നവ്യത, സൂക്ഷ്മത, ഇന്ദ്രിയവേദ്യത, ധ്വന്യാത്മകത, സന്ദിഗ്ദ്ധത തുടങ്ങി ലോകം പരക്കെ അംഗീകരിച്ചിട്ടുള്ള കാവ്യഗുണങ്ങളുണ്ട്. കിഴക്കും പടിഞ്ഞാറുമായി നടന്നിട്ടുള്ള കാവ്യ മീമാംസാ ചർച്ചകളിൽ ഇവയെ പല നിലയ്ക്കു പരിഗണിച്ചിട്ടുണ്ട്. ഈ ഗുണങ്ങളെല്ലാം ഒരുമിച്ചൊരു കവിതയിൽ പ്രത്യക്ഷപ്പെടുക വിരളം. ഒറ്റയൊറ്റയായി ധാരാളം കവിതകളുണ്ട്. ഒരു ഗുണവുമില്ലാത്ത കവിതയുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു കൈമലർത്തേണ്ടിവരും.
ലോകത്തിലെ ആദ്യ കവിത ആരെഴുതി എന്നറിയാൻ നിർവാഹമില്ല. ആരോ എഴുതി. ഒരു പക്ഷേ ഒരു കൂട്ടത്തിന്റെ ഉല്പന്നമാവാമത്. ഇന്ന് കവിതയെ പരിഗണിക്കുന്നത് തികച്ചും വൈയക്തികമായ സാഹിത്യരൂപമെന്ന നിലയ്ക്കാണ്. ഓരോ വ്യക്തിയും ലോകത്തെ അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ആ വ്യത്യസ്തതയെ ചുറ്റിപ്പറ്റി ഓരോ വ്യക്തിക്കും സ്വന്തമായൊരു ഭാഷാഭൂമികയുമുണ്ടായിരിക്കും. പുറ്റുപോലെ പൊതിയുകയും വളരുകയും ചെയ്യുന്ന ഒന്ന്. അമ്മയുടെ ഗർഭപാത്രത്തിലേയ്ക്കു വരെ വേരുകൾ നീളുന്ന ഒന്ന്. അതിന്റെ അബോധം നിഗൂഢമാണ്. ഗർഭത്തിൽ ശയിക്കുന്ന കുട്ടി ഇളം ചൂടുള്ള ജലസ്പർശത്തെ 'അമ്മ' എന്ന് ഡീ- കോഡ് ചെയ്തു സൂക്ഷിക്കുന്നു. എന്നാലത് യൂണിവേഴ്സലായ ഒരു സിംബലാണ്. പൂമ്പാറ്റച്ചിറകിന്റെ മിനുസം ഭയമായിട്ടാണ് എന്റെ കവിതയിൽ അവതരിക്കുക. അത് പേഴ്സണൽ ആണ്. എനിക്കു വേനലെന്നാൽ വരൾച്ചയല്ല, വിഷ്ണുക്രാന്തിപ്പൂക്കളുടെ തണുപ്പാണ്. മാധവിക്കുട്ടിയുടെ ജനാലയിൽ പറന്നുവന്നിരുന്ന മഞ്ഞത്തൂവലുള്ള പക്ഷി മരണമായിരുന്നു. കക്കാട് തന്റെ കവിതകളിലാവർത്തിച്ചുകൊണ്ടിരുന്ന 'മങ്ങൂഴം' അദ്ദേഹത്തിന്റെ തന്നെ ശാരീരിക ക്ഷീണവുമായി ബന്ധപ്പെടുന്നുവെന്ന് പി. രാമൻ നിരീക്ഷിക്കുന്നുണ്ട്.
ഭാഷയെ തന്റേതായ രീതിയിൽ പുതുക്കുന്ന കവികൾക്കു മാത്രമേ കവിതയിൽ തുടരാൻ കഴിയു. ചാകര പോലെ കവികളുള്ള നാട്ടിൽ 'എന്നൊച്ച വേറിട്ടു കേട്ടുവോ' എന്ന് ഓരോ കവിയും ഉറക്കെ ചോദിക്കേണ്ടിവരും. പുതുമയില്ലാത്ത ഭാഷ ചെടിപ്പുണ്ടാക്കും. ഭാഷയെ പുതുക്കാനുള്ള ഏക വഴി അവരവരോട് സത്യസന്ധമായിരിക്കലാണ്. എഴുത്തിന്റെ ആദ്യ കാലത്ത് മുൻഗാമികളെ അനുകരിക്കാനുള്ള പ്രവണത ഏവരും പ്രകടിപ്പിക്കും. ഒരു ഘട്ടത്തിൽ സ്വന്തം ചാപല്യം തിരിച്ചറിയുകയും തന്നിലേക്ക് തിരിയുകയും ചെയ്യുന്നിടത്താണ് കവിയുടെ പിറവി. എന്നുവെച്ച്, ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്നു പൊട്ടിവീണ് ആർക്കും കവിതയെഴുതാൻ സാധിക്കുകയില്ല. കവിത ഒരു തുടർച്ചയാണ്. കാലങ്ങളിലൂടെ അതൊഴുകുമ്പോൾ സ്വയം പുതുക്കപ്പെടാതെയും വയ്യ.
മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ഭാഷയുടെ സൂക്ഷ്മപരിചരണം കവിത ആവശ്യപ്പെടുന്നുണ്ട്. കവിതയിലെ സൂക്ഷ്മതയെന്നാൽ ചെറിയ കവിതയെന്നോ എസ്സൻസ് പാകമെന്നോ അർത്ഥമില്ല. സൂക്ഷ്മമായി പരിചരിക്കപ്പെട്ട എത്രയോ ദീർഘകവിതകൾ മലയാളത്തിലുണ്ട്. ഇ. സന്തോഷ് കുമാറിന്റെ ‘നാരകത്തിന്റെ ഉപമ’ എന്ന കഥ സൂക്ഷ്മത്തെ സാർത്ഥകമായി കൈകാര്യം ചെയ്ത ദീർഘകവിതയെന്ന നിലക്കാണ് ഞാൻ ആസ്വദിച്ചത്. ആധുനികാനന്തര മലയാളകവിത സൂക്ഷ്മത്തെ കയ്യടക്കത്തോടെ നേരിട്ടുകൊണ്ടാണ് സൗന്ദര്യവിച്ഛേദമുണ്ടാക്കിയത്. കഥ മുറുകുമ്പോൾ കവിതയാകുമോ എന്നൊരാൾ ഈയിടെ ചോദിച്ചു. വൈലോപ്പിള്ളിക്കു കിട്ടിയ പ്രധാന പ്രശംസകളിലൊന്ന് കവിതയെ കാച്ചികുറുക്കിയെന്നതാണല്ലോ. കവിതയെഴുതാൻ ഭാഷയെ വറ്റിച്ചെടുക്കണമെന്ന് ആറ്റൂർ മാഷ്. കുറുക്കൽ ഒരുതരം മുറുക്കൽ തന്നെയാണ്. മുറുക്കിക്കെട്ടിയ തന്ത്രി കൂടുതൽ നേരം കമ്പനം ചെയ്യും. മുറുക്കം മികച്ച കാവ്യ ഗുണമാകുമ്പോൾ എതിർസ്ഥാനത്ത് വരിക വാചാലതയാണ്. നീട്ടലും പരത്തലും അനാവശ്യ വിശദീകരണങ്ങളും കവിതയെ ബലഹീനമാക്കുന്നു. ഭാഷയിൽ ശില്പം പണിയാനുള്ള കവിയുടെ കഴിവുകേട് ഇവിടെ മുഴച്ചുനിൽക്കും.
കവിതയുടെ ആസ്വാദനത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഇന്ദ്രിയവേദ്യത. ‘ചീനച്ചട്ടിയിൽ അടച്ചുവെച്ച് അമ്മ ഉപ്പേരി ഉണ്ടാക്കുന്നതിൻ ശബ്ദ’മെന്ന് മഴയെക്കുറിച്ച് കവിതയെഴുതിയ കൊച്ചുകുട്ടിയെ കണ്ടുമുട്ടിയത് പട്ടാമ്പി കവിതാ കാർണിവലിൽ വെച്ചാണ്. അയാൾക്ക് മഴയെന്നാൽ ഒച്ചയാണ്. മലനാടിന്റെ ഗന്ധങ്ങളെ വൈലോപ്പിള്ളിക്കവിതയിൽ നമ്മൾ ആവോളം മുകർന്നിട്ടുണ്ടല്ലോ. ഇടശ്ശേരിയിൽ കാഴ്ച്ചയ്ക്കുള്ള വകുപ്പുകളാണ് കൂടുതൽ. നെഞ്ചത്ത് പന്തം കുത്തി നിൽക്കുന്ന കടമ്മനിട്ടയുടെ കാട്ടാളനും മലയിറങ്ങി വരുന്ന കുറത്തിയുമെല്ലാം നയനവേദ്യമാണ്.
വി.എം. ഗിരിജയുടെ കവിതകളിൽ സ്പർശവും ഈർപ്പവും കലരുന്നു. ചർമ്മമാണ് ഇന്ദ്രിയം.
മുറിയടച്ചിരുന്ന് ഗഗനസഞ്ചാരം നടത്തുന്ന പുതിയ ടെക്കിയൂത്തരുടെ കവിതയിൽ പ്രാപഞ്ചികമായ ഇന്ദ്രിയവേദ്യത എത്രത്തോളമുണ്ടെന്ന അന്വേഷണം കൗതുകകരമായിരിക്കും. ഒപ്പം, അവർ കവിതയെഴുതുന്നുണ്ടോ എന്ന അന്വേഷണവും. കവിത എഴുതാതിരിക്കൽ ഒരു കുറ്റമേ അല്ല.
ആനന്ദവർധനന്റെ ധ്വനിയോളം പൗരസ്ത്യലോകം കീഴടക്കിയ മറ്റൊരു കാവ്യസിദ്ധാന്തമില്ല. ഭാഷയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന അർത്ഥമത്രേ ധ്വനി. ധ്വനി വച്ചു മാത്രം സംസാരിക്കുന്ന രണ്ട് അമ്മായിമാരുണ്ടായിരുന്നു. ആൺവിചാരണയ്ക്കും ചില്ലറ പരദൂഷണത്തിനും അവർ ധ്വനിപാഠങ്ങളുപയോഗിച്ചു. 'പറഞ്ഞതിന്റെ ധ്വനി വ്യക്തമായല്ലോ അല്ലേ' എന്ന് ചെറുവിരൽ കൊണ്ട് ആംഗ്യം കാട്ടി ആശയവിനിമയം നടത്തിയ ചായക്കടക്കാരൻ സർവകലാശാലയുടെ പടി കണ്ടയാളല്ല. ഇവരൊക്കെയെന്തേ കവിതയെഴുതീല്ല എന്നൊരു ചോദ്യം വരാം. കവിതയിലെ ധ്വനി അല്പം കൂടി ഉയർന്ന തലത്തിലുള്ളതാണ്. അർത്ഥം അതിന്റെ സ്വത്വത്തെയും ശബ്ദം അതിന്റെ അർത്ഥത്തെയും സ്വയം അപ്രധാനീകരിച്ച് കാവ്യാത്മാവായ മറ്റൊരർത്ഥത്തെ പ്രസരിപ്പിക്കുന്ന തരം കാവ്യവിശേഷമാണത്. എന്നാൽ ഖസാക്കിന്റെ പരിസമാപ്തിയിൽ 'രവി ബസ് കാത്തുകിടന്നു' എന്നെഴുതുന്നിടത്ത് സന്ദിഗ്ദ്ധത(Ambiguity) യെന്ന കാവ്യഗുണം ധ്വനിയേയും മറികടക്കുന്നുണ്ട്. വെളുത്ത മഴ, കുതിർന്ന മൺപുറ്റ്, പാമ്പ്, രവി, ബസ് എന്നീ രൂപകങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കുന്ന കഥാന്ത്യം അനന്തമായ പാഠങ്ങളുടെ പ്രാരംഭമാകുകയാണ്. 'എന്നിട്ട് രവി മരിച്ചോ?' എന്ന് നിഷ്കളങ്കർ ചോദിച്ചേക്കാം. കവിതയിലെ മനസ്സിലാവായ്ക മഹത്തരമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
മരിച്ചുപോയ ജ്യേഷ്ഠകവി ബിനു എം.പള്ളിപ്പാട് സൗഹൃദ സംഭാഷണത്തിനിടെ പങ്കുവച്ചൊരു കാര്യം ഓർക്കുകയാണ്. കുറേയാളുകളുടെ മരണത്തിനിടയാക്കിയ, വളരെ പണ്ടുകാലത്തു നടന്ന കുമ്പഴ ബസ് ദുരന്തം. ഒരു കവി അതേക്കുറിച്ച് ഇങ്ങനെ എഴുതിയത്രേ
‘കുമ്പഴ വന്നങ്ങു നിന്നു വണ്ടി
ഇമ്പമോടങ്ങു മറിഞ്ഞു വണ്ടി’.
ഔചിത്യദീക്ഷ മറ്റേതൊരു സന്ദർഭത്തിലുമെന്നതുപോലെ കലയിലും നിർണായകമായില്ലെങ്കിൽ അടി പാർസലായും എത്തും.
'കവിതയും ധൈഷണികത'യുമാണ് മറ്റൊന്ന്. എന്റെ അഭിപ്രായത്തിൽ കവിതയ്ക്ക് ബുദ്ധിയോടല്ല, ബോധത്തോടാണ് അടുപ്പം. ബുദ്ധിശക്തിയും കവിതയ്ക്കു ഗുണം ചെയ്തേക്കാം. എന്നാലത് ഒരു പരിധി വിട്ട് അക്കാദമികമായാൽ അരോചകമാകും. ബൗദ്ധികവ്യായാമത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന പരീക്ഷണ കവിതകളുൾപ്പെടെയുള്ള പല കവിതകളും ജീവിതഗന്ധിയല്ലാത്ത കൃത്രിമ ബിംബങ്ങളും കെട്ടിച്ചമച്ച കല്പനകളും ഭാഷയിൽ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്ന ദുർഗ്രഹതയും കൊണ്ട് വായനക്കാരെ കബളിപ്പിക്കുന്നവയാണ്. അത്തരം കവിതകൾ ആസ്വദിക്കുന്നവരുമുണ്ടാകാം. കവിതയിലെ മായങ്ങളും ഗിമ്മിക്കുകളും നല്ല വായനക്കാർക്ക് പക്ഷേ, എളുപ്പം തിരിച്ചറിയാൻ സാധിക്കും.
കർതൃത്വസംബന്ധിയായി ചില കാര്യങ്ങൾ കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. റൊളാങ് ബാർത്തിന്റെ ഡെത്ത് ഓഫ് ദി ഓഥറിന് ശേഷം കർത്തൃസ്ഥാനത്തുനിന്ന് കവി നിരുപാധികം നീക്കം ചെയ്യപ്പെടുകയും എഴുതിക്കഴിഞ്ഞ കവിതയ്ക്കുമേൽ കവിക്കുണ്ടായിരുന്ന പരമാധികാരം നഷ്ടമാവുകയും ആ സ്ഥാനത്ത് വായനക്കാരൻ / വായനക്കാരി അവരോധിക്കപ്പെടുകയും വായനക്കാരുടെ കൂടി ജ്ഞാനാനുഭവ പരിസരങ്ങളെ കവിതയെ വിശദീകരിക്കാനുള്ള സാമഗ്രികളായി പരിഗണിക്കുകയും ചെയ്ത വായനാചരിത്രമുണ്ടല്ലോ നമുക്ക്. പിൽക്കാലത്ത് വായനക്കാരുടെ കർതൃത്വവും റദ്ദാക്കപ്പെടുകയും കൃതി സ്വയമേവ ഉത്പാദിപ്പിക്കുന്ന വായനകൾ (Readings) കർതൃസ്ഥാനത്തേക്കു വരികയും വ്യത്യസ്തങ്ങളായ പാഠങ്ങൾ നിരന്തരം ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്ന കൃതികൾ മാത്രം മഹത്തരമാവുകയും ചെയ്തു. സ്ഥലകാലികമായ തീർപ്പുകൾ കവിതയിലും അപ്രസക്തവും ആപേക്ഷികവുമാവുമായി. ലോകം ഇതൊക്കെ ശരിവെച്ചു. ആനന്ദാനുഭൂതി ഉണർത്തുകയും പാഠാന്തരങ്ങളിലേക്ക് സംക്രമിച്ചു മറിയുകയും ചെയ്യാത്ത, ഒരുപക്ഷേ വ്യാഖ്യാനക്ഷമം പോലുമല്ലാത്ത കവിതകളെ എന്തു ചെയ്യണമെന്ന ചോദ്യം അപ്പോഴുമവിടെ അവശേഷിക്കുന്നുണ്ട്. ഒന്നും ചെയ്യേണ്ടതില്ല. അനുഭവിക്കുക. ആസ്വദിക്കുക. ആനന്ദിക്കുക. 'Survival of the fittest' കവിതകൾക്കും ബാധകമാവട്ടെ.
കെ.ആർ. ടോണിയുടെ 'ജിജി' എന്ന കവിത സോഷ്യൽ മീഡിയയിൽ ചില്ലറ ബഹളങ്ങളുണ്ടാക്കി. ആളുകൾ ചേരിതിരിഞ്ഞ് പോരെടുത്തു. കവിതയെ സംബന്ധിച്ച ഏതൊരു അനക്കവും, വിവാദമാണെങ്കിൽപ്പോലും, കവിതയ്ക്കു നല്ലതാണ്. സമകാലത്ത് ഏറ്റവും അരികുവൽക്കരിക്കപ്പെട്ട സാഹിത്യരൂപമേതെന്നു ചോദിച്ചാൽ കവിതയെന്നാണുത്തരം. സാഹിത്യോത്സവങ്ങളെ ശ്രദ്ധിച്ചാൽപ്പോലും അക്കാര്യം ആർക്കും മനസ്സിലാകും. ജിജിക്കവിത എന്തുകൊണ്ടോ എന്നിൽ കൗതുകമുണ്ടാക്കി. ആധുനികാനന്തര മലയാളകവിതയിലെ പ്രധാന കവിയാണ് കെ.ആർ. ടോണി. ജിജിയെപ്പറ്റി ടോണിമാഷ് പണ്ടും കവിതയെഴുതിയിട്ടുണ്ട്. ജിജിയുടെ അരാഷ്ട്രീയസ്വത്വം ആളുകളെ അസ്വസ്ഥരാക്കിയേക്കാം. എങ്കിലും ഭാഷ, ചരിത്രം, ലാവണ്യദർശനം, ജ്ഞാനം, സ്വത്വം, പാരമ്പര്യം തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥാപിത ബോധ്യങ്ങളിൽ / കടുംപിടുത്തങ്ങളിൽ (പ്ലമേനമ്മായിയെപ്പോലെ) ജിജി ഇടപെട്ട വിധവും എന്നിൽ ചിരി ഉണർത്തുന്നു.
‘തേളിന്റെ കുത്തു ജിജി
തേങ്ങേടെ മൂടു ജിജി…’