുപോയി.

മറ്റൊന്നു ഭാഷയെ സംബന്ധിച്ചതാണ്. ആൾക്കൂട്ടത്തിലെ ഗദ്യം എനിക്ക് നല്ല ആത്മവിശ്വാസം പകർന്നു. സാഹിത്യഭാഷയ്ക്കു പുറത്തും സാഹിത്യമെഴുതാം എന്ന് അത് എന്നെ പഠിപ്പിച്ചു. ധൈഷണിക ഭാവനയാൽ ഭാഷയെ സ്വതന്ത്രമാക്കുക, ഭാഷയുടെ അതിരുകളെ ഇല്ലാതാക്കുക, ഒരു വേള ഭാഷയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കഥകൾതന്നെയും തുടച്ചുനീക്കുക. ഫിക്ഷനിലൂടെ അതു സാധ്യമാകുമെന്നും ഫിക്ഷൻ, നോൺഫിക്ഷൻ എന്നീ വേർതിരിവുകൾ എഴുത്തിലെ സാങ്കേതികത മാത്രമാണെന്നും എനിക്കു ബോധ്യമായി. എഴുത്ത് അതിന്റെ സമഗ്രതയിൽ സാഹിത്യവും സാഹിത്യേതരവുമായ എല്ലാ ആവിഷ്‌കാരങ്ങളും ചേർന്ന മനുഷ്യാവസ്ഥയാണ്.

ആൾക്കൂട്ടത്തിലെ ഒരു പ്രധാന സാന്നിധ്യം നമ്മുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ച വലിയ ആലോചനകൾ ആ നോവലിൽ ഉള്ളതുകൊണ്ടാവാം ചൈനയുമായുള്ള യുദ്ധപരാജയത്തിനുശേഷം ദുർബലനും ദുഃഖിതനുമായിത്തീർന്ന ഒരു നെഹ്രുവിനെ ആനന്ദ് അവതരിപ്പിക്കുന്നത്. നെഹ്‌റുവിയൻ രാഷ്ട്രീയത്തിന്റെ വീഴ്ചകൾ, ഒത്തുതീർപ്പുകൾ എന്നിവയെല്ലാം അവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫിക്ഷൻ, നോൺഫിക്ഷൻ എന്നീ വേർതിരിവുകൾ എഴുത്തിലെ സാങ്കേതികത മാത്രമാണെന്ന് എനിക്കു ബോധ്യമായി. എഴുത്ത് അതിന്റെ സമഗ്രതയിൽ സാഹിത്യവും സാഹിത്യേതരവുമായ എല്ലാ ആവിഷ്‌കാരങ്ങളും ചേർന്ന മനുഷ്യാവസ്ഥയാണ്.

മുംബൈ മഹാനഗരത്തിന്റെ ടോപോഗ്രഫിയാണു നോവലിന്റെ മറ്റൊരു സവിശേഷത. ദേശമെന്നതു നഗരമാകുന്നു. ഏതൊരു വ്യക്തിയെയും അജ്ഞാതനാക്കാൻ നഗരത്തിനു കഴിയുമല്ലോ. നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്, അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രവൃത്തി. നഗരപാതകളിലൂടെ വേഗത്തിൽ നീങ്ങുന്ന മനുഷ്യരെ അവരുടെ സംസാരങ്ങൾ ശ്രദ്ധിച്ചു പിന്തുടരുക. അങ്ങനെ വൈകിട്ടു വരെ നടക്കുകയാണെങ്കിൽ അതിശയം പകരുന്ന ഒരുപാടു കഥകൾ ലഭിക്കും. പക്ഷേ ആ കഥകളൊന്നും പൂർണമായിരിക്കുകയില്ല. അജ്ഞാതരായ ആ മനുഷ്യരുടെ ജീവിതകഥകൾ കേട്ട നാം തന്നെ വേണം അതു പൂരിപ്പിക്കാൻ.

കേരളീയതയെന്നും കേരളീയപാരമ്പര്യം എന്നും വിശേഷിപ്പിക്കാറുള്ള സ്വത്വവിചാരങ്ങൾ തീരെ ഈ നോവലിൽ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത് ഈ പാരമ്പര്യമില്ലായ്മയുടെ സ്വാതന്ത്ര്യമാണ്. അതൊരു തരം ഏകാന്തത കൂടിയാണ്. സാഹിത്യത്തിലോ സംസ്‌കാരത്തിലോ രാഷ്ട്രീയത്തിലോ വിശേഷിച്ച് ഒരു പാരമ്പര്യവും ഇല്ലാത്ത പശ്ചാത്തലത്തിൽനിന്ന് വന്ന എനിക്ക് ആൾക്കൂട്ടത്തിലെ ഏകാന്തമായ അനുഭൂതിമണ്ഡലം വെള്ളത്തിൽനിന്നു ഷോക്കേൽക്കുന്നതുപോലെ മാരകമായിരുന്നു. ഒരുപക്ഷേ പിന്നീട്, പല സുഹൃത്തുക്കളോടും ആനന്ദിനെപ്പറ്റി സംസാരിക്കേണ്ടിവരുമ്പോഴെല്ലാം എനിക്ക് എന്റെ അനുഭവം വിശദീകരിക്കാനാവാതെ പോയതും അതുകൊണ്ടാവും. തനിമയോടും ശുദ്ധിസങ്കല്പങ്ങളോടുമുള്ള പ്രതിപത്തി ഇല്ലാതെപോയതിന്റെ ആശയക്കുഴപ്പമായിരുന്നു അത്.

ധിഷണയെ വൈകാരികമായ മുറുക്കത്തോടെ അവതരിപ്പിക്കുന്ന ആൾക്കൂട്ടത്തിലെ ആഖ്യാനരീതി എനിക്കിഷ്ടമായി, ചെരുപ്പുകുത്തിയും കല്ലുവെട്ടുകാരനും റോഡുപണിക്കാരനും ആക്രിക്കച്ചവടക്കാരനും തുടങ്ങി ഏറ്റവും കഠിനമായി വേലയെടുക്കുന്നവരെല്ലാം അവിടെ ദാർശനികമായ സംസാരങ്ങളുടെ വാഹകരായി മാറി. യുദ്ധത്തിനും ക്ഷാമത്തിനും നാഗരികതയ്ക്കുമിടയിൽ പെട്ടുപോകുന്ന മനുഷ്യരുടെ നിസ്സഹായതകളുടെയും യാതനകളുടെയും പ്രതിനിധാനമാണ് നോവലിലെ ഭാഷ നിർവഹിച്ചത്. സാഹിത്യഭാഷ ഉപേക്ഷിച്ചുവെങ്കിലും വൈകാരികശക്തി പോകാത്ത ആവിഷ്‌കാരമായിരുന്നു അത്.

ആൾക്കൂട്ടം എന്ന പദം ഇന്ന് ആൾക്കൂട്ടക്കൊല എന്ന മൂർത്തമായ രാഷ്ട്രീയഹിംസയായി പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും വികാരശൂന്യവും അക്രമോൽസുകവുമായ പറ്റത്തിന്റെ ഭയാനകമായ കാഴ്ചയാണത്. അത് നമ്മുടെ നാട്ടിൽ ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്ക്, ഒരു ഗ്രാമത്തിൽനിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പടർന്നുപിടിക്കുന്നതും നാം കാണുന്നു. എന്നാൽ ഈ വിപത്തിനു സമാന്തരമായി ഒരു നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്കു പലായനം ചെയ്തു കൊണ്ടിരിക്കുന്ന സാധാരണ മനുഷ്യരുടെ റിപ്പബ്ലിക് കൂടി ഇപ്പോൾ ദൃശ്യമായിട്ടുണ്ട്. വിഭജനകാലം മുതൽക്കേ അത്തരമൊരു റിപ്പബ്ലിക് ഇവിടെയുണ്ടായിരുന്നുവെന്ന് ആദ്യം നമ്മുടെ ഭാഷയിൽ നാം കണ്ടത് ആൾക്കൂട്ടം എന്ന നോവലിലാണ്.

ഇന്ന്, ആ കൃതിയിൽനിന്ന് അകലെ ഒരിടത്തിരിക്കെ, ആ ഫിക്ഷന്റെ വിദൂരമായ അനുഭവം ഓർത്തുകൊണ്ടാണു ഞാനിത് എഴുതുന്നത്. മറ്റൊരു രീതിയിൽ, കുമാരനാശാന്റെ വാക്കുകളിൽ പറഞ്ഞാൽ-

""സ്വയമിന്ദ്രീയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞുപോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടുപോൽ.''
ആ നോവൽ സൃഷ്ടിച്ച മാറ്റങ്ങളാൽ, ആ വായനയുടെ സ്മരണകൾ ഉണർത്തുന്ന സ്‌നേഹവും പ്രതിബദ്ധതയുമാണ്, എന്നെ ആ പുസ്തകത്തോട് ഇപ്പോഴും ചേർത്തുനിർത്തുന്നത്. നോവലിലെ അവസാന രംഗത്തിൽ, പലതരം വിചാരങ്ങളുമായി ഇരിക്കുന്ന സുനിലിന് ഒടുവിൽ തന്റെ ഏകാന്തത അസഹ്യമായിതോന്നിത്തുടങ്ങുന്നു. അയാൾ എഴുന്നേറ്റ് മുറിപൂട്ടി പുറത്തേക്കിറങ്ങി തെരുവിലെ ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞുപോകുന്നു. 30 വർഷം മുൻപ് അതു കണ്ടപ്പോൾ സുനിലിനു പിന്നാലെ സഞ്ചരിക്കണമെന്ന്, അറിയാതെ അയാളെ പിന്തുടരണമെന്ന് എനിക്ക് ഉൽക്കടമായ ആഗ്രഹം തോന്നിയിരുന്നു. ആ ആഗ്രഹമാണ് എന്നെ പിന്നീടു മറ്റു പുസ്തകങ്ങളിലേക്കും കൂടുതൽ മനുഷ്യരിലേക്കും കൊണ്ടുപോയത്. ഇപ്പോൾ നോക്കുമ്പോൾ പണ്ടു സഞ്ചരിച്ച ജനനിബിഡമായിരുന്ന സ്ഥലങ്ങൾ പലതും വിജനമായി കാണുന്നു. പല വാക്കുകളും വീടുകളും അനാഥമായി കിടക്കുന്നു. അവിടെ മനുഷ്യരുണ്ടായിരുന്നുവെന്നതിനുള്ള തെളിവ് എന്റെയും നിങ്ങളുടെയും സ്മരണകൾ മാത്രമാണെന്നും ഞാൻ തിരിച്ചറിയുന്നു. നിരൂപകൻ വൈദ്യശാസ്ത്ര വിദ്യാർഥിയെപ്പോലെയാണെന്നു ചിലർ പറയാറുണ്ട്. വായിക്കുന്ന കൃതിക്കു താനപ്പോൾ പഠിക്കുന്ന രോഗമുണ്ടെന്ന് അയാൾ സംശയിക്കുന്നു. എന്നാൽ വായനക്കാരന് അങ്ങനെ തോന്നുകയില്ല. അതുകൊണ്ടാണു ആൾക്കൂട്ടം ഇപ്പൊഴും ചെറുപ്പക്കാരുടെ പുസ്തകമായി തുടരുന്നത്.

Comments