മൂന്ന് ദശകത്തിന് ശേഷവും എഴുത്തുകാരനെ തിരഞ്ഞുചെല്ലുന്ന ക്രോധത്തിന്റെ ഭീകരത

താധികാരമോ രാഷ്ട്രീയാധികാരമോ ഫിക്ഷനെ ഒരിക്കലും സ്വതന്ത്രമായി വിട്ടിട്ടില്ല. നിയമം കൊണ്ടോ പ്രമാണം കൊണ്ടോ നിർമിച്ച ചട്ടക്കൂടിനകത്തുള്ള ആവിഷ്‌കാരത്തിനു മാത്രമേ പ്രോൽസാഹനമുള്ളു.

റോമാ സാമ്രാജ്യം എന്ന ദേശീയവികാരം കവിതകളിലൂടെ നിർമിച്ച മഹാകവി വെർജിലിനു പോലും ഒടുവിൽ ചക്രവർത്തിയുടെ അനിഷ്ടത്തിനു പാത്രമായി നാടുവിടേണ്ടിവന്നു. മഹാകവിയുടെ കവിതകളെ ലൈബ്രറികളിൽ നിന്നു വിലക്കിയാണ് ഭരണകൂടം അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചത്.

സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലും സർഗസ്വാതന്ത്ര്യത്തിന് എന്തു സംഭവിച്ചുവെന്നത് വിശദീകരിക്കേണ്ട ആവശ്യമില്ല. സ്വേച്ഛാധികാരത്തിനു കീഴിൽ ഒരുപറ്റം എഴുത്തുകാർ എപ്പോഴും തടവറയിലേക്കോ കഴുമരത്തിലേക്കോ പോകുന്നു. വേറൊരു പറ്റം ഭീഷണികളേതുമില്ലാതെ പുരസ്‌കാരങ്ങളും ഭൗതികസുഖങ്ങളും നേടിയെടുത്തു എഴുത്തുതുടരുന്നു. പടിഞ്ഞാറൻ യൂറോപ്പിലും എഴുത്തുകാർ പലതരത്തിലുള്ള നിയന്ത്രണങ്ങൾക്കു വിധേയരായിട്ടുണ്ട്. ഡി.എച്ച്. ലോറൻസിന്റെ കൃതി ബ്രിട്ടനിൽ അച്ചടിച്ചത് 20 വർഷത്തെ നിരോധനത്തിനുശേഷമാണ്. ഗോസ്പൽ അക്കോർഡിങ് ടു ജീസസ് ക്രൈസ്റ്റ് എഴുതിയ ഷുസെ സരമഗുവിനു സ്വന്തം നാടായ പോർച്ചുഗലിൽനിന്നു പലായനം ചെയ്യേണ്ടിവന്നു. ഓസ്ട്രിയൻ നാഷനലിസത്തെ കണക്കറ്റു പരിഹസിച്ച തോമസ് ബേൺഹാഡ് മരണം വരെ അവിടെ അനഭിമതനായി തുടർന്നു.

ഷുസെ സരമഗു / Photo: josesaramago.org

റെയ്നാൾഡോ അരിനാസിനെപ്പോലുള്ള എഴുത്തുകാർ ക്യൂബയിലും നരകിച്ചു തീർന്നുപോയി. ചിത്രകാരനായ എം.എഫ്. ഹുസൈന് ഇന്ത്യവിട്ടുപോകേണ്ടിവന്നു. തങ്ങൾക്ക് അഹിതമായതെന്തും ഒരു പ്രേമകവിതയായാലും തടയുന്ന അമിതാധികാര ക്രോധം മതപൗരോഹിത്യത്തിനു മാത്രമല്ല രാഷ്ട്രീയാധികാരത്തിന്റെയും പാരമ്പര്യശക്തികളുടെയും സ്വഭാവമാണ്, എല്ലാക്കാലത്തും. ഈ ഭീകരതയ്ക്ക് അന്ത്യമില്ലെന്ന് സൽമാൻ റുഷ്ദി നേരിട്ട വധശ്രമം നമ്മെ ഓർമിപ്പിക്കുന്നു. ക്രോധം സാമാന്യമാകുമ്പോൾ പരിഷ്‌കൃതി ആസന്നമരണലക്ഷണം കാണിക്കും.

ക്രോധമെന്നത് ആൾക്കൂട്ടത്തിന്റെ ഹൃദയവികാരങ്ങളുമായി ചേർന്നു പോകുന്നതായതുകൊണ്ടാണ് ചില ദണ്ഡമുറകൾ ഇപ്പോഴും തുടരുന്നത്, അതിലൊന്നു മതനിന്ദയാണ്. ഈ സാഹചര്യത്തിൽ
റുഷ്ദിയുടേത് ഒഴികെ മറ്റെല്ലാ എഴുത്തുകാരുടെയും പൗരാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു എന്നു നിലപാടെടുക്കുന്നവരെ നാം സൂക്ഷിക്കണം. മറ്റൊരാളെ കൊല്ലണമെന്ന മതവിധിക്ക് പ്രാധാന്യമോ ആധികാരികതയോ ഉള്ള ഒരിടത്ത് ഫിക്ഷനോ കവിതയ്ക്കോ തുടരാനാവില്ല. ഫത്വ പുറപ്പെടുവിച്ച ഖുമൈനി ആ നോവൽ വായിച്ചിരുന്നില്ല. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതമായ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയും ഉയർത്തിവിട്ട ജനരോഷത്തെ വഴിതിരിച്ചുവിടാൻ ഖുമൈനിക്ക് വീണുകിട്ടിയതാണ് സേറ്റാനിക് വേഴ്സസ്. പക്ഷേ ആ ക്രോധം ഖുമൈനിയുടെ ഫത്വക്കു മുൻപേയും ഉണ്ടായിരുന്നു. ഇന്ത്യയായിരുന്നു നോവൽ ആദ്യം നിരോധിച്ചത്. പിന്നാലെ പാക്കിസ്ഥാനും. ഇരുരാജ്യങ്ങളിലും അത് തെരുവുകലാപമായി മാറി. റുഷ്ദിയുടെ ജന്മനാടായ മുംബൈയിൽ മാത്രം 12 പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ 7 പേരും. ഇറാൻ ഭരണകൂടത്തിനകത്ത് ഇക്കാര്യത്തിൽ ഭിന്നതകളുണ്ടായിട്ടും മതശാസന പുറത്തുവന്നു. മൂന്നു ദശകത്തിനുശേഷവും അത് എഴുത്തുകാരനെ തിരഞ്ഞുചെന്നു.

ആയതുള്ള ഖുമൈനി / Photo: Wikimedia

മതക്രോധവും സാഹിത്യഭാവനയും തമ്മിൽ ഒരു കാലത്തും പൊരുത്തമുണ്ടായിട്ടില്ല. ഉണ്ടാകുകയും ഇല്ല. മറ്റൊരാൾക്കു നേരെയോ ഇതര മൂല്യങ്ങൾക്കുമീതെയോയുള്ള അധികാരത്തിന്റെ പ്രകടനമാണു ക്രോധം. രാഷ്ട്രീയാധികാരമായാലും മതാധികാരമായും ക്രോധത്തിന്റെ ഭീകരതയുടെ കാര്യത്തിൽ ഒന്നാണ്. എല്ലാ സമഗ്രാധികാര ചിന്തയും ഇതര ആശയങ്ങളെയും അനുഭൂതികളെയും അതുളവാക്കുന്ന മൂല്യബോധത്തെയും നിരാകരിക്കുന്നു. ഈ നിരാസത്തിന്റെ പ്രയോഗമാണു റുഷ്ദിക്കെതിരായ നടന്നത്.

Comments