സച്ചിദാനന്ദൻ

സച്ചിദാനന്ദന്റെ
വിചാരലോകം

സച്ചിദാനന്ദന്റെ ഗദ്യരചനകളെക്കുറിച്ച് ഷാജഹാൻ മാടമ്പാട്ട് 2001-ൽ എഴുതിയ ലേഖനമാണിത്. അദ്ദേഹത്തിന്റെ ഗദ്യരചനകളെക്കുറിച്ച് അതിനുശേഷവും ഒന്നും വന്നതായറിയില്ല എന്ന് ഷാജഹാൻ പറയുന്നു. 25 കൊല്ലം മുമ്പെഴുതിയ ഒരു വരിപോലും തിരുത്തേണ്ടതില്ല എന്ന ബോധ്യമാണ് ഇത് പുനഃപ്രസിദ്ധീകരണത്തിന് നൽകാൻ തനിക്ക് ധൈര്യം നൽകുന്നതെന്നും ഷാജഹാൻ എഴുതുന്നു.

ച്ചിദാനന്ദൻ മാഷ് എൺപത് വയസ്സിലെത്തുമ്പോൾ ഒരു കുറിപ്പെഴുതണമെന്ന് പറഞ്ഞപ്പോൾ, കൃത്യം കാൽനൂറ്റാണ്ടുമുമ്പ് ഞാനെഴുതിയ ഒരു ലേഖനം പുനഃപ്രസിദ്ധീകരിക്കാമോ എന്ന് തിരിച്ചുചോദിച്ചത് വെറുതെയല്ല. അദ്ദേഹത്തിന്റെ അതുവരെയുള്ള ഗദ്യരചനകളെക്കുറിച്ചുള്ള ഏകലേഖനം ഇതാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഗദ്യരചനകളെക്കുറിച്ച് അതിനുശേഷവും ഒന്നും വന്നതായറിയില്ല. 2001 വരെ പുറത്തുവന്ന സച്ചിദാനന്ദന്റെ ഇരുപതോളം ഗദ്യപുസ്തകങ്ങൾ വായിച്ചതിന്റെ അനുഭവമായിരുന്നു ആ ലേഖനത്തിന് പ്രേരണ. വാസ്തവത്തിൽ ഒരു പ്രസംഗമാണ് അതിന് നിമിത്തമായത്.

2001- ൽ സച്ചിദാനന്ദന് ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചു. കേരളഹൗസിൽ നടന്ന അനുമോദനച്ചടങ്ങിൽ പ്രസംഗിക്കാൻ വൻതാരനിര തന്നെയുണ്ടായിരുന്നു. സുകുമാർ അഴീക്കോട്, ആനന്ദ്, എം. മുകുന്ദൻ, വി. കെ. മാധവൻകുട്ടി, ജസ്റ്റിസ് സുകുമാരൻ, അകവൂർ നാരായണൻ തുടങ്ങിയ അതികായർ.

ഞാനന്ന് കലാകൗമുദിയിൽ 'അകം പുറം' എന്ന പേരിൽ പ്രതിവാരപംക്തി എഴുതുന്ന കാലമാണ്. എം. കൃഷ്ണൻ നായരുടെ "സാഹിത്യവാരഫല'ത്തിന്റെ അതേ പുറങ്ങൾ കൈകാര്യം ചെയ്യുന്ന പംക്തിയായതിനാൽ ‘അകം പുറം’ വ്യാപകശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടാവാം അനുമോദനച്ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചത്. മുകളിൽ പരാമർശിച്ച മഹാവ്യക്തികളുടെയെല്ലാം - സച്ചിദാനന്ദനടക്കം - സവിശേഷവാത്സല്യത്തിൽ പുളകമണിഞ്ഞു ജീവിക്കുന്ന സമയവുമാണ്. അന്നത്തെ പ്രസംഗം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഒരാഴ്ച കഴിഞ്ഞ് മലയാള മനോരമയുടെ സീനിയർ ലേഖകനും വലിയ സഹൃദയനുമായിരുന്ന ഡി. വിജയമോഹൻ വിളിച്ചു. അന്നത്തെ പ്രസംഗം ലേഖനമായി വിപുലീകരിച്ച് ഭാഷാപോഷിണിക്ക് നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് പ്രസംഗത്തിന് തയ്യാറാക്കിയ നോട്ടുകൾ ഒരുപന്യാസമായി മാറ്റിയെഴുതി. വിജയമോഹൻ അത് അയച്ചുകൊടുക്കുകയും ഭാഷാപോഷിണി രണ്ടുമാസം കഴിഞ്ഞ്‌ അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ്‌ പ്രിയങ്കരനായ ഒ. കെ. ജോണി മാതൃഭൂമി ഇറക്കിയ 'സച്ചിദാനന്ദന്റെ ലോകങ്ങൾ' എന്ന പുസ്തകത്തിൽ അതുൾപ്പെടുത്തി.

25 കൊല്ലം മുമ്പെഴുതിയ ഒരു വരിപോലും തിരുത്തേണ്ടതില്ല എന്ന ബോധ്യമാണ് ഇത് പുനഃപ്രസിദ്ധീകരണത്തിന് നൽകാൻ എനിക്ക് ധൈര്യം നൽകുന്നത്.

അത് കഴിഞ്ഞ്‌ ഒന്നരപ്പതിറ്റാണ്ടിനുശേഷം സച്ചി മാഷുടെ കവിതകൾ എമിറാത്തി കവി ഡോ. ശിഹാബ് ഗാനിം അറബിയിലേക്ക് വിവർത്തനം ചെയ്തപ്പോൾ ആ സംരംഭത്തിൽ പങ്കു വഹിക്കാനായതും ആഹ്ലാദം പകർന്ന അനുഭവമായി. ഡോ. ഗാനിം ആംഗലത്തിൽ നിന്നാണ് വിവർത്തനം നിർവ്വഹിച്ചത്. ഞാനാ വിവർത്തനങ്ങൾ മലയാളമൂലവുമായി ഒത്തുനോക്കണമെന്നും പുസ്തകത്തിന് വിശദമായി ഒരവതാരിക അറബിയിൽ എഴുതണമെന്നും മാഷ് ഗാനിമിനോട് നിഷ്കർഷിച്ചു. അബുദാബി സാംസ്കാരികവകുപ്പ് പ്രസിദ്ധീകരിച്ച ആ സമാഹാരത്തിൽ 51 കവിതകളാണ് ഉണ്ടായിരുന്നത്. 11 പുറത്തോളം നീണ്ട എന്റെ അവതാരിക സച്ചിദാനന്ദന്റെ കാവ്യധൈഷണികജീവിതം അറബിവായനക്കാർക്ക് സമഗ്രമായി പരിചയപ്പെടുത്താനാണ് ഉദ്യമിച്ചത്.

വിവർത്തനമധ്യെ ഒരു പ്രശ്നം നേരിടേണ്ടിവന്നത് രസകരവും അതേസമയം സങ്കീർണ്ണവുമായിരുന്നു. മാഷുടെ 'വിക്ക്‌' എന്ന കവിതയുടെ ആദ്യഭാഗം മാത്രമേ ഉൾപ്പെടുത്തൂ എന്ന് ശിഹാബ് ഗാനിം വാശിപിടിച്ചു.
"മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ദൈവവും വിക്കിയിരിക്കണം" പോലുള്ള ദൈവനിന്ദ വിശ്വാസിയായ തനിക്ക് പരിഭാഷപ്പെടുത്താൻ സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ പുസ്തകമേ വേണ്ടെന്ന് മാഷും. ഒടുവിൽ "വിക്കിൽ നിന്ന്" എന്ന തലക്കെട്ടിലാണ് ആ ഗംഭീരകവിത അപൂർണമായി സമാഹാരത്തിലിടം പിടിച്ചത്. അത്തരമൊരു അനുരഞ്ജനത്തിന് ഞാൻ മാഷെ നിർബന്ധിച്ചത് പുസ്തകം പുറത്തിറങ്ങണമെന്ന ഉൽക്കടമായ ആഗ്രഹം കൊണ്ടുമാത്രം.

സച്ചിദാനന്ദൻ മലയാളരാജ്യം കണ്ട - ഇന്ത്യയും - എക്കാലത്തെയും ഏറ്റവും വലിയ കവികളിൽ ഒരാളാണ്. മൗലികതയും പ്രതിബദ്ധതയും ഒത്തിണക്കുന്ന പൊതുധൈഷണികനും. അദ്ദേഹത്തിന്റെ കവിതകൾ മനുഷ്യാനുഭവത്തിന്റെ സമഗ്രതയാണ്. പ്രപഞ്ചത്തോളം വിശാലമാണ് ആ കാവ്യലോകം. മനുഷ്യചരിത്രത്തിലെ ആഴമത്രയും അതാവിഷ്കരിക്കുന്നു. ഗദ്യത്തിലേക്ക് വരുമ്പോഴോ അദ്ദേഹം മാനവികവിജ്ഞാനീയങ്ങളുടെ സമസ്തമണ്ഡലങ്ങളെയും തന്റെ ആലോചനകൾക്ക് വിഷയമാക്കുന്നു. അവ ഉൾക്കൊള്ളാൻ അസമർത്ഥമായ മലയാളഭാഷയെ അദ്ദേഹത്തിന്റെ ഗദ്യം നിരന്തരമായി പുതിയ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാക്കിക്കൊണ്ടേയിരുന്നു.

സച്ചിദാനന്ദനിലെ കവി അദ്ദേഹത്തിലെ ചിന്തകനെ എപ്പോഴും അതിശയിച്ചുപോന്നതുമൂലമാവാം, അദ്ദേഹത്തിന്റെ ഗദ്യരചനകൾ ഇതുവരെ കാര്യമായി വിലയിരുത്തപ്പെട്ടിട്ടില്ല.
സച്ചിദാനന്ദനിലെ കവി അദ്ദേഹത്തിലെ ചിന്തകനെ എപ്പോഴും അതിശയിച്ചുപോന്നതുമൂലമാവാം, അദ്ദേഹത്തിന്റെ ഗദ്യരചനകൾ ഇതുവരെ കാര്യമായി വിലയിരുത്തപ്പെട്ടിട്ടില്ല.

സച്ചിദാനന്ദന്റെ
വിചാരലോകം

ച്ചിദാനന്ദനിലെ കവി അദ്ദേഹത്തിലെ ചിന്തകനെ എപ്പോഴും അതിശയിച്ചുപോന്നതുമൂലമാവാം, അദ്ദേഹത്തിന്റെ ഗദ്യരചനകൾ ഇതുവരെ കാര്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. അവയിലെ വിചാരലോകം, വിഷയവൈവിധ്യവും അനുസ്യൂതമായ പുനശ്ചിന്തനങ്ങളും മൂലം, സംക്ഷേപത്തെ അസാധ്യമാക്കുന്നു. ന്യൂനീകരണങ്ങൾക്കും ക്രോഡീകരണങ്ങൾക്കും വഴങ്ങാത്തതും മാനവ വിജ്ഞാനീയങ്ങളുടെ ജൈവസത്തയെ സമഗ്രമായി ഉൾക്കൊള്ളുന്നതും പ്രത്യയശാസ്ത്രപരമായ അതിരുകളെ ഭേദിച്ചുകൊണ്ടിരിക്കുന്നതുമായ സാകല്യമാണ് അദ്ദേഹത്തിന്റെ ആശയപ്രപഞ്ചം. അതുകൊണ്ടുതന്നെ; താഴെപ്പറയുന്നവയാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് എണ്ണിത്തിട്ടപ്പെടുത്താവുന്ന തരം രൂപഘടന അതിനില്ല.

നിരന്തരമായ സംക്രമണങ്ങളിലൂടെ കടന്നുപോകുമ്പോഴും മതനിരപേക്ഷമായ, ധർമനിരപേക്ഷമല്ലാത്തതായ ഒരു മൂല്യബോധം അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. ഈ മൂല്യബോധം ജീവിതോന്മുഖമായ മാനവികതാ ബോധവും അടിസ്ഥാനപരമായ പ്രതിബദ്ധതകളും നിത്യകലുഷമായ സർഗാത്മകതയും അധീശത്വത്തിന്റെ എല്ലാ രൂപങ്ങളോടുമുള്ള കലാപവുമാണ്. ഇവയുടെ തീവ്രതയിലും പ്രതിപാദനശൈലിയിലും കാലാനുസൃതമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാമെങ്കിലും; അവ അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും അന്തർധാരയാണ്. അതിന്റെ വാർപ്പിലാണ് അദ്ദേഹത്തിന്റെ ധൈഷണിക ഇടപെടലുകളും കവിതകളും പരസ്പരപൂരകവും പരസ്പരാശ്രിതവുമാകുന്നത്.

വികാരാവേശിതമായ ഇടതുപക്ഷകലാപോന്മുഖതയിൽ തുടങ്ങി; വിവേക പൂർണവും യാഥാർഥ്യനിഷ്ഠവും ബഹുത്വാധിഷ്ഠിതവുമായ ഒരു പുത്തൻ സമന്വിത ഇടതുപക്ഷബോധത്തിൽ എത്തിനിൽക്കുന്നതാണ് സച്ചിദാനന്ദന്റെ ചിന്താലോകം.

‘പുരസ്കാരങ്ങൾക്കു മെരുക്കിയെടുക്കാനോ കഴുമരങ്ങൾക്കു കഴുത്തുഞെരിക്കാനോ ആവാത്ത ഉദാത്തഗംഭീരമായൊരു സാംസ്കാരിക ചൈതന്യ മാണ് കവിത' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസ്താവത്തെ ഈ പ്രതിബദ്ധതയുടെ സാരാംശമായി മനസ്സിലാക്കാവുന്നതാണ്. ഇതേ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, അദ്ദേഹം മെരുങ്ങിയെന്ന് ആരോപിക്കുന്നവരും ധാരാളമുണ്ട്. നരേന്ദ്രപ്രസാദിന്റെയും മറ്റും സമീപകാല പ്രസ്താവനകൾ ഉദാഹരണങ്ങളാണ്. വാസ്തവത്തിൽ; ഇത്തരം ആരോപണങ്ങൾക്കു പിന്നിലുള്ളത്; വസ്തുതകളെക്കാളേറെ, വിധ്വംസകമായ ദോഷൈകദൃഷ്ടിയുടെയും വ്യക്തിവിദ്വേഷങ്ങളുടെയും പ്രേരണയാണെന്നു തോന്നുന്നു. സച്ചിദാനന്ദന്റെ കൃതികളെ ഒന്നിച്ചിരുന്നു വായിക്കുന്നതിനുമുൻപ് ഈ ലേഖകനും കരുതിയിരുന്നത് ഇതൊക്കെ ശരിയാണെന്നുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ സൂക്ഷ്മപാരായണം മറിച്ചൊരു ചിത്രമാണ്, പക്ഷേ, നൽകുന്നത്.

വികാരാവേശിതമായ ഇടതുപക്ഷകലാപോന്മുഖതയിൽ തുടങ്ങി; വിവേക പൂർണവും യാഥാർഥ്യനിഷ്ഠവും ബഹുത്വാധിഷ്ഠിതവുമായ ഒരു പുത്തൻ സമന്വിത ഇടതുപക്ഷബോധത്തിൽ എത്തിനിൽക്കുന്നതാണ് സച്ചിദാനന്ദന്റെ ചിന്താലോകം. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയുമൊക്കെ പാർശ്വവ ത്കരിക്കപ്പെട്ട ശബ്ദങ്ങളോട് അഗാധമായ ആഭിമുഖ്യം പുലർത്തുകയും പുത്തൻ ജനാധിപത്യപ്രസ്ഥാനങ്ങളോടും വിമോചന നീക്കങ്ങളോടും ഊഷ്മളമായ ഔത്സുക്യം പ്രകടിപ്പിക്കുകയും ചെയ്യലാണ് ആ ചിന്തയുടെ കാതൽ. പിന്നെയും എന്തുകൊണ്ടാണ് രൂക്ഷവിമർശനങ്ങൾക്ക് അദ്ദേഹം വിധേയനാവുന്നത്?

ബഹുവിഷയസമൃദ്ധവും അതിനാൽ ബൃഹത്തുമാണ് സച്ചിദാനന്ദന്റെ വിചാരലോകം.
ബഹുവിഷയസമൃദ്ധവും അതിനാൽ ബൃഹത്തുമാണ് സച്ചിദാനന്ദന്റെ വിചാരലോകം.

ശമിക്കാത്ത നിരന്തരമായ അന്വേഷണദാഹവും അതിനു വേദിയാകുന്ന വിസ്തൃതമായ കാൻവാസും വിമർശകരിൽ സൃഷ്ടിക്കുന്ന സ്ഥലജലഭ്രമമാണ് ഇതിനു കാരണം. കാൻവാസിന്റെ വിസ്തൃതിമൂലം ന്യൂനീകരണം ദുഷ്കരമാവുന്നു. അതു സ്വാഭാവികമായും (ദ്രു) തനിഗമനങ്ങളിലേക്കും നീതി പൂർവകമല്ലാത്ത വിധിയെഴുത്തിലേക്കും വഴിതെളിക്കുന്നു. കൂടാതെ ഏറ്റവും പുതിയതിനോടുള്ള അദ്ദേഹത്തിന്റെ വാഞ്ഛ പ്രതിബദ്ധതയുടെയും മാനവികതയുടെയും ചട്ടക്കൂടിനു പുറത്തുനിർത്തി ചോദ്യം ചെയ്യുമ്പോൾ, ബൗദ്ധികമായ കരണംമറിച്ചിലുകളാണദ്ദേഹം നടത്തുന്നതെന്ന പ്രതീതി ജനിപ്പിക്കുന്നു. യഥാർഥത്തിൽ; ഇത് അദ്ദേഹം തന്നോടുതന്നെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു കലാപമാണ്. “എന്നോടുതന്നെ തർക്കിച്ചത് ( ത്ര ) ഞാനാരോടും തർക്കിച്ചിട്ടില്ലെന്ന്’’ ഈയിടെ അദ്ദേഹം പറയുകയുണ്ടായി. മറ്റുള്ളവർ ആശയവ്യവസ്ഥകളോടും പ്രത്യയശാസ്ത്രങ്ങളോടുമുള്ള ദാസ്യം മഹത്വ പൂർണമായി മനസ്സിലാക്കുമ്പോൾ, സച്ചിദാനന്ദൻ തന്റെ അടിമത്തം താൻ വിശ്വസിക്കുന്ന മൂല്യങ്ങളോടു മാത്രമാണെന്ന നിലപാടിലാണുറച്ചു നിൽക്കുന്നത്.

നിഷ്ഠുരവിമർശനങ്ങളർഹിക്കുന്ന പല ഘടകങ്ങളും അദ്ദേഹത്തിന്റെ വിചാരലോകം ഉൾക്കൊള്ളുന്നുണ്ടാവാം. ദാർശനികമായ മുടിനാരിഴകീറലുകളിൽ ആ ഘടകങ്ങൾ പർവതാകാരം കൈക്കൊണ്ടേക്കാം. അമ്പരപ്പിക്കുന്ന ധൈഷണിക ചാഞ്ചാട്ടങ്ങൾക്ക് അദ്ദേഹത്തിന്റെ വിചാരലോകം വേദിയാകുന്നുണ്ടാകാം. പക്ഷേ; സ്വന്തം നിലപാടുകളെയും സമീപനങ്ങളെയും ബൗദ്ധിക സത്യസന്ധതയോടെയും ആർജവത്തോടെയും നിരന്തരമായി പുനഃപരിശോധിക്കുകയും പുനശ്ചിന്തിക്കുകയും അതേസമയം അവയുടെ കേന്ദ്രസ്ഥിതമായ മൂല്യസങ്കല്പത്തെയും മാനവികതാംശത്തെയും പരുക്കേൽക്കാതെ പരിരക്ഷിച്ചുനിർത്തുകയും ചെയ്യാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത അന്യാദൃശമാണ്. തന്റെ മിക്ക സമകാലികരിൽ നിന്നും സമശീർഷരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്.

അദ്ദേഹത്തിന്റെ കവിതകളും ഗദ്യരചനകളുമായുള്ള അവിച്ഛേദ്യബന്ധം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ; അദ്ദേഹത്തിന്റെ ഗദ്യരചനകളിൽ രൂപപ്പെടുന്ന വിചാരലോകത്തെക്കുറിച്ച് ചില സാമാന്യനിരീക്ഷണങ്ങൾ നടത്തുക മാത്രമാണ് ഈ ലേഖനത്തിലുദ്ദേശിക്കുന്നത്. ഓരോ കൃതിയെയും വെവ്വേറെ വിലയിരുത്തുക ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽ അസാധ്യമാണ്. അതുകൊണ്ടു തന്നെ; കൃതികളെ അന്യോന്യം നിബന്ധിക്കുന്ന അടിസ്ഥാന സങ്കല്പങ്ങളെയും ആശയങ്ങളെയും പരിശോധിക്കുകയാവും ഉചിതവും പ്രായോഗികവും.

സർഗാത്മകവും സ്വപ്രത്യയസ്ഥര്യം സ്ഫുരിക്കുന്നതുമായ പ്രസന്നതയും പരന്ന വായനയുടെ അപാരതയും കീഴാളപക്ഷവും ചേരുന്ന കലാപോന്മുഖമായ ആത്മപ്രതിഷ്ഠാപനവും സമ്മേളിക്കുന്നതാണ് സച്ചിദാനന്ദന്റെ വിചാരലോകം.

മൂന്നും ഒന്നും

ബഹുവിഷയസമൃദ്ധവും അതിനാൽ ബൃഹത്തുമായ അദ്ദേഹത്തിന്റെ വിചാരലോകത്തെ ഒരു സർഗാത്മക ത്രിയേകത്വമായി വിവരിക്കാമെന്നു തോന്നുന്നു. സാഹിത്യനിരൂപണങ്ങൾ, കല, സാഹിത്യം, സംസ്കാരം എന്നിവയെക്കുറിച്ച് ഉപന്യാസങ്ങളും സംഭാഷണങ്ങളും ആ രംഗത്തെ സന്ദർഭോചിതവും ദിശാനിർണയക്ഷമവുമായ ഇടപെടലുകൾ, പിന്നെ അദ്ദേഹത്തിന്റെ കവിതകൾ ഇവയുൾക്കൊള്ളുന്ന സംസ്കാരകാണ്ഡമാണ് ഇതിൽ ഗണ്യമായ ഭാഗം.

ഏതെങ്കിലുമൊരു വിജ്ഞാനശാഖയിലേക്ക് ഒതുക്കിച്ചുരുക്കാനാവാത്ത ബഹുതലസ്പർശിയായ വൈജ്ഞാനികാന്വേഷണങ്ങളാണ് രണ്ടാമത്തെ ഘടകം. ചരിത്രം മുതൽ തത്വചിന്തവരെയുള്ള മിക്ക വിഷയങ്ങളും ഇതുൾക്കൊള്ളുന്നുണ്ട്.

താത്വികമോ സമകാലിക സംഭവങ്ങളെ സംബന്ധിച്ചുള്ളതോ ആയ രാഷ്ട്രീയ ഇടപെടലുകളാണ് മൂന്നാമത്തേത്. ഇവയെല്ലാം സാമാന്യേന പ്രതികരണസ്വഭാവമുള്ളതാണ്.

മൂന്നിൽ ഒരു ഘടകത്തെയും ഇതര ഘടകങ്ങ ളിൽനിന്ന് വേർതിരിച്ചു കാണുക ബുദ്ധിമുട്ടാണ്. "വ്യത്യസ്തമായിരിക്കുമ്പോൾത്തന്നെ, ഒന്നായിരിക്കുന്നവയാണ് ഇവയെന്നു വേണമെങ്കിൽ പറയാം. അവയ്ക്കൊരച്ചുതണ്ട് നിർണയിച്ചേ തീരൂ എന്നുണ്ടെങ്കിൽ"സാഹിത്യം എന്നായിരിക്കും ഉത്തരം.

ഒരു കണ്ണും കാതും കേരളത്തിലേക്കും മറ്റേ കണ്ണും കാതും പ്രപഞ്ചത്തിന്റെ വിശാലതയിലേക്കും തുറന്നുവച്ചിരിക്കുന്ന ജാഗ്രത ഇവയിൽ പ്രതിഫലിക്കുന്നുണ്ട്. പാഠമാത്രകേന്ദ്രിതമായ വരണ്ട ബൗദ്ധിക കൗതുകമല്ല ഇവയുടെ പ്രചോദനം. മനുഷ്യാവസ്ഥയുടെ, അല്ല; പ്രപഞ്ചാവസ്ഥയുടെ മൂർത്ത യാഥാർഥ്യത്തിന്റെ ശപ്തഭൂമികയിൽ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട്, അതിനോടു തനിക്കു പ്രവേശനം സിദ്ധിച്ച ജ്ഞാനമണ്ഡലങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നുള്ള ജിജ്ഞാസയിൽ നിന്നാണ് അദ്ദേഹത്തിന്റെ ഓരോ രചനയും വാർന്നു വീഴുന്നത്. അക്കാദമികമായ രീതിശാസ്ത്ര നിബന്ധനകളനുസരിച്ചുള്ള വ്യവസ്ഥാപിതത്വമോ ഉള്ളുപൊള്ളയായ ആത്മഭാഷണങ്ങളുടെ ചെടിപ്പോ അവയ്ക്കില്ല. മറിച്ച്; സർഗാത്മകവും സ്വപ്രത്യയസ്ഥര്യം സ്ഫുരിക്കുന്നതുമായ പ്രസന്നതയും പരന്ന വായനയുടെ അപാരതയും കീഴാളപക്ഷവും ചേരുന്ന കലാപോന്മുഖമായ ആത്മപ്രതിഷ്ഠാപനവും സമ്മേളിക്കുന്നതാണ് സച്ചിദാനന്ദന്റെ വിചാരലോകം.

മറ്റുള്ളവർ ആശയവ്യവസ്ഥകളോടും പ്രത്യയശാസ്ത്രങ്ങളോടുമുള്ള ദാസ്യം മഹത്വ പൂർണമായി മനസ്സിലാക്കുമ്പോൾ, സച്ചിദാനന്ദൻ തന്റെ അടിമത്തം താൻ വിശ്വസിക്കുന്ന മൂല്യങ്ങളോടു മാത്രമാണെന്ന നിലപാടിലാണുറച്ചു നിൽക്കുന്നത്.
മറ്റുള്ളവർ ആശയവ്യവസ്ഥകളോടും പ്രത്യയശാസ്ത്രങ്ങളോടുമുള്ള ദാസ്യം മഹത്വ പൂർണമായി മനസ്സിലാക്കുമ്പോൾ, സച്ചിദാനന്ദൻ തന്റെ അടിമത്തം താൻ വിശ്വസിക്കുന്ന മൂല്യങ്ങളോടു മാത്രമാണെന്ന നിലപാടിലാണുറച്ചു നിൽക്കുന്നത്.

സംസ്കാരത്തിന്റെ രാഷ്ട്രീയം

സംസ്കാരത്തിന്റെ വിവിധ രൂപങ്ങളിൽ, ആവിഷ്കാരത്തിന്റെ വൈവിധ്യമാർന്ന മാധ്യമങ്ങളിൽ, എഴുത്തിന്റെയും വരയുടെയും നടനത്തിന്റെയുമൊക്കെ നിഷ്കളങ്ക പ്രതീതിയുളവാക്കുന്ന പുറന്തോടിനുള്ളിൽ എത്രമേൽ രാഷ്ട്രീയം ഉൾച്ചേർന്നിരിക്കുന്നുവെന്നു വെളിപ്പെടുത്തുകയാണ് സച്ചിദാനന്ദന്റെ ഗദ്യരചനകളിൽ മിക്കതും. ‘സംസ്കാരത്തിന്റെ രാഷ്ട്രീയം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പുസ്തകമാണ് വായനയുടെ വിവിധ വായനകളെക്കുറിച്ചുള്ള താത്വിക സമീപനങ്ങളെ മലയാളികൾക്കു പരിചയപ്പെടുത്തുന്ന ആദ്യ രചനകളിലൊന്ന്. ഭാരതീയ കാവ്യശാസ്ത്രസമീപനങ്ങൾ മുതൽ ലക്കാന്റെ മനോവിശകലനം വരെയുള്ള സമസ്ത സാഹിത്യ സമീപനങ്ങളെയും ഈ പുസ്തകത്തിലെ 'വായനയുടെ രാഷ്ട്രീയം' എന്ന ലേഖനം പരിചയപ്പെടുത്തുന്നുണ്ട്.

ഈ വിഷയങ്ങളിലെല്ലാം പിന്നീട് ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിൽ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, അവയിൽ നിന്നെല്ലാം സച്ചിദാനന്ദന്റെ സൈദ്ധാന്തികരചനകളെ വേർതിരിച്ചുനിർത്തുന്ന പ്രധാന സംഗതി അദ്ദേഹ ത്തിന്റെ ആശയവ്യക്തതയാണ്. (ഇക്കാര്യത്തിൽ ബി. രാജീവന്റെ രചനകളും എടുത്തുപറയേണ്ടവയാണ്.)

പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചുള്ള മിക്ക മലയാളപുസ്തകങ്ങളും ആ വിഷയങ്ങളിലുള്ള ഇംഗ്ലീഷ് ഫ്രഞ്ച് കൃതികൾ വായിച്ചു മനസ്സിലാക്കിയവർക്കു മാത്രമേ വഴങ്ങുകയുള്ളൂ. അവർക്കാകട്ടെ, ഇതു മലയാളത്തിൽ വായിക്കേണ്ട ആവശ്യവുമില്ല. ഇംഗ്ലീഷിലോ മറ്റു പാശ്ചാത്യ ഭാഷകളിലോ പരി ജ്ഞാനമില്ലാത്ത, വിജ്ഞാനകുതുകികളായ മലയാളികൾക്ക് സുഗ്രാഹ്യമായ വിധത്തിൽ സൈദ്ധാന്തികരചനകൾ നിർവഹിക്കാൻ അപൂർവം പേർക്കേ കഴിഞ്ഞിട്ടുള്ളൂ. അസ്പഷ്ടചിന്തയുടെയും പാണ്ഡിത്യപ്രകടനത്തിന്റെയും ദയനീയ പ്രകടനങ്ങളാണ് ഇന്ന് ഈ രംഗത്ത് മലയാളത്തിൽ ആധിപത്യം കൈവരിച്ചിരിക്കുന്നതെന്ന വസ്തുത നിർഭാഗ്യകരമാണ്.

1984ൽ എഴുതിയ വായനയുടെ രാഷ്ട്രീയം സച്ചിദാനന്ദൻ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: "കൃതിയെ പാഠങ്ങളുടെ നാനാത്വത്തിലേക്കു മോചിപ്പിക്കുകയും ഇതരപാഠങ്ങളെ സവി ശേഷപാഠത്തിന്റെ ഉത്പാദനവ്യവസ്ഥകളായംഗീകരിച്ച് അതിനെ ഒരു പ്രത്യേക വ്യവഹാരമാക്കുന്ന വ്യവസ്ഥകൾ കണ്ടെത്തുകയും കലയെന്ന നിലയിൽ അതിനു പിറവി നൽകിയ പ്രത്യയശാസ്ത്രത്തിൽനിന്ന് അതെങ്ങനെ മുക്തിനേടുന്നുവെന്നു കാണിക്കുകയുമാണ് പുതിയ നിരൂപണം ചെയ്യേണ്ടത്. (പുറം 76).

സൈദ്ധാന്തിക ഇറക്കുമതികളും ആത്മനിഷ്ഠമായ ഉൾക്കാഴ്ചകളും തമ്മിലുള്ള ക്രിയാത്മകസംഘട്ടനം സച്ചിദാനന്ദന്റെ ചിന്തയിലെ ഒരടിസ്ഥാനഘടകമാണെന്നു പറയാം.

നവീന നിരൂപണരീതികളുടെ സാമാന്യലക്ഷ്യത്തെ സുവ്യക്തമായി വിവരിക്കുന്ന ഈ വാചകം നമ്മുടെ സമകാലിക നിരൂപണത്തിന്റെ "മാനിഫെസ്റ്റോ' ആയി കണക്കാക്കാവുന്നതാണ്.

പാഠവിശകലനസമ്പ്രദായങ്ങളെ പരിചയപ്പെടുത്തുന്നതിൽ മാത്രമൊതു ങ്ങിനിൽക്കുന്നില്ല, സച്ചിദാനന്ദന്റെ സംസ്കാരരാഷ്ട്രീയത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ. തന്റെ നിരൂപണരചനകളിൽ അവ പ്രയോഗവത്കരിക്കാനും അദ്ദേഹം യത്നിച്ചിട്ടുണ്ട്. പക്ഷേ, അക്കാര്യത്തിൽ അദ്ദേഹത്തിന്റെ മൂർച്ചയുള്ള ഉൾക്കാഴ്ചകളും സൈദ്ധാന്തിക സന്നിവേശങ്ങളും വെള്ളവുമെണ്ണയുമെന്നപോലെ വേർതിരിഞ്ഞുനില്ക്കുന്നതായനുഭവപ്പെടുന്നു.

അദ്ദേഹത്തിന്റെ വികാരതീക്ഷ്ണവും മർമസ്പർശിയുമായ ഉൾക്കാഴ്ചകൾ, സൈദ്ധാന്തിക സന്നിവേശങ്ങളെ പ്രതിരോധിക്കുകയും അവയ്ക്കുമേൽ മേൽക്കോയ്മ നേടുകയും ചെയ്യുന്നതായാണ് ഈ ലേഖകനു തോന്നിയിട്ടുള്ളത്. സൈദ്ധാന്തിക ഇറക്കുമതികളും ആത്മനിഷ്ഠമായ ഉൾക്കാഴ്ചകളും തമ്മിലുള്ള ഈ ക്രിയാ ത്മകസംഘട്ടനം അദ്ദേഹത്തിന്റെ ചിന്തയിലെ ഒരടിസ്ഥാനഘടകമാണെന്നു പറയാവുന്നതാണ്. (ശരീരത്തിനുമപ്പുറം, പൊന്നാനിയിലെ കൃഷിക്കാരൻ, ധ്വനിയും അർഥവും തുടങ്ങിയ ലേഖനങ്ങൾ നോക്കുക. നിരൂപണവും അതിനുപയോഗിക്കുന്ന സൈദ്ധാന്തിക സങ്കേതങ്ങളും പരസ്പരമിഴചേരാതെ വേറിട്ടുനില്ക്കുന്നതു കാണാം).

പാഠവിശകലനസമ്പ്രദായങ്ങളെ പരിചയപ്പെടുത്തുന്നതിൽ മാത്രമൊതു ങ്ങിനിൽക്കുന്നില്ല, സച്ചിദാനന്ദന്റെ സംസ്കാരരാഷ്ട്രീയത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ. തന്റെ നിരൂപണരചനകളിൽ അവ പ്രയോഗവത്കരിക്കാനും അദ്ദേഹം യത്നിച്ചിട്ടുണ്ട്.
പാഠവിശകലനസമ്പ്രദായങ്ങളെ പരിചയപ്പെടുത്തുന്നതിൽ മാത്രമൊതു ങ്ങിനിൽക്കുന്നില്ല, സച്ചിദാനന്ദന്റെ സംസ്കാരരാഷ്ട്രീയത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ. തന്റെ നിരൂപണരചനകളിൽ അവ പ്രയോഗവത്കരിക്കാനും അദ്ദേഹം യത്നിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ചദ്ദേഹം ബോധവാനാണെന്നനുമാനിക്കണം. ‘മുഹൂർത്ത ങ്ങൾ’ക്കെഴുതിയ ആമുഖത്തിൽ അദ്ദേഹം ഇക്കാര്യത്തിൽ മുൻകൂർ ജാമ്യമെടുക്കുന്നുണ്ട്. സന്ദർഭങ്ങളും സമ്മർദങ്ങളുമാണ് തന്നെക്കൊണ്ട് ഇവ എഴുതിച്ചതെന്നു പറഞ്ഞശേഷം അദ്ദേഹം തുടരുന്നു: "ഇതിവിടെ എടുത്തുപറയുന്നത് ഞാൻ ഒരു പ്രൊഫഷനൽ നിരൂപകനല്ല എന്നു പ്രസ്താവിക്കാനാണ്. ജാഗ്രതയുള്ള ഒരു വായനക്കാരന്റെ പ്രതികരണങ്ങളെന്നതിലേറെ ഒന്നുമാകണമെന്നില്ല ഈ ലേഖനങ്ങൾക്ക്. കൃത്യമായ ഒരു രീതിശാസ്ത്രത്തെ ഇവ പിൻതുടരുന്നുണ്ടെന്നും പറയുക പ്രയാസം. ഏറെയും എന്റെ ഉൾക്കാഴ്ചകൾ തന്നെയാണെന്റെ ഗുരു. മൂന്നുനാലിടങ്ങളിൽ സെമിയോളജി'യും (മുദ്രാശാസ്ത്രം) ഫെമിനിസവും (പെൺവിടുതി) പോലുള്ള നവീന സമീപനങ്ങളിൽ നിന്ന് വെളിച്ചം ഉൾക്കൊണ്ടിട്ടുണ്ടെന്നേയുള്ളൂ.'

സച്ചിദാനന്ദന്റെ സാഹിത്യനിരൂപണം വാസ്തവത്തിൽ ശ്രദ്ധേയമാവുന്നത് അതിലെ സൈദ്ധാന്തിക വിശകലന സാമർഥ്യം മൂലമല്ല; ക്രാന്തദർശിതയുള്ള ഉൾക്കാഴ്ചകളാലാണ്. പരന്ന വായനയിലൂടെ ആർജിച്ച ഉയർന്ന ജ്ഞാനവും ആസ്വാദന സംസ്കാരവുമാണ് അദ്ദേഹത്തിന്റെ നിരൂപണത്തിൽ ഉൾക്കാഴ്ചകൾക്കു പൂരകവും പ്രേരകവുമായി വർത്തിക്കുന്നത്.

മാനവസംസ്കൃതിയുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളെ - അതു കലയാവാം, സാഹിത്യമാവാം, മതമാവാം - കുതൂഹലത്തോടെ നെഞ്ചേറ്റുകയും അവയിലെ എതിർക്കപ്പെടേണ്ട ഘടകങ്ങളോട് അർഥപൂർണമായ വിമർശനാത്മകത നിലനിർത്തുകയും ചെയ്യുന്ന, ആപേക്ഷികവാദപരമല്ലാത്ത ഒരു സർവസ്വാംശീകരണരീതിയാണ് സച്ചിദാനന്ദന്റെ സാംസ്കാരികരാഷ്ട്രീയം.

പാരമ്പര്യത്തോടും മതത്തോടും ആധുനികതയോടുമൊക്കെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങൾ രൂപപ്പെട്ടുവരുന്നത് ഇത്തരമൊരു സാംസ്കാരിക ഭൂമികയിലാണ്. വരട്ടുതത്ത്വവാദത്തിന്റെ അന്ധതയിൽ മനുഷ്യജീവിതത്തിന്റെ വർണശബളമായ വിഭിന്നധാരകളെയും വൈകാരിക വിശ്വാസച്ചേരുവകളെയും അദ്ദേഹം പാടെ തിരസ്കരിക്കുന്നില്ല. അദ്ദേഹത്തെത്തന്നെ ഉദ്ധരിക്കട്ടെ:

‘‘പാരമ്പര്യം ഏകശിലാരൂപമല്ല, അനേകം ഇഴകൾ ചേർന്നുണ്ടാകുന്നതാണത്. ഓരോ കലാകാരനും അതിൽനിന്ന് തന്റേതായ ചില തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. അയാളുടെ വൈകാരികവും ബുദ്ധിപരവുമായ ആവശ്യങ്ങളും പ്രത്യയശാസ്ത്രപരമായ പരിതോവസ്ഥയും ചേർന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ സ്വഭാവം നിർണയിക്കുന്നത്.... നാം പാരമ്പര്യത്തെ ഒഴിവാക്കാൻ ശ്രമിച്ചാലും പാരമ്പര്യം നമ്മെ ഒഴിവാക്കുകയില്ലെന്നതാണു സത്യം. നാം ശ്വസിക്കുന്ന വായുവിൽ പോലും മുതുമുത്തച്ഛന്മാരുടെ ഉച്ഛ്വാസശതങ്ങളുണ്ട്. നമ്മുടെ വരകളിൽനിന്ന് അമ്മൂമ്മമാർ എത്തിനോക്കുന്നു; നമ്മുടെ വാക്കുകളിലൂടെ കാരണവന്മാർ സംസാരിക്കുന്നു. അപ്പോൾ നല്ലതു നാം പാരമ്പര്യത്തെക്കുറിച്ചു ബോധം പുലർത്തുകയും നമ്മുടെ ജീവിതത്തിനും സ്വാതന്ത്ര്യാദർശത്തിനും ചേരുന്ന അംശങ്ങൾ അതിൽ നിന്നു തെരഞ്ഞെടുക്കുകയുമല്ലേ?' ഒരു കേരളീയനായ എന്നെ സംബന്ധിച്ചിടത്തോളം, എന്റെ പ്രാഥമിക പാരമ്പര്യം കേരളീയം തന്നെയാണ്, കേരളീയ ജീവിതത്തിന്റെയും കവിതയുടെയും പാരമ്പര്യം. എന്നാൽ ഇന്നു ഞാൻ കേരളം എന്നു പറയുമ്പോൾ അതിനു നാടുവാഴിത്ത പാരമ്പര്യം മാത്രമല്ല ഉള്ളത്; ആദിവാസികളുടെ പൈതൃകമുണ്ട്, ഇവിടെ പലപ്പോഴായി വന്നുചേർന്ന ബുദ്ധ, ജൈന, ഇസ്ലാം, ക്രിസ്ത്യൻ പാരമ്പര്യമുണ്ട്. അപ്പോൾ എന്റെ സാധ്യതകൾ ധാരാളമാണ്. നമ്മുടെ കാലത്തിന്റേതായ, വിപ്ലവകരമായ, ഒരു സ്വത്വബോധം സൃഷ്ടിക്കാൻ കഴിവുറ്റതെന്ന് എനിക്കു തോന്നുന്ന അംശങ്ങളെ ഞാൻ തെരഞ്ഞെടുക്കുന്നു എന്നേയുള്ളൂ’’ (സച്ചിദാനന്ദന്റെ സംഭാഷണങ്ങൾ, പേജ് 19, 20).

കേരളീയ പാരമ്പര്യത്തിലെ മാനവികസത്തയിൽ പദമൂന്നി, മാനവസംസ്കൃതിയുടെ ഉർവരത തേടി, ചരിത്രത്തിന്റെ അപാരതീരങ്ങളിലൂടെയും മനു ഷ്യധിഷണതയുടെ വിസ്ഫോടനങ്ങളിലൂടെയും നടത്തുന്ന അന്വേഷണമാണ് സച്ചിദാനന്ദന്റെ രചനകളെല്ലാം. ഏതെങ്കിലും വിജ്ഞാനശാഖയുടെ ഇരുമ്പിൻകൂട്ടിൽ അവയെ ഒതുക്കാനാവില്ല. സംസ്കാരത്തിന്റെയും ജ്ഞാനത്തിന്റെയും ഭൂമിശാസ്ത്രപരമായ വെട്ടിമുറിക്കലുകളെ അവ പ്രതിരോധിക്കുന്നു. അതേസമയം, അവയുടെ പ്രത്യയശാസ്ത്രപരമായ ഭൂമിക, സർവാശ്ലേഷിയായ ക്രിയാത്മക സ്വാതന്ത്ര്യത്തിന്റെയും സമഗ്രമായ വിമോചന സങ്കല്പത്തിന്റെയും പുരോഗമനപരമായ സൗന്ദര്യബോധത്തിന്റെയും സർവോപരി തീക്ഷ്ണസംവേദിയായ കവിത്വത്തിന്റെയും സംഗമബിന്ദുവിലാണ്.

സാഹിത്യ സമീപനങ്ങൾ

സച്ചിദാനന്ദന്റെ സാഹിത്യസമീപനങ്ങളുടെ വേരുകൾ സാഹിത്യത്ത സംബന്ധിച്ച പരമ്പരാഗത നിർവചനങ്ങളുടെ തിരസ്കാരവും കൃതികളുടെ "സാഹിതീയതയോ അസാഹിതീയതയോ നിർണയിക്കുന്നത് അവയുടെ സന്ദർഭവും അവ പിറവികൊള്ളുന്ന മൂല്യവ്യവസ്ഥയുടെ പശ്ചാത്തലവുമാണെന്ന ഉറച്ച ബോധ്യവുമാണ്. അദ്ദേഹത്തിന്റെ രചനകളിലൂടെ ഇതൾ വിരിയുന്ന സാഹിത്യസങ്കല്പം വിലമതിക്കപ്പെടുന്ന ഭാഷാരചനകളെ മുഴുവൻ അവയുടെ രൂപപരമായ സവിശേഷതകളിൽ കാലിടറിവീഴാതെ സാഹിത്യ ത്തിന്റെ പരിധിക്കുള്ളിലേക്കാനയിക്കുന്നു.

‘ശാശ്വതമൂല്യം എന്നൊന്ന് സാഹിത്യത്തിലില്ല' എന്നദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും സാഹിത്യസംബന്ധിയായ അദ്ദേഹത്തിന്റെ വിശകലനങ്ങളിലെല്ലാം കാലാതിവർത്തിയായ ഒരു മൂല്യസങ്കൽപ്പം പ്രബലമായി വർത്തിക്കുന്നുണ്ട്. 'കൃതി'യെ 'പാഠ'മായി മാത്രമേ കാണാവൂ എന്ന സൈദ്ധാന്തികശാഠ്യം നിലനിർത്തുമ്പോൾത്തന്നെ, സൈദ്ധാന്തിക ജാഗ്രത കുറയുന്ന 'കവിനിമിഷ’ങ്ങളിൽ കൃതിയെ കൃതിയായി സമീപിക്കുന്ന ഒരു സാധാരണ വായനക്കാരനെയും അദ്ദേഹത്തിൽ കാണാനാവും.

സാഹിത്യത്തെ സവിശേഷമായ ഒരു സാംസ്കാരിക സ്വത്വമായി മനസ്സിലാക്കുമ്പോഴും അതിന്റെ ചരിത്രപരമായ ദൗത്യവും ചരിത്രത്തിന്റെ ഗതിവിഗ തികളിൽനിന്നു വേറിട്ടൊരു നിലനിൽപ്പ് അതിനില്ലെന്ന ബോധവും അദ്ദേഹത്തിന്റെ രചനകളിൽ ശക്തമായി പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യത്തെ ന്യൂനീകരിക്കാനുള്ള ദുരുദ്യമങ്ങളെ അദ്ദേഹം എന്നും എതിർത്തുപോന്നിട്ടുണ്ട്.

നമ്മുടെ സാഹിത്യനിരൂപണത്തിലെ ഒറ്റക്കണ്ണൻ ധാരകളെ മറ്റാരും അദ്ദേഹം ചെയ്തത്ര ശക്തമായെതിർത്തിട്ടില്ല. കേസരിയെക്കുറിച്ചെഴു തിയ ഒരു ലേഖനത്തിൽനിന്ന് ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ:

“മലയാളത്തിലെ സമകാലീന നിരൂപണരംഗത്തിന്റെ ദീനദൃശ്യം നോക്കുക. ഒരു വശത്തു പ്രാചീന സംസ്കൃത കാവ്യമീമാംസയെ വിമർശനരഹിതമായി പിൻതുടരുന്ന, മാനസികവാർധക്യം ബാധിച്ച പണ്ഡിതന്മാരുടെ ശവാരാധന, മറ്റൊരു വശത്ത് ആധുനിക സാഹിത്യത്തിന്റെ സാമൂഹികമായ കലാപമൂല്യം ചോർത്തിക്കളയുന്ന ശുദ്ധകലാവാദികളുടെ അതിഭൗതികവ്യാഖ്യാനതന്ത്രം, ഒരുവശത്ത് സാഹിത്യത്തിന്റെ വ്യാവഹാരിക സവിശേഷതകൾ തിരിച്ചറിയാതെ അതിനെ രാഷ്ട്രീയവ്യവഹാരമാത്രമായി വെട്ടിച്ചുരുക്കുന്ന സാമൂഹ്യശാസ്ത്രനിരൂപണം; മറ്റൊരു വശത്തു ശൈലീവിജ്ഞാനീയം പോലുള്ള ഭാഗിക നിരൂപണരീതികളെ പിൻചെല്ലുന്ന സാങ്കേതികനിരൂപണം, ഒരു വശത്ത് പ്രത്യക്ഷജീവിതസംഭവങ്ങളിൽ മാത്രം ഏകപക്ഷീയമായി ഊന്നുന്ന ജീവചരിത്രനിരൂപണം, മറ്റൊരു വശത്ത് വൈയക്തികാഭിരുചിയിൽ മാത്രം അധിഷ്ഠിതമായ പരാവർത്തനവും പരിഷ്കാരനിർദേശവും നിറഞ്ഞ ഇംപ്രഷനിസ്റ്റിക് വിമർശനമെന്ന അഭ്യാസം’’ (സൗന്ദര്യവും അധികാരവും, 11-12).

ഒരർഥത്തിൽ കേസരി ഭംഗിയായി നിർവഹിച്ച, പുറംലോകത്തിനഭിമുഖമായി മലയാളിയെ നിർത്തുകയെന്ന ദൗത്യം തന്നെയായിരുന്നു സച്ചിദാനന്ദനും തന്റെ ഗദ്യരചനകളിലൂടെ നിർവഹിച്ചത്. എന്തുകൊണ്ടോ; ആ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടത്ര നിരൂപണവിധേയമായിട്ടില്ല.

ഒരർഥത്തിൽ കേസരി ഭംഗിയായി നിർവഹിച്ച, പുറംലോകത്തിനഭിമുഖമായി മലയാളിയെ നിർത്തുകയെന്ന ദൗത്യം തന്നെയായിരുന്നു സച്ചിദാനന്ദനും തന്റെ ഗദ്യരചനകളിലൂടെ നിർവഹിച്ചത്. എന്തുകൊണ്ടോ; ആ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടത്ര നിരൂപണവിധേയമായിട്ടില്ല. ലോകസാഹിത്യ ത്തിന്റെയും ആശയവ്യവസ്ഥകളുടെയും അമ്പരപ്പിക്കുന്ന വൈവിധ്യത്തിലേക്കു മുങ്ങിത്താഴുമ്പോഴും കേരളീയ പാരമ്പര്യത്തിന്റെ വൈക്കോൽത്തുമ്പിൽനിന്ന് അദ്ദേഹം പിടിവിടുന്നില്ല. ലോലദുർബലമെങ്കിലും അനിവാര്യമായ ഈ സന്തുലിതത്വം അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന്റെ അന്തർധാരയാണ്.

സാഹിത്യചിന്തയിൽ സച്ചിദാനന്ദന്റെ സംഭാവനകൾ മൂന്നു തലങ്ങളിലായി വേർതിരിക്കാവുന്നതാണ്. ഒന്നാമതായി; വിശ്വസാഹിത്യത്തിലെ അനർഘ രത്നങ്ങളെ വിവർത്തനങ്ങളിലൂടെയും ആസ്വാദനക്കുറിപ്പുകളിലൂടെയും മലയാളികൾക്ക് അദ്ദേഹം പരിചയപ്പെടുത്തി. വിശ്വസാഹിത്യം എന്നിവിടെ ഉപയോഗിക്കുന്നത് ഇതര ഭാരതീയ ഭാഷകളിലെ സാഹിത്യത്തെക്കൂടി ഉൾക്കൊ ള്ളിച്ചുകൊണ്ടാണ്.

അതേപോലെ; മലയാളസാഹിത്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തുന്ന കാര്യത്തിൽ അദ്ദേഹം വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. യാന്ത്രികമായ പരിചയപ്പെടുത്തലിനപ്പുറം പോകുന്നതാണീ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ. സാഹിത്യകൃതികളെ കൃത്യമായി ചരിത്രവത്കരിക്കുകയെന്ന ദൗത്യം കൂടി അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട്. സാഹിത്യത്തെ മനസ്സിലാക്കാനുതകുന്ന സമസ്ത സങ്കേതങ്ങളെയും അദ്ദേഹം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമതായി; ഭാരതീയസാഹിത്യമെന്ന ഏറെക്കുറെ അവ്യക്തവും പ്രശ്നവത്കൃതവുമായ സങ്കല്പത്തെ ഏറ്റവും പുരോഗമനാത്മകവും സമഗ്രവുമായി സിദ്ധാന്തവത്കരിക്കുകയും ചരിത്രവത്കരിക്കുകയും ചെയ്തത് സച്ചിദാനന്ദനാണ്. എ.കെ. രാമാനുജം, യു.ആർ. അനന്തമൂർത്തി തുടങ്ങിയ പലരും ഈ മേഖലയിൽ സംഭാവനകളർപ്പിച്ചിട്ടുണ്ടെങ്കിലും സച്ചിദാനന്ദന്റെ സാകല്യവീക്ഷണം അവരാരും പ്രദർശിപ്പിച്ചിട്ടില്ല. അദ്ദേഹത്തിനു കൈവന്ന രൂപത്തിലുള്ള സമഗ്രമായ അറിവ്, വിവിധ ഭാഷകളിലെഴുതപ്പെട്ട ഭാരതീയ സാഹിത്യ ത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ എന്നു സംശയമാണ്. വിവിധ ഭാരതീയ ഭാഷകളിൽനിന്ന് ഏറെ കൃതികൾ വായിച്ചു പഠിക്കുകയും ഓരോ ഭാഷയിലെയും പ്രതിഭാഷാ വിഭിന്നമായ സാഹിത്യവികാസങ്ങളെ ക്കുറിച്ചു ചരിത്രപരമായി മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സാമാന്യേന കുറ്റമറ്റ ഒരു ഭാരതീയ സാഹിത്യസങ്കല്പം കാഴ്ചവയ്ക്കുകയും ചെയ്യാൻ അദ്ദേഹത്തെപ്പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ 'Indian Literature: Positions-and-Propositions' എന്ന പുസ്തകത്തിലെ ലേഖനങ്ങൾ ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും സമഗ്രവും സർവതലസ്പർശിയുമായ ഇടപെടലുകളാണ്. അക്കാദമികമല്ല അവയുടെ രീതി. ഭാരതീയ സാഹിത്യസംബന്ധിയായ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ പ്രധാന സവിശേഷത, ഒരു മലയാ ളിയാണദ്ദേഹമെന്നതിന്റെ അനിവാര്യമായ പരിമിതിയെ അദ്ദേഹം പൂർണമായി മറികടക്കുന്നുവെന്നതാണ്. ഭാരതീയ സാഹിത്യത്തിലെ വിഭിന്നധാരകൾക്ക് അദ്ദേഹം നിരത്തുന്ന ഉദാഹരണങ്ങൾ അന്യാദൃശമാംവിധം ആനുപാതിക സന്തുലിതത്വം പ്രദർശിപ്പിക്കുന്നു. ഓരോ ഭാഷയും ഭാരതീയ സാഹിത്യത്തിന്റെ പൊതുസമ്പത്തിലേക്കു കാഴ്ചവെയ്ക്കുന്ന സർഗ സംഭാവനകളെ അന്യൂനമായ നീതിബോധത്തോടെയാണദ്ദേഹം വിവരിക്കുന്നത്. അതോടൊപ്പം, ‘ഭാരതീയത' എന്നൊക്കെയുള്ള പ്രയോഗങ്ങളിൽ പതിയിരിക്കുന്ന രാഷ്ട്രീയമായ അപകടങ്ങളെയും കെണികളെയും കുറിച്ച് സൂക്ഷ്മബോധവും ജാഗ്രതയും അദ്ദേഹം പുലർത്താതിരിക്കുന്നില്ല.

Nativism (സ്വദേശവാദം) സംബന്ധിച്ച് അദ്ദേഹമെഴുതിയ പ്രബന്ധം ഈ സന്ദർഭത്തിൽ പ്രസ്താവ്യമാണ്. ഭൂരിപക്ഷ വർഗീയതയുടെയും ഹിംസമായ സാംസ്കാരിക ദേശീയതയുടെയും ആസുരപ്രവണതകളോട് ഒട്ടും രാജിയാവാത്തതും "ഇന്ത്യൻ സ്വത്വ'ത്തിലുൾച്ചേർന്നിരിക്കുന്ന എണ്ണമറ്റ വൈവിധ്യങ്ങളുടെ നൈസർഗിക പൗഷ്കല്യത്തെ സ്വാംശീകരിക്കുന്നതുമായ ഒരു സ്വദേശിസാഹിത്യ സങ്കല്പത്തിനുവേണ്ടി ഈ ലേഖനം വാദിക്കുന്നു. പുനരുത്ഥാനവാദങ്ങൾക്കും മതഭ്രാന്തിനും സങ്കുചിത ദേശീയതാബോധത്തിനുമൊക്കെ ധാരാളം വളക്കൂറുള്ള മണ്ണാണ് സ്വദേശിവാദത്തിന്റേത്.

ആ ലേഖനത്തിന്റെ അവസാനഭാഗം മാത്രം ഉദ്ധരിക്കാം:

'Indian writers continue to be Indian whatever language they write in. This is as true of 'nativists' like Balachandra Namade and Kanji Patel as of Indian English writers like R.K. Narayanan or Arundhati Roy. We must accept the historical fact that Indians have been condemned by the forces of the past as well of the present to live together or to perish and that our highly overdetermined literary contest de- mands an integrated approach and geniunely interlinguistic and interdisciplinary studies for its full understanding. The nativist task of deconstructing the Indian tra- dition must be part of a greater project of constructing unity at a higher and more realistic conceptual level, of heteroglossia, cultural plurality within the nation's boundaries-and-intertextualitywithin culture.'

ഇതോടൊപ്പം ചേർത്തുപറയേണ്ട ഒരു കാര്യമാണ് വരേണ്യബോധപ്രവരരായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ മുമ്പിൽ ഇതര ഭാരതീയഭാഷാ എഴുത്തുകാർക്കുവേണ്ടി ഹാജർ പറയാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റം. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തെ നമ്മുടെ പോസ്റ്റ് കൊളോണിയൽ അനുഭവത്തിന്റെ ഒരനിവാര്യോത്പന്നമാണെന്നു തിരിച്ചറിയുന്നതോടൊപ്പം തന്നെ, അതു തനിക്കുതന്നെ കല്പിച്ചുനൽകുന്ന വരേണ്യപദവിയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ‘ഉന്നതവുമധമവുമായവയുടെ സമശ്രേണീകരണം’ പോലുള്ള ആധുനികോത്തര സങ്കല്പങ്ങളുടെ ബലത്തിലല്ല; ഭാരതീയഭാഷകളുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള അഭിമാനബോധത്തിന്റെ ഫലമായാണ് അദ്ദേഹമിതു ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സാഹിത്യപാരമ്പര്യത്തിലെ പാർശ്വവത്കരിക്കപ്പെട്ട ധാരകളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള സച്ചിദാനന്ദന്റെ ഭാരതീയ സാഹിത്യസങ്കല്പം സംസ്കാര രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൃഢബോധ്യങ്ങളുടെ ഉത്തമനിദർശനമാണ്. ബ്രാഹ്മണ- ശ്രമണ പാരമ്പര്യങ്ങൾ തമ്മിലുള്ള നിരന്തരമായ സം ഘർഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പ്രസ്താവ്യമാണ്.

ഇന്ത്യൻ സാഹിത്യപാരമ്പര്യത്തിലെ പാർശ്വവത്കരിക്കപ്പെട്ട ധാരകളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള സച്ചിദാനന്ദന്റെ ഭാരതീയ സാഹിത്യസങ്കല്പം സംസ്കാര രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൃഢബോധ്യങ്ങളുടെ ഉത്തമനിദർശനമാണ്.
ഇന്ത്യൻ സാഹിത്യപാരമ്പര്യത്തിലെ പാർശ്വവത്കരിക്കപ്പെട്ട ധാരകളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള സച്ചിദാനന്ദന്റെ ഭാരതീയ സാഹിത്യസങ്കല്പം സംസ്കാര രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദൃഢബോധ്യങ്ങളുടെ ഉത്തമനിദർശനമാണ്.

മറ്റൊരു തലം സൈദ്ധാന്തികമാണ്. സംസ്കാരരാഷ്ട്രീയം ചർച്ച ചെയ്തപ്പോൾ നാം ആ വശം പരാമർശിച്ചുകഴിഞ്ഞു. സാഹിത്യനിരൂപണത്തെ, വിവിധ വിജ്ഞാനശാഖകളുടെ ഉൾക്കാഴ്ചകളെയും സൈദ്ധാന്തിക സമീപനങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് നിർവഹിക്കേണ്ട സവിശേഷമായൊരു ജ്ഞാനോ ത്പാദനപ്രക്രിയയായി മനസ്സിലാക്കുകയും അതിനെ വെറും സൈദ്ധാന്തിക സർക്കസ്കളിയുടെയോ പൊള്ളയായ വിധിപ്രസ്താവങ്ങളുടെയോ തലത്തിൽ കാണാത്തതുമാണ് ഈ രംഗത്ത് സച്ചിദാനന്ദന്റെ പൊതുസമീപനം. പക്ഷേ, അദ്ദേഹത്തിന്റെ നിരൂപണപദ്ധതിയിൽ ഇതു പ്രയോഗവത്കരിക്കുന്നതിൽ അദ്ദേഹം വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് ഈ ലേഖകനു തോന്നുന്നത്. സിദ്ധാന്തങ്ങളെ നിരൂപണത്തിൽ സ്വാംശീകരിക്കുന്ന കാര്യത്തിൽ പൊതുവെ മലയാള നിരൂപണം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. വാചാടോപത്തിലൂടെയും ഉദ്ധരണത്തിലൂടെയും ശുദ്ധ തട്ടിപ്പു നടത്തുന്ന ധാരാളം പേരുള്ള ഒരു മേഖലയാണ് സമകാല മലയാള നിരൂപണമെന്നും പറയാതിരിക്കാനാവില്ല.

രാഷ്ട്രീയബോധ്യങ്ങൾ

ചരിത്രത്തിലിന്നോളമുണ്ടായിട്ടുള്ള രാഷ്ട്രീയചിന്തയിൽ; താരതമ്യേന കുറ്റമറ്റതും മനുഷ്യജീവിതത്തിന്റെ നിഖിലമണ്ഡലങ്ങളോടും ഏറ്റവും നീതി പുലർത്തുന്നതും സോഷ്യലിസത്തിന്റെ അടിസ്ഥാന ചോദനകളെ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യവ്യവസ്ഥയെ സംബന്ധിച്ച അവബോധമാണെന്നു സച്ചിദാനന്ദന്റെ രാഷ്ട്രീയരചനകൾ വ്യക്തമാക്കുന്നു. തികച്ചും സ്വതന്ത്രവും സാമ്പ്രദായികമല്ലാത്തതുമായ അർഥത്തിൽ, അദ്ദേഹത്തിലിന്നും ഒരു മാർക്സിസ്റ്റിനെ നമുക്ക് കാണാനാവും. മാർക്സിസത്തിന്റെ അർഥപൂർണവും അഗാധവുമായ നിശ്ശബ്ദതകളെ പ്രശ്നവത്ക്കരിക്കുകയും അതിന്റെ ശാരീരികവും ആശയപരവുമായ ഹിംസാത്മകതയെ മറികടക്കുകയും ചെയ്യുന്ന ഒരു ചിന്താപദ്ധതിയെയാണ് അദ്ദേഹം അന്വേഷിക്കുന്നത്. മാർക്സിസത്തിന്റെ മൗലിക ഭൂമിയിൽത്തന്നെയാണ് ആ അന്വേഷണത്തിന്റെ വേരുകൾ. അതേസമയം, മറ്റാശയധാരകളുടെയും ആത്മീയധാരകളുടെയും ഉൾക്കാഴ്ചകളെയും ഉർവരസാധ്യതകളെയും കൂടി സ്വാംശീകരിക്കുന്നതായിരിക്കണം സമഗ്രമായ ഒരു വിമോചനദർശനം എന്നദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. മാറ്റിനിർത്തപ്പെട്ടവരോടും ചരിത്രത്തിന്റെ പുറമ്പോക്കിലേക്കു നിഷ്കാസനം ചെയ്യപ്പെടുന്നവരോടുമുള്ള അഗാധതലസ്പർശിയും വികാരാവേശിതവുമായ ഐക്യദാർഢ്യം അതിന്റെ മുഖമുദ്രയാണ്.

പ്രത്യയശാസ്ത്രപരമായ അന്ധതയല്ല; അവിരാമം തുടരുന്ന അന്വേഷണ നൈരന്തര്യത്തിന്റെ ജൈവചേതനയും ഊർജസ്വലതയുമാണ് അദ്ദേഹത്തിന്റെ ചിന്തയെ മുന്നോട്ടുനയിക്കുന്നത്. ഈ അന്വേഷണപ്രയാണത്തിൽ തന്റെ പല സഹയാത്രികരെയും ബഹുദൂരം പിന്നിട്ട് അദ്ദേഹം മുന്നോട്ടു ഗമിച്ചപ്പോൾ; സ്വാഭാവികമായും അദ്ദേഹത്തിന്റെ ശത്രുക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. അനുസൃതമായ ബൗദ്ധികാന്വേഷണങ്ങളുടെ ജൈവസ്പർശം അവയുടെ വൈകാരികവും വൈജ്ഞാനികവും പ്രായോഗികവുമായ അർഥവിശാലതയിൽ അനുഭവിക്കാനും ഉൾക്കൊള്ളാനും അസമർഥരായ കേരളത്തിലെ 'ബുജി കൂട്ടായ്മകൾ' അതുകൊണ്ടുതന്നെ വിഷകലുഷമായ ദോഷൈകദൃഷ്ടിയോടെയാണ് സച്ചിദാനന്ദനെ വീക്ഷിക്കുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന സംവാദങ്ങളാകട്ടെ അങ്ങേയറ്റം വ്യക്തിപരമായി കലാശിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വർഷമായി സച്ചിദാനന്ദൻ നേരിടേണ്ടിവന്ന എതിർപ്പുകളെല്ലാംതന്നെ തികച്ചും വ്യക്തിപരമായിരുന്നു; ആശയപരമായിരുന്നില്ല. ടി. പത്മനാഭൻ, അഴീക്കോട്, നരേന്ദ്രപ്രസാദ്, വേണു തുടങ്ങിയവരുടെയെല്ലാം എതിർപ്പുകൾ ആത്യന്തിക വിശകലനത്തിൽ വ്യക്തിപരം തന്നെയായിരുന്നു.

കേരളത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ ധൈഷണിക ചരിത്രത്തിൽ - എല്ലാ പരിമിതികളോടും കുറവുകളോടുമൊപ്പം - സച്ചിദാനന്ദനുള്ള സ്ഥാനം സുപ്രധാനമാണ്. അദ്ദേഹത്തിന്റെ ഓരോ രചനയെയും വെവ്വേറെ വിലയിരുത്തുക ഒരു പ്രബന്ധത്തിന്റെ പരിധിക്കു പുറത്താണ്. എന്നിരുന്നാലും ഈ വിഹഗവീക്ഷണം ഒരു ചർച്ചയ്ക്ക് വഴിവയ്ക്കുമെങ്കിൽ അതു ചാരിതാർഥ്യ ജനകമായിരിക്കും.

(* ഭാഷാപോഷിണി, ഒക്ടോബർ 2001)


Summary: Shajahan Madampat’s 2001 essay on K. Satchidanandan’s prose is republished unchanged, as he feels no later study has surpassed it or required revision.


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments