റസൽ

‘അക്കാമൻ’: മതേതരത്തെരുവിലെപ്രതിനായകർ

​സമുദായമായിട്ടും ജാതിയായിട്ടും പാർട്ടിയായിട്ടും സവർണതയായിട്ടും ഒക്കെ ജീവിതത്തിന്റെ പിരിയൻ ഗോവണിയിലേക്ക് പിടിച്ചുകയറുന്ന വള്ളിപ്പടർപ്പുകൾപോലെ, പൊരിഞ്ഞു നിൽക്കുന്ന പ്രതിയോഗിതയുടെ ഉള്ളും പുറവും ഒരുപക്ഷേ, ഈ ആത്മകഥയെ കുറേക്കൂടി വലിയ ക്യാൻവാസിലേക്ക് കൊണ്ടുവരുന്നു.

‘ഹേ ഞാനെന്തിന് പേടിക്കണം സർ. സാറിന്റെ മറവിലല്ലേ ഞാൻ നിൽക്കുന്നത്. കാലന്റെ കാലനായ ശിവനെപ്പോലെ സർ ഇവിടെയില്ലേ? ശിവന്റെ മറവിൽനിന്ന കുമാരനായ മാർക്കണ്ടേയന്റെ തലയിലേക്കെറിഞ്ഞ കാലന്റെ കയർ ചെന്നുവീണത് ശിവരൂപത്തിന്റെ കഴുത്തിലല്ലേ...’

‘എന്തായാലും മലയാളം പഠിച്ചതിന്റെ ഗുണമുണ്ട്.’, പ്രിൻസിപ്പൽ സന്തോഷത്തോടെ പറഞ്ഞു.

പ്പോഴും പ്രതിയോഗി പല രൂപത്തിൽ വരിഞ്ഞുമുറുക്കുന്ന ഒരു ജീവിതം റസൽ എഴുതിയ അക്കാമൻ എന്ന ആത്മകഥ/ ആത്മനോവലിലുണ്ട്. ആത്മനോവൽ എന്ന പ്രയോഗം മലയാളത്തിൽ ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. അങ്ങനെ പേരിടാതെത്തന്നെ ഇതുപോലുള്ള കഥാരൂപങ്ങൾ മലയാളത്തിൽ കണ്ടിട്ടുണ്ട്. ആത്മകഥയെ കൂടുതൽ കഥാപാത്രവൽക്കരിക്കുമ്പോൾ ഒരുപക്ഷേ ആത്മനോവൽ ആയേക്കും. ആത്മകഥ നമുക്ക് സുപരിചിതമാണ്. എന്നാൽ അത് വെറും കഥയല്ല, എന്നും നമുക്കറിയാം. ആംഗലേയത്തിൽ self narratives എന്നുപറയുമ്പോൾ കൂടുതൽ ശരിയാവും. ആത്മാഖ്യാനങ്ങൾ എന്ന് പരിഭാഷപ്പെടുത്തേണ്ടി വരുമെന്നർത്ഥം. ചരിത്രവും ഭാവനയുമൊക്കെ കൂടിക്കലർന്ന ഒന്നാണ്, ഏതായാലും ഇവയൊക്കെ. ആത്മകഥയെക്കാൾ രചനാസ്വാതന്ത്ര്യം ഒരുപക്ഷേ ആത്മനോവലിൽ അവകാശപ്പെടാം. അതിനുകാരണം, ഈ സാഹിത്യഗണത്തിന്റെ വ്യാസമാണ്.
ഈ കൃതിക്ക്, മേന്മയേറിയ മുഖക്കുറി എഴുതിയ എൻ. പ്രഭാകരൻ, അതിൽ കുറിക്കുന്നതുതന്നെ സത്യം: ‘തന്റെ ജീവിതാനുഭവങ്ങൾ മറ്റൊരാളുടെ ജീവിതത്തിലെന്നപോലെ അനുഭവങ്ങളെന്നപോലെ കാണാനാവണമെന്ന് റസലുദ്ദീന് എന്തുകൊണ്ടാണ് തോന്നിയതെന്നറിയില്ല. എന്തുകൊണ്ടായാലും, ആ തോന്നലിന്റെ സദ്ഫലമാണ് ഈ ആത്മനോവൽ.' (07).

ഉള്ളിൽ തിളയ്ക്കുന്ന ജീവിതത്തിന്റെ ഉടമയാണ് റസലുദ്ദീൻമാഷെന്നു തിരിഞ്ഞത്, കാലിക്കറ്റിൽ, ഞങ്ങളുടെ പഠനവകുപ്പിൽ ഏതാനും മാസങ്ങൾ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്തപ്പോഴാണ്.

പ്രഭാകരൻ മാഷിന്റെ മൊഴി മുഖവിലക്കെടുത്തുകൊണ്ടുതന്നെ പറയട്ടെ, നേരത്തെ സൂചിപ്പിച്ച സാമൂഹ്യശ്രേണിയിൽനിന്ന്​ സമ്മർദ്ദ ബലതന്ത്രം പോലെ സംഭവിക്കാവുന്നതാവും ഇവയൊക്കെ എന്ന് കരുതാനാണെനിക്കിഷ്ടം.
സമുദായമായിട്ടും ജാതിയായിട്ടും പാർട്ടിയായിട്ടും സവർണതയായിട്ടും ഒക്കെ ജീവിതത്തിന്റെ പിരിയൻ ഗോവണിയിലേക്ക് പിടിച്ചുകയറുന്ന വള്ളിപ്പടർപ്പുകൾപോലെ, പൊരിഞ്ഞുനിൽക്കുന്ന പ്രതിയോഗിതയുടെ ഉള്ളും പുറവും ഒരുപക്ഷേ, ഈ ആത്മകഥയെ കുറേക്കൂടി വലിയ ക്യാൻവാസിലേക്ക് കൊണ്ടുവരുന്നു.

സി.ജെ. തോമസ്

ഉള്ളിൽ തിളയ്ക്കുന്ന ജീവിതത്തിന്റെ ഉടമയാണ് റസലുദ്ദീൻമാഷെന്നു തിരിഞ്ഞത്, കാലിക്കറ്റിൽ, ഞങ്ങളുടെ പഠനവകുപ്പിൽ ഏതാനും മാസങ്ങൾ വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്തപ്പോഴാണ്. അദ്ദേഹം നാടകത്തിന്റെയും വിശിഷ്യ സി.ജെയുടെ ഒരു സ്‌പെഷ്യലിസ്റ്റ് ആയിരുന്നു എന്നു വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, സി.ജെ. തോമസിന്റെ ജീവിതത്തെ സ്വന്തം ജീവിതം കൊണ്ടും ഏറെക്കുറെ പരിഭാഷപ്പെടുത്താൻ ശ്രമിച്ച ആളാണെന്ന് ഈ സഹവാസത്തിലൂടെയാണ് മനസ്സിലായത്.

ഇളംചിരിയുടെ ചിമിഴിൽ വലിയ ആനന്ദവും ദുഃഖവും ഇയാൾ ഒളിച്ചുവച്ചിട്ടുണ്ടെന്ന തിരിച്ചറിവായിരിക്കണം, റസലിനെ എന്റെ ജീവിതത്തിലേക്ക് ഞാൻ ചിലപ്പോഴെങ്കിലും ചേർത്തുവച്ചു- പ്രത്യേകിച്ച് ഞാൻ അനുഭവിച്ച പ്രതിസന്ധിഘട്ടങ്ങളിൽ. ഏറെ വ്യത്യസ്തമായ ചരിത്രവും പാരമ്പര്യവുമുള്ള രണ്ടു പ്രദേശങ്ങളിൽനിന്ന്​ ഉയിർത്തെഴുന്നേറ്റുവന്ന അഭ്യസ്തവിദ്യരായ രണ്ടു ‘കാക്കാ'മാരുടെ ജീവിതം ഇത്രമേൽ ഇരുണ്ടതും കറുത്ത ഹാസ്യം കലർന്നതുമായി മാറിയതെന്തേ എന്നും വല്ലപ്പോഴും ആലോചിക്കാതില്ല.

അക്കാമൻ wtp ഓൺലൈൻ മാധ്യമത്തിൽ ഖണ്ഡശ്ശഃയായി വന്നപ്പോഴാണ് വായിച്ചുതുടങ്ങിയതെങ്കിലും പലപ്പോഴും വിഘ്‌നം നേരിട്ടു. റസൽ സ്‌നേഹപൂർവ്വം കോപ്പി അയച്ചുതന്നു. മുഴുവൻ വായിച്ചപ്പോഴാണ് ചില ഗണത്തിൽപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ ആരും തുറന്നുകാണാത്ത
ഒരു താമോഗാർത്തം ഈ കൃതിയിലുണ്ട് എന്നുതോന്നിയത്. തുറന്നുകാണിക്കാതെ തന്നെ തങ്ങളുടെ ചരിത്രം മറ്റുള്ളവരറിയും എന്നുറപ്പുള്ള ഒരു വെൺപാട (Creamy Layer) സമൂഹത്തിലുണ്ട്. ആഖ്യാനങ്ങളുടെ കർതൃത്വം അവർ പോലുമറിയാതെ അവരുടെ ഖജനാവിലേയ്ക്ക് വന്നുകൊണ്ടിരിക്കും. അതിന്റെ പലിശ വേറെയും. മറ്റു ചിലർ മലർക്കെത്തുറന്നുവച്ചാലും ആരും അതിലേക്കൊന്ന് പാളിനോക്കുകപോലുമില്ല. അതറിഞ്ഞുകൊണ്ട് അവരിൽ പലരും സ്വയം അവയെ അടച്ചുവയ്ക്കും. മൂന്നാമത്തെ ഗണത്തിലെ എഴുത്തുകാരനാണ്, റസലുദ്ദീൻ. അവർക്ക് അത് ഏതെങ്കിലും നിലയ്ക്ക് തുറന്നിടാതിരിക്കാൻ കഴിയില്ല. അവർ ചരിത്രത്തിൽ വിശ്വസിക്കുന്നവരാണ്. പുറത്തുകാണുന്നതിനേക്കാൾ അകത്തുതന്നെ അടയ്ക്കപ്പെടുന്ന സ്വത്വചരിത്രമുള്ള ഈ മനുഷ്യരുടെ ജീവിതം, ഒരുപക്ഷേ പോസ്റ്റ്മോർട്ടം പോലെ തുറന്നുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ.

കോളനി ലിബറൽ മൂല്യസങ്കല്പത്തിനുള്ളിൽ വിപ്ലവചരിത്രത്തിൽനിന്ന്​മാറ്റിനിർത്തിയ നമ്മുടെ നാട്ടിലെ ഏതാനും കുടുംബങ്ങളുടെ / മനുഷ്യരുടെ വംശാവലി ചരിത്രം ലബ്ബമാരെന്ന ഖബീലയുമായി ബന്ധപ്പെട്ട് വെളിപ്പെടുന്നു എന്നത് ഈ ആത്മനോവൽ മലയാളത്തിന് നൽകുന്ന പുതുമയാണ്.

സി. ജെ. ഇവന്റെയും പ്രിയപ്പെട്ടവനാണ്. പോരാട്ടങ്ങളുടെ ചരിത്രം മുഴുവൻ മുഷ്ടിചുരുട്ടി വലിയ വായിലേക്ക് മുദ്രാവാക്യം വിളിക്കുന്നവരും ഉച്ചത്തിൽ പ്രസംഗിക്കുന്നവരും ഉഴിഞ്ഞിടപ്പെട്ട ഒരു പാരമ്പര്യത്തിൽനിന്ന്​ വ്യത്യസ്തമായി, സംസ്‌കാരത്തിന്റെ മഞ്ഞുജ്വാല കൊണ്ട്, മൗനത്തിന്റെ കഥയെഴുതുന്നവരുണ്ട്. അക്കൂട്ടരുടെ പ്രതിനിധിയാണ്, റസൽ എന്ന അധ്യാപകനും എഴുത്തുകാരനും.
കോളനി അധികാരശ്രേണികൾ ജനാധിപത്യത്തിന്റെ ഇരിപ്പിടത്തിന്​ഒഴിഞ്ഞുകൊടുത്ത ചെമ്പട്ടുകോണകങ്ങൾ ജാതിയും മതവും അധികാര രാഷ്ട്രീയവും പങ്കിട്ടെടുക്കുന്ന ചരിത്രത്തിന്റെ കൂടെ നിൽക്കുമ്പോൾ ദയാവായ്‌പോടെ അനുവദിച്ചുനൽകുന്ന കൺകെട്ടുവിദ്യയിൽ അഭിരമിക്കാതെ, ഒരാൾ തന്റെ ജീവിതത്തിനകത്തേയ്ക്ക് തിരിഞ്ഞുനോക്കിയതിന്റെ അടയാളമാണ് അക്കാമൻ എന്ന പുസ്തകം.

കോളനി ലിബറൽ മൂല്യസങ്കല്പത്തിനുള്ളിൽ വിപ്ലവചരിത്രത്തിൽനിന്ന്​മാറ്റിനിർത്തിയ നമ്മുടെ നാട്ടിലെ ഏതാനും കുടുംബങ്ങളുടെ / മനുഷ്യരുടെ വംശാവലി ചരിത്രം ലബ്ബമാരെന്ന ഖബീലയുമായി ബന്ധപ്പെട്ട് വെളിപ്പെടുന്നു എന്നത് ഈ ആത്മനോവൽ മലയാളത്തിന് നൽകുന്ന പുതുമയാണ്. ലബ്ബമാർ അരികുകളിലേയ്ക്ക് മാറ്റിനിർത്തപ്പെട്ടവരല്ല. അറബി നാടുകളിൽ നിന്നും തെന്നിന്ത്യയിലും മറ്റും പല ജീവിതസാഹസിക സഞ്ചാരങ്ങളിലൂടെ എത്തിപ്പെട്ട് ഇവിടത്തുകാരായിത്തീർന്നവരാണ്​.

നാരായണഗുരുവും അയ്യങ്കാളിയും മാർക്‌സും യതിയും കൂടാതെ മലക്കുകളും ഹദീസും നബിയും സൂഫിയും എന്നുവേണ്ട, എല്ലാം എല്ലാം നാട്ടുമാവിൻ ചുന പോലെ മണക്കുന്ന താളുകൾ ഈ ചരിത്രത്തിൽ ഏറെയുണ്ട്.

അധികാരപർവം ചുറ്റിനും അതിന്റെ ചന്ദ്രഹസമിളക്കുമ്പോൾ മതവും കുടുംബവും പഠിപ്പിച്ച ഒരു ‘തൻപേച്ചി'ൽ നിന്ന്​ കഥയുടെ വേര് ചികഞ്ഞെടുക്കുകയാണ്, ഈ ആത്മനോവൽ. ഒരുപക്ഷേ റസലിന്റെ ജീവിതകഥയിൽ അനുവാചകരെ ഏറ്റവും ഹൃദ്യമായി പിന്തുടരുന്നത് ഈ മിത /മതഭാഷണത്തിന്റെ മിതോളജിയാണ്. ലബ്ബമാരുടെ ചരിത്രവും കുടുംബാഭിമാനവും വൈകാരികതയും ഒത്തിണങ്ങിയവരും സംഘർഷത്തിന്റെ വിത്തുവിതച്ച് സ്വയം എരിഞ്ഞടങ്ങുകയും ചെയ്തവരും കുറവല്ല. ഈ ഖബീലയുടെ പ്രാദേശിക ജീവിതത്തിന്റെ ഉണ്മ നിറഞ്ഞ ആഖ്യാനം ഒരുപക്ഷെ അക്കാമനിലെ തിളങ്ങുന്ന അധ്യായമാണ്. അവിടെ ഭാഷ വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളെപ്പോലെയാണ്. അക്കാമൻ എന്ന പേരിന്റെ പൊരുൾ അവസാനം വെളിപ്പെടുമ്പോലെ, ജീവിതത്തിൽ ഓർമയായും ഗുരുബിബം പോലെയും പിന്തുടരുന്ന ഒരാജാനുബാഹുവായ പിതൃഘടികാരത്തിൽ സന്ധിക്കുന്നു.

അരനൂറ്റാണ്ടിനുശേഷം ജന്മനാട്ടിലെത്തുന്നവരുടെ വേരുകൾ തേടിയുള്ള യാത്രയാണ്, ഈ ആത്മചരിതത്തിന്റെ ആദ്യഭാഗം. പൊന്നാടൻ മൂപ്പിലിന്റെ ചരിത്രത്തിൽ തുടങ്ങി, പെരിനാട്ട് ലബ്ബമക്കളിൽ ഒരുവൻ വിദേശത്തേക്ക് കടൽമാർഗം പായ്ക്കപ്പലിൽ യാത്ര പോയതും സുരക്ഷിതമായി കാലങ്ങൾക്കുശേഷം തിരിച്ചെത്തിയതും കുടുംബബന്ധം വളർന്നുവലുതായതുമായ നീണ്ട കാലത്തിന്റെ കഥകൾ. 13- നൂറ്റാണ്ട് തൊട്ടേ തമിഴ്‌നാട് കോറമണ്ഡൽ തീരത്തും അവിടെനിന്ന് മലബാറിലും വന്നുപെട്ട സമുദ്രസഞ്ചാരങ്ങളുടെ സങ്കീർണ ചരിത്രത്തിനകത്താണ് ഇവയൊക്കെ നിലകൊള്ളുന്നത്.

റസൽ എഴുതിയ 'അക്കാമൻ' പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്

കഥാപുരുഷന്റെ വർത്തമാന ജീവിതത്തിന്റെ തീച്ചൂളയിലേക്ക് വരുംതോറും ഈ വംശവാലി നായകപത്രത്തിന് നൽകിയ വീറും ഓജസ്സും ചെറുതല്ല. പ്രിയപ്പെട്ട ഉമ്മയുടെയും ബാപ്പയുടെയും പാഠാവലികളിൽനിന്ന്​ മൂല്യങ്ങളുടെ ഒരു കടൽതന്നെ കൊളുത്തിവലിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ബഷീർ പറഞ്ഞപോലെ, തന്റെ പൂർവപിതാക്കളുടെ ജീവിതം ചികഞ്ഞപ്പോൾ, കഥകളിൽ കണ്ടതും വായിച്ചതുമായ കള്ളന്മാരും കൊള്ളക്കരുമൊന്നും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവ്, ഈ കഥാകാരന്റെ സ്വജീവിതത്തിലുമുണ്ടെന്ന് ഈ പുസ്തകം പറയാതെ പറയുന്നു.

ഇടതുവിദ്യാർത്ഥി പക്ഷത്ത് സജീവമാകുകയും പിന്നെ അതിന്റെ പല നേതൃനിരകളിൽ ജീവിതം പയറ്റുകയും ധീരതയും മതേതരത്വവും മുറുകെപ്പിടിച്ചു കാലത്തോട് പ്രതികരിക്കുകയും ചെയ്ത ഒരു യുവാവിന്റെ മുമ്പിൽ, കുതികാൽവെട്ടിന്റെ മതപരവും ജാതീയവും സവർണവുമായ തത്വശാസ്ത്രം കൊണ്ട് പെരുമാറുന്ന സ്വത്വപരിസരമാണ് ഈ നോവലിന്റെ സംഘർഷസ്ഥലം.

നാട്ടുകഥകളും മതേതര ജീവിതവും ഒന്നിച്ചൊഴുകുന്ന ആഖ്യാനത്തിന്റെ ഈ നദി, പല ധാരകളായി ഈ എഴുത്തിലേക്ക് കടന്നുവരുന്നു. നാട്ടുജീവിതത്തിന്റെയും ദേശീയ ജീവിതത്തിന്റെയും നിരവധി അടരുകൾ വാർത്തമാനത്തിലേക്ക് ഒഴുകിപ്പരക്കുന്നുണ്ട്. തന്റെ ഗ്രാമത്തിന്റെ പഴയ മതേതര പ്രതാപങ്ങൾ ഓർമയിലൂടെ പ്രകാശിക്കപ്പെടുന്നു. നാരായണഗുരുവും അയ്യങ്കാളിയും മാർക്‌സും യതിയും കൂടാതെ മലക്കുകളും ഹദീസും നബിയും സൂഫിയും എന്നുവേണ്ട, എല്ലാം നാട്ടുമാവിൻ ചുന പോലെ മണക്കുന്ന താളുകൾ ഈ ചരിത്രത്തിൽ ഏറെയുണ്ട്. സമ്മോഹന തുല്യമായ ഒരു വംശാവാലിചരിതത്തോടൊപ്പം വിജാതീയമായ തന്റെ കുടുംബ ബന്ധത്തിന്റെ കഥയും സംഘർഷാത്മകമായി കൃതിയിൽ തൂന്നിച്ചേർത്തിട്ടുണ്ട്.

ഇടതുവിദ്യാർത്ഥി പക്ഷത്ത് സജീവമാകുകയും പിന്നെ അതിന്റെ പല നേതൃനിരകളിൽ ജീവിതം പയറ്റുകയും ധീരതയും മതേതരത്വവും മുറുകെപ്പിടിച്ചു കാലത്തോട് പ്രതികരിക്കുകയും ചെയ്ത ഒരു യുവാവിന്റെ മുമ്പിൽ, കുതികാൽവെട്ടിന്റെ മതപരവും ജാതീയവും സവർണവുമായ തത്വശാസ്ത്രം കൊണ്ട് പെരുമാറുന്ന സ്വത്വപരിസരമാണ് ഈ നോവലിന്റെ സംഘർഷസ്ഥലം. മറ്റൊലികൾ, പോർവിളികൾ എന്നീ ഭാഗങ്ങളിലാണ്, ഈ സംഘർഷത്തിന്റെ ചുരികയൊച്ചകൾ ഏറെ അലോസരപ്പെടുത്തുന്നത്.

ശ്രീനാരായണ ഗുരു, അയ്യങ്കാളി, നിത്യ ചൈതന്യ യതി.

‘കഴിഞ്ഞ മൂന്ന് ദശകങ്ങളായി എല്ലാ മേഖലകളിലുമുള്ള മനുഷ്യരിൽ ബഹുഭൂരിപക്ഷവും കരിയറിസത്തിനു വഴങ്ങിയ നമ്മുടെ നാട്ടിൽ ഈ മനുഷ്യൻ വല്ലാതെ ഒറ്റപ്പെടുന്നുണ്ട്. ദീർഘകാലം തങ്ങൾ നെഞ്ചോട് ചേർത്ത ആദർശങ്ങളും പ്രസ്ഥാനങ്ങളും ജീവിതത്തിലെ വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാവാതെ പോയല്ലോ എന്ന നിരാശ അവരെ നിർദ്ദയം വേട്ടയാടുന്നുണ്ടാവും. ഔദ്യോഗിക ജീവിതത്തിൽ അധികാരികളുടെ അധാർമ്മികതയും അതിനെതിരെയുള്ള പോരാട്ടത്തിൽ ആരും കൂടെയില്ലെന്ന വേദനാജനകമായ യഥാർഥ്യവുമായിട്ടുള്ള നിർബന്ധിത സഹവാസവും കാരണം കടുത്ത തിക്താനുഭവങ്ങളിലൂടെ തുടരെത്തുടരെ കടന്നുപോകേണ്ടിവന്നവരെ വിശേഷിച്ചും. അക്കാമൻ അങ്ങനെയുള്ള ഒരാളായിരുന്നു’ എന്ന് ഇക്കാര്യം എൻ. പ്രഭാകരൻ തന്റെ മുഖക്കുറിപ്പിൽ അത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഇയാളുടെ ഇടപെടലുകൾക്ക് ഉത്തരവാദിയായവരുടെ മാനസിക നിലവറയിലേക്ക് കണ്ണോടിക്കുമ്പോൾ നമുക്ക് കാണാവുന്ന കാര്യങ്ങൾ പൊതുവായുള്ള ഒന്നല്ല എന്നു തിരിയും. എപ്പോഴും തുണയായിരുന്ന പാർട്ടി പോലും ഒരു മറവിൽത്തിരുവിൽ വച്ച് അയാളെ ഉപേക്ഷിക്കുന്നു.
എം. സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്റെ വിധി, അക്കാമന്റെ ജീവിത പരിസരത്ത് ചുറ്റിത്തിരിയുന്നത് സൂക്ഷ്മവായനയിൽ നമുക്ക് തിരിച്ചറിയാനാവും. അവയുടെ സ്വത്വപരിസരവും സന്ദർഭവും വേറെയാണെന്നുമാത്രം. എന്നാൽ, താൻ കഥയിലൂടെ വികസിപ്പിക്കണണെന്ന് അകംമനസ്സിൽ വിചാരിച്ച കഥാബീജം പ്രിസത്തിൽ തട്ടിയുടഞ്ഞുപോകുന്ന പ്രകാശരശ്മികളെപ്പോലെ കനംകുറഞ്ഞുപോകുകയാണുണ്ടായത്. അതിന്റെ കാരണം ശില്പപരമായ പരിചരണക്കുറവോ ഉപബോധപരമായ ആലോചനകളോ ആയിരിക്കാമെന്ന് ഒരു വായനക്കാരൻ എന്ന നിലയ്ക്ക് ഞാൻ ഊഹിക്കുന്നു.

സമൂഹത്തിൽ നാം ഫിറ്റ് ചെയ്തുനടക്കുന്ന മുഖമല്ല, മനുഷ്യന്റെ യഥാർത്ഥ മുഖം. സ്വത്വനിർണയം പുറത്തുള്ളവരാൽ മാത്രം തീരുമാനിച്ചുറപ്പിക്കുന്ന ഒരു പ്രക്രിയയുമല്ല. അകംവെന്ത് പരുവമാകേണ്ട മനുഷ്യാവസ്ഥ അതിനകത്തുണ്ട്.

പൂച്ച് പുറത്താവുന്ന മുഖം പോലെയല്ല, ഉള്ളിലെ നാടകം. യുഗോ സ്ലാവ് ചിന്തകൻ അലി ജാ അലി ഇസ്സത്ത് ബെഗോവിച് പറഞ്ഞപോലെ നാടകവും ഉട്ടോപ്പിയയും പരസ്പര ഭിന്നമാണ്. ഇരുണ്ടു കൊഴുത്തൊരു മൃഗത്തെപ്പോലെ ‘നാടകം' (Drama) എപ്പോഴും ഓരോരുത്തരോടുമൊപ്പമുണ്ട്. മറഞ്ഞുകിടക്കുന്ന തമോഗർത്തത്തിന്റെ പിൻകാഴ്ചകൾ അത്രയെളുപ്പം ദൃശ്യമാകുകയില്ല. ഉട്ടോപിയയാവട്ടെ സദാ മുഴങ്ങിക്കൊണ്ടിരിക്കും- കൊതിപ്പിച്ചുകൊണ്ട്. സമൂഹത്തിൽ നാം ഫിറ്റ് ചെയ്തുനടക്കുന്ന മുഖമല്ല, അതുകൊണ്ടുതന്നെ, മനുഷ്യന്റെ യഥാർത്ഥ മുഖം. സ്വത്വനിർണയം പുറത്തുള്ളവരാൽ മാത്രം തീരുമാനിച്ചുറപ്പിക്കുന്ന ഒരു പ്രക്രിയയുമല്ല. അകംവെന്ത് പരുവമാകേണ്ട മനുഷ്യാവസ്ഥ അതിനകത്തുണ്ട്.

റസൽ പലപ്പോഴായി ചില കഥകളെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ട്. കാലിക്കറ്റിൽ എം. എക്കും പിന്നെ പി. എച്ച്​ഡിക്കും അപേക്ഷിക്കുകയും പിന്നെ വിട്ടുപോകുകയും ചെയ്ത കഥ. മലയാളത്തിന്റ ‘ആദ്യ തലൈവരാ'യ സുകുമാർ അഴീക്കോട് തന്നെയായിരുന്നു, കഥയിലെ മുഖ്യ വില്ലൻ. ടി.പി. സുകുമാരൻ മാഷ് വരച്ച അഴീക്കോടിന്റെ ഹൃദ്യമായ പോർട്രൈറ്റിന്റെ താഴെയിരുന്നാണ് ആ കഥകൾ അദ്ദേഹം പറഞ്ഞത്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആ പോർട്രൈറ്റിനെ, റസൽ ഇടയ്ക്ക് ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു, മറ്റൊരാർത്ഥത്തിൽ. ആ സമരത്തിന്റെ കഥ ഒന്നോ രണ്ടോ അധ്യായമായി ഈ നോവലിനകത്തുണ്ട്.

സുകുമാർ അഴീക്കോട്

കഥകൾ മാല പോലെയാണ്. കഥാമാലിക എന്ന പേര് അതുകൊണ്ടാണ്.
ഇതേ ഗുരുവിന്റെ ശിക്ഷിപ്പുകൊണ്ടുണ്ടായ ‘മലയാള'ത്തിന്റെ ഒരു ബദൽ കഥ ഞാൻ ഓർത്തുപോയി- എം. എ. റഹിമാന്റെ പഠനകഥ. ‘മലയാളം കൂട്ടിയെഴുതാൻ പാങ്ങില്ലാത്ത' ഒരാൾ എന്ന പരസ്യകലക്ക് റഹ്​മാനെ വിധിച്ചതും ഇതേ ഭാഷാഡർബാറിൽനിന്ന്.

‘(അറബി) -മലയാള'ക്കാർ, മലയാളഭാഷയുടെ അതിർത്തി മുറിച്ചുകടക്കാൻ തുനിഞ്ഞപ്പോഴൊക്കെ ഇങ്ങനെ പലയിടത്തും ‘ഗുരുരോധന'മുണ്ടായിട്ടുണ്ട്.
ഈ ആത്മകഥയിൽ, അവസാന ഭാഗത്ത് ഈ ചരിത്രകഥാപത്രങ്ങൾ കാസർക്കോട്ടെ റഹ്മാന്റെ വീട്ടിൽ ഒരുമിച്ചിരിക്കുന്ന ഒരു ചിത്രമുണ്ട്. റസലിന്റെ തന്നെ ഗുരുവായ കെ. പി. അപ്പന്റെ ഒരു ശീർഷകത്തെ ഓർമിപ്പിക്കുമത്: ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം.

മുന്നേറാൻ അധികാരം നല്കപ്പെടാത്തവർ അതിനു തുനിയുമ്പോൾ
അറിയാതെ കുതികാലിനു കുത്ത് കിട്ടും. അങ്ങനെയുള്ള മുഹൂർത്തങ്ങളുടെ വിളനിലമാണ് ഈ കഥ നിറയെ. അവ യാദൃച്​ഛികമായി സംഭവിക്കുന്നതാണെന്നു സമാധാനിക്കുന്നവർ ചരിത്രത്തെ നിരാകരിക്കുന്നവരാണ്.

ഒരാൾ മുന്നേറുന്ന സ്ഥല - കാലങ്ങൾ കൂട്ടിവച്ചു വായിക്കുമ്പോൾ രൂപപ്പെടുന്ന ആത്മകഥനങ്ങൾ അയാളുടേതുമാത്രമല്ല. കാലത്തിന്റെ ജ്ഞാനിമ രൂപങ്ങളെ ആവഹിക്കുന്ന സ്ഥാപനങ്ങളുടെ അന്തസ്സംഘർഷങ്ങളുടെ ചരിത്രം കൂടിയാണ്. റസൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്ത കാമ്പസുകൾ, അവയുടെ അധ്യയന -അധ്യാപന - അധികാര കൊത്തളങ്ങൾ ഒക്കെ ആയതുകൊണ്ട് ഈ ആത്മകഥയ്ക്ക് പെരുമാറാനുള്ള സ്ഥല - കാലങ്ങൾ ആയിത്തീരുന്നതോടൊപ്പം നമ്മുടെ വിദ്യാവ്യവസ്ഥ ആർജ്ജിച്ചെടുത്തൊരു മസിലുപിടുത്തത്തിന്റെ തത്വശാസ്ത്രം കൂടി അതിന് പറയാനുണ്ടാവും. അതേക്കുറിച്ചുള്ള പുനഃവായന കൂടി ഈ ഓർമയെഴുത്തിലുണ്ട്.

മുന്നേറാൻ അധികാരം നല്കപ്പെടാത്തവർ അതിനു തുനിയുമ്പോൾ
അറിയാതെ കുതികാലിനു കുത്ത് കിട്ടും. അങ്ങനെയുള്ള മുഹൂർത്തങ്ങളുടെ വിളനിലമാണ് ഈ കഥ നിറയെ. അവ യാദൃച്​ഛികമായി സംഭവിക്കുന്നതാണെന്നു സമാധാനിക്കുന്നവർ ചരിത്രത്തെ നിരാകരിക്കുന്നവരാണ്. അത്തരക്കാരുടെ കൂടെയല്ല റസലിന്റെ പൊരുത്തം. കലാലയങ്ങളിലും സർവകലാശാലകളിലും അക്കാദമികളുടെയും വിവിധ അധികാര മത്സരങ്ങളുടെയും ഭാഗമായ ഒരാളുടെ പോരാട്ടത്തിന്റെ കഥ തുളുമ്പിനിൽപ്പുണ്ട് ഈ പുസ്തകത്തിൽ നിറയെ.
കേരള സർവകലാശാലയുടെ പ്രസിദ്ധീകരണ വകുപ്പിന്റെ ചുമതലയിൽ എത്തുന്നതോടെ വന്നുപെടുന്ന ഗതികേടുകൾ ഏറെ രസകരമായി വായനക്കാരോട് സംവദിക്കും. ധർമസങ്കടങ്ങളുടെ കഥകളായി അവയൊക്കെ ചരിത്രത്തിൽ നിശ്ശബ്ദമായി കിടപ്പുണ്ട്.

എം.എ. റഹ്‌മാൻ

ചാൻസലർമാരും വൈസ് ചാൻസലർമാരും ‘പൊട്ടിപ്പുറപ്പെട്ടു' വരുന്നതിന്റെ ആരവം സംഘർഷഭരതമെങ്കിലും, ഏറെ രസകരവുമാണ്. ഇന്നവ കുറേക്കൂടി അങ്ങാടിപ്പാട്ടായി എന്നുമാത്രം.

ജാതിയും മതവും മറ്റു സാമൂഹ്യ സ്ഥാപനങ്ങളും പ്രാതിനിധ്യ സ്വഭാവത്തോടെ ജനാധിപത്യ സമൂഹത്തിൽ ഇടപെടും. എന്നാൽ, ഗ്രാംഷിയെ ഓർമിപ്പിക്കുംവിധം അവയുടെ അധികാരചിഹ്നങ്ങൾ കൂടുതൽ കർക്കശമാവുമ്പോൾ അവ ജനാധിപത്യത്തിന്റെ അന്തകനായും മാറും. ഇത്തരം അന്തർനാടകങ്ങളെയാണ്, അധികാര ശ്രേണികളുടെ സ്ഥാനത്തുനിന്നുകൊണ്ട് ഇന്ന് നാം ജനാധിപത്യം എന്ന് വിളിക്കുന്നത്. എൻ. എസ്. മാധവന്റെ കഥയിലെന്നപോലെ, ബാബരി മസ്ജിദ് തകർത്തു എന്ന ശീർഷകം വേണ്ടിടത്ത് ‘തർക്കമന്ദിരം തകർത്തു' എന്നെഴുതിപ്പിടിപ്പിക്കാനുള്ള അധികാരത്തിന്റെ മ്ലേച്ചതയുണ്ടല്ലോ-കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി- അതാണ് അസഹനീയം. ഇപ്പോൾ അവയൊക്കെ കെട്ടുപൊട്ടിച്ചും മുക്രയിട്ടും നിത്യജീവിതത്തിന്റെ പേച്ചുകളുടെ ഭാഗമായിത്തീർന്നു. ചെമന്ന നാടയുടെ അമർന്ന ശബ്ദങ്ങൾ തെരുവിലെ സാദാ കോലാഹലങ്ങളായിത്തീർന്നു.

കേരളത്തിലെ വിദ്യാഭ്യാസ - സാമൂഹിക മണ്ഡലങ്ങളിലുണ്ടായ നിരവധി സംഭവങ്ങൾ, നേരുപദേശിക്കുന്ന ഗുരുപരമ്പരകൾ, മോശം കാഴ്ചകൾ നേദിക്കുന്ന ചില ഗുരുരൂപങ്ങൾ എന്നിങ്ങനെ ഒരുകാലത്ത് പലരും പ്രതീക്ഷിക്കാത്തത് ഈ എഴുത്തിൽ മിന്നിമറയുന്നുണ്ട്.

‘‘പുതിയ വൈസ് ചാൻസലർ വിളനിലം തലയിൽ ‘മുണ്ടും' ചൂടി ബലിക്കാക്ക പോലെ, ഓട്ടോറിക്ഷയിൽ ഇവിടെ വന്നിറങ്ങി’’ എന്ന വാക്യം ഇന്നേതായാലും ഒരു സങ്കീർണവാക്യമല്ല. ഒരു ട്രോൾ പോലുമാകുന്നില്ല. ജയചന്ദ്രനും വിളനിലവും വൈസ് ചാൻസലർമാരായിരുന്ന ഒരു കാലത്തിന്റെ കലാശാലാ അകത്തളങ്ങളുടെ ഒരു നഖചിത്രം ഈ കൃതി നമ്മുടെ മുമ്പിൽ തുറന്നുപ്രദർശിപ്പിക്കുന്നുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ - സാമൂഹിക മണ്ഡലങ്ങളിലുണ്ടായ നിരവധി സംഭവങ്ങൾ, നേരുപദേശിക്കുന്ന ഗുരുപരമ്പരകൾ, മോശം കാഴ്ചകൾ നേദിക്കുന്ന ചില ഗുരുരൂപങ്ങൾ എന്നിങ്ങനെ ഒരുകാലത്ത് പലരും പ്രതീക്ഷിക്കാത്തത് ഈ എഴുത്തിൽ മിന്നിമറയുന്നുണ്ട്. നിലയ്ക്കൽ സമരവും യു.ജി.സി സ്‌കെയിലും, കാമ്പസിലെ ബഹുമുഖ പ്രക്ഷോഭങ്ങളും സ്റ്റഡിസർക്കിളുകളും അവയിൽ ചിലതാണ്. ഇ.എം. എസും കവി മൂലൂരും എൻ.വി. കൃഷ്ണവാരിയരും പി.ജിയും മീരാൻ കുട്ടിയും എന്നുവേണ്ട പലരും അക്കാമനോടൊപ്പം വായനക്കാരെ സ്പർശിച്ചുപോകുന്നു. എല്ലാവരുടെയും സവിധത്തിൽ കേരളത്തിലെ ജാതിയും രാഷ്ട്രീയവും വിജ്ഞാനസ്രോതസ്സുകളും സംവാദരൂപത്തിലേക്ക് വരുന്നു.

അഞ്ച് ഭാഗങ്ങളിയായി എഴുതപ്പെട്ട ഈ ഓർമക്കൂട് ആസക്തമായ മനുഷ്യജീവിതത്തിലൂടെ ഓളം ചുറ്റി അനാസക്തയോഗത്തിൽ അവസാനിക്കുന്നു. കേവലം ഭൗതികശക്തികളാൽ നിർമിക്കപ്പെടുന്നതല്ല ചരിത്രമെന്നുള്ള ഒരു തിരിച്ചറിവിൽ വട്ടം ചുറ്റുന്ന അനുഭവമാണ്, അവസാനഖണ്ഡം ഉണ്ടാക്കുന്നത്. അനാസക്തി എന്നത് ഒരു രാഷ്ട്രീയ മുക്തപ്രയോഗമാണ്, എന്ന് ഇതുകൊണ്ടർഥമില്ല. ഉട്ടോപ്പിയയുടെ ഭാരം പേറി, രാഷ്ട്രീയത്തിന്റെ നടുറോട്ടിൽ നടന്നവന്റെ, എത്തിപ്പെടാവുന്ന ഒരു ഊര് ആണ് യഥാർത്ഥത്തിൽ, അനാസക്തമായ അലച്ചിലിന്റെ ഈ സ്ഥലം. നടന്നു നടന്ന്​ മനംപൊരിഞ്ഞുപോയവന്റെ ഒരു തീർത്ഥാടനം. തീർത്ഥാടനം എന്ന വാക്ക് തന്നെയാണ് അക്കാമന് കൂടുതൽ പഥ്യവും.

സൂഫിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും അനാസക്ത ദൃശ്യഭംഗികളുടെയും പൊരുൾ തേടിയുള്ള യാത്രയിൽ ഈ പുസ്തകം അവസാനിക്കുന്നത്, ആരുടെയൊക്കെ വിജയവും പരാജയവുമായിരിക്കാം കുടിക്കുന്നത് എന്ന് ചിന്തിക്കാനേ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് എനിയ്ക്ക് കഴിഞ്ഞുള്ളൂ. തീർത്ഥജലം- അത് ഏതു തത്വശാസ്ത്രത്തിന്റെയും സ്രോതമാതൃകയാണോ? ഉറവിടത്തിലേക്ക് പല വഴികളിലൂടെയായിരിക്കാം ഒരുപക്ഷേ, എത്തിച്ചേരുന്നത്.

തോമസ്‌കുട്ടിയുടെ വരയും ‘പുസ്തകശാല'യുടെ പ്രസാധനവും അക്കാമന്റെ രൂപത്തെ കുറേക്കൂടി അർത്ഥവത്താക്കിയിട്ടുണ്ട്. അതേസമയം, അക്കാമൻ ഉത്തമ - മധ്യമ പുരുഷന്മാരുടെ ഡബിൾ റോളിൽ പെരുമാറുന്ന ഒരുനില പലയിടത്തുമുണ്ട്. വായനക്കാരുടെ ആകാംക്ഷയെ പലപ്പോഴും താഴോട്ട് കൊണ്ടുപോകുന്ന മുഹൂർത്തങ്ങളാണവ. നോവലിന്റെ ഡിക്ഷനിൽ സംഭവിക്കുന്ന കലാപരമായ ചുരുക്കം വെളിപ്പെടുത്തുന്നതാണത്.

ശില്പത്തിൽ നോവലിനെക്കാൾ എളുപ്പമാണ്, ആത്മകഥ. ആത്മകഥയെ നോവലായി പരിണമിപ്പിക്കുമ്പോൾ, വികാരത്തിന്റെ ഒഴുക്കിന് മാറ്റമുണ്ട്. അത് കലാപരമായത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ആത്മകഥയും നോവലും തമ്മിലുള്ള ഒരു പിടലിപ്പിണക്കം വായനക്കാർക്കാനുഭവപ്പെടും. ശില്പത്തിൽ നോവലിനെക്കാൾ എളുപ്പമാണ്, ആത്മകഥ. ആത്മകഥയെ നോവലായി പരിണമിപ്പിക്കുമ്പോൾ, വികാരത്തിന്റെ ഒഴുക്കിന് മാറ്റമുണ്ട്. അത് കലാപരമായത്തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പി. കെ. ബാലകൃഷ്ണൻ നോവലിസ്റ്റിന്റെ ഈ പണിശാലയുടെ സാങ്കേതിക മാനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

കൊളോണിയൽ ലിബറൽ മൂല്യങ്ങളുടെ പ്രതാപത്തിൽ സ്വാതന്ത്ര്യമാഘോഷിക്കുകയും ‘മതേതര സമൂഹം ' കെട്ടിപ്പടുക്കുകയും ചെയ്ത, ഒരു രാഷ്ട്രീയ തലമുറയുടെ കണ്ണി കൂടിയാണ് അക്കാമൻ. നിരന്തര സമരങ്ങളിലൂടെ ജയിച്ചു മുന്നേറുകയും ലിബറൽ മൂല്യങ്ങളുടെ ചൂടാറിയതോടെ, പഴഞ്ചൻ മത - ജാതി മൂല്യങ്ങളിലേയ്ക്കും രാഷ്ട്രീയത്തിന്റെ സമഗ്രാധിപത്യസ്വഭാവത്തിലേയ്ക്കും കേരളം തിരിച്ചുനടക്കുന്നതാണ്, ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നിരിക്കിലും, പഴയ തലമുറയിലെ ചിന്താഗ്രസ്ഥരും ഏകാകികളുമായ മനുഷ്യരുടെ പ്രതീകാത്മകഭാവനയുടെ ഒരു ലോകം അക്കാമൻ എന്ന ആത്മനോവലിന്റെ രൂപപ്പെടലലിലുണ്ടെന്ന് പറയാതെവയ്യ. ​▮


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments